UPDATES

മായ ലീല

കാഴ്ചപ്പാട്

Perpendicular To The System

മായ ലീല

എന്നാല്‍ സയന്റിഫിക് ടെമ്പര്‍ പഠിപ്പിക്കുന്നവന്റെ പറമ്പിൽ കൊണ്ടുപോയി വെക്കട്ടെ പ്ലാന്റും നിലയങ്ങളും

എന്തടിസ്ഥാനത്തിലാണ് നിങ്ങൾ ഉമ്മറത്ത് പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള ഒരു സാധനം കൊണ്ടുവച്ചു കൊടുക്കുന്ന ജനതയുടെ ആശങ്കയെ ട്രോൾ ചെയ്തു ചിരിക്കുന്നത്!

മായ ലീല

കൂടംകുളം സമരം ജനശ്രദ്ധയിൽ കത്തി നിന്ന കാലത്ത്, സമരം ചെയ്യുന്ന ജനതയെ പിന്തുണച്ചപ്പോൾ സയന്റിഫിക് ടെമ്പർ കുറവാണ് എന്നൊക്കെ പറഞ്ഞ് ഒരു ശാസ്ത്രജ്ഞൻ, ഹ്യുമാനിറ്റീസ് പഠിച്ച എന്നെയും ഒരു സുഹൃത്തിനെയും ഒക്കെ കളിയാക്കിയിരുന്നു. “നിങ്ങക്ക് ഊർജ്ജം വേണം, സകലതും നടത്തണം, പക്ഷേ പവർ പ്ലാന്റുകൾ വരാൻ പാടില്ല അല്ലേ, അതെന്ത് ന്യായം?” എന്ന് ചോദിച്ചുകൊണ്ട്. പുതുവൈപ്പിലെ സമരത്തിന് എതിരേയും പ്രബുദ്ധ മലയാളിയുടെ എതിർപ്പുകളിൽ ഒന്ന് ഇതേ രീതിയിലെ ശാസ്ത്രബോധത്തിന്റെ അഭാവത്തിൽ ഊന്നിയാണ് സമരം എന്ന് കാണുന്നു.

ശരിയാണ് നമുക്ക് ഊർജ്ജം വേണം, പൈപ്പ് വഴി പാചകവാതകം കിട്ടിയാൽ അത്രയും നല്ലത്, പക്ഷേ അത് വേണ്ടതുകൊണ്ടു തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു നഗരത്തിൽ ഇത്തരത്തിലുള്ള പദ്ധതികൾക്ക് സർക്കാർ മുതിരുകയോ ജനങ്ങൾ സമ്മതിക്കുകയോ ചെയ്യുമോ? വൈപ്പിനിൽ മത്സ്യത്തൊഴിലാളികൾ ജീവിക്കുന്ന സ്ഥലത്തു വേണ്ട, പകരം ലുലുമാളിന്റെ പരിസരത്ത് കുറച്ചു സ്ഥലം വാങ്ങി പദ്ധതി ആരംഭിക്കട്ടെ, എന്തിന് അവിടെ സ്ഥലം കിട്ടാനില്ലെങ്കിൽ തിരുവനന്തപുരം നഗരത്തിലോ തൃശൂർ നഗരത്തിലോ തുടങ്ങട്ടെ. സമ്മതിക്കുമോ? കോവളം ബീച്ചിൽ സ്ഥാപിക്കട്ടെ, വർക്കല ശിവഗിരി മഠത്തിന്റെ പരിസരത്ത് സ്ഥാപിക്കട്ടെ, സമ്മതിക്കുമോ?

