UPDATES

സിനിമ

യന്തിരന്‍ വിജയവും അന്‍പേശിവം പരാജയവുമായ നാട്ടില്‍ കമലും രജനിയും പറയുന്ന രാഷ്ട്രീയം; ആര് സ്വീകരിക്കപ്പെടും?

തമിഴ്‌നാടിന്റെ ഭരണം ഇനിയുമൊരു നടികന്‍ നിയന്ത്രിക്കുകയാണെങ്കില്‍ അത് രജനിയോ കമലോ?

കെ ബാലചന്ദറോട് ഒരു ചോദ്യം ചോദിക്കുകയാണ്; തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രജനിയും, കമലും; പ്രിയശിഷ്യരില്‍ ആര്‍ക്കു വോട്ട് ചെയ്യും? കൈലാസം ബാലചന്ദര്‍ എന്ന വലിയ മനുഷ്യന്‍ അതിനൊരു ഉത്തരം പറയുമെന്ന് ഉറപ്പ്. പൊടിക്ക് ദേഷ്യവും പാകത്തിന് ഹാസ്യവും, കലര്‍ത്തി ഒരു തിരുക്കുറള്‍ ശകലത്തിനൊപ്പം അദ്ദേഹം നല്‍കുന്ന ഉത്തരം രജനി/ കമല്‍ എന്നായിരിക്കില്ലെന്നു മാത്രം. കാരണം ബാലചന്ദര്‍ തന്നെ പറഞ്ഞിട്ടുള്ളതുപോലെ കമലും രജനിയും അദ്ദേഹത്തിന്റെ പ്രിയ ശിഷ്യരാണ്, രണ്ടു കണ്ണുകള്‍ പോലെ. തന്നെക്കാള്‍ ഉയരത്തില്‍ തന്റെ ശിഷ്യര്‍ എത്തിയെന്നു ഏതുവേദിയില്‍ നിന്നു പറയാന്‍ മടികാണിച്ചിട്ടില്ല, അവര്‍ ആദരവോടെ വിളിക്കുന്ന കെ ബി സാര്‍. അങ്ങനെയുള്ളപ്പോള്‍ ഒരാളെ സന്തോഷിപ്പിക്കാന്‍ മറ്റൊരാളെ വേദനിപ്പിക്കാന്‍ ആ ഗുരു തയ്യാറാകില്ല.

മേല്‍പ്പറഞ്ഞത് സാങ്കാല്‍പ്പിക സന്ദര്‍ഭമാണ്. കെ ബാലചന്ദര്‍ ഇപ്പോള്‍ നമുക്കൊപ്പമില്ല. എന്നാല്‍ ആ ചോദ്യം, അത് യാഥാര്‍ത്ഥ്യമാകാന്‍ ഏറെ സാധ്യതയുള്ളതാണ്. രജനികാന്ത്, കമല്‍ഹാസന്‍; ഇവര്‍ രണ്ടുപേരും തമിഴ് രാഷ്ട്രീയത്തിന്റെ ഭാഗമാവുകയാണ്. അവര്‍ തന്നെ സ്ഥിരീകരണങ്ങള്‍ നല്‍കുന്നു. അതുകൊണ്ടാണ് തമിഴ്‌നാടിന്റെ ഭരണം ഇനിയുമൊരു നടികന്‍ നിയന്ത്രിക്കുകയാണെങ്കില്‍ അത് രജനിയോ കമലോ എന്ന ചോദ്യവും ഉയരുന്നത്.

