UPDATES

സിനിമ

നിശബ്ദത വിറ്റ് നേട്ടങ്ങള്‍ കൊയ്യുന്നവര്‍ക്കിടയില്‍ നമുക്ക് വേണം ഈ പ്രകാശ് രാജിനെ

വര്‍ഗീയ രാഷ്ട്രീയവുമായി ആരെങ്കിലും വന്നാല്‍ അവരെ തങ്ങളുടെ വൃത്തികെട്ട രാഷ്ട്രീയത്തിന് അനുവദിക്കരുത്, വിഭജനത്തിന് അനുവദിക്കരുത്, അതിനി നിങ്ങളൊരു കന്നഡിഗനോ തമിഴനോ തെലുങ്കനോ മലയാളിയോ ആരായാലും അവരെയതിന് അനുവദിക്കരുതെന്നാണ് പ്രകാശ് രാജ് ആവശ്യപ്പെടുന്നത്.

ഞാന്‍ തീരുമാനിച്ചുറപ്പിച്ചതോ, ആഗ്രഹിച്ചതോ ആയിരുന്നില്ല, മറ്റുള്ളവരുടെ പ്രേരണയിലായിരുന്നു അങ്ങനെയൊരു സംവാദത്തില്‍ പങ്കെടുത്തത്. എനിക്കതില്‍ ജയിക്കാനായി. എന്റെ വിജയം കൈയടികളോടെ മറ്റുള്ളവര്‍ ആഘോഷിക്കുന്നു, അവരെന്നെ അഭിനന്ദിക്കുന്നു…ആ നിമിഷങ്ങള്‍ എന്നില്‍ ആത്മവിശ്വാസം നിറച്ചു…ഒരുപക്ഷേ ഒരു നടനാകണം എന്ന ചിന്തയിലേക്ക് ഞാനാദ്യം എത്തുന്നത് അവിടെ നിന്നാകണം;

തന്റെ സ്‌കൂള്‍ പഠനകാലത്തെ കുറിച്ചുള്ള സ്മരണകള്‍ക്കിടയില്‍ പ്രകാശ് രാജ് ഇത്തരത്തില്‍ പറഞ്ഞിരുന്നു.

മദ്രാസില്‍ ഒരുപാട് അലഞ്ഞു തിരിയുകയും, പൊങ്ങുതടിപോലെ കുറെ ഒഴുകി നടന്ന് ഒടുവിലൊരു ദിനം കവിതാലയ പ്രൊഡക്ഷന്‍ ഹൗസില്‍ എത്തപ്പെടുകയും, നിനക്ക് അഭിനയിക്കാന്‍ അറിയുമോ എന്നതല്ല, നിന്റെ വായനയും നിന്റെ സംസാരവും നിന്നിലെനിക്ക് വിശ്വാസം ഉണ്ടാക്കിയിരിക്കുന്നുവെന്നു കെ ബാലചന്ദര്‍ ഉറപ്പ് പറയുകയും ചെയ്തതോടെ പ്രകാശ് രാജ് എന്ന നടന്‍ പിറന്നു. അതിനു ശേഷം മണിരത്‌നം എന്ന സംവിധായകന്‍ തന്റെ മൂശയിലിട്ട് വാര്‍ത്തൊരുക്കിയെടുത്ത് സിനിമാലോകത്തിന് പൂര്‍ണമായി ഉപയോഗിക്കാനായി നല്‍കി. ഒരു അഭിനേതാവെന്ന നിലയില്‍ പിന്നീടയാള്‍ ഒരുപാട് വളര്‍ന്നു, സംവിധായകനായി, നിര്‍മാതാവായി, വിതരണക്കാരനായി…പക്ഷേ അയാള്‍ ഒരു വെറും സിനിമാക്കാരനായി മാറാതിരിക്കാന്‍ ശ്രദ്ധിച്ചു. ധാരളം വായിച്ചു, സാഹിത്യകാരന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍; പലമേഖലകളിലുള്ളവരുമായി ആശയവിനിമയം നടത്തി, ചര്‍ച്ചകള്‍ നടത്തി, സംവദിച്ചു, തര്‍ക്കിച്ചു…തന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ച് സദാജാഗരൂകനായി.

