UPDATES

മുന്‍ ചീഫ് ജസ്റ്റിസിന്റെ മരുമകന്‍, മുന്‍ കോണ്‍ഗ്രസ്സുകാരന്‍, ഇപ്പോള്‍ സിപിഎം സഹയാത്രികന്‍; വിവാദനായകനായി ശ്രീനിജന്‍

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ആരോപണങ്ങളും തെളിവുകളും വാസ്തവമാണെങ്കില്‍, അത് ശ്രീനിജനില്‍ ഉണ്ടാക്കുന്ന തിരിച്ചടി ഇതുവരെ അയാള്‍ നേരിട്ടതിനെക്കാള്‍ ഭീകരമായിരിക്കും

അനധികൃത ഖനനത്തിലൂടെ കുപ്രസിദ്ധി നേടിയ കര്‍ണാടകയിലെ ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ജി ജനാര്‍ദ്ധന്‍ റെഡ്ഡിയുടെ ഒബ്ബാലപുരം മൈനിംഗ് കമ്പനി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന് കോഴ നല്‍കിയതിന്റെ തെളിവുകള്‍ ഒളികാമറ ഓപ്പറേഷനിലൂടെ കന്നഡ ചാനല്‍ പുറത്തു വിട്ടതോടെ ജസ്റ്റിസ് ബാലകൃഷ്ണന്റെ മരുമകന്‍ പി വി ശ്രീനിജന്‍ വീണ്ടും വിവാദ നായകനായിരിക്കുകയാണ്. ചീഫ് ജസ്റ്റിസിന് കോഴയായി വാഗ്ദാനം ചെയ്ത 160 കോടിയില്‍ ബാക്കി കിട്ടാനുള്ള 60 കോടി രൂപ ആവശ്യപ്പെടുന്നതടക്കമുള്ള ദൃശ്യ തെളിവുകളാണ് ചാനല്‍ പുറത്തു വിട്ടിരിക്കുന്നത്.

കെ ജി ബാലകൃഷ്ണന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് ശ്രീനിജനും ഭാര്യ കെ ബി സോണിക്കും (കെജി ബാലകൃഷ്ണന്റെ മകള്‍) എതിരേ ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദന കേസുകളില്‍ നിന്നും തലയൂരി വരുന്നതിനു പിന്നാലെയാണ് ഇപ്പോള്‍ വളരെ ഗുരുതരമായ തെളിവുകള്‍ ശ്രീനിജനെതിരേ ഉയര്‍ന്നിരിക്കുന്നത്. ഒരുകാലത്ത് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ശക്തനായ യുവജന നേതാവായി തീരുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്ന ശ്രീനിജന് അപ്രതീക്ഷിത പതനം നല്‍കിയത് അനധികൃത സ്വത്ത് സമ്പാദന കേസ് ആയിരുന്നു. കോടതികളിലൂടെ കേസുകളില്‍ നിന്നും തലയൂരാന്‍ കഴിഞ്ഞെങ്കിലും തന്റെ രാഷ്ട്രീയഭാവി ഉപേക്ഷിക്കേണ്ടി വന്നു. കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ എത്തി, സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണെങ്കില്‍ പോലും ഒരു തിരിച്ചു വരവ് ഇപ്പോഴും മനസില്‍ കൊണ്ടു നടക്കുന്നുണ്ടെങ്കില്‍ ശ്രീനിജന് പുതിയ ആരോപണങ്ങള്‍ വീണ്ടും തിരിച്ചടിയാകാനാണ് സാധ്യത.

