UPDATES

ട്രെന്‍ഡിങ്ങ്

സ്ത്രീകളേ, കുമ്പസാരക്കൂട്ടിലുള്ളത് ളോഹയിട്ട പുരുഷനാണ്, ക്രിസ്തുവല്ല; ജാഗ്രത പാലിക്കുക

കുമ്പസാര രഹസ്യം വച്ച് ബ്ലാക്‌മെയില്‍ ചെയ്ത് ഭര്‍തൃമതിയായ ഒരു സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍

Avatar

ഇന്ദു

കുമ്പസാരക്കൂടിന്റെ ഒരു പലക എപ്പോഴും ഇളകി കിടക്കുന്നു, എത്രവട്ടം ആണിയടിച്ച് ഉറപ്പിച്ചാലും പലക വീണ്ടും ഇളകും. എന്താണ് അതിന്റെ പിന്നിലെ അത്ഭുതം എന്നു  പിന്നീടൊരിക്കല്‍ വെളിപ്പെട്ടത് സത്യക്രിസ്ത്യാനിയായ ഒരു സ്ത്രീയില്‍ നിന്നാണ്. ഫാദര്‍ റോബിന്‍ വടക്കാഞ്ചേരിയുടെ കേസുമായി ബന്ധപ്പെട്ട് സ്ത്രീകളെ കന്യാസ്ത്രീമാര്‍ കുമ്പസാരിപ്പിക്കട്ടെ എന്ന ആവശ്യവുമായി അഡ്വ. ഇന്ദുലേഖ ജോസഫ് ഒരു കുമ്പസാര സത്യഗ്രഹം നടത്തിയിരുന്നു. ഈ സത്യഗ്രഹം കഴിഞ്ഞതിനു പിന്നാലെ ഇന്ദുലേഖയ്ക്ക് സത്യക്രിസ്താനികളായ പല സ്ത്രീകളുടെയും ഫോണ്‍ വന്നു. അതിലൊരു സ്ത്രീയാണ് കുമ്പസാരക്കൂടിന്റെ പലക സ്ഥിരമായി ഇളകി കിടക്കുന്ന കഥ പറഞ്ഞതും അതിന്റെ പിന്നിലെ കാരണം വ്യക്തമാക്കിയതും. പെണ്ണുങ്ങള്‍ കുമ്പസാരിക്കുമ്പോള്‍ ഇളകി കിടക്കുന്ന പലകയുടെ വിടവിലൂടെ വൈദികന്റെ കൈ കടന്നു വരും, പിന്നെയത് കുമ്പസാരിച്ചുകൊണ്ടിരിക്കുന്ന സ്ത്രീയുടെ ദേഹത്തു കൂടി പരതി തുടങ്ങും…

അച്ചന്റെ ഒരു ‘വീക്ക്‌നെസ്സ്’… കുമ്പസാരം നടക്കുമ്പോള്‍ കൂട്ടിലിരിക്കുന്ന വൈദികന് ഈശോയുടെ രൂപമാണ്. മതവിശ്വാസികളായ ഏതെങ്കിലുമൊരാള്‍ക്ക് തോന്നുമോ ‘അച്ചനെന്നാ പന്നത്തരമാണച്ചോ കാണിക്കുന്നേ’ എന്നു ചോദിക്കാനുള്ള ധൈര്യം. അങ്ങനെ ചോദിച്ചാല്‍ അത് സാക്ഷാല്‍ കര്‍ത്താവ് ഈശോമിശാഹായോട് ചോദിക്കുന്നതിന് തുല്യമല്ലേ… ദൈവകോപം വരുത്തി വയ്ക്കണോ? അതുകൊണ്ട് അച്ചന്റെ പലകപ്പണി സഹിക്കും. സഹിക്കാന്‍ പറ്റാത്ത വിഷമം വന്നാല്‍ സ്വയം കുമ്പസരിച്ച് സമാധാനപ്പെടും. അല്ലാതെ വേറെ വഴിയില്ലല്ലോ!

