UPDATES

പെപ്‌സികോ: ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൊച്ചുമക്കള്‍

ഭക്ഷണ സാമ്രാജ്യത്വം കൃഷിക്കാരന്റെ നട്ടെല്ലൊടിക്കുക മാത്രമല്ല, മനുഷ്യരെയാകെ രോഗികളാക്കുന്നു, കാടും മണ്ണും വെള്ളവും നശിപ്പിക്കുന്നു, ജനാധിപത്യത്തെ തകര്‍ക്കുന്നു

ശര്‍ക്കര മിഠായി വാങ്ങാന്‍ അഞ്ചു പൈസയുമായി ഇന്റര്‍വെല്ലിന് പുളിഞ്ചോട്ടിലേക്ക്.. അവിടെ കമ്മത്ത്, തക്കാളിപ്പെട്ടി കമഴ്ത്തിവെച്ചതിനു മുകളില്‍, വീട്ടില്‍ നിന്നും ഉണ്ടാക്കി വന്ന ശര്‍ക്കര മിഠായികള്‍ ചെറിയ ചില്ലുകുപ്പിയില്‍.. അത് വാങ്ങി കൂട്ടുകാര്‍ക്കു വീതിക്കും. ഒരെണ്ണം നിക്കറിന്റെ പോക്കറ്റിലിടും അവിടെക്കിടന്ന് അത് തുണിയുമായി ഒട്ടിച്ചേരും.. എള്ളുണ്ട, കടലമിഠായി, അട്ടാണി ഇതൊക്കെയായിരുന്നു ചെറുപ്പത്തിന്റെ കൊതികള്‍. മിക്കതും കമ്മത്തിനെ പോലെ അയല്‍ക്കാര്‍ നാട്ടിലുണ്ടാക്കുന്നവ.

പക്ഷേ, പിടിച്ചാല്‍ കിട്ടില്ലല്ലോ? കാലം പുരോഗമിക്കുകയല്ലേ? ഇപ്പോള്‍ ലെയ്‌സും കുര്‍ക്കുറയും.. പരിഷ്‌ക്കാരത്തിന്റെ അടയാളങ്ങള്‍..

അന്ന് അയല്‍ക്കാരന്‍ കമ്മത്ത് ശര്‍ക്കര മിഠായിയുമായി വന്നിരുന്നത് വിശപ്പിന്റെ വിളി കൊണ്ടായിരുന്നു. ഇന്ന് പെപ്‌സിയുടെ വീര്‍ത്ത പ്ലാസ്റ്റിക് പൊതികളോ?

അന്ധരായ ഉപഭോക്താക്കള്‍ നമ്മള്‍. മറ്റൊന്നും നമുക്കറിയേണ്ട, നാവിലിടുമ്പോഴേക്കും കറു മുറെ ഉപ്പുരസത്താല്‍ അലിഞ്ഞില്ലാതാകുന്ന ഉരുളക്കിഴങ്ങു ചീളുകള്‍ അല്ലാതെ.. വലിയ കമ്പനിയില്‍ മനുഷ്യന്റെ കരസ്പര്‍ശമേശാതെ, എല്ലാ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പെപ്‌സിയും മറ്റും നമുക്കു വേണ്ടി ഓരോന്നും ഉല്പാദിപ്പിക്കുന്നു എന്നാണ് ധാരണ.

