UPDATES

പിഎംഎസ്; ഒരു ഏറനാടന്‍-വള്ളുവനാടന്‍ ചരിത്രം, ജീവിതം, നാടകം

മലബാര്‍ നാടകവേദിക്ക് വളര്‍ച്ച സമ്മാനിക്കാന്‍ പ്രയത്‌നിച്ച പിഎംഎസ്സിന്റെ ചരിത്രം കേവലമൊരു വ്യക്തി ചരിത്രത്തിനപ്പുറം ഏറനാടന്‍-വള്ളുവനാടന്‍ കലാ-സാംസ്‌കാരിക-നവോത്ഥാന മുന്നേറ്റങ്ങളുടേതു കൂടിയാണ്-ഭാഗം 1

പിഎംഎസ്; രണ്ടു തവണ മികച്ച നടനുള്ള സംസ്ഥാന തല നാടക പുരസ്കാര ജേതാവ്; എന്നാല്‍ അതു മാത്രമല്ല ആ മൂന്നക്ഷരം. ഏറനാടന്‍/ വള്ളുവനാടന്‍ നാടക ചരിത്രത്തിനൊപ്പം ചേര്‍ത്ത് വായിക്കേണ്ട പേരുകൂടിയാണ് പരുത്തിപറ ഇല്ലത്ത് പി എം ശങ്കരനാരയണന്‍ എന്ന പിഎംഎസ്. നമ്പൂതിരി സമുദായത്തില്‍ നിന്നും നാടക പ്രസ്ഥാനങ്ങളിലൂടെ സാമുദായിക-സാമൂഹിക നവോത്ഥാനത്തിന് ചുക്കാന്‍ പിടിച്ച വി.ടി ഭട്ടതിരിപ്പാട്, പ്രേംജി തുടങ്ങിയവരുടെ വഴികളിലൂടെ സഞ്ചരിച്ചും അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചും തന്റെതായ സംഭാവനകള്‍ ഈ മുന്നേറ്റത്തിന് നല്‍കിയും അതോടൊപ്പം മലബാര്‍ നാടകവേദിക്ക് വളര്‍ച്ച സമ്മാനിക്കാന്‍ പ്രയത്‌നിക്കുകയും ചെയ്ത പിഎംഎസ്സിന്റെ ചരിത്രം കേവലമൊരു വ്യക്തി ചരിത്രത്തിനപ്പുറം ഏറനാടന്‍-വള്ളുവനാടന്‍ കലാ-സാംസ്‌കാരിക-നവോത്ഥാന മുന്നേറ്റങ്ങളുടേതു കൂടിയാണ്. പുതുതലമുറ പി.എം ശങ്കരനാരായണനെ പോലുള്ള കലാകാരന്മാരുടെ ജീവിതം മനസിലാക്കിയിരിക്കേണ്ടതിനും അതിന്റെതായ പ്രാധാന്യമുണ്ട്. ഇപ്പോള്‍ കോയമ്പത്തൂരില്‍ മകനൊപ്പം വിശ്രമജീവിതം നയിച്ചു വരുന്ന പിഎംഎസ് തന്റെ വാര്‍ദ്ധക്യ കാലത്തും സമൂഹത്തിന്റെയും കലാരംഗത്തിന്റെയും സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞും പ്രതികരിച്ചും തന്നെയാണ് മുന്നോട്ടു പോകുന്നത്. അദ്ദേഹത്തിന്റെ ജീവിതം അത്രകണ്ട് വിശദമായിട്ടല്ലെങ്കിലും വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് അഴിമുഖം.

