UPDATES

ഇങ്ങനെയുള്ള വള്ളിക്കെട്ടുകളുണ്ടെങ്കില്‍ കെസിബിസിയിലേക്ക് ചാട്ടവാറുമായി വിശ്വാസികളെത്താന്‍ അധികകാലം വേണ്ടിവരില്ല

കാരക്കാമലയിലെ പാരീഷ് യോഗത്തിലേക്ക് വിശ്വാസികള്‍ ഇരച്ചു കയറിയ ഉദാഹരണം കണ്‍മുന്നില്‍ ഉണ്ടായിട്ടും കെസിബിസി ആര്‍ക്ക് വേണ്ടിയാണ് വാദിക്കുന്നത്?

കേരള കത്തോലിക്ക ബിഷപ്പ് കൗണ്‍സിലി (കെസിബിസി)ല്‍ നിന്നും വിശ്വാസികള്‍ മാത്രമല്ല, പൊതുസമൂഹവും പ്രതീക്ഷിക്കുന്ന ചില മര്യാദകളുണ്ട്; കേരള കത്തോലിക്ക സഭയുടെ നിലനില്‍പ്പിന് കൂടി ബാധകമായവ. ഇന്നിപ്പോള്‍ സഭയെ തെരുവിലേക്ക് വലിച്ചിട്ട് അവഹേളിക്കുന്നുവെന്ന് പരാതി പറയുന്നവര്‍, അവര്‍ മറക്കുന്ന മര്യാദകള്‍ക്ക് നല്‍കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും എന്നതാണ് സമീപകാല സംഭവവികാസങ്ങള്‍ ഓര്‍മിപ്പിക്കുന്നത്.

നീതിക്കുവേണ്ടി തെരുവില്‍ ഇറങ്ങി സമരം ചെയ്യേണ്ടി വന്ന കന്യാസ്ത്രീകളെ, നിലവിലെ പൊതുവികാരം എന്താണെന്നു മനസിലാക്കാന്‍ പോലും തയ്യാറാകാതെ, സഭയെ ആക്ഷേപിച്ചവരും അവരുടെ സമരം വഴിവക്കിലെ തോന്ന്യസങ്ങളുമായി തോന്നുകയും അത് പ്രസ്താവനയാക്കി പുറത്തിറക്കുകയും ചെയ്യുന്ന കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ (കെസിബിസി) ഏത് വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്?

ഒരു കന്യാസ്ത്രീയെ പതിമൂന്ന് തവണ ബലാത്സംഗം ചെയ്യുകയും എതിര്‍ത്തതിന് അവരെ പരമാവധി പീഡിപ്പിക്കുകയും ഒടുവില്‍ നീതി തേടി സമരം ചെയ്തവരെ എല്ലാ വിധത്തിലും അവഹേളിക്കുകയും ചെയ്തതല്ല, കുറ്റക്കാരനെതിരേ നടപടി ആവശ്യപ്പെട്ടതാണ് തെറ്റ് എന്ന് വിധിക്കുന്ന കെസിബിസിയിലെ മെത്രാന്മാര്‍ക്കും പുരോഹിത മേലാളന്മാര്‍ക്കും മൊത്തം വിശ്വാസികളുടെ മേല്‍ ഇപ്പോഴും തങ്ങളുടെ അധീശത്വം നിലനില്‍ക്കുന്നുവെന്ന മൂഢധാരണയാണോ? കാരക്കാമലയിലെ പാരീഷ് യോഗത്തിലേക്ക് വിശ്വാസികള്‍ ഇരച്ചു കയറിയ ഉദാഹരണം കണ്‍മുന്നില്‍ ഉണ്ടായിട്ടും! (Also Read:  വിശ്വാസികള്‍ പാരിഷ് യോഗത്തിലേക്ക് ഇരച്ചുകയറി; സിസ്റ്റര്‍ ലൂസിയെ വിലക്കിയ നടപടി പിന്‍വലിച്ചു)

