മനഃശാസ്ത്ര, സാമൂഹ്യ ശാസ്ത്രപരമായി പല വിദഗ്ദ്ധരുടെയും അഭിപ്രായം അനുസരിച്ച് സാധാരണ മതപരമായ മനുഷ്യത്വരയുടെ ഒരു തീവ്ര പ്രതിഫലനം ആണത്രേ ഇത്തരം കള്‍ട്ടുകള്‍
കമ്മ്യൂണിസ്റ്റ് മിശിഹാ എന്ന് കേട്ടിട്ടുണ്ടോ? അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നു. ജിം ജോണ്‍സ് എന്ന ഇയാള്‍ അമേരിക്കയില്‍ അന്‍പതുകളില്‍ കമ്മ്യൂണിസ്റ്റുകാരനായി നടന്നു. അന്നൊക്കെ അമേരിക്കയില്‍ കൊടും കമ്മ്യൂണിസ്‌റ് വിരോധമാണ്. അധികാരികള്‍ കുറെ ശല്യം ചെയ്തു. പെട്ടന്ന് ജോണ്‍സ് അണ്ണന് ഒരു ബോധോദയം വന്നു. ദൈവം ഉണ്ട്. ദൈവം ഉണ്ടെന്ന് മാത്രമല്ല ദൈവം കമ്മ്യൂണിസ്റ്റുമാണ്! താന്‍ ഒരു മിശിഹാ ആണ്. കമ്മ്യൂണിസം എന്ന മനുഷ്യ മോചനത്തിനായുള്ള ദൈവീക ആശയം പകര്‍ന്നു കൊടുക്കേണ്ട മിശിഹാ! പിന്നെ അമാന്തിച്ചില്ല, ഒരു സഭയ്ക്ക് തുടക്കമിട്ടു, പീപ്പിള്‍സ് ടെമ്പിള്‍. അതായത് പൊതുജന അമ്പലം.
അന്ന് വംശീയ തിരിവുകള്‍ നിയമപരമായി ഉണ്ടായിരുന്ന സ്ഥലമാണ് അമേരിക്ക. കറുത്തവര്‍, അവിടത്തെ ആദിവാസികള്‍, ചൈനീസ്, ജാപ്പനീസ് വംശജര്‍ ഇവരൊക്കെ താഴ്ന്നവരാണ്. ഇതിനെതിരെ ജോണ്‍സ് അണ്ണന്‍ ആഞ്ഞടിച്ചു. രക്ഷകന്‍! അവര്‍ കുറെ അണ്ണന്റെ കൂടെ കൂടി. ചില സംഘടനകള്‍ അവാര്‍ഡുകള്‍ ഒക്കെ കൊടുത്തു തുടങ്ങി. പൊതുജന അമ്പലം പടര്‍ന്നു പന്തലിച്ചു. പല നഗരങ്ങളിലും ബ്രാഞ്ചുകള്‍ തുടങ്ങി. പണം സംഭാവനകളായി ഒഴുകി എത്തി. അനുയായികള്‍ ഓച്ഛാനിച്ചു നിന്നു. രാഷ്ട്രീയക്കാര്‍ സപ്പോട്ടക്ക കാണിക്കയുമായി എത്തി.
ആയിരത്തി തൊള്ളായിരത്തി എഴുപതുകളോടെ ചില ചീഞ്ഞു നാറ്റങ്ങള്‍ ആളുകള്‍ മണത്തു പിടിച്ചു. ഗൂഢ പണ ഇടപാടുകള്‍, ലൈംഗിക ചൂഷണം, നിര്‍ബന്ധിച്ചു പണം പിരിക്കല്‍, ഗുണ്ടായിസം അങ്ങനെ പലതും. ഇതന്വേഷിക്കാന്‍ റയാന്‍ എന്ന അമേരിക്കന്‍ കോണ്‍ഗ്രസ്മാന്‍ അഥവാ എംപിയുടെ സ്ഥാനമുള്ള ഒരാളെ സര്‍ക്കാര്‍ നിയമിച്ചു. റയാന്‍ ചേട്ടന്‍ ജോണ്‍സ് അണ്ണന്റെ ആശ്രമത്തില്‍ പോയി അന്വേഷിച്ചു. കുറെയൊക്കെ കണ്ടു പിടിച്ച് തിരിച്ചു വരുന്ന വഴിയില്‍ കമ്മ്യൂണിസ്റ്റ് മിശിഹാ അണ്ണന്റെ അനുയായികള്‍ റയാന്‍ ചേട്ടനെയും സംഘത്തില്‍ ഉള്ള കുറെ പേരെയും വളരെ സിംപിള്‍ ആയി വെടി വച്ച് കൊന്നു കളഞ്ഞു! ജെസ്റ്റ് ലൈക് ദാറ്റ്!
