UPDATES

വായന/സംസ്കാരം

ഭക്ഷണം കഴിച്ചും കഴിപ്പിച്ചും പൊട്ടിച്ചിരിച്ചും ചിരിപ്പിച്ചും കഥ പറഞ്ഞും പറയാതെയും പുനത്തില്‍ മടങ്ങി

”നെയ്ച്ചോറിനു സ്‌ത്രൈണ സ്വഭാവമാണെന്നാ അദ്ദേഹം പറയാറുളത്. വെളുത്ത നിറമല്ലേ നെയ്ച്ചോറിന്? മൂപ്പര്‍ക്ക് അത് വെളുത്ത സാരിയുടുത്ത ഒരു സുന്ദരിയെ പോലെ ആണ് തോന്നിയത് പോലും”.

ദീഷ്‌ണ സി.

ദീഷ്‌ണ സി.

പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന എഴുത്തുകാരനോടും വ്യക്തിയോടും ഡോക്ടറോടുമുള്ള ജനമനസ്സുകളിലെ മതിപ്പാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ടൗണ്‍ഹാളില്‍ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ കണ്ടത്. സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും നിരവധി മനുഷ്യര്‍ തങ്ങളുടെ പ്രിയ എഴുത്തുകാരനെ അവസാനമായി ഒരു നോക്ക് കാണാനായി തടിച്ചുകൂടി. അക്കൂട്ടത്തില്‍ എഴുത്തിലൂടെയും അക്ഷരങ്ങളിലൂടെയും മാത്രം പുനത്തിലിനെ അടുത്തറിഞ്ഞവരും, നേരിട്ട് ബന്ധമുള്ളവരുമുണ്ട്. എല്ലാവര്‍ക്കും പറയാനുള്ളത് ഒന്നുമാത്രം, ഒരു നല്ല കഥാകാരനെ നഷ്ടമായി.

ടൗണ്‍ഹാളിലേക്ക് വരുന്ന വാഹനങ്ങളെ നിയന്ത്രിക്കുന്നതിനിടയില്‍ വെളുത്ത, നിറംമങ്ങിയ മുണ്ടും ഇളം മഞ്ഞ നിറത്തിലുള്ള ഷര്‍ട്ടും ധരിച്ച് നില്‍ക്കുന്ന ഒരാള്‍, പേര് പത്മന്‍ പന്തീരാങ്കാവ്. അദ്ദേഹം പറഞ്ഞു: ‘അയ്യോ മോളെ നല്ലൊരു മനുഷ്യനല്ലേ പോയത്. എല്ലാം ഒന്നും ഇല്ലെങ്കിലും മൂപ്പരുടെ കുറച്ച് പുസ്തകങ്ങള്‍ ഒക്കെ ഞാനും വായിച്ചതാ. കുറച്ച് കൊല്ലങ്ങള്‍ക്ക് മുന്‍പ് ഞാന്‍ മൂപ്പരുടെ ഒരു പ്രസംഗം കേട്ടിരുന്നു. എഴുതാന്‍ മാത്രല്ല ട്ടോ… ഓര്‍ക്ക് നല്ലോണം പറയാനും അറിയാം… മ്മളെ സുരയ്യ ഇല്ലേ (കമലാ സുരയ്യ) ഓരേ ഒക്കെ പോലെ തന്നെ…’ വീണ്ടും വാഹനങ്ങളെ നോക്കി കൈവീശികാണിച്ചും നിര്‍ത്താന്‍ പറഞ്ഞും പുള്ളി തന്റെ ജോലികളിലേക്ക് തന്നെ മടങ്ങി.

