UPDATES

ട്രെന്‍ഡിങ്ങ്

ക്വീറിഥം: ലൈംഗിക ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ കേരളം വീണ്ടും മുമ്പേ നടക്കുകയാണ്

ക്വീര്‍ എന്ന പദം ആദ്യം എല്‍.ജി.ബി.ടി കമ്യൂണിറ്റിയെ അധിക്ഷേപിക്കാന്‍ ഉപയോഗിച്ച പദമായിരുന്നു

കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയില്ലുള്ളവരെ നിയമിച്ചു കൊണ്ട് കേരളം ഇന്ത്യയെ ഞെട്ടിച്ചിട്ട് അധികം ദിവസങ്ങളായിട്ടില്ല. ലൈംഗിക ന്യൂനപക്ഷങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനും, അവസരങ്ങള്‍ ഒരുക്കാനും കേരളാ ഗവണ്മെന്റ് ചെയ്യുന്ന പ്രവൃത്തികള്‍ കയ്യടി അര്‍ഹിക്കുമ്പോള്‍ തന്നെ, തിരിച്ചറിയേണ്ട ഒരു വസ്തുതയാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെടുന്നവര്‍ മാത്രമല്ല എന്നത്. ‘ഗേ, ലെസ്ബിയന്‍, ബൈസെക്ഷ്വല്‍’ വിഭാഗങ്ങളില്‍ പെടുന്ന, മുഖ്യധാരയ്ക്കിടയില്‍ ജീവിക്കേണ്ടി വരികയും മുഖ്യധാരയോട് ലൈംഗിക താത്പര്യങ്ങള്‍ തുറന്ന് സംസാരിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്യുന്ന ഒരു ലൈംഗിക ന്യൂനപക്ഷവും നമുക്കിടയിലുണ്ട്.

എല്‍.ജി.ബി.ടിയിലെ ഈ വിഭാഗങ്ങളുടെ കൂടി അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം കേന്ദ്രീകൃതമായി രൂപികരിച്ച സംരംഭമാണ് ക്വീറിഥം. കഴിഞ്ഞ ദിവസം തിരുവനന്തപുരം സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ക്വീര്‍ റിഥത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. വലിയ ലക്ഷ്യങ്ങളാണ് ഇനി തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘടനയ്ക്ക് പ്രാവര്‍ത്തികമാക്കാനുള്ളത്.

ഒരു വലിയ സൗഹൃദ കൂട്ടായ്മയുടെ ചരിത്രമാണ് ക്വീറിഥം എന്ന സംഘടനയ്ക്ക് പറയാനുള്ളത്. പെട്ടന്നൊരു ദിവസം പൊട്ടിമുളച്ചതല്ല ഈ സംഘടന. എല്‍.ജി.ബി.ടിയിലെ ഇതര ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി തിരുവനന്തപുരം കേന്ദ്രമായി ആരും പ്രവര്‍ത്തിക്കുന്നില്ലെന്നും, കൃത്യമായ സംഘടനാ ചട്ടക്കൂട് തിരുവനന്തപുരത്തുള്ള ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് ഇല്ലെന്നും മനസ്സിലായപ്പോള്‍ പ്രിജിത്ത് പി.കെ, വ്യാസ് ദീപ് എന്നിവര്‍ ചേര്‍ന്ന് എന്തുകൊണ്ട് അങ്ങനെയൊരു സംഘടനയ്ക്ക് രൂപം കൊടുത്തു കൂടാ എന്ന് ആലോചിച്ചത്.

അങ്ങനെ വ്യാസിന്റേയും പ്രിജിത്തിന്റേയും നേതൃത്വത്തില്‍ കുറച്ച് സുഹൃത്തുകള്‍ മ്യൂസിയത്തില്‍ ഒത്തുചേരുകയും ഇങ്ങനെയൊരു സംഘടനയുടെ സാധ്യതകളും പ്രാധാന്യവും ചര്‍ച്ച ചെയ്യുകയും ചെയ്തു. അതൊരു തുടക്കമായിരിന്നു. എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച ഒത്തുകൂടാന്‍ തീരുമാനിക്കുകയും വളരെ കൃത്യമായി ആദ്യ മൂന്ന് മാസങ്ങളില്‍ ആ ഒത്തുചേരല്‍ മ്യൂസിയത്തില്‍ നടക്കുകയും ചെയ്തു. എന്നാല്‍ കൂട്ടായ്മയില്‍ പലരും ഐഡന്റിന്റി പുറത്ത് പറയാത്തവരായിരുന്നു. മ്യൂസിയത്തിലെ ഒത്തുചേരലും ചര്‍ച്ചകളും ആളുകളുടെ സംശയദൃഷ്ടിക്ക് പാത്രമായി തുടങ്ങിയപ്പോള്‍ പ്രിജിത്തിനും വ്യാസിനും ഈ ഒത്തുകൂടലിന് പുതിയ ഇടങ്ങള്‍ തേടണ്ടതായി വന്നു. അങ്ങിനെയാണ് അലയന്‍സ് ഫ്രാന്‍സെയ്സ് ക്വീര്‍ റിഥത്തിന്റെ പുതിയ ചര്‍ച്ചാ കേന്ദ്രമാവുന്നത്. ചര്‍ച്ചകളും സിനിമാ പ്രദര്‍ശനവും ക്ലാസുകളുമായി മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഈ കൂട്ടായ്മ ഒരു ഒഫീഷ്യല്‍ ലോഞ്ചിനെക്കുറിച്ച് ആലോചിക്കുന്നത് മുംബൈയിലെ ഹംസഫര്‍ ട്രസ്റ്റിനോട് സഹികരിക്കാന്‍ അവസരം വന്നപ്പോഴാണ്. വ്യാസും പ്രിജിത്തും സുഹൃത്തുക്കളും ചേര്‍ന്ന് മ്യൂസിയത്തില്‍ തുടങ്ങിയ സൗഹൃദ കൂട്ടായ്മ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തതോടെ അതിന് ഒരു ഔദ്യോഗിക രൂപം കൈവന്നിരിക്കുകയാണ്.

