UPDATES

രേഖ രാജ് സംസാരിക്കുന്നു; ഞാനടക്കമുള്ളവര്‍ പണിയെടുത്തുണ്ടാക്കിയ ജനാധിപത്യ ഇടമാണ് അവര്‍ നശിപ്പിക്കുന്നത്; അത് പൊറുക്കാന്‍ പറ്റില്ല

പ്രതീക്ഷ നല്‍കുന്ന രാഷ്ട്രീയം പറയുകയും, ഒപ്പം രാഷ്ട്രീയം പറയുന്ന പെണ്ണിനോട് മോശമായി പെരുമാറുകയും ചെയ്യുമ്പോള്‍ ഇതിനെ എങ്ങനെ അഡ്രസ് ചെയ്യണമെന്നുള്ള രാഷ്ട്രീയഭാഷയാണ് വികസിപ്പിച്ചെടുക്കേണ്ടത്.

ദളിത്‌ ആക്ടിവിസ്റ്റും ഡോക്യുമെന്ററി സംവിധായകനുമായ രൂപേഷ് കുമാറിനെതിരെ മാധ്യമപ്രവര്‍ത്തകയായ ആരതി രഞ്ജിത് ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെയാണ് ഇക്കാര്യവും ഒപ്പം ആക്ടിവിസ്റ്റായ രജേഷ് പോളും സമാനമായ രീതിയില്‍ അതിക്രമം നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ദളിത്‌ ഫെമിനിസ്റ്റും എഴുത്തുകാരിയുമായ രേഖാ രാജ് രംഗത്തുവരുന്നത്. ഒരുപക്ഷേ, സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്കിടയില്‍ ഒതുങ്ങിപ്പോവുമായിരുന്ന ഒരു വിഷയത്തെ പൊതുസമൂഹത്തിലേക്കെത്തിക്കാനും അതുവഴി നിരവധി സ്ത്രീകള്‍ക്ക് തങ്ങളുടെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞുകൊണ്ട് രംഗത്തു വരാനും അവരുടെ ഇടപെടലുകള്‍ കൊണ്ട് കഴിഞ്ഞു. ഒപ്പം രേഖ പറഞ്ഞു വയ്ക്കുന്നത്, ലോകത്തിന് പ്രതീക്ഷ നല്‍കുന്ന ഒരു രാഷ്ട്രീയം പറയുകയും, അതുപോലെ തന്നെ രാഷ്ട്രീയം പറയുന്ന ഒരു പെണ്ണിനോട് മോശമായി പെരുമാറുകയും ചെയ്യുമ്പോള്‍ അതിനെ എങ്ങനെ അഡ്രസ് ചെയ്യണമെന്നുള്ളതിനുള്ള രാഷ്ട്രീയഭാഷ വികസിപ്പിച്ചെടുക്കേണ്ടതുണ്ട് എന്നു കൂടിയാണ്. കെ.ആര്‍ ധന്യയുമായി രേഖാ രാജ് സംസാരിക്കുന്നു.

പലപ്പോഴും ആളുകള്‍ പബ്ലിക്കിനേയും പ്രൈവറ്റിനേയും രണ്ടായി വേര്‍തിരിക്കും. അതിനെ രണ്ട് ബൈനറികള്‍ ആയാണ് ആളുകള്‍ കാണുന്നത്. പബ്ലിക്കില്‍ സ്വാതന്ത്ര്യം, വീട്ടില്‍ സ്വാതന്ത്ര്യമില്ലായ്മ എന്നൊക്കെയുള്ള തരത്തില്‍. പക്ഷെ പബ്ലിക് തന്നെ പലര്‍ക്കും പലതരത്തില്‍ പ്രോബ്ലമാറ്റിക് ആണ്. ഞാനെന്റെ തീസിസിലുമൊക്കെ പറയാന്‍ ശ്രമിച്ച ഒരു കാര്യമുണ്ട്, യഥാര്‍ഥത്തില്‍ പബ്ലിക് തന്നെ ദളിത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രോബ്ലമാറ്റിക് ആണ്. പബ്ലിക്കിലേക്ക് വരുന്നു എന്നതുകൊണ്ട് അവര്‍ക്ക് കൂടുതല്‍ പ്രവിലേജുകള്‍ ഒന്നും കിട്ടുന്നില്ല. പക്ഷെ ചില സ്ത്രീകള്‍ക്ക് പബ്ലിക്കില്‍ സ്വീകാര്യത കിട്ടുന്നുമുണ്ട്. അതുകൊണ്ട് തന്നെ പൂര്‍ണമായ പബ്ലിക് -പ്രൈവറ്റ് ബൈനറികളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ട് തന്നെ പബ്ലിക് സ്‌പേസിലേക്ക് വരുന്ന സ്ത്രീകളുടെ അനുഭവങ്ങള്‍ പലതലത്തിലും തരത്തിലുമായിരിക്കും. ഓരോ ലൊക്കേഷനില്‍ നിന്ന് വരുന്ന സ്ത്രീകള്‍ക്ക് പലതരം അനുഭവങ്ങളാവും ഉണ്ടാവുക. എല്ലാ സ്ത്രീകളും എല്ലാരീതിയിലും ഒരുപോലെ അനുഭവിച്ചു എന്ന് പറയാന്‍ പറ്റില്ല. എന്നാല്‍ ഇതിലെല്ലാം കൂടി പൊതുവായി കാണുന്ന ഒരു സംഗതി എന്നുപറയുന്നത് ലൈംഗിക ചൂഷണത്തിനുള്ള സാധ്യതകളാണ്.