അതെ, വിശ്വാസികള്‍ പലപ്പോഴും മറ്റ് വഴിയില്ലാതെ മതവിശ്വാസത്തിനും പുരോഹിത വര്‍ഗത്തിനും അടിമകളായി നില്‍ക്കുമ്പോള്‍, ആ അവസരം ഉപയോഗപ്പെടുത്തുന്നവരില്‍ ഒരു ചെറിയ വിഭാഗം വൈദികരെങ്കിലും. അവരില്‍പ്പെട്ടവരാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ ആ അഞ്ച് വൈദികരും. കുമ്പസാര രഹസ്യം വച്ച് ബ്ലാക്‌മെയില്‍ ചെയ്ത് ഭര്‍തൃമതിയായ ഒരു സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്ത അഞ്ചു പുരോഹിതന്മാര്‍. പുരോഹിതന്മാര്‍ ദൈവത്തിന്റെ പ്രതിനിധികളാണെന്നൊക്കെ പറയുമെങ്കിലും ദൈവത്തിന് നിരക്കായ്ക ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നതും അവരില്‍ നിന്നു തന്നെയാണെന്നതിന് മറ്റൊരു ഉദാഹരണം കൂടി.

വിവാഹത്തിന് മുമ്പ് ഈ സ്ത്രീക്ക് ഒരു പുരോഹിതനുമായി (ശ്രദ്ധിക്കണം: ലൌകിക ഇച്ഛകള്‍ വെടിഞ്ഞ ഒരു പുരോഹിതനായിരുന്നു മറുഭാഗത്ത്) ബന്ധമുണ്ടായിരുന്നു. ഈ പാപമാണ് വിവാഹിതയായശേഷം ആ സ്ത്രീ കുമ്പസാരിച്ച് തീര്‍ക്കാന്‍ നോക്കിയത്. കുമ്പസാര രഹസ്യം പുറത്ത് അറിയരുതെന്നാണ് നിയമം (കാനോന്‍ നിയമത്തിന് ഭൂമിക്കച്ചവടത്തിന്റെ കാര്യത്തിലെന്നപോലെ കുമ്പസാരത്തില്‍ വലിയ പ്രാധാന്യമൊന്നും കൊടുക്കാറില്ല). പക്ഷേ, വിവാഹപൂര്‍വ ലൈംഗിക ബന്ധത്തിന്റെ പാപം കേട്ട പുരോഹിതന്‍ ആ വിവരം ഭര്‍ത്താവിനെ അറിയിക്കുമെന്നു പറഞ്ഞ് സ്ത്രീയെ ഭീഷണിപ്പെടുത്തുകയും തന്റെ ഇംഗിതത്തിന് വിധേയയാക്കുകയും ചെയ്തു. അവിടം കൊണ്ട് നിര്‍ത്താതെ കത്തനാര്‍ തന്റെ സ്‌നേഹിതരായ പുരോഹിതന്മാരുടെ സന്തോഷത്തിനും ആ സ്ത്രീയെ ഉപയോഗിച്ചു. ഈ കാര്യങ്ങളൊക്കെ സ്ത്രീയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് പുറത്തു വരുന്നത്.

ഈ ക്രിസ്ത്യന്‍ സഭകള്‍ക്കൊരു പ്രത്യേകതയുണ്ട്. അതിപ്പോള്‍ വൈദികന്‍ 13 വയസുള്ള പെണ്‍കൊച്ചിനെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയാലും കന്യാസ്ത്രീ കൊച്ചിനെ കൊന്ന് കിണറ്റിലിട്ടാലും, സഭ വക ഭൂമി കള്ളക്കച്ചവടം നടത്തി കോടികള്‍ കൊയ്താലും കുമ്പസരിക്കാന്‍ വന്ന പെണ്ണിനെ ബ്ലാക് മെയില്‍ ചെയ്ത് ലൈംഗികചൂഷണം നടത്തിയാലുമൊക്കെ, അതൊക്കെ സഭയ്ക്കുള്ളിലെ കാര്യമാക്കി വച്ച് ആരാരുമറിയാതെ ഒതുക്കാന്‍ നോക്കും. ഇന്ത്യന്‍ പീനല്‍ കോഡിന് സഭയ്ക്കുള്ളില്‍ കാര്യമില്ലെന്നും റോമിലെ നിയമമാണ് തങ്ങള്‍ക്ക് ബാധകമെന്നു പറയും. ആരെങ്കിലുമൊക്കെ ഒച്ചപ്പാടും ബഹളവുമുണ്ടാക്കിയാല്‍ കുറ്റക്കാരെന്നു പറയുന്ന അച്ചനെ കുറച്ച് കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും, അല്ലെങ്കില്‍ സ്ഥലം മാറ്റും. അത്രയൊക്കെയുള്ളൂ ശിക്ഷ. ഏറ്റവും വലിയ കോടതി ദൈവത്തിന്റെയാണല്ലോ, ബാക്കിയൊക്കെ പുള്ളി വേണമെങ്കില്‍ വിധിച്ചോട്ടെയെന്നാണ്.