‘ക്വീര്‍ എന്ന പദം ആദ്യം എല്‍.ജി.ബി.ടി കമ്യൂണിറ്റിയെ അധിക്ഷേപിക്കാന്‍ ഉപയോഗിച്ച പദമാണെങ്കിലും ഇന്ന് അത് ലോകത്ത് അവരെ സൂചിപ്പിക്കാന്‍ പൊതുവേ ഉപയോഗിച്ചു വരുന്ന പദമായിട്ടുണ്ട്. നമ്മള്‍ എല്ലാവരും വിവിധ വര്‍ണ്ണങ്ങളിലും വിവിധങ്ങളായ മനസ്സുകളിലും ജീവിക്കുന്നവരാണ്. നമുക്കിടയില്‍ ഒരു താളം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തിലാണ് സംഘടനയ്ക്ക് ക്വീര്‍ റിഥം എന്ന് പേരിടാന്‍ തീരുമാനിച്ചത്’, സംഘടനയുടെ സെക്രട്ടറിയായ പ്രിജിത്ത് പറയുന്നു.

‘കേരളത്തിലെ ഒട്ടുമിക്ക സൈക്യാര്‍ട്ടിസ്റ്റുകള്‍ക്കോ സൈക്കോളജിസ്റ്റുകള്‍ക്കോ എല്‍.ജി.ബി.ടി കമ്യൂണിറ്റി അംഗങ്ങളുടെ വിഷയത്തില്‍ എങ്ങനെ ഇടപെടണം എന്നറിയില്ല. ഇപ്പോഴും പലരും ഇതിനെ മാനസിക രോഗവും വൈകൃതവുമായി കാണുന്നവരാണ്, അതുകൊണ്ട് തന്നെയാണ് അത്തരക്കാരെ ചികിത്സിച്ച് ഭേദമാക്കി കൊടുക്കാം എന്ന് പറഞ്ഞ് പല പരസ്യങ്ങളും കാണാന്‍ ഇടയാവുന്നത്. ഡോക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന ഒരു കമ്യൂണിറ്റി മെമ്പര്‍ ഉണ്ടായിരുന്നു. അവരുടെ വീട്ടില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും അവരെ ചികിത്സിച്ച് ഭേദമാക്കാന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും പോലുമുണ്ടായി. ഇടുക്കിയിലെ സെക്രട്ട് ഹാര്‍ട്ട് ഹോസ്പിറ്റലില്‍ വെച്ച് ഒരു മാസത്തോളം ക്രൂരമായ ഫിസിക്കല്‍ വയലന്‍സ് അനുഭവിക്കേണ്ടതായും വന്നു. ക്വിയറള എന്ന സംഘടനയാണ് അത് ഞങ്ങളെ അറിയിക്കുന്നത്. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുമായി ബന്ധപ്പെട്ട് ആ വ്യക്തിയെ ഹോസ്പിറ്റലില്‍ നിന്നും രക്ഷിക്കാനും ഞങ്ങളോടൊപ്പം ചേര്‍ക്കാനും സാധിച്ചു. ഇതുപോലെ പീഡനങ്ങള്‍ അനുഭവിക്കുന്ന ഒരുപാട് പേര്‍ കമ്യൂണിറ്റിയിലുണ്ട്. അവരെ പീഡനങ്ങളില്‍ നിന്ന് രക്ഷിക്കാനും ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കാനും സംഘടന ചട്ടകൂട് വരുന്നതിന് മുമ്പ് തന്നെ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. സംഘടനാ ചട്ടക്കൂടില്‍ നിന്ന് കൊണ്ട് അല്പം കൂടി കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും പ്രചരണം നടത്താനും സാധിക്കും എന്നാണ് പ്രതീക്ഷ’- പ്രിജിത്ത് പറയുന്നു.

