‘പ്രായപൂര്‍ത്തിയായാല്‍ പിന്നെ മാതാപിതാക്കള്‍ വേണ്ട എന്ന ഭാവമാണ്’, ‘ഇന്റിപ്പെന്റന്റ് ആകാന്‍ നടക്കുന്നു’ എന്നൊക്കെയായിരുന്നു ഡി.വൈ.എസ്.പിയുടെ പരാമര്‍ശങ്ങള്‍
കോടതി വഴി മാത്രം കേസെടുക്കാന്‍ സാധിക്കുന്ന മാനനഷ്ട പരാതിയില്‍ ഡി.വൈ.എസ്.പി ഓഫീസിലേക്ക് വിളിച്ച് വിശദീകരണം ചോദിക്കുക, അനൗദ്യോഗിക ചര്‍ച്ച എന്ന പേരില്‍ വിളിച്ചുവരുത്തി, സംസാരിക്കാന്‍ അവസരം പോലും നല്‍കാതെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും കൊണ്ടു മൂടുക, വനിത പോലീസിന്റെ അസാന്നിധ്യത്തില്‍ ഹാജരാകാന്‍ നിര്‍ബന്ധിതരാവുക, പ്രായപൂര്‍ത്തിയായവരാണെന്ന വസ്തുത പോലും കണക്കിലെടുക്കാതെ വീണ്ടും മാതാപിതാക്കള്‍ക്കൊപ്പം സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് കൊടുക്കുക, എഫ്.ഐ.ആര്‍ പോലും ഇടാത്ത പരാതിയില്‍ സ്റ്റേറ്റ്‌മെന്റ് രേഖപ്പെടുത്തുക, ഇതിനെല്ലാം പുറമേ ‘ആര്‍ട്ടിക്കിള്‍ 21 ഒക്കെ വ്യക്തമായി പഠിച്ച പ്രായപൂര്‍ത്തിയായ ആളുകളല്ലേ’ എന്ന തരത്തില്‍ പരിഹാസരൂപേണയുള്ള പരാമര്‍ശങ്ങളും – കഴിഞ്ഞ ദിവസങ്ങളില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടു വിദ്യാര്‍ത്ഥിനികള്‍ നേരിടേണ്ടി വന്ന അനുഭവങ്ങളുടെ രത്‌നച്ചുരുക്കമാണിത്. ഹോസ്റ്റല്‍ രജിസ്റ്ററില്‍ ആലപ്പുഴ എന്നു രേഖപ്പെടുത്തി ഗോവയ്ക്ക് യാത്ര ചെയ്തുവെന്ന കാരണം മുന്‍നിര്‍ത്തി ഹോസ്റ്റല്‍ അധികൃതരില്‍ നിന്നും വിദ്യാര്‍ത്ഥിനികള്‍ ‘അച്ചടക്ക നടപടി’ നേരിട്ടത് മാര്‍ച്ച് ആദ്യവാരമായിരുന്നു. അവസാന വര്‍ഷ ബാച്ചിലെ സുഹൃത്തുക്കളുടെ ക്ലാസ് ടൂര്‍ സംഘത്തോടൊപ്പം ചേരാനായി ഗോവയിലേക്ക് തിരിച്ച വിദ്യാര്‍ത്ഥിനികളെക്കുറിച്ച് ഹോസ്റ്റലില്‍ അടിയന്തിര യോഗം വിളിച്ച് അപമാനകരമായ പ്രസ്താവനകള്‍ നടത്തിയതിനു പുറമേയായിരുന്നു അസിസ്റ്റന്‍ വാര്‍ഡന്റെ പുതിയ നടപടികള്‍.