ഒരുപാട് സാംസ്‌കാരിക നേതാക്കള്‍ കാറുകളില്‍ വന്നിറങ്ങുന്നു. സംഘടനാ പ്രവര്‍ത്തകര്‍ റീത്തുമായെത്തുന്നു. മാധ്യമ പ്രവര്‍ത്തകരുടെ ഒരു വലിയ കൂട്ടം അരികിലായുണ്ട്. പലരും ലൈവ് റിപ്പോര്‍ട്ട് ചെയ്യുകയും അഭിപ്രായങ്ങള്‍ റെക്കോര്ഡ് ചെയ്യുകയും ചെയ്യുന്നു. ഇതിനിടയില്‍ മറ്റൊരാളെ കണ്ടുമുട്ടി. പുള്ളി പഴയ ഒരു പത്രപ്രവര്‍ത്തകനാണ്. പേര് ശ്രീകുമാര്‍ കോഴിക്കോട്. ഒരു പച്ച മനുഷ്യന്‍. നീളം കുറഞ്ഞു മെലിഞ്ഞ ശരീരപ്രകൃതി. നരച്ചു നീണ്ട താടി. നല്ല ഒഴുക്കന്‍ സംസാര ശൈലി. പുനത്തിലിനെ കുറിച്ച് വാതോരാതെ സംസാരിക്കാന്‍ മാത്രമുള്ള ആത്മബന്ധം ഇദ്ദേഹത്തിനുണ്ട്. അതോടൊപ്പം, അദ്ദേഹത്തിന്റെ കയ്യില്‍ മടക്കിപിടിച്ചിരിക്കുന്ന ഒരു കടലാസും ശ്രദ്ധിച്ചു. അതില്‍ നിറച്ച് പുനത്തിലിനെ കുറിച്ചുള്ള ശ്രീകുമാറിന്റെ കാഴ്ചപ്പാടുകളാണ്, അഭിപ്രായങ്ങളാണ്. ആ എഴുത്തില്‍ പുനത്തിലിന്റെ ഒരു രചനകളെ പറ്റിയും കാണാന്‍ കഴിഞ്ഞില്ല. അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറയാന്‍ തുടങ്ങി..

പുനത്തിലിന്റെ പുസ്തകങ്ങളെ പേരൊന്നും എഴുതി സൂക്ഷിക്കേണ്ട കാര്യമില്ല. അതെല്ലാം നമ്മള്‍ വായിച്ചതാണ്. ഓര്‍മ്മയിലുണ്ട്. അദ്ദേഹത്തിന്റെ പ്രത്യേകത എന്തണെന്ന് അറിയാമോ? എല്ലാം വെട്ടിത്തുറന്ന് പറയുന്ന പ്രകൃതമാണദ്ദേഹത്തിന്. മറ്റു കഥാകാരന്മാര്‍ എഴുതാനും പൊതുവേദിയില്‍ പറയാനും മടിക്കുന്ന എത്ര കാര്യങ്ങളാണ് അദ്ദേഹം വിളിച്ചു പറഞ്ഞിരിക്കുന്നത്. മരിച്ചു പോയ സുരയ്യ ഇല്ലേ. അവരും പുനത്തിലും ഒരേ പോലെയാ. എന്തും തുറന്ന് പറയാന്‍ മടിയൊന്നുമില്ല. എത്ര പുസ്തകങ്ങള്‍ പുനത്തില്‍ എഴുതി. ഓരോന്നിലും സമൂഹവുമായി ബന്ധപ്പെട്ട എന്തെങ്കിലുമാണുണ്ടാവുക. കപട സദാചാരത്തെ നല്ലോണം എതിര്‍ത്ത ആളാ, അങ്ങനെ ഒളിഞ്ഞും മറഞ്ഞും കാര്യം നടത്തേണ്ട ആവശ്യമില്ലാന്നാ പറഞ്ഞത്. എഴുത്തില്‍ മാത്രമല്ല, ഒരു പ്രഭാഷണത്തിലും ഞാനത് കേട്ടിട്ടുണ്ട്. അവര്‍ എപ്പോഴും അടിവരയിട്ട് പറയുന്നത് ‘അരുതായ്മകള്‍ നീക്കണം’ എന്നാണ്. അരുതായ്മകള്‍ ആരും നേരിടുന്നത് മൂപ്പര്‍ക്ക് ഇഷ്ടല്ല. സ്വന്തം ചുറ്റുപാടില്‍ അത് നടക്കാന്‍ മൂപ്പര്‍ സമ്മതിക്കൂല. ഇതു മാത്രല്ല, പരസ്ത്രീ ബന്ധങ്ങളെ കുറിച്ചും നല്ല കാഴ്ചപ്പാടാട്ടോ (ചിരിക്കുന്നു) ഭാര്യ മാത്രല്ല സൈഡിലൂടെ ഒന്നോ രണ്ടോ കാമുകിമാര്‍ ഉണ്ടാകുന്നതിലും തരക്കേടില്ലാന്നാ എപ്പോഴും പറയാറുളളത്. പരസ്ത്രീ ബന്ധം മാത്രല്ലാട്ടോ. മദ്യപിക്കുന്നതും തെറ്റല്ലാന്ന് പുള്ളി പറഞ്ഞിട്ടുണ്ട്. ഇനി പൊതു നിരത്തില്‍ മദ്യപിക്കണമെങ്കില്‍ അതും ആയിക്കൊള്ളു. ഇതിനൊന്നും വേറെ ആരെയും നോക്കണ്ടാന്ന് ആണ് മൂപ്പരുടെ അഭിപ്രായം.

