UPDATES

ആര്‍എസ്എസ് മുത്തപ്പനും സിപിഎം മുത്തപ്പനും; ഉത്തര കേരളത്തിലെ ദൈവങ്ങളുടെ രാഷ്ട്രീയ വേഷപകര്‍ച്ചകള്‍

സ്വന്തമായി ദൈവങ്ങളും ആചാരങ്ങളും ഉണ്ടെന്നുപറയുമ്പോള്‍ പോലും പുലയരുള്‍പ്പടെ ജാതിശ്രേണിയില്‍ താഴെ നില്‍ക്കുന്നവരുടെയെല്ലാം ആചാരങ്ങളില്‍ ഏറിയും കുറഞ്ഞും ബ്രാഹ്മണ നിര്‍മ്മിത മിത്തുകളും ഐതിഹ്യങ്ങളുമായി കണക്റ്റ് ചെയ്യപ്പെട്ടതാണ്

Avatar

നിസാര്‍

നമുക്ക് ചുറ്റിലും നടക്കുന്നതും നമ്മള്‍ പങ്കുകൊള്ളുന്നതുമായ ആചാരങ്ങളേയും അനുഷ്ടാനങ്ങളേയും ഹിന്ദു, ബ്രാഹ്മണിക്കല്‍, മുസ്ലിം, ക്രിസ്ത്യന്‍ എന്നൊക്കെ വേര്‍തിരിക്കുന്നതാണ് ഒരു പൊതുരീതി. ഒരു മതത്തിനും തങ്ങളുടേത് മാത്രം എന്ന അവകാശവാദമുന്നയിക്കാവുന്ന ആചാരങ്ങളോ ചടങ്ങുകളോ ഇല്ല എന്നതാണ് വാസ്തവം. ഏത് മതത്തിന്റേതായാലും ഏതു ജനവിഭാഗക്കാരുടേതായാലും ആചാരങ്ങളേയും അനുഷ്ടാനങ്ങളേയും അതിന്റെ വിശ്വാസപരമായ ബന്ധനത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് അന്വേഷിച്ചാല്‍ അവ മതത്തില്‍ നിന്ന് വേര്‍പെട്ടിരിക്കുന്നതായും ജനജീവിതത്തിന്റെ വിപുലമായ ഒരു സാംസ്കാരിക തലത്തില്‍ അത് ഒട്ടിനില്‍ക്കുന്നതായും കാണാന്‍ സാധിക്കും. ഒരു പക്ഷെ മതത്തേക്കാളും പഴക്കം അതിലെ ആചാരങ്ങള്‍ക്ക് കാണാനും പറ്റും. നമ്മുടെ സമൂഹത്തിലെ വലിയ മതങ്ങള്‍ എല്ലാം തന്നെ അവ രൂപംകൊണ്ട സമൂഹത്തിന്റെയും അത് സമ്പര്‍ക്കപ്പെട്ട സംസ്‌ക്കാരങ്ങെളിലേയും ആചാര അനുഷ്ടാനങ്ങളെ സ്വാംശീകരിച്ചിട്ടുണ്ട്.

സംസ്കാരങ്ങള്‍ തമ്മില്‍ സമ്പര്‍ക്കപ്പെടുമ്പോള്‍ അപര സംസ്കാരങ്ങളിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും സ്വാഭാവികമായി തന്നെ പരസ്പരം കൈമാറ്റപ്പെടും. എന്നിരുന്നാലും അപരരുടെ ആചാരങ്ങളെ നോക്കികാണുന്നതും അതിനോടുള്ള സമീപനത്തിന്റെ കാര്യത്തിലും വ്യത്യസ്ഥ മാതൃകകള്‍ മതങ്ങളുടെ ചരിത്രത്തില്‍ ഉണ്ട്. അപരന്റെ ആചാരങ്ങളും അനുഷ്ടാനങ്ങളും മോശമായി കാണുകയും അതിനോട് അകല്‍ച്ച കാണിക്കുകയും ചെയ്യുന്ന സമീപനമാണ് അതില്‍ ഒന്ന്. മതത്തെ കൂടുതല്‍ ശാസ്ത്രീയ യുക്തിയില്‍ വ്യാഖ്യാനിച്ചുകൊണ്ട് രൂപപ്പെട്ട പ്രൊട്ടസ്റ്റന്റ് ക്രിസ്റ്റ്യാനിറ്റിയും സലഫി ഇസ്ലാമും അചാരങ്ങളോട് പൊതുവിലും അന്യരുടെ ആചാരങ്ങളോട് വിശേഷിച്ചും കാണിക്കുന്ന വിമുഖത ഇതിന് ഉദാഹരണമാണ്. അപരര്‍ക്കുമേല്‍ അവരുടെ ആചാരങ്ങള്‍ക്ക് യുക്തിയില്ല എന്ന് സ്ഥാപിച്ചെടുക്കുന്ന പ്രചാരണ പ്രവര്‍ത്തിയാണ് ഇത്തരം മത സംഘങ്ങളുടെ രീതി. ആധുനികമായ ഉപകരണങ്ങളിലൂടെയാണ് ഇവരുടെ പ്രചാരണങ്ങള്‍ ഏറെയും നടക്കുന്നത്.

