UPDATES

ട്രെന്‍ഡിങ്ങ്

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനികളെ വ്യക്തിഹത്യ ചെയ്ത് ഹോസ്റ്റല്‍ അധികൃതര്‍; ഗോവയില്‍ പോയി ‘സ്ത്രീത്വത്തെ അപമാനിച്ചെ’ന്ന് പ്രചരണം

വീട്ടുകാരെ വിളിപ്പിക്കുകയും മറ്റു വിദ്യാര്‍ത്ഥികളുടെ ഇടയില്‍ തങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള നിറം പിടിപ്പിച്ച കഥകള്‍ പറഞ്ഞു പരത്തുകയുമാണ് ഹോസ്റ്റലിലെ അസിസ്റ്റന്റ് വാര്‍ഡനടക്കമുള്ളവര്‍ ചെയ്തിരിക്കുന്നതെന്നാണ് വിദ്യാര്‍ത്ഥിനികള്‍ ഉന്നയിക്കുന്ന പരാതി.

ശ്രീഷ്മ

ശ്രീഷ്മ

സംസ്ഥാനത്തെ പല കലാലയങ്ങളുടെ ഹോസ്റ്റലുകളിലും വിദ്യാര്‍ത്ഥിനികളായ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന ‘സദാചാരപൊലീസിംഗി’ന്റെയും ‘അച്ചടക്കം പഠിപ്പിക്കലി’ന്റേയും കഥകള്‍ കഴിഞ്ഞ ദിവസങ്ങളിലായാണ് സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായത്. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റല്‍ സമയത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും, ഒടുവില്‍ അധികൃതര്‍ക്ക് സ്ത്രീ-പുരുഷ ഹോസ്റ്റലുകളുടെ സമയക്രമം തുല്യമാക്കുകയും ചെയ്യേണ്ടി വന്നിരുന്നു. ഇതിനെത്തുടര്‍ന്ന് വിവിധ ജില്ലകളിലെ പ്രമുഖ കോളേജുകളില്‍ ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ പുകഞ്ഞു തുടങ്ങിയിരുന്നു. തലശ്ശേരി ബ്രണ്ണന്‍ കോളേജടക്കമുള്ളയിടങ്ങളില്‍ വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലിലെ തുല്യാവകാശങ്ങള്‍ക്കായി സമരരംഗത്തിറങ്ങുകയും ചെയ്തു. പെണ്‍കുട്ടികളുടെ വസ്ത്രധാരണ രീതിയും സഞ്ചാരപഥവും തുടങ്ങി കൂട്ടുകെട്ടുകള്‍ക്കു വരെ നിയമം മൂലം നിയന്ത്രണമേര്‍പ്പെടുത്തുന്ന ഇത്തരം ഹോസ്റ്റലുകളെക്കുറിച്ചുള്ള തുറന്നു പറച്ചിലുമായി നിരവധി വിദ്യാര്‍ത്ഥിനികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നത്. ഹോസ്റ്റല്‍ മാനേജ്മെന്റുകള്‍ വിദ്യാര്‍ത്ഥിനികള്‍ക്കു വരയ്ക്കുന്ന നിയന്ത്രണ രേഖകളുടെയും, അതു ലംഘിച്ചാല്‍ അഴിച്ചുവിടുന്ന വ്യക്തിഹത്യയുടെയും പുതിയ കഥകള്‍ കേള്‍ക്കുന്നത് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ നിന്നുമാണ്.
. ഇനി ഇരുട്ടുന്നതിന് മുമ്പ് ആരും ഇവരെ ഹോസ്റ്റല്‍ മുറികളില്‍ അടച്ചിടില്ല: പുറത്തുപോകാം, സിനിമ കാണാം, രാത്രിയിലെ നഗരം കാണാം

ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന രണ്ടു വിദ്യാര്‍ത്ഥിനികള്‍ ഗോവയിലേക്ക് തനിച്ചു സഞ്ചരിച്ചതിന്റെ പേരിലാണ് ഹോസ്റ്റല്‍ അധികൃതരില്‍ നിന്നും ‘അച്ചടക്ക നടപടികള്‍’ നേരിടുന്നത്. രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവും പഠിക്കുന്ന രണ്ടു വിദ്യാര്‍ത്ഥിനികള്‍ കഴിഞ്ഞ ദിവസം സീനിയര്‍ സുഹൃത്തുക്കളുടെ കോളേജ് ടൂര്‍ സംഘത്തോടൊപ്പം ഒരു ദിവസം ചേരാനായി ഗോവയിലേക്ക് പോയിരുന്നു. ഗോവയിലെത്തി സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവിട്ട വിദ്യാര്‍ത്ഥിനികളെക്കുറിച്ച് തെറ്റിദ്ധാരണാജനകവും വ്യക്തിഹത്യപരവുമായ കഥകള്‍ പ്രചരിപ്പിക്കുന്നത് ഹോസ്റ്റല്‍ അധികൃതര്‍ തന്നെയാണ്. വിദ്യാര്‍ത്ഥിനികള്‍ പുറത്തേക്കിറങ്ങുമ്പോള്‍ പോകുന്നയിടം രേഖപ്പെടുത്തി വയ്ക്കേണ്ട ‘മൂവ്മെന്റ് രജിസ്റ്റര്‍’ സൂക്ഷിക്കുന്ന കോളേജ് ഹോസ്റ്റലാണിത്. രജിസ്റ്ററില്‍ സൂചിപ്പിക്കാതെയാണ് വിദ്യാര്‍ത്ഥിനികള്‍ ഗോവയ്ക്കു യാത്ര ചെയ്തിരിക്കുന്നതെന്നും, ‘സ്ത്രീത്വത്തിന് അപമാനകരമായ’ പ്രവൃത്തികളിലാണ് അവിടെവച്ച് ഇവര്‍ ഏര്‍പ്പെട്ടതെന്നുമാണ് ഹോസ്റ്റല്‍ അധികൃതരുടെ വാദമെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. തങ്ങളോട് സംസാരിക്കുകയോ വിവരമാരായുകയോ ചെയ്യാതെ, വീട്ടുകാരെ വിളിപ്പിക്കുകയും മറ്റു വിദ്യാര്‍ത്ഥികളുടെ ഇടയില്‍ തങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള നിറം പിടിപ്പിച്ച കഥകള്‍ പറഞ്ഞു പരത്തുകയുമാണ് ഹോസ്റ്റലിലെ അസിസ്റ്റന്റ് വാര്‍ഡനടക്കമുള്ളവര്‍ ചെയ്തിരിക്കുന്നതെന്നാണ് വിദ്യാര്‍ത്ഥിനികള്‍ ഉന്നയിക്കുന്ന പരാതി.