അധ്യാപിക കൂടിയായ ഹോസ്റ്റലിന്റെ അസിസ്റ്റന്റ് വാര്‍ഡന്‍ തങ്ങള്‍ക്കെതിരായി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിപ്പിച്ച അപമാനകരവും തെറ്റിദ്ധാരണാജനകവുമായ കഥകള്‍ക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ രണ്ടു പേരും ഡീനിനെ സമീപിച്ചിരുന്നെങ്കിലും, നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഇതോടെയാണ് വിഷയം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാക്കാനായി ഇരുവരും ഫേസ്ബുക്ക് കുറിപ്പുകള്‍ എഴുതുന്നത്. എന്നാല്‍, തന്റെ പേരു പരാമര്‍ശിച്ചുകൊണ്ടുള്ള കുറിപ്പുകള്‍ തനിക്ക് അപമാനമുണ്ടാക്കുന്നുവെന്നു കാണിച്ച് അധ്യാപിക മാനനഷ്ടക്കേസ് കൊടുക്കുന്നുണ്ടെന്നും, പരാതി കിട്ടിയിട്ടുണ്ടെന്നും സൂചിപ്പിച്ച് വിദ്യാര്‍ത്ഥിനികളെ ഡി.വൈ.എസ്.പി ഓഫീസിലേക്ക് വിളിപ്പിക്കുകയാണുണ്ടായത്. കോടതി മുഖാന്തിരം മാത്രം നീങ്ങാവുന്ന മാനനഷ്ടക്കേസില്‍ പോലീസ് ഇടപെട്ടതെങ്ങനെയാണെന്നും, യഥാര്‍ത്ഥത്തില്‍ നടന്ന സംഭവങ്ങള്‍ വിവരിച്ചപ്പോള്‍ അത് അപമാനകരമായി അധ്യാപികയ്ക്കു തോന്നിയത് എങ്ങനെയാണെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ചോദ്യം. എന്നാല്‍, പരാതി ലഭിച്ചിട്ടുണ്ടെന്നും, വേണമെങ്കില്‍ നടപടി കൈക്കൊള്ളാവുന്നതാണെന്നും, കോടതിയുടെ അനുമതി വാങ്ങിച്ചെടുക്കാവുന്നതേയുള്ളൂവെന്നും വിശദീകരിച്ചുകൊണ്ട് വയനാട് ഡി.വൈ.എസ്.പി വിദ്യാര്‍ത്ഥിനികളോടു നടത്തിയ സംഭാഷണത്തിന്റെ ഉള്ളടക്കമാണ് അതിലുമേറെ വിചിത്രം.
അധ്യാപികയ്‌ക്കെതിരായ ഫേസ്ബുക്ക് കുറിപ്പുകള്‍ പിന്‍വലിച്ച് മാപ്പു പറഞ്ഞ് പ്രശ്‌നം തീര്‍ക്കണമെന്ന ആവശ്യവുമായി ഡി.വൈ.എസ്.പി ഇരുവരോടും നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ സമൂഹമാധ്യമങ്ങളിലൂടെ വിദ്യാര്‍ത്ഥിനികള്‍ തന്നെ പുറത്തുവിട്ടിരുന്നു. ഇത്തരമൊരു കേസില്‍ വിദ്യാര്‍ത്ഥിനികളെ ഡി.വൈ.എസ്.പി ഓഫീസിലേക്ക് വിളിച്ചുവരുത്തി സ്റ്റേറ്റ്‌മെന്റുകള്‍ എടുക്കുന്നത് നിയമവിധേയമല്ലെന്നിരിക്കേ, വനിതാ പൊലീസിന്റെ പോലും അഭാവത്തിലാണ് കഴിഞ്ഞ ദിവസം ഈ വിശദീകരണം ചോദിക്കല്‍ നടന്നിരിക്കുന്നതെന്നാണ് വാസ്തവം. വിഷയം സംസാരിച്ചു തീര്‍ക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും, അധ്യാപികയ്ക്ക് അവരുടെ ജോലി നിര്‍ദ്ദേശിക്കുന്ന ചട്ടക്കൂടിനകത്തു നിന്നുകൊണ്ടു മാത്രമേ പെരുമാറാനാകൂ എന്നു മനസ്സിലാക്കണമെന്നും ഡി.വൈ.എസ്.പി വിദ്യാര്‍ത്ഥിനികളോടു പറയുന്നുണ്ട്. അപമാനകരമായി പോസ്റ്റുകളില്‍ ഒന്നുമില്ലെന്നും, വസ്തുതകള്‍ മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നതെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുമ്പോഴാകട്ടെ, അപമാനം എന്താണെന്ന് നിര്‍ണയിക്കുന്നത് വ്യക്തിയാണെന്നും പരാമര്‍ശിക്കപ്പെട്ട വ്യക്തിക്ക് അപമാനകരമായി തോന്നുന്നുണ്ടെങ്കില്‍, അത് അങ്ങനെതന്നെയാണ് പരിഗണിക്കപ്പെടുക എന്നുമാണ് ഡി.വൈ.എസ്.പിയുടെ പ്രതികരണം. എന്നാല്‍, ഹോസ്റ്റലില്‍ തങ്ങള്‍ക്കെതിരെ അപവാദ പ്രചരണം നടത്തിയത് തങ്ങള്‍ക്ക് അപമാനകരമായി തോന്നിയിട്ടുണ്ടെങ്കില്‍ അതും കുറ്റകരമല്ലേ എന്ന വിദ്യാര്‍ത്ഥിനികളുടെ ചോദ്യത്തിനു മാത്രം വ്യക്തമായ ഉത്തരമില്ല.
