UPDATES

‘ആത്മനെ കള, കൂമനെപ്പോലും നീയൊന്നും കണ്ടിട്ടില്ല’; ഒരു കാവി-ശുഭ്ര അധികാര ഇടനാഴി

കള്ളം മാത്രം പറയാന്‍ ശീലിച്ച സംഘപരിവാരികളില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത ഒരു രാഷ്ട്രീയ ഭരണനിര്‍വഹണ സംവിധാനമാണ് കേരളത്തിലും നിലനില്‍ക്കുന്നതെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു

‘തന സൗഖ്യമു താനരെഗഖ ഒരുലകു
തഗു ബോധന സുഖമ
ഗനമഗു പുലി ഗോരുപമൗതെ
ത്യാഗരാജ നുത ശിശുവു പാലു കലഗുന’- (ത്യാഗരാജ സ്വാമികളുടെ ഖരഖരപ്രിയ രാഗത്തിലുള്ള ‘രാമാ നീ എടാ പ്രേമരഹിതുലകു’ എന്ന് തുടങ്ങുന്ന കീര്‍ത്തനത്തിന്റെ ചരണം).

‘ഒരു നിശ്ചിത വിഷയത്തില്‍ ഒരാള്‍ക്ക് ഒരു അനുഭവപരിജ്ഞാനവും ഇല്ലെങ്കില്‍ അയാള്‍ക്ക് സത്യസന്ധമായ ഉപദേശങ്ങള്‍ നല്‍കാന്‍ സാധിക്കില്ല. പശുവിന്റെ വേഷപ്പകര്‍ച്ച നടത്തുന്ന പുലിക്ക് പശുവിന്റെ മക്കളെ പാലൂട്ടാന്‍ സാധിക്കുകമോ?’ എന്ന് ഈ വരികളെ ഏകദേശം മൊഴിമാറ്റം നടത്താം. സ്വയം നടത്തുന്ന അന്വേഷണങ്ങളിലൂടെ കണ്ടെത്തുന്ന സത്യങ്ങള്‍ മാത്രമേ മറ്റുള്ളവരെ ഉപദേശിക്കാവൂ എന്ന് കൂടി ഈ വരികളെ വ്യാഖ്യാനിക്കാം. ബുദ്ധ, മഹാവീരന്മാരുടെ രൂപത്തിലും യുക്തിവാദത്തിന്റെ വക്താക്കളായിരുന്ന ചാര്‍വാകന്മാരുടെ രൂപത്തിലും മറ്റും ഇത്തരം സത്യാന്വേഷികളെ ഇന്ത്യയുടെ ആത്മീയ ചരിത്രത്തില്‍ എമ്പാടും കാണാന്‍ സാധിക്കും. സത്യാന്വേഷണം എപ്പോഴും അധികാരങ്ങളില്‍ നിന്നും അകലെയാണെന്ന് അവര്‍ നമ്മെ പഠിപ്പിക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ നാമൊന്നും പഠിച്ചില്ലെന്ന് മാത്രം.
അതുകൊണ്ടാവണം ഇന്നത്തെ സന്യാസിമാരെല്ലാം അധികാരത്തിന്റെയും സമ്പത്തിന്റെയും യുദ്ധമുഖത്ത് തന്നെ നിലയുറപ്പിച്ചിരിക്കുന്നത്.

