UPDATES

തപാല്‍ ജീവനക്കാര്‍ പണിമുടക്കിലാണ്; ആരെങ്കിലും അറിയുന്നുണ്ടോ?

ഗവണ്മെന്‍റ് ഇടപാടുകള്‍ പൂര്‍ണ്ണമായും തപാല്‍ വകുപ്പ് വഴിയാണെന്നിരിക്കെ ഇത്രയും ലാഘവത്തോടെ ഒരു തൊഴില്‍ സമരത്തെ നോക്കിക്കാണാന്‍ എങ്ങനെ കഴിയുന്നു എന്ന് പ്രതിഷേധക്കാർ ചോദിക്കുന്നു

ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജി.ഡി.എസ് ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നടത്തുന്ന അനിശ്ചിതകാല തപാൽ സമരം തുടരുകയാണ്. നാഷനല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസ്, ഫെഡറേഷന്‍ ഓഫ് നാഷനല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്‍സ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ തുടങ്ങിയ പണിമുടക്കിന് വിവിധ ട്രേഡ് യൂനിയനുകളുടെ പിന്തുണയുണ്ട്. ഒന്നര വര്‍ഷം മുന്‍പ് കമലേഷ് ചന്ദ്ര കമ്മറ്റി ശമ്പള പരിഷ്കരണത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് കൊടുത്തിട്ടും ഇതുവരെ അത് നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയാത്തതാണ് ഇപ്പോഴത്തെ സമരത്തിന്‌ കാരണം.

ഗവണ്മെന്‍റ് ഇടപാടുകള്‍ പൂര്‍ണ്ണമായും തപാല്‍ വകുപ്പ് വഴിയാണെന്നിരിക്കെ ഇത്രയും ലാഘവത്തോടെ ഒരു തൊഴില്‍ സമരത്തെ നോക്കിക്കാണാന്‍ എങ്ങനെ കഴിയുന്നു എന്ന് പ്രതിഷേധക്കാർ ചോദിക്കുന്നുണ്ട്.

കവിയും നവമാധ്യമ പ്രവർത്തകനുമായ ഹരിശങ്കർ പണിമുടക്കുന്ന തപാൽ ജീവനക്കാരിലൊരാളുമായി നടത്തിയ സംഭാഷണം.

ഹരിശങ്കർ: നിങ്ങളെന്തിനാണ് സമരം ചെയ്യുന്നത്?

തുല്യജോലിക്ക് തുല്യവേതനം എന്ന സങ്കല്പനം പല പതിറ്റാണ്ടുകൾക്ക് മുന്നേ തന്നെ ജനാധിപത്യസമൂഹങ്ങൾ സ്വീകരിച്ച മനുഷ്യാവകാശവും തൊഴിൽ നീതിയുമാണ്.

ന്യായം, പക്ഷേ അതിവിടെ പറയേണ്ട കാര്യം?

അതിനോട് ചേരാത്ത ചുരുക്കം മേഖലകളെങ്കിലും ഇന്നുമുണ്ടെങ്കിലും, ഇന്ത്യൻ സർക്കാരിനു കീഴിൽത്തന്നെ പതിറ്റാണ്ടായി അത് ലംഘിക്കപ്പെടുന്ന നമുക്ക് പരിചിതമായ മേഖലയാണ് തപാൽ വകുപ്പ്.

ശരിക്കും?

വൈദ്യുതിയോ അടിസ്ഥാന സൗകര്യങ്ങളോ കടന്നെത്താത്ത കുഗ്രാമങ്ങളിൽ ഇന്ത്യ എന്ന എൻറ്റിറ്റിയെ ഓർമ്മിപ്പിക്കുന്നതും അതുമായി ബന്ധപ്പെടുത്തുന്നതും തപാലാപ്പീസുകളും പോസ്റ്റ്മാൻമാരുമാണ്.

അത് ശരിയാണ്.

