UPDATES

നാം കെട്ടിപ്പൊക്കുന്നത് മഹാദുരന്തങ്ങളാണ്; തകര്‍ന്നു വീണ പോത്തീസ് അതാണ് പറയുന്നത്

കൊച്ചി എന്ന ഇന്ന് കാണുന്ന മഹാനാഗരത്തിന്റെ മുന്‍ പശ്ചാത്തലം എന്താണെന്നത് അവ്യക്തമായതൊന്നും അല്ല, പാടങ്ങളും തോടുകളും കുളങ്ങളുമെല്ലാ നിറഞ്ഞ ചതുപ്പ് നിലത്താണ് ഇന്ന് കാണുന്ന കൊച്ചി പണിതുയര്‍ത്തിയിരിക്കുന്നത്. നമ്മള്‍ എത്രയൊക്കെ മേലോട്ട് വളര്‍ന്നാലും താഴെ, ആ മാറ്റം സംഭവിക്കില്ല.

കൊച്ചിയില്‍ നിര്‍മാണത്തിലിരുന്ന പോത്തീസ് ടെക്‌സ്‌റ്റൈല്‍സിന്റെ ബഹുനില കെട്ടിടം ഇടിഞ്ഞു വീണത് കേവലം ഒരു അപകടമായി മാത്രം കാണേണ്ടതല്ല. സംഭവിക്കാന്‍ വളരെയധികം സാധ്യതയുള്ള ഒരു മഹാദുരന്തത്തിന്റെ സൂചനയാണത്. സംസ്ഥാന ഭരണകൂടവും നഗരഭരണകൂടവും അതൊടൊപ്പം ജനങ്ങളും അതീവ ഗൗരവത്തോടെ, ജാഗ്രതയോടെ സമീപിക്കേണ്ടുന്ന ഒന്ന്. ഭയപ്പെടുത്താന്‍ വേണ്ടി പറയുന്നതോ, വികസനവിരോധത്തിന്റെ പേരില്‍ പറയുന്നതോ അല്ല, നാം ജാഗ്രത പാലിച്ചില്ലെങ്കില്‍ കൊച്ചി ഒരു മഹാദുരന്തമായി തകര്‍ന്നു വീഴും.

കൊച്ചി എന്ന ഇന്ന് കാണുന്ന മഹാനാഗരത്തിന്റെ മുന്‍ പശ്ചാത്തലം എന്താണെന്നത് അവ്യക്തമായതൊന്നും അല്ല, പാടങ്ങളും തോടുകളും കുളങ്ങളുമെല്ലാ നിറഞ്ഞ ചതുപ്പ് നിലത്താണ് ഇന്ന് കാണുന്ന കൊച്ചി പണിതുയര്‍ത്തിയിരിക്കുന്നത്. നമ്മള്‍ എത്രയൊക്കെ മേലോട്ട് വളര്‍ന്നാലും താഴെ, ആ മാറ്റം സംഭവിക്കില്ല. കൊച്ചിയുടെ മണ്ണിന് അതിന്റതായ പ്രത്യേകളും പ്രശ്‌നങ്ങളുമുണ്ട്. നാം വളര്‍ത്തിയെടുത്ത സാങ്കേതിക എപ്പോഴെങ്കിലും എവിടെയെങ്കിലും വച്ച് ഇളകി കിടക്കുന്ന ആ ചെളിമണ്ണില്‍ ഇടറി വീണുപോകും. കഴിഞ്ഞ രാത്രിയില്‍ സംഭവിച്ചതുപോലെ.

