“കലാപമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണോ അവിടെ നടക്കുന്നതെന്നു ചോദിച്ചാല്‍, എനിക്കറിയില്ല. എന്നാല്‍, തീര്‍ച്ചയായും ഒരു കലാപാന്തരീക്ഷമുണ്ടായിട്ടുണ്ട്.”
ശബരിമലയിലെ ‘പ്രതിഷേധസംഘ’ത്തിന്റെ അതിക്രമം മലകയറാനെത്തുന്ന സ്ത്രീകളോടും റിപ്പോര്‍ട്ടു ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകരോടും ഒരേ തരത്തില്‍ തന്നെ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. സുപ്രീംകോടതി വിധിയുടെ ബലത്തിലെത്തുന്ന വിശ്വാസികളായ സ്ത്രീകളടക്കമുള്ളവരെ മുദ്രാവാക്യം വിളിച്ചും വഴിയില്‍ തടഞ്ഞും ഭീഷണിപ്പെടുത്തിയും തിരിച്ചയക്കുന്ന സംഘം, ജോലിയുടെ ഭാഗമായി എത്തുന്ന വനിതാ മാധ്യമപ്രവര്‍ത്തകരോടു കാണിക്കുന്ന അസഹിഷ്ണുതയും കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതാണ്.
റിപ്പബ്ലിക് ടിവിയിലെ പൂജ പ്രസന്ന, സി.എന്‍.എന്‍ ന്യൂസ് 18ന്റെ രാധിക രാമസ്വാമി, ന്യൂസ് മിനുട്ടിന്റെ സരിതാ ബാലന്‍ എന്നിവര്‍ക്കൊപ്പം വിശ്വാസികളെന്നവകാശപ്പെടുന്ന പ്രതിഷേധക്കാര്‍ വഴി തടഞ്ഞാക്രമിച്ച് ഇറക്കിവിട്ടവരില്‍ എന്‍.ഡി.ടി.വിയുടെ കേരള ബ്യൂറോ ചീഫ് സ്‌നേഹ കോശിയുമുണ്ടായിരുന്നു. കഷ്ടിച്ച് രണ്ടു മാസങ്ങള്‍ക്കു മുന്‍പ് പ്രളയബാധിത കേരളത്തിനായി എന്‍.ഡി.ടി.വിയില്‍ മണിക്കൂറുകള്‍ നീണ്ട ടെലിത്തോണ്‍ സംഘടിപ്പിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പത്തു കോടി രൂപ സമാഹരിച്ചു നല്‍കിയ അതേ സ്‌നേഹ കോശി.
പ്രളയകാലത്തെ കേരളത്തിന്റെ ദുരിതങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുക്കാന്‍ മടിച്ചിരുന്ന സമയത്ത്, സ്‌നേഹയുടെ പ്രയത്‌നമാണ് എന്‍.ഡി.ടി.വി പോലൊരു മുഖ്യധാരാ വാര്‍ത്താ മാധ്യമം വഴി ലോകശ്രദ്ധ നമ്മളിലേക്കെത്തിച്ചത് എന്നു പറയേണ്ടിവരും. അന്ന് സ്‌നേഹയെയും അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തേയും വാതോരാതെ പ്രകീര്‍ത്തിച്ച അതേ കേരളത്തില്‍ നിന്നു തന്നെയാണ് ഇത്തരത്തിലൊരു അപമാനകരമായ അനുഭവം സ്‌നേഹ കോശിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്.
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കാനൊരുങ്ങുന്നതിനെക്കുറിച്ചും, അതു തടയാനായി പ്രതിഷേധക്കാരുടെ സംഘം പമ്പയിലും നിലയ്ക്കലിലും നിലയുറപ്പിച്ചിരിക്കുന്നതിനെക്കുറിച്ചും റിപ്പോര്‍ട്ടു ചെയ്യാനെത്തിയതായിരുന്നു സ്‌നേഹയും ക്യാമറാമാന്‍ ബാബുവും. പമ്പയില്‍ നടന്ന സംഘര്‍ഷം റിപ്പോര്‍ട്ടു ചെയ്യുന്നതിനിടെ. സ്ത്രീകള്‍ നടപ്പാതയില്‍ പ്രവേശിക്കരുതെന്നു ചൂണ്ടിക്കാട്ടി പ്രതിഷേധക്കാര്‍ തനിക്കെതിരെ തിരിയുകയായിരുന്നുവെന്ന് സ്‌നേഹ പറയുന്നു.
