കേരളത്തില്‍ നിന്നും 2015-ൽ മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണിയും 2016-ൽ അന്നത്തെ കേരള നിയമസഭാ സ്പീക്കർ ജി. കാർത്തികേയനും അവിടെ ചികിത്സ തേടിയിരുന്നു.
അമേരിക്കന്‍ പ്രസിഡന്‍റ് കഴിഞ്ഞാല്‍ ഭരണകൂടത്തിലെ എക്സിക്യൂട്ടീവ് ശാഖയിൽ രണ്ടാമത്തെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു ജോ ബൈഡൻ. 2015-ല്‍ അന്നത്തെ പ്രസിഡന്റ് മരിക്കുകയോ വിരമിക്കുകയോ പുറത്താക്കപ്പെടുകയോ ചെയ്തിരുന്നെങ്കില്‍ പ്രസിഡന്‍റാവേണ്ടിയിരുന്ന ആള്‍; യുഎസ് വൈസ് പ്രസിഡന്റ്റ്. അക്കാലത്താണ് അദ്ദേഹത്തിന്‍റെ മകൻ ബ്യൂ ബൈഡന് ബ്രെയിൻ കാൻസറാണെന്ന് കണ്ടെത്തുന്നത്.
ആ സമയത്ത് ഒരു മാസം 9 ലക്ഷം രൂപ (ഏകദേശം) ശമ്പളം വാങ്ങുന്ന വൈസ് പ്രസിഡന്‍റ്, തന്‍റെ മകന്‍റെ ചികിത്സയ്ക്കായി എങ്ങനെ പണം കണ്ടെത്താമെന്നതിനെക്കുറിച്ചുള്ള ധര്‍മ്മസങ്കടത്തിലായിരുന്നു. ബ്യൂവും ഒരു രാഷ്ട്രീയക്കാരനായിരുന്നു എന്നതാണ് ഏറ്റവും രസകരം. അദ്ദേഹം ഒരു മുന്‍ ഇറാഖ് പട്ടാളക്കാരന്‍ മാത്രമല്ല, അദ്ദേഹത്തിന്‍റെ സംസ്ഥാനത്തെ ഏറ്റവും പ്രശസ്തനായ ഡെമോക്രാറ്റിക് രാഷ്ട്രീയക്കാരനും രണ്ടു തവണ ഡെലാവരെയിലെ അറ്റോർണി ജനറലുമായിരുന്നു.
എന്നാൽ, ബ്യൂ ബിഡന്‍ ക്യാൻസർ രോഗ ബാധിതനാണെന്ന് കണ്ടെത്തിയതോടെ അദ്ദേഹത്തിന്‍റെ അച്ഛന്‍, അമേരിക്കന്‍ പ്രസിഡന്‍റ് കഴിഞ്ഞാല്‍ ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും ശക്തനായ നേതാവ്, ചികിത്സക്കു വേണ്ടി തന്‍റെ വീട് വിൽക്കാൻ തീരുമാനിച്ചു. വീട് വില്‍ക്കുകയോ പണയപ്പെടുത്തുകയോ അല്ലാതെ വേറൊരു വഴിയും അദ്ദേഹത്തിനു മുന്‍പില്‍ ഇല്ലായിരുന്നു.
സി എന്‍ എന്നുമായി സംസാരിക്കവേ ജോ ബൈഡൻ പറഞ്ഞു, അന്നത്തെ അമേരിക്കൻ പ്രസിഡന്‍റും തന്‍റെ ബോസ്സുമായ ബരാക് ഒബാമയുമൊത്തുള്ള പ്രതിവാര ഉച്ചഭക്ഷണ സമയത്ത് മകന്‍റെ അസുഖത്തെക്കുറിച്ച് പറയുക എന്നൊരു ‘തെറ്റ്’ അദ്ദേഹം ചെയ്തു. ബ്യുവന്‍റെ കുടുംബത്തെ സഹായിക്കാന്‍ തങ്ങളുടെ വീട് വിൽക്കുന്നതിനെക്കുറിച്ച് താനും രണ്ടാം ഭാര്യ ജില്ലും, അവര്‍ ഒരു കോളേജ് പ്രൊഫസറാണ്, ആലോചിക്കുന്നതായി ബൈഡൻ ഒബാമയോട് പറഞ്ഞു. ഇതു കേട്ടപാടേ, ‘ഒബാമ എഴുന്നേറ്റു നിന്നുകൊണ്ട് പറഞ്ഞു’, “ആ വീട് വിൽക്കരുത്. വില്‍ക്കുകയില്ലെന്ന് എനിക്ക് വാക്ക് തരൂ” എന്ന്.
ഒബാമ പറഞ്ഞു, “ഞാൻ നിങ്ങൾക്ക് പണം തരാം. ആവശ്യമുള്ളതെത്രയാണോ അത്രയും തരാം. ജോ, വീട് വില്‍ക്കില്ലെന്ന് എനിക്ക് ഉറപ്പുതരൂ”- ബൈഡൻ പറഞ്ഞു.