തമിഴില്‍ എംജിആറിനും ശിവാജിക്കും ശേഷം ഉണ്ടായ സൂപ്പര്‍ സ്റ്റാര്‍ ദ്വയങ്ങളാണ് കമല്‍ഹാസന്‍-രജനികാന്ത്. തുടക്ക കാലത്ത് ഒരുമിച്ചുള്ള സിനിമകള്‍. രണ്ടുപേരും രണ്ടു ലോകങ്ങളായി വളര്‍ന്നപ്പോള്‍ ഇനിയൊരുമിച്ചുള്ള അഭിനയം വേണ്ടെന്നു തീരുമാനം. ഇക്കാലമത്ര കഴിഞ്ഞിട്ടും പരസ്പരം ബഹുമാനിച്ചും സ്‌നേഹിച്ചും തങ്ങളുടെ ബന്ധം കൊണ്ടുപോകുന്നവര്‍. പക്ഷേ അവര്‍ക്കിടയില്‍ ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ട്. അഭിനയത്തിന്റെ കാര്യത്തിലെന്നപോലെ ഒരിക്കലും രജനിക്ക് കമലോ കമലിനു രജനിയോ ആകാന്‍ കഴിയില്ല.

ഇത്രയും നാള്‍ സിനിമയുമായി ബന്ധപ്പെട്ടായിരുന്നു കമല്‍-രജനി പേരുകള്‍ ചര്‍ച്ച ചെയ്തതും വിശകലനം ചെയതിരുന്നതുമെങ്കില്‍ ഇനിയത് രാഷ്ട്രീയത്തിലേക്ക് മാറുന്നു. സനിമയില്‍ അവര്‍ പുലര്‍ത്തിയിരുന്ന ബന്ധം രാഷ്ട്രീയത്തില്‍ തുടരുമോ? രണ്ട് പ്രത്യയശാസ്ത്രങ്ങളിലാണ് അവര്‍ നിലകൊള്ളുന്നതെന്ന് സമീപകാല സാഹചര്യങ്ങള്‍ മനസിലാക്കി തരുന്നുണ്ട്. കമല്‍ പറഞ്ഞുകൊണ്ടിരുന്നതും തുടരുന്നതുമായ രാഷ്ട്രീയമല്ല, രജനി പറഞ്ഞു തുടങ്ങിയിരിക്കുന്നത്.

"</p

ഇരുവരുടെയും രാഷ്ട്രീയത്തിലേക്ക് പോകുന്നതിനു മുമ്പ് പൊതുവായൊരു ഘടകത്തെക്കുറിച്ച് കൂടി പറയേണ്ടതുണ്ട്. സിനിമയും രാഷ്ട്രീയവും തമ്മില്‍ തമിഴ് മണ്ണിലുള്ള അഭേദ്യബന്ധത്തെ കുറിച്ച്. തമിഴ്‌നാട്ടില്‍ സിനിമയെന്നത് രാ്ഷ്ട്രീയത്തിന്റെ ഒന്നാംപകുതിയാണ്. അണ്ണായുടെ കാലംതൊട്ട് അതങ്ങനെയാണ്. എംജിആര്‍ ദ്രാവിഡ മണ്ണ് ഭരിച്ചതും കരുണാനിധി സെന്റ് ജോര്‍ജ് ഫോര്‍ട്ടിലെത്തിയും ജയലളിത തമിഴ്മക്കളുടെ അമ്മയായതുമെല്ലാം സിനിമയില്‍ നിന്നുവന്നാണ്. താരമായി നിന്നുണ്ടാക്കുന്ന പിന്തുണയുമായാണ് തേര്‍തലയ്ക്ക് ഇറങ്ങുന്നത്. ഒരു രസികന്‍ സമം ഒരു വോട്ട് എന്ന സമവാക്യത്തിന് ഇന്നും മാറ്റമുണ്ടാകുന്നില്ല.

