UPDATES

ഗൗരി നന്ദന

കാഴ്ചപ്പാട്

Guest Column

ഗൗരി നന്ദന

ട്രെന്‍ഡിങ്ങ്

‘വീട്ടിലെ ആണുങ്ങള്‍’ ഫുട്ബോള്‍ കാണുമ്പോള്‍ സ്ത്രീകള്‍ക്ക് എന്താ കാര്യം? ഇതാ മറുപടി

ചിലര്‍ക്കൊക്കെ കാല്‍പ്പന്ത്‌ കളി ആണുത്സവങ്ങളില്‍ ഒന്നാണ് എന്നാണ് കഴിഞ്ഞ ദിവസം വാട്സ്ആപ്പില്‍ കൂടി പ്രചരിക്കുന്ന ഒരു ഓഡിയോ കേട്ടപ്പോള്‍ മനസിലായത്

ഗൗരി നന്ദന

ബാംഗ്ലൂര്‍ ജീവിതകാലത്ത് താമസിച്ചിരുന്ന വീട്ടില്‍, ഒരു ഒഴിവുദിന സന്ദര്‍ശനത്തിനായി വന്ന ചില ആണ്‍കൂട്ടുകാര്‍, ടെസ്റ്റ്‌ ക്രിക്കറ്റ് കാണുന്ന ഒരു പെണ്ണോ എന്നതിശയിച്ചതാണ് പെണ്ണെന്ന നിലയില്‍ എന്നെ അപമാനിക്കുന്നു എന്ന് തോന്നിയ ‘പലതില്‍’ ഒരു സന്ദര്‍ഭം.

സ്ത്രീയെ ദേവതയാക്കി, പൂജാവിഗ്രഹമാക്കി കൃത്യമായ നിയമങ്ങള്‍ ചാര്‍ത്തിക്കൊടുത്ത് സൂക്ഷിച്ചു വളര്‍ത്തുന്ന ദൈവത്തിന്‍റെ സ്വന്തം നാടുകളിലുള്ള ആണുങ്ങള്‍ അങ്ങനെയുള്ള സ്ത്രീകളെ കാണുമ്പോള്‍ അതിശയിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. ഇപ്പോള്‍ ലോകം മുഴുവന്‍ ഒരു കാല്‍പ്പന്തിന് പിന്നാലെ കുതിച്ചു പായുന്ന സമയമാണ്. ദേശ, ലിംഗ, പ്രായ ഭേദമന്യേ ഫുട്ബാള്‍ എന്ന ഒരൊറ്റമതം, അതിന്‍റെ വശ്യമായ ആഭിചാരപ്രക്രിയയിലൂടെ മാനവകുലത്തെ മുഴുവന്‍ ആ ഒന്നരയേക്കര്‍ മാന്ത്രികക്കളത്തിലേയ്ക്ക് ആവാഹിച്ചൊതുക്കുന്ന അത്ഭുതകാലം. കുഴലൂത്തുകാരന്‍റെ പിന്നാലെ പോകുന്ന കുഞ്ഞുങ്ങളില്‍ നിന്നൊട്ടും വ്യത്യസ്തമാവുന്നില്ല ഒരു ഫുട്ബോള്‍ പ്രേമിയുടെ അവസ്ഥ. ആ ഒരു പന്തിനു പിന്നാലെ, അതുരുളുന്നിടത്തേയ്ക്ക്…