പ്രകാശ് രാജ് നിലപാടുകളുള്ള ഒരു കലാകാരനാണ്. അയാളുടെ വാദങ്ങളും ആശയങ്ങളും ശരി തെറ്റുകള്‍ക്ക് വിധേയമാകേണ്ടതുമാണ്. പക്ഷേ തന്റെ ബോധ്യങ്ങളില്‍ നിന്ന് അയാള്‍ സംസാരിക്കുമ്പോള്‍, ഇക്കാലത്ത് മറ്റു പല ചലച്ചിത്രകാരന്മാരെക്കാള്‍ നമുക്കയാളോട് ബഹുമാനം തോന്നുന്നു.

നിരന്തരം ചോദിച്ചു കൊണ്ടേയിരിക്കുന്നുണ്ട് അയാള്‍…ഒരു പ്രത്യേക രാഷ്ട്രീയത്തോട്, അതു ചുരത്തുന്ന വര്‍ഗീയതയോട്, അതിനെ നയിക്കുന്നവരോട്… ഭയമില്ലാതെ, പതറാതെ…അയാള്‍ കാടടച്ചു വെടിവയ്ക്കുകയല്ല, അയാളുടെ ചോദ്യങ്ങള്‍ കൃത്യതയുള്ളതാണ്, എതിരാളികള്‍ക്ക് മറുപടി പറയേണ്ടി വരികയോ മൗനം പാലിക്കുകയോ ചെയ്യേണ്ട വിധത്തില്‍. അയാള്‍ ആക്രോശങ്ങളെ ഭയപ്പെടുന്നില്ല, ശാന്തനായി പറയാന്‍ അനുവദിച്ചശേഷം, തന്റ ഊഴത്തില്‍ നുണകളെ, അന്യായങ്ങളെ മൂര്‍ച്ഛയേറിയൊരു കത്തി കൊണ്ട് വിഷവള്ളി അറുത്തു മാറ്റുന്നതുപോലെ മറുപടി പറയുന്നു. അതിനു പുറത്ത് അയാളെ ചോദ്യം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് സ്ഥിരം ശൈലിയായ ആക്രോശങ്ങളോ ഭീഷണിയോ കൂട്ടിപിടിക്കാം. പക്ഷേ അവരെ ലജ്ജിപ്പിക്കാന്‍ പ്രകാശ് രാജിന് അയാളുടെ ചുണ്ടുകള്‍ വലതുകോണിലേക്കുയര്‍ത്തിയുള്ള ആ ചിരി മതി…(പ്രകാശ് രാജിന്റെ പൊട്ടിച്ചിരികള്‍ക്ക് ഒരു നിഷ്‌കളങ്കതയുണ്ട്, അതവര്‍ അര്‍ഹിക്കുന്നില്ല).