അദ്ദേഹത്തിന്റെ ചിന്തകളൊന്നും ഒരു സാധാരണ മലയാളി എഴുത്തുകാരെപ്പോലയല്ല. ഒരു പടിഞ്ഞാറന്‍ കാഴ്ചപ്പാടുകളാണ് അദ്ദേഹം പുലര്‍ത്തിയത്. അതു തുറന്ന് പറയുകയും ചെയ്യും. പിന്നെ അങ്ങേര് നെയ്ച്ചോറിനെ കുറിച്ച് പറഞ്ഞതെന്താ അറിയോ? നെയ്ച്ചോറിനു സ്‌ത്രൈണ സ്വഭാവമാണെന്നാ അദ്ദേഹം പറയാറുളത്. വെളുത്ത നിറമല്ലേ നെയ്ച്ചോറിന്? മൂപ്പര്‍ക്ക് അത് വെളുത്ത സാരിയുടുത്ത ഒരു സുന്ദരിയെ പോലെ ആണ് തോന്നിയത് പോലും. പിന്നെ നെയ്യ്‌ച്ചോറിനൊപ്പം മൂരിയിറച്ചി, അത് പെണ്ണുങ്ങളുടെ സ്തനം പോലെയാണെന്നും മൂപ്പര്‍ പറയാറുണ്ട്. നെയ്‌ച്ചോറുണ്ടാക്കുമ്പോള്‍ പരിപ്പൊഴിക്കില്ലേ? അതും കൂടി ചേര്‍ത്താല്‍ ഒരു അഴകുള്ള സ്ത്രീയായി നെയ്ച്ചോര്‍ മാറും പോലും. (നല്ല തെളിഞ്ഞ പുഞ്ചിരി). ഇങ്ങനൊക്കെ തുറന്ന് പറഞ്ഞ വേറേ ആരാ ഉള്ളെത്?

പുനത്തില്‍ നല്ല സല്‍കാര പ്രിയനാണുട്ടോ. തിന്നാല്‍ മാത്രമല്ല, വെക്കാനും വിളമ്പാനും മൂപ്പര്‍ക്ക് നല്ലോണം അറിയാം; മൂപ്പര് ബിരിയാണി കഴിച്ച കഥ കേട്ടിട്ടുണ്ടോ? അക്കാലത്ത് വടകരേന്ന് അദ്ദേഹത്തിന്റെ അടുത്ത ബന്ധത്തിലുള്ള കുറച്ച് സ്ത്രീകള്‍ എന്തോ ആവശ്യത്തിന് കോഴിക്കോട് വന്നിരുന്നു. അന്നൊക്കെ അവിടെ ഉള്ളവര്‍ക്ക് കോഴിക്കോട് പോവാന്ന് പറഞ്ഞാല്‍ ലണ്ടനില്‍ പോവുന്ന പോലെയാ, പൈസ ഉള്ളോരെ ആ പണിക്ക് നിക്കൂള്ളു. അങ്ങനെ അവര്‍ ഇവിടെ വന്നപ്പോള്‍ ബിരിയാണി കഴിക്കുകയും തിരിച്ചു നാട്ടില്‍ ചെന്ന് ബിരിയാണികഥ പറയാന്‍ തുടങ്ങുകയും ചെയ്തു. അന്നൊന്നും വടകരക്കാര്‍ക്ക് ബിരിയാണി എന്താന്ന് ഒന്നും അറിയൂലല്ലോ? അവസാനം മൂപ്പര്‍ ഒരുദിവസം ബിരിയാണി കഴിക്കാന്‍ വേണ്ടി മാത്രം ബാപ്പയെയും കൂട്ടി കോഴിക്കോട് ടൗണിലേക്ക് വന്നു. അന്നത്തെ ലക്കി റസ്‌റ്റോറന്റില്‍ (ഇന്നില്ല) വച്ച് പുനത്തില്‍ ആദ്യമായിട്ട് ബിരിയാണി കഴിച്ചു. പക്ഷെ, മൂപ്പര്‍ക്ക് എന്തോ അത് അത്ര ഇഷ്ടായില്ല. കാലം കുറച്ചു കഴിഞ്ഞപ്പോള്‍ മലബാറിലെ എല്ലാവിധ പരിപാടികളിലും ബിരിയാണി വന്നു തുടങ്ങി. അപ്പോള്‍ മൂപ്പരതിനെ ‘നവോത്ഥാനം’ എന്നു വിളിച്ചു. നെയ്ച്ചോറും പലഹാരങ്ങളും ബിരിയാണിക്ക് വഴിമാറിയല്ലോ? അതോണ്ടാണ് അങ്ങനെ വിളിച്ചത്.

