UPDATES

ട്രെന്‍ഡിങ്ങ്

തെറ്റുപറ്റി സമ്മതിക്കുന്നു, എന്നാല്‍ എന്നെ തീവ്രവാദികള്‍ക്ക് എറിഞ്ഞു കൊടുക്കുകയാണ് ഉണ്ണി ആര്‍ ചെയ്തത്: കിത്താബ് സംവിധായകന്‍ റഫീഖ് മംഗലശേരി

പൊതുവെ ഭീഷണികളുടെ നടുവിലാണ് ഞാന്‍ ജീവിക്കുന്നത്. അപ്പോള്‍ പ്രമുഖനായ ഒരാള്‍ കൂടി ഇങ്ങനെ പറയുമ്പോള്‍ ഞാനെങ്ങനെ ജീവിക്കും?

കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ‘കിത്താബ്’ എന്ന നാടകത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ തുടരുന്നു. റഫീഖ് മംഗലശേരി സംവിധാനം ചെയ്ത നാടകം പള്ളിയില്‍ കയറി വാങ്ക് വിളിക്കാന്‍ ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ്. കഥാകൃത്ത് ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥയുടെ സ്വതന്ത്ര ആവിഷ്‌കാരമാണ് ഈ നാടകമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. നാടകം ഇസ്ലാം മതവിശ്വാസത്തെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് എസ്ഡിപിഐ കലോത്സവ വേദിയിലേക്ക് മാര്‍ച്ച് നടത്തിയതോടെയാണ് നാടകം വിവാദത്തിലായത്. അതോടെ തന്റെ കഥ ഉപയോഗിക്കാന്‍ അനുവാദം തേടിയിരുന്നില്ലെന്ന പ്രതികരണവുമായി ഉണ്ണി ആര്‍ രംഗത്തെത്തി. മറ്റൊരാളുടെ കൃതി തങ്ങളുടെ താല്‍പര്യത്തിനായി വളച്ചൊടിക്കുന്നവരും ഫാസിസ്റ്റുകളും തമ്മില്‍ എന്താണ് വ്യത്യാസമെന്നാണ് ഇന്നലെ ഉണ്ണി ആര്‍ അഴിമുഖത്തിന് നല്‍കിയ അഭിമിഖത്തില്‍ ചോദിച്ചത്. ഇസ്ലാമില്‍ നല്ലരീതിയിലുള്ള പുരോഗമന ചിന്തകള്‍ ഉയര്‍ന്നുവരികയും അതനുസരിച്ചുള്ള പരിവര്‍ത്തനങ്ങള്‍ സംഭവിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടമാണ് ഇത്. സിയാവുദ്ദീന്‍ സര്‍ദ്ദാറും ഫാത്തിമ മെര്‍ണിസിയെയും പോലുള്ളവര്‍ ഇസ്ലാമിനുള്ളില്‍ ഭയങ്കരമായ പരിവര്‍ത്തനത്തിന് ശ്രമിക്കുന്നവരാണ്. സ്ത്രീയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമാണ് ഇവരെപ്പോലുള്ളവര്‍ ഇസ്ലാമിനുള്ളില്‍ സംസാരിക്കുന്നത്. എന്റെ ചിന്തയെ ഈ കഥയിലേക്ക് നടത്തിയതില്‍ ഇവരുടെ ചിന്തകളുടെ സ്വാധീനമുണ്ട്. എന്നാല്‍ ഈ നാടകത്തില്‍ എന്റെ കഥയുടെ രാഷ്ട്രീയത്തെ അപ്പാടെ മാറ്റിയെഴുതിയിരിക്കുകയാണ്. ഇസ്ലാം ഒരു പ്രാകൃത മതമാണെന്ന തരത്തിലാണ് അവര്‍ നാടകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇസ്ലാമോഫോബിയ നിലനില്‍ക്കുന്ന ഒരു രാഷ്ട്രീയ കാലവസ്ഥയില്‍ ഇത്തരത്തിലുള്ള അവതരണം സംഘപരിവാര്‍ പോലുള്ള സംഘടനകള്‍ക്ക് ഒരു ആയുധമാകുകയേ ഉള്ളൂ, എന്നാണ് ഉണ്ണി പറഞ്ഞത്. അതേസമയം ഉണ്ണി ആറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നാടകത്തിന്റെ സംവിധായകന്‍ റഫീഖ് മംഗലശേരി. അനുവാദം ചോദിക്കാതെ കഥ ഉപയോഗിച്ചത് തെറ്റാണ്. ആ ഒരു തെറ്റ് മാത്രമാണ് താന്‍ ഉണ്ണി ആറിനോട് ചെയ്തത്. അതിന് മാപ്പ് ചോദിക്കാന്‍ തയ്യാറാണെന്ന് റഫീഖ് പറയുന്നു. എന്നാല്‍ അതില്‍ നിര്‍ത്താതെ നാടകത്തിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്ത് ഇസ്ലാമിക തീവ്രവാദികള്‍ക്ക് തന്നെ എറിഞ്ഞു കൊടുക്കുകയാണ് ഉണ്ണി ആര്‍ ചെയ്തതെന്ന് റഫീഖ് പറയുന്നു. അഴിമുഖം പ്രതിനിധിയുമായി റഫീഖ് നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണരൂപം താഴെ.