ഞാന്‍ ഹിന്ദു വിരുദ്ധനല്ല, എന്നാല്‍ മോദി വിരുദ്ധനാണ്, അമിത് ഷാ വിരുദ്ധനാണ്, അനന്തകുമാര്‍ ഹെഗ്‌ഡെ വിരുദ്ധനാണ് എന്ന് പ്രകാശ് രാജ് തുറന്നടിച്ചത് ഇന്ത്യ ടുഡെ സൗത്ത് എന്‍ക്ലേവ് ചര്‍ച്ചയിലാണ്. മോദിയും ഷായും ഹെഗ്‌ഡെയും ഹിന്ദുക്കളല്ല എന്നും പറഞ്ഞു. ആരാണ് ഹിന്ദുവെന്ന് തീരുമാനിക്കാന്‍ നിങ്ങളെ ആരാണ് ചുമതലപ്പെടുത്തിയതെന്ന് ബിജെപി വക്താവ് ചോദിക്കുമ്പോള്‍, ഞാന്‍ ഹിന്ദു വിരുദ്ധനെന്ന് അവര്‍ തീരുമാനിക്കുമ്പോള്‍ അവര്‍ ഹിന്ദുക്കളല്ലെന്ന് എനിക്ക് പറയേണ്ടി വരുമെന്നായിരുന്നു മറുപടി. ഒരു ഇസത്തെ, ഒരു മതത്തെ ഈ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറയുന്ന കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ ഒരു ഹിന്ദുവല്ല, കൊലപാതകങ്ങളെ പിന്തുണയ്ക്കുന്ന ഒരാള്‍ക്ക് ഹിന്ദുവാകാനാവില്ല, അതുകൊണ്ടുതന്നെ മോദിയും ഷായും ഹിന്ദുക്കളല്ല; ബിജെപിക്കാരന് കൗണ്ടര്‍ ചെയ്യാന്‍ പറ്റാത്തവിധം നിശബ്ദനാക്കി കളഞ്ഞു പ്രകാശ്.

ഞാന്‍ ഹിന്ദു വിരുദ്ധനല്ല, പക്ഷേ മോദി വിരുദ്ധനാണ്; ആഞ്ഞടിച്ച് വീണ്ടും പ്രകാശ് രാജ്

ചോദ്യം ചോദിച്ചും നിരന്തരം കലഹിച്ചുമാണ് എഴുത്തുകാരും കലാകാരന്മാരും സമൂഹത്തില്‍ നില്‍ക്കേണ്ടത്. അവര്‍ സമൂഹത്തിന്റെ കാവല്‍ക്കാര്‍ കൂടിയാണ്. അനീതി കയറിക്കൂടാന്‍ അനുവദിക്കുകയാണെങ്കില്‍ പിന്നീടവര്‍ക്ക് എന്ത് പ്രസക്തി? സമൂഹത്തിനു വേണ്ടി ശബ്ദിക്കാന്‍ ഒരു കലാകാരന് പട്ടാളക്കുപ്പായം വേണ്ട, ഗംഭീരമായ ശബ്ദമുണ്ടായതുകൊണ്ടും കാര്യമില്ല. നിലപാടുകളാണവശ്യം.