ജിം ജോണ്‍സ്
പട്ടാളം ആശ്രമം വളഞ്ഞു. ജിം ജോണ്‍സ് അണ്ണന്‍ അനുയായികളെ വിളിച്ചു കൂട്ടി ഇങ്ങനെ പറഞ്ഞു- ‘അതായത്, പൊതുജന അമ്പലത്തിലെ ജനങ്ങളെ… ആ സമയം വന്നു കഴിഞ്ഞു. അവര്‍ നമ്മളെ പിടിച്ച് അവരെ പോലെ ആക്കും. നമുക്ക് മരിക്കണം. വീര രക്തസാക്ഷികള്‍ ആവാം. ലോകം ഒരു പാഠം പഠിക്കട്ടെ.’ അണ്ണന്‍ ഫ്രിഡ്ജ് തുറന്ന് സയനൈഡ് കലക്കിയ ജ്യൂസെടുത്ത് എല്ലാര്‍ക്കും കൊടുത്തു. ആദ്യം പിള്ളാര്‍ക്ക്. പിന്നെ വലിയവര്‍ കുടിച്ചു. തൊള്ളായിരത്തി പതിനെട്ടു പേരാണ് ജീവന്‍ വെടിഞ്ഞത്. മുന്നൂറു പിഞ്ചു പിള്ളാരും.
ആയിരത്തി തൊള്ളായിരത്തി എഴുപത്തെട്ടിലായിരുന്നു സംഭവം. പിന്നെ ഇഷ്ടം പോലെ ഉണ്ട്. ഡേവിഡ് കൊരേഷ് എന്ന ഒരാള്‍ സ്ഥാപിച്ചതാണ് ബ്രാഞ്ച് ഡേവിഡാന്‍സ് എന്ന കള്‍ട്ട്. പല ബലാത്സംഗങ്ങളും അങ്ങേര് നടത്തുന്നുണ്ട് എന്ന് പറഞ്ഞാണ് പോലീസ് അയാളെ പിടിക്കാന്‍ ആശ്രമത്തില്‍ ചെന്നത്. സംഘട്ടനം നടന്നു. അവസാനം സ്വയം ആശ്രമത്തിനു തീയിട്ടു. മരണം എഴുപത്താറ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാലിലായിരുന്നു ഇത്.
ഷോക്കോ അസഹാര എന്ന ഒരുത്തന്‍ ജപ്പാനില്‍ യോഗയും ധ്യാനവും ഒക്കെ ആയി ചുമ്മാ നിരുപദ്രവി ആയി തുടങ്ങിയതാണ് ഓം ഷിന്റിക്യോ. അവസാനം ഭൂഗര്‍ഭ മെട്രോയില്‍ സരിന്‍ എന്ന വിഷവാതകം കേറ്റി ആളുകളെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ കേന്ദ്രം പരിശോധിച്ചപ്പോള്‍ നാല്‍പതു ലക്ഷം ആളുകളെ കൊല്ലാന്‍ കെല്‍പുള്ള അത്രയും വിഷവാതകവും, ആന്ത്രാക്‌സ് മുതലായ കൊടും രോഗാണുക്കളുടെയും ശേഖരമാണ് കണ്ടെത്തിയത്.
ഡേവിഡ് കൊരേഷ്, ഷോക്കോ അസഹാര
ആയിരക്കണക്കിന് മതവിഭാഗങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും റോട്ടറി, ലയണ്‍സ് മുതലായ ക്ലബുകളും ലോകത്തുണ്ട് എന്ന് നമുക്കറിയാം. ആയിരക്കണക്കിന് ജീവിച്ചിരിക്കുന്ന വ്യക്തി അധിഷ്ഠിതമായ കള്‍ട്ടുകളും ലോകത്തുണ്ട്. എന്നാല്‍ എല്ലാ സംഘടനകളും കുഴപ്പക്കാരല്ല. പലതും അംഗങ്ങളുടെ ആത്മീയ ത്വരകളെ ശമിപ്പിക്കുന്നുണ്ട്. ലോകത്തിന് പല രീതിയിലും നന്മ ചെയ്യണം എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്നവയും ഉണ്ട്. സേവനം മുഖമുദ്രയാക്കിയ കള്‍ട്ടുകളും കുറവല്ല. എന്നാല്‍ ചുരുക്കം ചില കള്‍ട്ടുകള്‍ ശരിക്കും പ്രശ്‌നക്കാരാണ്.