എനിക്ക് ഇതിനേക്കാള്‍ ഒക്കെ ഇഷ്ട്ടായത് പുനത്തില്‍ പറഞ്ഞ വേറൊരു കാര്യമാണ്; ‘എഴുത്തുകാരൊക്കെ കള്ളന്മാരാണെന്നതു’ സത്യമല്ലേ? എല്ലാ എഴുത്തുകാരും കള്ളത്തരം തന്നെ അല്ലെ എഴുതി വിടുന്നത്? എല്ലാ എഴുത്തുകാര്‍ക്കും രണ്ടുമുഖം ഉണ്ടാകും. ഒന്ന് പുറത്ത് കാണിക്കുന്നതും മറ്റേത് ഉള്ളിലുള്ളതും. ന്നാല്‍ പുനത്തിലിന് ഒന്നേ ഉള്ളൂ. അത് വെട്ടിത്തുറന്ന് പറയുകയും ചെയ്യും. 50 ശതമാനം ഞാന്‍ എഴുതുന്നു. ബാക്കി 50 ശതമാനം ഞാന്‍ സ്വപ്നം കണ്ടതാണ്. ഇങ്ങനെയാണ് പറയാറ്. പറയാനാണേല്‍ ഒരുപാടുണ്ട്. 

നല്ലൊരു ഡോക്ടര്‍ കൂടി ആയിരുന്നല്ലോ അദ്ദേഹം? നഗരത്തില്‍ മാത്രമല്ല, വയനാട്ടില്‍ ആദിവാസികള്‍ക്കിടയിലും ചികിത്സ നടത്തിട്ടുണ്ട്. അവിടെ കുറെ സഹായങ്ങളും ചെയ്തു കൊടുത്തു. പിന്നെ കുറച്ചുകാലം സൗദിയിലും ജോലി ചെയ്തു. മൂപ്പര് ഇരുപത്തി ഒന്നാം വയസ്സില്‍ കല്യാണം കഴിച്ചിട്ടുണ്ട് ട്ടോ. അന്ന് അവരുടെ ഭാര്യക്ക് പതിനൊന്നോ പന്ത്രണ്ടോ വയസ്സ് ഉണ്ടായിരുന്നുള്ളു. പിന്നെ അതില്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടായി. അവരെ മൊഴി ചൊല്ലി. അലിഗഡ് സര്‍വ്വകലാശാലയില്‍ നിന്നാണ് മെഡിസിന്‍ പഠിച്ചത്. പുള്ളിയുടെ ‘സ്മാരകശില’ ഒക്കെ മുസ്ലിം സമുദായത്തെ അങ്ങനെതന്നെ തുറന്ന് കാണിച്ച പുസ്തകമാണ്. ഒരു നല്ല വ്യക്തി എന്നതിലുപരി നല്ല ഒരു സുഹൃത്ത് കൂടിയാണദ്ദേഹം. എല്ലാ പ്രായക്കാരോടും ഒരേ പോലെ ഇടപെടാനുള്ള വൈദഗ്ധ്യം മൂപ്പര്‍ക്കുണ്ട്. ആരും തന്നെ ബഹുമാനിക്കണമെന്നു മൂപ്പര്‍ക്ക് ഒരു നിര്ബന്ധവുമില്ല. ഞാന്‍ വലിയവനാണെന്നു അദ്ദേഹം വിചാരിച്ചിട്ടുമില്ല. അങ്ങനെ പെരുമാറിയിട്ടില്ല. പറയാനാണെങ്കില്‍ ഇനീം കുറെണ്ട്. മോളെ, ഈ തിരക്കൊക്കെ ഒന്ന് കഴിഞ്ഞോട്ടെ, കാണാം ട്ടോ…’ ശ്രീകുമാര്‍ തിരക്കുകളിലേക്ക് മടങ്ങി.

