UPDATES

ട്രെന്‍ഡിങ്ങ്

കോർപ്പറേറ്റ് വിരുദ്ധ രാഷ്ട്രീയത്തിന് ഒത്തുതീർപ്പുകളും ഇടവേളകളുമില്ലെന്ന് തൂത്തുക്കുടി നമ്മോട് പറയുന്നുണ്ടോ?

വില്ലനും നായകനുമായ വേദാന്ത ശൂന്യതയില്‍ നിന്നും വന്നതല്ല; നാം തിരഞ്ഞെടുത്തവര്‍ പരവതാനി വിരിച്ച് കൊണ്ടുവന്നതാണ്

ഷിജു ആര്‍

ഷിജു ആര്‍

ചത്തിസ്ഘറിന്റെ തലസ്ഥാനമായ റായ്പൂരിനോട് ചേർന്ന് വേദാന്ത ഒരു വലിയ ക്യാൻസർ ആശുപത്രിയും ഒറീസ്സയിൽ ഒരു യൂണിവഴ്സിറ്റി തന്നെയും നടത്തുന്നതായി അരുന്ധതി റോയ് എഴുതുന്നുണ്ട്. ഈ രണ്ടു സ്ഥലത്തും ബോക്സൈറ്റ് നിക്ഷേപങ്ങൾക്ക് കുഴിച്ചും അത് സംസ്കരിക്കാനുള്ള രാസമാലിന്യങ്ങൾ നിക്ഷേപിച്ചും തകർത്തു കഴിഞ്ഞിട്ടുണ്ട്, വേദാന്ത. ഖനന സ്ഥലത്തു നിന്നുള്ള ലോഹാംശം കലർന്ന പൊടിമണ്ണ് ചെഞ്ചായം പൂശിയ കെട്ടിടങ്ങൾ, കുടിലുകൾ, ചലിക്കുന്ന ലോഹ ശില്പങ്ങൾ പോലെ അടിതൊട്ടു മുടി വരെ ചുവന്ന പൊടിപിടിച്ച മനുഷ്യർ.

എൻ.ടി. രാമറാവു ബഹുമുഖവേഷങ്ങൾ ചെയ്യുന്ന ഒരു തെലുങ്കു സിനിമയിലെന്ന പോലെ (നമുക്ക് കമൽഹാസന്റെ ദശാവതാരം ഓർക്കാം) മല തുരന്നും മണ്ണും വെള്ളവും വിഷമയമാക്കുന്ന വില്ലനും അങ്ങനെ രോഗം ബാധിക്കുന്നവരെ ചികിത്സിക്കുന്ന നായകനും ഒരാൾ തന്നെയാവുന്ന ഇരുണ്ട ഫലിതത്തിന്റെ അടയാളപ്പലകകളാണ് ഈ ആശുപത്രിയും സർവ്വകലാശാലയുമെന്നും അരുന്ധതി എഴുതുന്നു.

ഒരു ഇന്ത്യൻ മാജിക്കൽ റോപ്പിന്റെ അറ്റം പിടിച്ച് ശൂന്യതയിൽ നിന്നും ഇറങ്ങി വന്നതാണീ വേദാന്ത എന്നാണോ നിങ്ങൾ കരുതുന്നത്? വരിനിന്നു വോട്ടു ചെയ്തും വെയിലുകാഞ്ഞു പോസ്റ്ററൊട്ടിച്ചും വിജയങ്ങൾക്ക് കയ്യിലെ കാശെടുത്തു മധുരം വിതരണം ചെയ്തും നാം തെരെഞ്ഞെടുത്ത ഭരണാധികാരികൾ പരവതാനി വിരിച്ച് കൊണ്ടുവന്നതാണവരെ. ക്ഷേമരാഷ്ട്ര സ്വപ്നങ്ങളെ പൂർണ്ണമായി കയ്യൊഴിഞ്ഞ, പൗരസമൂഹത്തെ ഉപഭോക്തൃ സമൂഹമായും പൗരാവകാശങ്ങളെ ആവശ്യങ്ങളാക്കിയും കാണുന്ന നവലിബറൽ മൂലധനത്തിന്റെ തേരുരുൾ പാച്ചിലിണിത്.

അവരാണീ സംവിധാനങ്ങൾക്കാകെ ചെല്ലും ചെലവും നൽകുന്നതെന്ന്, അവരെത്ര ഉദാരമതികളാണെന്ന് നമ്മെ നമ്മുടെ ഭരണാധികാരികൾ ബോധ്യപ്പെടുത്തിത്തരും. അവരുടെ ആശുപത്രികളും സർവ്വകലാശാലകളും ചൂണ്ടിക്കാട്ടി. നമ്മുടെ സമ്പദ് ശാസ്ത്ര വിദ്യാഭ്യാസം അതിനെ CSR (കോർപ്പറേറ്റുകളുടെ സാമൂഹിക ഉത്തരവാദിത്തം) എന്നു പഠിക്കും. ഉപ്പു തൊട്ട് കർപ്പൂരം വരെ വാങ്ങുമ്പോൾ നാമടച്ചു കഴിഞ്ഞ കോടിക്കണക്കിനു രൂപയുടെ നികുതിക്കുടിശ്ശിക വാങ്ങിയെടുക്കാത്ത ‘നിരുത്തരവാദിത്വ’ത്തിന് എന്താണോ പേര്?

