UPDATES

ജീവിതവും നിഴല്‍ നാടകങ്ങളും; രംഗം രണ്ട്-നാടകം ജീവിതമാകുന്നു

ഏറനാടന്‍/ വള്ളുവനാടന്‍ നാടക ചരിത്രത്തിനൊപ്പം ചേര്‍ത്ത് വായിക്കേണ്ട പേരാണ് പരുത്തിപറ ഇല്ലത്ത് പി എം ശങ്കരനാരയണന്‍ എന്ന പിഎംഎസ്. നമ്പൂതിരി -ഭാഗം 2

പിഎംഎസ്; രണ്ടു തവണ മികച്ച നടനുള്ള സംസ്ഥാന തല നാടക പുരസ്കാര ജേതാവ്; എന്നാല്‍ അതു മാത്രമല്ല ആ മൂന്നക്ഷരം. ഏറനാടന്‍/ വള്ളുവനാടന്‍ നാടക ചരിത്രത്തിനൊപ്പം ചേര്‍ത്ത് വായിക്കേണ്ട പേരുകൂടിയാണ് പരുത്തിപറ ഇല്ലത്ത് പി എം ശങ്കരനാരയണന്‍ എന്ന പിഎംഎസ്. നമ്പൂതിരി സമുദായത്തില്‍ നിന്നും നാടക പ്രസ്ഥാനങ്ങളിലൂടെ സാമുദായിക-സാമൂഹിക നവോത്ഥാനത്തിന് ചുക്കാന്‍ പിടിച്ച വി.ടി ഭട്ടതിരിപ്പാട്, പ്രേംജി തുടങ്ങിയവരുടെ വഴികളിലൂടെ സഞ്ചരിച്ചും അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചും തന്റെതായ സംഭാവനകള്‍ ഈ മുന്നേറ്റത്തിന് നല്‍കിയും അതോടൊപ്പം മലബാര്‍ നാടകവേദിക്ക് വളര്‍ച്ച സമ്മാനിക്കാന്‍ പ്രയത്‌നിക്കുകയും ചെയ്ത പിഎംഎസ്സിന്റെ ചരിത്രം കേവലമൊരു വ്യക്തി ചരിത്രത്തിനപ്പുറം ഏറനാടന്‍-വള്ളുവനാടന്‍ കലാ-സാംസ്‌കാരിക-നവോത്ഥാന മുന്നേറ്റങ്ങളുടേതു കൂടിയാണ്. പുതുതലമുറ പി.എം ശങ്കരനാരായണനെ പോലുള്ള കലാകാരന്മാരുടെ ജീവിതം മനസിലാക്കിയിരിക്കേണ്ടതിനും അതിന്റെതായ പ്രാധാന്യമുണ്ട്. ഇപ്പോള്‍ കോയമ്പത്തൂരില്‍ മകനൊപ്പം വിശ്രമജീവിതം നയിച്ചു വരുന്ന പിഎംഎസ് തന്റെ വാര്‍ദ്ധക്യ കാലത്തും സമൂഹത്തിന്റെയും കലാരംഗത്തിന്റെയും സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞും പ്രതികരിച്ചും തന്നെയാണ് മുന്നോട്ടു പോകുന്നത്. അദ്ദേഹത്തിന്റെ ജീവിതം അത്രകണ്ട് വിശദമായിട്ടല്ലെങ്കിലും വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് അഴിമുഖം. ആദ്യ ഭാഗം ഇവിടെ വായിക്കാം-പിഎംഎസ്; ഒരു ഏറനാടന്‍-വള്ളുവനാടന്‍ ചരിത്രം, ജീവിതം, നാടകം

