UPDATES

ട്രെന്‍ഡിങ്ങ്

സിനിമാക്കഥയിലെ പെണ്ണല്ല യഥാര്‍ത്ഥ പെണ്ണ്; ക്വട്ടേഷന്‍ നായകന്മാര്‍ അതു മനസിലാക്കി കാണുമോ എന്തോ?

നായകന്റെ വ്യത്യസ്ത ക്ലോസ് അപ്പുകള്‍ എടുക്കുമ്പോള്‍ നായികയുടെ ഇടുപ്പഴകും മാറിടവലിപ്പവും പതിയാനാണ് കാമറ സൂം ചെയ്യുന്നത്. ഒരേസമയം ചാരിത്ര്യവത്കരിച്ചും ചരക്കുവത്കരിച്ചും ആണ്‍സിനിമകള്‍ പെണ്ണിനെ ഉപദ്രവിച്ചുകൊണ്ടേയിരുന്നു.

“ഒരു കുടുംബത്തിനുള്ളില്‍ നടന്ന പ്രശ്‌നങ്ങള്‍ നാലു ചുമരുകള്‍ക്കു പുറത്തു പോകാതെ നോക്കാന്‍ കഴിയാഞ്ഞതാണ് എല്ലാത്തിനും കാരണം”; നടി ആക്രമിക്കപ്പെട്ട കേസിനെക്കുറിച്ച് മലയാളത്തിലെ ഒരു യുവനടി പ്രതികരിച്ച രീതിയായിരുന്നു ഇത്. ആ യുവനടി പറഞ്ഞതില്‍ അര്‍ദ്ധസത്യമുണ്ട്. 2017 ഫെബ്രുവരി 17ന് രാത്രി കൊച്ചിയില്‍ നടന്ന ക്രൂരതയ്ക്ക് പിന്നില്‍ ചില കുടുംബപ്രശ്‌നങ്ങള്‍ തന്നെയായിരുന്നു. അതിന്റെ തുടക്കവും തുടര്‍ച്ചയും എങ്ങനെയെന്നത് കുറച്ചൊക്കെ എല്ലാവര്‍ക്കും അറിയാം. പ്രസ്തുത കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളുടെ കുടുംബത്തില്‍ നടന്ന അശുഭകരമായ പ്രവര്‍ത്തികള്‍ക്ക് നേര്‍ ഇരയാകേണ്ടി വന്ന ഒരു സ്ത്രീ, തനിക്ക് നേരിടേണ്ടി വന്നുകൊണ്ടിരുന്ന അപമാനങ്ങള്‍ക്കെതിരേ പ്രതികരിച്ച് പുറത്തു വന്നതാണ് മറ്റൊരു സ്ത്രീക്ക് വിനയായി തീര്‍ന്നതെന്നു കുറ്റപ്പെടുത്തുന്നവരെ അടിമകളെന്നല്ലാതെ എന്തു വിളിക്കാന്‍. സ്ത്രീയുടെ മേലുള്ള നിയന്ത്രണമല്ല വീട്. ചുമരുകള്‍ തകര്‍ക്കേണ്ടി വരുന്നിടത്ത് അതു ചെയ്യാന്‍ തയ്യാറാകുന്ന സ്ത്രീകളെ അഭിനന്ദിക്കുകയാണ് വേണ്ടത്. അതിനുമുതിര്‍ന്നവരെ ശിക്ഷിക്കാന്‍ ആരെങ്കിലും ഇറങ്ങി പുറപ്പെട്ടാല്‍, അവര്‍ക്ക് മറുശിക്ഷ ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്.

