UPDATES

ട്രെന്‍ഡിങ്ങ്

ആയിരം അപവാദപ്രചാരണങ്ങൾക്ക് അര പത്രസമ്മേളനം: നിശ്ചയദാർഢ്യത്തിന്റെ മറ്റൊരു പേരാണ് പിണറായി വിജയൻ

നോക്കൂ, നൂറു വർഷത്തിനിടെ കണ്ട ഏറ്റവും വലിയ ഒരു ദുരന്തത്തിലൂടെയാണ് കേരളം കടന്നു പോയി കൊണ്ടിരിക്കുന്നത്.

ഈ കുറിപ്പിലൂടെ ഒരു പിണറായി വിജയൻ സ്തുതിഗീതമല്ല ഉദ്ദേശിക്കുന്നത്. രാഷ്ട്രീയ നേതാക്കൾക്കെതിരെയുള്ള വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും ആഗോള വിപണിയിൽ നല്ല മാർക്കറ്റ് ഉണ്ട്. എന്നാൽ ഭരണനിർവഹണത്തിൽ മികച്ചു നിൽക്കുന്ന നേതാക്കളെ നന്ദിയോടെ സ്മരിക്കാനും ഓർക്കാനും അഭിനന്ദിക്കാനും, അവരില്ലാതാകുന്നത് വരെ കാത്തു നിൽക്കുന്ന ശീലം പതിവാണ്. വിമർശനങ്ങളിലൂടെയും വിയോജിപ്പുകളിലൂടെയും സർക്കാരുകളെ തിരുത്താം എന്നത് പോലെ തന്നെ ഭരണ മികവിനെ അഭിനന്ദിക്കുന്നത് അവരുടെ ഉത്തരവാദിത്തം വർധിപ്പിക്കാൻ നല്ലൊരു സാധ്യതയാണ്.

അസാമാന്യമാം വിധം കരുത്താർജ്ജിച്ച ഒരു പേമാരിയിൽ ചരിത്രത്തിലല്ലാത്തവിധം കേരള സംസ്ഥാനം ഒന്നാകെ വിറങ്ങലിച്ചപ്പോൾ അചഞ്ചലമായി നിലകൊണ്ട സർക്കാർ സംവിധാനങ്ങൾ രാജ്യത്തിന് മാതൃകയാണ്. ആ സംവിധാനത്തിന്റെ അമരക്കാരൻ എന്ന നിലയിലാണ് പിണറായി വിജയൻ തന്റെ റോൾ ഗംഭീരമാക്കിയത്.

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ആദ്യ മണിക്കൂറുകളിൽ തന്നെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പിണറായി വിജയന്‍ വിലയിരുത്തി. കര – വ്യോമ – നാവിക സേനകളുടേയും എന്‍.ഡി.ആര്‍.എഫ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്ന് ഉറപ്പു വരുത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയ മുഖ്യമന്ത്രി തലസ്ഥാനത്ത് തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അറിയിച്ചു. മഴയുടെ ഗതി, പരിധികൾ ലംഘിച്ചപ്പോൾ ഒട്ടും അമാന്തിക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സംഭാവനകൾ സ്വീകരിക്കാൻ ആരംഭിച്ചു. ഒരു ലക്ഷം രൂപ വ്യക്തിപരമായി സംഭാവന ചെയ്തു കൊണ്ട് പിണറായി വിജയൻ അനൗദ്യോഗിക ഉത്ഘാടനവും നിർവഹിച്ചു.