വായനശാല ഉണ്ടാക്കിയതിനു പിന്നിലെ പ്രധാന ലക്ഷ്യം നാടകം ആയിരുന്നുവെന്ന് പറഞ്ഞല്ലോ, പക്ഷേ, കളിക്കാന്‍ പറ്റിയ നാടകം കിട്ടുക എന്നത് ദുഷ്‌കരമായിരുന്നു. മലബാര്‍ ഭാഗത്ത് നിന്നും അധികം നാടകങ്ങള്‍ കിട്ടില്ല. ഉള്ളത് തന്നെ സംഗീത നാടകങ്ങളാണ്. തമിഴ് ശൈലിയില്‍ ഉള്ളവ. ശമ്യന്തകം, നളചരിതം തുടങ്ങിയ സംഗീത നാടകങ്ങളൊക്കെയുണ്ട്. അതൊന്നും തങ്ങള്‍ക്ക് പറ്റിയതല്ലെന്നു ശങ്കരനാരായണനും കൂട്ടര്‍ക്കും അറിയാമായിരുന്നു. ഇത്തരം നാടകങ്ങളില്‍ പാടിയഭിനയിക്കേണ്ടതുണ്ട്. ചവിട്ടി വായിക്കുന്ന വലിയ ഹാര്‍മോണിയമൊക്കെ വേണം. നാടകം തുടങ്ങുന്നത് തന്നെ അവതരണഗാനത്തോടെയായിരിക്കും. ഏതെങ്കിലുമൊരു ശാസ്ത്രീയ ഗാനം ആലപിച്ചുകൊണ്ട് നടന്‍ രംഗത്തേക്കു വരണം, അയാള്‍ തന്നെയായിരിക്കണം അതു പാടേണ്ടതും. ഗാനം തീരുമ്പോള്‍ സദസ്സില്‍ നിന്നാരെങ്കിലും ഒരു വട്ടം കൂടി പാടണം എന്നാവശ്യപ്പെട്ടാല്‍ വീണ്ടും പാടുകയും വേണം. അതുകൊണ്ടെല്ലാം തന്നെ അത്തരം നാടകങ്ങള്‍ കളിക്കുക വല്യ പ്രയാസം. പിന്നെ നാടകങ്ങള്‍ കിട്ടാനുള്ളത് കോഴിക്കോട് ഭാഗത്തു നിന്നാണ്. പക്ഷേ, കുറവാണ്. അതല്ലെങ്കില്‍ തെക്കന്‍ നാടകങ്ങള്‍ നോക്കണം. തിരുവിതാംകൂറില്‍ ധാരാളം നാടകങ്ങള്‍ ഉണ്ട്. അങ്ങനെ അവിടെ നിന്നും ഒപ്പിച്ച ഒരു നാടകമാണ് ‘ഇടിയും മിന്നലും’. അതു കളിച്ചു. ആ നാടകത്തിലാണ് ആദ്യമായി ശങ്കരനാരായണന് പുരുഷവേഷം കിട്ടുന്നത്.

ഈ സമയത്ത് തന്നെ കോഴിക്കോട് മലബാര്‍ കേന്ദ്ര കലാസമതിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ട്. തിക്കൊടിയന്‍, കുഞ്ഞാണ്ടി, വാസു പ്രദീപ്, കെ എ കൊടുങ്ങല്ലൂര്‍, കെ ടി മുഹമ്മദ് തുടങ്ങിയവരൊക്കെയാണ് അതിനു പിന്നില്‍, തിക്കൊടിയന്റെയും കെടിയുടെയുമൊക്കെ പല നാടകങ്ങളും ജനങ്ങളിലേക്ക് എത്തുന്നത് മലബാര്‍ കലാകേന്ദ്രം വഴിയാണ്. കെ ടി യുടെ ‘കറവറ്റ പശു’, ‘ജീവിതം’ എന്നീ നടകങ്ങളൊക്കെ വല്യ ജനപ്രീതി പിടിച്ചു പറ്റിയിരുന്നു.

