UPDATES

കുര്യനൊക്കെ ഉണ്ടായിട്ടെന്ത് കാര്യം; ഒരു ജ്യോതി ഇല്ലായിരുന്നെങ്കില്‍ രാഹുല്‍ ഗാന്ധി ഇതിലും നാണംകെട്ടേനെ

കുര്യന്റെ പരിഭാഷ സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടു മാത്രമാണ് പിഴച്ചു പോയതെന്നു കരുതാനാകാത്ത വിധം അബദ്ധങ്ങള്‍ (?) ആണ് പത്തനംതിട്ടയില്‍ കേള്‍ക്കേണ്ടി വന്നത്

ഇന്നലത്തെ കേരള സന്ദര്‍ശനത്തില്‍ വ്യക്തമായി തന്റെ രാഷ്ട്രീ നിലപാടുകളും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവതരിപ്പിച്ചെങ്കിലും അതെല്ലാം തന്നെ കൃത്യമായി ജനങ്ങളില്‍ എത്തിക്കുന്നതില്‍ മിക്ക പരിഭാഷകരും പരാജയപ്പെടുന്ന കാഴ്ച്ചയാണ് വിവിധയിടങ്ങളില്‍ കാണാനായത്. അതേസമയം ജ്യോതി വിജയകുമാര്‍ എന്ന പരിഭാഷകയുടെ പ്രകടനം എന്നെന്നും ഓര്‍ത്തിരിക്കത്തക്ക വിധത്തിലുമായി.

പത്തനംതിട്ടയിലെ രാഹുലിന്റെ പ്രസംഗത്തിന്റെ പരിഭാഷയാണ് ഏറെ നാണക്കേടായത്. സാക്ഷാല്‍ പി ജെ കുര്യന്‍ വകയായിരുന്നു പരിഭാഷ. രാഹുല്‍ പറഞ്ഞതൊന്ന്, കുര്യന്‍ പരിഭാഷപ്പെടുത്തിയത് മറ്റൊന്ന്. കേള്‍വിക്കാര്‍ക്ക് മാത്രമല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാകെ കുര്യനോട് അമര്‍ഷം. എതിരാളികള്‍ക്കാകട്ടെ പറഞ്ഞു ചിരിക്കാനുള്ള വകയും കിട്ടി. വേദിയിലെ ലൗഡ് സ്പീക്കര്‍ എസ്പിജി ഇടപെട്ട് മാറ്റിയതുകൊണ്ട് പരിഭാഷകന് പ്രസംഗം ശരിക്കും കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നൊരു കാരണമാണ് ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ കൊണ്ടുവന്നിരിക്കുന്നത്.

പക്ഷേ, കുര്യന്റെ പരിഭാഷ സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടു മാത്രമാണ് പിഴച്ചു പോയതെന്നു കരുതാനാകാത്ത വിധം അബദ്ധങ്ങള്‍ (?) ആണ് പത്തനംതിട്ടയില്‍ കേള്‍ക്കേണ്ടി വന്നത്. ആര്‍എസ്എസ്സിനും ബിജെപിക്കുമെതിരായ പോരാട്ടത്തിലാണ് കോണ്‍ഗ്രസ് എന്നു രാഹുല്‍ പറഞ്ഞപ്പോള്‍ കുര്യനത് പരിഭാഷപ്പെടുത്തിയത് ബിജെപിക്കും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും എതിരായ പോരാട്ടത്തിലാണ് കോണ്‍ഗ്രസ് എന്നായിരുന്നു. തീര്‍ന്നില്ല, രാഹുല്‍ പറയുന്നത് വേറെ, താന്‍ സ്വന്തം നിലയില്‍ കുറച്ചു കാര്യങ്ങള്‍ പറയുകയാണെന്ന തരത്തില്‍ കുര്യന്റെ പരിഭാഷ പിന്നെയുമുണ്ടായി. സിപിഎം ഉള്‍പ്പെടെയുള്ളവരുടെ ആശയസംഹിതയെ ബഹുമാനിക്കുന്നു എന്നാണ് രാഹുല്‍ പറഞ്ഞത്, എന്നാല്‍ കുര്യനത്, സിപിഎമ്മും ബിജെപിയും ഉള്‍പ്പെടെയുള്ളവരുടെ ആശയസംഹിതയെ ബഹുമാനിക്കുന്നു എന്നാക്കി മാറ്റി. രാഹുല്‍ പറയാത്ത’ ബിജെപി’യെ കുര്യന്‍ എവിടെ നിന്നു കൊണ്ടു വന്നു എന്നു കോണ്‍ഗ്രസുകാര്‍! വര്‍ഷം 72,000 രൂപ പാവപ്പെട്ടവരുടെ അക്കൌണ്ടില്‍ വരുമെന്നു രാഹുല്‍ പറഞ്ഞപ്പോള്‍, കുര്യന്‍ ആ തുകയൊന്നു വര്‍ദ്ധിപ്പിച്ചു. 72,000 എന്നത് 72,000 കോടിയാക്കി! അഞ്ചുവര്‍ഷം കൊണ്ട് പാവപ്പെട്ട ഒരോരുത്തരുടേയും അക്കൌണ്ടില്‍ 3.6 ലക്ഷം രൂപ വരുമെന്നാണ് രാഹുല്‍ നല്‍കിയ വാഗ്ദാനം. കുര്യന്റെ സ്വന്തം നിലയ്ക്കുള്ള വാഗ്ദാനം അനുസരിച്ച് അഞ്ചു വര്‍ഷം കൊണ്ടു വരുന്ന തുക 3.6 ലക്ഷം കോടിയാണ്!