നടപടി നേരിടുന്ന വിദ്യാര്‍ത്ഥികളിലൊരാള്‍ (അധികൃതരെ ഭയന്ന് പേര് പരസ്യപ്പെടുത്താന്‍ വിദ്യാര്‍ത്ഥിനികള്‍ ആഗ്രഹിക്കുന്നില്ല) സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ: “കോളേജിലെ പതിനാലാം ബാച്ചിന്റെ ടൂറാണ് നടന്നിരുന്നത്. അവര്‍ ഗോവയിലെത്തിയപ്പോഴാണ് അവര്‍ക്കൊപ്പം ചേരാന്‍ ഞങ്ങളും പോയത്. ഞങ്ങള്‍ മാത്രമല്ല, മെയില്‍ ഹോസ്റ്റലില്‍ നിന്നുള്ള ആണ്‍കുട്ടികളും ഒപ്പമുണ്ടായിരുന്നു. ഹോസ്റ്റലിലെ മൂവ്മെന്റ് രജിസ്റ്ററില്‍ എഴുതിയത് ആലപ്പുഴയ്ക്ക് പോകുന്നു എന്നാണ്. സത്യത്തില്‍ ആലപ്പുഴയ്ക്കു പോകാനുദ്ദേശിച്ചു തന്നെയാണ് ഹോസ്റ്റലില്‍ നിന്നുമിറങ്ങിയത്. സുഹൃത്തിന്റെ ചേച്ചിയുടെ കല്യാണം ആലപ്പുഴയില്‍ വച്ചു നടക്കുന്നുണ്ടായിരുന്നു. അതില്‍ പങ്കെടുക്കാനാണ് പോയത്. കോഴിക്കോട്ടെത്തിയപ്പോഴാണ് സീനിയര്‍ സുഹൃത്തുക്കള്‍ ഗോവയിലെത്തി എന്നറിയിച്ചു വിളിച്ചത്. അങ്ങനെയാണ് പദ്ധതി മാറ്റി ഗോവയ്ക്കു പോയത്. അവിടെയെത്തി കുറച്ചു സ്ഥലത്തൊക്കെ പോയതിനു ശേഷം പത്തുമണിക്കുള്ളില്‍ ഹോട്ടലില്‍ കയറുകയും ചെയ്തു. തിരികെ വരുന്ന വഴിക്കാണ് അവിടെ ടൂര്‍ സംഘത്തോടൊപ്പമുണ്ടായിരുന്ന ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ ഞങ്ങളെ കണ്ടത്. ടൂറിന്റെ ചുമതലയുള്ള സാറാണ്. ആ സാറാണ് ഹോസ്റ്റലില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നാണ് പറയുന്നത്. ഉടനെ ഹോസ്റ്റലിന്റെ അസിസ്റ്റന്റ് വാര്‍ഡന്‍ ചെയ്തത് ഞങ്ങളോട് കാര്യങ്ങള്‍ തിരക്കുകയല്ല, ഉടന്‍ തന്നെ ജനറല്‍ ബോഡി മീറ്റിംഗ് വിളിക്കുകയാണ്. കുട്ടികളോട് സംസാരിക്കാന്‍ ലജ്ജയുണ്ടെന്നും, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഞങ്ങള്‍ അവിടെ ചെയ്തുകൂട്ടിയതെന്നും, ‘ഫേസ്ബുക്കിലും വാട്സ്ആപ്പിലുമെല്ലാം ഈ പെണ്‍കുട്ടികള്‍ പടച്ചുവിടുന്നത് ഞങ്ങള്‍ കാണുന്നുണ്ട്’ എന്നുമെല്ലാമാണ് മീറ്റിംഗില്‍ അവര്‍ പറഞ്ഞത്. കൃത്യമായും ഞങ്ങളെ വ്യക്തിപരമായി അപമാനിക്കുന്ന പരാമര്‍ശങ്ങളാണ്.”


അധ്യാപകന്‍ ‘റിപ്പോര്‍ട്ട്’ ചെയ്തതനുസരിച്ച് വിദ്യാര്‍ത്ഥികളോട് സംസാരിക്കുക പോലും ചെയ്യാതെ നടത്തിയ മീറ്റിംഗിന്റെ വിവരങ്ങള്‍ പോലും പിന്നീട് സുഹൃത്തുക്കള്‍ വിളിച്ചു പറഞ്ഞ ശേഷമാണ് ഈ വിദ്യാര്‍ത്ഥിനികള്‍ അറിയുന്നത്. വിദ്യാര്‍ത്ഥികളോട് കാര്യമന്വേഷിക്കാതെ തന്നെ വീട്ടില്‍ വിളിച്ച് വിവരം പറയുകയും ചെയ്തു. തിരികെയെത്തിയ വിദ്യാര്‍ത്ഥിനികളോട് ഹോസ്റ്റലില്‍ കയറേണ്ട എന്നും അസിസ്റ്റന്റ് വാര്‍ഡന്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇതു വകവയ്ക്കാതെ ഇവര്‍ ഹോസ്റ്റലില്‍ കയറുകയും ചെയ്തു. തിരികെയെത്തിയതിനു ശേഷം തങ്ങള്‍ കേട്ട കഥകള്‍ വളരെ വ്യത്യസ്തമായിരുന്നുവെന്ന്  വിദ്യാര്‍ത്ഥി പറയുന്നു. “എന്താണ് അവിടെ നടന്നതെന്ന് അന്വേഷിക്കുകയോ ഞങ്ങളോട് കാര്യം തിരക്കുകയോ ചെയ്തിട്ടില്ല. പിറ്റേ ദിവസം തന്നെ ഞങ്ങള്‍ ഗോവയില്‍ നിന്നും തിരികെ പോരുകയും ചെയ്തു. ഇവിടെ വന്നതിനു ശേഷം ഞങ്ങള്‍ കേട്ട കഥകളൊക്കെ വേറെയാണ്. കാര്യങ്ങളെ വളച്ചൊടിച്ച് പല വേര്‍ഷനുകളും ഇവിടെ കേട്ടു. നേരത്തേയും പല പ്രശ്നങ്ങളുണ്ടായിട്ടുള്ള ഹോസ്റ്റലാണ്. കുട്ടികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. അപ്പോഴൊന്നും വിളിക്കാതിരുന്ന അടിയന്തിര മീറ്റിംഗ് അസിസ്റ്റന്റ് വാര്‍ഡന്‍ വിളിച്ചത് ഞങ്ങള്‍ക്കെതിരെ സംസാരിക്കാനാണ്.”