മുഖ്യമന്ത്രി പ്രളയബാധിത പ്രദേശം സന്ദർശിക്കുമോ എന്ന പതിവ് ചോദ്യം ആദ്യ മണിക്കൂറുകളിൽ തന്നെ ഉയർന്നു; എന്നാല്‍ മുഖ്യമന്ത്രിയുടെ പണി അതല്ലെന്നും നല്ല രീതിയില്‍ സുരക്ഷാ പ്രവർത്തനങ്ങൾ നടത്താൻ സാധ്യമായ പരിസരവും അതിനനുകൂലമായ നയപരിപാടികളും രൂപപ്പെടുത്തുക എന്നതാണെന്നും, ‘സന്ദർശനം’ എന്നത് ഇവിടെ കേവലം ഒരു ഉപചാരം മാത്രമാണെന്നും മനുഷ്യന്റെ സംഘബോധവും സാമൂഹ്യ-പങ്കാളിത്തബോധവും ഒക്കെ ചോരാതെ നിര്‍ത്തുക എന്നതാണ് അതിനു പിന്നിലെ രാഷ്ട്രീയം എന്നും മനസ്സിലാക്കാന്‍ കഴിയാത്ത കാല്‍പനിക രാഷ്ട്രീയ ജീവികളോട് എന്ത് പറയാൻ!

ഡിസാസ്റ്റർ മാനേജ്‌മെന്റില്‍ പ്രഥമ ഉത്തരവാദിത്തം സർക്കാരിന് തന്നെയാണ്. അതിന്റെ മെറിറ്റോ ഡിമെറിറ്റോ ചര്‍ച്ച ചെയ്യുന്നതില്‍ ഒരു രാഷ്ട്രീയമുണ്ട്. അവിടെ കേന്ദ്ര സേനയെ വിന്യസിക്കണം എന്ന് പറയുന്നതിലും യുക്തി ഉണ്ട്. പക്ഷെ പൂർണമായും സേനയ്ക്ക് വിട്ടു നൽകണം, സർക്കാർ പൂർണ പരാജയം എന്നൊക്കെ ചാനലിൽ വന്നിരുന്നു വിധിക്കുന്നവർക്ക് സത്യത്തിൽ എന്താണ് പ്രശ്നം? ഷോ ഓഫും കെട്ടുകാഴ്ചകളും ഒരുക്കി ആളുകളെ ത്രസിപ്പിക്കുന്ന ചെപ്പടി വിദ്യ അല്ല രാഷ്ട്രീയം. അതിനു വേണമെങ്കില്‍ പോയി പുലിമുരുകന്‍ കണ്ടാല്‍ മതി. ഇനി, ഹീറോയിക് രക്ഷാപ്രവർത്തനം തന്നെ കാണണം എങ്കിൽ വല്ല വിജയ് ചിത്രമോ, മേജർ രവി ചിത്രമോ കണ്ടാലും മതിയാകും.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ മൂർധന്യത്തിൽ എത്തി നിൽക്കെ ചില ഒറ്റപ്പെട്ട മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും സർക്കാർ ഏകോപന വീഴ്ചകളുടെ വിമർശനങ്ങളിൽ വ്യാപൃതരായി. കേന്ദ്ര സേനയെ വിളിക്കാത്തത് പിണറായി വിജയൻറെ അധികാരക്കൊതി ആണെന്ന് ഒരു പ്രമുഖ നടൻ ഫേസ്ബുക് പോസ്റ്റ് എഴുതി.