കേവലം രാഷ്ട്രീയത്തിന്റെ പുറത്തല്ല പ്രകാശ് രാജ് ഇന്ത്യന്‍ പ്രധാനമന്ത്രിയോട് നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നതും എതിര്‍ക്കുന്നതും. ഞാന്‍ അദ്ദേഹത്തിന് വോട്ട് ചെയ്‌തോ ഇല്ലയോ എന്നത് ഒരു വിഷയമല്ല, മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, എന്റെയും കൂടി പ്രധാനമന്ത്രിയാണ്…അതുകൊണ്ട് തന്നെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം എനിക്കും ഉത്തരം പറയേണ്ട ബാധ്യത അദ്ദേഹത്തിനുമുണ്ടെന്നാണ് പ്രകാശ് രാജ് പറയുന്നത്; ജനാധിപത്യത്തിന്റെ പ്രിവിലേജ് ആണ് അവിടെയദ്ദേഹം ഉപയോഗിക്കുന്നത്. തന്റെ അടുത്ത സുഹൃത്ത് എന്ന വൈകാരികത കൂടി ഗൗരി ലങ്കേഷിന്റെ കൊലപാതകം അയാളില്‍ രോഷവും ദുഃഖവും നിറച്ചിട്ടുണ്ട്. അതിനൊപ്പം ഒരു കലാകാരന്റെ ധാര്‍മികത കൂടി ചേരുമ്പോള്‍ പ്രധാനമന്ത്രിയോട് അയാള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാനാവില്ല. ഗൗരിയെ കൊന്നവന്റെ ബന്ധം  കെട്ടിവയ്ക്കുകയല്ല, കൊലപാതകത്തേക്കാള്‍ ക്രൂരമാണ് ഗൗരിയുടെ മരണം ആഘോഷിക്കപ്പൈടുന്നത്. അത് തടയാന്‍ കഴിയാതെ പോകുന്നിടത്താണ് എനിക്ക് എന്റെ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യേണ്ടി വരുന്നതെന്ന് പ്രകാശ് രാജ് വ്യക്തമാക്കുന്നു. ഗൗരിയുടെ കൊലയാളികളെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ അതിനേക്കാള്‍ അസ്വസ്ഥമാക്കുന്ന കാര്യം അവരുടെ മരണം ചിലര്‍ ആഘോഷിക്കുന്നു എന്നാണ്. ഗൗരിയുടെ കൊലയാളികളെ നമുക്ക് കാണാന്‍ കഴിയുന്നുണ്ടാവില്ല. എന്നാല്‍ ആരാണ് വിഷം പരത്തുന്നത് എന്ന് നമുക്കറിയാം. പ്രധാനമന്ത്രി ഫോളോ ചെയ്യുന്നവര്‍ അക്കൂട്ടത്തിലുണ്ട്. ഇത്തരം കാര്യങ്ങളോട് കണ്ണടക്കുകയാണ് പ്രധാനമന്ത്രി. അഞ്ചു ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഞാന്‍ അത്യാവശ്യം അറിയപ്പെടുന്നൊരു നടനാണ്. പക്ഷേ നിങ്ങള്‍ എന്നെക്കാള്‍ നല്ല നടനാണ്. നിങ്ങള്‍ അഭിനയിക്കുന്നത് കണ്ടാല്‍ എനിക്ക് മനസിലാവില്ലെന്ന് കരുതിയോ. എന്താണ് സത്യം, എന്താണ് അഭിനയം എന്ന് എനിക്ക് കൃത്യമായി മനസിലാകും. അങ്ങനെയുള്ള എന്നെ നിങ്ങള്‍ ചെറുതായി കാണരുത്; എന്നു തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ്രകാശ് രാജ് ചോദിച്ചത്.

http://www.azhimukham.com/trending-just-asking-what-is-terrorism-prakash-raj-back-with-kamal/ആര്‍ജ്ജവമാണത്…

ഇതേ ചോദ്യം ഇപ്പോഴും ആവര്‍ത്തിക്കുന്നുമുണ്ട്. കേസും ആരോപണങ്ങളുമൊന്നും അയാളെ തെല്ലും ഭയപ്പെടുത്തിയിട്ടില്ല. ഒരു ദിവസം മുന്‍പ് നടന്ന ഇന്ത്യ ടുഡെ സൗത്ത് കോണ്‍ക്ലേവിലും ഈ ചോദ്യം കേള്‍ക്കാം; എന്റെ സുഹൃത്ത് ഗൗരി ലങ്കേഷിന്റെ കൊലപാതകം ആഘോഷിക്കപ്പെടുന്ന അവസ്ഥയുണ്ടായി. അവരെ ആരാണ് കൊന്നതെന്ന് എനിക്കറിയില്ല. പക്ഷെ അവരുടെ മരണം ആഘോഷിക്കുന്നത് ആക്രണോത്സുകതയാണ്. നമ്മുടെ പ്രധാനമന്ത്രി അത്തരം ആളുകളെ പിന്തുണയ്ക്കുകയാണ്. എന്തുകൊണ്ട് അദ്ദേഹം അവരോട് ആഘോഷിക്കരുത് എന്ന് പറഞ്ഞില്ല. എന്തുകൊണ്ട് അദ്ദേഹം മൗനം പാലിച്ചുവെന്ന് വ്യക്തമാക്കണം. ഗൗരിയുടെ മരണം ആഘോഷിക്കരുതെന്നും അതുവഴി നമുക്ക് നമ്മുടെ മതേതരത്വം സംരക്ഷിക്കാമെന്നും അദ്ദേഹം അവരോട് പറഞ്ഞില്ല? ഒരു യഥാര്‍ത്ഥ ഹിന്ദു ഇത്തരം പ്രവൃത്തികളെ പിന്തുണയ്ക്കില്ല.