അനുവാദമില്ലാതെ കഥ ഉപയോഗിച്ചുവെന്നാണ് ഉണ്ണി ആറിന്റെ മുഖ്യ ആരോപണം. സ്‌കൂള്‍ കലോത്സവങ്ങളില്‍ ഒരുപാട് എഴുത്തുകാരുടെ കൃതികളെ ആസ്പദമാക്കി നാടകങ്ങള്‍ തയ്യാറാക്കാറുണ്ട്. സബ്ജില്ല, ജില്ല, സ്റ്റേറ്റ് വേദികള്‍ക്കപ്പുറം ഈ നാടകങ്ങള്‍ അവതരിപ്പിക്കപ്പെടാറുമില്ല. അതൊരു കച്ചവടത്തിനായി തയ്യാറാക്കുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ ഞാനടക്കമുള്ള പലരും മുന്‍വര്‍ഷങ്ങളിലും കുട്ടികളുടെ നാടകം ചെയ്യുമ്പോള്‍ ഇതുപോലെ അനുവാദമൊന്നും വാങ്ങാറില്ല. ഇക്കാര്യത്തില്‍ ഞങ്ങളുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഉണ്ണി ആറുമായി ആശയവിനിമയം നടത്തിയില്ലെന്ന തെറ്റ് എന്റെ ഭാഗത്തു നിന്നും സംഭവിച്ചു. ഞങ്ങളത് സമ്മതിക്കാന്‍ തയ്യാറാണ്. കച്ചവടത്തിന് വേണ്ടി ചെയ്യുന്നതല്ലാത്തതിനാലാണ് ഇത്തരത്തില്‍ അനുവാദം വാങ്ങാതെ ചെയ്യുന്നത്.