വൈകിട്ട് മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം

“തികച്ചും വെല്ലുവിളി ഉയര്‍ത്തുന്ന ഈ സാഹചര്യത്തെ നേരിട്ടുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങിയത്. കിട്ടാവുന്ന എല്ലാ ഘടകങ്ങളെയും യോജിപ്പിച്ച് നിര്‍ത്തിക്കൊണ്ട് കേരളത്തിലെ ഭരണയന്ത്രത്തിന്‍റെ കരുത്തിലും ജനങ്ങളുടെ ഉന്നതമായ മനുഷ്യസ്നേഹത്തിലും ജനാധിപത്യത്തിലൂന്നി നില്‍ക്കുന്ന നമ്മുടെ രാഷ്ട്രീയ സംസ്കാരത്തിന്‍റെ ബലവുമാണ് ഇത്തരമൊരു സാഹചര്യത്തെ അതിജീവിച്ച് മുന്നോട്ടുപോകാനാവുമെന്ന ആത്മവിശ്വാസം സര്‍ക്കാരിന് നല്‍കിയത്. പ്രളയക്കെടുതികള്‍ നിയന്ത്രണത്തിലാകുന്ന ഈ ഘട്ടത്തില്‍ നമ്മുടെ നാടിന്‍റെ ഒരുമ തന്നെയാണ് ഈ വിജയത്തിന്‍റെ അടിസ്ഥാനമെന്നത് ഏത് കേരളീയനും അഭിമാനത്തോടെ പറയാവുന്ന ഒന്നാണ്. അവയെ കൂട്ടിയോജിപ്പിക്കാനും അതിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കാനുമായതില്‍ സര്‍ക്കാരിന് അഭിമാനമുണ്ട്”, കാച്ചിക്കുറുക്കിയ വാക്കുകളിൽ പിണറായി വിജയൻ പറഞ്ഞവസാനിപ്പിക്കുമ്പോൾ പ്രളയം രൂക്ഷമായി ബാധിച്ച ചെങ്ങന്നൂരിലും ആലുവയിലും വെള്ളം ഇറങ്ങുകയും രക്ഷാപ്രവർത്തനം ഊര്‍ജിതമാവുകയും ചെയ്തിരുന്നു.

ഇന്നലെ മാത്രം രക്ഷപ്പെടുത്തിയത് 59,000 മനുഷ്യരെ, ഏഴു ലക്ഷത്തിൽ താഴെ ആളുകൾ സുരക്ഷിതമായി ക്യാമ്പുകളിലേക്ക് മാറ്റി. ഒരു അപ്രതീക്ഷിത ദുരന്തത്തെ പരിമിതികൾക്കകത്തു നിന്ന് കൊണ്ട് പ്രതിരോധിക്കാവുന്നതിന്റെ ഏറ്റവും മികച്ച ലെവലിൽ തന്നെ ഒരു സംസ്ഥാനം പ്രതിരോധിച്ചു എന്ന് പറയാം. 2000 കോടി രൂപ അടിയന്തിരമായി ആവശ്യപ്പെടിട്ടും പ്രധാനമന്ത്രി 500 കോടി രൂപ മാത്രമേ അനുവദിച്ചുള്ളല്ലോ എന്ന് മാധ്യമങ്ങള്‍ കുത്തി കുത്തി ചോദിച്ചിട്ടും ഇപ്പോള്‍ അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സമയമല്ല എന്ന മറുപടിയിലൂടെ രാഷ്ട്രീയ പക്വത എന്താണെന്നും മുഖ്യമന്ത്രി കാട്ടിത്തന്നു.

നോക്കൂ, നൂറു വർഷത്തിനിടെ കണ്ട ഏറ്റവും വലിയ ഒരു ദുരന്തത്തിലൂടെയാണ് കേരളം കടന്നു പോയി കൊണ്ടിരിക്കുന്നത്. മനുഷ്യസാധ്യമായ എല്ലാം സർക്കാരും, ജനങ്ങളും, മറ്റു സന്നദ്ധ സംഘടനകളും ചെയ്തിട്ടുണ്ട്. വീഴ്‌ചകളും പോരായ്മകളും തെറ്റായ തീരുമാനങ്ങളും ഉണ്ടായിട്ടുണ്ടാവാം; വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും ഇനിയും സമയം ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻറെ പത്രസമ്മേളനം കണ്ടവസാനിച്ച നിമിഷം അദ്ദേഹത്തെ അഭിനന്ദിക്കാൻ ഇനിയും മടിക്കേണ്ടതില്ലെന്ന് നാനാ ഭാഗത്തു നിന്നും വരുന്ന ശുഭ വാർത്തകൾ മന്ത്രിക്കുന്നുണ്ട്.

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