UPDATES

വായന/സംസ്കാരം

ഗൌരിയുടെ ഘാതകര്‍ക്കുമേല്‍ ഹരീഷിന്റെ വിജയം

ജനാധിപത്യത്തിലും മതേതരത്വത്തിലും അടിയുറച്ചു നിന്നുകൊണ്ടു മാത്രമേ, വെറുപ്പിന്റെ രാഷ്ട്രീയത്തെ നേരിടാനാകൂ

Avatar

ഗിരീഷ്‌ പി

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബംഗലൂരുവിലെ സ്വവസതിയ്ക്ക് മുന്നില്‍വെച്ച് തീവ്രഹിന്ദുത്വവാദികളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഒരുപക്ഷെ കാവ്യനീതിയാകാം ഇന്ന് അതേ ദിവസം തന്നെ നിർണായകമായ ഒരു കോടതി വിധി കൂടി പുറത്തു വന്നിരിക്കുന്നു. കേരളത്തിൽ വിവാദമായ എസ്.ഹരീഷിന്റെ ‘മീശ’ എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. പുസ്തകം ഒരുഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും പുസ്തകം പൂര്‍ണമായും വായിക്കണമെന്നും സുപ്രീംകോടതി പറയുന്നു. എഴുത്തുകാരന്റെ ഭാവനയേയും സ്വാതന്ത്ര്യത്തേയും ബഹുമാനിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

മീശ നിരോധിക്കണം എന്ന ആവശ്യമുന്നയിച്ചവരും ഗൗരി ലങ്കേഷിന്റെ കൊലപാതകികളും തമ്മിൽ പേരിലുള്ള വ്യത്യാസങ്ങൾ മാത്രമേ ഉള്ളു. മീശ നോവലിന്റെ രചയിതാവ് എസ് ഹരീഷിനെ മാതൃഭൂമിയിൽ നിന്ന് തന്റെ പിൻവലിപ്പിക്കാൻ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടാവുക ഗൗരി ലങ്കേഷ് അടക്കം ഉള്ളവരുടെ കൊലപാതകങ്ങൾ കൂടി ആയിരിക്കണം. കുടുംബത്തിനെ അടക്കം വക വരുത്തും എന്ന തരത്തിൽ ഭീഷണികൾ ഉയർന്നതായി എസ് ഹരീഷ് തന്നെ വെളിപ്പെടുത്തിയിരുന്നു.

ഗൗരി ലങ്കേഷ് ആരാണെന്നറിയില്ലെന്നും അവരെ കൊന്നത് തന്‍റെ മതത്തെ രക്ഷിക്കാനാണെന്നും ആയിരുന്നു പ്രസ്തുത കേസിലെ പ്രതിയുടെ മൊഴി. ഗൗരി ലങ്കേഷ് ഹിന്ദു വിരോധിയാണെന്നും ഇതാണ് അവരെ കൊലപ്പെടുത്തിയതിന് കാരണമെന്നും പ്രതി പരശുറാം വാഗ്മോർ ആണ് പോലീസിന് മൊഴി നൽകിയത്. തന്റെ മതത്തെ രക്ഷിക്കാൻ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തേണ്ടത് അത്യാവശ്യമായിരുന്നുവെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്. മീശ നോവലും ഹിന്ദു സ്ത്രീകളുടെ വികാരണം വ്രണപ്പെടുത്തുന്നു എന്നായിരുന്നു പരാതി. നോവലിലെ ഒരു ഭാഗം മാത്രം എടുത്താണ് ആരോപണം എന്ന് കോടതി നിരീക്ഷിച്ചതോടെ ഈ വാദം പൊളിഞ്ഞു.

മറു ഭാഗത്തു ലങ്കേഷ് തുടങ്ങി വെച്ച പോരാട്ടങ്ങൾ മുന്നോട്ടു നീങ്ങുക തന്നെയാണ്.ഗൗരിയുടെ മരണശേഷം ‘ഗൗരി ലങ്കേഷ് പത്രികെ’ പുറത്തിറങ്ങുകയുണ്ടായില്ല. ഈ ടാബ്ലോയ്ഡിന്റെ രണ്ടാംവരവിന് അവസരമൊരുങ്ങിയിരിക്കുകയാണിപ്പോൾ. നാളെ പത്രിക പുറത്തിറങ്ങും. പേര് ‘ന്യായ പാത’ എന്ന് മാറ്റിയിട്ടുണ്ട്.ഗൗരി ലങ്കേഷിന്റെ ചരമ വാർഷികവുമായി ബന്ധപ്പെട്ട പ്രത്യേക പതിപ്പോടു കൂടിയാണ് ന്യായപാത പുറത്തിറങ്ങുന്നത്. കവർ പേജിൽ ലങ്കേഷിന്റെ ചിത്രമാണുള്ളത്. ‘അഭിവ്യക്തി മറുഹാട്ടു’ (അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പുനർജന്മം) എന്ന് കവർ പേജിൽ എഴുതിയിട്ടുമുണ്ട്. ഫാഷിസ്റ്റുകളെ സംബന്ധിച്ചു ഒരു പക്ഷെ രക്തസാക്ഷി ഗൗരി ലങ്കേഷ് കൂടുതൽ അപകടകാരി ആയിരിക്കും.

