നെന്മാറ എന്‍എസ്എസ് കോളേജ് പ്രിന്‍സിപ്പലിന്റെയും കോളേജ് അധികൃതരുടേയും നടപടികള്‍ക്കെതിരേ സര്‍വകലാശാലയ്ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലിനും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്, രണ്ടാം വര്‍ഷ ബിഎ ഹിസ്റ്ററി വിദ്യാര്‍ത്ഥിയായ പ്രവീണ്‍ നാഥ്
ട്രാന്‍സ്‌ജെന്‍ഡര്‍ ആയതിനാല്‍ തന്റെ വിദ്യാഭ്യാസ അവകാശങ്ങള്‍ നഷ്ടപ്പെടുത്തുന്നതായും തന്റെ സ്വത്വത്തെ പരസ്യമായി അപമാനിക്കുന്നതായും പരാതി ഉയര്‍ത്തി ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥി. നെന്മാറ എന്‍എസ്എസ് കോളേജ് പ്രിന്‍സിപ്പലിന്റെയും കോളേജ് അധികൃതരുടേയും നടപടികള്‍ക്കെതിരേ സര്‍വകലാശാലയ്ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലിനും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്, രണ്ടാം വര്‍ഷ ബിഎ ഹിസ്റ്ററി വിദ്യാര്‍ത്ഥിയായ പ്രവീണ്‍ നാഥ്. തന്റെ സ്വത്വം അംഗീകരിക്കാന്‍ കൂട്ടാക്കാതെയും സദാചാരപ്രശ്‌നങ്ങള്‍ ഉയര്‍ത്തി വ്യക്തിപരമായി അപമാനിക്കുകയും തന്റെ വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിക്കുകയുമാണ് നെന്മാറ എന്‍എസ്എസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജി പ്രമോദ് എന്നാണ് പ്രവീണ്‍ നാഥ് അഴിമുഖത്തോട് പറയുന്നത്. യൂണിവേഴ്‌സിറ്റിക്കും ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലിനും നല്‍കുന്ന പരാതിയില്‍ ഒരന്വേഷണം നടന്നാല്‍ ന്യായം തന്റെ ഭാഗത്ത് ഉണ്ടെന്ന് കണ്ടെത്താനാകുമെന്നും അതുവഴി സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ തനിക്ക് കഴിയുമെന്ന വിശ്വാസത്തിലാണ് പ്രവീണ്‍ ഇപ്പോള്‍.
പ്രവീണ്‍ നാഥ് ഉന്നയിക്കുന്ന ആരോപണങ്ങളോട് പ്രതികരിച്ച് ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്‌മെന്റ് തുളസി ഫ്രട്ടേണിറ്റി മൂവ്മെന്‍റ് എന്ന സംഘടനയോട് പറയുന്നത്, പരീക്ഷയെഴുതാന്‍ ആവശ്യമായ അറ്റന്‍ഡന്‍സ് പ്രവീണിന് ഇല്ലെന്നാണ്. 75 ശതമാനം അറ്റന്‍ഡ്ന്‍സാണ് പരീക്ഷയെഴുതാന്‍ വേണ്ടത്. വിദ്യാര്‍ത്ഥി ക്ലാസില്‍ വരുന്നുണ്ടായിരുന്നില്ലെന്നും അധ്യാപിക പറയുന്നു. അറ്റന്‍ഡ്‌സ് ഇല്ലാത്ത നാലുപേര്‍ സെമസ്റ്റര്‍ ഔട്ടായെന്നും അതില്‍ രണ്ടുപേര്‍ റോള്‍ ഔട്ടായവര്‍ ആണെന്നും ഒരാള്‍ റി രജിസ്‌ട്രേഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് പ്രവീണിന്റെ വീട്ടിലേക്ക് മാത്രം ലെറ്റര്‍ അയച്ചതെന്നും അധ്യാപിക ചൂണ്ടിക്കാണിക്കുന്നു.
