UPDATES

എം ബി സന്തോഷ്

കാഴ്ചപ്പാട്

റൈറ്റ് ക്ലിക്

എം ബി സന്തോഷ്

പണി കൊടുക്കാതെ യുവാക്കളെ ‘തേച്ചൊട്ടിക്കുന്ന’ റെയില്‍വെ; എവിടെ യുവജന സംഘടനകള്‍?

സാങ്കേതിക മേഖലയിലുള്‍പ്പെടെ ഒട്ടേറെ ബിരുദധാരികള്‍ ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന രാജ്യത്ത് റെയില്‍വേ പോലെ ഏറ്റവും വലിയ തൊഴിലവസരങ്ങളുള്ള ഒരു സ്ഥാപനം യുവജനങ്ങളോട് കണ്ണില്‍ചോരയില്ലാതെ പെരുമാറുന്നത് ശരിയാണോ എന്ന് പരിശോധിക്കണം.

മറ്റ് ട്രെയിനുകളെപ്പോലെ കേരളത്തിലെ ജനശതാബ്ദി എക്‌സ്പ്രസുകളും നിരന്തരം വൈകിയോടുന്നു. അതിപ്പോള്‍ പുതിയ കാര്യമല്ല. ട്രെയിനുകള്‍ വൈകിയോടുന്നത് തിരുവനന്തപുരം റെയില്‍ ഡിവിഷന്‍ അധികൃതര്‍ ആടയാഭരണമായി എടുത്തണിയുകയാണല്ലോ. ട്രെയിന്‍ വൈകാതിരിക്കാന്‍ ഈ അധികൃതര്‍ കണ്ടുപിടിച്ച ‘ബുദ്ധി’യുണ്ടല്ലോ – അതൊരൊന്നൊന്നര ബുദ്ധിയായിപ്പോയി. ഓരോ ട്രെയിനും രണ്ടും മൂന്നും മണിക്കൂര്‍ വൈകിയാണല്ലോ വരുന്നത്. സ്ഥിരമായി വൈകിവരുന്ന ആ സമയം ട്രെയിനുകള്‍ എത്തിച്ചേരേണ്ട യഥാര്‍ത്ഥ സമയമായി പ്രഖ്യാപിച്ചു ഉത്തരവുമിറക്കി. അങ്ങനെ ആ ഉത്തരവനുസരിച്ചും വരേണ്ട സമയത്തും ട്രെയിനുകള്‍ എത്തുന്നില്ല. ജനശതാബ്ദിയും ‘നിശ്ചിത വൈകല്‍ സമയം’ കഴിഞ്ഞിട്ടും വൈകുന്നു. അങ്ങനെ, അതിനുത്തരവാദികള്‍ എന്ന അധികൃതര്‍ കണ്ടെത്തിയ പതിനാറുപേര്‍ സസ്‌പെന്‍ഷനിലായി.

പിന്നീടാണ് കളി പാളിയതായി അധികൃതര്‍ക്കും മനസ്സിലായത്. ഈ പതിനാറുപേരുടെ സസ്‌പെന്‍ഷന്‍ നിലനിര്‍ത്തിയാല്‍ അടുത്ത ദിവസം അവരെത്തില്ല. അവരെത്താതിരുന്നാല്‍ ട്രെയിനുകള്‍ വൈകില്ല എന്നൊരു ഗുണമുണ്ട്. പക്ഷെ, ട്രെയിനുകള്‍ പുറപ്പെടുകയുമില്ല! വൈകുന്ന സമയം യഥാര്‍ത്ഥ സമയമായി നിശ്ചയിച്ച തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേയുടെ അധികൃതരുടെ മുന്നില്‍ ട്രെയിനുകള്‍ പുറപ്പെടാതിരുന്നാല്‍ വൈകില്ല എന്ന വിവരം ആരും അറിയിച്ചുകാണില്ല. അതറിയിച്ചിരുന്നെങ്കില്‍ അത്തരമൊരു തീരുമാനമെടുക്കാനും ഈ അധികൃതര്‍ മടിക്കില്ലായിരുന്നു!

പിന്നീടെന്താണ് വഴി? അങ്ങനെ, ട്രെയിന്‍ വൈകിയതിന് ‘കാരണക്കാരായവരുടെ’ സസ്‌പെന്‍ഷന്‍ പുറത്തിറക്കി അപ്പോള്‍തന്നെ പിന്‍വലിച്ച് അധികൃതര്‍ തടിതപ്പി.