എന്നാല്‍, ഇപ്പോഴും ചിലര്‍ക്കൊക്കെ കാല്‍പ്പന്ത്‌ കളി ആണുത്സവങ്ങളില്‍ ഒന്നാണ് എന്നാണ് കഴിഞ്ഞ ദിവസം വാട്സ്ആപ്പില്‍ കൂടി പ്രചരിക്കുന്ന ഒരു ഓഡിയോ കേട്ടപ്പോള്‍ മനസിലായത്. ഒപ്പം, സ്ത്രീകളെ പരിഹസിച്ചു കൊണ്ടുള്ള നിരവധി ട്രോളുകളും മറ്റും. ആണുങ്ങള്‍ കളിക്കുമ്പോള്‍ അത് ‘ലോക കപ്പും’ സ്ത്രീകള്‍ കളിക്കുമ്പോള്‍ അത് ‘വനിതാ ലോക കപ്പും’ ആവുന്ന നടപ്പ് പൊതുധാരണയുടെ രാഷ്ട്രീയത്തെ മനസിലാക്കാതെയോ അതിനെ മാറ്റി വച്ചുകൊണ്ടോ അല്ല ഇവിടെ പറയാന്‍ ശ്രമിക്കുന്നത്. അതിനും അപ്പുറം, ഒരു വിനോദോപാധി എന്ന നിലയില്‍ ആണും പെണ്ണും ട്രാന്‍സ്ജെന്‍ഡറും ഒക്കെ ആസ്വദിക്കുന്ന ഒരു കായികമേളയെ എങ്ങനെയാണ് നമ്മുടെ പുരുഷ പ്രജകള്‍ മനസിലാക്കിയിരിക്കുന്നത് എന്നാലോചിക്കുകയിരുന്നു. തങ്ങള്‍ സ്ത്രീകളുടെ ‘വിനോദ സമയമായ സീരിയല്‍’ സമയം കൂടി അപഹരിക്കും, ഫുട്ബോള്‍ കാണുന്നതിനിടയില്‍ തങ്ങള്‍ പലതും പറയും, കൂട്ടുകാര്‍ വരും, ഇതൊന്നും കണ്ടില്ല കേട്ടില്ല എന്നു നടിക്കണം, ഇല്ലെങ്കില്‍ ഞങ്ങള്‍ ആണുങ്ങള്‍ കൈത്തരിപ്പ്‌ തീര്‍ക്കും എന്നാണ് ആ ‘ആണ്‍കൂട്ട ആസ്വാദകര്‍’ മൊത്തത്തില്‍ പറഞ്ഞ് വച്ചിരിക്കുന്നത്.

എന്നാല്‍, ആ ആണ്‍കൂട്ടത്തിന് മനസിലാക്കാന്‍ പറ്റാത്ത, അല്ലെങ്കില്‍ മനസ്സിലാവുന്നില്ലെന്ന് നടിക്കുന്ന ചില കാര്യങ്ങളുണ്ട്; വേണേല്‍ കേട്ടോളൂ: ഒരുപക്ഷേ നിങ്ങളേക്കാള്‍ നന്നായി ഈ ആണ്‍ശരീരങ്ങളുടെ ‘അഴിഞ്ഞാട്ട’ത്തെ ആസ്വദിക്കുന്നത് പെണ്ണുങ്ങളാണ് എന്നറിയാമോ? ഗ്യാലറിയിലേയ്ക്ക് ക്യാമറക്കണ്ണുകള്‍ സന്ദര്‍ശനം നടത്തുമ്പോള്‍, അല്‍പ്പ നേരത്തേയ്ക്ക് മാത്രം വെളിവായിക്കിട്ടുന്ന ബോളിവുഡ്-ഹോളിവുഡ് നടികളുടെ സൗന്ദര്യമേനിയുടെ ഇത്തിരിക്കാഴ്ച്ചകളേക്കാള്‍ 90 മിനിട്ടും ആ 100 മീറ്റര്‍ നീളത്തില്‍ ഓടിവിയര്‍ക്കുന്ന കരുത്തുറ്റ ആണ്‍ ശരീരങ്ങള്‍ വിരുന്നാവുന്നത് ആരുടെ കണ്ണുകള്‍ക്കാവും? ചുമ്മാ ഒന്ന് ആലോചിച്ചു നോക്ക്!