വേദനാജനകം എന്നാണ് കെസിബിസിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയ്‌ക്കെതിരേ വിശ്വാസികള്‍ പ്രതികരിച്ചത്. സഭയുടെ ഉത്തമതാത്പര്യങ്ങള്‍ക്കെതിരായാണ് കന്യാസ്ത്രീമാര്‍ പ്രവര്‍ത്തിച്ചതെന്നു പറയുന്നവര്‍ കുറ്റം ചെയ്തവന് അത് തെളിയക്കപ്പെടുന്നതുവരെ നീതിമാന്റെ പട്ടം നല്‍കുകയുമാണ്. പലവട്ടം സഭയുടെ വാതിലുകളില്‍ മാറി മാറി മുട്ടി വിളിച്ചശേഷമാണ്, തനിക്ക് ഇവിടെ നിന്നും നീതി കിട്ടില്ലെന്ന് മനസിലാക്കി ആ കന്യാസ്ത്രീ നിയമപരമായ നടപടികളിലേക്ക് കടന്നത്. അവിടെയും അവര്‍ അവഗണിക്കപ്പെടുന്നത് കണ്ട് സഹിക്കാനാകാതെയാണ് അഞ്ചു കന്യാസ്ത്രീകള്‍ തെരുവിലേക്ക് നീതിക്കു വേണ്ടി ഇറങ്ങിയത്. അവര്‍ക്കൊപ്പം സമൂഹം നില്‍ക്കുകയും കുറ്റവാളി ജയിലില്‍ ആവുകയും ചെയ്തത്. ഇതെല്ലാം ഇന്നാട്ടില്ലെ സാധാരണക്കാരായ വിശ്വാസികള്‍ക്കു പോലും അറിവുള്ളതായിട്ടും ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട് എന്ന കെസിബിസി ഔദ്യോഗിക വക്താവ് അവാസ്തവങ്ങളും അന്യായങ്ങളും നിറച്ചൊരു പത്രക്കുറിപ്പ് പുറത്തിറക്കിയത് സഭയെ പ്രതിരോധിക്കാനോ തകര്‍ക്കാനോ?

കെസിബിസിയുടെ തലപ്പത്തുള്ളവര്‍ക്ക് ജനവികാരം മനസിലാകാത്തത് എന്താണെന്ന് ചോദിക്കുന്നത് വള്ളിക്കാട്ട് അച്ഛന്‍ ആക്ഷേപിക്കുന്ന മാധ്യമങ്ങളോ നിക്ഷിപ്തതാത്പര്യക്കാരോ അല്ല, കത്തോലിക്ക വിശ്വാസികളാണ്. ഒരു ചോദ്യംകൂടിയുണ്ടവര്‍ക്ക്; ഇതൊക്കെ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി കൂടിയായ ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ടിന്റെ സ്വന്തം വീക്ഷണങ്ങളാണോ, അതോ മെത്രാന്മാരൊക്കെ അറിഞ്ഞുകൊണ്ടാണോ? വള്ളിക്കാട്ട് അച്ചന്‍ തന്നിഷ്ടത്തിന് എഴുതി വിടുന്നതാണെങ്കില്‍ പോലും അതൊക്കെയും കെസിബിസിയുടെ അഭിപ്രായമായാണ് സമൂഹത്തില്‍ എത്തുന്നത്. അതുകൊണ്ട് വക്താവിന്റെ വകതിരിവില്ലായ്മയ്കള്‍ക്ക് മൊത്തം മെത്രാന്മാര്‍ക്കും വിശ്വാസികളോട് സമാധാനം പറയേണ്ടി വരും. ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റി പോലും വക്താവ് എന്താണ് എഴുതുന്നതെന്ന് പരിശോധിക്കാനോ തിരുത്താനോ നിര്‍ദേശങ്ങള്‍ നല്‍കാനോ കെസിബിസിയില്‍ ഇല്ലേ? ഉണ്ടെങ്കില്‍ അവര്‍ അറിഞ്ഞുകൊണ്ടാണോ ഇത്തരം പ്രസ്താവനകള്‍ പുറത്ത് വരുന്നത്. വള്ളിക്കാട്ടിന്റെ അപക്വവും അനീതി കലര്‍ന്നതുമായ പ്രസ്താവനകള്‍ വേണ്ടപ്പെട്ടവര്‍ വായിച്ചു നോക്കിയിട്ടു തന്നെയാണ് പുറത്തേക്ക് വിടുന്നതെങ്കില്‍ പാപഭാരം മൊത്തത്തില്‍ ചുമക്കുക തന്നെ വേണം. രണ്ടും മൂന്നും തവണയായി കെസിബിസി ഔദ്യോഗിക വക്താവിന്റെ ഇതേ രീതിയിലുള്ള പ്രസ്താവനകള്‍ പുറത്തു വന്നിട്ടുണ്ട്. വീണ്ടും അതേ ധൈര്യം കാണിക്കുമ്പോള്‍ സ്വാഭാവികമായും തോന്നാവുന്നത് വള്ളിക്കാട്ട് എന്താണോ പറഞ്ഞത് അതു തന്നെയാണ് കെസിബിസിയിലെ മറ്റ് ഉന്നതന്മാരുടെയും നിലപാട് എന്നതാണ്.