പുതിയ ഇടതുപക്ഷ സര്‍ക്കാറിനെ വലിയ പ്രതീക്ഷയോടെയാണ് ക്വീറിഥം ഗ്രൂപ്പ് നോക്കി കാണുന്നത്. എല്‍.ജി.ബി.ടി പോളിസി സംസ്ഥാനത്ത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതും അതിനുള്ള കരട് രൂപം തയ്യാറാക്കിയതിനെയും ക്വീറിഥം അംഗങ്ങള്‍ അഭിനന്ദിക്കുന്നു. അതുകൊണ്ട് തന്നെയാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങ നിര്‍വ്വഹിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയെ തന്നെ ക്ഷണിച്ചത്. ഉദ്ഘാടന ചടങ്ങില്‍, കേരളത്തെ ലൈംഗിക ന്യൂനപക്ഷ സൗഹൃദ സംസ്ഥാനം ആക്കും എന്ന് കോടിയേരി ഉറപ്പ് നല്‍കുകയും ചെയ്തു.

‘എല്‍.ജി.ബി.ടി പോളിസി ഗവണ്മെന്റ് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിനെ ഒരു ബില്ലായി കൊണ്ടുവരാനാണ് ഞങ്ങളുടെ പ്രവര്‍ത്തനം. ഇതൊരു നിയമം ആയാല്‍ മാത്രമേ ഉദ്യോഗസ്ഥ തലത്തില്‍ കമ്യൂണിറ്റി അംഗങ്ങള്‍ക്ക് മതിയായ പരിഗണന ലഭിക്കുകയുള്ളു. ഭാവിയില്‍ ഒരു 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍ ആരംഭിക്കാന്‍ സംഘടന ആലോചിക്കുന്നുണ്ട്. പ്രവര്‍ത്തനത്തിന്റെ അടുത്ത തലം അതായിരിക്കും. കമ്യൂണിറ്റി അംഗങ്ങള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ ഏത് സമയത്തും വിളിച്ച് പറയാന്‍ സൗകര്യം ഉള്ള വിധമായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. ട്രാന്‍സ്‌ജെന്‍ഡേസിന്റെ പ്രശ്‌നങ്ങള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ടിജി സെല്‍ ആരംഭിക്കാനും ആലോചനയുണ്ട്. മറ്റൊരു ആഗ്രഹം തിരുവനന്തപുരത്ത് എല്ലാ വര്‍ഷവും ഒരു അന്താരാഷ്ട്ര ക്വീര്‍ ഫിലിം ഫെസ്റ്റിവല്‍ നടത്തണം എന്നാണ്. ഇത് എത്രത്തോളം പ്രായോഗികമാണെന്ന് അറിയില്ല, എന്നാലും ഞങ്ങളുടെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ട്. ബോംബൈ ദോസ്തിന് ശേഷം കമ്യൂണിറ്റിയ്ക്ക് വേണ്ടി ഒരു മാഗസിന്‍ പുറത്തിറക്കണം എന്നും ക്വീര്‍ റിഥം ആഗ്രഹിക്കുന്നുണ്ട്. ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും കമ്യൂണിറ്റി അംഗങ്ങള്‍ തന്നെ എഴുതി പ്രസിദ്ധീകരിക്കുന്ന മാഗസിന്‍ പുറത്തിറക്കും’– പ്രിജിത്ത് ആഗ്രഹങ്ങളുടെയും മനസ്സിലുള്ള പദ്ധതികളുടേയും പട്ടിക നിരത്തുന്നു.

ലൈംഗിക ന്യൂനപക്ഷങ്ങളെ സ്വന്തം ഐഡന്റിറ്റിയില്‍ ജീവിക്കാന്‍ ധൈര്യം നല്‍കുന്ന ക്വീറിഥം പോലുള്ള സംഘടനകള്‍ ഉയര്‍ന്ന് വരുന്നത് തീര്‍ച്ചയായും മുഖ്യധാര എല്‍.ജി.ബി.ടി അംഗങ്ങളെ മുഖ്യധാരാ സമൂഹം അരികുകളിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നത് കൊണ്ട് തന്നെയാണ്. ഇടതുപക്ഷ സര്‍ക്കാറിന്റെ ഇടപെടലുകല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ മാത്രം ഒതുക്കാതെ, മറ്റ് ലൈംഗിക ന്യൂനപക്ഷങ്ങളിലേക്ക് കൂടെ വ്യാപിപ്പിക്കണം എന്നത് തന്നെയാണ് ക്വീറിഥം പോലുള്ള സംഘടനകളുടെ ആവിര്‍ഭാവം സര്‍ക്കാറിന് നല്‍കുന്ന സൂചന. സെക്രട്ടറി പ്രിജിത്തിന്റേയും സംഘത്തിന്റേയും ആഗ്രഹങ്ങളും പദ്ധതികളും കൃത്യമായി നടപ്പാവുകയാണെങ്കില്‍ കേരളത്തിലെ ലൈംഗിക ന്യൂനപക്ഷ സമൂഹത്തില്‍ വലിയ മാറ്റങ്ങളാണ് അതുണ്ടാക്കാന്‍ പോവുന്നത്.

ഷാരോണ്‍ പ്രദീപ്‌

ഷാരോണ്‍ പ്രദീപ്‌

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