കാവി, ശുഭ്ര വസ്ത്രങ്ങളൊക്കെ ഉലയുന്നത് അധികാരത്തിന്റെ ഇടനാഴികളിലാണ്. അത് പണത്തിന് വേണ്ടിയായാലും അധികാരത്തിന് വേണ്ടി തന്നെ ആയാലും. പരിവ്രാജകരല്ല, മറിച്ച് വെട്ടിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ സന്യാസിമാര്‍. ഉദരപൂരണത്തിനപ്പുറമുള്ള വലിയ ലക്ഷ്യങ്ങള്‍ക്കാണ് ഇവര്‍ വേഷം കെട്ടുന്നത്. മറയായി അല്‍പം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടിവേണം എന്ന് മാത്രം. ഇതിനൊക്കെ പണം എവിടെ നിന്ന് എന്ന് മാത്രം ചോദിക്കരുത്. അത് ഭക്തര്‍ ചുമ്മാ സംഭാവന നല്‍കുന്നതാണ്. ഏത് പാര്‍ട്ടി ഭരിച്ചാലും ഒരു ആദായനികുതിക്കാരും എന്‍ഫോഴ്‌സുമെന്റുകാരും ഇവര്‍ക്കെതിരെ നീങ്ങില്ല. ഗുര്‍മീത് സിംഗ് മുതല്‍ അമൃതാനന്ദമയിവരെയും ബാബ രാംദേവ് മുതല്‍ യോഗി ആദിത്യനാഥ് വരെയും ഉള്ള സന്യാസിമാരെല്ലാം അധികാരത്തിനും പണത്തിനും വേണ്ടിയുള്ള ഓട്ടത്തിലാണ്. അതുകൊണ്ടുതന്നെ സന്യാസത്തിന്റെ അടിത്തറ എന്ന് പരമ്പരാഗതമായി പാടിക്കേട്ടിരുന്ന സത്യാന്വേഷണത്തിന് ഇവര്‍ക്കൊന്നും സമയമില്ല.

സ്വന്തമായി ഒരു പ്രത്യയശാസ്ത്രമോ തത്വശാസ്ത്രമോ മുന്നോട്ടുവെക്കാനോ ചര്‍ച്ച ചെയ്യനോ ഉള്ള വിഭവശേഷി തീരെ ഇല്ലാത്തവരാണിവര്‍. ബുദ്ധിക്ക് കാമ്പില്ലാത്തതുകൊണ്ടു തന്നെ അതത് കാലത്തെ ഭരണാധികാരികളുമായി ബന്ധം സ്ഥാപിച്ച് ധന, അധികാര പ്രാപ്തിക്കും വന്‍സ്ഥാപന നിര്‍മ്മിതിക്കുമാണ് ബുദ്ധി കൂടുതലായി ഉപയോഗിക്കുക. അവിടെ അനുകമ്പാപൂര്‍ണമായ മാനുഷിക വികാരങ്ങള്‍ക്ക് തീരെ പ്രസക്തിയില്ല. ആശ്രമം എന്ന് വിളിക്കപ്പെടുന്ന മണിമാളികകളില്‍ സത്‌നാം സിംഗുമാര്‍ ഭ്രാന്തന്മാരായി മുദ്രകുത്തപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യും, അന്തേവാസികളായ സ്ത്രീകള്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെടും, അവര്‍ നടത്തുന്ന ധര്‍മ്മാശുപത്രികളില്‍ പണം കെട്ടാന്‍ പാങ്ങില്ലാത്തവന്റെ ശവശരീരം പിടിച്ചുവെക്കപ്പെടും, പരിസ്ഥിതിലോല പ്രദേശങ്ങള്‍ ഇടിച്ചു നിരത്തി പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ചും ജനക്ഷേമത്തെ കുറിച്ചും ഘോരഘോരം പ്രസംഗിക്കും, യോഗയിലൂടെയും സത്സംഗത്തിലൂടെയും ജനക്ഷേമം ഉറപ്പാക്കുന്നതിനായി ജനവാസകേന്ദ്രങ്ങളുടെ അതിര്‍വരമ്പുകളില്‍ ജീവിക്കുന്ന ദരിദ്രരെയും ജാതിയില്‍ ‘നീചരായ’വരെയും ഒരു ഉളുപ്പുമില്ലാതെ ഇറക്കി വിടുകയും അവിടെ അംബരചുംബികളായ ദൈവവിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും ചെയ്യും. അധികാരവും പണവും പ്രതാപവും ഉറപ്പിക്കുന്നതിനായി ആരുടെ മുന്നിലും ‘കുനിഞ്ഞ് നില്‍ക്കും’. ഒരു നിയമവും അവരെ അലട്ടില്ല. എന്തിന്, കോടതി വിധികളില്‍ പോലും അവരുടെ വചനങ്ങള്‍ ഉദ്ധരിക്കപ്പെടും. ബഹുകൃത വേഷം എന്ന് ശങ്കരന്‍ പറഞ്ഞതിന്റെ അച്ചട്ട് പ്രതീകങ്ങളാണ് ഈ ഇത്തിള്‍കണ്ണികള്‍.