സൂര്യയും ഇഷാനും ഒന്നാകുന്നു; നിയമവിധേയ ട്രാൻസ്‌ജെൻഡർ വിവാഹത്തിന് തുടക്കമിടാനൊരുങ്ങി കേരളം
അതേസമയം പ്രവീണിന് അറ്റന്‍ഡന്‍സ് ഷോര്‍ട്ടേജ് മൂലം പരീക്ഷയെഴുതാന്‍ കഴിയാതെ വരുന്ന വിഷയത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. ജി പ്രമോദിനെ ബന്ധപ്പെടുമ്പോള്‍ അദ്ദേഹം ഫ്രട്ടേണിറ്റിയോട് നടത്തുന്ന പ്രതികരണം ഇങ്ങനെയാണ്; പ്രവീണ നിങ്ങളുടെ സംഘടനയില്‍ അംഗമാണോ? ഡോ. ജയന്‍ ആ സംഘടനയില്‍ അംഗമാണോ? ആ ഡോക്ടറുടെ ബാക്ക്ഗ്രൗണ്ട് അറിയാമോ? ആ കുട്ടി ഡോക്ടറുടെ കൂടെ താമസിക്കുകയാണെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? ആ ഡോക്ടര്‍ ഡൈവോഴ്‌സി ആയിട്ട് നില്‍ക്കുന്നൊരാളാണ്. വീട്ടില്‍ നിന്നും സ്വയം ഇറങ്ങിപ്പോയാണ് ഈ കുട്ടി ആ ഡോക്ടറുടെ കൂടെ താമസിക്കുന്നത്. ആ കുട്ടിയുടെ സേഫ്റ്റിയെപ്പറ്റി നിങ്ങള്‍ക്ക് എന്തുണ്ട് പറയാന്‍? ഒരു പെണ്‍കുട്ടിയുടെ ഇത്തരം വിഷയങ്ങളും അന്വേഷിക്കണം, അറ്റന്‍ഡന്‍സ് വിഷയങ്ങള്‍ മാത്രം അന്വേഷിച്ചാല്‍ പോരാ…ഒരു പെണ്‍കുട്ടിയുടെ സേഫ്റ്റി അന്വേഷിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. ഡോക്ടര്‍ ജയന്‍ എന്നയാള്‍ പ്രവീണയുടെ രക്ഷകര്‍ത്താവ് ആണെന്നതിന് ആ കുട്ടി പറഞ്ഞുള്ള വിവരം അല്ലാതെ എന്തെങ്കിലും ആധികാരിക രേഖകളുണ്ടോ? ആ കുട്ടിയുടെ രക്ഷകര്‍ത്താവ് ആരാണെന്ന് എനിക്ക് നന്നായി അറിയാം. ഡോക്ടര്‍ ജയന്‍ എന്നു പറയുന്നയാള്‍ ആരാണെന്നും എനിക്കും നന്നായി അറിയാം. കുട്ടി പറയുന്നതുകേട്ട് അറ്റന്‍ഡന്‍സിന്റെ കാര്യത്തില്‍ മാത്രം ഇടപെട്ടാല്‍ മതിയോ ഇത്തരം കാര്യങ്ങളില്‍ ഇടപെടേണ്ടതില്ലേ? വീട്ടില്‍ നിന്നിറങ്ങി വരുന്ന എല്ലാ കുട്ടികളേയും ഡോക്ടര്‍ ജയന്‍ എന്ന സോകോള്‍ഡ് സാമൂഹികപ്രവര്‍ത്തകന്‍ സംരക്ഷിക്കുന്നില്ല, ചില കുട്ടികളെ മാത്രമാണ് അയാള്‍ സംരക്ഷിക്കുന്നത്. ഈ കുട്ടിയെ മാത്രമല്ല, കുറെ ആണ്‍കുട്ടികളേയും അയാള്‍ സംരക്ഷിക്കുന്നുണ്ട്, അതിനൊക്കെയുള്ള വരുമാനം എവിടെ നിന്നാണ്? സൈക്കോളജിസ്റ്റായി അയാള്‍ പ്രാക്ടീസ് ചെയ്യുന്നില്ല. അയാളെ കുറിച്ചുള്ള വിവരങ്ങളൊക്കെ പൊലീസില്‍ കൈമാറിയിട്ടുണ്ട്. ഒരു കുട്ടിക്ക് പരീക്ഷയെഴുതാന്‍ കഴിയാത്തത്തില്‍ മാത്രമെ ആശങ്കയുള്ളൂവെന്ന് പറയരുത്. ആ കുട്ടിയുടെ വ്യക്തിപരമായ നല്ലതിനു വേണ്ടി അന്വേഷണം നടത്തണം. എന്തുകൊണ്ട് ആ കുട്ടിക്ക് അറ്റന്‍ഡന്‍സ് ഷോര്‍ട്ടേജ് വന്നൂ എന്നതുമായി ബന്ധപ്പെട്ട് അന്വേഷിച്ചാല്‍ വാസ്തവം അറിയാം. അതിനുള്ള റെക്കോര്‍ഡുകള്‍ എന്റെ കൈവശം ഉണ്ട്, അപ്പോള്‍ വ്യക്തമാകും, ആ കുട്ടിയെ പ്രിന്‍സിപ്പല്‍ മനഃപൂര്‍വം ഉപദ്രവിച്ചതാണോ, ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്‌മെന്റ് മനഃപൂര്‍വം ഉപദ്രവിച്ചതാണോ, അതോ ആ കുട്ടി മനപൂര്‍വം ക്ലാസില്‍ വരാതിരുന്നതാണോ എന്നൊക്കെ.
(നെന്മാറ എന്‍എസ്എസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജി പ്രമോദിനെ പലതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടും കിട്ടാതെ വന്ന സാഹചര്യത്തിലാണ് ഫ്രട്ടേണിറ്റി മൂവ്‌മെന്റ് പാലക്കാട് ജില്ല പ്രസിഡന്റ് റഷാദ് ഈ വിഷയത്തില്‍ പ്രിന്‍സിപ്പലിനോടും ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്‌മെന്റിനോടും സംസാരിച്ചതിന്റെ ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പലിന്റെയും അധ്യാപികയുടെയും പ്രതികരണങ്ങള്‍ നല്‍കിയിരിക്കുന്നത്).
സദാചാര മലയാളിയോടുതന്നെ; ചൂരലിനടിക്കേണ്ട ‘മറ്റേ പരിപാടി’ക്കാരല്ല ട്രാന്‍സ്ജെന്‍ഡേര്‍സ്