UPDATES

ട്രെന്‍ഡിങ്ങ്

മി. മോദി, കോഹ്‌ലിയുടെ പുഷ് അപ് ചലഞ്ച് അല്ല തൂത്തുക്കുടിയുടെ വേദനയാണ് നിങ്ങൾ ഏറ്റെടുക്കേണ്ടത്

രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയുടെ ഔചിത്യബോധം അളക്കാൻ ഇതുപോലൊരു അവസരം വേറെ ലഭിച്ചു എന്ന് വരില്ല

കുഷ്ഠരോഗികൾക്കിടയിൽ ജീവിതം സമർപ്പിച്ച മനുഷ്യസ്നേഹിയായ ഗ്രഹാം സ്റ്റെയിനെയും മക്കളെയും ചുട്ടുകൊന്നപ്പോൾ, ആ തീയിൽ മനുഷ്യരായ മനുഷ്യർ മുഴുവൻ വെന്തുനീറിയപ്പോൾ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് പറഞ്ഞത് ‘നമുക്ക് മതപരിവർത്തനത്തെ കുറിച്ചൊരു ദേശീയസംവാദം ആകാ’മെന്നായിരുന്നു. അൻപത്തിആറ് ഇഞ്ച് നെഞ്ചളവുണ്ടെന്ന പേഴ്സണൽ ഡിസ്‌ക്രിപ്‌ഷൻ അടിച്ചു ഫോട്ടോഷോപ്പ് പ്രചാരണം നടത്തി, ഗുജറാത്ത് മോഡൽ വികസനത്തിന്റെ ആസൂത്രകനായിരുന്നെന്നു എക്സ്പീരിയൻസ് ചൂണ്ടി കാണിച്ചു മീഡിയ ഹൈപ്പുണ്ടാക്കി, വരുന്നത് അച്ഛാ ദിനങ്ങൾ ആണെന്ന വാഗ്ദാനം നൽകി, ഒരു കോർപ്പറേറ്റ് ഓഫീസിലെ സി വിയുടെ ഫോർമാറ്റിൽ ബയോഡാറ്റ അടിച്ചിറക്കി അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വികസന നേട്ടങ്ങള്‍ക്കൊണ്ടല്ല മറിച്ച്, നുണകളും കുറ്റകരമായ മൗനവും കൊണ്ടാണ് ശ്രദ്ധേയനാകാൻ ശ്രമിക്കുന്നത്.

ഒഡീഷയിലെ നിയാംഗിരി കുന്നുകളിൽ ബോക്സൈറ്റ് ഖനനം നടത്തി ആദിവാസികളെ ദുരിതത്തിലാക്കിയ വേദാന്ത എന്ന കോർപ്പറേറ്റു ഭീമന്റെ പുതിയ രൂപവും ഭാവവുമാണ് ഇപ്പോൾ തൂത്തുക്കുടിയിൽ നടക്കുന്ന ഭരണകൂട ഭീകരതയും. തമിഴ്നാട് പ്രതിപക്ഷ നേതാവ് സ്റ്റാലിൻ വിശേഷിപ്പിച്ചത് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജാലിയൻ വാലാബാഗ്’എന്നാണ്.

വേദാന്ത കമ്പനിക്കെതിരെ സുപ്രീം കോടതിയില്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചതിനെതിരെ ഒഡീഷയിലെ ഒരു സംഘടന കേസ് കൊടുത്തിരുന്നു. വേദാന്ത നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും പരിസ്ഥിതി കുറ്റങ്ങളും കണക്കിലെടുത്ത് നോര്‍വീജിയന്‍ പെന്‍ഷന്‍ ഫണ്ട് വേദാന്തയില്‍ നിന്നും തങ്ങളുടെ നിക്ഷേപം പിന്‍‌വലിച്ചത് കോടതിയില്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, വേദാന്തക്ക് പകരം ഇതേ കമ്പനിയുടെ സഹോദര സ്ഥാപനമായ സ്റ്റെര്‍‌ലൈറ്റ് കമ്പനിയെ പകരം സ്ഥാപിക്കാം എന്നാണ് ജസ്റ്റിസ് കപാഡിയ അഭിപ്രായപ്പെട്ടത് എന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയ് പറഞ്ഞു. ജസ്റ്റിസ് കപാഡിയക്ക് ഈ കമ്പനിയില്‍ ഓഹരിയുണ്ട്. സുപ്രീം കോടതിയുടെ വിദഗ്ദ്ധ കമ്മിറ്റി ഇവിടങ്ങളിലെ ഖനനം മൂലം വനം, ജല സ്രോതസ്സ്, പരിസ്ഥിതി, എന്നിവ നശിക്കും എന്നും ഇവിടങ്ങളിലെ ഗോത്ര വര്‍ഗ്ഗക്കാരുടെ ജീവിത മാര്‍ഗ്ഗത്തിനും ജീവനും ഖനനം ഒരു ഭീഷണിയാവും എന്ന് ശുപാര്‍ശ ചെയ്തിട്ടും അദ്ദേഹം സ്റ്റെര്‍‌ലൈറ്റ് കമ്പനിക്ക് ഖനനം തുടരാനുള്ള അനുമതി നല്‍കുകയായിരുന്നു എന്നും റോയ് വെളിപ്പെടുത്തുന്നു.

