UPDATES

ഓഫ് ബീറ്റ്

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ഗംഭീരം; പക്ഷേ, ‘ആറ്റിൽ കളഞ്ഞാലും അളന്നേ കളയാവൂ’

പ്രളയം തകർത്തെറിഞ്ഞ കൊച്ചു കേരളത്തെ പുനർനിർമിക്കണമെങ്കിൽ എല്ലാം ഒന്നിൽ നിന്നും തുടങ്ങണമെന്ന അവസ്ഥ. എന്നുകരുതി തകർച്ചക്ക് മുൻപിൽ പകച്ചു നിന്നിട്ടു കാര്യമില്ല.

കെ എ ആന്റണി

കെ എ ആന്റണി

മലയാളി ഇന്നേവരെ ദർശിച്ചിട്ടില്ലാത്തത്ര ഇരുണ്ട ഒരു ഓണമാണ് ഇത്തവണ കടന്നുപോയത്. പൂവിളിയില്ലാത്ത, പൂവോ പൂക്കളങ്ങളോ ഇല്ലാത്ത, ആഘോഷങ്ങളോ ചമയങ്ങളോ ഇല്ലാത്ത ഒരു ഓണം. വീടുകൾക്കും മുൻപേ പാടങ്ങളും പാടവരമ്പുകളും ഒലിച്ചുപോവുകയോ വെള്ളത്തിനടിയിലാവുകയോ ചെയ്തു. തുമ്പയും തുളസിയും മുക്കുത്തിയും ചെത്തിയും ചെമ്പരത്തിയുമൊക്കെ എങ്ങോ പോയിമറഞ്ഞു. പ്രളയം തകർത്തെറിഞ്ഞ കൊച്ചു കേരളത്തെ പുനർനിർമിക്കണമെങ്കിൽ എല്ലാം ഒന്നിൽ നിന്നും തുടങ്ങണമെന്ന അവസ്ഥ. എന്നുകരുതി തകർച്ചയ്ക്ക് മുൻപിൽ പകച്ചു നിന്നിട്ടു കാര്യമില്ല. മഹാപ്രളയത്തെ എങ്ങനെ കേരളം അതിജീവിച്ചുവോ അതുപോലെ തന്നെ കേരളത്തെ പുനഃസൃഷ്ടിച്ചേ മതിയാവൂ. ഇത്തരമൊരു സാഹചര്യത്തിലാണ് കേരളത്തെ എങ്ങനെ പുനർനിർമിക്കാം എന്നതു സംബന്ധിച്ചു കേരളത്തിന്റെ മുഖ്യമന്ത്രി തന്റെ മനസ്സിലുള്ള ആശയം പങ്കുവെച്ചത്. ചാനലുകള്‍ക്ക് അനുവദിച്ച അഭിമുഖത്തിലൂടെയും തുടർന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയുമാണ് കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കു കരുത്തേകാൻ ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തോട് അഭ്യർത്ഥിച്ചത്.

“നവകേരളത്തിന്റെ സൃഷ്ടിക്കായി എല്ലാ മലയാളികളും ഒന്നിച്ചു നിൽക്കണം. സർക്കാരിന്റെ ഖജനാവിന്റെ വലിപ്പമല്ല കേരളത്തിന്റെ ശക്തി. ലോകം നൽകുന്ന പിന്തുണയാണ് കേരളത്തിന്റെ ശക്തി. ലോകത്ത് എല്ലായിടത്തുമുള്ള മലയാളികൾ ഒന്നിച്ചു നിന്നാൽ ഏതു പ്രതിസന്ധിയെയും മുറിച്ചു കടക്കാൻ കഴിയും. കേരളത്തിന്റെ പുനർനിർമ്മാണത്തിന് പണം ഒരു തടസ്സമാവില്ല. ലോകമെമ്പാടുമുള്ള മലയാളികൾ ഒരു മാസത്തെ ശമ്പളം നാടിന്റെ പുനർനിർമ്മാണത്തിന് നൽകട്ടെ. അതേക്കുറിച്ച് ചിന്തിക്കണം. എല്ലാവർക്കും ഒരു മാസത്തെ ശമ്പളം ഒന്നിച്ചു നൽകാനായി എന്നു വരില്ല. മൂന്നു ദിവസത്തെ ശമ്പളം വീതം പത്തു മാസതവണയായി നൽകാമല്ലോ. പ്രവാസി മലയാളികൾ അവരുടെ കൂടെയുള്ളവരുടെ പിന്തുണയും ലഭ്യമാക്കാൻ ശ്രമിക്കണം.”

പ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തിന്റെ പുനർനിർമാണം സംബന്ധിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ തന്റെ ഫേസ്ബുക് പേജിൽ കുറിച്ച വാക്കുകളാണിത്. കേരളത്തിൽ മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തോട് കേരളത്തിന്റെ മുഖ്യമന്ത്രി നടത്തിയ ഈ ആഹ്വാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ആഹ്വാനവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ചാനൽ സംഘടിപ്പിച്ച വിദഗ്‌ധരുടെ ചർച്ചയിലും പിണറായിയുടെ ആശയത്തോട് എല്ലാവരും യോജിക്കുന്നതാണ് കണ്ടത്. അതേസമയം ലഭിക്കുന്ന സഹായധനം എങ്ങിനെ ചെലവഴിക്കണം, നിർമാണ പ്രവർത്തനങ്ങൾ എങ്ങനെ നടപ്പാക്കണം എന്നൊക്കെയുള്ള കാര്യങ്ങളിൽ പലരും വ്യത്യസ്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയുണ്ടായി.

കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ അഭിപ്രായങ്ങളിൽ ഒന്ന് കേരളത്തിനു പുറത്തുള്ള മലയാളികളുടെ പണം മാത്രമല്ല, പുനർനിർമാണ പ്രവർത്തങ്ങളിൽ അവരുടെ സാങ്കേതിക വൈദഗ്ത്യം കൂടി ഉപയോഗപ്പെടുത്താൻ ശ്രമിക്കണം എന്ന നിർദ്ദേശമാണ്. നിർമാണ പ്രവർത്തികൾക്കായി അനുവദിക്കുന്ന തുകയിൽ ഉദ്യോഗസ്ഥർ കൈയിട്ടു വാരുന്ന പൊതുസ്വഭാവത്തെക്കുറിച്ചുള്ള ചോദ്യത്തെ ശരിവെച്ചുകൊണ്ട് എഴുത്തുകാരൻ കൂടിയായ ഐഎഎസ് ഉദ്യോഗസ്ഥൻ സി വി ആനന്ദ ബോസ് നൽകിയ ‘ആറ്റിൽ കളഞ്ഞാലും അളന്നേ കളയാവൂ’ എന്ന മറുപടിയും മുഖ്യമന്ത്രിയുടെ പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്ന നിർദ്ദേശം തന്നെ.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