ഇത്തരത്തില്‍ ഒരു സംസ്ഥാനത്തെ യുവജനതയെ പറ്റിച്ച് ഗുണ്ടാസംഘം രൂപീകരിച്ചും ഒരു ക്ഷേത്രത്തിലെ ഭക്തരെ മുഴുവന്‍ വഴിതെറ്റിച്ചും അധികാരത്തിന്റെ ഇടനാഴികളിലേക്ക് പിച്ചവച്ച ആളാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാവിയാണ് വേഷമെങ്കിലും ഇഹലോകത്തെ സ്ഥാനമാനങ്ങളിലായിരുന്നു കണ്ണ്. ബിജെപി നേതാവ് എന്ന നിലയിലോ തീവ്രഹിന്ദുത്വവാദി എന്ന നിലയിലോ ഹിന്ദുയുവവാഹിനിയുടെ സ്ഥാപകന്‍ എന്ന നിലയിലോ വായില്‍ തോന്നിയത് പറയാന്‍ സ്വാതന്ത്ര്യമുള്ള ഒരു ഇന്ത്യന്‍ പൗരനാണ് അദ്ദേഹം. എന്നാല്‍ ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്യപ്പെട്ട ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ പാലിക്കേണ്ട സാമാന്യ മര്യാദകള്‍ പാലിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. പക്ഷെ, അങ്ങനെയല്ല തന്റെ രീതിയെന്നും സന്യാസിയുടെ അടിസ്ഥാന ഗുണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മനനം ചെയ്യല്‍ പ്രക്രിയയ്ക്ക് പ്രാപ്തനല്ല താനെന്നും ആവര്‍ത്തിച്ച് തെളിയിക്കുന്ന ഒരു ‘യോഗി’ യാണ് അദ്ദേഹം. കാഷായം ധരിച്ച് നടക്കുന്ന ബിജെപിയിലെ മറ്റ് ചില പ്രാഗ്രൂപങ്ങള്‍ പോലെ തന്നെ.

അതുകൊണ്ടാണ് അദ്ദേഹത്തിന് ഒരേ നാവുകൊണ്ട് മുത്തലാഖ് വിധിയെ സ്ത്രീ ശാക്തീകരണത്തിലേക്കുള്ള വിപ്ലവകരമായ പാത എന്ന് വിശേഷിപ്പിക്കാനും അതേ സമയം തന്നെ മനുസ്മൃതി ഉദ്ധരിച്ചുകൊണ്ട് സ്ത്രീകള്‍ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല എന്ന് വ്യാഖാനിച്ച് ദീര്‍ഘലേഖനം എഴുതാനും സാധിക്കുന്നത്. ബ്രാഹ്മണനും പശുക്കള്‍ക്കും മാത്രം സുഖം ലഭിക്കുന്ന ഒരു ഇന്ത്യയെ കുറിച്ച് യോഗി ആദിത്യനാഥിന് സ്വപ്‌നം കാണാം. പക്ഷെ, ദളിതരും മുസ്ലീങ്ങളും ഉള്‍പ്പെടെയുള്ള ഈ നാട്ടിലെ ജനങ്ങള്‍ കൊടുക്കുന്ന നികുതിയില്‍ നിന്നും പുട്ടടിച്ച് ജീവിക്കുന്ന ഒരു മുഖ്യമന്ത്രിക്ക് അങ്ങനെ വിശ്വസിക്കാന്‍ അര്‍ഹതയില്ല.