കത്തും മണിയോർഡറുകളുമായി നടന്നെത്തുന്ന പോസ്റ്റ്മാൻമാരും, തിരിയാനിടമില്ലാത്ത കുടുസ്സുമുറിയിൽ പണിയെടുക്കുന്ന പോസ്റ്റ് മാസ്റ്റർമാരും കേന്ദ്രസർക്കാർ ജീവനക്കാരായി കണക്കാക്കപ്പെടുന്നു എങ്കിലും ആ ധാരണ പൂർണ്ണമായും ശരിയല്ല.

അപ്പോൾ ശരിയായ ധാരണ എന്താണ്?

എക്സ്ട്രാ ഡിപ്പാർട്ട്മെന്റ് ജീവനക്കാർ എന്ന പഴയ തസ്തികപ്പേരിനെ അന്വർത്ഥമാക്കിക്കൊണ്ട്, ജോലിയുടെ കാര്യത്തിൽ മാത്രം സർക്കാർ ജീവനക്കാരെന്നും ആനുകൂല്യങ്ങൾ ചോദിച്ചാൽ വകുപ്പിന് പുറത്തുള്ളവരെന്നും കരുതപ്പെടുന്നവരാണവർ. ഇവർക്ക് ഗവണ്മെന്റിലെ സിവിൽ സർവന്റ് പദവിയില്ല.

അതുകൊണ്ട്?

അതുകൊണ്ടുതന്നെ ശമ്പളത്തിന്റെയും തൊഴിലാനുകൂല്യങ്ങളുടെയും കാര്യത്തിൽ വകുപ്പിൽ വൻവിവേചനമാണ് താനും.

എന്താണ് വിവേചനം?

പൂർണ്ണമായും കേന്ദ്രഗവൺമെന്റ് ജീവനക്കാരായ വകുപ്പിലെ ക്ലറിക്കൽ പോസ്റ്റ്മാൻ ജീവനക്കാരുടെ അതേ ജോലി തന്നെയാണ് അവർ ചെയ്യുന്നതും.

എന്നിട്ട് ഇത് വരെ സമരമൊന്നും നടത്തിയില്ലേ?

അതതുകാലങ്ങളിൽ ഏറെനാൾ പ്രക്ഷോഭം നടത്തുന്നതിന്റെ ഫലമായി നിയോഗിക്കപ്പെടുന്ന കമ്മീഷനുകളിൽ പ്രതീക്ഷ വെയ്ക്കുകയും അവർ ശുപാർശ ചെയ്യുന്ന ചിലപ്പോഴെങ്കിലും ഭേദപ്പെട്ട നിർദ്ദേശങ്ങൾ പോലും കേന്ദ്രസർക്കാർ അവഗണിക്കുകയും ചെയ്യുന്നതാണ് സേവനവേതന പരിഷ്ക്കരണങ്ങളിലെ നടപ്പുരീതി.

ഒരു മാറ്റോമില്ല?

തസ്തികപ്പേര് ഗ്രാമീൺ ഡാക് സേവക് എന്ന് മാറിയതു മാത്രമാണ് ഇക്കാലഘട്ടങ്ങളിലെ ശ്രദ്ധേയ മാറ്റം.

ശരിക്കും പ്രശ്നമെന്താണ്?

തുച്ഛവേതനം മാത്രമുള്ള, സാമ്പ്രദായിക പെൻഷനോ ഗ്രാറ്റുവിറ്റിയോ പ്രസവാവധിയോ ഒന്നുമില്ലാത്ത ജോലിഭാരം പലപ്പോഴും എട്ടും പത്തും മണിക്കൂർ വരെ നീളാറുമുണ്ട്.

അടിമപ്പണി തന്നെ, പ്രതീക്ഷയ്ക്ക് വകയില്ല എന്നാണൊ?