Also Read: ആർഎസ്എസ്സുമായി പോരാട്ടത്തിലാണെന്ന് രാഹുലിന്റെ ഇംഗ്ലീഷ്; മാർക്സിസ്റ്റ് പാർട്ടിയുമായി പോരാട്ടത്തിലെന്ന് കുര്യന്റെ മലയാളം

താന്‍ പറയുന്നതും കുര്യന്‍ പറയുന്നതും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നു മനസിലാക്കിയാവണം, ഓരോ വാക്കും തന്റെ പരിഭാഷകന് വീണ്ടും വീണ്ടും പറഞ്ഞുകൊടുക്കാന്‍ രാഹുല്‍ നിര്‍ബന്ധിതനായി. ഇത് പ്രസംഗത്തിന്റെ ഒഴുക്കിനെ സാരമായി ബാധിക്കുകയും ചെയ്തു. കേട്ടുകൊണ്ടിരുന്നവരാകട്ടെ തങ്ങളുടെ അസ്വസ്ഥത പ്രകടമാക്കുകയും ചെയ്തു. അവസാന ഫലം എന്തെന്നാല്‍, രാഹുല്‍ എന്തൊക്കെയാണോ കേരളത്തിലെ ജനങ്ങളോട് പറയാന്‍ ശ്രമിച്ചത്, അതില്‍ പരാജയപ്പെട്ടു! പരിഭാഷകന്‍ പരാജയപ്പെടുത്തി എന്നു പറഞ്ഞാലും തെറ്റില്ല. പത്തനംതിട്ടയിലെ ഗതികേട് ആലപ്പുഴയിലും രാഹുലിന് ഉണ്ടായി. എം. ലിജുവായിരുന്നു പരിഭാഷകന്‍. അവിടെയും താന്‍ പ്രസംഗിച്ചു കഴിഞ്ഞ്, ഓരോ വാക്കും പരിഭാഷകന് വേണ്ടി വീണ്ടും ആവര്‍ത്തിക്കേണ്ടി വന്നു രാഹുല്‍ ഗാന്ധിക്ക്.

എന്നാല്‍ കോണ്‍ഗ്രസ് പരിഭാഷകരെല്ലാം ഒരുപോലെയാണെന്നു കരുതരുത്. കോണ്‍ഗ്രസുകാരില്‍ എന്നല്ല, സംസ്ഥാനത്തെ പ്രഖ്യാപിത പരിഭാഷകരെല്ലാം ശിഷ്യത്വം സ്വീകരിക്കേണ്ടയാളാണ് ജ്യോതി വിജയകുമാര്‍. പരിഭാഷ എന്നാല്‍ എങ്ങനെയായിരിക്കണം എന്നു ജ്യോതി ഇന്നലെ പത്തനാപുരത്ത് കേള്‍പ്പിച്ചു തന്നു. രാഹുല്‍ പറഞ്ഞ വാക്കുകളുടെയും വാചകങ്ങളുടെയും അര്‍ത്ഥവും ആശയവും ഒരുതരിപോലും ചോരാതെയുള്ള പരിഭാഷ; രാഹുലിന്റെ അതേ ആവേശം. തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി വിഭാഗം അധ്യാപികയായ ജ്യോതി രാഹുലിനോളം തന്നെ കൈയടി വാങ്ങിക്കൂട്ടുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലെല്ലാം ജ്യോതിയെ പുകഴ്ത്തുകയാണ്. ജ്യോതിയുടെ മികവ് സ്വയം കേട്ടറിഞ്ഞതുകൊണ്ട് തിരുവനന്തപുരത്തും രാഹുല്‍ ജ്യോതിയുടെ സഹായമാണ് തേടിയത്. ഒരുതരി പോലും അവര്‍ നിരാശപ്പെടുത്തിയുമില്ല.

Also Read: രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്ത് താരമായ ജ്യോതി വിജയകുമാര്‍ ആരാണ്‌

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡി. വിജയകുമാറിന്റെ മകളായ ജ്യോതി, തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്നും പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. ജ്യോതിയുടെ മറ്റൊരു പ്രത്യേകത, മാര്‍ ഇവാനിയോസ് കോളേജിലെ ആദ്യ വനിത ചെയര്‍പേഴ്‌സനും ആയിരുന്നു എന്നതാണ്.

ഇതാദ്യമായിട്ടില്ല ജ്യോതി രാഹുലിന്റെ പ്രസംഗം തര്‍ജ്ജമ ചെയ്യുന്നത്. ഈ വര്‍ഷം തന്നെ രാഹുല്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളി സംഗമത്തിലും കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയത് ജ്യോതിയായിരുന്നു. സോണിയ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്താനും ജ്യോതിക്ക് അവസരം കിട്ടിയിട്ടുണ്ട്. 2016ല്‍.

എന്തായാലും ഒരു ജ്യോതി ഇല്ലായിരുന്നുവെങ്കില്‍ രാഹുലിന്റെ പ്രസംഗ പരിഭാഷയുടെ പേരില്‍ കോണ്‍ഗ്രസ് ആകെ നാണംകെട്ടുപോയേനെ. ഒരു വാചകം കൂടി; ദേശീയ നേതാക്കളുടെ പ്രസംഗം പരിഭാഷപ്പെടുത്തി അടുമുടി നാണം കെട്ടിട്ടുള്ളത് കോണ്‍ഗ്രസുകാര്‍ മാത്രമല്ല, എല്ലാ പാര്‍ട്ടിക്കാരുമുണ്ട്… ഇക്കാര്യത്തില്‍ കേരളത്തിലെ നേതാക്കളൊക്കെ കണക്കാണ്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