ഉണ്ണി ആറിന്റെ ഈ കഥ പെണ്‍വാങ്കിനെക്കുറിച്ചാണ്. ഉണ്ണി ആറിന്റെ കഥയുടെ പ്രചോദനം മാത്രമാണ് ഞാന്‍ ഉപയോഗിച്ചത്. എന്റെ സ്വതന്ത്രമായ രീതിയില്‍ ആ ആശയത്തെ ആവിഷ്‌കരിക്കുകയാണ് ചെയ്തത്. കഥയുടെ സ്വതന്ത്ര നാടകാവിഷ്‌കാരം എന്നാണ് ഞാന്‍ പറഞ്ഞത്. സ്വതന്ത്രം എന്നാല്‍ തീര്‍ത്തും സ്വതന്ത്രം തന്നെയല്ലേ? വാങ്ക് വിളിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടി എന്ന ആശയമല്ലാതെ വേറെ ഒരു ബന്ധവും ഈ നാടകത്തിനില്ല. ലോകത്തിലും കേരളത്തില്‍ തന്നെയും മുന്‍കാലങ്ങളിലും ഉയര്‍ന്നു വന്നിട്ടുള്ള ആശയമാണ് പെണ്‍വാങ്ക് എന്നത്. എന്റെ തന്നെ 2007ല്‍ പ്രസിദ്ധീകരിച്ച ‘ബദറുദ്ദീന്‍ നാടകമെഴുതുമ്പോള്‍’ എന്ന നാടകത്തില്‍ ‘എന്താ പെണ്ണുങ്ങള്‍ക്ക് പള്ളിയില്‍ കയറി വാങ്ക് കൊടുത്താല്‍?’ എന്ന് ഞാന്‍ തന്നെ ചോദിക്കുന്നുണ്ട്. ‘വാങ്ക് വിളിക്കുന്ന പെണ്‍കുട്ടി’ എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ കഥയും വന്നിട്ടുണ്ട്. അത് ഉണ്ണി ആറിന്റെ കഥ പ്രസിദ്ധീകരിക്കുന്നതിന് മുമ്പാണെന്നാണ് എന്റെ ഓര്‍മ്മ. പിന്നെ എന്തുകൊണ്ട് ഉണ്ണി ആറിന്റെ പേര് വച്ചുവെന്ന് ചോദിച്ചാല്‍, ഉണ്ണി ആറിന്റെ ‘വാങ്ക്’ മോഷ്ടിച്ചാണ് ഞാന്‍ ‘കിത്താബ്’ തയ്യാറാക്കിയതെന്ന് വരരുത് എന്നുള്ളതു കൊണ്ടാണ്. ഒരു കലയില്‍ മോഷണം നടത്തിയ ആളായി അറിയപ്പെടരുതെന്ന് ആഗ്രഹിച്ചാണ് അങ്ങനെ ചെയ്തത്. പെണ്‍വാങ്ക് എന്ന ആശയത്തില്‍ ഉണ്ണി ആറിനെ പോലെ പ്രശസ്തനായ ഒരു എഴുത്തുകാരന്റെ കഥ തീര്‍ച്ചയായും ലക്ഷക്കണക്കിന് ആളുകള്‍ വായിച്ചിട്ടുണ്ടാകും. അപ്പോള്‍ ഞാനത് രേഖപ്പെടുത്താതിരുന്നാല്‍ ഞാന്‍ ഉണ്ണി ആറിന്റെ കഥ മോഷ്ടിച്ചതാണെന്ന് വ്യാഖ്യാനിക്കപ്പെടുമെന്ന് കരുതി. ഒരു എഴുത്തുകാരന്‍ മറ്റൊരു എഴുത്തുകാരന് കൊടുക്കേണ്ട ഒരു മാന്യതയുണ്ടല്ലോ? അത്തരമൊരു മാന്യത കല്‍പ്പിക്കുകയാണ് ഞാന്‍ ചെയ്തത്. എന്നാല്‍ അതെനിക്ക് തന്നെ തിരിച്ചടിയായി.

ഉണ്ണി ഇത് സംബന്ധിച്ച് നിങ്ങളുമായി നടത്തിയ അഭിമുഖം ഞാന്‍ വായിച്ചു. ആദ്യം എഴുതിയ ‘കോട്ടയത്ത് പടച്ചോന്‍’ എന്ന കഥ വളരെ ലൗഡ് ആയി തോന്നിയതുകൊണ്ട് തിരുത്തിയെഴുതിയതാണ് ‘വാങ്ക്’ എന്ന് അതില്‍ പറഞ്ഞിരിക്കുന്നു. അതില്‍ നിന്നും ഞാന്‍ മനസിലാക്കുന്നത് അദ്ദേഹം എഴുത്തില്‍ കോംപ്രമൈസ് ചെയ്യുന്നുവെന്നാണ്. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ഭാഗമായതിനാല്‍ അതിലൊന്നും ഞാന്‍ അഭിപ്രായം പറയാനില്ല. ലൗഡ് ആയ കഥയെ കോംപ്രമൈസ് ചെയ്തത് ഭയം കൊണ്ടാണെന്നാണ് ഉണ്ണി ആര്‍ സമ്മതിക്കുകയാണ്. ഭയം സമ്മതിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. ലൗഡ് ആയി പറയാന്‍ പേടിക്കുകയാണ് ഇവിടെ. സംഘപരിവാറിനെതിരെയും മറ്റും ഉണ്ണി ആര്‍ വിമര്‍ശനം ഉന്നയിക്കാറുണ്ടല്ലോ? അപ്പോള്‍ ഇസ്ലാമിക ഭീകരവാദത്തെ തൊടാന്‍ അദ്ദേഹത്തിന് ഭയമാണ്.