ഒരാളില്‍ നിന്നുണ്ടാകുന്നതോ ഒരു കൂട്ടത്തില്‍ നിന്നുണ്ടാകുന്നതോ, എങ്ങനെയുമാകട്ടെ, കേരള കത്തോലിക്ക സഭയ്ക്ക് ഈ സമൂഹത്തോട് ഉത്തരവാദിത്വമുണ്ട്. സഭ സമൂഹത്തിന് ചെയ്തിരിക്കുന്ന സേവനങ്ങളും സഹായങ്ങളും ചിരസ്മരണയോടെ നിലനില്‍ക്കുന്നതിനാല്‍ സമൂഹത്തിന് സഭയോട് കടപ്പാടുമുണ്ട്. അതുകൊണ്ട് സമൂഹം (വിശ്വാസികളെ കൂടാതെയാണ് പറയുന്നത്) ഇപ്പോള്‍ നടക്കുന്നതുപോലെയുള്ള കാര്യങ്ങളല്ല പ്രതീക്ഷിക്കുന്നതും, കുറച്ചു കൂടി പക്വതയോടെ, മര്യാദയോടെ, മാന്യതയോടെ, ലോകപരിചയത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ്. അത് സംഭവിക്കാതെ വരുമ്പോഴാണ് സഭയ്ക്ക് തെരുവില്‍ വിചാരണ നേരിടേണ്ടി വരുന്നത്.

അല്‍മായര്‍ക്ക് ഈ പ്രതിസന്ധിയില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നില്ല. ചെയ്യേണ്ടത് സഭാ മേലാളന്മാരാണ്. കാരക്കാമലയില്‍ കണ്ട വിശ്വാസി പ്രതികരണം തന്നെയാണ് ഇവിടെയുള്ള ബഹുഭൂരിപക്ഷം വിശ്വാസികള്‍ക്കും വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുമൊക്കെയുള്ളത്. എന്നാല്‍ ഇതൊന്നുമല്ല കെസിബിസിയുടെ നിലപാട് എന്നാണ് ഇത്തരം പ്രസ്താവനകളില്‍ വായിക്കപ്പെടുന്നത്. കെസിബിസിയുടെ തലപ്പത്തിരിക്കുന്നവര്‍ അവരുടെ സഭയിലെ വിശ്വാസികളുടേയും വൈദികരുടേയും വികാരം എന്താണെന്ന് സ്വന്തം നിലയില്‍ മനസിലാക്കി പക്വതയോടെ ഇടപെടുകയാണ് വേണ്ടത്. പക്ഷേ, അത്തരത്തില്‍ ഒരു ഉത്തരവാദിത്വം അവിടെ നിന്നുണ്ടാകുന്നില്ലെന്നത് നിര്‍ഭാഗ്യകരം.