സയന്റിഫിക് ടെമ്പർ എന്ന സാധനം ജനാധിപത്യത്തെ ഹനിച്ചുകൊണ്ടു പാവപ്പെട്ടവരുടെ ടെമ്പർ തെറ്റിക്കുന്ന ഒരു സാധനം ആകണമെന്ന് വാശിയുണ്ടോ? വികസനവും സൗകര്യങ്ങളും വരണമെന്നത് ആവശ്യമായതുകൊണ്ട് ജനങ്ങളെ കുരുതികൊടുക്കണം എന്ന് നിർബന്ധം ഉണ്ടോ? നിങ്ങളുടെ വീടിൻ്റെ പരിസരത്താണ് ഇത്തരം എപ്പോ വേണമെങ്കിലും അപകടം സംഭവിക്കാം എന്ന തരത്തിലെ ഒരു ടിക്കിങ് ബോംബ് വയ്ക്കുന്നതെന്നിരിക്കട്ടെ, നിങ്ങൾ എന്ത് ചെയ്യും? ചരിത്രവും സമാന സ്ഥാപനങ്ങളുടെ അപകടങ്ങളും മനസ്സിലാക്കി ഏറ്റവും കൃത്യമായി സുരക്ഷാ നിയമങ്ങൾ പാലിച്ചുകൊണ്ട്‌ മാത്രമേ ഇത് നടപ്പിലാക്കാവൂ എന്ന് നിർബന്ധം പിടിക്കുകയെങ്കിലും ചെയ്യില്ലേ? ചെയ്യണം. അതുപോട്ടെ, ഇപ്പറഞ്ഞ എറണാകുളം നഗരത്തിൽ ഒരു തീപിടുത്തം ഉണ്ടായാൽ എത്ര നേരം കൊണ്ട് ഫയർ ഫോഴ്സ് എത്തിച്ചേരും എന്ന് നിങ്ങൾക്ക് വല്ല ധാരണയും ഉണ്ടോ? ട്രാഫിക്കും ബ്ലോക്കും ഒക്കെ കഴിഞ്ഞിത് എത്തിയാലും തീയണയ്ക്കാൻ സുസജ്ജമായൊരു സംവിധാനമുണ്ടെന്നു നിങ്ങൾക്ക് ഉറപ്പുണ്ടോ? യാതൊരു ആശങ്കയും ഇല്ലാതെ പൂർണ്ണമായ ഒരു സമാധാനം ഉണ്ടോ, അതിൻ്റെ കഴിവുകളും ഉത്തരവാദിത്തവും ഓർത്തിട്ട്? ഇനി പൊള്ളൽ ഏറ്റവരെ എങ്ങനെയൊക്കെ ഉടനടി ആശുപത്രിയിൽ എത്തിക്കാൻ ഉള്ള സംവിധാനങ്ങൾ ഉണ്ടെന്ന് നിങ്ങൾക്ക് വല്ല ധാരണയും ഉണ്ടോ? ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചാൽ അവിടെ സാധാരണക്കാരനും വിവിഐപിയ്‌ക്കും കഴിവുള്ള ചികിത്സാ സൗകര്യങ്ങൾ കൊടുക്കാൻ കഴിയുന്ന സംവിധാനങ്ങളും ഡോക്ടർമാരും നേഴ്സ്സമ്മാരും ഉണ്ടെന്നു നിങ്ങൾക്ക് ഉറപ്പുണ്ടോ?

സ്വയം ചോദിക്കണം, ഇത്തരം സുരക്ഷാ സന്നാഹങ്ങളുടെ കഴിവിൽ പൂർണ്ണ തൃപ്‌തരായി ഒരു ഭയവും ഇല്ലാതെയാണ് നിങ്ങൾ ജീവിക്കുന്നതെന്ന് ഉറപ്പുണ്ടോ എന്ന്? എന്തുകൊണ്ടില്ല, ഇതൊക്കെ കൃത്യമായി പ്രവർത്തിക്കാൻ കഴിവുള്ള സംവിധാനങ്ങൾ ആണ് നമുക്കുള്ളതെന്ന് സർക്കാരും സംഘടനകളുമൊക്കെ ഉറപ്പു തന്നിട്ടുണ്ടല്ലോ. പെട്ടെന്നൊരു തീപിടുത്തം പൊട്ടിപ്പുറപ്പെട്ടാലും പ്രത്യേകിച്ചൊരു നാശനഷ്ടവും സംഭവിക്കില്ല എറണാകുളം നഗരത്തിന് എന്ന് അതിനുള്ളിൽ ജീവിക്കുന്ന മധ്യവർഗ്ഗ ജനാവലിക്ക് ഉറപ്പുണ്ടോ? ആണവനിലയവും ഓയിൽ പ്ലാന്റും ഇല്ലാതെ തന്നെ സാധാരമായി സംഭവിക്കാവുന്ന ഒരു തീപിടുത്തം പോലും ഫലവത്തായി നേരിടുമെന്ന് യാതൊരു ഉറപ്പും ഇല്ലാത്ത നാട്ടിൽ അത്തരം ഒരു സംരംഭം സ്വന്തം വീടിന്റെ പരിസരത്ത് വരുന്നു എന്നറിയുന്ന ഒരു ജനതയുടെ സമരത്തെ പുച്ഛം കൊണ്ട് നേരിടുന്നത് രാഷ്ട്രീയ ബോധത്തിന്റെയും വർഗ്ഗബോധത്തിന്റെയും അഭാവമാണ് കാണിക്കുന്നത്.