രംഗം ഒന്ന്

മദിരാശി പ്രവിശ്യയുടെ കീഴിലായിരുന്ന വള്ളുവനാട് താലൂക്കില്‍ ഒറ്റപ്പാലത്തിനടുത്ത് ചോറൂട്ടൂര്‍ ഗ്രാമത്തില്‍ പരുത്തിപറ ഇല്ലത്ത് 1934-ലാണ് ശങ്കരനാരായണന്റെ ജനനം. അദ്ദേഹത്തിന്റെ തന്നെ വാക്കില്‍ പറഞ്ഞാല്‍ ദാരിദ്ര്യം പിടിച്ചൊരു നമ്പൂരിക്കുടുംബം. ഏതോ സ്വാമിയാര് നല്‍കിയെന്നു പറയുന്നൊരു അനുഗ്രഹം പരുത്തിപറ ഇല്ലത്തിനുണ്ടായിരുന്നു. എത്രകൊടിയ കൈവിഷവും ഇവിടെ നിന്നും കൊടുക്കുന്ന നീര് കുടിച്ചാല്‍ ഛര്‍ദ്ദിച്ചു പോകും. അതിന്നും ഇല്ലത്ത് തുടരുന്നുണ്ട്. കൈവിഷം ഛര്‍ദ്ദിക്കാന്‍ ആളുകള്‍ വരുമെങ്കിലും അതൊരു വരുമാന മാര്‍ഗമൊന്നും അല്ലായിരുന്നു. ദക്ഷിണയായിട്ട് എന്തേലും ആരെങ്കിലും കൊടുത്താലായി. ആരോടും ഒന്നും ചോദിച്ച് വാങ്ങിക്കില്ലായിരുന്നു.

സമ്പത്തിന്റെ കാര്യത്തില്‍ പിന്നാക്കമായിരുന്നേലും നമ്പൂതിരി ചിട്ടകളൊന്നും കടുകിട തെറ്റിക്കാന്‍ തയ്യാറല്ലായിരുന്നു ശങ്കരനാരായണന്റെ ഇല്ലക്കാരും. 12 വയസ് തികയാതെ പുറത്തിറങ്ങാന്‍ പറ്റാതെ തന്നെയാണ് ശങ്കരനാരായണനും കഴിഞ്ഞത്. ഇതിനിടയില്‍ മണലില്‍ കൈയക്ഷരം എഴുതാന്‍ പഠിച്ചു. അതിനപ്പുറം വിദ്യാഭ്യാസം നേടാനുള്ള വഴികളൊന്നും ഉണ്ടായിരുന്നില്ല. വലിയ വലിയ തറവാടുകളില്‍ ഓത്തു ചൊല്ലാന്‍ ആളെ നിര്‍ത്തി വേദം പഠിപ്പിക്കാറുണ്ട്. അതിനുള്ള പാങ്ങൊന്നും പരുത്തിപറ ഇല്ലത്തില്ലായിരുന്നു. ഇത്തരം ഇല്ലങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് വേദാഭ്യാസം കിട്ടാന്‍, ഓത്തു ചൊല്ലിക്കൊടുക്കാന്‍ ആളെ നിര്‍ത്തിയിരിക്കുന്ന തറവാടുകളിലേക്ക് കൊണ്ടു പോകാറുണ്ട്. എട്ടാം വയസില്‍ ഉപനയനം കഴിഞ്ഞപ്പോള്‍ ശങ്കരനാരായണനും കൂടെ വല്യച്ചന്റെ മകനായ സമപ്രായക്കാരനും കൂടി ശ്രീകൃഷ്ണപുരത്തൊരു ഇല്ലത്ത് ഓത്ത് പഠിക്കാന്‍ എത്തി. പക്ഷേ, വികൃതി കാരണം രണ്ടു പേരെയും പഠനം പൂര്‍ത്തിയാക്കും മുന്നേ തിരിച്ചയക്കുകയാണ് ഉണ്ടായത്. ഓത്തു പഠിക്കാത്തവന്‍ പോക്കാനായി പോവുക എന്നാണ് പരിഹാസം. അങ്ങനെ സ്വന്തം ഇല്ലത്തേക്ക് തന്നെ ശങ്കരനാരായണന്‍ തിരിച്ചെത്തി.