ഇതില്‍ നിന്നും ഒരു പടികൂടി കടന്ന് ക്രൂരമെന്നോ വിധ്വംസകപരമെന്നോ വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള മറ്റൊരു പ്രസ്താവനയുമായി കഴിഞ്ഞ ഓഗസ്റ്റ് 31ന് ഈ ‘സന്യാസിവര്യന്‍’ രംഗത്ത് എത്തുകയും ചെയ്തു. ഇതെഴുതുമ്പോഴും പിഞ്ചു കുഞ്ഞുങ്ങള്‍ പിടഞ്ഞുമരിച്ചുകൊണ്ടിരിക്കുന്ന ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് ഈ മാന്യന്‍. 16 വര്‍ഷം ഇദ്ദേഹം എംപിയായി ജനസേവനം നടത്തിയ ഗോരഖ്പൂരിലെ ശിശുമരണങ്ങളുടെ വാര്‍ത്ത രാജ്യത്തെ ഞെട്ടിച്ചു. ഇന്ന് അതേ സംസ്ഥാനത്തിലെ മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 49 നവജാത ശിശുക്കള്‍ മരിച്ചതിന്റെ കണക്കുകളാണ് പുറത്തുവരുന്നത്. ഫറൂഖാബാദിലെ റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലും പ്രാണവായു ലഭിക്കാതെയാണ് ഭാവി പൗരന്മാര്‍ പിടഞ്ഞുമരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ മറന്നു തുടങ്ങിയിട്ടില്ല; നിങ്ങളെയാണോ കേരളം കണ്ടുപഠിക്കേണ്ടത്?

പശുക്കളുടെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്നതിനും കശാപ്പ് നിരോധിച്ചുകൊണ്ട് പാവങ്ങളുടെ വയറ്റത്തടിക്കുന്നതിനും കാണിക്കുന്ന ഊര്‍ജ്ജം ഈ ശിശുമരണങ്ങള്‍ തടയുന്നതിനുള്ള ക്രിയാത്മക നടപടികള്‍ സ്വീകരിക്കുന്നതിന് ചിലവഴിക്കുമെന്നാണ് ഈ നാട്ടിലെ ദരിദ്രനാരായണന്മാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അത്തരം കാര്യങ്ങളില്‍ തീരെ താല്‍പര്യം ഇല്ലെന്നും വിഭാഗീയതയും വര്‍ഗ്ഗീയകലാപവും സൃഷ്ടിച്ച് അധികാരത്തിന്റെ ഏണിപ്പടികള്‍ കയറുന്നതില്‍ നരേന്ദ്ര മോദിയുടെ പിന്‍ഗാമിയാണ് താനെന്ന് തെളിയിക്കുന്നതിനാണ് അദ്ദേഹത്തിന്റെ വ്യഗ്രതയെന്നും കഴിഞ്ഞ ദിവസത്തെ പ്രസ്താവന തെളിയിക്കുന്നു. അല്ലെങ്കില്‍ തന്നെയും ഗുജറാത്തില്‍ മനുഷ്യരെ പച്ചയ്ക്ക് കത്തിച്ചുകൊണ്ടിരുന്നപ്പോള്‍, ഒരു ഹിന്ദു കൊല്ലപ്പെട്ടാല്‍ അഞ്ഞൂറ് മുസ്ലീങ്ങള്‍ കൊല്ലപ്പെടണമെന്ന് മോദിക്ക് സന്ദേശം അയച്ച ‘സന്യാസി’യില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ല.

കുട്ടികളെ ഉണ്ടാക്കിയ ശേഷം അവരെ സര്‍ക്കാര്‍ നോക്കിക്കൊള്ളണം എന്ന് കുറച്ച് കാലത്തിനുള്ളില്‍ ആവശ്യം ഉയരും എന്നായിരുന്നു യോഗിയുടെ മറ്റൊരു പരിഹാസം. ഒരു ക്ഷേമ രാഷ്ട്രത്തിലെ സംസ്ഥാന മുഖ്യമന്ത്രിയുടെ അത്യന്തം അപമാനകരമായ ഒരു പ്രസ്താവന ആയിരുന്നു ഇത്. മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കുന്നുവെന്ന് വളരെ കാലമായി അലമുറയിടുന്ന സംഘപരിവാര്‍ ഭാഷ്യത്തിന്റെ മറ്റൊരു രൂപമാണിതെന്ന് ജേക്കബ് കെ ഫിലിപ്പ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. 2011ലെ സെന്‍സസ് പ്രകാരം 79.80 ഹിന്ദുക്കളും വെറും 14.23 ശതമാനം മുസ്ലീങ്ങളും ജീവിക്കുന്ന ഒരു രാജ്യത്താണ് വര്‍ഷങ്ങളായി സംഘപരിവാര്‍ വളരെ ബോധപൂര്‍വം ഈ ഭീതി പരത്തുന്നത്. ഭരണഘടനാപരമായ പദവികളില്‍ ഇരിക്കുന്നവര്‍ പോലും ഇത് ആവര്‍ത്തിക്കുകയും ചെയ്യുന്നു.

