UPDATES

ട്രെന്‍ഡിങ്ങ്

6 ദിവസം മുന്നേ അവധി കഴിഞ്ഞു വസന്തകുമാര്‍ പോയത് മരണത്തിലേക്ക്; നഷ്ടമായത് ധീരനായ സൈനികനെ മാത്രമല്ല, ഒരു കുടുംബത്തിന്റെ ആശ്രയം കൂടിയാണ്

പുല്‍വാമയില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ വസന്തകുമാറിന്റെ മൃതദേഹം എന്നെത്തുമെന്ന് അറിയാതെ ബന്ധുക്കള്‍

ലക്കിടിയിലെ പൂക്കോട് വെറ്റിനറി കോളേജ് ഗേറ്റ് കടന്നു ചെല്ലുന്ന കുറുമ കോളിനിയിലെ കുന്നത്തിടവക വാഴക്കണ്ടി വീട്ടിലേക്ക് ആളുകള്‍ എത്തിക്കൊണ്ടേയിരിക്കുകയാണ്. രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ സിആര്‍പിഎഫ് ജവാന്‍ വി വി വസന്ത കുമാറിന്റെ വീട് അവിടെയാണ്. വ്യാഴാഴ്ച്ച ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ചാവേര്‍ ആക്രമണത്തിലാണ് വയനാട് സ്വദേശിയായ വസന്ത കുമാറിനും ജീവന്‍ നഷ്ടമായത്. ധീര ജവാനെ അവസാനമായി ഒന്നു കാണാന്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഈ നാടും കാത്തിരിക്കുകയാണെങ്കിലും വസന്തകുമാറിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിലെ അനിശ്ചിതാവസ്ഥ ഇപ്പോഴും മാറിയിട്ടില്ല. അനൗദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നും ശനിയാഴ്ച്ച പുലര്‍ച്ചെ അഞ്ചരയോടെ വസന്തകുമാറിന്റെ മൃതദേഹം കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിക്കുമെന്നു വിവരം കിട്ടിയിട്ടുണ്ടെങ്കിലും ഔദ്യോഗികകമായി ഇതിനു സ്ഥിരീകരണം കിട്ടിയിട്ടില്ല.

വസന്തകുമാര്‍ ഉള്‍പ്പെടെ 39 സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്കായിരുന്നു ചാവേര്‍ ഭീകരന്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് കാര്‍ ഇടിച്ചു കയറ്റിയത്. ഈ വാഹനത്തില്‍ ഉണ്ടായിരുന്ന വസന്തകുമാര്‍ ഉള്‍പ്പെടെയുള്ള എല്ലാ സൈനികരും കൊല്ലപ്പെട്ടു. മൃതദേഹം നാട്ടില്‍ എത്തിക്കുന്ന വിധത്തില്‍ ഉണ്ടാകുമോയെന്ന സംശയം ഇപ്പോഴുമുണ്ട്. അത്തരമൊരു സംശയം നിലനില്‍ക്കുന്നതു തന്നെയാണ് വസന്തകുമാറിന്റെ ശരീരം നാട്ടില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം വരുന്നതിന് താമസം എടുക്കുന്നതെന്നും പറയുന്നു. ജമ്മുവില്‍ നിന്നും ഡല്‍ഹിയില്‍ എത്തിച്ച 10 സൈനിക മൃതദേഹങ്ങളുടെ കൂട്ടത്തില്‍ വസന്തകുമാറിന്റേത് ഇല്ലെന്നാണ് അവിടെ നിന്നും കിട്ടിയ വിവരമായി ബന്ധുക്കള്‍ പങ്കുവയ്ക്കുന്നത്.

ലീവിന് നാട്ടില്‍ ഉണ്ടായിരുന്ന വയനാട് സ്വദേശി തന്നെയായ മറ്റൊരു സിആര്‍പിഎഫ് ജവാന്‍ വസന്തകുമാറിന്റെ വീട്ടില്‍ എത്തിയ സമയത്ത് ജോലി സ്ഥലത്തേക്ക് ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ശനിയാഴ്ച്ച പുലര്‍ച്ചയോടെ കോഴിക്കോട് എത്തിക്കുമെന്ന വിവരം കിട്ടിയത്. ഇദ്ദേഹം വസന്തകുമാറിനൊപ്പം സേവനം അനുഷ്ഠിച്ചിരുന്ന ജവനാണ്. എന്നാല്‍ മൃതദേഹം എത്തിക്കുന്ന കാര്യം ഔദ്യോഗികമായി ലഭിച്ചിട്ടില്ല. വീട്ടുകാരെ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ഇതുവരെ ആരും ബന്ധപ്പെട്ടിട്ടുമില്ല. സുഹൃത്തുക്കളില്‍ നിന്നുമാത്രമാണ് ഇത്തരമൊരു വിവരം തനിക്ക് കിട്ടിയതെന്നു ജവാനും പറയുന്നു. വസന്തകുമാര്‍ കൊല്ലപ്പെട്ടെന്ന വിവരവും ആദ്യം അറിയിക്കുന്നത് സുഹൃത്തുക്കളായിരുന്നു. വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് ഔദ്യോഗികമായി വസന്തകുമാറിന്റെ മരണ വാര്‍ത്ത വീട്ടുകാരെ അറിയിക്കുന്നത്.