‘ഹോസ്റ്റല്‍ ഡിസിപ്ലിന്‍’, ‘പെര്‍മിഷന്‍’, ‘അനുമതി ലഭിച്ചിട്ടുണ്ടോ’, തുടങ്ങിയ പരാമര്‍ശങ്ങളാണ് ഡി.വൈ.എസ്.പിയുടെ ഭാഗത്തുനിന്നും ഏറെയുണ്ടായിട്ടുള്ളത്. ഹോസ്റ്റലിലെ നിയമങ്ങള്‍ വിദ്യാര്‍ത്ഥിനികളുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാകരുത് എന്ന ഹൈക്കോടതിയുടെ വിധിന്യായം പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് പോലീസുദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുമുള്ള ഇത്തരം വാദങ്ങളും ഉപദേശങ്ങളും. ആലപ്പുഴയിലേക്ക് പോകുന്നു എന്ന് മൂവ്‌മെന്റ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയ വിദ്യാര്‍ത്ഥിനികള്‍ ഗോവയിലേക്ക് പോയി എന്നത് ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാട്ടുമ്പോഴും, പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥിനികളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന മൂവ്‌മെന്റ് രജിസ്റ്റര്‍ എന്ന കാലഹരണപ്പെട്ട നിയമത്തെ പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. 21 വയസ്സായി എന്നതില്‍ കാര്യമില്ല, ഒരു സ്ഥാപനത്തില്‍ പഠിക്കുമ്പോള്‍ അവിടുത്തെ നിയമങ്ങള്‍ പാലിക്കണം, അതിനു സാധിക്കുന്നില്ലെങ്കില്‍ പുറത്തു പോകണം എന്നും ഹോസ്റ്റല്‍ അധികൃതര്‍ക്ക് വിദ്യാര്‍ത്ഥിനികളുടെ കാര്യത്തില്‍ ബാധ്യതയുണ്ടെന്നുമടക്കമുള്ള പല ന്യായങ്ങളും ഡി.വൈ.എസ്.പി നിരത്തുന്നതായും വിദ്യാര്‍ത്ഥിനികള്‍ പറയുന്നുണ്ട്.
വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ഹോസ്റ്റലിലെ അസിസ്റ്റന്റ് വാര്‍ഡനും രക്ഷാകര്‍ത്താക്കളുടെ പ്രതിനിധികളും പങ്കെടുത്ത ഡി.വൈ.എസ്.പി ഓഫീസിലെ ചര്‍ച്ചയില്‍, ഹോസ്റ്റലില്‍ ജനറല്‍ ബോഡി യോഗം വിളിച്ച് വിദ്യാര്‍ത്ഥികള്‍ ‘സ്ത്രീത്വത്തിന് അപമാനകരമായ പ്രവൃത്തികള്‍’ ചെയ്യുന്നുവെന്നടക്കം പറഞ്ഞിരുന്ന അധ്യാപിക അതു പാടേ നിഷേധിക്കുകയാണുണ്ടായത്. അധ്യാപിക തങ്ങളെ അപമാനിച്ചതിനും മാനനഷ്ടമുണ്ടാക്കിയതിനുമെതിരെ പ്രതികരിക്കേണ്ടേ എന്നു വിദ്യാര്‍ത്ഥികള്‍ തിരിച്ചു ചോദിപ്പോഴായിരുന്നു മീറ്റിംഗില്‍ നടന്ന കാര്യങ്ങള്‍ നിഷേധിച്ചുകൊണ്ടുള്ള മറുപടി. യോഗത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ പറഞ്ഞത് നേരെ മറിച്ചാണെന്ന് വിദ്യാര്‍ത്ഥിനികള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ‘നിങ്ങള്‍ നേരിട്ടു കേള്‍ക്കാത്ത കാര്യത്തെപ്പറ്റി സംസാരിക്കേണ്ട’ എന്നും ഉദ്യോഗസ്ഥന്‍ പറയുന്നുണ്ട്. ചര്‍ച്ചയിലുടനീളം തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പോലും ഡി.വൈ.എസ്.പി തയ്യാറായില്ലെന്നും, അധ്യാപികയ്ക്ക് ഉദ്യോഗസ്ഥരുമായി നേരിട്ടു പരിചയമുണ്ടോ എന്നു പോലും സംശയിക്കുന്നെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മൂവ്‌മെന്റ് രജിസ്റ്റര്‍ കുട്ടികള്‍ കാര്യമായെടുക്കാറില്ലെന്ന വിദ്യാര്‍ത്ഥിനികളുടെ നിലപാടിന്, ചാരായക്കേസിലെ പ്രതികളെപ്പോലെ പെരുമാറരുത് എന്നായിരുന്നു ഡി.വൈ.എസ്.പിയുടെ ഉപദേശം.