“പയങ്കുളം വായനശാലക്കാര്‍ കെ ടിയുടെ ‘ജീവിതം’ നാടകം കളിക്കുന്നതായി ഞങ്ങള്‍ അറിഞ്ഞു. നാടകത്തിന്റെ സ്‌ക്രിപ്റ്റ് എങ്ങനെയെങ്കിലും കിട്ടിയാല്‍ നമുക്കും കളിക്കാമല്ലോ എന്നൊരാഗ്രഹം. പയങ്കുളത്തും മായന്നൂരും നാടകം വഴിയുള്ളതല്ലെങ്കിലും അത്യാവശ്യം സൗഹൃദങ്ങളൊക്കെയുണ്ട്. ഒന്നവിടം വരെ പോയി നോക്കാമെന്നു തീരുമാനിച്ചു. ഇല്ലത്തെ പൂജയും കര്‍മങ്ങളുമൊക്കെ കഴിച്ച് പയങ്കുളത്തേക്ക് ഇറങ്ങി. റെയില്‌മ്മേക്കൂടി മൂന്നരനാഴിക നടക്കണം, പിന്നെ പുഴ കടക്കണം പയങ്കുളത്ത് എത്താന്‍. റിഹേഴ്‌സല്‍ കാണാന്‍ വന്നിരിക്കുന്നു എന്നാണ് പുറമെ പറഞ്ഞിരിക്കുന്നതെങ്കിലും തരത്തില്‍ ആ സ്‌ക്രിപ്റ്റിന്റെ കോപ്പി ഒന്നു വാങ്ങിച്ചെടുക്കണം എന്നായിരുന്നു ഉള്ളില്. പരിചയുള്ളോരൊക്കെ തന്നെയാണ് അഭിനേതാക്കളും. അടുത്തറിയാവുന്ന ആര്യന്‍ മാഷും അഭിനയിക്കുന്നുണ്ട്. അദ്ദേഹത്തിന് സകൂള്‍ മാനേജറുടെ വേഷമാണ്. കെ പി ശങ്കരനാണ് രാധ ടീച്ചര്‍ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശങ്കരന്‍ അന്ന് പത്താം തരത്തിലേക്ക് ആയിട്ടേയുള്ളൂ. ഞാന്‍ പത്ത് എഴുതി നില്‍ക്കുന്നു. റിഹേഴ്‌സല്‍ ക്യാമ്പില്‍ എന്നെ കണ്ടപ്പോള്‍ ആര്യന്‍ മാഷ് അടുത്തേക്ക് വന്നു. ആള്‍ക്ക് അഭിനയിക്കാന്‍ നല്ല മടിയാണ്. അതെന്നോട് പറഞ്ഞു. താനൊരു കാര്യം ചെയ്യാവോ? ഈ വേഷം താനങ്ങട് ചെയ്യ്. എനിക്കിതൊന്ന് ഒഴിവായി കിട്ടണം. തനിക്കാണേല്‍ അഭിനയിക്കണ്ന്ന് വല്യ മോഹാണല്ലോ… ആ ഓഫര്‍ എനിക്ക് നിരാകരിക്കാന്‍ പറ്റീല, എന്നാലും ചെറിയ പ്രശ്‌നമുണ്ട്. എല്ലാ ദിവസോം റിഹേഴ്‌സലിന് വരാന്‍ പറ്റില്ല. ഈ കഥാപാത്രം രണ്ട് രംഗത്ത് വന്നു പോണതല്ലേ, അപ്പോള്‍ അതനുസരിച്ചുള്ള റിഹേഴ്‌സല്‍ മതിയാകും. അങ്ങനയാണേല്‍ ആഴ്‌ച്ചേല്‍ രണ്ട് ദിവസം ഞാന്‍ റിഹേഴ്‌സലിന് വരാം. ആ നിബന്ധന അംഗീകരിക്കപ്പെട്ടു. അടുത്ത തവണ റിഹേഴ്‌സലിന് വന്നപ്പോള്‍ വീണ്ടും ഒരു മാറ്റം. നായകനായ വേണുവിനെ അവതരിപ്പിക്കുന്നത് ഗോപാലകൃഷ്ണന്‍ എന്നൊരാളാണ്. അയാളെ മാറ്റി ആ വേഷം ഞാന്‍ ചെയ്യണമെന്ന് നിര്‍ദേശം. ഗോപാലകൃഷ്ണന് വിഷമം ഉണ്ടാക്കിയ നിര്‍ദേശമാണ്. പക്ഷേ, അയാളെ സമാധാനിപ്പിച്ചത് മറ്റൊരു വിധത്തിലാണ്. ഇതേ നാടകത്തിലെ പപ്പു എന്ന വേലക്കാരന്റെ വേഷം ചെയ്താണ് നെല്ലിക്കോട് ഭാസ്‌കരന്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയത്. അത്ര കരുത്തുള്ള കഥാപാത്രമാണ് പപ്പൂന്റേത്. അത് ഗോപാലകൃഷ്ണന്‍ ചെയ്യ് എന്ന് പറഞ്ഞപ്പോള്‍ ആള്‍ക്ക് സമാധാനമായി. അങ്ങനെ ജീവിതത്തില്‍ ഞാന്‍ ആദ്യമായി നായകനായി. നാടകം കണ്ടവരൊക്കെ നല്ലത് പറഞ്ഞു. ഈ പരിപാടി എനിക്ക് പറ്റും, അഭിനയിക്കാന്‍ എനിക്ക് കഴിയും എന്നാത്മവിശ്വാസം ഉണ്ടാകുന്നത് അവിടെ വച്ചാണ്. ‘ജീവിതം’ എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു ടേണിംഗ് പോയിന്റ് ആയിരുന്നു.” ശങ്കരനാരായണന്‍ പറയുന്നു.