ഏകദേശം പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് കൊച്ചി നഗരത്തിന്റെ കാരിയര്‍ കപ്പാസിറ്റി സ്റ്റഡി നടത്തിയിരുന്നു. നഗരത്തിന് എത്ര ജനസംഖ്യ താങ്ങാം, എത്രത്തോളം ഇന്‍ഫ്രാസ്ട്രക്ചറുകള്‍ താങ്ങാം തുടങ്ങി, നഗരത്തിന്റെ ശേഷിയെ കുറിച്ച് അന്താരാഷ്ട്ര നിലവാരത്തില്‍ ഒരു പഠനം. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ എന്‍വിയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട്(National Environmental Engineering Research Institute-NEERI) നാഗ്പൂര്‍ ആണ് ഈ പഠനം നടത്തിയത്. ഈ പഠനത്തെ അധികരിച്ച് ഒരു സ്ട്രക്ചറല്‍ പ്ലാന്‍ നഗരത്തിനു വേണ്ടി ഉണ്ടാക്കിയിരുന്നു. നഗരാസൂത്രണത്തിന്റെ ഭാഗമായി കൊച്ചിക്കു വേണ്ടി ഉണ്ടാക്കിയ പ്ലാന്‍. ഈ പ്ലാന്‍ അനുസരിച്ച് വേണം നഗരത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എന്നതായിരുന്നു നിര്‍ദേശം.

ഈ പ്ലാന്‍ അനുസരിച്ച്, മറൈന്‍ ഡ്രൈവ്, മുന്‍സിഫല്‍ ഓഫീസ്, മഹാരാജാസ് കോളേജ് പരിസരത്തൊക്കെ 1.5 എഫ് എ ആറും (floor area ratio അഥവ തറ വിസ്തീര്‍ണ അനുപാതം- ഒരു സെന്റ് സ്ഥലം ഉണ്ടെങ്കില്‍ 336 സ്‌ക്വയര്‍ ഫീറ്റിന്റെ ഒരു പകുതിയില്‍ കൂടി നിര്‍മാണം), എം ജി റോഡ് ഭാഗത്ത് 2 എഫ്എആറില്‍ കുറച്ചു കൂടി വലിയ കെട്ടിടങ്ങളും, ബൈപാസ് ഭാഗത്ത് 2.5 എഫ് എ ആറില്‍ അതിലും വലിയ കെട്ടിടങ്ങളും നിര്‍മിക്കാം. എഫ് എ ആറും കവറേജും( പത്ത് സെന്റ് സ്ഥലമുണ്ടെങ്കില്‍ കെട്ടിടത്തിന്റെ ഫൂട്ട് പ്രിന്റ് 50 ശതമാനം ഭാഗത്ത് മാത്രമേ വരാവൂ, ബാക്കി 50 ശതമാനം ഭാഗം വശങ്ങളിലോ മറ്റുമായി ഒഴിച്ചിടണം) നോക്കി മാത്രമായിരിക്കണം നിര്‍മാണങ്ങള്‍ നടത്താന്‍. നഗരവത്കരണത്തിലെ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ റെഗുലറൈസ് ചെയ്യുന്നത് എഫ് എ ആറും കവറേജും നോക്കി മാത്രമായിരിക്കും.