തൂത്തുക്കുടിയിൽ അവർക്കു വേണ്ടി തോക്കുകൾ ശബ്ദിച്ചപ്പോൾ മാത്രം അവരെ നമുക്ക് കാണിച്ചു തന്ന മാധ്യമങ്ങളുടെ ‘തെരഞ്ഞെടുക്കപ്പെട്ട മറവികളുടെ’ ചെലവിൽ അവർ നിശ്ശബ്ദമായി കൊന്നൊടുക്കിയ പ്രകൃതിയെ, ജൈവ വൈവിദ്ധ്യങ്ങളെ, വംശഹത്യാ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന ഗിരിവർഗ ഗോത്രങ്ങളെ നാം കണ്ടില്ല. കണ്ടതായി നടിച്ചില്ല.

കർണ്ണാടകയിൽ നിന്നും ഒരു കണക്ക് ഉദ്ധരിച്ചാൽ ഒരു ടൺ ഇരുമ്പയിര് ഖനനം ചെയ്യുമ്പോൾ 27 രൂപ സർക്കാരിനും 5000 രൂപ അത് ഖനനം ചെയ്യുന്ന കമ്പനിക്കും ലഭിക്കുന്നുവത്രേ. വിലക്കൂടുതലുള്ള ലോഹങ്ങളിൽ ഇതിലും പരിതാപകരമാവും കാര്യങ്ങൾ. തുച്ഛവിലയ്ക്ക് നൽകി, കാലാവധി കഴിഞ്ഞിട്ടും സ്വകാര്യ മുതലാളിമാരുടെ കയ്യിലെ ഭൂമി, ആദിവാസികളും മത്സ്യത്തൊഴിലാളികളുമടങ്ങുന്ന തദ്ദേശ ജനതയെ ആട്ടിപ്പായിച്ച് കോർപ്പറേറ്റുകൾക്ക് പതിച്ചു നൽകിയ വന/സമുദ്ര വിഭവങ്ങൾ .

ഒരു കണക്കിന് തൂത്തുക്കുടിയിലെ പോരാളികൾ ഭാഗ്യമുള്ളവരാണ്. കാരണം അവർക്കൊരു വിസിബിലിറ്റി വന്നിട്ടുണ്ട്. (ഭോപ്പാൽ ദുരന്തത്തിലെന്ന പോലെ) കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളിൽ നടക്കുന്ന, തൊണ്ണൂറുകളോടെ എല്ലാ വീണ്ടുവിചാരങ്ങളും നഷ്ടപ്പെട്ട വികസനത്തിന്റെ നിശ്ശബ്ദ യുദ്ധങ്ങളിൽ എവിടെയും രേഖപ്പെടുത്തപ്പെടാതെ അദൃശ്യരായ ദശലക്ഷം മനുഷ്യരെങ്കിലുമുണ്ട്. പ്രകൃതി വിഭവങ്ങളുടെയും ജൈവ വൈവിദ്ധ്യങ്ങളുടേയും അളവ് കണക്കാക്കാനാവില്ല.

കണക്കുകൾ, വിവരങ്ങൾ, കേൾവികൾ തുടങ്ങി മറ്റൊരിന്ദ്രിയത്തിനും കാഴ്ചയുടെ സംവേദനശേഷിയില്ല. അതുകൊണ്ട് നമുക്ക് മിഴിവുറ്റ ദൃശ്യങ്ങൾ ആവശ്യമുണ്ട്. നടുക്കുന്നവ, നിത്യോപയോഗം അളവ് കൂട്ടാൻ പ്രേരിപ്പിക്കുന്ന ലഹരിയടിമയെപ്പോലെ സാധാരണ ദുരന്ത ദൃശ്യങ്ങൾ നമ്മെ നടുക്കാതായിരിക്കുന്നു. അതുകൊണ്ട് ഭോപ്പാൽ ദുരന്തത്തിന്റെ ദൃശ്യം നമ്മെ നടുക്കുകയും ആ ദുരന്തത്തിന്റെ രാഷ്ട്രീയം നാം മറക്കുകയും ചെയ്യുന്നു. ദുരന്തത്തിന് കാരണമായ രാസവസ്തുവിന്റെയും കമ്പനിയുടെയും പേരും ആൾനാശത്തിന്റെ കണക്കും ഒരു പഠിക്കാൻ ഒരു പി. എസ്. സി. പരീക്ഷ നമ്മെ പ്രചോദിപ്പിച്ചേക്കാം. അതിനപ്പുറം കാണാനുള്ള സംവേദനത്വത്തെയാണ് രാഷ്ട്രീയമെന്ന് പറയുന്നത്.

കോർപ്പറേറ്റ് വിരുദ്ധ രാഷ്ട്രീയത്തിന് ഒത്തുതീർപ്പുകളും ഇടവേളകളുമില്ലെന്ന് തൂത്തുക്കുടി നമ്മോട് പറയുന്നുണ്ടോ? അത് കേൾക്കാനുള്ള സംവേദനത്വം പ്രലോഭനങ്ങളുടെ ഈ കെട്ട കാലത്തും നമ്മിൽ ബാക്കിയുണ്ടോ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ഷിജു ആര്‍

ഷിജു ആര്‍

കോഴിക്കോട് സ്വദേശി. അധ്യാപകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