UPDATES

ട്രെന്‍ഡിങ്ങ്

ശാരീരികാവശതകളുള്ള തെച്ചിക്കോട്ട് രാമചന്ദ്രന് വിശ്രമം അനുവദിക്കണം, എഴുന്നള്ളിക്കരുതെന്ന് ഉത്തരവ്; പ്രതിഷേധിച്ച് ആനപ്രേമികള്‍

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് ആനപ്രേമികളുടെയും ഉടമസ്ഥരുടെയും വാദം

ശാരീരികാവശതകള്‍ രൂക്ഷമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ ഉത്സവത്തിന് എഴുന്നള്ളിക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിനെതിരേ ആനപ്രേമികള്‍ പ്രതിഷേധത്തില്‍. അപകടകാരിയും കടുത്ത ആരോഗ്യപ്രശ്‌നങ്ങളുമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഇക്കാര്യം പലതവണ മുന്നറിയിപ്പ് കൊടുത്തിട്ടുള്ളതും എഴുന്നള്ളിപ്പുകളില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തി ആനയ്ക്ക് വിശ്രമം അനുവദിക്കണമെന്ന് നിര്‍ദേശിച്ചിട്ടുള്ളതുമാണ്. എന്നാല്‍ ഇത് ലംഘിച്ചാണ് ആനയെ ഉപയോഗിച്ചിരുന്നത്.

ഫെബ്രുവരിയില്‍ ഗുരുവായൂരിലെ ഒരു ഗൃഹപ്രവേശ ചടങ്ങിനോടനുബന്ധിച്ച് എഴുന്നള്ളിച്ച് നിര്‍ത്തിയിരുന്ന ആന പടക്കം പൊട്ടിയ ശബ്ദത്തില്‍ ഭയന്ന് ഇടഞ്ഞോടിയപ്പോള്‍ രണ്ടു മനുഷ്യര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതേ തുടര്‍ന്ന് അഞ്ചംഗ സമിതിയെ അന്വേഷണത്തിനു നിയോഗിച്ചിരുന്നു. സമിതി നല്‍കിയ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ആനയുടെ പ്രായം, ആരോഗ്യനില, അപകടസ്വഭാവം എന്നിവ ചൂണ്ടിക്കാട്ടി എഴുന്നള്ളിപ്പുകളില്‍ നിന്നും ഒഴിവാക്കി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ജില്ല കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

എന്നാല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് ആനപ്രേമികളുടെയും ഉടമസ്ഥരുടെയും വാദം. ആനയെ പരിശോധിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നാണ് ആരോപണം. ഗുരുവായൂരില്‍ നടന്ന സംഭവത്തിനുശേഷം നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ ആനയെ എഴുന്നള്ളിപ്പുകളില്‍ നിന്നും ഒഴിവാക്കണമെന്നു പറഞ്ഞിട്ടില്ലെന്നും ആഴ്ച്ചയില്‍ ഇടവിട്ട് മൂന്നുദിവസം മാത്രം എഴുന്നള്ളിക്കുക, രണ്ട് മാസത്തിലൊരിക്കല്‍ വൈദ്യ പരിശോധന നടത്തുക, തൃശൂര്‍ ജില്ലയില്‍ മാത്രം എഴുന്നള്ളിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഈ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞുകൊണ്ടുള്ള തീരുമാനമാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധം നടത്തുമെന്നുമാണ് ആനപ്രേമികളുടെ വെല്ലുവിളി.

പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയായ രാമചന്ദ്രന് ആവശ്യമായ വിശ്രമം അനുവദിച്ച് ആനയെ എഴുന്നള്ളിപ്പുകളിലോ മറ്റൊന്നിനു വേണ്ടിയോ ഉപയോഗിക്കാതിരിക്കണമെന്നത് ഉദ്യോഗസ്ഥതലത്തില്‍ നിന്നും മൃഗസ്‌നേഹികളില്‍ നിന്നും പലതവണയായി ഉയര്‍ന്ന ആവശ്യമാണ്. ഏറെ ശാരീരികാവശതകള്‍ ഉള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. പാപ്പന്റെ ആക്രമണത്തില്‍ രാമചന്ദ്രന്റെ വലുതു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടതാണ്. ഇടതു കണ്ണിനും ഭാഗികമായേ കാഴ്ച്ചയുള്ളൂ. ശരീരികമായി ഇത്രയേറെ ഗുരുതരമായ അവസ്ഥയിലുള്ളപ്പോഴും ആനയെയാണ് കിലോമീറ്ററുകളോളം കൊണ്ടുനടന്നു വിശ്രമില്ലാതെ പണിയെടുപ്പിക്കുന്നുണ്ടെന്നാണ് പരാതി. തൃശൂര്‍ പൂരത്തിനുള്‍പ്പെടെ രാമചന്ദ്രനെ ഉപയോഗിക്കുന്നുണ്ട്. കാഴ്ച്ച തകരാറുള്ള രാമചന്ദ്രനെ വിദഗ്ദ മെഡിക്കല്‍ സംഘം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാതെ എഴുന്നള്ളിപ്പിന് അയയ്ക്കരുതെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നിര്‍ദേശം ഉണ്ട്. പക്ഷേ, ഇത്തരം നിര്‍ദേശങ്ങളും നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് രാമചന്ദ്രനെ ഉപയോഗിക്കുന്നത്. അതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു ഗുരുവായൂരില്‍ കണ്ടത്.