ഇതേ കാഴ്ചപ്പാടാണ് യോഗിയുടെ പ്രസ്താവനയിലും ഉള്ളത്. ‘അവര്‍’ പെറ്റുകൂട്ടുന്ന കുട്ടികളെ ‘ഞങ്ങള്‍’ വളര്‍ത്തണമെന്ന് പറയുന്നതിലെ ‘ന്യായ’ത്തെയാണ് ഈ മഹാമുഖ്യമന്ത്രി ഒരു ഉളുപ്പുമില്ലാതെ ചോദ്യം ചെയ്യുന്നത്. ഈ വിശേഷിപ്പിക്കപ്പെടുന്ന ‘അവരുടെ’ വോട്ടും നോട്ടും അദ്ധ്വാനവും ലജ്ജയില്ലാതെ അനുഭവിക്കുന്നതിന് സംഘപരിവാരികള്‍ക്ക് ഇതുവരെ തീണ്ടലൊന്നും തോന്നിയിട്ടില്ല. എന്നാല്‍ നിയമപരമായി അര്‍ഹതപ്പെട്ട ക്ഷേമപദ്ധതികളുടെ ഗുണങ്ങള്‍ ജാതി ഹിന്ദുക്കള്‍ക്കല്ലാത്തവര്‍ക്ക് ലഭിക്കുന്നത് വലിയ ശ്വാസംമുട്ടലാണ് താനും. ഇവിടെ ജനിക്കുന്ന ബ്രാഹ്മണ കുഞ്ഞുങ്ങളും പശുക്കുട്ടികളും മാത്രമല്ല സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളാകേണ്ടതെന്നും ഇവിടുത്തെ ആദിവാസികളും ദളിതരും ന്യൂനപക്ഷങ്ങളുമെല്ലാം അടങ്ങുന്ന മുഴുവന്‍ പൗരസമൂഹവും അതിന് അര്‍ഹതപ്പെട്ടവരാണെന്നും ആരെങ്കിലും യുപി മുഖ്യമന്ത്രിയെ പറഞ്ഞ് മനസിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. രണ്ടു മാസം മുമ്പ് ഗോരഖ്പൂരിലെ അതേ ആശുപ്ത്രിയില്‍ മരിച്ചുപോയ 48 നവജാത ശിശുക്കളുടെ ഓര്‍മ്മയിലെങ്കിലും.

തീവ്രഹിന്ദുവിന്റെ വര്‍ഗീയ മുഖം: ആരാണ് യോഗി ആദിത്യനാഥ്?