ഇസ്ലാമിക തീവ്രവാദികളോട് യാതൊരു വിധത്തിലും യോജിക്കുന്നില്ലെന്നും അവരും ഫാസിസ്റ്റുകള്‍ തന്നെയാണെന്നും ഉണ്ണി നിങ്ങളോട് പറഞ്ഞിട്ടുണ്ട്. സ്‌കൂളില്‍ വന്ന് എസ്ഡിപിഐ നടത്തിയ പ്രതിഷേധത്തെക്കുറിച്ചാണ്. ഇത്തരത്തില്‍ ഇസ്ലാമിക ഭീകരവാദികളാല്‍ വേട്ടയാടപ്പെടുന്ന ഒരു സമയത്ത് എന്റെ കഥയെ അവഹേളിച്ചുവെന്ന് പറഞ്ഞ് ഒരു എഴുത്തുകാരനെ അവര്‍ക്ക് വളമായിട്ട് മുന്നോട്ട് വയ്ക്കുകയല്ലല്ലോ പ്രതിബദ്ധതയുള്ള ഒരു എഴുത്തുകാരന്‍ വേണ്ടത്? അതാണ് അദ്ദേഹത്തോടുള്ള എന്റെ പ്രധാനപ്പെട്ട ചോദ്യം. മതേതരമായി ചിന്തിക്കുന്ന ഒരു എഴുത്തുകാരനെ മതേതരമായി ചിന്തിക്കുന്ന മറ്റൊരു എഴുത്തുകാരന്‍ ഇവിടുത്തെ വര്‍ഗ്ഗീയ തീവ്രവാദികള്‍ക്ക് എറിഞ്ഞുകൊടുക്കുകയാണോ വേണ്ടിയിരുന്നത്. ഇന്നലെ ഇവിടെ വന്ന മുഴുവന്‍ വാര്‍ത്തകളും ഉണ്ണി ആര്‍ കഥ നിഷേധിച്ചുവെന്നാണ്. ഇവിടുത്തെ ഇസ്ലാമിക തീവ്രവാദികള്‍ മൊത്തത്തില്‍ അത് ചര്‍ച്ച ചെയ്യുകയും ചെയ്തു. അതാണ് അവരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്.

മലപ്പുറത്തെ ഒരു മുസ്ലീം ഗ്രാമത്തില്‍ ജനിച്ച എന്നെ പോലെ ഒരാളെ ഇവര്‍ക്ക് എറിഞ്ഞ് കൊടുക്കുകയായിരുന്നോ ഒരു മതേതര എഴുത്തുകാരന്‍ ചെയ്യേണ്ടിയിരുന്നത്? അത് തീര്‍ത്തും തെറ്റായ ഒരു നിലപാടാണെന്ന് ഞാന്‍ പറയും. ഉണ്ണി ആറിന്റെ കഥയ്ക്ക് അനുവാദം ചോദിച്ചില്ല എന്ന കുറ്റം മാത്രമാണ് ചെയ്തത്. അതിന് ഞാന്‍ നിരുപാധികം മാപ്പ് ചോദിക്കാന്‍ തയ്യാറായിരുന്നു. പകരം ഉണ്ണി ആര്‍ എന്താണ് ചെയ്തത്? എന്നെ ഇസ്ലാമോഫോബിയയുടെ ആളാക്കി മാറ്റുകയാണ് ചെയ്തത്. ഞാന്‍ ഇസ്ലാമോഫോബിയയുടെ ആളല്ല, സംഘപരിവാറിനെ കൃത്യമായി വിമര്‍ശിക്കുന്ന ഒരാള്‍ തന്നെയാണ് ഞാന്‍. സംഘപരിവാറിനെ രൂക്ഷമായി വിമര്‍ശിച്ച് ഷോര്‍ട്ട് ഫിലിം എടുത്തിട്ടുള്ള ഒരാളാണ് ഞാന്‍. ദേശീയഗാന വിവാദമുണ്ടായപ്പോള്‍ ‘ജയഹേ’ എന്ന പേരില്‍ ഞാന്‍ ചെയ്ത ഷോര്‍ട്ട് ഫിലിമിന് അന്ന് വലിയ തോതിലുള്ള പ്രതികരണമാണ് ലഭിച്ചത്. ഞാന്‍ ഇസ്ലാമിനെ പരിഹസിച്ച് നാടകം ചെയ്‌തെന്ന് പറയുന്നു. ഉണ്ണി ആറിന്റെ പശ്ചാത്തലത്തിലല്ല ഞാന്‍ വളര്‍ന്നത്. മലപ്പുറത്തെ തികച്ചും യാഥാസ്ഥിതികമായ ഒരു നാട്ടിന്‍പുറത്താണ് ഞാന്‍ വളര്‍ന്നത്. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരു വിഷയത്തില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ട്. അത് മനസിലാക്കാതെ എന്നെ ഇസ്ലാമിനെ മോശമാക്കി ചിത്രീകരിക്കുന്ന ഒരാളാക്കിയാണ് ഉണ്ണി ആര്‍ പറഞ്ഞിട്ടുള്ളത്.