കുറേ വര്‍ഷങ്ങളായി റെയില്‍വേയില്‍ ആവശ്യത്തിന് നിയമനങ്ങളില്ല. ഉള്ളതുതന്നെ കരാര്‍ നിയമനങ്ങളാണ്. കരാര്‍ നിയമനങ്ങളുടെ കാര്യം ബഹുവിശേഷമാണ്. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആളില്ല. കരാര്‍ തൊഴിലാളി ചെയ്തത് ശരിയായില്ലെങ്കില്‍ അയാളെ പറഞ്ഞുവിടാം. സസ്‌പെന്‍ഷന്‍ നല്‍കിയാല്‍ അവര്‍ ആ കാലയളവുവരെ വരേണ്ട കാര്യമില്ല. അതോടെ ആ ജോലി ചെയ്യാന്‍ ആളില്ലാതാവും. അതുകൊണ്ട് അവരുടെ വീഴ്ചകള്‍ ചോദ്യം ചെയ്യാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാവുന്നില്ല. ഇതിനര്‍ത്ഥം, കരാര്‍ തൊഴിലാളികളെല്ലാം തൊഴിലില്‍ വീഴ്ച വരുത്തുന്നവരാണെന്നല്ല. വീഴ്ച വരുത്തി എന്ന് അധികൃതര്‍ പറഞ്ഞ് സസ്‌പെന്‍ഡ് ചെയ്തവരുടെ അവസ്ഥ ഇതാണെന്ന് ചൂണ്ടിക്കാട്ടുകയാണ്. റെയില്‍വേയ്ക്ക് ലാഭമുണ്ടാക്കാന്‍ എന്ന പേരില്‍ നടപ്പാക്കുന്ന ഇപ്പോഴത്തെ നിയമനനയം റെയില്‍വേയ്ക്കും ജനങ്ങള്‍ക്കും ഗുണകരമല്ലെന്ന് ഒരുപാട് സംഭവങ്ങളിലൂടെ തെളിഞ്ഞു കഴിഞ്ഞിരിക്കുകയാണ്.

ഇപ്പോള്‍, റെയില്‍വേയ്ക്ക് ‘ഗുണ’കരമാണെന്ന് അധികൃതര്‍ പറയുന്ന ഒരു നിയമനകാര്യം എടുക്കാം. വിരമിച്ചു കഴിയുന്നവര്‍ക്ക് രണ്ടുവര്‍ഷത്തേക്ക് വീണ്ടും നിയമനം നല്‍കുകയാണ്. തിരുവനന്തപുരം ഡിവിഷനില്‍ മാത്രം രണ്ടു മാസത്തിനുള്ളില്‍ നൂറിലേറെപ്പേര്‍ക്ക് ഇങ്ങനെ നിയമനം കിട്ടിക്കഴിഞ്ഞു. ഒടുവില്‍ കിട്ടിയ ശമ്പളത്തിന്റെ പകുതി ശമ്പളത്തിലാണ് നിയമനം. കേള്‍ക്കുമ്പോള്‍ വലിയ ലാഭമാണെന്ന് തോന്നും. എന്നാല്‍, സംഭവം അങ്ങനെയല്ല. കഴിഞ്ഞ ദിവസം വീണ്ടും നിയമനം കിട്ടിയ ഗ്രൂപ്പ് മൂന്ന് വിഭാഗത്തിലെ ഉദ്യോഗസ്ഥന് വിരമിക്കുമ്പോഴത്തെ മാസശമ്പളം അറുപതിനായിരം രൂപ. മുപ്പതിനായിരം രൂപ മാസശമ്പളത്തിലാണ് അദ്ദേഹം രണ്ടുവര്‍ഷത്തേക്ക് വീണ്ടും നിയമിതനായത്. ഇതിനുപുറമേ, പെന്‍ഷനുമുണ്ട്.

എന്നാല്‍, ഗ്രൂപ്പ് മൂന്ന് വിഭാഗത്തില്‍ നിയമതിനാവുന്ന പുതിയ ഒരാളിന് ശമ്പളം നല്‍കേണ്ടിവരുന്നത് 18,000 രൂപ മാത്രമാണ്. നിലവിലുള്ള അവസ്ഥയനുസരിച്ച് എന്തുവന്നാലും രണ്ടുവര്‍ഷത്തിനുള്ളില്‍ അയാള്‍ക്ക് മുപ്പതിനായിരം രൂപ കിട്ടില്ല. പുതിയ ചെറുപ്പക്കാരെ നിയമിക്കുമ്പോഴുള്ള ഊര്‍ജസ്വലതയും കര്‍മ്മശേഷിയും അറുപത് കഴിഞ്ഞ് പുനര്‍ നിയമിതരായവര്‍ക്ക് കിട്ടില്ലല്ലോ.