ഇതനുസരിച്ച് വന്‍ കെട്ടിടങ്ങള്‍ ബൈപാസ് ഭാഗത്തേക്കും അതില്‍ ചെറിയവ മാത്രം എം ജി റോഡ്, മറ്റൈന്‍ ഡ്രൈവ് ഭാഗങ്ങളിലേക്കും മാറി. ഇങ്ങനെ വരുമ്പോള്‍ അതനുസരിച്ചുള്ള ട്രാഫിക് മാത്രമെ കാണൂ. റോഡിന്റെ വാഹകശേഷിയൊക്കെ കെട്ടിടനിര്‍മാണത്തില്‍ പരിഗണിക്കണം. എന്നാല്‍ ഈ പ്ലാന്‍ പിന്നീട് അട്ടിമറിക്കപ്പെടുന്നതാണ് കൊച്ചിയില്‍ കണ്ടത്. നീറിന്റെ പഠനപ്രകാരം തയ്യാറാക്കിയ നഗരാസൂത്രണമല്ല, കൊച്ചിയില്‍ പിന്നെ നടന്നത്. സ്വാധീനങ്ങളില്‍ പെട്ട് സര്‍ക്കാരും കോര്‍പ്പറേഷനുമൊക്കെ ഓരോരോ താത്പര്യാര്‍ത്ഥം കൊച്ചിയുടെ വളര്‍ച്ച ആസൂത്രണം ചെയ്യുകയായിരുന്നു. 2 എഫ് എ ആറില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ അനുമതിയുള്ള എം ജി റോഡിലാണ് സെന്‍ട്രല്‍ മാള്‍ പോലുള്ള വന്‍ കെട്ടിടങ്ങള്‍ ഉയര്‍ന്നു വന്നത്. അനധികൃതമായി കെട്ടിയുണ്ടാക്കിയെന്നു പറയാന്‍ കഴിയില്ല. കാരണം, ഇപ്പോള്‍ ഉണ്ടാക്കി വച്ചിരിക്കുന്ന നിയമത്തിന് അനുസൃതമായാണ് അവിടെ മാള്‍ ഉണ്ടായിരിക്കുന്നതെന്ന് തെളിയിക്കാന്‍ അതിന്റെ ഉടമകള്‍ക്ക് കഴിയും. നിയമം പറഞ്ഞ് നില്‍ക്കാന്‍ കോര്‍പ്പറേഷനും സര്‍ക്കാരിനും കഴിയും. പക്ഷേ, എം ജി റോഡില്‍ എങ്ങനെയാണ് അസഹ്യനീയമായ രീതിയില്‍ ട്രാഫിക് വര്‍ദ്ധിച്ചത്? ഓരോ റോഡിനും അതിന്റെതായൊരു വാഹകശേഷി ഉണ്ട്. എം ജി റോഡിനും. അതിനും മുകളിലുള്ള വാഹനങ്ങളാണ് പക്ഷേ, ആ റോഡിലേക്ക് കയറുന്നത്.

റോഡിന് വീതിയില്ല, റോഡ് നിര്‍മിച്ചത് ശരിയല്ല, എന്നൊക്കെ പരാതി ഉയര്‍ത്തുമ്പോള്‍, വളര്‍ന്നു പൊങ്ങുന്ന കെട്ടിടങ്ങളെ കുറിച്ചും അവയാണ് വാഹനപ്പെരുപ്പമുണ്ടാക്കി റോഡിനെ ഞെക്കി കൊല്ലുന്നതെന്നും അറിയാതെ പോകുന്നു. മുന്നൂറോളം കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് സെന്‍ട്രല്‍ മാളിന്റെ പാര്‍ക്ക് എരിയായില്‍ ഉണ്ടാക്കിയിരിക്കുന്നത്. മുപ്പതടിയോളം ഭൂമി തുരന്നൊക്കെയാണ് അവര്‍ക്ക് ആവശ്യമായ സ്ഥലം ഉണ്ടാക്കിയെടുത്തതെന്ന് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഇത്തരമൊരു മാളിലേക്ക് ഓരോ ദിവസവും എത്രപേര്‍ വന്നുപോകും. ഈ വരുന്നവരില്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനം പേരും അവരുടെ സ്വന്തം വാഹനങ്ങളില്‍. ഇതിനൊപ്പം ബസും മറ്റും വാഹനങ്ങളും. അങ്ങനെ റോഡിന്റെ വാഹകശേഷിയേക്കാള്‍ കൂടുതല്‍ വാഹനങ്ങള്‍ വരുന്നു. സ്വഭാവികമായും ട്രാഫിക് പ്രശ്‌നമാകുന്നു. ഒരുവശത്ത് ജനങ്ങള്‍ പരാതി ഉയര്‍ത്തുന്നു, മാധ്യമങ്ങള്‍ വാര്‍ത്തയെഴുതുന്നു, അധികാരികള്‍ ബസ് സര്‍വീസുുകളുടെ റൂട്ടില്‍ മാറ്റം വരുത്തി ട്രാഫിക് കുറയ്ക്കാന്‍ ശ്രമിക്കുന്നു. പക്ഷേ, യഥാര്‍ത്ഥ പ്രശ്‌നം എന്താണോ അതിലേക്ക് ആരും നോക്കുന്നതേയില്ല. കൊച്ചിയിലെ ട്രാഫിക് ബ്ലോക്കിന്റെ പ്രധാന കാരണം, ഇത്തരം കെട്ടിടങ്ങള്‍ കൂടിയാണ്.