അതുകൊണ്ട്, ഒച്ചാവയെപ്പോലൊരു സുന്ദരന്‍ ഗോള്‍മുഖത്ത് പറന്നു നടക്കുന്നത് കാണുമ്പോള്‍ ‘എന്തൊരു ഭംഗിയാ ഓനെക്കാണാന്‍’ എന്ന് അടുത്തിരിക്കുന്ന സ്ത്രീയില്‍ നിന്ന്- നിങ്ങളുടെ അമ്മയോ ഭാര്യയോ പെങ്ങളോ കാമുകിയോ സുഹൃത്തോ ആരായാലും- കേട്ടാല്‍ തികച്ചും സ്വാഭാവികമെന്ന് കരുതിക്കൊള്ളണം. ചിലപ്പോള്‍ കഴിഞ്ഞ ലോകകപ്പില്‍ കണ്ണുകള്‍ക്ക് ഉത്സവമായിരുന്ന ചിലരെ, ഉദാഹരണത്തിന് യവനദേവനെപ്പോലെ സുന്ദരനായ എസക്വല്‍ ലവേസിയെ ഇപ്പോള്‍ മിസ്സ്‌ ചെയ്യുന്നുവെന്ന് ഉറക്കെ ആത്മഗതിച്ചെന്നു വരും, മൈന്‍ഡ് ചെയ്യണ്ട. റൊണാള്‍ഡോയുടേതോ ലുക്കാക്കുവിന്‍റെയോ പേശികള്‍ തുടിച്ചു നില്‍ക്കുന്ന ശരീരം കാണുമ്പോള്‍ ‘എന്തൊരു സ്ട്രക്ച്ചറെന്‍റമ്മച്ചീ’ എന്നൊരു കമന്‍റും കേള്‍ക്കാതെ വിടുന്നതാവും നല്ലത്.

കൂട്ടത്തിലിരുന്ന് ആര്‍ത്തുവിളിച്ച്, ആസ്വദിച്ചു തന്നെയാണ് ഓരോ മത്സരങ്ങളും ആഘോഷിക്കേണ്ടത്. അത്തരം കൂട്ടത്തിനിടയിലേയ്ക്ക് ഞങ്ങള്‍ കടന്നിരിയ്ക്കുമ്പോള്‍ മുഖം ചുളിയരുതെന്ന് മാത്രം; ചുളിച്ചിട്ട് കാര്യവുമില്ല. ഇടയ്ക്ക് കാപ്പിയെന്നോ ചായയെന്നോ, അല്‍പ്പം ചൂടുള്ളത്‌ കഴിക്കുമ്പോള്‍ കൊറിക്കാനുള്ളതെന്നോ അടുക്കളയിലേക്ക് മുഖം നീട്ടി ആജ്ഞകള്‍ പുറപ്പെടുവിക്കരുതെന്നും കൂടി ഓര്‍ക്കുക. ഇടയ്ക്ക് നല്ലൊരു പാസ് ആരെങ്കിലും മിസ്സാക്കുമ്പോള്‍, “അവനെന്തായീ കാണിക്കുന്നത്” എന്ന് ഒച്ചയുയരുമ്പോള്‍, ‘കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങളുടെ മേന്മ’ വിളമ്പണമെന്നു തോന്നും. അല്ലെങ്കില്‍ സ്വന്തം കൈയുടെ കരുത്തൊന്നു പരീക്ഷിക്കണമെന്നും തോന്നാം. ഏതായാലും അതടക്കുന്നതാവും നല്ലത്. കാരണം അടി കൊണ്ട് മിണ്ടാണ്ടിരിക്കുന്ന പെണ്ണുങ്ങളുടെ കാലവും കഴിഞ്ഞു പോയി എന്നോര്‍ത്തോണം.