എന്തടിസ്ഥാനത്തിലാണ് നിങ്ങൾ ഉമ്മറത്ത് പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള ഒരു സാധനം കൊണ്ടുവച്ചു കൊടുക്കുന്ന ജനതയുടെ ആശങ്കയെ ട്രോൾ ചെയ്തു ചിരിക്കുന്നത്! എത്ര ഹൃദയശൂന്യരും മധ്യവർഗ്ഗ സുഖലോലുപതകളിൽ അഭിരമിക്കുന്ന സാമൂഹ്യബോധം നഷ്ടപ്പെട്ട പിശാചുക്കളും ആണ് നിങ്ങൾ! അവർക്ക് ഭയമുണ്ടാകും, ശാസ്ത്രം വികസിപ്പിക്കണം എന്നതല്ല ഇപ്പോൾ അവർക്കുള്ള ടെമ്പർ, എന്തെങ്കിലും ഒരു ചെറു പാളിച്ച സംഭവിച്ചാൽ തീഗോളമായി തീരാവുന്ന വീടും നാടും ഉറ്റവരും ഉടയവരും ജീവനും സ്വത്തും മാത്രമാണ് അവർക്കുള്ള ടെമ്പർ. അങ്ങനെ ഒരു തീഗോളമായി ആ പ്രദേശം മാറില്ല എന്ന് വാക്കാലും കരാറാലും, ഇനി സംഭവിച്ചാൽ ഇന്ന ഇന്ന പ്രതിരോധങ്ങളും രക്ഷാപ്രവർത്തനങ്ങളും നടക്കുമെന്ന ഉറപ്പുകളും അതിനുള്ള ഡ്രിൽ പ്രാക്ടീസുകളും മറ്റും കൊടുത്തുകൊണ്ട് മാത്രമേ വികസനം ലോറിയിൽ ഒരു പ്രദേശത്തേക്ക് കെട്ടിയിറക്കാൻ സാധിക്കൂ.

ശാസ്ത്രം പഠിക്കൂ എന്ന് പറഞ്ഞ് ഊറിച്ചിരിക്കാനും, ആ ജനതയുടെ വിവരക്കേടാണ്, അവർക്ക് ബി എസ് സി ഫിസിക്സ് – കെമിസ്ട്രി ക്ലാസ്സുകൾ സംഘടിപ്പിക്കൂ എന്ന മട്ടിലെ ആഹ്വാനങ്ങളും എന്തൊരു അബദ്ധമാണ്. എന്തൊരു നിരുത്തരവാദിത്തപരമായ സമീപനമാണ്. സർക്കാരിന്റെ ബാധ്യതയാണ് സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുക, അപകടം ഉണ്ടായാൽ ഏറ്റവും കുറവ് നാശനഷ്ടങ്ങളിൽ ഒതുക്കി സകലരേയും എങ്ങനെ രക്ഷപ്പെടുത്താം എന്ന് ഉറപ്പു വരുത്തേണ്ടത്, പദ്ധതികൾ തുടങ്ങുന്ന കമ്പനിയുടെ ചിലവിൽ തന്നെ തുടർ ചികിത്സകളും നഷ്ടപരിഹാരങ്ങളും സാധ്യമാക്കും എന്നും ഉറപ്പാക്കേണ്ടത്. ഭോപ്പാൽ ഇന്നും നിങ്ങളുടെ കണ്ണിന്റെ മുന്നിലുണ്ട്, അതുപോലെയുള്ള അപകടമല്ല ഇവിടെയുണ്ടാവുക, രണ്ടും രണ്ടു കാര്യങ്ങളാണ് എന്നൊക്കെ പറഞ്ഞ് ക്ലാസ്സ് എടുക്കാൻ വരട്ടെ, അപകടം സംഭവിച്ചാല്‍ അതനുഭവിക്കുക മനുഷ്യരല്ലേ, പൊള്ളുന്നത് മനുഷ്യ ജീവനുകൾക്കല്ലേ, ജീവിതം നഷ്ടപ്പെടുക മനുഷ്യർക്കല്ലേ, അതിജീവനത്തിനായി കമ്പനികളുടെ മുന്നിൽ വീണ്ടും അംഗവൈകല്യവും മറ്റുമായി വന്നിരുന്ന് ഇരക്കേണ്ടി വരുക മനുഷ്യരല്ലേ? അതേ സംഭവങ്ങളാണ് ഭോപ്പാലിലും നടന്നത്. ഭോപ്പാൽ വരെ പോകണ്ട, പ്ലാച്ചിമട എന്ന് കേൾക്കാത്തവരാണോ മലയാളികൾ? കാതിക്കുടം എന്ന് കേൾക്കാത്തവരാണോ നമ്മൾ? എൻഡോസൾഫാൻ കൊണ്ട് ദുരിതം അനുഭവിച്ചവർ എത്ര സമരങ്ങൾ നടത്തിയാണ് അവരുടെ അതിജീവനത്തിനായുള്ള ആനുകൂല്യങ്ങൾ നേടിയത് എന്ന് അറിയാത്തവരാണോ മലയാളികൾ?