ഇവിടെയും കാര്യം വ്യത്യസ്തമല്ല. എട്ട് പുരോഹിതന്മാര്‍ തന്റെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചെന്നാണ് ഭര്‍ത്താവിന്റെ പരാതി. പരാതി അപ്പാടെ സ്വീകരിക്കാന്‍ സഭയ്ക്ക് കഴിയില്ലല്ലോ. അതുകൊണ്ട് എട്ടില്‍ അഞ്ചുപേര്‍ക്കെതിരേ നടപടിയെടുത്തു. നിര്‍ബന്ധിത അവധി എന്ന ‘കടുത്ത ശിക്ഷ’ തന്നെ നല്‍കി. കുപ്പായം ഊരി വാങ്ങാനോ, സസ്‌പെന്‍ഡ് ചെയ്യാനോ ഒന്നും മെനക്കെട്ടിട്ടില്ല. അന്വേഷണം നടക്കുന്നുണ്ട് (ക്രൈംബ്രാഞ്ചോ സിബിഐയോ ഒന്നുമല്ല കേട്ടോ, അച്ചന്‍മാര്‍ തന്നെ നടത്തുന്ന അന്വേഷണം). ആ അന്വേഷണം പൂര്‍ത്തിയായിട്ട് (ആകുമോ?) ബാക്കി. ഒരു സ്ത്രീയെ എട്ടുപേര്‍ ചേര്‍ന്ന് ലൈംഗികമായി ഉപയോഗിച്ചെന്ന പരാതി പൊലീസ് അന്വേഷിക്കേണ്ട യാതൊരു കാര്യവുമില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്തുവിന്റെ പ്രതിനിധികളായ പുരോഹിതര്‍ക്ക് ഐപിസി ബാധകമല്ല!

ഭര്‍ത്താവ് ഉന്നയിച്ച പരാതികള്‍ സത്യമാണോ എന്നു തന്നെ സംശയമുണ്ട് ഇപ്പോള്‍ സഭയ്ക്ക്. 380 തവണ തന്റെ ഭാര്യയെ ഒരു പുരോഹിതന്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഭര്‍ത്താവിന്റെ പരാതി? 380 തവണ ഭാര്യയെ പുരോഹിതന്‍ ഉപയോഗിക്കുന്നതുവരെ ഈ ഭര്‍ത്താവ് എന്തു ചെയ്യുകയായിരുന്നുവെന്ന ചോദ്യമാണ് സഭയുടെ പ്രതിനിധിയില്‍ നിന്നുണ്ടായിരിക്കുന്നത്. അതേ, എന്ത് ചെയ്യുകയായിരുന്നു, ആ ആരോപണത്തില്‍ കഴമ്പില്ലാത്തതുകൊണ്ടല്ലേ അവര്‍ പൊലീസിനെ സമീപിക്കാതിരുന്നതെന്നും പുരോഹിതര്‍ ചോദിക്കുന്നു. അപ്പോള്‍ പിന്നെ ഞങ്ങളായിട്ട് എന്തിന് പൊലീസില്‍ പോണം എന്നും?