2014-ലെ നികുതി റിട്ടേൺ അനുസരിച്ച് ജോ ബൈഡന്‍റെയും ഭാര്യ ജില്‍ ബൈഡന്‍റെയും ആകെ വരുമാനം 2.6 കോടി രൂപയാണ്. എന്തായാലും പ്രസിഡന്‍റിന്‍റെ സഹായം സ്വീകരിക്കാതെ തന്നെ തന്‍റെ വീട് വില്‍ക്കേണ്ട സാഹചര്യം ഒഴിവായതായി ബൈഡൻ പറയുന്നു.
ഒരു അമേരിക്കൻ യഥാർത്ഥ ജീവിതകഥ ഇവിടെ അവസാനിക്കുന്നു. ഇനി നമുക്ക് ഇന്ത്യയിലേക്ക് തിരിച്ചുവരാം.
അമേരിക്കയിലെ ഒരു രാഷ്ട്രീയക്കാരന്‍, അതും വൈസ് പ്രസിഡന്‍റ്, തന്‍റെ മകന്‍റെ ചികിത്സക്കായി സ്വന്തം വീട് വില്‍ക്കുന്നതിനെകുറിച്ച് ആലോചിക്കുമ്പോള്‍ കേരളത്തിലെ രാഷ്ട്രീയക്കാര്‍ ഇത്തരം ചെലവുകളൊക്കെ എങ്ങനെയാണ് വഹിക്കുന്നത്?
വാർത്താ റിപ്പോർട്ടുകൾ പ്രകാരം, ആരോഗ്യപ്രശ്‌നങ്ങൾ തുടരുന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ 17 ദിവസത്തെ ചികിത്സക്ക് ഓഗസ്റ്റ് 19-ന് വീണ്ടും അമേരിക്കയിലേക്ക് പോകുകയാണ്. പ്രസിദ്ധമായ മയോ ക്ലിനിക്കില്‍ ആണ് അദ്ദേഹം ചികിത്സയ്ക്കായി പ്രവേശിക്കുന്നത്. കഴിഞ്ഞ അമേരിക്കന്‍ സന്ദര്‍ശനത്തിനിടയിലും അദ്ദേഹം മയോ ക്ലിനിക്കില്‍ ചില പ്രാഥമിക പരിശോധനകള്‍ നടത്തിയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹൃദ്രോഗ ചികിത്സയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനവും കാന്‍സര്‍ ചികിത്സയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനവും ഉള്ള, ഒരുപാട് മേഖലകളില്‍ മികച്ച സേവനം നല്‍കുന്ന, ആരോഗ്യ കേന്ദ്രമാണ് മയോ ക്ലിനിക്ക്. പ്രമേഹം, യൂറോളജി, ജെറിയാട്രിക്‌സ് തുടങ്ങിയവയില്‍ അമേരിക്കയിലെ ഏറ്റവും മികച്ച ആശുപത്രി ആണിത്.
ജോ ബൈഡനെ സാമ്പത്തികമായി സഹായിക്കാന്‍ ബരാക്ക് ഒബാമ തയ്യാറായപ്പോള്‍, പിണറായിയുടെ ചെലവുകൾ കേരള സർക്കാർ വഹിക്കും. ലളിതമായി പറഞ്ഞാൽ, നികുതിദായകർ പണം നൽകും. ഭാര്യ കമല വിജയനും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകും. മുഖ്യമന്ത്രി എന്ന നിലയില്‍ ചികിത്സ തേടുന്നതിനാല്‍ യാത്രയുടേയും ചികിത്സയുടേയും ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ ആണ് വഹിക്കുക. ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിന്റെ അക്കൌണ്ടില്‍ ‘വിദേശ ടൂർ’ എന്ന ഹെഡില്‍ ഈ ചിലവുകള്‍ രേഖപ്പെടുത്തും. നേരത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പിണറായി വിജയന്‍ ചികിത്സ തേടിയത് അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച് വലിയ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പതിവ് പരിശോധനകള്‍ക്കായാണ് മയോ ക്ലിനിക്കിലേക്ക് പോകുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
കേരളത്തില്‍ നിന്നുള്ള പല രാഷ്ട്രീയ നേതാക്കളും നികുതിദായകരുടെ പണമുപയോഗിച്ച് വിദഗ്ധ ചികിത്സക്കായി മയോ ക്ലിനിക്കിലേക്ക് പോയിട്ടുണ്ട്. 2015-ൽ മുൻ പ്രതിരോധ മന്ത്രി എ.കെ ആന്‍റണിയും 2016-ൽ അന്നത്തെ കേരള നിയമസഭാ സ്പീക്കർ ജി. കാർത്തികേയനും അവിടെ ചികിത്സ തേടിയിരുന്നു.