എന്തിനാണ് ഉണ്ണി ആര്‍ അതൊക്കെ പറയാന്‍ പോകുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഉണ്ണി ആറിന്റെ കഥ ഞാന്‍ ചോദിച്ചില്ല എന്ന തെറ്റിന് അത് മാത്രം പറഞ്ഞാല്‍ പോരേ? അതിനപ്പുറത്തേക്ക് എന്നെ ഒരു മോശപ്പെട്ട ആളായി ചിത്രീകരിക്കുന്നതിന്റെ ആവശ്യം എന്താണ്? ഒരു മതേതര സമൂഹത്തില്‍ പ്രത്യേകിച്ചും ഇന്നത്തെ അപകടകരമായ ഒരു സാഹചര്യത്തില്‍ രാജ്യം നില്‍ക്കുമ്പോള്‍ ഉണ്ണി ആറിനെ പോലെ ഒരു എഴുത്തുകാരന്‍ എന്നെ ഇത്തരത്തില്‍ അവഹേളിക്കാന്‍ പാടില്ലായിരുന്നു. ഭയങ്കര വിഷമമുണ്ട്. മുസ്ലിങ്ങളെ വളരെ മോശമായി ചിത്രീകരിച്ചുവെന്നൊക്കെ പറഞ്ഞാല്‍ ആളുകള്‍ തെറ്റിദ്ധരിക്കില്ലേ? പൊതുവെ ഭീഷണികളുടെ നടുവിലാണ് ഞാന്‍ ജീവിക്കുന്നത്. അപ്പോള്‍ പ്രമുഖനായ ഒരാള്‍ കൂടി ഇങ്ങനെ പറയുമ്പോള്‍ ഞാനെങ്ങനെ ജീവിക്കും? നാടകത്തില്‍ എന്താണ് ഇസ്ലാമിക വിരുദ്ധമെന്ന് ഉണ്ണി ആര്‍ പറഞ്ഞ് തരണം എനിക്ക്. വര്‍ഗ്ഗീയവാദികള്‍ എന്നോട് മറുപടി പറയേണ്ടതില്ല. അവര്‍ അങ്ങനെയേ പറയൂ. പക്ഷെ മതേതരവാദിയായ ഒരു എഴുത്തുകാരന്‍ ഇസ്ലാമിക വിരുദ്ധമാണെന്ന് പറഞ്ഞാല്‍ അതിന് അദ്ദേഹം മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. മൊയല്യാര്‍മാരുടെ പ്രസംഗങ്ങളൊക്കെ കേള്‍ക്കുന്ന ഒരാളാണ് ഞാന്‍. ഇന്ന് ജീവിക്കുന്ന ഒരു സമൂഹത്തിന്റെ നേര്‍ക്കാഴ്ചയാണ് നാടകത്തില്‍ പറഞ്ഞത്. പ്രാകൃത ഇസ്ലാമിനെ കാണിക്കുന്നുവെന്നാണ് ഉണ്ണി പറഞ്ഞത്. എന്താണ് പ്രാകൃത ഇസ്ലാം?