2007ലാണ് പെപ്‌സിയുടെ ഉള്‍പ്പെടെ ഉരുളക്കിഴങ്ങു വറുത്തതില്‍ അക്രിലമൈഡ് വിഷം കണ്ടതിനെ തുടര്‍ന്ന് അവ പിന്‍വലിച്ച് പിഴയിട്ടത്. അക്രിലമൈഡ് അനുവദനീയമായ അളവിലും 39 മുതല്‍ 910 മടങ്ങു വരെ കൂടുതലായിരുന്നു. ഇന്റര്‍നാഷണല്‍ ഏജന്‍സി ഓണ്‍ കാന്‍സര്‍ റിസര്‍ച്ച്, യു എസ് നാഷണല്‍ ടോസ്‌കികോളജി പ്രോഗ്രം, എന്‍ വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി ഇവരെല്ലാം അക്രില മൈഡിനെ കാന്‍സര്‍ കാരിയായി കാണുന്നുണ്ട്. എങ്കിലും കുട്ടികള്‍ക്ക് നാം ലെയ്‌സ് വാങ്ങിക്കൊടുക്കും. നാം പരിഷ്‌കൃതരല്ലേ? നമുക്കു തിന്നാന്‍ പറ്റാഞ്ഞതെല്ലാം മക്കള്‍ക്ക് തീറ്റിച്ചല്ലേ സായൂജ്യം?

പെപ്‌സി കമ്പനി 1989ലാണ് ഇന്ത്യയില്‍ കാര്‍ഷിക രംഗത്ത് വന്നത്. അവര്‍ക്ക് തക്കാളി ഉണ്ടാക്കാന്‍ കൃഷിക്കാരുമായി കരാറുണ്ടാക്കി. 1990കളിലെ ഉദാരവല്‍ക്കരണത്തോടെ യുപിയിലും രാജസ്ഥാനിലും 24,000 കര്‍ഷകര്‍ പെപ്‌സിയുടെ കരാര്‍ കൃഷിക്കാരായി. അവര്‍ക്ക് ഉരുളക്കിഴങ്ങും അരിയും ചെയ്തു. എന്നാല്‍ ഏക്കറുകണക്കിന് ഉരുളക്കിഴങ്ങും മറ്റും പെപ്‌സിക്കു വേണ്ടി ഒരുക്കുമ്പോള്‍ ആരാണ് രാജ്യത്തിനു വേണ്ട പയറും പരിപ്പും ഉണ്ടാക്കുക. ഇവയുടെ ഉല്പാദനം കുറയുകയാണ്. ഇറക്കുമതിയാണിപ്പോള്‍.

2011ല്‍ തമിഴ്‌നാട്ടില്‍ വ്യാപാരികള്‍ പെപ്‌സി ബഹിഷ്‌ക്കരിച്ചു. അതിനെ പിന്തുണച്ച് കേരള വ്യാപാരികളും പെപ്‌സി വില്‍ക്കില്ലെന്ന് പറഞ്ഞു. കാരണം, തമിഴ്‌നാട്ടില്‍ തെക്കന്‍ പ്രദേശങ്ങളില്‍ നദിയില്‍ നിന്ന് 3 ദശലക്ഷം വെള്ളം എടുത്ത് പെപ്‌സി പ്ലാന്റുകളില്‍ കുപ്പികള്‍ നിറയ്ക്കുന്നു. നാട്ടുകാര്‍ക്ക് കുടിക്കാന്‍, കൃഷിക്കും വെള്ളമില്ല.

കേരളത്തില്‍ നിയമസഭാ സബ്ജക്റ്റ് കമ്മറ്റി പാലക്കാട് പുതുശ്ശേരിയിലെ പെപ്‌സി പ്ലാന്റ് പരിശോധിച്ച്, ദിവസവും കമ്പനി 6 ലക്ഷം വെള്ളം ഊറ്റുന്നത് കണ്ടെത്തി. അനുവദിച്ചതാകട്ടെ 2.34 ലക്ഷം ലിറ്റര്‍! ഇന്നും ഈ ജലക്കൊയ്ത്ത് പാലക്കാടിനെ വരട്ടുന്നു.

പെപ്‌സിക്ക് സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കളും ചിപ്‌സും ഉണ്ടാക്കാന്‍, ഇന്തോനേഷ്യയിലെ മഴക്കാടുകള്‍ വെട്ടിമാറ്റി പാമോയില്‍ തോട്ടം ഉണ്ടാക്കുന്നു. ലോകം കണ്ട ഏറ്റവും വലിയ വനനശീകരണം ഈ ആഗോള താപനകാലത്ത് നടക്കുന്നു. 2.6 ദശലക്ഷം ഹെക്ടര്‍ മഴക്കാട് ഇവര്‍ പാമോയില്‍ തോട്ടമാക്കി. വന്യമൃഗങ്ങള്‍ അശരണരായി, നഷ്ട പ്രാണങ്ങളായി.