രജനീകാന്തിന്റെ ഗതി(കേട്); മൂക്കിടിച്ചു വീണ സൂപ്പര്‍സ്റ്റാറും കുറേ വ്യാകുല ചിന്തകളും

ഈ കളിയില്‍ രജനിയേയും കമലിനേയും ഒന്നു വിലയിരുത്തിയാലോ? താരങ്ങളായ രജനിക്കും കമലിനും ആരാധക പിന്തുണയെങ്ങനെയാണ്? സംശയമില്ല, രജനിക്കു പിന്നിലാണ് ആരാധക കണ്ണക്കില്‍ കമല്‍. പുരട്ചി തലൈവര്‍ക്കു ശേഷം തലൈവരെ തന്നെയാണ് തമിഴ്‌നാട് ആരാധിക്കുന്നത്. മക്കള്‍ പട്ടം കിട്ടിയ നടന്മാര്‍ പലരുണ്ടെങ്കിലും സൂപ്പര്‍ സ്റ്റാര്‍ എന്ന് മറ്റൊരാളെ അവര്‍ വിളിക്കാറില്ല. ഇപ്പുറത്ത് കമല്‍ ഉലകനായകനാണ്. ആ യൂണിവേഴ്‌സല്‍ സ്റ്റാര്‍ പട്ടം കമലിനു നല്‍കിയത് പക്ഷേ തമിഴരല്ല, ഇന്ത്യന്‍ സിനിമയാണ്. നിങ്ങള്‍ അവരെ രണ്ടുപേരെയും അഭിനേതാക്കള്‍ എന്ന നിലയില്‍ വിലയിരുത്തി നോക്കു, കമല്‍ രജനിയെക്കാള്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന നടനാണ്. അയാള്‍ നടന്‍ മാത്രമല്ല, എഴുത്തുകാരനും സംവിധായകനും ഗായകനും കവിയുമെല്ലാമാണ്. അതുകൊണ്ട് തന്നെ അയാള്‍ സകലകലാവല്ലഭനെന്നും വിശേഷിക്കപ്പെടുന്നു. രജനിക്ക് ഇത്ര വൈവിധ്യങ്ങളില്ല. കമല്‍ ഓരോ സിനിമയിലും ഓരോ കഥാപാത്രമായി വരുന്നു. രജനി ഓരോ കഥാപാത്രത്തിലും രജനിയായി വരുന്നു. എന്നാല്‍ രസികര്‍ രജനിയെ കൊണ്ടാടുന്നു. കമലിനെ വാഴ്ത്തുന്നു. തമിഴില്‍ രജനികാന്തിന്റെ സിനിമ റിലീസ് ചെയ്യുന്ന ദിവസത്തെ തിരക്ക് പിന്നെ കാണുന്നത് അജിത് സിനിമകള്‍ക്കാണെന്നാണ് പറയുന്നത്. കമല്‍ സിനിമകള്‍ ക്രൗഡ് പുള്ളിംഗ് അല്ല. എന്നാലത് എല്ലാവരും തന്നെ കാണുന്നു. ഈ കണക്ക് രാഷ്ട്രീയത്തില്‍ കൂട്ടിയെടുക്കുകയാണെങ്കില്‍ നേട്ടമുണ്ടാക്കുക രജനിയാണ്. രജനി പറയുന്ന രാഷ്ട്രീയമല്ല, രജനി മാത്രമാണ് ആരാധകരെ(വോട്ടര്‍മാരെ) ആകര്‍ഷിക്കുന്നത്. എംജിആറും അദ്ദേഹത്തിന്റെതായ രാഷ്ട്രീയം പറഞ്ഞിരുന്നില്ല, ജയലളിത ഒട്ടും പറഞ്ഞിരുന്നില്ല. അവര്‍ മക്കള്‍ ഇദയത്തെ മറ്റു കാര്യങ്ങളാല്‍ മയക്കി നിര്‍ത്തുകയായിരുന്നു. പക്ഷേ കമല്‍ രാഷ്ട്രീയം പറയുന്നു. കമലായി നിന്നും കഥാപാത്രമായി നിന്നും.