പക്ഷെ കള്ളം മാത്രം പറയാന്‍ ശീലിച്ച സംഘപരിവാരികളില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത ഒരു രാഷ്ട്രീയ ഭരണനിര്‍വഹണ സംവിധാനമാണ് കേരളത്തിലും നിലനില്‍ക്കുന്നതെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. നിലനില്‍ക്കുന്ന വ്യവസഥിതിക്കെതിരെയോ അല്ലെങ്കില്‍ അല്ലലില്ലാതെ ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കവരുന്നതിനെതിരെയോ സമരം നടത്തുന്ന ആരും വികസനവിരോധികള്‍ ആണെന്നാണ് ഒരു ‘മാര്‍ക്‌സിസ്റ്റ്’ മുഖ്യമന്ത്രി പറയുന്നത്. ഞാന്‍ സമരം ചെയ്യും, അതുമാത്രമാണ് ശരി, പക്ഷെ ഞാന്‍ ഭരിക്കുമ്പോള്‍ സമരം ചെയ്യുന്നവരൊക്കെ വികസനവിരുദ്ധര്‍, രാജ്യദ്രോഹികള്‍ എന്നൊക്കെയുള്ള പേരുകളില്‍ അറിയപ്പെടുമത്രെ. അതുകൊണ്ടാണ് നടപ്പ് മന്ത്രി നിലവും കായലും നികത്തുമ്പോള്‍ അതിന് തെളിവില്ലെന്ന് പറയുന്നത്, പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഒരു കേസില്‍ ഗൂഢാലോചന നടന്നിട്ടില്ല എന്ന് പറയുന്നത്, സര്‍വോപരി പത്രക്കാരുള്‍പ്പെടെയുള്ള മനുഷ്യര്‍ക്ക് മുന്നില്‍ വാ തുറക്കില്ല എന്ന് പറയുന്നത്.

ഒരു ലോക്‌സഭ തിരഞ്ഞെടുപ്പ് മുട്ടില്‍ നില്‍ക്കുമ്പോള്‍ പള്ളിയെ തള്ളിപ്പറഞ്ഞ് വന്നാല്‍ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കാമെന്ന് പിജെ ജോസഫിനോട് ഈഎംഎസ് നമ്പൂതിരിപ്പാട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അന്ന് കോട്ടയത്ത് മത്സരിച്ച സുരേഷ് കുറുപ്പ് തോറ്റത് ‘ഈഎമ്മി’ന്റെ ആ ഒരൊറ്റ പ്രസ്താവന കൊണ്ടാണെന്ന് കുറുപ്പിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ഒരാള്‍ ഈ ലേഖനോട് പറഞ്ഞിട്ടുണ്ട്. നമ്പൂരിപ്പാടിന് കളിയറിയാമായിരുന്നു. ആ കളി കളിക്കാനുള്ള ആര്‍ജ്ജവം, ബുദ്ധി തുടങ്ങിയ ഉപകരണങ്ങള്‍ ഇല്ലായ്മയുടെ അല്‍പ ജീവിത്വമാണ് സിപിഎം തല്‍ക്കാലം നേരിടുന്ന പ്രതിസന്ധി. ആ വിടവില്‍ മഞ്ഞളാംകുഴി അലി മുതല്‍ തോമസ് ചാണ്ടി, അന്‍വര്‍ (എന്തോ ഒരു അന്‍വര്‍) വരെയുള്ള പല ‘സുഗുണന്മാര്‍’ കടന്നുകൂടും. അതില്‍ പരിഭവിച്ചിട്ട് കാര്യമില്ല. ഘട്ടംഘട്ടമായാണ് സിപിഎമ്മില്‍ അഴിമതി അല്ലെങ്കില്‍ നാട്ടുനടപ്പ് കടന്നുകൂടുന്നത്. കൊല്ലത്തെ ഒരു കശുവണ്ടി തൊഴിലാളി നേതാവ് ചില്ലുജാലകങ്ങള്‍ ഉള്ള ഒരു മന്ദിരം പണിതത് എണ്‍പതുകളുടെ പകുതിയിലായിരുന്നു. ടിയാനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ഒരു തീട്ടൂരവും കണ്ടിരുന്നു.