"</p

ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഉത്തരവാദിത്വമുള്ള ഭരണകൂടം തന്നെയാണ്, യാതൊരു നിയന്ത്രണമില്ലാതെ, വന്‍കെട്ടിടങ്ങള്‍ ഇങ്ങനെ കെട്ടിയുണ്ടാക്കാന്‍ വഴിയിട്ടുകൊടുത്തതെന്ന ഗുരുതരമായ കുറ്റം ചെയ്തിരിക്കുന്നതെന്നു കൂടി ഈയവസരത്തില്‍ നാം ഓര്‍ക്കണം. ബില്‍ഡേഴ്‌സിന്റെ നിവേദനം സ്വീകരിച്ച് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ എല്ലായിടത്തും 4 എഫ എ ആറില്‍ നിര്‍മാണം നടത്തിക്കൊളാനാണ് അനുമതി നല്‍കിയത്! അതിന്റെ ഭവിഷ്യത്ത് എത്രത്തോളം ഭയാനകമായാണ് കൊച്ചി പോലൊരു നഗരത്തെ ബാധിക്കാന്‍ പോകുന്നതെന്ന് നാം കൊണ്ടറിയാന്‍ പോകുന്നതേയുള്ളൂ. ബോംബെയില്‍ ഇപ്പോഴും 1 എഫ് എ ആറില്‍ ആണ് നിര്‍മാണം അനുവദിച്ചിരിക്കുന്നത്, ഡല്‍ഹിയില്‍ ഇത് .5 ആണ്. അപ്പോഴാണ് കൊച്ചിയില്‍ 4 എഫ് എ ആര്‍. ഒരു നഗരത്തില്‍ 15 ശതമാനമെങ്കിലും ഓപ്പണ്‍ സ്‌പെയ്‌സ് വേണമെന്നാണ് നഗരവത്കരണത്തിന്റെ അടിസ്ഥാന സിദ്ധാന്തത്തില്‍ പറയുന്നത്. ഡല്‍ഹിയില്‍ 25 ശതമാനത്തോളം ഓപ്പണ്‍ സ്‌പെയ്‌സ് ഉള്ളപ്പോള്‍ കൊച്ചിയില്‍ അത് രണ്ട് ശതമാനം പോലും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരത്തില്‍ വീര്‍പ്പുമുട്ടി നില്‍ക്കുന്ന ഒരു നഗരത്തില്‍ തോന്നുംപോലെ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കുമ്പോള്‍ സര്‍ക്കാര്‍ ആരുടെ താത്പര്യമാണ് സംരക്ഷിക്കുന്നത്? കൊച്ചിയില്‍ 4 എഫ് എ ആര്‍ അനുമതി നല്‍കുന്നതൊക്കെ എത്രമാത്രം ജനവിരുദ്ധമാണ്. ഇത് അപ്രായോഗികമാണെന്ന് ആര്‍കിടെക്റ്റുകളും പറയുന്നു. പക്ഷേ, അവരത് തുറന്നു പറയില്ല. കാരണം, തങ്ങളുടെ ക്ലൈന്റിന്റെ താത്പര്യമാണ് അവര്‍ക്കും സംരക്ഷിക്കേണ്ടത്.