1953 ല്‍ ശങ്കരനാരായണന്‍ എസ് എസ് എല്‍ സി പാസായി. പിന്നെ തൃശ്ശൂര്‍ കേരള വര്‍മയിലേക്ക്. മലയാളം വിത്ത് സംസ്‌കൃതം പഠിപ്പിക്കുന്ന 7 ബി ഗ്രൂപ്പ് ഉണ്ട്. അതെടുത്തു. തൃശ്ശൂര്‍ യോഗത്തിലെ നമ്പൂതിരിമാര്‍ക്ക് അവിടുത്തെ ബ്രഹ്മസ്വം മഠത്തില്‍ നിന്നും രണ്ട് നേരം ഭക്ഷണം കിട്ടും. അതുകൊണ്ട് താമസ സൗകര്യം മാത്രം നോക്കിയാല്‍ മതിയായിരുന്നു. കോളേജില്‍ എത്തിയപ്പോഴേക്കും നാടക കമ്പം ഏറിയിരുന്നു ശങ്കരനാരായണനില്‍. അവിടെയും അതിനുള്ള വഴികള്‍ ശങ്കരനാരായണനു മുന്നില്‍ തുറന്നു കിടപ്പുണ്ടായിരുന്നു.

“ജോസഫ് മുണ്ടശ്ശേരി, ഐ പി ഗോപാലന്‍, പ്രൊഫ. നരേന്ദ്രനാഥ് തുടങ്ങിയവരൊക്കെ ചേര്‍ന്ന് കൊണ്ടുപോകുന്ന കള്‍ച്ചറല്‍ സെമിനാര്‍ എന്നൊരു സംഘടനയുണ്ടായിരുന്നു കേരള വര്‍മ കോളേജിനോടനുബന്ധിച്ച്. നൂറോളം മെംബര്‍മാരുമുണ്ട്. ഒരു രൂപയോ മറ്റോ ആയിരുന്നു ഫീസ്. സെമിനാറില്‍ സംസാരിക്കാനായി കേമന്‍മാരായ ആരെയെങ്കിലുമൊക്കെ വിളിക്കും. ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി, ഗുപ്തന്‍ നായര്‍, പനമ്പിള്ളി ഗോവിന്ദ മേനോന്‍ തുടങ്ങിവരൊക്കെ വന്നിട്ടുണ്ട്. വരുന്നവര്‍ പ്രസംഗിക്കും, ഇടിനിടയില്‍ നമുക്ക് സംശയങ്ങളോ ചോദ്യങ്ങളോ ഒക്കെ അവരോട് ചോദിക്കാം, മറുപടിയും കിട്ടും. നമ്പൂതിരി വിദ്യാലയത്തിലായരിക്കും പരിപാടി നടക്കുക. ഈ കള്‍ച്ചറല്‍ സെമിനാറിന് ഫണ്ട് സ്വരൂപിക്കണം എന്നൊരാവശ്യം വന്നതിന്‍ പ്രകാരം ചില പരിപാടികള്‍ നടത്താമെന്ന് തീരുമാനമായി. ഒരു നാടകവും ആക്കൂട്ടത്തില്‍ ചേര്‍ത്തു. പ്രൊഫസര്‍ സുരേന്ദ്രന്‍ പ്രധാനവേഷത്തില്‍ എത്തുന്ന ഒരു ഇംഗ്ലീഷ് ഏകാംഗ നാടകത്തിന്റെ മലയാളാവിഷ്‌കാരം. എനിക്കും ആ നാടകത്തില്‍ വേഷം കിട്ടി. തൃശൂര്‍ ടൗണ്‍ ഹാളിലായിരുന്നു നാടകം. എന്റെ ജീവിതത്തില്‍ ആ നാടകത്തിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. വിദ്യുച്ഛക്തിയുടെ വെളിച്ചത്തില്‍ ആദ്യമായി ഒരു നാടകം കളിക്കുന്നത് അന്നായിരുന്നു!