മോദിയെ എതിര്‍ക്കുന്ന, ബിജെപിയെ എതിര്‍ക്കുന്ന, സംഘപരിവാര്‍ ലക്ഷ്യങ്ങളെ എതിര്‍ക്കുന്നവരെല്ലാം ദേശദ്രോഹികളെന്നു ചാപ്പ കുത്താനും, ഇന്ത്യയില്‍ തീവ്രവാദം വളര്‍ത്തുന്നത് ഒരു മതക്കാര്‍ മാത്രമാണെന്നു സ്ഥാപിക്കാനും നോക്കുന്നവരോട് വളരെ ലളിതമായണദ്ദേഹം ചോദിക്കുന്നത്; ഇന്ത്യയില്‍ ഹിന്ദുത്വ തീവ്രവാദം ഇല്ലെന്ന് എങ്ങനെ പറയാന്‍ കഴിയും? മതത്തിന്റെ, സംസ്‌കാരത്തിന്റെ, സദാചാരത്തിന്റെ പേരില്‍ ഭയം ഊട്ടിയുറപ്പിക്കുന്നത് തീവ്രവാദം അല്ലെങ്കില്‍, പിന്നെന്താണ് തീവ്രവാദം? എന്റെ രാജ്യത്ത് തെരുവില്‍ ഇരിക്കുന്ന യുവദമ്പതിയെ സദാചാരത്തിന്റെ പേരില്‍ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുന്നത് തീവ്രവാദമല്ല, നേരിയ സംശയത്തിന്റെ പേരില്‍ പോലും ഗോവധം ആരോപിച്ച് നിയമം കൈയിലെടുത്ത് മനുഷ്യരെ തല്ലിക്കൊല്ലുന്നത് തീവ്രവാദമല്ല, നേരിയ ശബ്ദത്തില്‍ പോലും അഭിപ്രായഭിന്നത പറഞ്ഞാല്‍ ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതും തീവ്രവാദമല്ല, പിന്നെ എന്താണ് തീവ്രവാദം?

ഈ ദ്രോഹത്തിന് നിങ്ങള്‍ മാപ്പ് പറയുമോ? നോട്ട് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രകാശ് രാജ്‌

ഇതൊക്കെ ചോദിക്കുമ്പോള്‍ നിങ്ങള്‍ക്ക് അദ്ദേഹത്തെ കമ്യൂണിസ്റ്റകാരനാക്കാം, തീവ്രവാദിയാക്കാം, ഭൂമികയ്യേറ്റക്കാരനാക്കാം, മകന്‍ മരിച്ചു കിടന്നപ്പോഴും ആഘോഷിക്കാന്‍ പോയവനും രണ്ടു കല്യാണം കഴിച്ചവനും കള്ളപ്പണം ഒളിപ്പിച്ചിരിക്കുന്നവനും കോമാളിയും അസാന്മാര്‍ഗിയുമൊക്കെയാക്കാം. പക്ഷേ ഇതൊന്നും അദ്ദേഹത്തെ ഭയപ്പെടുത്തുന്നില്ലെന്ന് നിങ്ങള്‍ തിരച്ചറിയുന്നുണ്ടോ?

സിര്‍സിയില്‍ അദ്ദേഹം ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയതിനു പിന്നാലെ ബിജെപിക്കാര്‍ ആ വേദി ഗോമൂത്രം തളിച്ച് ശുദ്ധീകരിച്ചിരുന്നു. നിങ്ങളുടെ ഈ പ്രവര്‍ത്തി അയാളെ തളര്‍ത്തുകയോ അപമാനിതനാക്കുകയോ ചെയ്യുമെന്ന് കരുതിയോ? ഞാന്‍ പോകുന്നിടത്തെല്ലാം നിങ്ങളുടെ ഈ വൃത്തിയാക്കലും ശുദ്ധീകരിക്കലും തുടരാമോ എന്നാണയാള്‍ പരിഹസിച്ചത്.