ബംഗളൂരു ടൗണ്‍ ഹാളിലെ ഒരു പ്രതിഷേധ സംഗമം. വി.എച്ച്.പി ഉള്‍പ്പെടെ ഹിന്ദുത്വ ശക്തികള്‍ അന്നത് തടയുമെന്നു റിപ്പോര്‍ട്ട് ഉണ്ടായിരുന്നതിനാല്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. സമരം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍, സമരക്കാരെ കൈയേറ്റം ചെയ്യാന്‍ 50-ഓളം ബജ്റംഗ്ദള്‍- വി.എച്ച്.പിക്കാര്‍ എത്തി. അവരെ പോലീസ് ബാരിക്കേഡ് തീര്‍ത്തു തടഞ്ഞു നിര്‍ത്തി. സമരക്കാര്‍ പിരിഞ്ഞുപോകണമെന്ന് മൈക്കിലൂടെ പോലീസ് അറിയിപ്പും നല്‍കി. ഉടന്‍ സമരക്കാരുടെ രണ്ടാമത്തെ വരിയില്‍ ഇരുന്നിരുന്ന ഒരു സ്ത്രീ ഇറങ്ങി വന്നു, ‘ധിക്കാരാ, ധിക്കാരാ’ എന്ന മുദ്രവാക്യം വിളിച്ചു കൊണ്ട്. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരോട് അവര്‍ സംവദിച്ചു. ദക്ഷിണ കര്‍ണാടകയുടെ ചില ഭാഗങ്ങളില്‍ ഉണ്ടായ സംഘ് ആക്രമണങ്ങള്‍ക്കെതിരെയുള്ള പ്രസ്തുത സമരത്തിന്റെ പ്രാധാന്യം ചുരുങ്ങിയ സമയത്തിനുള്ളില്‍ ശക്തമായ വാക്കുകളില്‍ വിവരിച്ചു. ഈ സമയം സമരക്കാരെ മറ്റൊരു വഴിയിലേക്ക് പോലീസ് പിരിച്ചുവിട്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ആ സ്ത്രീ ഇതൊന്നും വകവെക്കാതെ വളരെ ശാന്തമായി, ആ വി.എച്ച്.പി കൂട്ടത്തില്‍ ചെന്ന്, അവര്‍ക്ക് കൂടി, കൈയില്‍ ഉണ്ടായിരുന്ന ലഘുലേഖകള്‍ വിതരണം ചെയ്തു. അതായിരുന്നു ഗൗരി ലങ്കേഷ്!

കല്‍ബുര്‍ഗിക്കും പന്‍സാരെക്കും പിറകെ ഗൗരി ലങ്കേഷും വധിക്കപ്പെട്ടപ്പോൾ സമൂഹ മാധ്യമങ്ങളിൽ കണ്ട ഒരു ഹാഷ് ടാഗ് ‘ഗാന്ധി മുതൽ ഗൗരി വരെ’ എന്നതായിരുന്നു. എന്നാൽ മോദി കാലത്ത് ഹൈന്ദവ തീവ്രവാദികളുടെ വെടിയുണ്ടകൾക്കു വിശ്രമം ഇല്ല. തമിഴ് നാട്ടിൽ പെരുമാൾ മുരുകനും, കേരളത്തിൽ എസ് ഹരീഷും തലനാരിഴക്ക് രക്ഷപ്പെട്ടത് തീവ്ര ഹിന്ദു സംഘടനകൾക്ക് രാഷ്ട്രീയ മേൽക്കോയ്മ കുറവാണെന്ന ഒറ്റ കാരണം കൊണ്ടാണ്.

അംബേദ്കറുടെ നേതൃത്വത്തിൽ ആവിഷ്‌കരിക്കപ്പെട്ട ഭരണഘടന, മതേതരവും ശാസ്ത്രീയവുമായ ഒരു ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ പ്രതീകമാണ്. അതുകൊണ്ടാണ് മതേതരത്വവും മാനവികതയും വ്യക്തിസ്വാതന്ത്ര്യവും നിയമത്തിനു മുന്നിലെ തുല്യതയും വിഭാവനം ചെയ്യുന്ന ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന രാഷ്ട്രീയ രേഖയെ മതഫാസിസം അട്ടിമറിക്കാൻ ശ്രമിക്കുന്നത്.ഇവിടെ ഒരു ശുഭ പ്രതീക്ഷ അവശേഷിക്കുന്നത് പരമോന്നത കോടതികളിൽ മാത്രമാണ്. ഇന്നത്തെ ഹരീഷിന്റെ മീശ നോവൽ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട കോടതി വാക്യങ്ങൾ ശ്രദ്ധിക്കുക.