ഏറ്റവുമൊടുവിൽ നടന്ന നിരന്തരപ്രക്ഷോഭങ്ങളുടെ ഫലമായി നിയോഗിക്കപ്പെട്ട കമലേഷ് ചന്ദ്ര കമ്മീഷന്റെ റിപ്പോർട്ടിലും ശുപാർശ ചെയ്യുന്ന വേതനവർദ്ധനവ് തുച്ഛമാണെങ്കിലും ഭേദപ്പെട്ട മറ്റാനുകൂല്യങ്ങൾ അതിൽ നിർദ്ദേശിക്കപ്പെടുന്നുണ്ട്.

എന്നാപ്പിന്നെ അതങ്ങ് നടപ്പിലാക്കിയാ പോരേ?

അത് നടപ്പിലാക്കിക്കിട്ടാൻ വേണ്ടിയുള്ള സമരമാണ് ഇപ്പോൾ നടക്കുന്നത്.

അതെന്താ നടപ്പിലാക്കാത്തത്?

പതിനൊന്ന് മാസം കൊണ്ട് സമർപ്പിക്കപ്പെട്ട റിപ്പോർട്ട് പഠിക്കാനെന്ന പേരിൽ സർക്കാർ പൂഴ്ത്തിയിട്ട് പതിനെട്ട് മാസം.

ഇതാദ്യത്തെ സമരമാണൊ?

നിരവധിയും വ്യത്യസ്തവുമായ പ്രതിഷേധങ്ങൾ നിരന്തരം നടത്തിയിട്ടും ഗതിയില്ലാതെ വന്നപ്പോഴാണ് വകുപ്പിലെ പൂർണ്ണസമയജീവനക്കാരുൾപ്പെടെ അവരുടെ ആവശ്യത്തോടൊപ്പം സഹപ്രവർത്തകർക്കായി ഒറ്റക്കെട്ടായി അണിചേർന്ന് സമരപാതയിലെത്തിയത്.

മറ്റുള്ളവരുടെ അവകാശങ്ങൾക്ക് വേണ്ടി കൂടി സമരം ചെയ്യുന്ന ഈ ജീവനക്കാർക്ക് സംഘടനകളൊന്നുമില്ലേ?

വകുപ്പിലെ 80 ശതമാനത്തിലധികം ജീവനക്കാരെ പ്രതിനിധാനം ചെയ്യുന്ന ഇടതുപക്ഷ സ്വഭാവമുള്ള എൻ എഫ് പി ഇ യോടൊപ്പവും കോൺഗ്രസ് സംഘടനയായ എഫ് എൻ പി ഒ യും ബി എം എസ് സംഘടനയും ചേർന്നാണ് പണിമുടക്ക്.

ആഹാ, ഞങ്ങടാൾക്കാരുമുണ്ടല്ലൊ.

ചരിത്രപരമായി രേഖപ്പെടുത്തേണ്ട സമരമാണ്.

അത് വിട്, ചരിത്രത്തിൽ എന്തൊക്കെ രേഖപ്പെടുത്തണമെന്ന് ഞങ്ങൾ തീരുമാനിക്കും.

എൻ ഡി എ ഗവൺമെന്റിനു കീഴേ ഒരു സർക്കാർ/പൊതുമേഖലാ സംവിധാനത്തിൽ ഇത്രയധികം തൊഴിലാളികൾ ഇത്രയും രൂക്ഷമായ പ്രക്ഷോഭം നയിക്കുന്നത് ഇതാദ്യമാണ്.

അതുകൊണ്ട്?

അതുകൊണ്ടുതന്നെ സർക്കാർ സമീപനവും സമരഫലവും എന്തായാലും ഒരു സൂചകമാണ്.

എന്തിന്റെ സൂചകം?

വരാനിരിക്കുന്ന പോരാട്ടങ്ങളോട് എങ്ങനെയാകും ഈ സർക്കാർ പ്രതികരിക്കുക എന്നതിന്റെ ചൂണ്ടുപലക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