തൂത്തുക്കുടിയിലെ കോപ്പര്‍ പ്ലാന്റിന് 25 വര്‍ഷത്തെ ലൈസന്‍സ് അവസാനിക്കാനിരിക്കെ അത് പുതുക്കി നല്‍കാനുള്ള തീരുമാനമാണ് ജനങ്ങളെ പ്രകോപിതരാക്കിയത്. വാതക ചോര്‍ച്ചയെ തുടര്‍ന്ന് മുമ്പ് പലതവണ നാട്ടുകാരില്‍ ആരോഗ്യപ്രശ്‌നം സൃഷ്ടിച്ചിട്ടുള്ള കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടാണ് സമരവുമായി ജനങ്ങള്‍ രംഗത്തെത്തിയത്. സമരത്തിനെ സർക്കാരും, പോലീസും നേരിട്ടത് ക്രൂരവും നിന്ദ്യവുമായ രീതിയിലാണ്. പ്രതിഷേധങ്ങളും വിമർശനങ്ങളും സമരങ്ങളും സത്യാഗ്രഹങ്ങളുമില്ലെങ്കിൽ ജനാധിപത്യമില്ല. സമാധാനപരമായി സംഘം ചേരാനുള്ള അവകാശം ഭരണഘടനാദത്തമാണ്‌. ഇത് തിരിച്ചറിയാത്ത ഒരു സർക്കാരിനെ വിശേഷിപ്പിക്കാൻ പദങ്ങൾ പുതിയത് കണ്ടെത്തേണ്ടിയിരിക്കുന്നു.

സമരക്കാരില്‍ ഒരാളെ എങ്കിലും കൊല്ലണമെന്ന് പോലീസ് പറയുന്ന വീഡിയോ മാധ്യമങ്ങൾ പുറത്തു വിട്ടു. സാധാരണ വേഷത്തിലെത്തിയ പോലീസുകാരനാണ് പോലീസ് വാഹനത്തിന് മുകളില്‍ കയറി വെടിവച്ചത്. കൊല്ലപ്പെട്ട 13 പേരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടും. 17കാരിക്ക് വെടികൊണ്ടത് മുഖത്താണ്. സമാനതകളില്ലാത്ത പോലീസ് വേട്ട. രാജ്യത്തെങ്ങും പ്രതിഷേധ സ്വരങ്ങൾ ഉയരുന്നു, കോടതികൾ ഇടപെടുന്നു. ഭരണകൂട ഭീകരതയാണ് തൂത്തുക്കുടിയില്‍ അരങ്ങേറിയതെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയുടെ ഔചിത്യബോധം അളക്കാൻ ഇതുപോലൊരു അവസരം വേറെ ലഭിച്ചു എന്ന് വരില്ല. തൂത്തുക്കുടി ഇങ്ങനെ പ്രക്ഷോഭ മുഖരിതമാവുമ്പോൾ അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായി ഫിറ്റ്നസ് ചലഞ്ച് കളിക്കുന്ന തിരക്കിലാണ്. ചൊവ്വാഴ്ച കേന്ദ്ര ഐ.ടി മന്ത്രി രാജ്യവര്‍ധന്‍ റാത്തോറാണ് ട്വിറ്ററില്‍ ഫിറ്റ്നസ് ചലഞ്ചിന് തുടക്കമിട്ടത്. പുഷ് അപ് ചെയ്യുന്ന വീഡിയോ പോസ്റ്റു ചെയ്തുകൊണ്ടായിരുന്നു റാത്തോര്‍ ചലഞ്ച് നടത്തിയത്. ചലഞ്ചിൽ പങ്കെടുത്ത കോഹിലി മോദിയെ ക്ഷണിക്കുകയും വളരെ വേഗത്തിൽ അദ്ദേഹം ആ ചലഞ്ച് ഏറ്റെടുക്കുകയും ചെയ്തു. എന്തൊരു ഉത്തരവാദിത്തം!

മിസ്റ്റർ മോദി, നിങ്ങളുടെ പുഷ് അപ് ചെയ്യാൻ ഉള്ള ഫിസിക്കൽ ഫിറ്റ്നസിനെ കുറിച്ച് ആശങ്കകൾ ഒന്നും ഇല്ല, അതിനിവിടെ വലിയ പ്രസക്തിയും ഇല്ല. പക്ഷെ തമിഴ് നാട്ടിൽ ഇത് വരെ 13 പേര്‍ കൊല്ലപ്പെട്ടെന്ന് വാർത്ത നിങ്ങൾ അറിയണം. സമാധാനപരമായി നടക്കുന്ന പ്രക്ഷോഭത്തെ അക്രമത്തിന്റെ വഴിയിലേക്ക് നയിച്ച പോലീസ് സിസ്റ്റം മറുപടി പറയാൻ ബാധ്യസ്ഥരാണ്. വേദാന്ത നടത്തുന്ന ഓൾ ഇന്ത്യ ലൂട്ടിങ് അവസാനിപ്പിക്കണം. പോലീസിന്റെ ലാത്തിക്കും ബൂട്ടിനും വെടിയുണ്ടകൾക്കും എല്ലാ കാലത്തും സമരങ്ങളെ നേരിടാൻ ആവില്ല,

മാട്ടിറച്ചി കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്ലാഖിനെ കൊന്നപ്പോൾ മൗനംപുലർത്തിയ പ്രധാനമന്ത്രി മോദി, ആ മഹത്തായ മൗനം മുറിച്ചത് ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ചുനിന്ന് ദാരിദ്യ്രത്തിനെതിരെ പൊരുതണമെന്നാഹ്വാനം ചെയ്തുകൊണ്ടാണ്. ചരിത്രം ആവർത്തിക്കപ്പെടുന്നത് പലപ്പോഴും പ്രഹസനം ആയിട്ടാണെന്ന താടിക്കാരന്റെ വാക്കുകൾ ഓർമയിൽ ഉള്ളതുകൊണ്ട് തൂത്തുകുടിയെ കുറിച്ചും സമാന രീതിയിൽ ഒരു പ്രസ്താവന ഇറക്കിയാലും തെല്ലത്ഭുതം ഉണ്ടാവില്ല.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