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആരും പ്രതീക്ഷിക്കാത്തൊരു വളര്‍ച്ചയായിരുന്നു ശ്രീനിജന് ഉണ്ടായത്. ജസ്റ്റിസ് ബാലകൃഷ്ണന്റെ മകള്‍ സോണി ജീവിത പങ്കാളിയാക്കിയശേഷം ഡല്‍ഹിയില്‍ ഇരുവരും എല്‍എല്‍എം പഠനത്തിനായി പോകുമ്പോഴും കേരള രാഷ്ട്രീയത്തില്‍ അത്രകണ്ട് പ്രാധാന്യമൊന്നും ശ്രീനിജന് ഇല്ലായിരുന്നു. എന്നാല്‍ കോണ്‍ഗ്രസുകാരെ ഞെട്ടിച്ചുകൊണ്ട് 2006 ല്‍ സംവരണ മണ്ഡലമായിരുന്ന വൈപ്പിന്‍ സീറ്റ് ശ്രീനിജന്‍ സ്വന്തമാക്കി. ഡോ. എം എ കുട്ടപ്പന്റെ സ്ഥിരം സീറ്റായിരുന്ന വൈപ്പിന്‍ ശ്രീനിജന്‍ സ്വന്തമാക്കുമ്പോള്‍ അതിന് ഡല്‍ഹിയില്‍ നിന്നുള്ള പിന്തുണയുണ്ടായിരുന്നു. ആ പിന്തുണയ്ക്കുള്ള കാരണം കെ ജി ബാലകൃഷ്ണന്‍ എന്ന സുപ്രീം കോടതി ജസ്റ്റിസും.

പക്ഷേ, ശ്രീനിജന് കളിയില്‍ അടിതെറ്റി. കോണ്‍ഗ്രസിന്റെ സുരക്ഷിതമണ്ഡലമായിരുന്ന വൈപ്പിനില്‍ അന്തരിച്ച സിപിഎം നേതാവ് പുരുഷോത്തമനോട് നാലായിരത്തിനടുത്ത് വോട്ടുകള്‍ക്ക് ശ്രീനിജന്‍ പരാജയപ്പെടുകയാണ് ഉണ്ടായത്.

അസംബ്ലി മോഹം പൊലിഞ്ഞെങ്കിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ശ്രീനിജന്‍ സജീവമായി. വീണ്ടും ഡല്‍ഹിയില്‍ നിന്നുള്ള കരുണ്യം ശ്രീനിജനുമേല്‍ ഉണ്ടാവുകയും ചെയ്തു. ഹൈക്കമാന്‍ഡ് നോമിനേഷനില്‍ രൂപീകരിച്ച സംസ്ഥാന യൂത്ത് കോണ്‍ഗ്രസില്‍ പ്രസിഡന്റ് എം ലിജുവിന്റെ കീഴില്‍ വൈസ് പ്രസിഡന്റായി ശ്രീനിജന്‍ വന്നു. മുറുമുറുപ്പുകളും എതിര്‍പ്പുകളുമൊക്കെ ഉണ്ടായെങ്കിലും ശ്രീനിജന്‍ അതെല്ലാം മറികടന്ന് തന്റെതായൊരു സ്‌പേസ് കോണ്‍ഗ്രസില്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.

2011 ലെ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ വൈപ്പിന്‍ സംവരണത്തില്‍ നിന്നും മാറി ജനറല്‍ സീറ്റ് ആയി മാറി. അതോടെ ശ്രീനിജന്റെ നോട്ടം വൈപ്പിനില്‍ നിന്നും മാറി എറണാകുളം ജില്ലയില്‍പ്പെട്ട കുന്നത്തുനാട് മണ്ഡലത്തിലേക്ക് മാറി. കുന്നത്തുനാട് സംവരണമണ്ഡലമാണ്.

കുന്നത്തുനാട്ടില്‍ തന്റെ സ്വാധീനം ഉറപ്പാക്കാന്‍ താഴേത്തട്ടില്‍ നിന്നു തന്നെ ശ്രീനിജന്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പ്രാദേശിക നേതാക്കന്മാര്‍ക്കും സാധാരണ അണികള്‍ക്കുമൊക്കെ പ്രിയപ്പെട്ടവനും വേണ്ടപ്പെട്ടവനുമാകാന്‍ ശ്രീനിജന് സാധിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി നടന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ അകമഴിഞ്ഞ് സഹായിക്കനും പിന്തുണയ്ക്കാനും ഓടി നടന്ന് തന്റെ നിയമസഭ സീറ്റ ഉറപ്പിക്കുകയായിരുന്നു ശ്രീനിജന്‍.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ കെ ജി ബാലകൃഷ്ണനോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനുള്ള താതപര്യം അറിയാവുന്നവരൊക്കെ അദ്ദേഹത്തിന്റെ മരുമകന്‍ കേരളത്തില്‍ കാണുന്ന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് തന്നെ കരുതി. പോരാത്തതിന് ശ്രീനിജന്‍ മണ്ഡലത്തില്‍ ഉണ്ടാക്കിയെടുത്ത പേരും സ്വാധീനവും കൂടി ചേര്‍ക്കുമ്പോള്‍ സീറ്റ് ശ്രീനിജന് തന്നെയെന്ന് ഉറപ്പിച്ചു എല്ലാവരും.