മാത്രമല്ല, ചൂഷണം ചെയ്യപ്പെട്ട സ്ത്രീ ‘ആളത്ര ശരിയല്ലെ’ന്നും സഭ പ്രതിനിധി പറയുന്നുണ്ട്, കൗമരകാലത്ത് ഒരു പുരോഹിതനുമായി ഈ സ്ത്രീക്ക് ബന്ധമുണ്ടായിരുന്നു എന്നും പിന്നീട് പാരിഷില്‍ ജോലി ചെയ്തിരുന്ന മറ്റൊരാളുമായും ബന്ധമുണ്ടായിരുന്നു എന്നും കോളേജ് പഠനകാലത്ത് വേറൊരു പുരോഹിതനുമായി കൂടി ഈ സ്ത്രീക്ക് ബന്ധമുണ്ടായിരുന്നു എന്നൊക്കെയാണ് ഇപ്പോള്‍ സഭ പ്രതിനിധികള്‍ തങ്ങളുടെ വാദത്തിന് ഉറപ്പ് കിട്ടാന്‍ ആരോപിക്കുന്ന കാര്യങ്ങള്‍. അങ്ങനെയുള്ള ഒരു സ്ത്രീയാണ് ഇപ്പോള്‍ ഇരയാക്കപ്പെട്ടിരിക്കുന്നതെന്നൊക്കെ അവരുടെ ഭര്‍ത്താവ് പറയുന്നതെന്ന് സഭ പ്രതിനിധി പറയാതെ പറയുമ്പോള്‍, ആരാണ് ശരിക്കും കുറ്റം ചെയ്തത് എന്നാണ് അവരുടെ ചോദ്യം. പിന്നെ, കുമ്പസര രഹസ്യം വച്ച് ബ്ലാക് മെയില്‍ ചെയ്തതിന് തെളിവ് വല്ലതുമുണ്ടോ? ആ സ്ത്രീ പരാതി പറഞ്ഞിട്ടുണ്ടോ? ചോദ്യങ്ങള്‍ ഒരുപാടുണ്ട്; സഭയ്ക്കാണോ ചോദ്യങ്ങള്‍ക്ക് പഞ്ഞം. ആടിനെ പട്ടിയാക്കുന്ന വിദ്യ ഇതിനു മുമ്പ് എത്ര തവണ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. വേണമെങ്കില്‍, ആ അഞ്ച് പുരോഹിതന്മാരെയും കളങ്കമനസ്‌കരാക്കിയതിന് സ്ത്രീയേയും കുടുംബത്തേയും സഭയില്‍ നിന്നും ആജീവനാന്ത വിലക്ക് നടപ്പാക്കി കളയും!

അഞ്ച് ഓര്‍ത്തഡോക്‌സ് സഭ പുരോഹിതര്‍ വിവാഹിതയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

ഇനിയും എത്രനാള്‍ ഇവിടുത്തെ പാവം വിശ്വാസികളെ കളിപ്പിക്കുന്ന സഭയുടെ (അ)ന്യായം പറച്ചിലുകള്‍ തുടരും? അത് അവസാനിപ്പിക്കണമെങ്കില്‍ ആദ്യം മുന്നിട്ടറങ്ങേണ്ടത് വിശ്വാസികള്‍ തന്നെയാണ്.

ഇങ്ങനത്തെ കുമ്പസാരത്തെ കുറിച്ച് ബൈബിളില്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? കുര്‍ബാനയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും കുമ്പസാരം ക്രിസ്തുവോ ശിഷ്യന്മാരോ പറഞ്ഞിട്ടില്ല. പിന്നീട് വന്ന ആചാരമാണത്. ആദ്യകാലത്ത് ഈ കുമ്പസാരം എങ്ങനെയായിരുന്നു. വിശ്വാസികള്‍ കൂട്ടമായിരുന്ന് തങ്ങള്‍ ചെയ്ത പാപങ്ങള്‍ മനസിലോര്‍ക്കുമ്പോള്‍ പുരോഹിതന്‍ അവരെ ആശിര്‍വദിച്ച് പാപമോചനം നല്‍കുന്നു. അതില്‍ നിന്നാണ് ഒരു സൈക്കോളജിക്കല്‍ എലമെന്റോടുകൂടി ഒരു വ്യക്തിയോടു തങ്ങളുടെ തെറ്റുകള്‍ ഏറ്റു പറയുകയും അയാളില്‍ നിന്നും അതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യാന്‍ തുടങ്ങിയത്. അന്നത് തുടങ്ങിയപ്പോഴത്തെ കാലമല്ലോ പിന്നീട് മാറി വന്നത്. പുരോഹിതരില്‍ നെല്ലേതാ പതിരേതാ എന്നറിയാന്‍ പറ്റാത്ത അവസ്ഥയായി. കൊലപാതകങ്ങള്‍ക്കും ബലാത്സംഗങ്ങള്‍ക്കും അച്ചന്മാര്‍ പ്രതികളാകാന്‍ തുടങ്ങി. അത്തരക്കാരോട് ചെന്ന് പാപം ഏറ്റു പറയുമ്പോള്‍ ബ്ലാക് മെയിലിംഗ് ഒക്കെ സാധാരണമായി.

