UPDATES

ബീഫ് രാഷ്ട്രീയം

ഭരണം കിരണ്‍ ബേദിയുടേത്; ബീഫ് ഫെസ്റ്റ് തടയാന്‍ അരയും തലയും മുറുക്കി പോണ്ടിച്ചേരി സര്‍വകാലാശാല

ബീഫ് കൊണ്ടുവന്നിട്ടുണ്ടോ എന്നറിയാന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികളുടെ ബാഗും വാഹനവുമെല്ലാം പരിശോധിച്ചശേഷം മാത്രമായിരുന്നു കാമ്പസിനുള്ളിലേക്ക് കയറ്റി വിട്ടത്.

പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാലയില്‍ ബീഫ് ഫെസ്റ്റിവല്‍ അനുവദിക്കില്ലെന്ന് സര്‍വകലാശാല അധികൃതര്‍. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് അനുമതി നിഷേധിച്ചതെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കിയതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണ ഉത്തരവിനെതിരേ അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്നലെ സര്‍വകലാശാലയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അധികൃതര്‍ ഇടപെട്ട് ഇതു തടയുകയായിരുന്നു. ബീഫ് ഫൈസ്റ്റ് സംഘടിപ്പിക്കുന്നതിനു മുന്നേ അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരെ ചര്‍ച്ചയ്ക്കു വിളിച്ച് യൂണിവേസിറ്റി അഡ്മിനിസ്‌ട്രേറ്റര്‍ ബീഫ് ഫെസ്റ്റിവല്‍ യൂണിവേസിറ്റിയില്‍ നടത്താന്‍ പറ്റില്ലെന്നും കേന്ദ്രഗവണ്‍മെന്റില്‍ നിന്ന് ശക്തമായ നിര്‍ദ്ദേശം ഉണ്ടെന്നും അറിയിക്കുകയായിരുന്നു.

എന്നാല്‍ അധികൃതരുടെ ആവശ്യം അംഗീകരിക്കാതെ എ.എസ്.എ പ്രവര്‍ത്തകര്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി വരികയും ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കാന്‍ നീക്കം തുടരുകയും ചെയ്തു. ഇതോടെ അധികൃതര്‍ പൊലീസിനെ വിളിച്ചു വരുത്തി വിദ്യാര്‍ത്ഥികളെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. അവധിക്കാലം ആയതിനാല്‍, ഗവേഷക വിദ്യാര്‍ത്ഥികള്‍ മാത്രമേ സര്‍വ്വകലാശാലയില്‍ ഉണ്ടായിരുന്നുള്ളൂ. പ്രതിഷേധിക്കാന്‍ തീരുമാനിച്ച പതിനഞ്ചോളം വരുന്ന വിദ്യാര്‍ത്ഥികളെ നേരിടാന്‍ വന്‍ പൊലീസ് സംഘമാണ് സര്‍വകലാശാലയില്‍ എത്തിയിരുന്നത്. പൊലീസ് സൂപ്രണ്ട്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പോലീസ് സംഘമായിരുന്നു ബീഫ് ഫെസ്റ്റിവല്‍ പ്രതിരോധിക്കാന്‍ കാമ്പസില്‍ എത്തിയതെന്നു വിദ്യാര്‍ത്ഥികള്‍ പറയുന്നു. സര്‍വകലാശാല ഗേറ്റിലും വലിയ സുരക്ഷ മുന്‍കരുതലായിരുന്നു അധികൃതര്‍ എടുത്തിരുന്നത്. ബീഫ് കൊണ്ടുവന്നിട്ടുണ്ടോ എന്നറിയാന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികളുടെ ബാഗും വാഹനവുമെല്ലാം പരിശോധിച്ചശേഷം മാത്രമായിരുന്നു കാമ്പസിനുള്ളിലേക്ക് കയറ്റി വിട്ടത്.

Posted by Srutheesh Kannadi on Freitag, 2. Juni 2017

പോലീസ് ഇടപെടലിനെ തുടര്‍ന്ന് കാമ്പസിനുള്ളില്‍ നടത്താനിരുന്ന ബീഫ് ഫെസ്റ്റ് ‘ഇളങ്കോ അടികള്‍’ ഹോസ്റ്റലിനു മുമ്പില്‍വെച്ച് നടത്താന്‍ തീരുമാനിച്ചെങ്കിലും അതിനും സാധിക്കാതെ വന്നതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമങ്ങളെ സര്‍വകലാശാല ഗേറ്റില്‍ തടയഞ്ഞതായും ഇവര്‍ പറയുന്നു. ഒടുവില്‍ കാമ്പസ് ഗേറ്റിനു വെളിയില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. കാമ്പസിനുള്ളില്‍ ബീഫ് മേള നടത്തുമെന്നായിരുന്നു എഎസ്എ പ്രതിനിധികള്‍ പ്രതിഷേധ കൂട്ടായ്മയില്‍ പ്രഖ്യാപിച്ചത്.

പോണ്ടിച്ചേരി സര്‍വ്വകലാശായില്‍ കുറേനാളായി അഡ്മിനിസ്‌ട്രേഷന്‍ ബിജെപി അനുകൂല നിലപാടുകള്‍ എടുത്തുവരികയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നത്. കഴിഞ്ഞ മാസം ആര്‍എസ്എസ് നേതാവ് തരുണ്‍ വിജയ് പങ്കെടുത്ത ചടങ്ങിന് സര്‍വകലാശാല ഓഡിറ്റോറിയം വിട്ടുകൊടുത്തിരുന്നു. വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തങ്ങള്‍ക്ക് ഓഡിറ്റോറിയം വിട്ടുകൊടുക്കുന്ന പതിവില്ലാത്ത സര്‍വകലാശാലയില്‍, എബിവിപിയുടെ പരിപാടിക്കാണ് ചട്ടങ്ങള്‍ ലംഘിക്കാന്‍ അഡ്മിനിസ്‌ട്രേഷന്‍ തയ്യാറായത്. ഇതിനെതിരേ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരേ ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ മാവോയിസ്റ്റുകളെന്നും ഹിജാബികളെന്നും വിളിച്ച തരുണ്‍ വിജയുടെ പ്രസ്താവന പിന്നീട് വലിയ വിവാദമായിരുന്നു.

യൂണിവേസിറ്റി വൈസ് ചാന്‍സിലറെ ഉടനെ പ്രഖ്യാപിക്കും എന്നുള്ളതിനാല്‍, യൂണിവേസിറ്റി തലപ്പത്തുള്ള മിക്കവരും കേന്ദ്രസര്‍ക്കാറിനെ പ്രീതിപ്പെടുത്തുന്ന നയങ്ങളാണ് പലപ്പോഴും കൈക്കൊള്ളുന്നതെന്നാണ് വിദ്യാര്‍ത്ഥികളുടെ മറ്റൊരാരോപണം. പുതുച്ചേരി ഭരിക്കുന്നത് കോണ്‍ഗ്രസ് ഗവണ്‍മെന്റ് ആണെങ്കിലും, പോലീസ് പലപ്പോഴും നടപടിയെടുക്കുന്നത് ലഫ്റ്റനന്റ് ഗവര്‍ണറും ബിജെപി നേതാവുമായ കിരണ്‍ ബേദിയുടെ ഉത്തരവുകള്‍ അനുസരിച്ചാണെന്നും സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഷാരോണ്‍ പ്രദീപ്‌

ഷാരോണ്‍ പ്രദീപ്‌

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