ഫേസ്ബുക്ക് ജനകീയമായതിനു ശേഷമുള്ള രണ്ടാമത്തെ ലോകകപ്പാണ്. ഇവിടെ കളിയാസ്വദിക്കുന്ന, ആസ്വാദനക്കുറിപ്പെഴുതുന്ന, ഇഷ്ട ടീമിന്‍റെ പേരില്‍ യുദ്ധം ചെയ്യുന്ന എത്രയോ പെണ്‍ പ്രൊഫൈലുകള്‍ ഉണ്ട്. അവര്‍ക്കൊക്കെ അവര്‍ സ്ത്രീയാണ് എന്നതിന്റെ പേരില്‍ എന്തെങ്കിലും വേര്‍തിരിവ് ഇത്തരം സ്ഥലങ്ങളില്‍ നേരിടേണ്ടി വരുന്നുണ്ട് എന്ന അഭിപ്രായം എനിക്കേതായാലും ഇല്ല. ഇപ്പോഴും നേരം വെളുക്കാത്ത ചിലരെങ്കിലും അവശേഷിക്കുന്നുണ്ട് എന്നു തോന്നിയതു കൊണ്ട് എഴുതുന്നതാണ്; അടച്ചാക്ഷേപം എന്ന് വിധിക്കും മുന്‍പ്.

ഇഷ്ടടീമിനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ അതുവരെയുള്ള രാഷ്ട്രീയ, സാമുദായിക, വര്‍ണ്ണ, വംശ ഭേദങ്ങളില്‍ ഊന്നിയ ഇഷ്ടാനിഷ്ടങ്ങളെ മുഴുവന്‍ പൊളിച്ചെഴുതുന്ന സമയം കൂടിയാണത്. ജര്‍മ്മനിയെന്നു കേള്‍ക്കുമ്പോള്‍ അത് വരെ നാസിപ്പടയെന്നോ ചോരയൊഴുകിയുറഞ്ഞ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളെന്നോ മാത്രം ഓര്‍മ്മയില്‍ എത്തിക്കൊണ്ടിരുന്നിടത്തേയ്ക്കാണ് കാല്‍പ്പന്ത്‌ കളിയുടെ മാസ്മരിക പ്രഭയുമായി മാനുവല്‍ ന്യൂയറും സംഘവും എത്തുക. ആരാണപ്പോള്‍ ഹിറ്റ്‌ലറുടെ നാടെന്ന് ജര്‍മ്മനിയെ ഓര്‍ക്കുക? ചെയുടെ ജന്മദേശമെന്ന നിലയില്‍ അതുവരെ അര്‍ജന്‍റീന പുണ്യഭൂമിയെന്ന് കരുതിയിരുന്ന ഒരു സാധാരണ മനുഷ്യന്‍റെ മുന്നിലേയ്ക്ക് മെസ്സിയും കൂട്ടരും പന്ത് തട്ടിയെത്തുമ്പോഴാവും അയാളിലെ ബ്രസീല്‍ ആരാധകന് അര്‍ജന്‍റീന ശത്രുരാജ്യമായി മാറുന്നത്.

ഫുട്ബോള്‍ അങ്ങനെയാണ്, ആരെയും മയക്കുന്ന വന്യമായ ലഹരി ഒളിപ്പിച്ചിട്ടുണ്ട് അതിന്‍റെ ഓരോ സിരകളിലും. അവിടെ ലിംഗ ഭേദങ്ങള്‍ ഇല്ല. അതിന്‍റെ സംസാരിക്കുന്ന സാക്ഷ്യങ്ങളാണ് ഓരോ മത്സരസമയത്തും ഗ്യാലറിയില്‍ ആഘോഷത്തിന്‍റെ വര്‍ണ്ണക്കാഴ്ച്ചകളായി സ്വയം മറന്നഭിരമിക്കുന്ന ആരാധകവൃന്ദങ്ങള്‍. അവരില്‍ ആണും പെണ്ണും ട്രാന്‍സ്ജെന്‍ഡെഴ്സും ഉണ്ടാവും. അത്തരം ഭേദങ്ങള്‍ പ്രസക്തമല്ലാതാവുന്ന അപൂര്‍വ്വയിടങ്ങളില്‍ ഒന്നാണവിടം. അതുകൊണ്ട് ‘വീട്ടിലെ ആണുങ്ങള്‍’ എന്ന ആ ഹുങ്ക് ഒരിത്തിരി കുറയ്ക്കുന്നതാവും നല്ലത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ഗൗരി നന്ദന

ഗൗരി നന്ദന

സിവില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