സഭയുടെ ഔദ്യോഗിക സംഘടനകളല്ലാത്ത, തട്ടിപ്പു സംഘടനകള്‍ രംഗത്തു വന്ന് കെസിബിസിയുടെ ഓദ്യോഗിക വക്താക്കളെന്ന ലേബലില്‍ ചാനലുകളില്‍ കയറിയിരുന്ന് വിടുവായിത്തം പറയുന്നത് കഴിഞ്ഞ ദിവസങ്ങളിലൊക്കെ കേട്ടതും കണ്ടതുമാണ്. അത്തരക്കാരുടെ വാക്കുകളിലും പ്രവര്‍ത്തികളിലും തല താഴ്ന്നതും ശബ്ദം നിലച്ചതും സാധാരണക്കാരായ വിശ്വാസികളുടേതായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായി വാര്‍ഡ് കൗണ്‍സില്‍ തെരഞ്ഞെടിപ്പില്‍ മത്സരിച്ച് തോറ്റ വ്യക്തിയൊക്കെ എത്ര സമര്‍ത്ഥമായാണ് സാഹചര്യങ്ങള്‍ മുതലെടുത്തത്. ഇദ്ദേഹമൊക്കെ ചാനലുകളില്‍ കയറിയിരുന്നു വിളിച്ചു പറഞ്ഞതൊക്കെയും ജനം മനസിലാക്കിയത് കത്തോലിക്ക സഭയുടെ നിലപാടുകളായാണ്. ആ തെറ്റിദ്ധാരണ തിരുത്താന്‍ പോലും കെസിബിസി ചുമതലക്കാര്‍ക്ക് സമയമില്ല. ഇത്തരക്കാരെ ആരെയും തങ്ങള്‍ പറഞ്ഞുവിടുന്നതല്ലെന്ന് കെസിബിസി പറയുന്നില്ല, അവരുടേതായ ആളുകളെ ചര്‍ച്ചകളില്‍ പങ്കെടുക്കാനും വിടുന്നില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ എന്ന മട്ട്. ആന കരിമ്പിന്‍ക്കാട്ടില്‍ കയറിയപോലെ ചാനലുകളില്‍ വന്നിരുന്ന് അലറുന്നവര്‍ സഭയുടെ വക്താക്കളാണോ? എന്ന് സാമാന്യ യുക്തിയില്‍ ഒരു വിശ്വാസി ചോദിച്ചാല്‍ എന്ത് ഉത്തരം പറയും പിതാക്കന്മാരേ?

ഫാദര്‍ പോള്‍ തേലക്കാട്ടിനെ പോലൊരാള്‍ ഒരിക്കലും ഇത്തരം മണ്ടത്തരങ്ങള്‍ എഴുതി പുറത്തു വിടില്ലായിരുന്നു. കാര്യങ്ങള്‍ മാന്യതയോടെയും നീതിയോടെയും പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ സഭയ്ക്ക് വള്ളിക്കെട്ടാവുന്ന തരത്തില്‍ വള്ളിക്കാട്ടിനെ പോലുള്ളവര്‍ നിരന്തരം വായ തുറക്കുമ്പോള്‍ ഇടപെടാന്‍ ഒരു മെത്രാനും തയ്യാറാകാത്തതെന്താണാവോ? അതിനാര്‍ക്കും കഴിയാതെ പോകുന്നതാണോ, അതോ ഈ പറയുന്നതൊക്കെയും തങ്ങളുടെകൂടി നിലപാടാണ് എന്നാണോ! ഇതു രണ്ടുമല്ലെങ്കില്‍ ഉത്തരവാദിത്വം എന്നൊന്ന് ഇല്ലാത്തതുകൊണ്ടായിരിക്കും.

Also Read: ‘നീതിസൂര്യന്‍ ഉദിച്ചുയരുമ്പോള്‍ ഇരുട്ട് ഓടിമറയും’; സഭയെ വിറപ്പിച്ച സിസ്റ്റര്‍ ലൂസിയുടെ കവിത