എന്നാല്‍ കുന്നത്തുനാടിന്റെ കുത്തക സ്വന്തമാക്കി വച്ചിരുന്ന ടി എച്ച് മുസ്തഫ എന്ന അതികായന് മാത്രം ശ്രീനിജന്‍ വെറുക്കപ്പെട്ടവനായിരുന്നു. പലര്‍ക്കും അയാള്‍ അങ്ങനെ തന്നെയായിരുന്നുവങ്കിലും പരസ്യപ്രതികരണത്തിനൊന്നും പോയില്ല. പക്ഷേ മുസ്തഫ പരസ്യമായി തന്റെ എതിര്‍പ്പുകള്‍ പറഞ്ഞു. സമുന്നതരായ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വച്ചുപോലും ഒരുത്തന്‍ വന്നിറങ്ങിയിട്ടുണ്ടെന്നു ശ്രീനിജനെ കുത്തി തന്റെ പ്രതിഷേധം മുസ്തഫ പ്രകടിപ്പിച്ചു. എന്നാല്‍, മുസ്തഫയുടെ തലയ്ക്കു മുകളില്‍ ശ്രീനിജന്‍ വളര്‍ന്നിരുന്നു.

പക്ഷേ, ശ്രീനിജന്റെ സ്വപ്‌നങ്ങളെല്ലാം തകര്‍ന്നതു പെട്ടെന്നായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെല്ലാം ഒരു ഊമക്കത്ത് കിട്ടുന്നു. അതില്‍ ശ്രീനിജന്റെ അവിഹിത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള വിവരങ്ങളായിരുന്നു. അതിശക്തമായ തരത്തിലുളള വിമര്‍ശനങ്ങളായിരുന്നു ആ കത്തില്‍ ശ്രീനിജനെതിരേ ഉന്നയിച്ചിരുന്നത്. പക്ഷേ, ഈ കത്ത് കോണ്‍ഗ്രസ് നേതൃത്വം ആദ്യം അവഗണിക്കുകയാണ് ചെയ്തത്. എന്നാല്‍ ഏഷ്യാനെറ്റ് ചാനല്‍ ഈ കത്ത് വാര്‍ത്തയാക്കി. ആദ്യത്തെ മൂന്നു ദിവസം വാര്‍ത്തയ്ക്ക് വലിയ അനക്കമൊന്നും ഉണ്ടാക്കാനായില്ല. ഏഷ്യാനെറ്റിനു പുറമെ മംഗളം പത്രം കൂടി ശ്രീനിജന്റെ സ്വത്ത് വിവാദം വാര്‍ത്തായാക്കിയിരുന്നു. മറ്റ് മാധ്യമങ്ങളൊന്നും വിഷയം വേണ്ടവിധത്തില്‍ സ്വീകരിച്ചില്ല. എന്നാല്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ വിഷയത്തില്‍ ഇടപെട്ട് പ്രതികരണം നടത്തിയതോടെ കത്ത് കത്താന്‍ തുടങ്ങി. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് കൂടി വിഷയത്തില്‍ ഉള്‍പ്പെട്ടതോടെ സംഭവം ദേശീയ വാര്‍ത്തയായി മാറി. ശ്രീനിജന്‍, ഭാര്യ, ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍, അദ്ദേഹത്തിന്റെ സഹോദരന്‍ എന്നിവരിലേക്കെല്ലാം ആരോപണങ്ങള്‍ ചെന്നു നിന്നു.