ഇതില്‍നിന്നും തികച്ചും വ്യത്യസ്തമായ രീതിയാണ് അപരരുടെ ആചാരങ്ങളെ സ്വാംശീകരിച്ചുകൊണ്ട് അപരരെ കീഴടക്കുന്ന രീതി. പരസ്പരം തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും നിലനിര്‍ത്തി വ്യത്യസ്ഥ ജനവിഭാഗങ്ങളെ ശ്രേണീകരിച്ച് കൊണ്ട് ജാതിവ്യവസ്ഥയും ഫ്യൂഡല്‍ സംവിധാനവും ഇന്ത്യയില്‍ ബ്രാഹ്മണര്‍ ഉണ്ടാക്കിയെടുത്തത് ഈ രീതിയില്‍ ആണ്. എത്തിച്ചേര്‍ന്ന ദേശങ്ങളിലെല്ലാം അവിടത്തെ ജനവിഭാഗങ്ങളുടെ ആചാരങ്ങളും ദൈവങ്ങളേയും വരെ മിത്തുകളിലൂടെയും ഐതിഹ്യങ്ങളിലൂടെയും അവര്‍ തങ്ങളുടേതാക്കിമാറ്റി. ‘ബ്രാഹ്മണവത്ക്കരണം’ എന്ന പ്രയോഗത്തിനു വിശദീകരിക്കാന്‍ പറ്റാത്ത സാമൂഹികശാസ്ത്രപരവും സാമ്പത്തികശാസ്ത്രപരവുമായ പ്രഹേളിക കൂടിയാണ് അത്.

പുലയരുടെ കോട്ടങ്ങള്‍ക്കു മേല്‍ ബ്രാഹ്മണന്റെ വെജിറ്റേറിയന്‍ ദൈവങ്ങളെ ഒളിച്ചു കടത്തുന്ന നവഹിന്ദുത്വ

ജനാധിപത്യം സാങ്കേതികമായി വരികയും ഫ്യൂഡല്‍ സംവിധാനം തകരുകയും ചെയ്തിട്ടും ബ്രാഹ്മണരായിത്തീരാന്‍, ഇന്ത്യയിലെ ഫ്യൂഡലിസത്തിന്റെ ഇരകള്‍ കാണിച്ച ബ്രാഹ്മണാനുകരണ പ്രവണതയെ കളിയാക്കുന്ന ഒരു പദപ്രയോഗം മാത്രമെ ആവുന്നുള്ളൂ അത്. വാസ്തവത്തില്‍ ബ്രാഹ്മണവല്‍ക്കരണത്തിന്റെയും ബ്രാഹ്മണാധിപത്യത്തിന്റെയും ജനാധിപത്യത്തില്‍പോലും അത് തുടര്‍ച്ചനേടുന്നതിന്റെയും സാമൂഹികശാസ്ത്രപരമായ ഉള്ളറകളിലേക്കും വെളിച്ചം വീശുന്ന അമ്പേഷണങ്ങള്‍ കുറവാണ്.

സ്വന്തമായി ദൈവങ്ങളും ആചാരങ്ങളും ഉണ്ടെന്നുപറയുമ്പോള്‍ പോലും പുലയരുള്‍പ്പടെ ജാതിശ്രേണിയില്‍ താഴെ നില്‍ക്കുന്നവരുടെയെല്ലാം ആചാരങ്ങളില്‍ ഏറിയും കുറഞ്ഞും ബ്രാഹ്മണ നിര്‍മ്മിത മിത്തുകളും ഐതിഹ്യങ്ങളുമായി കണക്റ്റ് ചെയ്യപ്പെട്ടതാണ്. ഇന്ത്യയില്‍ പലയിടത്തും മുസ്ലീം സമൂഹം പോലും ബ്രാഹ്മണിസത്തിന്റെ മിത്താചാരങ്ങള്‍ക്കകത്ത് നിലനിന്നിരുന്നവരാണ്. ജനാധിപത്യത്തിന്റെ കാലത്താവട്ടെ ആധുനിക/സെക്യുലര്‍ രാഷ്ട്രീയപാര്‍ട്ടികള്‍പോലും ഈ മിത്തുകള്‍ക്കകത്തു നിന്നാണ് രാഷ്ടീയം പ്രവര്‍ത്തിക്കുന്നത്. ഉത്തര കേരളത്തിലെ മുത്തപ്പന്‍തെയ്യത്തിന്റെ അസ്ഥിത്വപരമായ പൊരുത്തക്കേടുകള്‍ അതു വെളിപ്പെടുത്തും. അധഃസ്ഥിതരുടെയും തീയ്യരുടേയും മറ്റും ദൈവമായിരുന്ന മുത്തപ്പന്‍ പിന്നീട് അവരോടൊപ്പം ഹിന്ദുവാകുകയായിരുന്നു. ഇപ്പോള്‍ പുതിയകാലത്ത് ആറുമാസം ആര്‍. എസ്. എസ് ദൈവവും ആറുമാസം സി. പി. എം ദൈവവുമായിതീര്‍ന്നിരിക്കുന്നു. ഉത്തരകേരളത്തിന്റെ രണ്ട് പ്രമുഖ മുത്തപ്പന്‍ സ്ഥാനങ്ങള്‍ നടത്തികൊണ്ടിരിക്കുന്നത് ഈ രണ്ടു രാഷ്ട്രീയ സംഘടനകളാണ്. ഈ പ്രതിഭാസത്തിന്റെ കാരണങ്ങള്‍ ഒരേ സമയം നമ്മുടെ സമൂഹത്തിന്റെയും ജാനാധിപത്യമെന്ന രാഷ്ടീയ സംവിധാനത്തിന്റേയും ഘടനാപരമായ പ്രശ്നങ്ങള്‍ക്കിടയിലാണെന്ന് കാണാം.

Avatar

നിസാര്‍

രാഷ്ട്രീയ നരവംശശാസ്ത്രത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