കൊച്ചിക്ക് ഇണങ്ങുന്ന തരത്തിലുണ്ടാക്കിയ സ്ട്രക്ചറല്‍ പ്ലാന്‍ സര്‍ക്കാരുകള്‍ ചിലരുടെ താത്പര്യം സംരക്ഷിക്കാന്‍ പൊളിച്ചു കളഞ്ഞതിന്റെ തിരിച്ചടിയാണ് കഴിഞ്ഞ രാത്രിയില്‍ കലൂരില്‍ നിലം പൊത്തിയ പോത്തീസിന്റെ ആ കെട്ടിടം. ഓരോ ഭാഗത്തും പ്രത്യേകം എഫ് എ ആറുകള്‍ ഉണ്ടായിരുന്നതൊക്കെ പൊളിച്ചു. എല്ലായിടത്തും 4 എഫ് എ ആര്‍ ആക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ എം ജി റോഡിലും മറ്റും പാസാക്കി കൊടുക്കുന്നത് വലിയ കെട്ടിടങ്ങള്‍ക്കുള്ള അനുമതി. സര്‍ക്കാര്‍ ഓരോ നിയമങ്ങള്‍ ഉണ്ടാക്കുമ്പോള്‍, അതില്‍ പിടിച്ച് കോര്‍പ്പറേഷനും വമ്പന്മാര്‍ക്കു കൂട്ടു നില്‍ക്കുന്നു. അനധികൃതമാണെന്ന് അറിയുന്ന നിര്‍മാണങ്ങള്‍ക്കുപോലും സ്ട്രക്ചറല്‍ എഞ്ചിനീയര്‍ ഒപ്പിട്ട് കൊടുക്കുന്നു. പോത്തീസിനെ പോലുള്ള വ്യാപര ഭീമന്മാര്‍ കൊച്ചിയുടെ വാണിജ്യതാത്പര്യം മനസിലാക്കി ഇങ്ങോട്ട് വരുമ്പോള്‍, അവര്‍ക്കനുകൂലമായ തരത്തില്‍ നിയമങ്ങളും പൊളിച്ചെഴുതി വച്ചിട്ടുണ്ട്. പോത്തീസിന്റെ തകര്‍ന്ന കെട്ടിടം നിയമവിരുദ്ധമെന്ന് തെളിയിക്കാന്‍ നാം പാടുപെടും. എല്ലാ രേഖകളും സമര്‍പ്പിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നതെന്ന് പറയാന്‍ കോര്‍പ്പറേഷനും കഴിയും. അല്ലൈങ്കില്‍ തന്നെ നിയമവിരുദ്ധമായി ഉണ്ടാക്കിയവയെല്ലാം പിഴയടപ്പിച്ച് നിയമാനുസൃതമാക്കി കൊടുത്തുകൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. കിട്ടുന്ന പണത്തിന്റെ പകുതി സര്‍ക്കാരിനും പകുതി കോര്‍പ്പറേഷനും. അവര്‍ ഹാപ്പി! . പിന്നെ നിയമം കൊണ്ട് എന്ത് ചെയ്യാന്‍ കഴിയും. ഒരു മനുഷ്യജീവന്‍പോലും നഷ്ടപ്പെട്ടിട്ടല്ലല്ലോ എന്നോര്‍ത്ത് സമാധാനിക്കാം എന്നുമാത്രം.

പക്ഷേ, നിയമത്തിനും നിയമങ്ങള്‍ താത്പര്യങ്ങള്‍ക്കനുസരിച്ച് മാറ്റി മാറ്റിയുണ്ടാക്കുന്നവരും മനസിലാക്കേണ്ട കാര്യങ്ങളുണ്ട്. എത്ര വലിയ കെട്ടിടങ്ങള്‍ പൊക്കിയുണ്ടാക്കിയാലും അതെല്ലാം കൊച്ചിയുടെ മണ്ണ് താങ്ങി നിന്നോളുമെന്ന് കരുതരുത്. നിങ്ങളുടെ സാങ്കേതിക വൈഭ്യവം ഒന്നുമല്ലാതായി പോകുന്ന അവസ്ഥയും ഉണ്ടാകും. ബ്ലാക് കോട്ടണ്‍ സോയ്ല്‍ എന്നാണ് എറണാകുളത്തിന്റെ അടിത്തട്ടിലുള്ള സോയിലിന് പറയുന്നത്. അതായത് കുറുകി കിടക്കുന്ന കറുത്ത ചെളിപോലത്തെ മണ്ണാണത്. അവിടെ നിങ്ങള്‍ താഴ്ത്തിയിറക്കിയിരിക്കുന്ന പൈലുകള്‍ക്ക് എത്രത്തോളം കരുത്തോടെ, എത്രനാള്‍ നില്‍ക്കാനാകുമെന്ന് ചിന്തിക്കണം. ചുറ്റും വെള്ളത്തിനു നടുക്കായി പണിതുയര്‍ത്തിയ ഒരു നഗരമാണ് കൊച്ചി; അതെങ്കിലും നാം ഓര്‍ക്കണം.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