ഇല്ലത്ത് നിന്നും ആകെ പുറത്ത് പോകുന്നത് മായന്നൂര്‍ക്കാണ്. അവിടെ ഒരമ്പലത്തില്‍ വാരത്തിന് സദ്യയുണ്ടാകും. അത് ഉണ്ണാന്‍ പോകും. അമ്പലത്തില്‍ നിത്യ കര്‍മങ്ങള്‍ക്കായി ചമതയൊരുക്കലും മറ്റും ചെയ്യാനായി നമ്പൂതിരിമാര്‍ കൂടും. ആ കൂട്ടത്തില്‍ ചേരാം. ഒറ്റപ്പാലം മദ്രാസ് പ്രവിശ്യയാണെങ്കില്‍ ഭാരതപ്പുഴ ഒറ്റപ്പാലത്തൂടെ പോകുമ്പോള്‍ അതിന്റെ കിഴക്കെ കരയായ മായന്നൂരും തെക്കേ കരയായ പയങ്കുളവും കൊച്ചി ശീമയാണ്. മായന്നൂരാണ് നമ്പൂതിരി യോഗക്ഷേമ സഭയുടെ ഉപസഭയായ പാഞ്ഞാള്‍ ഉപസഭ പ്രവര്‍ത്തിക്കുന്നത്. യോഗക്ഷേമ സഭക്കാരുടെ താവളം കൂടിയാണ് മായന്നൂര്‍. ഇല്ലത്ത് കടുത്ത നമ്പൂതിരിച്ചിട്ടകളാണ് തുടരുന്നതെങ്കിലും ശങ്കരനാരായണന്റെ പിതാവ് യോഗക്ഷേമ സഭയുടെ പ്രവര്‍ത്തകനായിരുന്നു. നമ്പൂതിരിമാര്‍ക്കിടയില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങിയ കാലം കൂടിയായിരുന്നു അത്. ശങ്കരനാരായണന്റെ അച്ഛന്റെയൊക്കെ കാലത്താണ് ഇല്ലങ്ങളിലെ എല്ലാവരും വേളി കഴിക്കാനൊക്കെ തുടങ്ങിയത്. അതുവരെ മൂത്തയാള്‍ മാത്രമാണ് സ്വസമുദായത്തില്‍ നിന്നും വേളി കഴിക്കുന്നത്. താഴെയുള്ളവര്‍ അപ്ഫന്‍മാരാണ്. അവര്‍ക്ക് വേളിയില്ല, സംബന്ധമാണ്. വാര്യത്തും കോലോത്തുമൊക്കെ നിന്ന് അവിടെയുള്ള പെണ്ണുങ്ങളുടെ സംബന്ധക്കാരാകാം. ശങ്കരനാരായണന്റെ അച്ഛന്‍ പുരോഗമനചിന്താഗതിക്കാരനായിരുന്നുവെങ്കിലും വല്യച്ഛന്‍ അങ്ങനായിരുന്നില്ല. നമ്പൂതിരിമാരെ വഷളാക്കാനാണ് യോഗക്ഷേമ സഭയെന്നു രോഷംകൊള്ളുന്നവരുടെ കൂട്ടത്തിലായിരുന്നു അദ്ദേഹവും. ‘ശുദ്ധോ വൃത്തിയോ’യില്ലാതെ നടക്കുന്നോരാണ് യോഗക്ഷേമ സഭക്കാര്‍ എന്നായിരുന്നു അവജ്ഞയോടെ അവരെല്ലാം പറഞ്ഞിരുന്നത്.