നിങ്ങളോട് ഇതിനകം എത്രയെത്ര ചോദ്യങ്ങളാണ് ഉയര്‍ത്തി കഴിഞ്ഞതെന്നോര്‍ക്കുന്നുണ്ടോ?

മോദിയെ വിമര്‍ശിച്ചതിന് പിന്നാലെ പ്രകാശ് രാജിനെതിരെ കേസ്; പറയേണ്ടിടത്തെല്ലാം സത്യം വിളിച്ചുപറയുമെന്ന് പ്രകാശ് രാജ്‌

അദ്ദേഹമൊരു ക്ഷേത്രപൂജാരിയോ അതോ മുഖ്യമന്ത്രിയോ? ഇരട്ടവേഷം കെട്ടിയാടുകയാണോ? ഇത്തരത്തില്‍ കഴിവുള്ള നടന്മാരെ കാണുമ്പോള്‍ എനിക്ക് കിട്ടിയ അഞ്ചു ദേശീയ പുരസകാരങ്ങളും അവര്‍ക്ക് കൊടുക്കാനാണ് തോന്നുന്നത്; പ്രകാശ് രാജിന്റെ ഈ പരിഹാസം വേറെയാരോടുമല്ല, കാവിരാഷ്ട്രീയത്തിന്റെ ഭരണതാത്പര്യങ്ങള്‍ക്ക് അടുത്ത നായകനായി അവരോധിച്ചു വച്ചിരിക്കുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുറിച്ചാണ്…

ഒരുപക്ഷേ പലരേയും നിങ്ങള്‍ക്ക് നിശബ്ദരാക്കാന്‍ കഴിഞ്ഞിട്ടുണ്ടാകാം, ഇനിയുമത് സാധിക്കുകയുമാകാം. പക്ഷേ എല്ലാവരേയും അതിനാകുമോ? കന്നഡ പത്രമായ ഉദയവാനിയില്‍ നിന്നും തന്റെ ആഴ്ചക്കോളം അപ്രതീക്ഷിതമായി നിര്‍ത്തലാക്കപ്പെട്ടപ്പോള്‍, പ്രകാശ് രാജിനെ തങ്ങള്‍ നിശബ്ദനാക്കിയിരിക്കുന്നു എന്നാരെങ്കിലും കരുതിയോ? തന്റെ കോളം നിര്‍ത്തലാക്കിപ്പിച്ച ആ അദൃശ്യമായ കൈകളോട് പ്രകാശ് രാജ് പറയുന്നത് നിങ്ങള്‍ നിശ്ബദമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങുന്നുവെന്നാണ്. കൂടുതല്‍ വിശാലവും ദൃഢവുമായൊരു വേദികയിലേക്ക് എന്നെ കൊണ്ടു വന്നു നിര്‍ത്തിയതിന് നന്ദിയുണ്ടെന്നാണ്.

നിങ്ങളുടെ അവാര്‍ഡുകള്‍ എനിക്ക് വേണ്ട, നിങ്ങളുടെ അഭിനയം എന്നോട് വേണ്ട: മോദിയോട് പ്രകാശ് രാജ്‌