പുതിയ തട്ടിപ്പുകളില്‍ സര്‍ക്കാരാണ് പ്രതി. പാര്‍ട്ടിയല്ല. രഹസ്യമായി നടത്തപ്പെടുകയോ കടത്തപ്പെടുകയോ ചെയ്യുന്ന നിയമനിര്‍മ്മാണങ്ങളെയാണ് പൊതുജനം പേടിക്കേണ്ടി വരുന്നത്. അതുകൊണ്ടു തന്നെ സ്വന്തമായി ഉത്തേജനം വിസര്‍ജ്ജിക്കുന്ന ഒരു സംഭവമാണ് കേരള മുഖ്യമന്ത്രിയുടെ വെളിക്കിരിക്കലുകള്‍. വളരെ പ്രോത്സാഹനമാം വിധത്തില്‍ ബംഗാളില്‍ ബുദ്ധദേവ് ഭട്ടാചാര്യ എന്ന യുക്തന്‍ നിര്‍ണയിച്ച വഴിയിലൂടെയാണ് മറുപടികള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഈ ഓള്‍ ഇന്ത്യ റേഡിയോ നടക്കുന്നത് എന്നത് അതീവമായ സംതൃപ്തിയാണ് പകര്‍ന്നു നല്‍കുന്നത്. വികസനം സഹിക്കാന്‍ വയ്യാതെ ഡല്‍ഹി ഒരു പരുവമായ ഈ സന്ദര്‍ഭത്തില്‍ വികസന വിരുദ്ധരെ കുറിച്ചുള്ള അതിവിപ്ലവകരമായ ന്യായങ്ങളും പ്രശംസനീയമാണ്. സര്‍, വിപ്ലവത്തെ മുന്നോട്ട് തന്നെ നയിക്കണം. പിള്ളരൊക്കെ ഒരു ഗതിയിലായില്ലേ?

ഷര്‍ട്ടിനടിയില്‍ ഈ ഇരട്ടചങ്കൊന്നും കാണുന്നില്ല. നേര്‍ത്ത് പോയിരിക്കുന്നു. മനമാണോ ബുദ്ധിയാണോ തോമസ് ചാണ്ടി കവര്‍ന്നത് എന്നറിയില്ല. മുഖ്യമന്ത്രിക്കാണോ പാര്‍ട്ടിക്കാണോ അതോ ഇനി പാര്‍ട്ടി സെക്രട്ടറിക്ക് തന്നെയാണോ ഔദാര്യങ്ങള്‍ കൈമാറിയതെന്നും.ഇത്തരക്കാരെ കുറിച്ച് ത്യാഗരാജന്‍ തന്നെ മറ്റൊരു കീര്‍ത്തനത്തില്‍ പറഞ്ഞിട്ടുണ്ട്. ദേനുക രാഗത്തില്‍ ‘തെളിയ ഇരു രാമ’ എന്നു തുടങ്ങുന്ന കൃതിയുടെ ചരണത്തില്‍ രാവിലെ എഴുന്നേറ്റ് കുളിച്ച്, കുറി തൊട്ട്, മന്ത്രങ്ങളും ചൊല്ലി ജനങ്ങളുടെ ആരാധന കവര്‍ന്നെടുക്കുന്ന തട്ടിപ്പുകാരെ കുറിച്ചാണ് അദ്ദേഹം പാടുന്നത്. ഇവര്‍ക്ക് യഥാര്‍ത്ഥ മോക്ഷത്തിലേക്കുള്ള മാര്‍ഗം അറിയില്ലെന്ന് ത്യാഗരാജന്‍ ചൂണ്ടിക്കാണിക്കുന്നു. സമ്പത്ത് (അധികാരം) മാത്രമാണ് ഇവരുടെ ലക്ഷ്യമെന്ന് വിമര്‍ശിക്കുന്നു. ത്യാഗരാജന്റെ (1767-1847) കാലത്ത് ജീവിച്ചിരുന്ന ദൈവത്തിന്റെ ഇടനിലക്കാരായ ബ്രാഹ്മണരെയും സന്യാസിമാരെയും ആണ് ഇവിടെ അദ്ദേഹം പ്രതിക്കൂട്ടിലാക്കുന്നത്. ഇതേ കാര്യം തന്നെ ഇതിലും ലളിതമായി ‘കാവി’ എന്ന നോവലില്‍ വികെഎന്‍ പറഞ്ഞിട്ടുണ്ട്: ‘ആത്മനെ കള, കൂമനെ പോലും നീയൊന്നും കണ്ടിട്ടില്ല.’

കോര്‍പ്പറേറ്റായി മാറുന്ന സിപിഎം; തോമസ് ചാണ്ടിമാരാണ് അതിന്റെ വിഴുപ്പ്

ശരത് കുമാര്‍

ശരത് കുമാര്‍

കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