ഇന്തോനേഷ്യയിലെ പാമോയില്‍ തോട്ടങ്ങളില്‍ ക്രൂരമായ ബാലവേലയുണ്ട്; ഏറ്റവും കുറഞ്ഞകൂലിയുണ്ട്; ഹീനമായ തൊഴില്‍ പരിസരമുണ്ട്; മനുഷ്യാവകാശ ലംഘനമുണ്ട്.

ഭക്ഷണ വില്‍പന രംഗത്ത് 2020 ഓടെ 5 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് പെപ്‌സി ഇന്ത്യയില്‍ ഇറക്കുന്നത്. എല്ലാവരും ലെയ്‌സ് തിന്നിരിക്കും, പെപ്‌സി കുടിച്ചിരിക്കും. കാരണം ഗ്രാമങ്ങള്‍ വികസനമെന്ന പേരില്‍ ഇല്ലാതാകുന്നു. വിഷപാക്കറ്റ് ഭക്ഷണമല്ലാതെ മറ്റൊരു ഗതി ആര്‍ക്കും ഉണ്ടാകരുതെന്ന് അവര്‍ക്ക് നിര്‍ബ്ബന്ധമുണ്ട്.

ഗുജറാത്തിലെ സബര്‍ക്കന്ധില്‍ 4 കര്‍ഷകരോട് 1.05 കോടി ഓരോരുത്തരും തരണമെന്ന് പെപ്‌സി ആവശ്യപ്പെടുന്നു. പെപ്‌സി സ്വന്തമാക്കിയ ഉരുളക്കിഴങ്ങ് വിത്ത് കൃഷിക്കാര്‍ വിതച്ചതിനുള്ള ശിക്ഷ. കര്‍ഷകര്‍ ഇനിയുള്ള വിളവെല്ലാം പെപ്‌സിക്കു കൊടുത്താല്‍ കേസ് ഒഴിവാക്കാം.

നാളെ, ഇന്ത്യ പെപ്‌സിക്ക് ഉരുളക്കിഴങ്ങ് വിളയിക്കുന്ന മണ്ണ് മാത്രമായി മാറും. അപ്പോള്‍ നമുക്കു തിന്നാന്‍ ജനിതകമാറ്റം വരുത്തിയ വിഷവിളകള്‍ അമേരിക്കയില്‍ നിന്നും ഇവര്‍ തന്നെ കപ്പലില്‍ പാക്കറ്റിലിറക്കും, നമ്മുടെ മേശമേല്‍ നിരത്തിത്തരും.

പ്രകൃതിയിലുള്ളത് അതേപടി നിലനിന്നാല്‍ അതില്‍ എങ്ങനെയാണ് അവകാശം, ആധിപത്യം സ്ഥാപിക്കുക. അത് 1492 മുതല്‍ കൊളമ്പസ് കാണിച്ചു കൊടുത്തിട്ടുണ്ട്. കപ്പലിറങ്ങുക. വന്നു നോക്കിയിട്ട് ഒന്നും നന്നല്ലെന്ന് പറയുക. ചില്ലറ മാറ്റം വരുത്തുക, സ്വന്തമാക്കുക. വന്ദന ശിവ പറയുന്നു, ‘എതെങ്കിലും ജീവിയെയെടുത്ത് ചില ജീനുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റി, എന്നിട്ട് അതിന്റെ സ്രഷ്ടാവ് ഞാനാണെന്നു പറഞ്ഞ് സ്വന്തമാക്കുന്നു’