അറുപത് കഴിഞ്ഞവരുടെ കര്‍മ്മശേഷിയും അനുഭവപരിചയവും ഉപയോഗിക്കുന്നതില്‍ തെറ്റില്ല. അതിന് രണ്ടുവര്‍ഷംകൂടി സര്‍വീസ് കാലാവധി നീട്ടിയാല്‍ മതിയല്ലോ. വിരമിക്കല്‍ പ്രായം അറുപതില്‍നിന്ന് 62 ആയി ഉയര്‍ത്തണം. അവരുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ എന്നിവ അതുവരെ നല്‍കേണ്ടി വരികയുമില്ല. ഇപ്പോഴത്തെ രീതിയെക്കാള്‍ റെയില്‍വെയ്ക്കും അതാവും ലാഭം. അല്ലാതെ ഈ കള്ളക്കളികൊണ്ട് ഒരു പ്രയോജനവും റെയില്‍വേയ്ക്ക് ലഭിക്കില്ല. വിരമിക്കല്‍ പ്രായം കൂട്ടിയോ? ഇല്ല എന്ന് ഔദ്യോഗിക ഉത്തരം. അറുപത് കഴിഞ്ഞവര്‍ റെയില്‍വേയില്‍ വീണ്ടും നിയമിക്കപ്പെടുന്നുണ്ടോ എന്നും ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ടോ എന്നും ചോദിച്ചാല്‍ അധികൃതര്‍ക്ക് കണ്ണടച്ച് ഇരുട്ടാക്കുക എളുപ്പമാവില്ല.

സാങ്കേതിക മേഖലയിലുള്‍പ്പെടെ ഒട്ടേറെ ബിരുദധാരികള്‍ ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന ഇന്ത്യയെപ്പോലൊരു രാജ്യത്ത് റെയില്‍വേ പോലെ ഏറ്റവും വലിയ തൊഴിലവസരങ്ങളുള്ള ഒരു സ്ഥാപനം യുവജനങ്ങളോട് ഇങ്ങനെ കണ്ണില്‍ചോരയില്ലാതെ പെരുമാറുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. ഇക്കാര്യത്തില്‍ അവര്‍ പിന്തുടരുന്ന നയം തെറ്റാണെങ്കില്‍ അത് തിരുത്താന്‍ എം പിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഈ കള്ളക്കളി പാര്‍ലമെന്റില്‍ തുറന്നു കാട്ടിയാല്‍ റെയില്‍മന്ത്രിക്കു പോലും അതിനോട് യോജിക്കാനാവുമെന്ന് കരുതാനാവില്ല.

നമ്മുടെ യുവജന സംഘടനകള്‍ ഇവയൊന്നും കാണാതെ പോകുന്നത് അത്ഭുതകരമാണ്. ഗ്രൂപ്പുവഴക്ക്, വര്‍ഗീയചേരിതിരിവ്, സൈബര്‍ പോര്…ഇതിനൊക്കെ മത്സരിക്കുന്നതിനിടയില്‍ ഇത്തരം ‘നിസ്സാര’ കാര്യങ്ങളില്‍ സമയം ചെലവഴിക്കാന്‍ അവര്‍ ഒരുക്കമല്ലായിരിക്കും! ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ പൊതുമേഖലാ സ്ഥാപനം യുവജനങ്ങളെ ഇങ്ങനെ ‘തേച്ചൊട്ടിക്കുമ്പോള്‍’ കൈകെട്ടി ഇരിക്കുന്നതിനെയാണോ യുവജനസംഘടനാ നയം എന്നു പറയുന്നത്?

യുവമോര്‍ച്ചയെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല. കേന്ദ്ര ഭരണകക്ഷിയുടെ യുവജനസംഘടന എന്ന ‘ഭാരിച്ച’ ഉത്തരവാദിത്തമുണ്ട്. അപ്പോള്‍, കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിനെതിരെ സമരം ചെയ്യുന്നത് ശരിയല്ലല്ലോ. റെയില്‍വേ സംസ്ഥാന സര്‍ക്കാരിന്റേതാണെങ്കില്‍ സമരം ഏതൊക്കെ വഴിയില്‍ കൂടി വരുമായിരുന്നെന്നോ!