നിങ്ങള്‍ക്ക് ചെയ്ത തെറ്റിന്റെ പേരില്‍ കടുത്ത മാനസികവ്യഥ അനുഭവിക്കുന്നുണ്ടെങ്കില്‍ അതിന് ഏറ്റവും നല്ല പ്രതിവിധി ഏതെങ്കിലും സൈക്കോളജിസ്റ്റിനെയോ കൗണ്‍സിലിംഗ് വിദഗ്ദനെയോ കാണുന്നതല്ലേ! അതുമല്ലെങ്കില്‍ ഏറ്റവും അടുത്ത സുഹൃത്തിനോട് പറയാം, കുടുംബത്തിലെ ആരോടെങ്കിലും പറയാം. അല്ലാതെ പള്ളീലച്ചന്റെ അടുത്തേക്ക് ഓടുന്നതെന്തിന്? നന്മനിറഞ്ഞ മറിയം നാല് വട്ടം ചൊല്ലുക, സ്വര്‍ഗസ്ഥനായ പിതാവ് അഞ്ചുവട്ടം ചൊല്ലുക എന്നൊക്കെ പാപപരിഹാരം പറയുന്നവരില്‍ നിന്നും എന്ത് പാപമുക്തിയും മന:സമാധാനവുമാണ് നിങ്ങള്‍ക്ക് കിട്ടുന്നത്?

പക്ഷേ, ഇതെല്ലാം അറിയുന്നവര്‍, വിദ്യാഭ്യാസവും വിവരവും ഉള്ളവര്‍ എല്ലാം തന്നെ കുമ്പസരിക്കാന്‍ പള്ളിലേക്ക് പോകാതിരിക്കില്ല. മതം മയക്കു മരുന്നുപോല്‍ ശരീരത്തിലും മനസിലും കയറിക്കഴിഞ്ഞാല്‍ അവിടെ തങ്ങള്‍ ആര്‍ജിച്ച വിദ്യാഭ്യാസത്തിനൊന്നും ഒരു ഫലവും ചെയ്യാന്‍ കഴിയില്ല. ജീവിതത്തില്‍ നീ ഒരിക്കല്‍ പോലും കുമ്പസാരിച്ചിട്ടില്ലെങ്കില്‍ മരണശേഷം നിനക്ക് നരകമാണ് വാസസ്ഥലം എന്നു മതം പറഞ്ഞിട്ടുണ്ട്. അതില്‍ പേടിയാണ് എല്ലാവര്‍ക്കും. മരിച്ച് നരകത്തില്‍ പോകുന്നതിനെക്കാള്‍ വലിയ കഷ്ടമുണ്ടോ? പാപബോധം ഇത്രമേല്‍ വിശ്വാസികളില്‍ നിറച്ചിരിക്കുന്ന മറ്റൊരു മതം തന്നെയുണ്ടാകില്ല.