മഞ്ജു വാര്യര്‍, ഹാറ്റ്സ് ഓഫ്‌; നിങ്ങള്‍ മാത്രമാണ് ആ യാഥാര്‍ത്ഥ്യം പറഞ്ഞത്

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണസംഘം പുതുക്കി സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങള്‍ വസ്തുതാപരമെങ്കില്‍ മലയാളി സമൂഹം കണ്ടതില്‍ വച്ച് ഏറ്റവും ഹീനമായൊരു കൃത്യമാണ് നടന്നിരിക്കുന്നത്. ഇതിനു ചുക്കാന്‍ പിടിച്ച വ്യക്തി, ഒരു സ്ത്രീയോടുള്ള തന്റെ വൈരാഗ്യം തീര്‍ത്ത രീതി അയാളിലെ മൃഗവാസനയുടെ തെളിവാണ്. ശത്രു ഒരു സത്രീയായതുകൊണ്ട്, അവളുടെ സാഹചര്യങ്ങള്‍ മുതലെടുത്തു കൗശലപൂര്‍വം നടപ്പാക്കാം എന്നു കരുതിയ ആ ക്രൂരത, പിടിക്കപ്പെട്ടതിനു നിമിത്തമായതു മറ്റൊരു സ്ത്രീയാണെന്നതും യാദൃശ്ചികം. അഭിമാനം എന്നത് ഒരു പെണ്ണിന്റെ ദൗര്‍ബല്യമല്ല എന്നത് ഒരിക്കല്‍ തിരിച്ചറിഞ്ഞ വ്യക്തിയായിട്ടും വീണ്ടും പെണ്ണിന്റെ ‘മാന’ത്തിനു ക്വട്ടേഷന്‍ നല്‍കാന്‍ അയാളിലുണ്ടായ ആവേശം ബുദ്ധിമാനായ നടന്‍ എന്ന ഇമേജിനെ തന്നെ തകര്‍ക്കുന്നതാണ്. ഒന്നുകില്‍ അയാള്‍ സിനിമ എന്ന ലോകത്തില്‍ മാത്രം ജീവിക്കുകയും അവിടെ നടക്കുന്നതു മാത്രം വിശ്വസിക്കുകയും ചെയ്യുന്നയാളാണ്. കാരണം ‘മാനം’ പോകുമെന്ന് പേടിച്ച് വാപൊത്തിയിരിക്കുന്ന പെണ്ണിന്റെയല്ല, തന്നെ ഉപദ്രവിച്ചവനെ പിടികൂടി നിയമത്തെ ഏല്‍പ്പിക്കുന്ന ധൈര്യവും ആത്മവിശ്വാസവും ഉള്ള സ്ത്രീകളുടെ കഥകളാണ് ഇന്നേറെ. ഒരു കൂട്ടബലാത്സംഗത്തിന്റെയും നഗ്നമായ ഉടലിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തി അതുപയോഗിച്ച് ഭീഷണിപ്പെടുത്തിയാല്‍ തന്റെ കാലിങ്കല്‍ വന്ന് അടിമ കിടക്കുമെന്ന് കരുതിയിടത്ത് അയാള്‍ക്ക് പിഴച്ചു.

പഴയകാല മലയാള നടി ഒരു ദിവസം അന്നത്തെ പ്രശസ്തമായൊരു സിനിമ വാരികയുടെ പത്രാധിപരെ കാണുമ്പോള്‍ കരഞ്ഞുകൊണ്ട് പറഞ്ഞത്, ‘ഒരു ദിവസം മൂന്നും നാലുപേരും, സഹിക്കാന്‍ കഴിയുന്നില്ല’ എന്നായിരുന്നു. പക്ഷേ ഇത്തരം പരാതികള്‍ സ്വകാര്യദഃഖങ്ങളായി മാത്രം പറയാന്‍ കഴിയുമായിരുന്ന സാഹചര്യത്തില്‍ പ്രസ്തുത നടി എല്ലാ സഹനങ്ങള്‍ക്കുമപ്പുറം മരണത്തില്‍ രക്ഷനേടി. അത്തരത്തില്‍ എത്രപേര്‍. മരിക്കാന്‍ പേടിയുള്ളവര്‍, എങ്ങോട്ടൊക്കെയോ മറഞ്ഞുപോയി, അതിനു കഴിയാതിരുന്നവര്‍ സഹിക്കാന്‍ പഠിച്ചു, ചിലര്‍ ആസ്വദിക്കാനും. പക്ഷേ എല്ലാത്തിനും പിന്നില്‍ പെണ്ണ് അനുഭവിക്കേണ്ട ‘ബാധ്യത’ എന്നൊന്നുണ്ടായിരുന്നു.

മഞ്ജുവാര്യര്‍ മികച്ച നടിയായതുകൊണ്ടല്ല ആദരിക്കപ്പെടുന്നത്; തന്റേടം കണ്ടെത്തിയതുകൊണ്ടാണ്