വൈപ്പിനില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ശ്രീനിജന്‍ ഹാജരാക്കിയ സ്വത്ത് വിവരത്തില്‍ സ്വന്തം പേരില്‍ ഭൂമി ഇല്ലെന്നായിരുന്നു പറഞ്ഞത്. ആകെ സമ്പാദ്യമെന്ന് പറഞ്ഞത് 25,000 രൂപ മാത്രം. ഭാര്യ കെ ബി സോണിയുടെ പേരില്‍ തിരുവാങ്കുളത്ത് 29 സെന്റ് ഭൂമിയും കൈവശം 1,20,000 രൂപയും ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.

എന്നാല്‍ മൂന്നു കൊല്ലങ്ങള്‍ക്കിപ്പുറം നല്‍കിയ ആദായനികുതി രേഖകളില്‍ അഭിഭാഷക ദമ്പതിയായ ശ്രീനിജനും സോണിക്കും സ്വത്ത് വരുമാനത്തില്‍ വലിയ വര്‍ദ്ധനവാണ് കാണിച്ചിരിക്കുന്നത്. ശ്രീനിജന് 25 ലക്ഷം രൂപയുടെയും ഭാര്യ സോണിക്ക് 15 ലക്ഷം രൂപയുടെയും വരുമാനം. അതില്‍ നിന്നും ഒരു വര്‍ഷം കൂടി പിന്നട്ടപ്പോള്‍ ശ്രീനിജനും ഭാര്യയും ചേര്‍ന്നു കോടികള്‍ വിലമതിക്കുന്ന ഒട്ടേറെ സ്ഥലങ്ങളും ഫ്ലാറ്റുകളും സ്വന്തമാക്കിയിരിക്കുന്നു; എന്ന തരത്തിലായിരുന്നു ശ്രീനിജനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നത്.

വസ്തുതനിഷ്ഠമായ തരത്തിലായിരുന്നു പല ആരോപണങ്ങളും ഉയര്‍ന്നിരുന്നതും. തൃശൂരിലെ അന്നമനടയില്‍ പുഴയോരം ഉള്‍പ്പെടുന്ന രണ്ടര ഏക്കറില്‍ ഒരു ആഡംബര റിസോര്‍ട്ട് നിര്‍മിക്കുന്നു, കൊച്ചിയില്‍ അമ്മയുടെ പേരില്‍ ഭൂമി വാങ്ങിച്ചിരിക്കുന്നു, വക്കീല്‍ ഓഫീസിനായി സ്വന്തം കെട്ടിടം വാങ്ങി. അരക്കോടി വിലവരുന്ന ഫ്ലാറ്റ്, പലയിടങ്ങളിലായി ഭൂമി…എന്നിങ്ങനെ ശ്രീനിജനും ഭാര്യ സോണിയും ചുരുങ്ങിയ സമയത്തിനുള്ളില്‍ വന്‍ സമ്പാദ്യമാണ് സ്വന്തമാക്കിയതെന്ന് ചൂണ്ടിക്കാട്ടപ്പെട്ടു.

ഇതിനോടൊപ്പം ചാലക്കുടി പുഴ കൈയേറ്റം ഉള്‍പ്പെടെയുള്ള കേസുകളും ശ്രീനിജനെതിരേ ഉണ്ടായി. ചാലക്കുടി പുഴയോരത്തെ ഒരേക്കറോളം പുറമ്പോക്ക് ഭൂമി കൈയേറിയെന്ന് കാണിച്ച് ചാലക്കുടി കോടതിയില്‍ പരാതി എത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ചാലക്കുടി പുഴയോരം കൈയേറി കരിങ്കല്‍ ഭിത്തിയും പുല്‍ത്തകിടിയും പടവുകളും നിര്‍മിച്ചതായും റവന്യൂ, പഞ്ചായത്ത്, ജലവിഭവ വകുപ്പുകളും ശ്രീനിജനതിരേ റിപ്പോര്‍ട്ട് എഴുതി. പുറമ്പോക്ക് ഭൂമിയില്‍ അന്യായമായ കയ്യേറ്റമാണ് ശ്രീനിജന്‍ നടത്തിയതെന്ന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു (എന്നാല്‍ ഈ കേസ് പിന്നീട് കോടതി തള്ളിക്കളയുകയാണുണ്ടത്). ഇതിനിടയില്‍ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനും ശ്രീനിജന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കുമെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ ഒരു അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ഹര്‍ജിയും നല്‍കി.