അല്ലെങ്കിലും രൂപത മെത്രന്മാര്‍ എന്നാല്‍ രൂപതയെന്ന കോര്‍പ്പറേറ്റിന്റെ അധിപരാണല്ലോ! ഓരോരുത്തര്‍ക്കും അവരവരുടെ രൂപതയുടെ കാര്യങ്ങള്‍ മാത്രം. അത് വളര്‍ത്തണം, അവിടെ താന്‍ സര്‍വശക്തനായി വാഴണം എന്നാണ് ചിന്ത. മറ്റിടങ്ങളില്‍ എന്തു നടന്നാലും ആരു പീഡിപ്പിച്ചാലും ആരെ പീഡിപ്പിച്ചാലും തനിക്കൊന്നുമില്ലെന്ന നിസ്സംഗത. അതിനപ്പുറം കേരള സഭയുടെ നേതൃത്വം വഹിക്കാനോ അതിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കാനോ ആര്‍ക്കും താത്പര്യം ഉണ്ടെന്നു തോന്നുന്നില്ല എന്നതും നാം കുറച്ചായി കണ്ടുകൊണ്ടിരിക്കുന്നു.

ഒരു ചെറിയ ഉദാഹരണം പറയാം: സമരം ചെയ്ത സി. അനുപമയുടെ പിതാവ് ഈ വിഷയത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ കണ്ടപ്പോള്‍ നടന്ന കാര്യങ്ങള്‍ അഴിമുഖത്തോട് തുറന്നു പറഞ്ഞിരുന്നു. അതിങ്ങനെയായിരുന്നു: “ഞാനയച്ച കത്ത് കിട്ടിയില്ല എന്നാണ് കര്‍ദ്ദിനാള്‍ പറഞ്ഞത്. ഞാന്‍ നേരിട്ട് പരാതി നല്‍കി. സിസ്റ്റര്‍ നീനറോസും അവരുടെ അമ്മയുടെ പേരില്‍ എഴുതിയ പരാതി കര്‍ദ്ദിനാളിനെ ഏല്‍പ്പിച്ചു. ആ കുട്ടിയെ എം എ പരീക്ഷ പോലും ബിഷപ്പ് ഫ്രാങ്കോ എഴുതിച്ചിരുന്നില്ല. അതിന്‍മേലുള്ള പരാതിയായിരുന്നു. അതെല്ലാം വാങ്ങി എല്ലാം ശരിയാക്കാം, ഞാന്‍ നോക്കിക്കോളാം എന്ന് ഉറപ്പ് തന്നെ കര്‍ദ്ദിനാള്‍ ഞങ്ങളെ മടക്കി. ഞാനും നീനയും പുറത്തിറങ്ങിയ ശേഷവും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയും കര്‍ദ്ദിനാളും അല്‍പ്പനേരം കൂടി സംസാരിച്ചു. പിന്നീട് ഞാന്‍ കാണുന്നത് അവിടെ നിരവധി സന്ദര്‍ശകരുണ്ടായിരുന്നെങ്കിലും അവരെയൊന്നും വിളിക്കാതെ പുറത്തേക്ക് ഇറങ്ങി വരുന്ന കര്‍ദ്ദിനാളിനെയാണ്. എന്നെ കൈകാട്ടി വിളിച്ച് ദൂരേക്ക് മാറ്റി നിര്‍ത്തി. എന്റെ തലയില്‍ അദ്ദേഹത്തിന്റെ രണ്ട് കൈകളും വച്ചുകൊണ്ട്, ‘എല്ലാം ഞാന്‍ ശരിയാക്കാം. മൂന്നാമതൊരാള്‍ ഇതറിയരുത്. പോലീസിലേക്കോ മാധ്യമങ്ങളിലേക്കോ ഇത് എത്തരുത്. ഞാന്‍ നോക്കിക്കോളാം എന്ന് ഉറപ്പ് തരുന്നു’ എന്ന് പറഞ്ഞു. ആ ഉറപ്പിലാണ് ഞങ്ങള്‍ നിന്നത്. പക്ഷെ അദ്ദേഹം പിന്നീട് എന്നെ വിളിക്കുകയോ ഒന്നും പറയുകയോ ചെയ്തില്ല. നീതി ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് പോലീസില്‍ പരാതി നല്‍കുന്നത്”. (Also Read: ഈ പിതാവിന്റെ വാക്കുകള്‍ കേരളം കേള്‍ക്കണം; അവളെന്റെ മകളാണ്; കാര്യം പറയുന്നവരെ മഹറോന്‍ ചൊല്ലി പുറത്താക്കുന്ന പരിപാടി ഇനി നടക്കില്ല)