ചോറൂട്ടും പയങ്കുളത്തുമൊക്കെ നാടകം കളിച്ചിരുന്നത് പെട്രോള്‍മാക്‌സ് വെളിച്ചത്തിലായിരുന്നു. ഒറ്റപ്പാലത്ത് തന്നെ അന്ന് വൈദ്യുതി ഇല്ല. രണ്ടോ മൂന്നോ പെട്രോള്‍മാക്‌സുകള്‍ മുന്നില്‍ കെട്ടിത്തൂക്കിയിടും. ഒരെണ്ണം പിറകില്‍, ചിലപ്പോള്‍ സൈഡിലും ഒരെണ്ണം. മുന്നിലും പിന്നിലും രണ്ടു കര്‍ട്ടനുകള്‍, സൈഡില്‍ ഒരു മറ കാണും. ഇതാണ് വേദി. ഒറ്റപ്പാലം കാസിം എന്നൊരാളുണ്ടായിരുന്നു. പെട്രോള്‍ മാക്‌സും മൈക്കും വാടകയ്ക്ക് കൊടുക്കുന്നയാളാണ്. ബാറ്ററിയില്‍ പ്രവര്‍ത്തിപ്പിക്കുന്ന മൈക്കാണ്. പണമുണ്ടേല്‍ അത് വാടകയ്‌ക്കെടുക്കാം. മുന്നില്‍ കയറില്‍ കെട്ടിത്തൂക്കിയിടും. എല്ലാ ശബ്ദങ്ങളൊന്നും പിടിച്ചെടുക്കില്ല. രണ്ട് കോളാമ്പികളും കാണും, വലിയ ആള്‍ക്കൂട്ടമൊന്നും കാണികളായി ഉണ്ടാവില്ലെന്നതിനാല്‍ ഇതൊക്കെ മതിയാകുമായിരുന്നു. അങ്ങനെയൊരു കാലത്തു നിന്നായിരുന്നു വൈദ്യുതി വെളിച്ചത്തില്‍ ഒരു നാടകം കളിക്കാന്‍ ആദ്യമായി അവസരം കിട്ടുന്നത്…” ശങ്കരനാരായണന്‍ ഓര്‍ത്തെടുത്തു.