എഴുത്തുകാര്‍ ജീവിക്കുന്നത് പരസ്പര ബഹുമാനത്തോടെയൊക്കെയാണ്. അവിടെ ഇത്തരമൊരു വീഴ്ച സംഭവിക്കുമ്പോള്‍ സമയവും സന്ദര്‍ഭവും നോക്കി വേണമായിരുന്നു ഇടപെടാന്‍ എന്നൊരു വിഷമമാണ് എനിക്ക് അദ്ദേഹത്തോടുള്ളത്. എന്നോട് ചോദിച്ചിട്ടില്ല, എനിക്ക് അറിയില്ല, അതൊരു സ്വതന്ത്ര ആവിഷ്‌കാരമാണ് എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നതിന് പകരം എന്റെ നാടകത്തെ, എന്റെ നിലപാടുകളെ, എന്റെ രാഷ്ട്രീയത്തെ എല്ലാം അധിക്ഷേപിക്കുകയും അവഹേളിക്കുകയുമാണ് ഉണ്ണി ആര്‍ ചെയ്തത്. അതിലൂടെ വര്‍ഗ്ഗീയവാദികള്‍ക്ക് എന്നെ എറിഞ്ഞു കൊടുക്കുകയായിരുന്നു. വാങ്ക് സിനിമയാക്കാന്‍ ഒരു പ്രൊഡക്ഷന്‍ ഹൗസുമായി കരാര്‍ ഒപ്പിട്ടിരുന്നുവെന്നും അവര്‍ നിയമനടപടിക്ക് നീങ്ങിയേക്കാമെന്നും അഭിമുഖത്തില്‍ വായിച്ചു. അതിലെനിക്ക് കുറ്റബോധമുണ്ട്. ഒരുപക്ഷേ അതുകൊണ്ടായിരിക്കും അദ്ദേഹം അനുവാദമില്ലാതെ കഥ ഉപയോഗിച്ചുവെന്ന് പറഞ്ഞത്. പക്ഷെ അതോടൊപ്പം പറഞ്ഞ മറ്റ് വാക്കുകള്‍ എന്നെ ബലിയാടാക്കുന്നവയാണ്. മറ്റ് കാര്യങ്ങളിലെല്ലാം ഞാന്‍ അദ്ദേഹത്തോടൊപ്പമാണ്. എനിക്ക് തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്നു.

നേരിട്ട് വിളിച്ചാല്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയുള്ളതിനാല്‍ സുഹൃത്തുക്കള്‍ വഴി ഉണ്ണി ആറിനോട് സംസാരിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. എഴുത്തുകാരന്‍ ഷാജികുമാര്‍ വഴി ഈ പ്രശ്‌നം പരിഹരിക്കാന്‍ നോക്കുന്നുണ്ട്. ഉണ്ണി ആര്‍ പറഞ്ഞതുപോലെ ഇതുവരെ ബന്ധപ്പെടാന്‍ പോലും ശ്രമിച്ചില്ലെന്ന് പറയുന്നത് തെറ്റാണ്.

മറ്റൊരാളുടെ കൃതി തങ്ങളുടെ താല്‍പര്യത്തിനായി വളച്ചൊടിക്കുന്നവരും ഫാസിസ്റ്റുകളും തമ്മില്‍ എന്താണ് വ്യത്യാസം? കിത്താബ് വിവാദത്തില്‍ ഉണ്ണി ആര്‍ ചോദിക്കുന്നു

‘ഹൂറന്മാരില്ലാത്ത ഞങ്ങള്‍ക്കെന്തിനാണ് സ്വര്‍ഗം?’ എന്ന് നാടകത്തില്‍ ചോദ്യം: സ്‌കൂള്‍ കലോത്സവത്തിനെതിരെ എസ്ഡിപിഐ

‘കിത്താബ്’ വിവാദ നാടകത്തിന്റെ പൂർണ രൂപം / വീഡിയോ

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