‘പ്രായപൂര്‍ത്തിയായാല്‍ പിന്നെ മാതാപിതാക്കള്‍ വേണ്ട എന്ന ഭാവമാണ്’, ‘ഇന്റിപ്പെന്റന്റ് ആകാന്‍ നടക്കുന്നു’ എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളിലൂടെ വിദ്യാര്‍ത്ഥിനികളുടെ മൗലികാവകാശപ്രശ്‌നങ്ങളെ പാടേ തള്ളിക്കളയുകയും, ഹോസ്റ്റലിലെ നിയമങ്ങളുടെ അപര്യാപ്തതകളെക്കുറിച്ച് സൂചിപ്പിക്കാന്‍ പോലും അനുവദിക്കാതിരിക്കുകയും ചെയ്ത ഡി.വൈ.എസ്.പിയുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനികള്‍ ചോദിക്കുന്നു. പരാതി ലഭിച്ചാല്‍പ്പോലും കോടതിവഴിയല്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത, നിലവില്‍ എഫ്.ഐ.ആര്‍ പോലുമിട്ടിട്ടില്ലാത്ത കേസില്‍ എന്തിനാണ് തങ്ങളുടെ സ്‌റ്റേറ്റ്‌മെന്റ് രേഖപ്പെടുത്തിയതെന്നും ഇവര്‍ക്ക് ചോദിക്കാനുണ്ട്. പോലീസിനെ ഇടപെടുത്തി തങ്ങളെ ഭയപ്പെടുത്താനുള്ള നീക്കമാണെന്ന് തിരിച്ചറിയുന്നതായും, തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതിലെ തെറ്റെന്താണെന്ന് മനസ്സിലാകുന്നില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നുണ്ട്. പോസ്റ്റുകള്‍ പിന്‍വലിച്ച് മാപ്പു പറയാനായിരുന്നു അധ്യാപികയുടെയും ഡി.വൈ.എസ്.പിയുടെയും ആവശ്യമെങ്കിലും, അധ്യാപികയുടെ പേര് ഒഴിവാക്കാമെന്നല്ലാതെ പിന്‍വലിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് വിദ്യാര്‍ത്ഥിനികള്‍ അറിയിച്ചിരുന്നു. അടുത്ത ദിവസം മാതാപിതാക്കള്‍ക്കൊപ്പം വൈത്തിരി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസുകാര്‍ ഹോസ്റ്റലിലെത്തി ആവശ്യപ്പെട്ടിരുന്നെങ്കിലും, വിദ്യാര്‍ത്ഥിനികള്‍ നിര്‍ദ്ദേശം സ്വീകരിച്ചിട്ടില്ല.
കേരളവര്‍മ്മ കോളേജിലടക്കം പെണ്‍കുട്ടികള്‍ക്കുള്ള കാലഹരണപ്പെട്ട ഹോസ്റ്റല്‍ നിയമങ്ങള്‍ എടുത്തുകളയാന്‍ പുതിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സമരങ്ങള്‍ നടക്കുമ്പോഴാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പെണ്‍കുട്ടികള്‍ ‘മൂവ്‌മെന്റ് രജിസ്റ്റര്‍ തിരുത്തിയെഴുതി’ എന്ന ‘കുറ്റത്തിന്’ പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങേണ്ടിവരുന്നത്. വിദ്യാര്‍ത്ഥിനികള്‍ എങ്ങോട്ടു പോകുന്നു, എപ്പോള്‍ തിരിച്ചെത്തുന്നു എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ലക്ഷ്യം വച്ചുള്ള മൂവ്‌മെന്റ് രജിസ്റ്റര്‍ എന്ന ആശയം തന്നെ എടുത്തുമാറ്റുന്നതിനെ പറ്റി ചിന്തിക്കേണ്ടിടത്താണ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരായി കടുത്ത നടപടികള്‍ എടുക്കപ്പെടുന്നത്. പുരുഷന്മാരുടെ ഹോസ്റ്റലിലില്ലാത്ത ഇത്തരം കീഴ്‌വഴക്കങ്ങള്‍ സ്ത്രീകളുടെ ഹോസ്റ്റലിലും വേണ്ടെന്ന കൃത്യമായ നിര്‍ദ്ദേശമാണ് ഹൈക്കോടതി വിധിയിലുണ്ടായിരുന്നത്. ഈ സാഹചര്യത്തിലും പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ സ്വതന്ത്രമായി സഞ്ചരിച്ചതിന്റെ പേരില്‍ നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങള്‍ ഇത്രയേറെയാണ്.