‘ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഫെമിനിസം പറയുന്ന വിദ്യാര്‍ത്ഥിനികള്‍ ചെയ്യുന്നത് ഇതെല്ലാമാണ്’ എന്ന തരത്തില്‍ അങ്ങേയറ്റം അപമാനകരമായ കാര്യങ്ങളാണ് മീറ്റിംഗില്‍ അസിസ്റ്റന്‍ വാര്‍ഡന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സംസാരിച്ചിരുന്നത്. സുഹൃത്തുക്കളെ കാണാനായി ഗോവ വരെ യാത്ര ചെയ്ത പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന കഥകള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിപ്പിച്ചതും ഹോസ്റ്റല്‍ അധികൃതര്‍ തന്നെ.

Also Read: ലേഡീസ് ഹോസ്റ്റലുകളിലെ ‘വഴിതെറ്റി’ നടക്കുന്ന പെൺകുട്ടികൾ സംസാരിക്കുന്നു

മാതാപിതാക്കളെ വിളിച്ചറിയിക്കാന്‍ നമ്പര്‍ ചോദിച്ചപ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ നല്‍കിയിരുന്നില്ലെങ്കിലും, ഹോസ്റ്റല്‍ അധികൃതര്‍ വീടുകളില്‍ വിളിച്ച് അറിയിച്ചിരുന്നു. മൂവ്മെന്റ് രജിസ്റ്ററില്‍ തെറ്റായ വിവരം നല്‍കിയെന്നാരോപിച്ച് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ എന്‍ക്വയറി കമ്മറ്റിയെ നിയോഗിച്ചിരിക്കുകയാണ് കോളേജ് അധികൃതര്‍. വകുപ്പു മേധാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മീറ്റിംഗ് വിളിക്കുകയും, ഡീന്‍ വിദ്യാര്‍ത്ഥിനികളെ വിളിച്ചു സംസാരിക്കുകയും ചെയ്തു. അതേസമയം, അസിസ്റ്റന്റ് വാര്‍ഡന്‍ ലീബയ്ക്കെതിരെ ഡീനിന് പരാതി നല്‍കിയിട്ടുണ്ട് വിദ്യാര്‍ത്ഥിനികള്‍. രജിസ്റ്ററില്‍ കൃത്യമായ വിവരം എഴുതാതെ പുറത്തു പോയത് തെറ്റാണെന്നു തന്നെയാണ് ഡീനിന്റെ പക്ഷമെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. ഇതിന്റെ പേരില്‍ വാണിംഗ് ഉണ്ടാകുമെന്നും, വിശദീകരണം നല്‍കേണ്ടി വരുമെന്നും ഡീന്‍ ഇവരെ അറിയിച്ചിട്ടുണ്ട്. ഹോസ്റ്റലിനു പുറത്ത് സ്വതന്ത്രമായി സഞ്ചരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അന്വേഷണ കമ്മറ്റിയെ നിയോഗിക്കുന്നത് അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനം തന്നെയായാണ് വിലയിരുത്തപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന മെയില്‍ ഹോസ്റ്റല്‍ നിവാസികള്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലാത്തതിനാല്‍ പ്രത്യേകിച്ചും.