"</p

ആരാധനയാണ് വോട്ട് ആകുന്നതെങ്കില്‍ ഈ കളിയില്‍ രജനിയെ ജയിക്കൂ. രാഷ്ട്രീയമാണെങ്കിലോ? ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ രജനി ചേരുന്നതും കമല്‍ എതിര്‍ക്കുന്നതുമായ ആ പക്ഷം അതിശക്തരാണ്. അവരുടെ തന്ത്രങ്ങള്‍ എങ്ങനെ തമിഴ് മണ്ണില്‍ വിജയിക്കുന്നൂ എന്നതിനോട് ചേര്‍ത്തേ ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയൂ. ബിജെപി രജനിയെ ഉപയോഗിച്ചു നടത്തുന്ന കളി എല്ലാ ചേരുവകളും ഉള്‍പ്പെടുത്തിയ ഒരു സിനിമപോലെയാണ്. ആളിടിച്ചു കയറും. അന്‍പേശിവം എന്ന സിനിമ തമഴില്‍ എടുത്ത് പരാജയം ഏറ്റുവാങ്ങിയ നടനാണ് കമല്‍. അയാള്‍ എല്ലാക്കാലവും രാഷ്ട്രീയം പറഞ്ഞുകൊണ്ടിരുന്നു. അയാള്‍ എതിരാളികളെ ഉണ്ടാക്കി. രജനി കാണിച്ച നയവിരുത് കമലില്‍ കണ്ടില്ല. അയാള്‍ റിബലായി നിന്നു, എതിര്‍പ്പുകള്‍ പറഞ്ഞു, നിലപാടുകള്‍ നിലനിര്‍ത്തി. ഇങ്ങനെയുള്ള കമലിന് രാഷ്ട്രീയത്തില്‍ അന്ധമായ ആരാധക പിന്തുണയുണ്ടാകില്ല. എല്ലാത്തിലുമുപരി കമല്‍ ഒരു രാഷ്ട്രീയതന്ത്രത്തിന്റെ തിരക്കഥയനുസരിക്കുന്നില്ല.

‘കാവിയല്ല എന്റെ നിറം’; അത്രമേല്‍ പ്രഹരശേഷിയുണ്ട് ഈ വാക്കുകള്‍ക്ക്

ഒന്നുകൂടി പറയാം, രജനികാന്ത് തമിഴ്‌നാട് ഭരിക്കാന്‍ തയ്യാറാവുകയാണ്. കമലിന് അങ്ങനെയൊരു ലക്ഷ്യം ഇപ്പോള്‍ ഇല്ലെന്നു പറയാം. പകരം അയാളൊരു എതിര്‍ശബ്ദമായി ആ രാഷ്ട്രീയഭൂമിയില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. അതിനൊപ്പം ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നു. പ്രദേശികമായല്ല അയാളുടെ ചിന്തകള്‍ പോകുന്നത്. കേരളത്തില്‍ വന്നു ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ കാണുന്നതും ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ ചെന്നൈയില്‍ വന്നു കമലിനെ കാണുന്നതുമെല്ലാം കമല്‍ഹാസന്‍ എന്ന ദ്രാവിഡ രാഷ്ട്രീയക്കാരനെക്കാള്‍ ഒരു ദേശീയ രാഷ്ട്രീയക്കാരനാണ് അയാളില്‍ ഉണ്ടായി വരുന്നതെന്ന് കാണിക്കാനാണ്.

മലയാളിയുടെ ബൗദ്ധിക പോഴത്തങ്ങളും തമിഴരുടെ വൈകാരികാഘാതങ്ങളും

രാഷ്ട്രീത്തില്‍ സിനിമയ്ക്കുള്ളതുപോലെ ക്ലൈമാക്‌സ് ഉണ്ടാകുമോ എന്നറിയില്ല. എന്നാല്‍ നിലവിലെ തമിഴ് രാഷ്ട്രീയ സാഹചര്യങ്ങളുടെ ഒരവസാനം രജനികാന്ത് എന്ന മുഖ്യമന്ത്രിയേയും കമല്‍ ഹാസന്‍ എന്ന ദേശീയ പ്രതിപക്ഷശബ്ദത്തേയും തന്നെയാകും കാണാനാവുക…(ട്വിസ്റ്റുകള്‍ ബാധകം)

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