“അച്ഛന്റെയൊക്കെ കാലമായപ്പോളാണ് നമ്പൂതിരി ചെറുപ്പക്കാര്‍ക്ക് സ്വന്തം സമുദായത്തില്‍ നിന്നും വിവാഹം കഴിക്കാന്‍ അവസരം വന്നു തുടങ്ങിയത്. വി ടി പോലും (വി ടി ഭട്ടതിരിപ്പാട്) ആദ്യം സംബന്ധക്കാരനായിരുന്നു. ഒരു വാരസ്യാര്‍ കുട്ടിയേയായിരുന്നു വി ടി സംബന്ധം ചെയ്തത്. ഇതില്‍ രണ്ട് കുട്ടികളുമുണ്ടായി. പിന്നീട് തൃശൂര്‍ മംഗളോദയത്തില്‍ പ്രൂഫ് റീഡറായി പോയപ്പോള്‍ വാരസ്യാരെ തൃശൂരില്‍ തന്റെ കൂടെ വന്ന് താമസിക്കാന്‍ വി ടി വിളിക്കുകയുണ്ടായി. പക്ഷേ, അവര്‍ സമ്മതിച്ചില്ല, നമ്പൂതിരിക്കൊപ്പം വച്ചുണ്ട് താമസിക്കുക എന്നത് അവര്‍ക്ക് ആലോചിക്കാനേ വയ്യായിരുന്നു. അങ്ങനായിരുന്നല്ലോ പതിവും. സംബന്ധക്കാരനായ നമ്പൂതിരി പെണ്ണിന്റെ വാര്യത്തോ കോലോത്തോ താമസിക്കില്ല, അവിടെ നിന്നും ഒന്നും കഴിക്കില്ല. രാത്രി കിടക്കാന്‍ മാത്രം അങ്ങോട്ട് പോകും. നിര്‍ബന്ധിച്ചാല്‍ പാലോ പഴമോ കഴിക്കും. വലിയ കോലോത്തും വാര്യത്തുമൊക്കെ തറവാടിനോട ചേര്‍ന്ന് മഠം കാണും. അത് സംബന്ധക്കാരന്‍ നമ്പൂതിരിക്ക് താമസിക്കാനാണ്. രാത്രിയിലെ കിടപ്പ് കഴിഞ്ഞാല്‍ നേരെ കുളിച്ച് മഠത്തിലേക്കാണ് പോകുന്നത്. ഭക്ഷണം കഴിക്കലും തേവാരോം പൂജേം എല്ലാം മഠത്തില്‍ ചെന്നാണ്. സംബന്ധക്കാരന്‍ നമ്പൂതിരിയില്‍ ഉണ്ടാകുന്ന കുട്ടികള്‍ക്ക് അച്ഛന്‍ എന്നുപോലും അവരെ വിളിക്കാന്‍ അവകാശമില്ല, അച്ഛന്‍ നമ്പൂതിരി എന്നു തന്നെ വിളിക്കണം. വാരസ്യാര്‍ കൂടെ താമസിക്കില്ലെന്ന് കട്ടായം പറഞ്ഞതോടെയാണ് വി ടി മറ്റൊരു വിവാഹം കഴിക്കുന്നത് തന്നെ. ഐ സി പി നമ്പൂതിരിയുടെ മകളെ (ഐസിപിയുടെ പെങ്ങളെയാണ് എം ആര്‍ ബി വിവാഹം കഴിച്ചത്; നമ്പൂതിരി സമുദായത്തിലെ ആദ്യ വിധവ വിവാഹം); ശങ്കരനാരായണന്റെ വാക്കുകള്‍.