കേസുകളും ആരോപണങ്ങളും ഉയര്‍ന്നതോടെ ശ്രീനിജന്‍ തകര്‍ന്നു. രാഷ്ട്രീയമായും മാനസികമായും ഒറ്റപ്പെട്ടു. വീട്ടില്‍ നിന്നും പുറത്തിറങ്ങാതെയും ആരെയും അഭിമുഖീകരിക്കാതെയും ശ്രീനിജന്‍ ഉള്‍വലിഞ്ഞു. ഇതോടൊപ്പം അതുവരെ കൂടെ ഉണ്ടായിരുന്നവരുടെയും താന്‍ കൈയഴിഞ്ഞ് സഹായിച്ചവരുടെയും കാലുവാരലുകളും ശ്രീനിജന് കാണേണ്ടി വന്നു. ആദ്യം ഐ ഗ്രൂപ്പുകാരനായിരുന്ന ശ്രീനിജന്‍ കുന്നത്തുനാട്ടിലേക്ക് മാറുന്നതോടെ ഗ്രൂപ്പും മാറിയിരുന്നു. കോണ്‍ഗ്രസിലേയും യൂത്ത് കോണ്‍ഗ്രസിലേയും എ ഗ്രൂപ്പുകാര്‍ക്ക് വേണ്ടപ്പെട്ടവനായി ശ്രീനിജന്‍ മാറിയിരുന്നെങ്കിലും ആരോപണങ്ങളില്‍ ആ നേതാവ് ദുര്‍ബലനായി എന്നറിഞ്ഞതോടെ ചാനലുകളില്‍ കയറിയിരുന്ന് ശ്രീനിജനെ തള്ളിപ്പറയാന്‍ മത്സരിച്ചവരും എ ഗ്രൂപ്പുകാരായിരുന്നു.

ശ്രീനിജന്‍ തീര്‍ത്തും ദുര്‍ബലനായി മാറിയ സാഹചര്യത്തിലാണ് 2011 ല്‍ കുന്നത്തുനാട്ടില്‍ മത്സരിക്കാനായി കോട്ടയത്തു നിന്നും വി പി സജീന്ദ്രന്‍ എത്തുന്നത്. വൈക്കം മണ്ഡലത്തില്‍ നിന്നു മത്സരിച്ച് പരാജയപ്പെട്ടുകൊണ്ടിരുന്ന സജീന്ദ്രന്‍ കോണ്‍ഗ്രസിന്റെ സുരക്ഷിത ഇടമായ കുന്നത്തുനാട്ടിലേക്ക് വരുന്നത് വിജയം ഉറപ്പിച്ചാണ്.

എന്നാല്‍ സജീന്ദ്രന്റെ ആക്‌സമികമായ വരവില്‍ ശ്രീനിജന് ഉണ്ടായ സംശയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു സജീന്ദ്രന്റെ മാധ്യമപ്രവര്‍ത്തകയായ ഭാര്യയുടെ മേല്‍ ഉണ്ടായത്. തനിക്കെതിരേ ചാനലുകളില്‍ വാര്‍ത്തകള്‍ വന്നതിനു പിന്നില്‍ ഭര്‍ത്താവിന് സീറ്റ് ഉറപ്പിക്കാനുള്ള ഒരു ഭാര്യയുടെ തന്ത്രം ഉണ്ടായിരുന്നുവെന്ന് ശ്രീനിജന്‍ വിശ്വസിച്ചു. പക്ഷേ, പ്രതികരിക്കാന്‍ തീര്‍ത്തും അശക്തനായിരുന്നു.