മനഃശാസ്ത്ര, സാമൂഹ്യ ശാസ്ത്രപരമായി പല വിദഗ്ദ്ധരുടെയും അഭിപ്രായം അനുസരിച്ച് സാധാരണ മതപരമായ മനുഷ്യത്വരയുടെ ഒരു തീവ്ര പ്രതിഫലനം ആണത്രേ ഇത്തരം കള്‍ട്ടുകള്‍. ചില പൊതുവായ തത്വങ്ങള്‍ ഇവക്കുണ്ട്- ഒരു ആത്മീയ ആചാര്യന്‍ അഥവാ നേതാവ്, നേതാക്കള്‍, ലോക രക്ഷയ്ക്കുതകുന്ന ഒരു വിശ്വാസ പ്രമാണം, മറ്റുള്ളവരെ തങ്ങളുടെ കൂടെ കൂട്ടി ഈ വിശ്വാസത്തിലേക്ക് കൊണ്ട് വരുവാനുള്ള ബോധപൂര്‍വവും അത്യധികം ആസ്രൂതിതവുമായ ശ്രമം. വന്നവരെ, പറയുംപോലെ എന്തും അനുസരിപ്പിക്കാന്‍ പ്രാപ്തരാക്കുന്ന മനഃശാസ്ത്ര മുറകള്‍ (നിരന്തര ജോലി, നിരന്തര പ്രാര്‍ത്ഥന, മന്ത്രോച്ചാരണം, സ്തുതികള്‍, ശിക്ഷാ മുറകള്‍, പീഡനങ്ങള്‍, സമൂഹ മസ്തിഷ്‌ക പ്രക്ഷാളനം എന്നിവ പോലെ)
പലപ്പോഴും നമ്മള്‍ അല്ലാത്തവര്‍ ഒക്കെ ശത്രുക്കള്‍ ആണെന്ന് വരുത്താനുള്ള ശ്രമം. സ്വന്തം ഡ്രസ്സ്, ഭാഷ, പ്രത്യേകതകള്‍ എന്നിവ കൊണ്ട് മനഃപൂര്‍വം പൊതു സമൂഹത്തില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള ശ്രമം. അംഗങ്ങളില്‍ നിന്ന് ആവശ്യപ്പെടുന്ന വളരെ അധികമായ ത്യാഗം, ചോദ്യം ചെയ്യാന്‍ പാടില്ലാത്തതായ അനുസരണ. ഇതില്‍ ചിലതൊക്കെ പല സംഘടനകളിലും പൊതുവായി ഉള്ളതാണെങ്കിലും നാട്ടിലെ നിയമങ്ങളോ, വ്യക്തി സ്വാതന്ത്ര്യങ്ങളോ മനുഷ്യാവകാശങ്ങളോ ലംഘിക്കപ്പെടുമ്പോഴാണ് ഒരു കള്‍ട്ട് അപകടകാരിയാകുന്നത്.
എന്ത് കൊണ്ട് ആളുകള്‍ ഇവയില്‍ ആകൃഷ്ടരാകുന്നു?
ജീവിതത്തിന് അര്‍ത്ഥം വളരെ ലളിതമായി നല്‍കുന്നു എന്നതാണ് ഒരു പ്രധാന ആകര്‍ഷണം. നോക്കിഷ്ടാ- ഇങ്ങനെ ആണ് കാര്യങ്ങള്‍. ഞാന്‍ പറയുന്നത് ചുമ്മാ കേള്‍ക്കൂ… സ്വര്‍ഗം, നിര്‍വാണം, രക്ഷ അത് നേടാം. വളരെ സങ്കീര്‍ണമാണ് ലോകം. അവിടെ ശരി തെറ്റുകള്‍ കെട്ടുപിണഞ്ഞു കിടക്കുന്നു. കള്‍ട്ട് ലീഡര്‍ പറയുന്നു- കണ്‍ഫ്യൂഷന്‍ വേണ്ടാ. ഞാന്‍ പറയാം ശരിയേതാണെന്നും തെറ്റേതാണെന്നും. വ്യക്ത്യാധിഷ്ഠിതമായ ലോകമാണിന്ന്. മനുഷ്യ സന്തോഷം കുറെ- സമൂഹം, സ്വജാതി, സ്വഗോത്രം എന്നിവയോടു അലിഞ്ഞിരിക്കുന്നു.