ലോകത്തിലെ ഏറ്റവും ശക്തമായ അധികാര ഘടനയുള്ള, സംഘാടനസംവിധാനമുള്ള സ്ഥാപനം എന്നൊക്കെയാണ് കത്തോലിക്ക സഭയെ വിശേഷിപ്പിക്കുന്നതെങ്കിലും സത്യത്തില്‍ ഏറ്റവും ദുര്‍ബലമായൊരു സംവിധാനമായിട്ടാണ് സഭയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചാല്‍ മനസിലാകുക. ഒരാളെ ഒരു രൂപതയുടെ ബിഷപ്പ് ആക്കി വിട്ടു കഴിഞ്ഞാല്‍ പിന്നെ അയാളെ നിയന്ത്രിക്കാന്‍ തക്ക സംവിധാനമൊന്നും സഭയ്ക്കില്ലെന്നതാണ് ഫ്രാങ്കോയെ പോലുള്ളവരുടെ കാര്യത്തില്‍ നിന്നും വ്യക്തമാകുന്നത്. അയാള്‍ പിന്നെ ഒരു കുട്ടി രാജാവായി മാറുകയാണ്. ബിഷപ്പിനെതിരേ വത്തിക്കാനില്‍ നിന്നും നടപടികളെടുപ്പിക്കുക എന്നതൊന്നും അത്ര എളുപ്പമുള്ളതല്ല. മാര്‍പാപ്പയ്ക്ക് കീഴില്‍ നാലായിരം- അയ്യായിരം ബിഷപ്പുമാരാണുള്ളത്. ഇവരുടെയൊക്കെ കാര്യത്തില്‍ സമയബന്ധിതമായ ഇടപെടലിനു മാര്‍പാപ്പയ്ക്ക് കഴിയില്ല. എന്തെങ്കിലും ഉണ്ടായാല്‍ തന്നെ അതിനുവേണ്ടി വരുന്ന കാലയളവ് വലുതാണ്. ഉപജാപങ്ങള്‍ക്ക് വേണ്ടുവേളം സമയമാണ് കിട്ടുന്നത്. ഫ്രാങ്കോ തന്നെ അതിനുള്ള ഒടുവിലുത്തെ ഉദാഹരണം.

Also Read: ‘ഫ്രാങ്കോയുടെ പേരിൽ സ്ഥാപിക്കപ്പെട്ട സഭയാണിത്’: കെസിബിസിക്കെതിരെ രൂക്ഷ വിമർശനവുമായി സിസ്റ്റർ ആക്ഷൻ കൗൺസിൽ

ഇതുപറയുമ്പോള്‍ എല്ലാ ബിഷപ്പുമാരും സമന്മാരാണ് എന്നും അര്‍ത്ഥമില്ല. ദുര്‍ബലരും ശക്തരുമുണ്ട്. സ്ഥാനം ഒന്നാണെങ്കിലും അധികാരം കൊണ്ടു ചിലര്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാണ്. അലഹബാദ് രൂപതയിലെ ബിഷപ്പായിരുന്നു ഇസിഡോര്‍ ഫെര്‍ണാണ്ടസ് പ്രൊട്ടസ്റ്റന്റ് സഭയിലെ ഒരു മെത്രാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ഔദ്യോഗിക വസ്ത്രങ്ങള്‍ അണിഞ്ഞ് സന്നിഹിതനായതിന്റെ പേരില്‍, കത്തോലിക്ക സഭ ചട്ടങ്ങള്‍ ലംഘിച്ചെന്ന കുറ്റത്തിനു നടപടി വന്നത് ദിവസങ്ങള്‍ക്കുള്ളിലാണ്. രണ്ട് സഭകള്‍ തമ്മിലുള്ള ഐക്യത്തിന് വഴിയൊരുങ്ങട്ടെ എന്നുമാത്രമാണ് ബിഷപ്പ് ഇസിഡോര്‍ ചിന്തിച്ചതെങ്കിലും ബിഷപ്പ് സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റാനുള്ള തെറ്റായാണ് അത് വിചാരണ ചെയ്യപ്പെട്ടത്. 25 വര്‍ഷത്തോളം ബിഷപ്പ് സ്ഥാനത്തിരുന്ന ഒരു വ്യക്തിക്കെതിരെയാണ് ഉടനടി നടപടി വന്നതെന്നോര്‍ക്കണം. ഇസിഡോര്‍ ക്രൂശിക്കപ്പെടുന്നതും ഫ്രാങ്കോ വിശുദ്ധനാക്കപ്പെടുന്നതും അധികാരത്തിന്റെ വ്യത്യാസത്തിലാണ്. വത്താക്കാനിലും സിബിസിഐയിലുമൊക്കെ പിടിപാടുള്ള ഫ്രാങ്കോമാര്‍ക്ക് സംരക്ഷണം കിട്ടും, അതില്ലാത്തവര്‍ക്ക് പുറത്തേക്കുള്ള വാതിലും.