സ്‌നേഹ വിശദീകരിക്കുന്നതിങ്ങനെ:
പമ്പയില്‍ സമാധാനാന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നത്. അക്രമങ്ങളെല്ലാം നടന്നിരുന്നത് നിലയ്ക്കലിലായിരുന്നു. മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടിരുന്ന പ്രതിഷേധക്കാരായിരുന്നു പമ്പയിലുണ്ടായിരുന്നത്. പെട്ടന്ന് അവിടെയുണ്ടായിരുന്നവരില്‍ പത്തിരുപതു പേര്‍ ട്രാക്ടര്‍ പോലെ തോന്നിച്ച ഒരു വാഹനത്തിനു പിറകേ ഓടുന്നതു കണ്ടത്. വെള്ള നിറത്തിലുള്ള തുണി പോലുള്ള വസ്തു കൊണ്ട് ട്രാക്ടര്‍ മൂടുകയും ചെയ്തിരുന്നു. സ്വാഭാവികമായും സന്നിധാനത്തേക്കു പോകുന്ന സ്ത്രീകളാണ് അതിനുള്ളിലെന്ന് അവര്‍ ചിന്തിച്ചിരിക്കണം.
അവര്‍ ട്രാക്ടറിനു പിറകേ ഓടിയപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ ഞങ്ങളും അങ്ങോട്ടു ചെന്നു. ഞങ്ങള്‍ക്ക് അവിടെ നടക്കുന്നത് റിപ്പോര്‍ട്ടു ചെയ്യണമായിരുന്നു. ശബരിമലയിലേക്കുള്ള നടപ്പാതയിലാണ് ഈ സംഭവങ്ങളെല്ലാം. പ്രതിഷേധക്കാര്‍ ബഹളം വച്ച് ട്രാക്ടറിനെ മൂടിയിരുന്ന തുണി മാറ്റിയപ്പോഴാണ്, അതിനു കീഴെയുണ്ടായിരുന്നത് പൊലീസുകാരാണെന്ന് മനസ്സിലായത്. സന്നിധാനത്തേക്ക് പോകുകയോ, സ്ഥിതിഗതികള്‍ വിലയിരുത്താനെത്തിയതോ ആയിരിക്കണം. പൊലീസുകാരെ കണ്ടപ്പോള്‍ പ്രതിഷേധക്കാരെല്ലാം വീണ്ടും പ്രശ്‌നമുണ്ടാക്കാനാരംഭിച്ചു. അവരോട് ട്രാക്ടറില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെടുകയെല്ലാം ചെയ്തു.
പൊലീസുകാരും പ്രതിഷേധക്കാരും തമ്മിലുള്ള ഒരു സംഘര്‍ഷമായിരുന്നു അവിടെ നടന്നിരുന്നത്. പ്രതിഷേധക്കാര്‍ പൊലീസുദ്യോഗസ്ഥരെ തടയുകയും അവര്‍ക്കു നേരെ അതിക്രമം അഴിച്ചു വിടുകയുമായിരുന്നു. ആ സാഹചര്യം റിപ്പോര്‍ട്ടു ചെയ്യാനാണ് ഞാന്‍ ശ്രമിച്ചത്. ഞാന്‍ റിപ്പോര്‍ട്ടിംഗ് തുടങ്ങിയപ്പോഴാണ് പ്രതിഷേധക്കാര്‍ എനിക്കു നേരെ തിരിഞ്ഞത്. എന്നോട് കയര്‍ത്തു സംസാരിക്കാനും ഭീഷണിപ്പെടുത്താനുമാരംഭിച്ചു. ഞാന്‍ അതു വകവയ്ക്കാതെ എന്റെ ജോലി തുടരുക തന്നെ ചെയ്തു.
അപ്പോള്‍ അവരെന്റെ ക്യാമറാമാനെ കയ്യേറ്റം ചെയ്യുകയായിരുന്നു. ക്യാമറാമാനു നേരെ അക്രമമുണ്ടായപ്പോഴാണ് ഞാന്‍ പ്രതികരിച്ചത്. തിരിച്ചും ഒച്ചവച്ചു. ക്യാമറാമാനെ ശാരീരികമായി ആക്രമിക്കാനും ക്യാമറ ബ്ലോക്കു ചെയ്യാനും ശ്രമിക്കുകയായിരുന്നു അവര്‍. ശബരിമലയിലേക്കുള്ള നടപ്പാതയില്‍ ഒരു സ്ത്രീയായ എന്നെ കണ്ടു എന്നതായിരിക്കാം അവരെ പ്രകോപിപ്പിച്ചത്. അവിടെ നടക്കുന്ന അതിക്രമങ്ങള്‍ മാധ്യമങ്ങള്‍ ഷൂട്ടു ചെയ്യരുതെന്നും അവര്‍ കരുതിയിരിക്കാം. ‘സ്ത്രീകള്‍ ഇവിടെ വരരുതെന്നറിയില്ലേ’ എന്നെല്ലാമായിരുന്നു അവരെന്നോടു ചോദിച്ചത്.
