UPDATES

ജലന്ധര്‍ കേസില്‍ വഴിത്തിരിവ്; പിടിച്ചെടുത്തത് 16.67 കോടിയെന്ന് ഫാ. മാടശ്ശേരി; 6.65 കോടി പൊലീസ് മുക്കിയെന്നും ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തന്‍

നിഷേധിച്ച് പോലീസ്; പഞ്ചാബ് മുഖ്യമന്ത്രി, പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയതായി ഫാദര്‍ ആന്‍റണി മാടശ്ശേരി

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വിശ്വസ്തന്‍ ഫാ. ആന്റണി മാടശ്ശേരിയില്‍ നിന്നും കോടിക്കണക്കിന് രൂപ പിടിച്ചെടുത്ത സംഭവത്തില്‍ പുതിയ വഴിത്തിരിവ്. പഞ്ചാബ് പൊലീസ് ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത പണത്തില്‍ നിന്നും വലിയൊരു ഭാഗം പൊലീസ് കൈവശപ്പെടുത്തിയന്ന ആരോപണവുമായി ഫാ. മാടശ്ശേരി രംഗത്തു വന്നിരിക്കുകയാണ്. പൊലീസ് ഇക്കാര്യം നിഷേധിക്കുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് പ്രത്യേക വിവിരം കിട്ടിയതിനെ തുടര്‍ന്ന് ജലന്ധറില്‍ നിന്നും അംബാലയിലേക്ക് പോവുകയായിരുന്നു മൂന്നു വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയില്‍ ഖന്ന എസ്എസ്പി ദ്രുവ് ദാഹ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 9,66,61,700 രൂപ കണ്ടെടുത്തത്. ഈ വാഹനങ്ങളില്‍ ഒന്നായ മാരുതി ഇക്കോ സ്‌പോട്ടില്‍ ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസ് ജനറാള്‍ കൂടിയായ ഫാ. ആന്റണി മാടശ്ശേരി ഉണ്ടായിരുന്നു. ഇദ്ദേഹത്തെ കൂടാതെ മറ്റു വാഹനങ്ങളിലായി രച്പാല്‍ സിംഗ്, രവീന്ദര്‍ ലിംഗായത്ത്, ശിവാംഗി ലിംഗായത്ത്, അശോക് കുമാര്‍, ഹര്‍പാല്‍ സിംഗ് എന്നീ വൃക്തികളും ഉണ്ടായിരുന്നു. കൃത്യമായ കണക്കില്ലാതെ കോടിക്കണക്കിനു രൂപയുമായി ഫാ.ആന്റണി മാടശ്ശേരി ഉള്‍പ്പെടെ ആറുപേരെ കസ്റ്റഡിയില്‍ എടുത്തെന്ന വിവരം പൊലീസ് പ്രസ്താവനയുമിറക്കി. പിന്നീട്, ഫാ. മാടശ്ശേരി ഉള്‍പ്പെടെ ആറുപേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്യാതെ പണത്തിന്റെ കൃത്യമായ വിവരങ്ങളും കണക്കുകളും ഹാജരാക്കാന്‍ നിര്‍ദേശിച്ച് വിട്ടയച്ചു. കണക്ക് ഹാജരാക്കിയാല്‍ പണം വിട്ടുനല്‍കുമെന്നും പൊലീസ് അറിയിച്ചിരുന്നു.

പണം പിടിച്ചെടുത്ത സമയത്ത് ജലന്ധര്‍ രൂപതയുടെ കീഴിലുള്ള സഹോദയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളുകളില്‍ സ്റ്റേഷനറി സാധനങ്ങളും യൂണിഫോമും വാങ്ങാനായി വച്ചിരുന്ന പണമാണിതെന്നും അടുത്ത ദിവസം ബാങ്കില്‍ നിക്ഷേപിക്കാന്‍ ഇരുന്നതാണെന്നുമാണ് ഫാ. ആന്റണി മാടശ്ശേരി പറഞ്ഞിരുന്നത്.