ഒലീവ് പബ്ലിക്കേഷന്‍സിന്റെ പ്രതിനിധിയായി എത്തിയ അര്‍ഷാദ് ബത്തേരിക്ക് പറയാനുള്ളതും പുനത്തിലിന്റെ സ്വഭാവത്തെയും എഴുത്തിനെയും കുറിച്ചാണ്; ഒരു ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്റെ പ്രകൃതമാണ് പുനത്തിലിനെന്നാണ് ബത്തേരിയുടെ അഭിപ്രായം. “അദ്ദേഹം, ഇന്ത്യയിലെ പല ദേശങ്ങളില്‍ ജീവിച്ചിട്ടുണ്ട്. ലഖ്‌നൗ, ലഡാക്ക്, കര്‍ണാടക അങ്ങനെ ഒരുപാട് ദേശങ്ങളില്‍. ഒട്ടും പ്രവചിക്കാനാവാത്ത എഴുത്തുക്കാരനാണ് അദ്ദേഹം. എല്ലാം തുറന്നെഴുതും. ‘മനുഷ്യന്റെ ദാഹം’ ആണ് പുനത്തിലിന്റെ എഴുത്തുകളില്‍ തെളിഞ്ഞു കാണുന്നത്. പ്രണയം, കാമം, പ്രകൃതി, ഭൂപ്രദേശം തുടങ്ങി എല്ലാം അദ്ദേഹത്തിന്റെ എഴുത്തുകളില്‍ കടന്നുവരും. അദ്ദേഹത്തിന്റെ ‘മരുന്ന്’, ‘കന്യാവനങ്ങള്‍’ ഇതെല്ലാം വളരെ മികച്ചതാണ്. നന്നായി എഴുതാനും പറയാനും അറിയാം. ഒരു നല്ല പ്രഭാഷകന്‍ കൂടിയാണ്. ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുന്ന പ്രകൃതക്കാരനാണ്. ഇപ്പോള്‍, ഈ നിമിഷം ജീവിക്കുക, ഭാവിയെ കുറിച്ച് ആകുലനാകാതിരിക്കുക എന്നൊക്കെയാണ് പറയാറ്. എന്റെ അഭിപ്രായത്തില്‍ അദ്ദേഹത്തിന്റെ ‘സ്മാരകശില’ എല്ലാരും വായിച്ചിരിക്കണം. നല്ലൊരു എഴുത്തുകാരന്‍ മാത്രമല്ല, നല്ലൊരു മനുഷ്യന്‍ കൂടിയാണ് അദ്ദേഹം. നല്ല സല്‍ക്കാരപ്രിയന്‍. ഭക്ഷണം ഉണ്ടാക്കാനും അത് വിളമ്പി കൊടുക്കാനും നല്ല ഇഷ്ടമാണ്. പിന്നെ ആളൊരു സരസന്‍ കൂടെയാണ്. തമാശകള്‍ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സംസാരത്തില്‍ നല്ല തമാശകള്‍ എപ്പോഴും കടന്നുവരാറുണ്ട്.”

പലരേയും പലവിധത്തിലാണ് പുനത്തില്‍ സ്വാധീനിച്ചത്. വാക്കുകള്‍ കൊണ്ട് നെയ്‌തെടുത്ത സൗഹൃദത്തില്‍ അദ്ദേഹം മലയാളത്തില്‍ പുനര്‍ജീവിക്കും. അതാണ് കഴിഞ്ഞ ദിവസം ടൗണ്‍ഹാളില്‍ തടിച്ചു കൂടിയ ജനക്കൂട്ടത്തില്‍ നിന്നും മനസിലായത്.

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