ശബരിമലയിലേക്കു കടക്കാനോ സന്നിധാനത്തെത്തി ചരിത്രം സൃഷ്ടിക്കാനോ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് സ്‌നേഹ പറയുന്നുണ്ട്. പ്രതിഷേധം നടക്കുന്നയിടത്തു നിന്നുമുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുക എന്നതായിരുന്നു സ്‌നേഹയുടെ ജോലി. അതു കഴിഞ്ഞപ്പോള്‍ തിരികെപ്പോരുകയും ചെയ്തു. സ്ത്രീകളെ ശബരിമലയില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള കൃത്യമായ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് സ്‌നേഹ വിശദീകരിക്കുന്നു. ‘കലാപമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണോ അവിടെ നടക്കുന്നതെന്നു ചോദിച്ചാല്‍, എനിക്കറിയില്ല. എന്നാല്‍, തീര്‍ച്ചയായും ഒരു കലാപാന്തരീക്ഷമുണ്ടായിട്ടുണ്ട്, ക്രമസമാധാനപ്രശ്‌നം പ്രകടമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്.’
പ്രളയബാധിത കേരളത്തിന് ടെലിത്തോണ്‍ വഴി നല്‍കിയ സഹായങ്ങളെക്കുറിച്ചും, ഇന്നിപ്പോള്‍ വിവേചനപരമായി മാറുന്ന ഇവിടുത്തെ ഒരു സംഘം ആളുകളെക്കുറിച്ചുമുള്ള ചോദ്യത്തിന് സ്‌നേഹ കോശി ഇങ്ങനെ മറുപടി നല്‍കി. രണ്ടു മാസത്തിനുള്ളില്‍ കേരളം ലോകത്തിനു നല്‍കുന്ന രണ്ടു ചിത്രങ്ങളിലെ വ്യത്യാസങ്ങളെക്കുറിച്ച് താന്‍ സത്യത്തില്‍ ചിന്തിച്ചിരുന്നില്ലെന്ന് അവര്‍ പറയുന്നു.
‘യഥാര്‍ത്ഥത്തില്‍ അങ്ങിനെ ഞാന്‍ ചിന്തിച്ചിരുന്നില്ല. വൈകാരികമായ വിലയിരുത്തലുകളാണിതെല്ലാം. വൈകാരികതയ്ക്ക് അടിമപ്പെടുക എന്നതല്ല ഒരു റിപ്പോര്‍ട്ടറുടെ ജോലി. വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുക എന്നതും സത്യം പുറത്തുകൊണ്ടുവരിക എന്നതുമാണ് റിപ്പോര്‍ട്ടറുടെ തൊഴില്‍. പ്രതിഷേധക്കാരെല്ലാം അതിവൈകാരികതയോടെയാണ് പ്രതികരിച്ചു കൊണ്ടിരുന്നത്. അവര്‍ക്ക് അവരുടേതായ വിശ്വാസങ്ങളും അജണ്ടകളുമുണ്ട്. സ്ത്രീകളെ കടത്തിവിടില്ല എന്നതാണ് അവരുടെ വാശി. അവര്‍ക്കു മുന്‍പിലുള്ള സ്ത്രീയാകട്ടെ, ഞാനും. പ്രളയബാധിത കേരളത്തിന് സഹായമെത്തിച്ച കാര്യം എന്നെ സംബന്ധിച്ച് കടന്നു പോയ വിഷയമാണ്. അന്ന് ഞാന്‍ ചെയ്ത ജോലി അതായിരുന്നു, ഇന്ന് ചെയ്യുന്നത് ഇതും. അതിവൈകാരികതയുടെ തള്ളിച്ചയില്‍ എനിക്കെതിരെയുണ്ടായ ഒരു അതിക്രമമായേ ഞാനിതിനെ കാണുന്നുള്ളൂ.’
സ്‌നേഹ മേരി കോശി എന്ന തന്റെ പേര് മേരി കോശിയെന്നു തിരുത്തിയുള്ള സന്ദേശങ്ങള്‍ പോലും പ്രചരിക്കുന്നുണ്ട്. ഒരു ജോലിയുമില്ലാത്ത ചിലരുടെ പ്രവൃത്തിയായിട്ടേ താനിതിനെ കാണുന്നുള്ളൂ. ഒരു റിപ്പോര്‍ട്ടറെന്ന നിലയില്‍ എന്നെ അത് അസ്വസ്ഥയാക്കുന്നുണ്ടെങ്കിലും, എന്റെ ജോലി തുടരുക എന്നതില്‍ക്കവിഞ്ഞ് ഞാന്‍ ഒന്നും ചിന്തിക്കുന്നില്ല. അതിനുള്ള സമയമോ മാനസികാവസ്ഥയോ എനിക്കില്ല. എന്തെല്ലാമോ സ്ഥാപിച്ചെടുക്കാനുള്ള ചിലരുടെ അജണ്ട ഇത്തരം പ്രചരണങ്ങള്‍ക്കു പിറകിലുണ്ടെന്നതു ശരിയാണ്.
PROFILE: ശബരിമലയില്‍ നിന്ന് തിരിച്ചു പോരേണ്ടി വന്ന രഹന ഫാത്തിമ ആരാണ്?