നോവൽ നിരോധിക്കാനാകില്ലെന്ന് നേരത്തെ കേസിൽ വാദം കേൾക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നു. അത് ഉറപ്പിച്ചാണ് കോടതി ഇന്ന് അന്തിമ വിധി പ്രസ്താവിച്ചിരിക്കുന്നത്. എഴുത്തുകാരന്‍റെ സ്വാതന്ത്ര്യത്തില്‍ ഇടപെടാനാകില്ല, സൃഷ്ടിയുടെ ഏതെങ്കിലും ഒരു ഭാഗത്തെ എടുത്തല്ല അതിനെ വിലയിരുത്തേണ്ടത്. പുസ്തകത്തിന്‍റെ മുഴുവന്‍ ആശയമാണ് പരിഗണിക്കേണ്ടതെന്നും കോടതി പറയുന്നു.  പുസ്തകങ്ങൾ നിരോധിക്കുന്നത് ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്നും അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്നും കോടതി പറഞ്ഞു. ഗാന്ധി മുതൽ ഗൗരി ലങ്കേഷ് വരെയുള്ളവരുടെ രക്തസാക്ഷിത്വം ഇത്തരം കോടതി വിധികളുടെ പുറകിലെ വിസ്മരിക്കാൻ ആവാത്ത കാരണങ്ങളാണ്.

കോടതി വിധിയോടുള്ള എസ് ഹരീഷിന്റെ പ്രതികരണവും, നോവലിനെതിരെ ക്ഷുദ്ര ശക്തികൾ മുന്നോട്ടു വന്നപ്പോൾ കൈകൊണ്ട നടപടിയും പരിശോധന വിധേയമാക്കേണ്ടതാണ്. സുപ്രിംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് എസ് ഹരീഷ് പ്രതികരിച്ചു. തങ്ങളെപ്പോലുള്ള എല്ലാ എഴുത്തുകാര്‍ക്കും ആശ്വാസം പകരുന്ന കാര്യമാണ് വിധിയെന്നും അദ്ദേഹം പറയുന്നു. മാതൃഭൂമി നിർത്തി വെച്ച നോവൽ ഡി സി ബുക്സ് പുനഃപ്രസിദ്ധീകരിച്ചു. ആദ്യം പതറിയെങ്കിലും തീർച്ചയായും ഗൗരി ലങ്കേഷ് അടക്കം ജീവിതം ആവിഷ്‌ക്കാര സ്വാതന്ത്രത്തിനു വേണ്ടി സമർപ്പിച്ചവർ ഹരീഷിനെ വഴി കാട്ടിയിരിക്കാം.

ജനാധിപത്യത്തിലും മതേതരത്വത്തിലും അടിയുറച്ചു നിന്നുകൊണ്ടു മാത്രമേ, വെറുപ്പിന്റെ രാഷ്ട്രീയത്തെ നേരിടാനാകൂ. തെറ്റിനെ എതിർക്കണമെങ്കിൽ ശരികൊണ്ടേ ആകൂ. മതഫാസിസത്തിനു മറുപടി ജനാധിപത്യമാകേണ്ടതുണ്ട്. മതതീവ്രവാദത്തിനു മറുപടി മതേതരത്വമാണെന്നതുപോലെ. ഹിന്ദുത്വമതഫാസിസത്തെ മറ്റൊരു മതഫാസിസംകൊണ്ട് തോല്‍പ്പിക്കാനാകില്ല. ഇരുട്ടിനോട് പൊരുതാൻ വെളിച്ചത്തിനേ കഴിയൂ, വേറൊരു ഇരുട്ടിന് ആവില്ല.ഈ തിരിച്ചറിവുകൾക്കു തീർച്ചയായും ഇന്നത്തെ കോടതി വിധി ഒരു പിന്തുണ തന്നെയാണ്. ആവിഷ്‌ക്കാര സ്വാതന്ത്രം ഉയർത്തി പിടിച്ചു കൊണ്ട് ഇന്ത്യൻ‍ ജനാധിപത്യത്തെ മതഭീകരർക്ക് തോല്‍പിക്കാനാകില്ലെന്ന് മുദ്രാവാക്യം ഉയർത്തുന്നവർക്ക് കോടതികൾ സംരക്ഷണം ഒരുക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയം തന്നെയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഗൗരിയെ കൊല്ലാൻ വാഘ്മാരെ വാങ്ങിയത് 13,000 രൂപ; കൊല പണത്തിനായിരുന്നില്ല; ചുരുളുകള്‍ അഴിഞ്ഞത് ഇങ്ങനെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