നാലായിരത്തോളം പേര്‍ ചലഞ്ച് ഏറ്റെടുത്തെങ്കിലും ആര്‍ക്കും വിജയിക്കാന്‍ സാധിച്ചിട്ടില്ല
അന്താരാഷ്ട്ര കാര്‍ ഫ്രീ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മാനവീയം വീഥിയില്‍ സൈക്കിള്‍ ക്ലബ്ബായ ഇന്‍ഡസ് സൈക്കിളിംഗ് എംബസി സംഘടിപ്പിച്ച പരിപാടിയിലേക്ക് കോഴിക്കോട് നിന്നും സൈക്കിള്‍ ചവിട്ടിയെത്തിയ ഒരു ചെറുപ്പക്കാരന്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായത് വളരെപ്പെട്ടന്നാണ്. അഞ്ഞൂറിലേറെ കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയെത്തി ഗിന്നസ് ബുക്ക് റെക്കോര്‍ഡ് നേട്ടം ലക്ഷ്യമിടുന്ന മുഹമ്മദ് മുസാദിഖ് ആണ് ആ ചെറുപ്പക്കാരന്‍. മലപ്പുറം സ്വദേശിയായ മുസാദിഖിനെപ്പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ അപ്പുറം ശ്രദ്ധാകേന്ദ്രമാകുന്നത് ഈ ചെറുപ്പക്കാരന്‍ കൊണ്ടുവന്ന സൈക്കിളാണ്. ബ്രെയിന്‍ സൈക്കിള്‍ എന്ന് പേരിട്ടിരിക്കുന്ന ഈ സൈക്കിള്‍ പത്ത് മീറ്റര്‍ ചവിട്ടുന്നവര്‍ക്ക് ആയിരം രൂപയാണ് സിഇടി സൈക്ലിംഗ് ക്ലബ്ബ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനകം നാലായിരത്തോളം പേര്‍ ചലഞ്ച് ഏറ്റെടുത്തിട്ടുണ്ടെങ്കിലും താന്‍ ഈ സമ്മാനം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പോക്കറ്റില്‍ സൂക്ഷിക്കുന്ന ആയിരം രൂപ ഇതുവരെയും എടുക്കേണ്ടി വന്നിട്ടില്ലെന്ന് 2019 തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കിയിറങ്ങിയ മുസാദിഖ് പറയുന്നു.
ഹാന്‍ഡില്‍ വലത്തോട്ട് തിരിച്ചാല്‍ ഇടത്തോട്ടും ഇടത്തോട്ട് തിരിച്ചാല്‍ വലത്തോട്ടും തിരിയുന്ന രീതിയിലാണ് ഈ സൈക്കിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇവര്‍ ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ് ഒരു സൈക്ലിംഗ് ക്ലബ്ബിന് രൂപം നല്‍കിയത്. സിഇടി സൈക്ലിംഗ് ക്ലബ്ബ് ഒരു ഗെയിം പ്രോജക്ടായി നിര്‍മ്മിച്ചതാണ് ഈ സൈക്കിളെന്ന് മുസാദിഖ് അറിയിച്ചു. ഇതൊരു ഫണ്‍ ഇവന്റായാണ് ആരംഭിച്ചത്. സാധാരണ സൈക്കിളില്‍ നിന്നും വ്യത്യസ്തമായി വലത്തോട്ട് തിരിക്കുമ്പോള്‍ ഇടത്തോട്ടും ഇടത്തോട്ട് തിരിക്കുമ്പോള്‍ വലത്തോട്ടുമാണ് ഈ സൈക്കിള്‍ പോകുകയെന്നും മുസാദിഖ് വ്യക്തമാക്കി. മുസാദിഖ് തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജില്‍ രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ കോളേജിന്റെ മെക്കാനിക്കല്‍ വര്‍ക്ക്‌ഷോപ്പില്‍ ഉണ്ടാക്കിയെടുത്തതാണ് ഈ സൈക്കിള്‍. രണ്ട് ഗിയറുകള്‍ ഉള്‍പ്പെടുന്നതാണ് ബ്രെയിന്‍ സൈക്കിളിന്റെ മെക്കാനിസം. വീലിനും ഹാന്‍ഡില്‍ ബാറിനും ഇടയിലുള്ള അച്ചുതട്ട് എടുത്ത് മാറ്റിയിരിക്കുകയാണ്. പകരം രണ്ട് പല്‍ച്ചക്രങ്ങളാണ്(ഗിയറുകള്‍) ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
ബ്രെയിന്‍ സൈക്കിള്‍ ഒരു ബ്രെയിന്‍ എക്‌സര്‍സൈസിംഗ് ഉപകരണമായി നമുക്ക് ഉപയോഗിക്കാവുന്നതാണെന്ന് മുസാദിഖ് പറയുന്നു. ഒരു റൂബിക് ക്യൂബ് പോലെയോ ചെസ്സുകളി പോലെയോ. സൈക്ലിംഗ് ക്ലബ്ബ് രൂപീകരിച്ചപ്പോള്‍ സാധാരണ സൈക്കിള്‍ ഉപയോഗിച്ച് കേരളത്തിനകത്തും പുറത്തുമെല്ലാം റൈഡ് നടത്തിയിട്ടുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് സിഇടി സൈക്ലിംഗ് ക്ലബ്ബിന്റെ വക എന്തെങ്കിലും കൊണ്ടുവരണമെന്ന് തോന്നിയത്. അങ്ങനെയാണ് ബ്രെയിന്‍ സൈക്കിള്‍ എന്ന ആശയം തോന്നിയത്. അങ്ങനെയാണ് മുസാദിഖ് ഒന്നര ദിവസം കൊണ്ട് ബ്രെയിന്‍ സൈക്കിള്‍ രൂപകല്‍പ്പന ചെയ്തത്.