“വെളിച്ചമില്ലാതിരുന്ന കാലത്തെ നാടകം കളിയുടെ ഓര്‍മകള്‍ക്കിടയില്‍ നിന്നാണ് നിഴല്‍ നാടകവും കടന്നു വന്നത്. കാവുകളില്‍ തോല്‍പ്പാവക്കൂത്തുകള്‍ നടക്കാറുണ്ട്. രാമായണ കഥകളായിരിക്കും തോല്‍പ്പാവക്കൂത്തില്‍ പറയുന്നത്. കള്ളിക്കാവ് എന്നൊരു കാവ് ഞങ്ങള്‌ടെ അടുത്തുണ്ട്. അവിടെ തോല്‍പ്പാവക്കൂത്ത് നടക്കും. അതു കാണാന്‍ പോവാറുണ്ട്. പലരും വഴിപാടായും തോല്‍പ്പാവക്കൂത്ത് നടത്താറുണ്ട്. വിവാഹം നടക്കാതെ വരുമ്പോഴ്‌ക്കെ വഴിപാട് നാടകങ്ങള്‍ കളിപ്പിക്കും. എന്റെ മകള്‌ടെ വിവാഹം നടക്കണം, അതിനായി ഒരു നാടകം കളിക്കണം എന്നു പറഞ്ഞ് അരയോ ഒന്നോ അണ കൊടുക്കും. കാശ് വാങ്ങിച്ചിട്ട് കളിക്കാരന്‍ ഇക്കാര്യം ഉറക്കെ വിളിച്ചങ്ങ്ട് പറയും, ഉണ്ണിയമ്മേടേ മകള് ദാക്ഷായണിയുടെ മംഗലം നടക്കാന്‍..ഒരു നാടകം കളിക്കണ്…ഇതില്‍ നാടകം കളിക്കണ് എന്നത് ഒരു പ്രത്യേക ഈണത്തിലായിരിക്കും പറയുന്നത്. ഒരിക്കല്‍ ഞങ്ങളും ഒരു വഴിപാട് നാടകം കളിപ്പിച്ചിട്ടുണ്ട്. സ്‌കൂളില്‍ വല്യ ദേഷ്യക്കാരും ശിക്ഷിക്കുന്നവരുമായ മാഷ്മ്മാരുണ്ട്. അതില്‍ ഞങ്ങള്‍ക്കെല്ലാം ഏറ്റവും പേടിയുണ്ടായിരുന്നത് ശങ്കരയ്യര്‍ മാഷ്ടെ നുള്ളായിരുന്നു. ഈ നുള്ളൊന്ന് നിര്‍ത്തി കിട്ടാനായിട്ടായിരുന്നു വഴിപാട്. ഇനി മുതല്‍ ശങ്കരയ്യര്‍ മാഷ്ടെ നുള്ളല്‍ ഉണ്ടാകില്ലെന്ന വിശ്വാസത്തില്‍ ഞങ്ങള്‍ കാവില്‍ നിന്നും പോരുകയും ചെയ്തു. പിറ്റേദിവസം ഞങ്ങളെ കാത്തെന്നപോലെ ശങ്കരയ്യര്‍ മാഷ് നില്‍ക്കുന്നു. എല്ലാത്തിനേം നിരത്തി നിര്‍ത്തി മാഷ് നല്ല നുള്ള് തന്നൂ… എന്താ കാരണം! മാഷ്ടെ നുള്ള് നിര്‍ത്താന്‍ വഴിപാട് നാടകം കളിപ്പിച്ചിരുന്നല്ലോ, നാടകക്കാരന്‍ ഞങ്ങള്‌ടെ ആഗ്രഹം എന്താണോ അത് വിളിച്ചും പറഞ്ഞിരുന്നു, ശങ്കരയ്യര്‍ മാഷ്ടെ താമസം കാവിന് അടുത്താണ്. മാഷ് ഇത് കേട്ടിരിക്ക്ണൂ…അത് തന്നെ പിറ്റേദിവസത്തെ നുള്ളലിനുള്ള കാരണം…