ഓര്‍ത്തഡോക്‌സ് സഭയിലെ സംഭവം ഒറ്റപ്പെട്ട ഒന്നല്ലെന്ന് സാമാന്യജനത്തിന് അറിയാം. പല സ്ത്രീകളും പലവിധത്തില്‍ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്. ബലാത്കാരമല്ലെങ്കില്‍ പോലും സ്പര്‍ശന സുഖം കൊണ്ടോ കേള്‍വി സുഖം കൊണ്ടോ കുമ്പസാര കൂട്ടിലിരുന്ന് നിര്‍വൃതി നേടുന്ന ഒരുപാട് പുരോഹിതന്മാരുണ്ട്. ക്രിസ്തുമതത്തില്‍ ഏറ്റവും വലിയ പാപം ലൈംഗികതയാണ്. ലൈംഗിക ബന്ധം എന്നത് സന്താനോത്പാദത്തിന് മാത്രമാണെന്നും മറ്റെല്ലാം പാപമാണെന്നും അതില്‍ ഏര്‍പ്പെടുന്നവര്‍ കടുത്ത ദൈവശിക്ഷയ്ക്ക് വിധേയരാകുമെന്നാണ് പറഞ്ഞു വച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ കുമ്പസാരിക്കാന്‍ വന്നാല്‍ അച്ചന്‍മാര്‍ അങ്ങോട്ട് ചോദിക്കുന്നത് അവരുടെ ലൈംഗിക ജീവിതത്തേക്കുറിച്ചായിരിക്കും. ചിലര്‍ തങ്ങളുടെ ലൈംഗിക പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍, അത് പൂവും കായും നുള്ളി കേള്‍ക്കണം ചില അച്ചന്മാര്‍ക്ക്. ആചാരത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ ഒരാളും മിണ്ടില്ല. അതാണ് മതത്തിന്റെ വിജയം.

എന്തിനാണ് പുരോഹിതരെ വിവാഹം കഴിക്കാന്‍ സമ്മതിക്കാത്തത്? ഓര്‍ത്തഡോക്‌സ് സഭയില്‍ അതിന് അനുമതിയുണ്ട്. വിവാഹ ജീവിതം പുരോഹിതര്‍ക്ക് പാടില്ലെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ടോ? പുരോഹിതരെ വിവാഹം കഴിപ്പിക്കാത്തിന് പ്രധാന കാരണം സഭയുടെ സ്വത്ത് തന്നെയാണ്. വിവാഹം സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വഴിവയ്ക്കുകയും സഭാ സ്വത്തുക്കള്‍ക്കുമേല്‍ പുരോഹിതര്‍ക്ക് നോട്ടം വരികയും ചെയ്യുമെന്ന പേടിയാണ്. രണ്ടാമത്തെ കാര്യം വിശ്വാസം തന്നെയാണ്. ലൈംഗികത പാപമാണെന്നും ലൗകികസുഖങ്ങള്‍ വെടിഞ്ഞവന് നേരിട്ട് ദൈവരാജ്യം പ്രാപ്യമാകുമെന്നുമാണ്. ഇത്തരം പേടിയും അന്ധവിശ്വാസവുമാണ് ക്രിസ്ത്യന്‍ പുരോഹിതരുടെ വിവാഹത്തിന് തടസം. അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ മുതല്‍ കുമ്പസാരിക്കാന്‍ വരുന്ന സ്ത്രീകള്‍ വരെയാണ്. എല്ലാ പുരോഹിതരും ദൈവ വിളി കിട്ടിയാണ് പൗരോഹിത്യത്തിന്റെ വഴിയിലേക്ക് വരുന്നതെന്ന് തോന്നുന്നുണ്ടോ? വീട്ടിലെ കഷ്ടപ്പാട് കൊണ്ട് പുരോഹിതരാകുന്നവര്‍ ഏറെയുണ്ട്. അച്ചനായതുകൊണ്ട് വീട് രക്ഷപ്പെട്ടവരേറെയാണ്. നിര്‍ബന്ധപൂര്‍വം ളോഹ അണിയേണ്ടി വരുന്നവരും ഉണ്ട്. ഇവരൊക്കെ തങ്ങളുടെ മോഹങ്ങളും ദാഹങ്ങളുമൊക്കെ എന്നന്നേക്കുമായി കെട്ടിപ്പൂട്ടിവച്ചിട്ടൊന്നുമുണ്ടാകില്ല. അവസരം കിട്ടുമ്പോഴൊക്കെ അവരത് തേടും. അതിനുള്ള ഉദാഹരണങ്ങള്‍ ഏറെയുണ്ടല്ലോ…