ഒരു പ്രദേശത്തിന്റെ ആശങ്ക അകറ്റാൻ സാധിക്കുന്നില്ല എങ്കിൽ അവിടെ വികസനം കൊണ്ടുപോയി നിർബന്ധിച്ചു സ്ഥാപിക്കാൻ പോലീസിനെയും പട്ടാളത്തിനേയും ഇറക്കാൻ ഒരു സർക്കാരിനും അധികാരമില്ല. ഇതേ പ്രദേശത്തെ ജനങ്ങളും കൂടെ ഉൾപ്പെട്ട ജനാധിപത്യമാണ് ഇന്ത്യയിൽ, ഭാഗ്യവശാലോ നിർഭാഗ്യവശാലോ അതങ്ങനെയാണ്.

സമരങ്ങൾ ജനശ്രദ്ധയിൽ നിൽക്കുമ്പോൾ മാത്രമേ അതൊക്കെ സംഭവിക്കുന്നുള്ളൂ എന്ന് കരുതുന്ന വലിയ വലിയ അബദ്ധങ്ങൾ, സോഷ്യൽ മീഡിയ മലയാളി മധ്യവർഗ്ഗത്തിന് കൊടുത്തിട്ടുണ്ട് എന്ന് തോന്നുന്നു. അന്നൊരു കുഴപ്പവുമില്ല, ഇന്നാണ് കുഴപ്പമെന്നൊക്കെ പറയാൻ തോന്നുന്നത് അതുകൊണ്ടാണ്. പുതുവൈപ്പിനിലെ സമരം കഴിഞ്ഞ ആഴ്ച പൊട്ടിമുളച്ച ഒന്നല്ല. ഇടക്കിടയ്ക്ക് തിരയടിച്ച ഒന്നായിരുന്നു എല്ലാക്കാലത്തും സമരങ്ങൾ എന്നാണോ വിചാരം? നിങ്ങളുടെ സ്ക്രീനിലേക്ക് വീഡിയോയും ഫോട്ടോയും എത്തുമ്പോൾ മാത്രമേ സമരങ്ങൾ നടക്കുന്നുള്ളൂ എന്ന് കരുതരുത്, അത്രയും വിഡ്ഢികൾ ആവരുത്, മനുഷ്യൻ എന്ന പരിണാമത്തിനു തന്നെ അതൊക്കെ വലിയ നാണക്കേടാണ്.

അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ജനത, ഭാവി ആശങ്കയിൽ ആകുന്ന ജനത, ഇതൊക്കെ വളരെ വൾനറബിൾ ആയൊരു വിഭാഗമാണ്; അവരെ ചൂഷണം ചെയ്യാൻ മത, രാഷ്ട്രീയ ശക്തികളും ഉണ്ടായേക്കാം, അതിനെ തടയേണ്ടതും സർക്കാരിന്റെ ബാധ്യതയാണ് ഹേ, അതിനൊക്കെയാണ് ഇവരെയൊക്കെ ജയിപ്പിച്ച് അങ്ങ് തിരുവനന്തപുരത്തോട്ടു കെട്ടിയിറക്കുന്നത്. കടിക്കുന്ന പട്ടികളെ ഒരാളുടെ വീട്ടിനകത്തേക്ക് കൊണ്ടുവിടുമ്പോ കുറഞ്ഞത് അത് കടിച്ചാൽ ഏതു വഴി ഇറങ്ങി ഓടണം എന്ന് കൃത്യമായി പറഞ്ഞു കൊടുക്കുകയെങ്കിലും ആകാമല്ലോ. എന്നിട്ടു മതി ബാക്കിയൊക്കെ. അവരുടെ സമാധാന ജീവിതത്തിലോട്ടുള്ള കടന്നുകയറ്റമാണിത്, ആശങ്കകൾ ഇല്ലാതാക്കേണ്ടത് കടന്നുകയറുന്നവരുടെ ബാധ്യതയാണ്.