ഹിന്ദുത്വയും ദേശീയതയും ഒന്നാണെന്ന് പറയുന്നതാണ് ഇന്ത്യയുടെ പുതിയ അന്ധവിശ്വാസമെന്ന് പരിഹസിക്കാന്‍ ഒരു പ്രകാശ് രാജിനു മാത്രമെ കഴിയുന്നുള്ളൂ, അയാള്‍ പ്രവര്‍ത്തിക്കുന്ന മേഖല അത്രമേല്‍ മൗനാവരണത്തില്‍ പെട്ട് കിടക്കുമ്പോള്‍. പക്ഷേ, നിലപാടുകളില്‍ സത്യസന്ധത പുലര്‍ത്തുന്നൊരാള്‍ക്ക് എങ്ങനെ നിശബ്ദനാകാന്‍ കഴിയും? ഹിന്ദുത്വവും ദേശീയതയും രണ്ടല്ലെന്ന് ഒരു കേന്ദ്രമന്ത്രി പറഞ്ഞാല്‍ അത് എതിര്‍ക്കേണ്ടതാണ്. നിങ്ങള്‍ ദേശീയതയില്‍ മതം കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നു തന്നെ മറുപടി പറയണം. ഹിന്ദുത്വതയിലാണോ ദേശീയത നില്‍ക്കുന്നത്? അങ്ങനെയാണെങ്കില്‍ അംബേദ്ക്കറിനും എ ആര്‍ റഹ്മാനും ഖുശ്വന്ത് സിംഗിനും അമൃതാ പ്രീതത്തിനും വര്‍ഗീസ് കുര്യനുമൊന്നും ഇന്ത്യന്‍ ദേശീയതയില്‍ അഭിമാനം കൊള്ളാന്‍ അവകശമില്ലേ? ഒരു മതത്തിലും വിശ്വസിക്കാത്ത എന്നെപോലുള്ളവര്‍ക്കും അതിനവകാശമില്ലേ? എന്ന് പ്രകാശ് രാജ് ചോദിച്ചത് അതുകൊണ്ടാണ്. മതത്തിലല്ലാതെ മാനവികതയില്‍ വിശ്വസിക്കുന്നവര്‍ക്ക് ദേശീയത പറയാന്‍ അവകാശമില്ലേയെന്നാണ് പ്രകാശ് സംശയം പ്രകടിപ്പിക്കുന്നത്. ഞങ്ങളുടെ രാജ്യത്തിന്റെ ദേശീയതയില്‍ ഞങ്ങള്‍ക്ക് പങ്കില്ലെന്നു പറയാന്‍ നിങ്ങളാരാണ്? എന്താണ് നിങ്ങളുടെ അജണ്ട? നിങ്ങള്‍ ഹിറ്റ്‌ലറുടെ പുരവതാരങ്ങളാണോ എന്നു പരിഹസിക്കാനും ഒരു പ്രകാശ് രാജ് മാത്രമെ സിനിമാക്കാര്‍ക്കിടയില്‍ ഉണ്ടായുള്ളൂ.

നിങ്ങളാരും ചിന്തിക്കേണ്ടതില്ലെന്ന ഭീഷണി ഉയര്‍ത്തുന്ന ഒരു ഭരണകൂടത്തിന്റെ കീഴില്‍ നിശബ്ദനാവുകയാണ് ബുദ്ധിയെന്നു ചിന്തിക്കുന്നവരോട്, അവരില്‍ തന്റെ സഹപ്രവര്‍ത്തകരുമുണ്ടെന്ന ബോധ്യത്തില്‍ തന്നെ പ്രകാശ് രാജ് ഓര്‍മപ്പെടുത്തുന്നുണ്ട്; സമൂഹം തരുന്ന ഇഷ്ടത്തിന്റെ പുറത്ത് കിട്ടുന്ന പ്രശസ്തിയും സ്ഥാനവും സ്വന്തമാക്കുന്ന ഓരോ കലാകാരനും ആ സമൂഹത്തിനു വേണ്ടി ശബ്ദിക്കാനുള്ള ഉത്തരവാദിത്വവുമുണ്ടെന്ന്. കലാകാരന്മാര്‍ ഭീരുക്കളായാല്‍ അവര്‍ ഭീരുക്കളുടെതായ ഒരു സമൂഹത്തേയാകും സൃഷ്ടിക്കുന്നത്.