"</p

പ്രേംജി, വി ടി ഭട്ടതിരിപ്പാട്

മായന്നൂര്‍ അമ്പലത്തില്‍ വാരം ഉണ്ണാന്‍ പോകുന്ന വഴിയാണ് ശങ്കരനാരായണന്‍ തന്റെ ജീവിതത്തിലെ ആദ്യ നാടകം കാണുന്നത്. പ്രേംജിയുടെ ഋതുമതി. വി ടി യുടെ അടുക്കളയില്‍ നിന്നും അരങ്ങത്തേക്കാണ് ആദ്യ സാമുദായിക നാടകമെങ്കിലും അതിനൊപ്പം തന്നെ എടുത്തു പറയേണ്ടതാണ് എം ബി ഭട്ടതിരിയുടെ (പില്‍ക്കാലത്താണ് പ്രേംജി ആയത്) ഋതുമതി എന്നാണ് ശങ്കരനാരയാണന്‍ പറയുന്നത്. “ആ നാടകം പുസ്തക രൂപത്തിലും വലുതായി അച്ചടിച്ചു വന്നിട്ടില്ല. അത്രകണ്ട് പൊതുവേദികളിലൊന്നും കളിച്ചിട്ടുമില്ല. അതിപ്പോള്‍ അടുക്കളയില്‍ നിന്നും അരങ്ങത്തേക്കും ആദ്യ കാലത്ത് പൊതുവേദികളില്‍ കളിച്ചിട്ടില്ലല്ലോ, ആദ്യായിട്ട് കളിക്കണത് തന്നെ തേലക്കാട്ട് ഇല്ലത്ത് ആണ്. യോഗക്ഷേമ സഭയോട് ആഭിമുഖ്യമുള്ള ഏതെങ്കിലും ഇല്ലത്തായിരിക്കും ഇത്തരം നാടകങ്ങളും ചര്‍ച്ചകളുമൊക്കെ നടക്കുന്നത്. ഋതുമതിയും അങ്ങനെ തന്നെയാണ്. സാധാരണക്കാരുടെ മുന്നിലൊന്നും കളിക്കാനുള്ള വഴിയില്ല. നമ്പൂതിരി നാടകങ്ങളെന്നു പറയുമ്പോള്‍ അതില്‍ കൂടുതലും നമ്പൂരിമാരുടെ വിഡ്ഡിത്തങ്ങളും ഫലിതങ്ങളുമൊക്കെയായിരിക്കും. സാമുദായിക വിപ്ലവത്തിന്റെ പ്രതിനിധിയായി പറയാമെങ്കിലും ‘അടുക്കളയില്‍ നിന്നും അരങ്ങത്തേക്കും’ ഒരു പരിധിവരെ അങ്ങനെ തന്നെയായിരുന്നു. എന്നാല്‍ ഋതുമതി അതിഗംഭീരമായ നാടകമായിരുന്നു. നമ്പൂതിരി സമുദായത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടി ഋതുമതിയാകുന്നതാണ് പ്രമേയം. അച്ഛനും അമ്മയും മരിച്ച തേതിക്കുട്ടിയെ അമ്മാവന്‍ തന്റെ തറവാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ്. അവിടെ അവള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുന്നു, ജാക്കറ്റ് ധരിക്കാന്‍ അനുവദിക്കുന്നു, അങ്ങനെ അമ്മാവന്‍ തന്റെ പുരോഗമന ചിന്തയ്‌ക്കൊപ്പമാണ് തേതിയേയും വളര്‍ത്തുന്നത്. എന്നാല്‍ അവള്‍ തിരണ്ടതോടെ (ഋതുമതിയായതോടെ) എല്ലാം തകിടം മറിയുന്നു. ഋതുമതിയായാല്‍ അന്യവീട്ടില്‍ നില്‍ക്കാന്‍ പാടില്ല, അമ്മാവന്റെ വീടാണെങ്കിലും അത് അന്യവീട് തന്നെയാണ്, കുട്ടിയെ ഉടനെ കൊണ്ടുപോണമെന്ന് എല്ലാവരും നിര്‍ബന്ധം. പോറോത്തപ്പന്‍ എന്ന് പേരുള്ളൊരു മൂര്‍ഖന്‍ നമ്പൂതിരിയുണ്ട്. പോറോത്തപ്പന്‍ കടുകിട ആചാരങ്ങളും വിശ്വാസങ്ങളും തെറ്റിക്കാത്തയാളാണ്. ശുദ്ധം പോകാതിരിക്കാന്‍ ചായ കുടിക്കണത് പോലും കിണ്ടിവാലിലൂടെയാണ്. അങ്ങനെ തേതി വീണ്ടും സ്വന്തം തറവാട്ടിലേക്ക് പോരുകയാണ്. പിന്നെ അവളുടെ വേളി ഒരു വയസന്‍ നമ്പൂതിരിയുമായി നിശ്ചയിക്കുകയാണ്. മുഖദര്‍ശന സമയത്തേ പെണ്ണിന് താന്‍ വിവാഹം കഴിക്കുന്ന ആളുടെ മുഖം കാണാന്‍ നിവൃത്തിയുള്ളൂ. വസ്ത്രാദി ആഭരണാലങ്കാരഭൂഷിതയായി വേളിപ്പെണ്ണിനെ മുഖം മറച്ച് ഹോമകുണ്ഠത്തിനു മുന്നില്‍ കൊണ്ടുവന്നിരിത്തുകയാണ്. ഓതിക്കാന്‍ മന്ത്രോച്ഛാരണങ്ങളൊക്കെ നടത്തി, ഒരു സമയമാകുമ്പോള്‍ വിളിച്ചു പറയും, ഇനി മുമ്പിലിരിക്കുന്നയാളെ കാണാം… ഈ സമയമാണ് മുഖത്ത് നിന്നും ശീലമാറ്റി പെണ്ണ് താന്‍ വിവാഹം കഴിക്കുന്നയാളെ ആദ്യമായി കാണുന്നത്. തേതിക്കുട്ടിയുടെ വേളി ചടങ്ങ് നടക്കുമ്പോള്‍ മുഖദര്‍ശനത്തിന് സമയമായപ്പോള്‍ അവളുടെ കളിക്കൂട്ടുകാരനായ വാസുദേവന്‍ ഓടിവന്ന് കിളവന്‍ നമ്പൂതിരിയെ തട്ടിമാറ്റി തേതിക്കുട്ടിക്കു മുന്നില്‍ തന്റെ മുഖം കാണിച്ച് അവളെയും വിളിച്ചു കൊണ്ടു പോവുകയാണ്. വളരെ വിപ്ലവകരമായ പ്രമേയമായിരുന്നു ഋതുമതിയുടേത്. പ്രേംജിയായിരുന്നു അമ്മാവന്റെ വേഷം ചെയ്തത്. പരിയാനംപറ്റയായിരുന്നു പോറോത്തോപ്പനായത്. ചിത്രന്‍ നമ്പൂതിരി (ജയരാജ് സംവിധാനം ചെയ്ത ദേശാടനം എന്ന സിനിമയിലെ സ്വാമിയാര്‍)യൊക്കെ അഭിനയിച്ചിട്ടുണ്ട്. ഈ നാടകമാണ് മായന്നൂര്‍വച്ച് ജീവിതത്തില്‍ ആദ്യമായി കാണുന്നത്. എട്ട് വയസ് കാണും അന്ന്. മായന്നൂര്‍വച്ച് തന്നെയാണ് രണ്ടാമത്തെ നാടകവും കണ്ടത്. തെക്കര്‍ ആരോ എഴുതിയ സീതാലക്ഷ്മി.”