ജനങ്ങളുടെ അവകാശങ്ങളുടെ മേൽ നടക്കുന്ന ഹിംസ കൊണ്ടല്ല സയന്റിഫിക് ടെമ്പർ കൂട്ടേണ്ടത്, അങ്ങനെയാണ് കരുതിയിരിക്കുന്നതെങ്കിൽ അത് നടപ്പിലാക്കാൻ അൽപ്പം ബുദ്ധിമുട്ടും. ടെമ്പർ തീരെ ഇല്ലാത്ത ഒരുവനും ഒരുവൾക്കും മനസ്സിലാകുന്ന ഒന്നാണ് സ്വന്തം ജീവന് ഭീഷണി എന്ന സാധനം. അതിനെതിരെ അവർ സകല ടെമ്പറും തെറ്റിയാവും അവര്‍ പ്രതികരിക്കുക. ജീവജാലങ്ങൾക്ക് ഭീഷണിയായല്ല ശാസ്ത്രം വളരേണ്ടത്, വളർത്തേണ്ടത്. പരിഷത്തൊക്കെ വിയർപ്പൊഴുക്കി ഒഴുക്കി ഇടതുപക്ഷത്തുള്ളവരു പോലും, സയന്റിഫിക് ടെമ്പർ ഇല്ലാത്ത ഊളകൾ സമരം ചെയ്യുന്നു എന്ന് ഒരു ജനകീയ സമരത്തെ പരിഹസിച്ചു ചിരിക്കുന്ന അവസ്ഥയിൽ എത്തിയത് പ്രശംസനീയം തന്നെ! ഇടതുപക്ഷം വിയർപ്പൊഴുക്കി ഒഴുക്കി, നരബലി നടത്തുന്ന കാക്കിയിട്ട ഏമാന്മാരെ കൃത്യമായി ഉദ്യോഗസ്ഥാനങ്ങളിൽ ഇരുത്തുന്നതും മേയാൻ വിടുന്നതും വരെ എത്തിയത് അതിലും പ്രശംസനീയമാണ്.

പോലീസിന്റെ അതിക്രമങ്ങളെ പറ്റി ഇടതുപക്ഷ സർക്കാർ ഇരിക്കുമ്പോൾ കൃത്യമായ ഇടവേളകളിൽ ജനങ്ങൾ ആകുലരാകുന്നത് സമൂഹം ഇടത്തോട്ട് ചാഞ്ഞു ചാഞ്ഞു ചെരിഞ്ഞു വീണു പോയതുകൊണ്ടാകണം. ആക്ഷൻ ഹീറോ ബിജു ആണ് ആഭ്യന്തര മന്ത്രി, അയാളെ എന്റെർടൈൻ ചെയ്യുന്ന കള്ളുകുടിയൻ ഗായകരാണ് കൂടെയുള്ള ഉപദേഷ്ടാക്കളും സിൽബന്ധികളും. നമുക്ക് ചെറുക്കാൻ ഉള്ളതെന്തായിരുന്നു? ആഹ്! ഫാഷിസം; അതുകൊണ്ട് ഇതൊക്കെ മറന്നേക്കാം. ചെറ്യേ ചെറ്യേ വീഴ്ചകളല്ലേ, മാസമുറ പോലെ കൃത്യമായി പൊലീസിന് സംഭവിക്കുന്നത്, അത് സാരമില്ല ല്ലേ? വിവരമില്ലാത്ത ജനത സമരം ചെയ്യുന്നു (പക്ഷെ പോലീസ് അങ്ങനെ ചെയ്യാൻ പാടില്ല), തീവ്രവാദികൾ നുഴഞ്ഞു കയറുന്നു (പക്ഷെ പോലീസ് അങ്ങനെ ചെയ്യാൻ പാടില്ല), കുത്സിത താത്പര്യങ്ങൾക്കായാണ് സമരം (പക്ഷെ പോലീസ് അങ്ങനെ ചെയ്യാൻ പാടില്ല) – ഇത്തരത്തിൽ കാക്കിയിട്ട അധികാരത്തിന്റെ അഴിഞ്ഞാട്ടത്തെ ഒരു പക്ഷേ വാചകത്തിന്റെ ബലത്തിൽ അല്ലാതെ പറയാൻ നിങ്ങൾക്ക് സാധിക്കുന്നില്ല എന്നതും നമ്മുടെ രാഷ്ട്രീയ ബോധം വികസിച്ചതിൻ്റെ സൂചികയായി കണക്കാക്കാം.