ഒരു പ്രകാശ് രാജിന്റെ ആര്‍ജ്ജവമൊന്നും നിങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നില്ല, പക്ഷേ സത്യം അറിയാനെങ്കിലും അവള്‍ക്കൊപ്പം നിന്നുകൂടെ; സജിത മഠത്തില്‍

വര്‍ഗീയ രാഷ്ട്രീയവുമായി ആരെങ്കിലും വന്നാല്‍ അവരെ തങ്ങളുടെ വൃത്തികെട്ട രാഷ്ട്രീയത്തിന് അനുവദിക്കരുത്, വിഭജനത്തിന് അനുവദിക്കരുത്, അതിനി നിങ്ങളൊരു കന്നഡിഗനോ തമിഴനോ തെലുങ്കനോ മലയാളിയോ ആരായാലും അവരെയതിന് അനുവദിക്കരുതെന്നാണ് പ്രകാശ് രാജ് ആവശ്യപ്പെടുന്നത്.

വര്‍ഗീയതയുടെ വിപണനക്കാര്‍ പല അസത്യപ്രചരണങ്ങളും നടത്തും പക്ഷേ അവരില്‍ വിശ്വസിക്കരുത്. ഒരു സിനിമയ്ക്ക് എസ് ദുര്‍ഗ എന്നു പേരിട്ടാലാണ് അവര്‍ക്ക് പ്രശ്‌നം, ദുര്‍ഗ വൈനോ, ദുര്‍ഗ ബാറോ അവര്‍ക്കൊരു പ്രശ്‌നമല്ല; കപട തിരിച്ചറിയാനുള്ള ആഹ്വാനവും പ്രകാശ് രാജ് നടത്തുന്നു.

കേരളം ഭയമില്ലാതെ ജീവിക്കാവുന്ന ഏക സംസ്ഥാനം: പ്രകാശ് രാജ്

ഭീഷണിയും നിശബ്ദതയും പിടിമുറുക്കുമ്പോള്‍ നമ്മള്‍ ശിലായുഗത്തിലേക്കാണ് മടങ്ങുന്നത്, ചോദ്യങ്ങളും സംവാദങ്ങളുമാണ് ഊര്‍ജസ്വലമായൊരു സമൂഹത്തെ സൃഷ്ടിക്കുന്നതെന്ന പാഠവും പ്രകാശ് രാജ് നല്‍കുന്നു.

അതേ നിരന്തരം ചോദ്യം ചോദിക്കാന്‍ പ്രകാശ് രാജ് നമ്മളെ നിര്‍ബന്ധിക്കുകയാണ്, വര്‍ഗീയതയ്‌ക്കെതിരേ, വിഭജനങ്ങള്‍ക്കെതിരേ, കൊലപാതകങ്ങള്‍ക്കും ഭീഷണികള്‍ക്കുമെതിരേ…സംഘപരിവാരത്തിന്റെ ദുഷിച്ച രാഷ്ട്രീയത്തിനെതിരേ…ദേശീയതയെ കപടവത്കരിക്കുന്നതിനെതിരേ…അദ്ദേഹത്തിന്റെ കൂട്ടത്തിലുള്ളവരില്‍ എത്രപേര്‍ യോജിക്കുമെന്നറിയില്ല..അവര്‍ നിശബ്ദത വിറ്റ് നേട്ടങ്ങള്‍ ഉണ്ടാക്കും. അത്തരക്കാര്‍ എണ്ണം കൂടുതലുള്ളപ്പോള്‍ സമൂഹത്തിന് ഒരു പ്രകാശ് രാജ് എങ്കിലും നിലനില്‍ക്കേണ്ടത് വളരെ അത്യാവശ്യമാണ്…

പ്രകാശ് രാജ് എന്ന ധീരനും ദി ഇന്‍സള്‍ട്ടിന്റെ രാഷ്ട്രീയവും

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