ഗുരുവായൂര്‍ കൊട്ടപ്പടിയിലെ പൂരം ഉത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളിപ്പിനു കൊണ്ടു വന്ന ആനയെ ഷൈജു എന്ന വ്യക്തിയുടെ ഗൃഹപ്രവേശനത്തോട് അനുബന്ധിച്ച് പുതിയ ഗൃഹത്തില്‍ നിന്നും ക്ഷേത്രത്തിലേക്കുള്ള പൂരം എഴുന്നള്ളിപ്പിനുവേണ്ടിയും ഉപയോഗിച്ചു. ഷൈജുവിന്റെ വീട്ടില്‍ നിന്നും പുറപ്പെടുന്ന എഴുന്നള്ളിപ്പ് കാണാന്‍ ആളുകള്‍ നിരവധിയെത്തിയിരുന്നു. പഞ്ചവാദ്യം ആരംഭിച്ചതിനു പിന്നാലെ തൊട്ടുമാറിയുള്ള പറമ്പില്‍ പടക്കം പൊട്ടിച്ചതോടെ ആനയെ പ്രകോപിതനായി. ചുറ്റും കൂടിയവരുടെ ആര്‍പ്പു വിളികളും കൂടിയയതോടെ അരിശം ഇരട്ടിച്ചു. ഇടഞ്ഞ ആന മുന്നോട്ടു നീങ്ങിയതോടെ ആളുകള്‍ പരിഭ്രാന്തരായി ഓടി. ഇതിനിടയിലാണ് നാരായണന്‍ എന്നയാള്‍ ആനയുടെ മുന്നിലേക്ക് വീണത്. നാരായണനെ ആന ചവിട്ടിയരയ്ക്കുകയായിരുന്നുവെന്നു പറയുന്നു. സംഭവസ്ഥലത്ത് തന്നെ നാരായണന്‍ മരിച്ചു. ഗംഗാധരന്‍ എന്നയാളാണ് മരിച്ച രണ്ടാമത്തെയാള്‍. പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ച ഗംഗാധരന്‍ അവിടെവച്ചാണ് മരിക്കുന്നത്. ഭയന്നോടിയ കൂട്ടത്തില്‍ പലര്‍ക്കും താഴെവീണും മറ്റും പരിക്കുകളും ഏറ്റിട്ടുണ്ട്. കൂടുതല്‍ അപകടകാരിയായി റോഡിലേക്കിറങ്ങി ഓടാന്‍ തുടങ്ങിയ ആനയെ പാപ്പാന്‍ വാലില്‍ പിടിച്ച് ഒരുവിധം നിര്‍ത്തുകയായിരുന്നുവെന്നു പറയുന്നു. പിന്നീട് ശാന്തസ്ഥിതിയിലേക്ക് വന്ന ആനയെ ലോറിയില്‍ കയറ്റി കൊണ്ടുപോയി.

ഗുരുവായൂരിലെ സംഭവത്തോടെ തെച്ചിക്കോട് രാമചന്ദ്രന്‍ കൊന്നവരുടെ എണ്ണം 12 ആയിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം രാമചന്ദ്രന്റെ ഇരകളായി തീര്‍ന്നിട്ടുണ്ട്. ഈ അപകടസ്വഭാവും ചൂണ്ടിക്കാട്ടിയാണ് രാമചന്ദ്രനെ എഴുന്നള്ളിപ്പുകളില്‍ പങ്കെടുപ്പിക്കരുതെന്നു പറയുന്നത്. ലക്ഷകണക്കിന് ആളുകള്‍ കൂടുന്ന തൃശൂര്‍ പൂരത്തില്‍ അടക്കം രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നുണ്ട്.

കൊന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആണെങ്കിലും കൊല്ലിച്ചത് നിങ്ങള്‍ ആനപ്രേമികളും ഫാന്‍സുമാണ്

©

വേനൽചൂടും തെരഞ്ഞെടുപ്പ് ചൂടും ഒന്നിച്ച് വന്നാൽ പിന്നെ വാർത്തകൾക്കെങ്ങനെ ചൂട് പിടിക്കാതിരിക്കും. കൂടുതൽ വാർത്തകൾക്ക് അഴിമുഖം സന്ദർശിക്കൂ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