5000ത്തോളം ഉരുളക്കിഴങ്ങിനങ്ങള്‍ ലോകത്തുണ്ട്. ഇതില്‍ 3000 ഇനങ്ങള്‍ തെക്കേ അമേരിക്കയിലെ ആന്റീസ് പ്രദേശത്ത് കൃഷിക്കാര്‍ തലമുറകളായി വികസിപ്പിച്ചെടുത്ത വൈവിധ്യങ്ങളാണ്. ഇതെല്ലാം കൈക്കലാക്കി, അതില്‍ പൊടിക്കൈകള്‍ നടത്തി അധിനിവേശം സ്ഥാപിക്കുന്നതിന്റെ പേരാണ് പേറ്റന്റ് അഥവാ ജൈവ ചോരണം. കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചു എന്നു പറയുന്ന പോലെ ശുദ്ധ ഭോഷ്‌ക്ക്! പ്രകൃതിയും കൃഷിക്കാരും ചേര്‍ന്ന് കാലങ്ങള്‍ കൊണ്ട് മണ്ണിലെ പരീക്ഷണശാലയില്‍ നിര്‍മ്മിച്ചെടുത്ത പലയിനങ്ങളുടെ വര്‍ണ്ണപ്പെരുമയെ ഒന്നോ രണ്ടോ വ്യാപാരയിനങ്ങളിലേക്കു ചുരുക്കി ജൈവ വൈവിധ്യത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന തീക്കളിയാണ് ഇവരുടെ അന്തകവിത്തുകള്‍. ഇത് വിത്തിനു മേല്‍ കൃഷിക്കാരുടെ അവകാശത്തെ – കൃഷി ചെയ്യാനും സൂക്ഷിക്കാനും പുതിയ ഇനങ്ങള്‍ വികസിപ്പിക്കാനും സ്വതന്ത്രമായി കൈമാറാനുമുള്ള ജന്മാവകാശത്തെ തടയുന്നു. 1903ല്‍ 500 തരം ക്യാബേജ് ഉണ്ടായിരുന്നു, 400 ഇനം കടലയുണ്ടായിരുന്നു, 400 ഇനം തക്കാളികള്‍, 285 ജാതി കക്കരികള്‍, 1983 ആയപ്പോള്‍ 28 ഇനം ക്യാബേജുകള്‍, 25 തരം കടലകള്‍, 79 തരം തക്കാളി, 16 ജാതി കക്കരികള്‍ ഇങ്ങനെ പുത്തന്‍ വിത്തുകളുടെ അധിനിവേശം ഈ പലമകളെ നശിപ്പിച്ചു കളഞ്ഞു. ഇന്നത് ഏതാനും ഇനങ്ങളായി ചുരുക്കി.

ബി.ടി പരുത്തി 2002ല്‍ മൊണ്‍സാന്റോ വിറ്റത് പാക്കറ്റിന് 1600 രൂപക്ക്. 2006ല്‍ കര്‍ഷകര്‍ മുറവിളി കൂട്ടിയപ്പോള്‍ ആന്ധ്രാ സര്‍ക്കാര്‍ ഇടപെട്ട് വില 750 ആക്കി. തക്കാളി വിത്ത് കിലോയ്ക്ക് 475 രൂപ മുതല്‍ 76,000 വരെയുണ്ട്. വിത്തും വളവും വാങ്ങി കടം കയറിയാണ് ആത്മഹത്യകള്‍.

വിത്തിനു മേല്‍, മണ്ണിനു മേല്‍, കൃഷിക്കാരനു മേല്‍, ഭക്ഷണത്തിനു മേല്‍ അധിനിവേശം നടത്തുന്ന ഭക്ഷണ സാമ്രാജ്യത്വമാണിത്. ഇന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പുതിയ അവതാരങ്ങള്‍ നമ്മെ കീഴ്‌പ്പെടുത്തുന്നത് ഭക്ഷണം കൊണ്ടാണ്. നവരുചികളിലൂടെ നമ്മുടെ സ്വാദുമുകുളങ്ങളില്‍ അവര്‍ നങ്കൂരമിടുന്നു. മാര്‍ക്കറ്റ് ഭക്ഷണത്തിന്റെ പുറംലഹരിയില്‍ നമ്മെ തളച്ചിടുന്നു.