എന്നാല്‍, ഞായറാഴ്ച്ച നടത്തിയ പത്രസമ്മേളനത്തില്‍ പൊലീസിനെതിരേ ഗുരുതരാരോപണങ്ങളാണ് ഫാ. ആന്റണി മാടശ്ശേരി ഉന്നയിച്ചത്. പൊലീസ് പിടിച്ചെടുത്തത് 16.67 കോടി രൂപയായിരുന്നുവെന്നും എന്നാല്‍ പുറത്തു പറഞ്ഞത് 9.66 കോടി രൂപയുടെ കണക്ക് മാത്രമാണെന്നും ബാക്കി 6.65 കോടി രൂപ പൊലീസ് മുക്കിയെന്നുമാണ് ആരോപണം. ഇതുസംബന്ധിച്ച് പഞ്ചാബ് മുഖ്യമന്ത്രി, പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നാണ് ഫാ. മാടശ്ശേരിയുടെ ആവശ്യം. പിടിച്ചെടുത്ത പണത്തിന്റെ രേഖകളും കണക്കുകളും പൊലീസിനു മുന്നില്‍ പുരോഹിതന്‍ ഹാജരാക്കിയിട്ടുമുണ്ട്.

പൊലീസ് ഈ ആരോപണത്തെ നിഷേധിക്കുകയാണ്. പിടിച്ചെടുത്ത പണത്തെ കുറിച്ച് പുരോഹിതന്‍ നല്‍കിയ വിവരങ്ങള്‍ പൂര്‍ണമല്ലെന്നും തങ്ങള്‍ ഇക്കാര്യം പരിശോധിച്ച് വരികയാണെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം പണം പിടിച്ചെടുത്ത സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനോ എഫ് ഐ ആര്‍ ഇടാനോ പൊലീസ് ഇതുവരെ തയ്യാറായിട്ടുമില്ലെന്നാണ് വിവരം. എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന് കേസ് കൈമാറുന്ന കാര്യത്തിലും ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

പൊലീസ് പണം തട്ടിയെടുത്തെന്ന ആരോപണത്തിനു മുമ്പ് തന്നെ വാഹനത്തില്‍ നിന്നാണ് പണം കണ്ടെടുത്തതെന്ന പൊലീസ് ഭാഷ്യവും ശരിയല്ലെന്ന ആരോപണവുമായി ഫാ. ആന്റണി മാടശ്ശേരി വന്നിരുന്നു. ഫ്രാന്‍സിസ്‌കന്‍ മിണഷണറീസ് ഓഫ് ജീസസിന്റെ(എഫ്എംജെ)യുടെ ഹൗസില്‍ നിന്നാണ് പണം പൊലീസ് പിടിച്ചെടുത്തതെന്നായിരുന്നു ഫാ. മാടശ്ശേരി പറഞ്ഞത്. ഇതുമായി ബന്ധപ്പെടുത്തി പ്രതാപ് പുരയിലെ ചൗക്കി പൊലീസ് സ്റ്റേഷനില്‍ സഹോദയ ഗ്രൂപ്പ് ഒരു പരാതിയും നല്‍കിയിരുന്നു. ഫാ. ആന്റണിയെ പൊലീസ് വേഷത്തില്‍ വന്ന ചില അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി എന്നാണ് ആ പരാതിയില്‍ പറഞ്ഞിരുന്നത്. പൊലീസ് യൂണിഫോമില്‍ എത്തിയ അജ്ഞാതര്‍ പ്രതാപ് പുരയിലെ എഫ്എംജെ ഹൗസില്‍ ബലമായി കടന്നു കയറി ഫാ. ആന്റണിയേയും മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തശേഷം ഫാ. ആന്റണിയെ ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നുമെന്നുമാണ് പരാതിയില്‍ പറയുന്നത്. സ്‌കൂളുകളിലേക്ക് ആവശ്യമായ സ്‌റ്റേഷനറികളും പുസ്തകങ്ങളും വാങ്ങാനുള്ള പണം എണ്ണിത്തിടപ്പെടുത്തുന്നതിനിടയിലായിരുന്നു അജ്ഞാതര്‍ എത്തിയതെന്നും ഈ പണവും അവര്‍ കൊണ്ടുപോയി എന്നുമാണ് പരാതിയില്‍ പറയുന്നത്. ഫാ. ആന്റണിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്ന വിവരമാണ് കിട്ടിയതെന്നും പരാതിയില്‍ പറയുന്നുണ്ട്. രാത്രി 11.25 നാണ് ഈ പരാതി പൊലീസില്‍ ഏല്‍പ്പിക്കുന്നത്.