സമരം ചെയ്യുന്ന ജനങ്ങളെ സർക്കാരാണ് അഭിമുഖീകരിക്കേണ്ടത്, പോലീസല്ല. അവരുടെ ആശങ്കകൾ തീർക്കേണ്ടത് സർക്കാരാണ്, സ്വയംപ്രഖ്യാപിത ശാസ്ത്ര ടെമ്പർ വിൽപ്പനക്കാരുടെ ട്രോളുകൾ അല്ല. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാർ ജനകീയ സമരങ്ങളെ കുപ്പിണിപ്പടയെ ഇറക്കി  അടിച്ചൊതുക്കിയാൽ, അത്തരമൊരു വിരോധാഭാസം വാചകത്തിൽ ഉണ്ടായതിന് ഭാഷ പോലും പൊറുക്കില്ല.

ഭൂകമ്പമുണ്ടായാലോ സുനാമിയടിച്ചാലോ ഇടിമിന്നലേറ്റാലോ, അശ്രദ്ധകൊണ്ടുള്ള പിഴവുകളോ, ഭീകരവാദം കൊണ്ട്‌ മനുഷ്യരെ നശിപ്പിക്കുന്ന ഒരു മതത്തിലെ അവന്മാരോ, അവന്മാരാണെന്ന് വരുത്തിത്തീർക്കാൻ നടക്കുന്ന മറ്റവന്മാരോ – ഇങ്ങനെ പ്രകൃതി ദുരന്തങ്ങളും ദുരന്ത പ്രകൃതങ്ങളും ആയ യാതൊന്നും തന്നെ ആ പ്രദേശത്തെ ഈ പ്ലാന്റ്‌ കൊണ്ടൊരു തീഗോളമാക്കില്ല എന്ന് പൂർണ്ണമായ ഉറപ്പ്‌ കൊടുക്കാൻ പറ്റിയില്ലെങ്കിൽ, പോലീസിനെ തുടലിൽ ഇട്ടിട്ട്‌, ശാസ്ത്രജ്ഞന്മാരുടെ ക്ലാസ്സ്‌ പിരിച്ച്‌ വിട്ടിട്ട്‌, ജനാധിപത്യത്തെക്കുറിച്ചും സുരക്ഷാസംവിധാനങ്ങളെ കുറിച്ചും രക്ഷാമാർഗങ്ങള കുറിച്ചും ക്ലാസ് തുടങ്ങിയാട്ടെ സർക്കാരെ. നിങ്ങളിത്‌ ശരിയാക്കും എന്നുതന്നല്ലേ പറഞ്ഞത്‌?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മായ ലീല

മായ ലീല

പാവപ്പെട്ടവരെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്നതും അസമത്വം വളര്‍ത്തുന്നതും സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവരെ സമൂഹത്തിന്റെ പാര്‍ശ്വധാരയിലേക്ക് തള്ളി മാറ്റുന്നതുമായ വ്യവസ്ഥിതിയോട് ഒരു തരത്തിലുള്ള സന്ധിയും പാടില്ല. അതാണ് എന്റെ രാഷ്ട്രീയവും എന്റെ ഐഡന്റിറ്റിയും. അത്തരം വ്യവസ്ഥിതിയോടുള്ള കലഹങ്ങളും പോരാട്ടങ്ങളുമാണ് Perpendicular to the system. അത് സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കുന്നതായിക്കൊള്ളണമെന്നുമില്ല. അധ്യാപികയും ഗവേഷകയുമാണ് മായ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