സിഇടിയില്‍ നടത്തിയ ചലഞ്ചിന് പിന്നാലെ കേരളത്തിലെ പല ടെക്‌നിക്കല്‍ കോളേജുകളിലും ചലഞ്ചായി തന്നെ ഈ സൈക്കിള്‍ മുസാദിഖ് അവതരിപ്പിച്ചിട്ടുണ്ട്. ഏകദേശം നാലായിരം പേര്‍ ഈ ചലഞ്ച് സ്വീകരിച്ച് മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും ഇതുവരെ ആര്‍ക്കും വിജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മുസാദിഖ് വ്യക്തമാക്കി. ഈ സൈക്കിള്‍ കൊണ്ട് ഒരു ലോകസഞ്ചാരം നടത്താനാണ് ഇപ്പോള്‍ മുസാദിഖിന്റെ ആഗ്രഹം. വിവിധ സംസ്‌കാരത്തിലും ജീവിതരീതികളിലുമുള്ളവര്‍ ഈ സൈക്കിളിനെ ഏത് രീതിയില്‍ സ്വീകരിക്കുന്നുവെന്ന് അറിയുകയാണ് ലക്ഷ്യം. എന്നാല്‍ അത് തന്റെ പിജിയ്ക്ക് ശേഷം മതിയെന്നാണ് ഇയാളുടെ തീരുമാനം.
മുസാദിഖ് സൈക്കിള്‍ ഓടിക്കുന്നത് കാണുമ്പോള്‍ എല്ലാവര്‍ക്കും ഇതൊരു സാധാരണ സൈക്കിളല്ലേ ഇത് ഓടിക്കാനെന്താണ് ഇത്ര പ്രശ്‌നമെന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ സൈക്കിളിന്റെ ഹാന്‍ഡിലില്‍ പിടിച്ച് പെടലില്‍ കാലുറപ്പിക്കുമ്പോഴേ ഇതിന്റെ ബുദ്ധിമുട്ട് മനസിലാക്കാന്‍ സാധിക്കൂ. സൈക്കിളില്‍ കയറിയിരിക്കുമ്പോള്‍ തന്നെ ബാലന്‍സ് കിട്ടാനായി നാം അറിയാതെ ഒരുഭാഗത്തേക്ക് ചെരിഞ്ഞ് പോകും. അത് ശരിയാക്കാനായി അറിയാതെ തന്നെ ഹാന്‍ഡില്‍ തിരിക്കുകയും ചെയ്യും. അപ്പോഴാണ് നാം കാലുകുത്തുന്നതെന്ന് മുസാദിഖ് പറയുന്നു.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഈ ചെറുപ്പക്കാരന് ആദ്യമായി ഒരു സൈക്കിള്‍ ലഭിക്കുന്നത്. ബിടെകിന് ഓട്ടോമൊബൈല്‍ എടുത്തപ്പോഴാണ് പരിസ്ഥിതിക്ക് ഇണങ്ങുന്ന വാഹനമാണ് സൈക്കിളെന്ന് ഇയാള്‍ മനസിലാക്കുന്നത്. എല്ലാവരും ബൈക്കുകളുടെ പിന്നാലെ പാഞ്ഞപ്പോള്‍ ഇയാള്‍ സൈക്കിളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. സൈക്കിളിംഗ് രസകരമാണെന്ന് മനസിലായതോടെ അതില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നെന്ന് മുസാദിഖ് പറയുന്നു. എല്ലാവരും ചിന്തിക്കുന്നത് പോലെയല്ലാതെ ഒന്നു മാറ്റി ചിന്തിച്ച് പോയതിന്റെ ഫലമാണ് ആദ്യം സൈക്ലിംഗും പിന്നീട് ബ്രെയിന്‍ സൈക്ലിംഗുമെന്ന് മുസാദിഖ് പറയുന്നു. ഈ സൈക്കിള്‍ ശ്രദ്ധിക്കപ്പെട്ടതോടെ തന്നെ ആദ്യം തള്ളിപ്പറഞ്ഞവരെല്ലാം അംഗീകരിക്കാന്‍ തുടങ്ങിയതായും മുസാദിഖ് വ്യക്തമാക്കുന്നു. എല്ലാവരെയും പോലെ വീട്ടുകാരും ആദ്യം ചോദിച്ചത് നീയെന്താ തലതിരിഞ്ഞ് പോയോ എന്നാണെന്ന് മുസാദിഖിനോട് ആദ്യം ചോദിച്ചത്. എന്നാല്‍ ഇത് വച്ചുകൊണ്ട് ലോകറെക്കോഡിന് ശ്രമിച്ചപ്പോള്‍ എല്ലാവരും അംഗീകരിക്കാന്‍ തുടങ്ങിയതായി മുസാദിഖ് പറഞ്ഞു. രേഖകളെല്ലാം അയച്ച് ഗിന്നസ് ബുക്ക് അധികൃതരുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ഇയാള്‍.
also read:തറ കെട്ടല്‍ മുതല്‍ കോണ്‍ക്രീറ്റ് വരെ; കെട്ടിടങ്ങള്‍ കെട്ടിയുയര്‍ത്തുന്ന വനിതകൂട്ടായ്മ