സാഹചര്യങ്ങള്‍ കൂടുതല്‍ ദുര്‍ബലനാക്കി മാറ്റുകയായിരുന്നു ശ്രീനിജനെ. 2011 ജൂണ്‍ 25 ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ ശ്രീനിജന്‍ നിര്‍ബന്ധക്കപ്പെട്ടു. പാളയത്തില്‍ നിന്നും തന്നെ ഉണ്ടായ പടയായിരുന്നു അത്. ശ്രീനിജനെതിരെ നടപടി വേണമെന്ന് യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് തന്നെ ആവശ്യമുയര്‍ന്നിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നു മാത്രമല്ല, യൂത്ത് കോണ്‍ഗ്രസില്‍ നിന്നു തന്നെ പുറത്താക്കാനുള്ള നീക്കവും നടക്കുന്നുണ്ടായിരുന്നുവത്രേ. അതിനുള്ള അവസരം നല്‍കാതെ ശ്രീനിജന്‍ സ്ഥാനം രാജിവച്ചു.

2011 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വി പി സജീന്ദ്രന്‍ കുന്നത്തുനാട്ടില്‍ നിന്നും വിജയിക്കുകയും ചെയ്തു.

ജനാര്‍ദ്ദന റെഡ്ഡിയുടെ അനധികൃത ഖനിക്ക് അനുമതിക്കായി മുന്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന് കൈക്കൂലി (വീഡിയോ)

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും താന്‍ പുറന്തളപ്പെടുന്നുവെന്ന വസ്തുത സ്വീകരിച്ച്, കേസുകളില്‍ നിന്നും മോചിതനാകുന്നതില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് സജീവ രാഷ്ട്രീയത്തില്‍ നിന്നും സ്വയം പിന്‍വാങ്ങിയായിരുന്നു പിന്നീടുള്ള ശ്രീനിജന്റെ പ്രവര്‍ത്തനങ്ങള്‍. മാനസികമായി ആകെ തകര്‍ന്ന അവസ്ഥയില്‍ നിന്ന് കരകയറാനും ശ്രമിച്ചു കൊണ്ടിരുന്നു.

2016 നിയമസഭ തെരഞ്ഞെടുപ്പ് വന്നതോടെയാണ് ശ്രീനിജന്‍ വീണ്ടും ഉണര്‍ന്നത്. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് വന്നു. ഇടതു സ്വതന്ത്രനായി ഒരു ടിക്കറ്റ് തരപ്പെടുത്താന്‍ ശ്രമിച്ചു. പക്ഷേ, ഏകാഭിപ്രായം ശ്രീനിജന്റെ കാര്യത്തില്‍ ഉണ്ടാക്കാന്‍ പാര്‍ട്ടിക്കു കഴിയാകെ വന്നതോടെ ഷിജി ശിവജി കുന്നത്തുനാട്ടിലെ ഇടതു സ്ഥാനാര്‍ത്ഥിയായി. പക്ഷേ, ശ്രീനിജന്‍ സിപിഎമ്മിനെ വിട്ടുപോയില്ല. പകരം ഇടതു സ്ഥാനാര്‍ത്ഥിക്കായി അരയും തലയും മുറുക്കിയിറങ്ങി. ഷിജിയുടെ വിജയത്തേക്കാള്‍ സജീന്ദ്രന്റെ പരാജയമായിരുന്നു ശ്രീനിജന്‍ ആഗ്രഹിക്കുന്നതെന്ന് മണ്ഡലത്തിലുള്ളവര്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലും ഗൃഹസന്ദര്‍ശനങ്ങളിലും കുടുംബയോഗങ്ങളിലും എല്ലാം ശ്രീനിജന്‍ സജീവമായി. സീറ്റ് മോഹത്തില്‍ തന്നെ തകര്‍ത്തുകളഞ്ഞ സജീന്ദ്രനും അയാള്‍ക്കൊപ്പം നിന്നവര്‍ക്കുമെതിരേ ചെയ്യാവുന്ന ഏറ്റവും നല്ല പ്രതികാരമാണ് തെരഞ്ഞെടുപ്പില്‍ നല്‍കുന്ന പരാജയം എന്ന് ശ്രീനിജന് അറിയാമായിരുന്നുവെന്ന് അയാളോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