കാലത്തിന്റെ റീലുകള്‍ മാറിമാറിയോടുമ്പോഴും സിനിമയിലെ പെണ്ണ് ഈ ബാധ്യത ചുമന്നുകൊണ്ടേയിരുന്നു. അരക്കെട്ടും മാറിടവും മാത്രമായി പെണ്ണിനെ സിനിമയിലും സിനിമാലോകവും ഇന്നും കാണുകയാണ്. പെണ്ണിന്റെ മാനത്തിന് വിലയിട്ടു കൊടുക്കുന്നതില്‍ സിനിമകള്‍ക്ക് വലിയ റോളുണ്ട്. നമ്മുടെ സൂപ്പര്‍ മെഗാനായകന്മാര്‍ വരെ ഘോരഘോരം പ്രസംഗിക്കുന്നത് പെണ്ണിന്റെ മാനത്തെ കുറിച്ചാണ്, അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്, പെണ്ണ് വെറും പെണ്ണാണെന്നും പിള്ളേരെ പെറേണ്ടവള്‍ മാത്രമാണെന്നുമാണ്. നെറ്റിയില്‍ തൊടുന്ന സിന്ദൂരപ്പൊട്ടിന്റെ ഉറപ്പേയുള്ളൂ, പെണ്ണിന്റെ ചാരിരിത്ര്യത്തിനെന്നും, (ചാരിത്ര്യം എന്ന വാക്കു തന്നെ സമൂഹത്തില്‍ ഊട്ടിയുറപ്പിക്കുന്നതില്‍ സിനിമകള്‍ക്ക് വലിയ സ്ഥാനമുണ്ട്) അതു പടര്‍ന്നു പോകാതിരിക്കാനും അടങ്ങിയൊതുങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകതകള്‍ എന്താണെന്നും സിനിമകള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. അതിനൊപ്പം തന്നെ ലോകത്തിന് ആസ്വദിക്കാനും ഉപയോഗിക്കാനും സുഖം നേടാനുമൊക്കെയുള്ള ചരക്കുമാണ് പെണ്ണ് എന്നും സിനിമ പറയുന്നു. നായകന്റെ വ്യത്യസ്ത ക്ലോസ് അപ്പുകള്‍ എടുക്കുമ്പോള്‍ നായികയുടെ ഇടുപ്പഴകും മാറിടവലിപ്പവും പതിയാനാണ് കാമറ സൂം ചെയ്യുന്നത്. ഒരേസമയം ചാരിത്ര്യവത്കരിച്ചും ചരക്കുവത്കരിച്ചും ആണ്‍സിനിമകള്‍ പെണ്ണിനെ ഉപദ്രവിച്ചുകൊണ്ടേയിരുന്നു.

മിയ, മമ്ത, ലക്ഷ്മി പ്രിയ; നിങ്ങളുടെ വാക്കുകള്‍ സിനിമയിലേക്ക് ഇനി വരുന്ന തലമുറയോട് ചെയ്യുന്ന അപരാധം

സിനിമയിലെ നായകന്മാരും പെണ്ണിനെ കുറിച്ച് ഇതേ വിശ്വാസങ്ങളാണു പുലര്‍ത്തിയിരുന്നതെന്നു നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം വായിക്കുമ്പോള്‍ മനസിലാകുന്നു. ശത്രുവിനെതിരെ തന്ത്രം മെനയുമ്പോള്‍ പെണ്ണാണെങ്കില്‍ അവളുടെ ‘മാനം’ പിച്ചിചീന്തുന്നതു തന്നെയാണ് ഏറ്റവും മികച്ച ആക്രമണം എന്ന കരുതിയതും ഭര്‍ത്താവിനെയും മകളെയും ഒഴിവാക്കി പോകുന്നവള്‍ കുടുംബത്തില്‍ പിറന്നവളെല്ലെന്നു പ്രചരിപ്പിച്ചാല്‍ വിജയിക്കുമെന്നും കരുതിയത് സിനിമകളില്‍ നിന്നു കണ്ടു പഠിച്ചതു തന്നെയാകണം. പക്ഷേ സിനിമയല്ല ജീവിതം എന്ന് ഇപ്പോഴേങ്കിലും മനസിലായിട്ടുണ്ടെന്നു കരുതുന്നു. ഒരെല്ലു കൂടുതലുള്ള സൂപ്പര്‍താരങ്ങള്‍ക്കിടയില്‍ അഭിമാനബോധമുള്ള പെണ്ണുങ്ങളും ഉണ്ടെന്നും തിരിച്ചറിയാനും കഴിഞ്ഞിരിക്കണം. പക്ഷേ ആരാധകരുടെ കുറ്റപത്രങ്ങള്‍ വായിക്കുമ്പോള്‍ തോന്നും ഒന്നും മനസിലാക്കാനും തിരിച്ചറിയാനും കഴിഞ്ഞിട്ടില്ലെന്നാണ്. പെണ്ണിനെ വെറും പെണ്ണായി തന്നെയാണ്, അങ്ങനെ കണ്ട് ആക്രമിച്ചു കീഴടക്കാനാണ് ഇപ്പോഴും ശ്രമിക്കുന്നതെന്നാണ്…

റിമ കല്ലിങ്ങല്‍, നിങ്ങളുടെ നിലപാടുകള്‍ക്ക് ഞങ്ങള്‍ കയ്യടിക്കുന്നു

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