പതിമൂന്നാം വയസിലാണ് ശങ്കരനാരായണന്റെ സമാവര്‍ത്തനം കഴിയുന്നത്. സമാവര്‍ത്തനം കഴിഞ്ഞാലേ പുറത്തുപോകാന്‍ പറ്റൂ എന്നാണ്. ഉപനയനം വിദ്യാഭ്യാസകാലമാണ്. പൂണൂല്‍ധാരണം കഴിയുന്നതോടെയാണ് വേദപഠനവും മറ്റും ആരംഭിക്കുന്നത്. പിന്നെ പുറത്ത് പോകാനോ അന്യദേശം തീണ്ടാനോ ഒന്നും പാടില്ല. പൂണൂലിനോടൊപ്പം കൃഷ്ണമൃഗത്തിന്റെ തോലും ധരിക്കുന്നുണ്ട്. പിന്നെ മറ്റൊന്നും ധരിക്കാന്‍ പാടില്ലെന്നാണ്. അരയില്‍ മുണ്ട് ചുറ്റാന്‍ പോലും. എങ്ങോട്ടെങ്കിലും പോണം എന്നുണ്ടെങ്കില്‍ അരയില്‍ കുടുക്കിട്ട് കെട്ടാം. വേദപഠനങ്ങളുടെ അവസാനമാണ് സമാവര്‍ത്തനം. 1947-ല്‍ ആയിരുന്നു ശങ്കരനാരായണന്റെ സമാവര്‍ത്തനം കഴിയുന്നത്. അതിനുശേഷമാണ് സ്‌കൂള്‍ വിദ്യാഭ്യാസം തുടങ്ങുന്നത്. ഇതിനിടയില്‍ ഒരു സ്വാമിയാരില്‍ നിന്നും മലയാളവും കണക്കും ഇംഗ്ലീഷും പ്രാഥമികമായി പഠിച്ചിരുന്നു. തുടര്‍ന്നാണ് ഒറ്റപ്പാലം ഹൈസ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ ചേര്‍ന്നത്. അവിടെ പത്താം തരം വരെ പഠിച്ചു.