Read More: ഫാ. ആന്റണി മാടശ്ശേരി; ജലന്ധര്‍ രൂപതയിലെ ശക്തന്‍, കോടികളൊഴുകുന്ന ഗ്രൂപ്പുകളുടെ ചുമതലക്കാരന്‍, ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തന്‍

കാലടി കൊറ്റമം സ്വദേശിയായ ഫാ. ആന്റണി മാടശ്ശേരി ബിഷപ്പ് ഫ്രാങ്കോ മുളക്കിലിന്റെ ഏറ്റവും വിശ്വസ്തനായ അനുചരനായാണ് അറിയപ്പെടുന്നത്. ജലന്ധര്‍ രൂപതയില്‍ വലിയ സ്വാധീനമുള്ള ഫാ. മാടശ്ശേരി രൂപതയ്ക്കു കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ നടത്തിപ്പ് ചുമതല വഹിക്കുന്ന നവജീവന്‍, സഹോദയ ചാരിറ്റിബിള്‍ സൊസൈറ്റികളുടെ മാനേജിംഗ് ഡയറക്ടറാണ്. സഹോദയ ഗ്രൂപ്പിന്റെ പേരില്‍ സഹോദയ സെക്യൂരിറ്റീസ്, സഹോദയ ട്രാന്‍സ്‌പോര്‍ട്ട് എന്നിങ്ങനെ ഏഴു കമ്പനികള്‍ രൂപതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെയെല്ലാം നടത്തിപ്പുകാരന്‍ ഫാ. ആന്റണി തന്നെയാണ്. കോടിക്കണക്കിനു രൂപയുടെ ഇടപാടുകളാണ് ഈ സൊസൈറ്റികള്‍ വഴി നടക്കുന്നത്. ജലന്ധര്‍ രൂപതയ്ക്ക് കീഴില്‍ നൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഇവിടേയ്‌ക്കെല്ലാമുള്ള പാഠപുസ്തകങ്ങള്‍, യൂണിഫോം തുടങ്ങിയ എല്ലാ സാധനങ്ങളും സഹോദയ സൊസൈറ്റി വഴിയാണ് വിതരണം ചെയ്യുന്നത്. ഈയിനത്തില്‍ ഓരോ വര്‍ഷവും കോടികളാണ് ഫാ. ആന്റണിയുടെ കൈവശം എത്തുന്നത്. ഇത്തരത്തില്‍ വന്ന പണമാണ് പൊലീസ് പിടിച്ചെടുത്തതെന്നാണ് ഫാ. ആന്റണി പറയുന്നത്.

കന്യാസ്ത്രീ പീഡനക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയ്ക്കു വേണ്ടി ഏറ്റവും ശക്തമായി നിലകൊണ്ടയാള്‍ കൂടിയാണ് ഫാ. ആന്റണി മാടശ്ശേരി. ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യാന്‍ കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘം ജലന്ധറില്‍ എത്തിയപ്പോള്‍, ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തിലും ഫാ. ആന്റണിയുടെ പേര് പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ബിഷപ്പ് ഫ്രാങ്കോ കേരളത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വന്നപ്പോഴും ഫാ. ആന്റണി കൂടെയുണ്ടായിരുന്നു. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തപ്പോള്‍ മൂന്നാഴ്ച്ചയോളം തൂശൂര്‍ കേന്ദ്രീകരിച്ച് നിന്നായിരുന്നു ഫാ. ആന്റണിയുടെ പ്രവര്‍ത്തനം. ജാമ്യം കിട്ടി ബിഷപ്പ് ഫ്രാങ്കോ ജലന്ധറിലേക്ക് തിരിച്ചുപോകുമ്പോഴാണ് ഫാ. ആന്റണിയും കേരളം വിടുന്നത്. ജലന്ധറില്‍ എത്തിയശേഷം ആദ്യമായി നടത്തിയ കുര്‍ബാനയ്ക്കിടയില്‍ ഫാ. ആന്റണി മാടശ്ശേരിയ്ക്ക് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ നന്ദി പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