വസന്തകുമാറിന്റെ മൃതദേഹം നാട്ടില് എത്തിക്കുകയാണെങ്കില്‍ അദ്ദേഹം പഠിച്ച വൈത്തിരി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം തൃക്കൈപ്പറ്റയിലെ കുടുംബ വീട്ടിലേക്ക് കൊണ്ടു പോവുകയും അവിടെ സംസ്‌കരിക്കുമെന്നുമാണ് കിട്ടുന്ന വിവരം. ആദിവാസി വിഭാഗമായ കുറുമ സമുദായത്തിന്റെ ആചാരപ്രകാരം ജനന-മരണ-വിവാഹ ചടങ്ങുകളെല്ലാം കുടുംബ വീട്ടിലാണ് നടത്തേണ്ടത്. ഇതിനായുള്ള ഒരുക്കങ്ങള്‍ക്കെല്ലാം തയ്യാറായി നില്‍ക്കുകയാണ് നാടും നാട്ടുകാരും.

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് വസന്തകുമാര്‍ സിആര്‍പിഎഫില്‍ ചേരുന്നത്. കഴിഞ്ഞ 18 വര്‍ഷമായി സൈനിക സേവനം ചെയ്തു വരുന്ന വസന്ത കുമാര്‍ രണ്ടുവര്‍ഷം കഴിഞ്ഞ് വിരമിക്കാന്‍ ഇരിക്കുകയായിരുന്നു. പഞ്ചാബിലായിരുന്ന വസന്തകുമാര്‍ സ്ഥാനം കയറ്റി കിട്ടിയാണ് ശ്രീനഗറില്‍ എത്തുന്നത്. ശ്രീനഗറിലേക്ക് മാറുന്നതിനു മുന്നേ കിട്ടിയ പത്തു ദിവസത്തെ അവധിയില്‍ നാട്ടില്‍ എത്തിയിരുന്ന വസന്തകുമാര്‍ ഈ മാസം ഒമ്പതിനാണ് ജമ്മു കശ്മീരിലേക്ക് പോയത്.

രാജ്യത്തിന് ധീരനായ ഒരു സൈനികനെ നഷ്ടപ്പെട്ടതിനൊപ്പം ഒരു കുടുംബത്തിന്റെ ആശ്രയം കൂടിയാണ് ഇല്ലാതായിരിക്കുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട വസന്തകുമാറിന്റെ കുടുംബത്തിന് സ്വന്തമായി അഞ്ചേക്കര്‍ ഭൂമി ഉണ്ടെങ്കിലും കൃഷിയോഗ്യമല്ല. അതിനാല്‍ തന്നെ വസന്തകുമാര്‍ സൈന്യത്തില്‍ ചേര്‍ന്നതിനു പിന്നാലെയാണ് കുടുംബം കരകയറുന്നത്. അടച്ചുറപ്പുള്ള ഒരു വീട് നിര്‍മിച്ചെങ്കിലും അത് പൂര്‍ണമാക്കാന്‍ വസന്തകുമാറിന് കഴിഞ്ഞില്ല. ഷീനയാണ് വസന്തകുമാറിന്റെ ഭാര്യ. പൂക്കോട് വെറ്റിനറി കോളേജിലെ താത്കാലിക ജീവനക്കാരിയായ ഷീനയ്ക്ക് ഇപ്പോഴും ഭര്‍ത്താവിന്റെ വിയോഗവാര്‍ത്ത ഉള്‍ക്കൊള്ളാനായിട്ടില്ല. മൂന്നാംക്ലാസുകാരിയായ അനാമികയും യുകെജി വിദ്യാര്‍ത്ഥിയായ അമര്‍ദീപുമാണ് വസന്തകുമാറിന്റെ മക്കള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