UPDATES

വീടും പറമ്പും

പാര്‍ട്ടീഷന്‍ ചുവരുകള്‍; സ്ഥലസൗകര്യവും നേടാം, ഒപ്പം വീടിന്റെ ഇന്റീരിയര്‍ കൂടുതല്‍ ഭംഗിയുമാക്കാം

തടി, മുള, ഗ്ലാസ് തുടങ്ങിയവയില്‍ നിര്‍മിച്ച പാര്‍ട്ടീഷന്‍ വാളുകള്‍ ലഭ്യമാണ്

ചെറിയ വീടുകളില്‍ ഭിത്തിയുടെ ഞെരുക്കം കൂടുതല്‍ ഇടുങ്ങിയ അനുഭവമാണുണ്ടാക്കുക. വിശാലമായ ഓപ്പണ്‍ ഏരിയകളെ ഒന്ന് വിഭജിച്ചാല്‍ കൂടുതല്‍ സൗകര്യം ഉണ്ടാകുകയും ചെയ്യും. ഈ രണ്ട് അവസരങ്ങളിലും രക്ഷയ്‌ക്കെത്താനാണ് പാര്‍ട്ടീഷന്‍വാളുകളും ഡിവൈഡറുകളുമുള്ളത്. ഇവ ബുദ്ധിപരമായി ഉപയോഗിച്ചാല്‍ ഇന്റീരിയര്‍ സുന്ദരവും സൗകര്യപ്രദവുമാകും.

സ്ഥിരമായതും പൂര്‍ണമായതുമായ പാര്‍ട്ടീഷന്‍ വേണ്ടാത്തവരാണ് ഈ താത്കാലിക ചുവരുകളെ ആശ്രയിക്കുന്നത്. 7 അടി പൊക്കമാണ് സാധാരണ പാര്‍ട്ടീഷന്‍ വാളുകള്‍ക്കുണ്ടാകുക. തടി, മുള, ഗ്ലാസ് തുടങ്ങിയവയില്‍ നിര്‍മിച്ച പാര്‍ട്ടീഷന്‍ വാളുകള്‍ ലഭ്യമാണ്.

ഗ്ലാസ് ചുവരുകള്‍ വാങ്ങിയാല്‍ പാര്‍ട്ടീഷന്‍ ചെയ്ത ഫീലേ ഉണ്ടാകില്ല. അതേ സമയം ആവശ്യത്തിന് മുറി വിഭജിച്ചിട്ടുണ്ട് താനും. ചിത്രപ്പണി നിറഞ്ഞതും പെട്ടെന്ന് പൊട്ടാത്തതും ടിന്റഡ്, എച്ചിങ്ങ് വിഭാഗത്തില്‍ പെട്ടതുമക്കെയായ നിരവധി തരം ചില്ലുചുവരുകള്‍ പ്രചാരത്തിലുണ്ട്. ഗ്ലാസ് കൊണ്ടുള്ള പില്ലറുകള്‍ തറയിലുറപ്പിച്ച് ഉള്ളില്‍ കണ്‍സീല്‍ഡ് ലൈറ്റ് കൊടുത്തും പാര്‍ട്ടീഷന്‍ ചെയ്യാം. ഇതിനകത്ത് പ്രതിഫലിക്കുന്ന വായു കുമിളകള്‍ ഇരുട്ടില്‍ അതി മനോഹര കാഴ്ചയായിരിക്കും. അക്വേറിയവും പാര്‍ട്ടീഷന്‍ വാളായി സജ്ജീകരിക്കാം.

നിരക്കി നീക്കാവുന്നതും ചുരുട്ടി വെക്കാവുന്നതുമായ ചുവരുകളുണ്ട്. ഇവ തടിയിലോ മുളങ്കീറുകളിലോ തീര്‍ത്തതായിരിക്കും. കിടപ്പു മുറിയില്‍ പാര്‍ട്ടീഷന്‍ നല്‍കി വായനക്കും കംപ്യൂട്ടര്‍ ഉപയോഗത്തിനും സൗകര്യമൊരുക്കാം. സാധനങ്ങള്‍ വെക്കാനും പുസ്തകം അടുക്കാനും സ്‌റ്റോറേജിനും ഒക്കെ ഉപയോഗിക്കാവുന്ന തരത്തിലും പാര്‍ട്ടീഷന്‍ വാളുകളെ മാറ്റിയെടുക്കാം.

വെര്‍ട്ടിക്കല്‍ ഗാര്‍ഡനാണ് പാര്‍ട്ടീഷന്‍ വാളില്‍ പരീക്ഷിക്കാവുന്ന മറ്റൊരു സാധ്യത. ഇത് വീടിനകത്ത് പച്ചപ്പും നല്‍കും. പാര്‍ട്ടീഷന്‍ വാളിന്റെ ഒരു വശത്ത് ടിവി വെച്ചാല്‍ അത്രയും സ്ഥലം ലാഭിക്കാം. പെയിന്റിംഗുകള്‍, ഫോട്ടോഗ്രാഫുകള്‍ ഒക്കെ ഇവിടെ തൂക്കി മനോഹരമാക്കാം. പ്രാര്‍ത്ഥന സംബന്ധിയായ ശില്‍പങ്ങളും ചിത്രങ്ങളും പാര്‍ട്ടീഷന്‍ വാളിന്റെ ഒരു വശത്ത് പിടിപ്പിച്ചാല്‍ പ്രെയര്‍ ഏരിയ ആയും ഇവിടം ഉപയോഗിക്കാം.

തുറന്ന ഏരിയകള്‍ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന പുതിയ വീടുകളില്‍ താല്‍ക്കാലികമായി പുതിയ സ്ഥലങ്ങള്‍ ഉണ്ടാക്കാനും, മാറ്റാനും സഹായിക്കുന്ന പാര്‍ട്ടീഷന്‍ ചുവരുകള്‍ക്ക് പ്രസക്തി ഏറിക്കൊണ്ടിരിക്കയാണ്. ഒരേ പോലെ കാലങ്ങളോളം തുടരുന്ന സ്ഥലങ്ങളുടെ മടുപ്പ് ഒഴിവാക്കി തരുന്നതോടെ വീട് എന്നും പുതിയ രൂപഭാവങ്ങളില്‍ നിലനിര്‍ത്താം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