അതിന്റെ തെളിവ് എന്നപോലെയാണ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കു മുമ്പ് സോഷ്യല്‍ മീഡിയയില്‍ പരന്ന ഒരു ഫോണ്‍ സംഭാഷണം. സജീന്ദ്രനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന്റെ ജില്ലയിലെ പ്രധാനികള്‍ തന്നെ ശ്രമിക്കുന്നുണ്ടെന്ന തരത്തിലുള്ള ഉള്‍പ്പാര്‍ട്ടി രഹസ്യങ്ങള്‍, തനിക്ക് പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയുമെന്ന് കരുതിയ ഒരാളമായി സജീന്ദ്രന്റെ മാധ്യമപ്രവര്‍ത്തകയായ ഭാര്യ, വിവിധ സമയങ്ങളിലായി നടത്തിയ സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്ത് ഒരുക്കിയ ഒരു കെണിയായിരുന്നു അത്. സജീന്ദ്രനും ഭാര്യയ്ക്കും ഈ ഓഡിയോ ക്ലിപ്പ് ഉണ്ടാക്കിയ തിരിച്ചടി വലുതായിരുന്നു. പല കേന്ദ്രങ്ങളുടെയും തെറ്റിദ്ധാരണയ്ക്കും വിമര്‍ശനങ്ങള്‍ക്കും ഇരുവരും പാത്രമായി. സജീന്ദ്രന്‍ കുന്നത്തുനാട്ടില്‍ തോല്‍ക്കുമെന്ന വിശ്വാസത്തിന് ബലംവച്ചു. അതിനിടയിലാണ് സജീന്ദ്രന്റെ ഭാര്യയുടെ ആത്മഹത്യാശ്രമം. താന്‍ വിശ്വാസവഞ്ചനയ്ക്ക് ഇരയായതിന്റെ മനോവിഷമത്തിലായിരുന്നു അവര്‍ അതിന് തുനിഞ്ഞത്. പക്ഷേ, അതോടെ ചിത്രം മാറി. കോണ്‍ഗ്രസുകാര്‍ ആത്മാര്‍ത്ഥമായി സജീന്ദ്രനുവേണ്ടി പ്രവര്‍ത്തനത്തിന് ഇറങ്ങി. അനിശ്ചിതത്വം നിലനിന്നുവെങ്കിലും ചെറിയ ഭൂരിപക്ഷത്തില്‍, ഒരുതരത്തില്‍ പറഞ്ഞാല്‍ അപ്രതീക്ഷിത വിജയം എന്നപോലെ വി പി സജീന്ദ്രന്‍ കുന്നത്തുനാട്ടില്‍ രണ്ടാംവട്ടവും വിജയിച്ചു. ശ്രീനിജന്‍ തോറ്റു!

2016 ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നു. ശ്രീനിജന്റെ ഭാര്യ കെ ബി സോണി ഹൈക്കോടതിയിലെ ഗവ. പ്ലീഡര്‍ ആയി. സജീവരാഷ്ട്രീയത്തില്‍ നിന്നും വീണ്ടും പിന്മാറി അഭിഭാഷകവൃത്തിയിലേക്ക് കൂടുതല്‍ ശ്രദ്ധിച്ചു ശ്രീനിജന്‍. ഒപ്പം സിപിഎം സഹയാത്രികനെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും. വീണ്ടും ഒരു തിരിച്ചുവരവ് ശ്രീനിജന്‍ പ്രതീക്ഷിച്ചിരുന്നോ എന്നറിയില്ല. പക്ഷേ, ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ആരോപണങ്ങളും തെളിവുകളും വാസ്തവമാണെങ്കില്‍, അത് ശ്രീനിജനില്‍ ഉണ്ടാക്കുന്ന തിരിച്ചടി ഇതുവരെ അയാള്‍ നേരിട്ടതിനെക്കാള്‍ ഭീകരമായിരിക്കും.

മുന്‍ ചീഫ് ജസ്റ്റിസിന് കൈക്കൂലി: ബിജെപി എംപി ശ്രീരാമുലുവിനെ അയോഗ്യനാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