ഡി വൈ എഫ് ഐ ഇന്ത്യയിലെയോ ഏഷ്യയിലെയോ ഏറ്റവും വലിയ സംഘടന എന്നൊക്കെ പറയും. പണ്ട് യുവജനങ്ങളുടെ സമര സംഘടന എന്ന മേല്‍വിലാസം ഉണ്ടായിരുന്നു എന്നത് ശരിതന്നെയാണ്. കേന്ദ്രസര്‍ക്കാരിനെതിരെ ആണല്ലോ ഫലത്തില്‍, റെയില്‍വേയ്‌ക്കെതിരെ സമരം ചെയ്യേണ്ടത്. അതുകൊണ്ട് ചാടി വീഴേണ്ടതായിരുന്നു. കേരള സര്‍ക്കാരിനെതിരെ സമരം ചെയ്യാനേ വിലക്കുള്ളൂ. പിന്നെ, സംസ്ഥാന പ്രസിഡന്റിന്റെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലാ അദ്ധ്യാപക റാങ്ക് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തെത്തിക്കാനും ഒന്നാം റാങ്കുകാരിക്ക് അര്‍ഹതയുള്ള നിയമനം നല്‍കാതിരിക്കാനുമുള്ള ‘വൈരുദ്ധ്യാത്മിക ഭൗതികവാദ’ത്തിനിടയില്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ലായിരിക്കാം. മാത്രമല്ല, കേരളത്തിലും മിക്കവകുപ്പുകളിലുമിപ്പോള്‍ ഇത്തരം പരിപാടിയാണല്ലോ നടക്കുന്നത്.

യൂത്തുകോണ്‍ഗ്രസിന്റെ കാര്യം പറയാതിരിക്കുകയാണ് ഭേദം. ഭാരവാഹികളുടെ ലിസ്റ്റ് പ്രഖ്യാപിക്കുമ്പോഴാണ് ഈ സംഘടന ഇപ്പോഴുമെുണ്ടല്ലോ എന്ന് ഓര്‍മ്മ വരുന്നത്. ഷാഫി പറമ്പില്‍ അഖിലേന്ത്യാ നേതാവായിരുന്നുവെന്ന് അദ്ദേഹം രാജിവയ്ക്കും വരെ അറിയാമാിരുന്നോ? സമരരംഗത്തുനിന്നൊക്കെ സംഘടന സലാം പറഞ്ഞിട്ട് കൊല്ലങ്ങളായി. മുമ്പ് കേന്ദ്രത്തിലും കേരളത്തിലും ഭരണകക്ഷിയായിരുന്നതിനാല്‍ അന്ന് യുവജനങ്ങള്‍ക്ക് സര്‍വ്വത്ര കുശാലായിരുന്നല്ലോ. അന്ന് സമരം ചെയ്യാന്‍ മാത്രം പ്രശ്‌നങ്ങളുമില്ലായിരുന്നു. മേല് നൊന്തും വെയിലുകൊണ്ടും സമരം ചെയ്ത് ഗ്‌ളാമര്‍ കളയാന്‍ ‘അമുല്‍ യൂത്ത് കുട്ടപ്പന്‍മാര്‍’ തയ്യാറല്ല. പ്രത്യേകിച്ചും ഇവിടെ പിണറായിയാണ് ആഭ്യന്തരമന്ത്രി. പൊലീസിന്റെ അടിയില്‍ ഒരു മയവും കാണില്ല. അതുകൊണ്ട്, പണ്ടത്തെപ്പോലെ ഇപ്പോഴും യൂത്ത് കോണ്‍ഗ്രസ്സിനെ പ്രതീക്ഷിച്ചിട്ട് കാര്യമില്ല.

ശേഷിക്കുന്നവരില്‍ എ ഐ വൈ എഫ് ഉണ്ട്. സി.പി.എമ്മിനെതിരെ അയിരുന്നെങ്കില്‍ ഈ ഇത്തിരപ്പോന്ന യുവജന സംഘടന അടിച്ചുപൊളിച്ചേനെ. മറ്റാര്‍ക്കെതിരെയും സംഘടന സമരം ചെയ്യില്ല!

ആയതിനാല്‍, യുവാക്കളേ നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു ഫെയ്‌സ്ബുക്ക് ധര്‍ണയോ വാട്‌സാപ്പ് പൊതുയോഗമോ (ഹര്‍ത്താലല്ല – ഈ എഴുത്തിന്റെ പേരില്‍പോലും ജാമ്യമില്ലാതെ വകുപ്പു ചാര്‍ത്തി അകത്തിടുന്ന പൊലീസ് ഭരണത്തിന്റെ കാലമാണിത്) നടത്തി നിങ്ങള്‍ ന്യായത്തിനായി പൊരുതുക. കണ്ണിമ ചമ്മാതെ മറ്റെയാളിന്റെ നിദ്രയ്ക്ക് കാവല്‍ നില്‍ക്കുന്ന സഹജീവി സ്‌നേഹം കവിതകളിലേക്കും കഥകളിലേക്കും ഒതുങ്ങിക്കഴിഞ്ഞു, സര്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