അധികാരവും സമ്പത്തും വിജയിക്കുന്നിടത്ത് പക്ഷേ, തോല്‍ക്കുന്നത് സഭയാണെന്ന് തിരിച്ചറിയാതെ പോകുന്നവര്‍, വിശ്വാസികളുടെയും കന്യാസ്ത്രീമാരുടെയും പുരോഹിതരുടെയും പ്രതികരണങ്ങളെ വകവയ്ക്കുന്നേയില്ല… അവര്‍ പള്ളിക്കുള്ളിലെ കച്ചവടക്കാരായി തുടരുകയാണ്… ചാട്ടവാറേന്തിയവര്‍ ആഗതരാകുന്നതുവരെ അവരത് തുടരും!

ഈ പിതാവിന്റെ വാക്കുകള്‍ കേരളം കേള്‍ക്കണം; അവളെന്റെ മകളാണ്; കാര്യം പറയുന്നവരെ മഹറോന്‍ ചൊല്ലി പുറത്താക്കുന്ന പരിപാടി ഇനി നടക്കില്ല

വിശ്വാസികള്‍ പാരിഷ് യോഗത്തിലേക്ക് ഇരച്ചുകയറി; സിസ്റ്റര്‍ ലൂസിയെ വിലക്കിയ നടപടി പിന്‍വലിച്ചു

‘ഫ്രാങ്കോയുടെ പേരിൽ സ്ഥാപിക്കപ്പെട്ട സഭയാണിത്’: കെസിബിസിക്കെതിരെ രൂക്ഷ വിമർശനവുമായി സിസ്റ്റർ ആക്ഷൻ കൗൺസിൽ

സഭ സാത്താന്റെ കൂടെയെന്ന് വീണ്ടും തെളിയിച്ചു

ഫ്രാങ്കോ മുളയ്ക്കല്‍ മുളപ്പിച്ചതും പഠിപ്പിച്ചതും

‘നീതിസൂര്യന്‍ ഉദിച്ചുയരുമ്പോള്‍ ഇരുട്ട് ഓടിമറയും’; സഭയെ വിറപ്പിച്ച സിസ്റ്റര്‍ ലൂസിയുടെ കവിത

‘തോല്‍ക്കുന്ന സമരങ്ങളിലെ പോരാളികള്‍’ ജയിക്കുമ്പോള്‍

പീഡിക്കപ്പെട്ട കന്യാസ്ത്രീക്കു വേണ്ടി മിണ്ടാത്തവര്‍ എത്ര വേഗമാണ് എനിക്കെതിരെ നടപടിയെടുത്തത്; സി. ലൂസി സംസാരിക്കുന്നു

‘ഞങ്ങളുടെ ഭാവി ഇനി എന്താകുമെന്ന് അറിയില്ല, എന്തും നേരിടും’: ചരിത്ര സമരവിജയത്തിന്റെ ആത്മവിശ്വാസത്തോടെ അവര്‍ മടങ്ങി

കേരളത്തിന്റെ സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍ മുകളിലെഴുതി വയ്ക്കേണ്ട പേരുകളാണ് ഈ കന്യാസ്ത്രീകളുടേത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