"</p

പിഎംഎസ് കഥാപാത്രങ്ങളായി രംഗത്ത്…

ഒറ്റപ്പാലത്ത് പഠിക്കുമ്പോഴാണ് ജീവിതത്തില്‍ ആദ്യമായി ശങ്കരനാരായണന്‍ ഒരു നാടകത്തില്‍ അഭിനയിക്കുന്നത്. പഴശ്ശിരാജ എന്നായിരുന്നു നാടകത്തിന്റെ പേര്. കുറിച്യന്‍ ചന്തുവിന്റെ മകള്‍ നീലിയുടെ ഒരു കൂട്ടുകാരിയായി. സ്ത്രീവേഷത്തിലായിരുന്നു നടന്‍ എന്ന നിലയില്‍ ശങ്കരനാരായണന്റെ അരങ്ങേറ്റം. അതുവരെ കലയും നാടകവുമൊന്നും മനസില്‍ കയറിയിരുന്നില്ലെങ്കിലും ആദ്യനാടകം കളിച്ചതോടെ പിന്നെയതൊരു മോഹമായി മാറുകയായിരുന്നു.

തിരുവിതാംകൂറിലെ പോലെ നാടകപ്രസ്ഥാനങ്ങള്‍ വളര്‍ച്ച പ്രാപിച്ചിട്ടില്ലായിരുന്നു കൊച്ചിയിലും മലബാറിലും. കൊച്ചിയില്‍ പിന്നെയും നാടകങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും മലബാറില്‍ അവസ്ഥ തീരെ മോശമായിരുന്നു. മായന്നൂരും പയങ്കുളത്തുമൊക്കെ ഉണ്ടായിരുന്നപോലത്തെ സാഹചര്യം ഒറ്റപ്പാലത്തില്ലായിരുന്നു. ഇവിടെ കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ കുറവാണ്. കൊച്ചി ശീമയില്‍ മിക്ക ഗ്രാമങ്ങളിലും ഓരോ ഗ്രാമീണ വായനശാലകള്‍ ഉണ്ടാകും. അതിന്റെ ആഭിമുഖ്യത്തിലാണ് നാടകങ്ങളും മറ്റും അവതരിപ്പിക്കുന്നത്. ഒറ്റപ്പാലത്ത് അങ്ങനത്തെ ശീലങ്ങളൊന്നും ഇല്ല.

“കൂട്ടുകാരനായ സൂര്യനാരായണനുമൊത്താണ് ഞാന്‍ സ്‌കൂളിലേക്ക് പോകുന്നത്. പോക്ക് എന്നു വച്ചാല്‍ ഓട്ടമാണ്. ഇല്ലത്ത് നിന്നും പൂജേം മറ്റു ജോലികളുമൊക്കെ കഴിഞ്ഞ് ഞാനിറങ്ങുമ്പോള്‍ നേരം വൈകും. അയാളുടെ അവസ്ഥയും അങ്ങനെ തന്നെ. പിന്നെ രണ്ടാളും കൂടി രണ്ട് രണ്ടര മൈല്‍ റെയിലുമ്മേ കൂടി ഒരു ഓട്ടാണ്. സ്‌കൂളീന്ന് തിരികെ വരുമ്പോളാണ് ഞങ്ങളുടെ സംസാരം. അങ്ങനെയൊരു സംസാരത്തിലാണ് ചോറൂട്ടോറും ഒരു വായനശാല ഉണ്ടാക്കണമെന്ന തീരുമാനം ഞങ്ങള്‍ എടുത്തത്. വായനശാല എന്നതു കൊണ്ട് ഞങ്ങളുടെ ലക്ഷ്യം നാടകം ആയിരുന്നു. 1952 കാലമാണ്. അക്കൊല്ലത്തെ സ്‌കൂള്‍ അവധിക്കാലത്ത് വായനശാല തുടങ്ങാന്‍ തന്നെ തീരുമാനിച്ചു. ഒരു സ്വാമിയാര് അതിനുള്ള സ്ഥലോം കാര്യങ്ങളും വിട്ടു തന്നു. ഒറ്റനിര്‍ബന്ധത്തില്‍; വായനശാലയ്ക്ക് രാമാനന്ദ വായനശാല എന്നു പേരിടണം. നമുക്കെന്ത് നഷ്ടം! അങ്ങനെ ചേറൂട്ടോര് രാമാനന്ദ വായനശാല ആരംഭിച്ചു.”

ആ വായനശാല ശങ്കരനാരായണന്റെ ജീവിതത്തില്‍ പല മാറ്റങ്ങളും കൊണ്ടുവന്നു; അതേക്കുറിച്ച് അടുത്ത രംഗത്തില്‍

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