1992 മുതല്‍ കാല്‍നൂറ്റാണ്ടായി കേരളാ ജൈവകര്‍ഷക സമിതി പായുന്നു. ഇന്നത്തെ ആയുധം തോക്കിനേക്കാള്‍ ഭക്ഷണമാണെന്ന്. If food can be used as a weapon we would be happy to use it എന്നു പറഞ്ഞത് മറ്റാരുമല്ല അമേരിക്കയുടെ മുന്‍ കൃഷി സെക്രട്ടറി ഏള്‍ ബട്ട്‌സ് ആണ്. control the food supply, and you control the people എന്നതാണ് ചതി. അതിനെ നേരിടാന്‍ നാട്ടുഭക്ഷണം കൊണ്ട് സമരം വേണം. തനതു വിത്തു കൊണ്ട് കോട്ട കെട്ടണം.

ഭക്ഷണ സാമ്രാജ്യത്വം കൃഷിക്കാരന്റെ നട്ടെല്ലൊടിക്കുക മാത്രമല്ല, മനുഷ്യരെയാകെ രോഗികളാക്കുന്നു, കാടും മണ്ണും വെള്ളവും നശിപ്പിക്കുന്നു, ജനാധിപത്യത്തെ തകര്‍ക്കുന്നു. അതിനാല്‍ ഭക്ഷണ സാമ്രാജ്യത്വത്തെ ഭക്ഷണ ജനാധിപത്യം കൊണ്ട് നേരിടണം. നാട്ടു വിത്തുകളുടെയും നാട്ടു ചന്തകളുടെയും നാട്ടുഭക്ഷണത്തിന്റെയും ജനാധിപത്യം തിരികെ വരുത്തണം. ഇതാണ് ഇന്നത്തെ സ്വാതന്ത്ര്യ സമരം. അന്ന് ചര്‍ക്കയില്‍ നൂലു നൂറ്റുകൊണ്ട് സമരം ചെയ്തതിന്റെ അടുത്ത അധ്യായമാണ് നാട്ടുവിത്തു കൊണ്ടും നാട്ടുഭക്ഷണം കൊണ്ടും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ചെറുമക്കള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്.

‘വിത്തു സംരക്ഷകന്‍’ എന്ന പാലസ്തീന്‍ കവിതയിലെ അവസാനം നോക്കുക..
ഒരു വിത്ത്,
ജീവനുള്ള ഒരു ചെറുവിത്തിന്
ഞാന്‍ കാവല്‍ നില്‍ക്കുവോളം
ഭയപ്പെടുകയില്ല,
നിന്റെ ഭീകരതയെ.
നിരാശനാവുകയില്ല
ഒരിക്കലും.
വിതയ്ക്കും ഞാനത്;
മുളപ്പിക്കും.’

വിത്ത് സംസ്‌ക്കാരത്തിന്റെ ആധാരമാണ്. അത് പൊതുസ്വത്താണ്. എത്ര ഇനങ്ങളുണ്ടോ അത്രയും നല്ലതാണ് സമൂഹം. നമുക്ക് വിത്തു വൈവിധ്യവും സാംസ്‌കാരിക വൈവിധ്യവും കാത്തുരക്ഷിക്കാം. ലെയ്‌സിന്റെ ഊതി വീര്‍ത്ത കവറിനു പകരം മക്കള്‍ക്ക് എള്ളുണ്ടയും കടലമിഠായിയും ഉണ്ടാക്കിക്കൊടുക്കാം. അവരോട് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കഥ പറഞ്ഞുകൊടുക്കാം. ചര്‍ക്കയില്‍ നൂലു കോര്‍ത്ത ചരിത്രവും.

അശോകകുമാര്‍ വി

അശോകകുമാര്‍ വി

കേരളാ ജൈവകര്‍ഷക സമിതി സെക്രട്ടറിയാണ് ലേഖകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