പറഞ്ഞു വന്നത്, ഈ തോല്‍പ്പാവക്കൂത്തില്‍ നിന്നാണ് നിഴല്‍ നാടകം എന്നാശയം ഞങ്ങള്‍ക്ക് കിട്ടണത്. മണ്ണെണ്ണ ടിന്നിന്റെ ഒരു ഭാഗം ചതുരത്തില്‍ മുറിച്ചെടുക്കും, അതിനകത്ത് ഒരു പെട്രോള്‍ മാക്‌സ് വയ്ക്കും. ഇതിന്റെ മുന്നില്‍ വലിയൊരു തുണി വിരിച്ചു കെട്ടും. തുണിക്കും പിറകിലെ വെട്ടത്തിനും ഇടയില്‍ നിന്ന് നാടകം കളിക്കും. മുന്നില്‍ ഇരിക്കുന്നവര്‍ക്ക് തുണിയില്‍ നിഴലായി മാത്രമെ നാടകം കാണാന്‍ സാധിക്കൂ. ഇതാണ് നിഴല്‍ നാടകം. വാഴക്കുലയായിരുന്നു ആദ്യം കളിച്ച നിഴല്‍ നാടകം. ഒളപ്പമണ്ണയുടെ പാഞ്ചാലി എന്ന കവിതയും കളിച്ചു. ടി പി നമ്പൂതിരിയൊക്കെ കഥാപ്രസംഗമായി ഒത്തിരി വേദികളില്‍ അവതരിപ്പിച്ചിട്ടുള്ള കവിതയാണ് പാഞ്ചാലി. പണ്ട് ഈഴവര്‍ക്കും, ഐങ്കുടി കൈമള്‍മാര്‍ക്കും ആശാരിമാര്‍ക്കുമൊക്കെ ഇടയില്‍ ബഹുഭര്‍തൃത്വം ഉണ്ടായിരുന്നു. ഒരു സ്ത്രീയെ തന്നെ മൂന്നും നാലും ആണുങ്ങള്‍ വിവാഹം ചെയ്യും. ഇത് പശ്ചാത്തലമാക്കി പങ്കുണ്ണിയും കുഞ്ചുണ്ണിയും കൂടി കാളൂനെ കെട്ടുന്നതുമായി ബന്ധപ്പെട്ടതായിരുന്നു ഒളപ്പമണ്ണയുടെ പാഞ്ചാലി.

ഞങ്ങളുടെ നിഴല്‍ നാടകത്തിന് കുഴപ്പമില്ലാത്ത പിന്തുണ കിട്ടി. പലയിടത്തേക്കും നാടകം കളിക്കാമോ എന്നു ചോദിച്ചു വിളിക്കുകയും ഉണ്ടായി. വെറുതേ പോയി കളിക്കണം. പ്രതിഫലമൊന്നും മോഹിക്കരുത്! പക്ഷേ, ഞങ്ങളീ നിഴല്‍ നാടകം വൈകാതെ അവസാനിപ്പിച്ചു. അതിനൊരാള്‍ കാരണമായി. തൃപ്പൂണിത്തറയില്‍ ഷാഡോ ഗോപിനാഥന്‍ എന്നൊരു വലിയ ഡാന്‍സര്‍ ഉണ്ടായിരുന്നു. അദ്ദേഹവും ഷാഡോ പ്ലേ കളിക്കും. ആമ്പലും അമ്പിളിയും എന്ന പേരില്‍ പ്രശസ്തമായൊരു ഷാഡോ പ്ലേ അദ്ദേഹത്തിന്റെതായി ഉണ്ടായിരുന്നു. സൂര്യന്‍ അസ്തമിക്കുന്നതും ചന്ദ്രന്‍ ഉദിക്കുന്നതും ആമ്പല്‍ വിടരുന്നതും അതില്‍ നിന്നും ഒരു സ്ത്രീ ഉയര്‍ന്നു വരുന്നതും, വീണ്ടും ചന്ദ്രന്‍ അസ്തമിക്കുകയും സൂര്യന്‍ ഉദിക്കുന്നുമൊക്കെ അതിശയകരമായ രീതിയിലാണ് അദ്ദേഹം നിഴല്‍രൂപത്തില്‍ അവതരിപ്പിക്കുന്നത്. ഈ നാടകം കാണാന്‍ ഞങ്ങള്‍ക്ക് ഒരിക്കല്‍ അവസരമുണ്ടായി. അതോടെ ഞങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ഷാഡോ പ്ലേ അവസാനിപ്പിക്കുകയായിരുന്നു!

തൃശൂര്‍ കേരള വര്‍മ കോളേജിലേക്ക് തന്നെ വീണ്ടും മടങ്ങി വരുമ്പോള്‍, നാടകം പ്രൊഫഷണല്‍ സ്വഭാവത്തോടെ ശങ്കരനാരായണന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിന്റെ അനുഭവങ്ങളാണ് വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. അത് അടുത്ത രംഗത്തില്‍

പിഎംഎസ്; ഒരു ഏറനാടന്‍-വള്ളുവനാടന്‍ ചരിത്രം, ജീവിതം, നാടകം

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