പരിണാമപരമാണ് കാരണങ്ങള്‍- ആധുനിക ലോകത്ത് ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ക്ക് സമൂഹം, സഹായം, സുരക്ഷിതത്വം, കൂട്ട് എന്നിവ വാഗ്ദാനം ചെയ്യുന്നു. പലപ്പോഴും നിരുപദ്രവമായ ആനന്ദം തരുന്ന ഇവ, നേരത്തെ പറഞ്ഞ പോലെ അപകടകാരികള്‍ ആവാറുണ്ട്. എന്തെങ്കിലും പ്രത്യേകം മാനസിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ആണോ ഇത്തരം കള്‍ട്ടുകളില്‍ ആകൃഷ്ടര്‍ ആകുന്നത്? അദ്ഭുതം എന്ന് പറയട്ടെ, അങ്ങനെ ഒന്നും ഇല്ല എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. പഠിപ്പുള്ളവര്‍, ഇല്ലാത്തവര്‍, വലിയവര്‍, ചെറിയവര്‍, ചെറുപ്പക്കാര്‍, വയസ്സന്മാര്‍ എന്ന് വേണ്ട, ഒരു മാതിരി എല്ലാ ടൈപ്പ് ആളുകളും കള്‍ട്ടുകളിലേക്ക് ആകര്‍ഷിക്കപ്പെട്ടേക്കാം. കൂട്ടുകാര്‍ അംഗങ്ങള്‍ ആയാലും ഇങ്ങനെ വരാം.
പക്ഷെ പൊതുവായി പറഞ്ഞാല്‍ ജീവിതത്തിന്റെ ഒരു വഴിത്തിരിവില്‍ നിന്ന് അര്‍ഥം കണ്ടെത്താന്‍, വഴി കണ്ടെത്താന്‍ തത്രപ്പെടുന്ന അവസരങ്ങളില്‍ ആണത്രേ മിക്കവരും ഇവയില്‍ ചെന്ന് പെടുന്നത്. വീട് വിടേണ്ടി വരുന്നത്, രോഗങ്ങള്‍, ഉറ്റവരുടെ വിയോഗം, കടക്കെണി, തുടങ്ങി എന്തും ആവാം. ചിലപ്പോള്‍ മാത്രം ചില കള്‍ട്ടുകള്‍ മാത്രം ആണ് കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത്. അപ്പോഴേ പൊതുസമൂഹം ഇടപെടേണ്ട ആവശ്യം വരുന്നുള്ളൂ.
സംഘബലം ഉപയോഗിച്ച് പൊതു നിയമവാഴ്ചയെ വെല്ലുവിളിക്കുമ്പോള്‍, സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ നിയമേതര വഴികള്‍ തേടുമ്പോള്‍, അംഗങ്ങളെ സാമ്പത്തിക, ലൈംഗിക, തൊഴില്‍പരമായ ചൂഷണങ്ങള്‍ക്ക് വിധേയരാക്കുമ്പോള്‍, പലപ്പോഴും പഴയ കൂട്ടുകാര്‍, ബന്ധുക്കള്‍ എന്നിവരുമായുള്ള ബന്ധം വിടാനും മറ്റും കള്‍ട്ടുകള്‍ അംഗങ്ങളെ നിര്‍ബന്ധിക്കാറുണ്ട്. ഇത് അവരെ ചൂഷണത്തിന് ഇരയാകാനുള്ള സാധ്യത കൂട്ടുന്നു.
ഓര്‍ക്കുക, മിക്ക സംഘടനകളും ആത്മീയ, സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ബഹുമാന്യതയുള്ള, ഔദ്യോഗികത ഉള്ളവയാണ്. മനുഷ്യര്‍ ആയിരിക്കുന്നതിന്റെ ഒരു വര്‍ഗസ്വഭാവമാണ് ഇവയിലൊക്കെ അംഗമാകുക എന്നത്. അതുകൊണ്ട് തന്നെ പ്രശ്‌നക്കാരായ സംഘങ്ങളെ മാത്രമേ കള്‍ട്ടുകള്‍ എന്ന് വിശേഷിപ്പിക്കാന്‍ പറ്റൂ.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)