മുന്‍പും സമാനമായ പല പ്രശ്നങ്ങളും സദാചാര ഇടപെടലുകളും നടന്നിട്ടുള്ളയിടമാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയും സ്ത്രീകളുടെ ഹോസ്റ്റലും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് ഹോസ്റ്റല്‍ സമയത്തില്‍ മാറ്റം കൊണ്ടു വന്നിട്ടുണ്ടെങ്കിലും, പൂക്കോട് ഇപ്പോഴും ഏഴുമണിയാണ് സ്ത്രീകള്‍ ഹോസ്റ്റലില്‍ പ്രവേശിക്കേണ്ട സമയം. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഇത് ഒമ്പതരയാണു താനും. മുന്‍പൊരിക്കല്‍ വീട്ടില്‍ നിന്നും തിരികെ ഹോസ്റ്റലിലെത്തിയ ഒരു സംഘം വിദ്യാര്‍ത്ഥിനികളെ, ഏഴു മണി കഴിഞ്ഞുപോയി എന്ന കാരണത്താല്‍ ഗേറ്റു പൂട്ടി പുറത്തു നിര്‍ത്തിയ ചരിത്രവും ഈ ഹോസ്റ്റലിനുണ്ട്. അധികൃതര്‍ വാദിക്കുന്നതു പോലെ വിദ്യാര്‍ത്ഥിനികളുടെ സുരക്ഷയെക്കരുതിയാണ് ഏഴുമണിയെന്ന സമയം നിശ്ചയിച്ചിരിക്കുന്നതെങ്കില്‍, അസിസ്റ്റന്റ് വാര്‍ഡന്‍ വരുന്നതു വരെ അന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് ഗേറ്റിനു പുറത്തു നില്‍ക്കേണ്ടിവരില്ലായിരുന്നല്ലോ എന്നും വിദ്യാര്‍ത്ഥിനികള്‍ ചോദിക്കുന്നുണ്ട്. ഇത്തരം നിയമങ്ങളെല്ലാം അനുസരിച്ചോളാമെന്ന് എഴുതിവാങ്ങിക്കുന്ന സമ്മതപത്രത്തില്‍ അഡ്മിഷന്‍ സമയത്ത് വിദ്യാര്‍ത്ഥിനികളെക്കൊണ്ടും മാതാപിതാക്കളെക്കൊണ്ടും എഴുതിവാങ്ങിക്കുന്നുമുണ്ട്. ഹോസ്റ്റലിലെ ഇത്തരം കരിനിയമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിരുന്നവരുടെ കൂട്ടത്തിലുള്ള വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ തന്നെയാണ് ഇപ്പോള്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കപ്പെടുന്നതും. വിദ്യാര്‍ത്ഥിനികള്‍ ഇക്കാര്യം കാണിച്ചും ഡീനിനു പരാതി നല്‍കിയിട്ടുണ്ട്. ഹോസ്റ്റല്‍ അധികൃതര്‍ തന്നെ ചുക്കാന്‍ പിടിക്കുന്ന ദുഷ്പ്രചരണങ്ങളും വ്യക്തിഹത്യയും അവസാനിപ്പിക്കണമെന്നതാണ് വിദ്യാര്‍ത്ഥിനികളുടെ ആവശ്യം. പെണ്‍കുട്ടികള്‍ക്ക് ധാരാളം സദാചാര പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്ന ക്യാംപസ്സില്‍, ഇക്കാര്യങ്ങള്‍ തുറന്നുപറയാനുള്ള ഭയം എല്ലാവര്‍ക്കുമുണ്ട്. അക്കാദമിക കാര്യങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം കോളേജ് അധികൃതരുടെ കൈയ്ക്കുള്ളിലായതിനാല്‍, പലരും മിണ്ടാതിരിക്കുകയാണെന്നും ഇവര്‍ പറയുന്നു.

ഹോസ്റ്റലില്‍ വച്ച് വിദ്യാര്‍ത്ഥിനികള്‍ നേരിട്ട അപമാനകരമായ പരാമര്‍ശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അസിസ്റ്റന്റ് വാര്‍ഡന്‍ ലീബയും തയ്യാറായില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ താന്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നതിനാല്‍ ഇത്തരം വിഷയങ്ങളോട് പ്രതികരിക്കാന്‍ പരിമിതിയുണ്ടെന്നായിരുന്നു അസിസ്റ്റന്റ് വാര്‍ഡന്റെ പക്ഷം.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