അഡ്വ. ഇന്ദുലേഖ ജോസഫിനെ പോലുള്ളവര്‍ പറയുന്നത് ഒന്നുകില്‍ കുമ്പസാരം കന്യാസ്ത്രീകളെ ഏല്‍പ്പിക്കുക, അതല്ലെങ്കില്‍ കുമ്പസാരം എന്ന ഏര്‍പ്പാട് നിര്‍ത്തലാക്കുക എന്നാണ്. ഈ ആവശ്യം ഇപ്പോഴത്തെ സംഭവങ്ങളും ചേര്‍ത്ത് മാര്‍പ്പാപ്പ സമക്ഷം എത്തിക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്. കാലങ്ങളായുള്ള ആചാരം അവസാനിപ്പിക്കുക എന്നത് അസംഭവ്യമെങ്കിലും ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്കു മേല്‍ ചില പ്രതീക്ഷകളൊക്കെയുണ്ട്.

ഓര്‍ത്തഡോക്‌സ് സഭയിലെ സംഭവം ക്രിമിനല്‍ കേസ് ആകുമോ? ആകാന്‍ സാധ്യതയില്ലെന്നാണ് അഭിഭാഷകര്‍ തന്നെ പറയുന്നത്. കാരണം, തന്നെ നിര്‍ബന്ധപൂര്‍വം ലൈംഗിക ബന്ധത്തിന് വിധേയയാക്കിയെന്ന ആ സ്ത്രീയുടെ പരാതി വരാത്തിടത്തോളം ഈ സംഭവത്തില്‍ ആരെങ്കിലും പരാതി കൊടുത്താല്‍ തന്നെ കേസ് നിലനില്‍ക്കില്ല. തന്റെ താത്പര്യത്തിനു പുറത്താണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് ഇരുപുറത്തും പ്രായപൂര്‍ത്തിയായവരുള്ള സംഭവത്തില്‍ സ്ത്രീ പറഞ്ഞാല്‍, കോടതിക്ക് ഒന്നും പറയാനുണ്ടാകില്ല. അതുകൊണ്ട് ആ സ്ത്രീക്ക് പരാതിയില്ലാത്തിടത്തോളം ഇതൊരു കേസ് ആകില്ലെന്ന് ഉറപ്പ്.

അതുകൊണ്ട് ഈ കേസ് വിടാം, മറ്റൊന്ന് ഇതുപോലെ ഉണ്ടാകാതിരിക്കണമെങ്കില്‍, വിശ്വാസികളായ സ്ത്രീകളേ… നിങ്ങള്‍ കുമ്പസാരക്കൂടിനരികില്‍ ജാഗ്രത പാലിക്കുക. ഓര്‍ക്കുക; ഇതിലൊന്നും യേശു ക്രിസ്തുവിന് യാതൊരു പങ്കുമില്ല….

ലൈംഗികാരോപണം, റിയല്‍ എസ്റ്റേറ്റ്, വായ്പ്പാ തട്ടിപ്പ്… കേരളത്തിലെ ക്രൈസ്തവ പുരോഹിതര്‍ ഉള്‍പ്പെടുന്ന കേസുകളാണ്

അതിരമ്പുഴ പള്ളിയൊഴികെയുള്ള പള്ളികളില്‍ കുമ്പസാരം നടത്തുന്നവര്‍ ഇനി എന്ത് ചെയ്യും?

കുമ്പസരിച്ച് തീര്‍ക്കാനാവാത്ത പാപങ്ങള്‍…

ആലഞ്ചേരിയുടെ സേവ് കുമ്മനം മിഷനും വ്യാജ ഒപ്പില്‍ അറസ്റ്റിലായ ഫാദര്‍ പീലിയാനിക്കലും

മതമെന്ന തെമ്മാടിക്കുഴി മനുഷ്യനെ അടക്കുന്ന വിധം

തുടരുന്ന ലൈംഗിക പീഡനങ്ങള്‍; കേരളത്തില്‍ ഈ വര്‍ഷം അറസ്റ്റിലായത് നാല് ക്രിസ്ത്യന്‍ പുരോഹിതര്‍; മിണ്ടാട്ടം മുട്ടി സഭകള്‍

ജോസഫ് പുലിക്കുന്നേല്‍ എന്ന ഒറ്റയാള്‍ പട്ടാളം-സക്കറിയ എഴുതുന്നു

Avatar

ഇന്ദു

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