അതെങ്ങനെയാണ് സംഭവിക്കുകയെന്നത്- പുറത്തേക്ക് വരുന്ന സ്ത്രീകള്‍ ഒരുപക്ഷേ വീട്ടില്‍ നിന്ന് ഇറങ്ങിവന്നവരാവും, വീട്ടിലേക്ക് തിരികെപ്പോവാന്‍ പറ്റാത്തവരോ, വീടുതന്നെ ഇല്ലാത്തവരോ, അല്ലെങ്കില്‍ വീട്ടുകാരോട് കലഹിച്ച് പുറത്തേക്ക് വന്നവരോ ഒക്കെയാവും. അങ്ങനെയുള്ള സ്ത്രീകളെ സംബന്ധിച്ചിടത്തോളം വൈകാരിക പിന്തുണയുള്ള ഇടങ്ങള്‍ കുറവായിരിക്കും. ഒറ്റക്കായിപ്പോവും പലപ്പോഴും. അവര്‍ക്ക് തൊഴില്‍ കാണില്ല, സുരക്ഷിതത്വം കാണില്ല, സാമ്പത്തിക പ്രശ്‌നങ്ങളുണ്ടാവും, വൈകാരിക പ്രശ്‌നങ്ങളുണ്ടാവും, അല്ലെങ്കില്‍ അവര്‍ തന്നെ കണ്‍ഫ്യൂസ്ഡ് ആയിരിക്കും. അങ്ങനെയൊക്കെയുള്ള അവസ്ഥയിലിരിക്കുന്ന ആളുകള്‍ക്ക് പിന്നീട് എന്താണ് സംഭവിക്കുന്നതെന്നു വച്ചാല്‍ അവര്‍ പലപ്പോഴും പുതിയ സര്‍ക്കിളുകളിലേക്കെത്തും. അവര്‍ക്ക് പലപ്പോഴും പ്രോഗ്രസീവ് സ്വഭാവം കാണിക്കുന്ന സര്‍ക്കിളുകള്‍, newly created political space-ല്‍ നില്‍ക്കുന്ന ആളുകളെ അവര്‍ക്ക് കിട്ടും. അത് പലപ്പോഴും പുരുഷന്‍മാര്‍ തന്നെയായിരിക്കും. ഇവരുടെ എല്ലാവിധ വള്‍ണറബിലിറ്റിയും അറിയാവുന്ന ഒരാള്‍ ഒരുപക്ഷേ ഈ സ്‌പേസില്‍ അവരെ ഉപയോഗിക്കും; ഉപയോഗിക്കാത്തവരുമുണ്ട്. കേരളത്തിലെ പുരുഷന്‍മാരെല്ലാം കുഴപ്പക്കാരാണെന്ന് പറയാന്‍ പറ്റില്ല. മര്യാദയോടെ പെരുമാറുന്ന, സാഹോദര്യവും സഹവര്‍ത്തിത്തവും കാണിക്കുന്ന പുരുഷന്‍മാരുണ്ട്. അത്തരത്തില്‍ ഒരു ഫോബിയ ഒന്നും കേരളത്തില്‍ ഉണ്ടാക്കേണ്ട കാര്യമില്ല. ഞാന്‍ പറയുന്നത്, അത്തരം സ്ഥലങ്ങളെ ദുരുപയോഗം ചെയ്യുന്ന ഒരു രീതിയുണ്ട് എന്നാണ്.

പ്രോഗ്രസീവ് ആശയങ്ങള്‍ ഉപയോഗിച്ചുകൊണ്ട് നിങ്ങളെ ബ്ലാക്‌മെയില്‍ ചെയ്യുന്നു എന്ന ഒരു കാര്യമുണ്ട്. ഉദാഹരണത്തിന്, നിങ്ങള്‍ എന്റെ കൂടെ കള്ളുകുടിക്കാന്‍ വരുന്നുണ്ടോ എന്ന ചോദ്യത്തിന്, വരുന്നില്ല എന്ന് പ്രോഗ്രസീവ് ആണെന്ന് സ്വയം അവകാശപ്പെടുന്ന ഒരു സ്ത്രീ പറഞ്ഞാല്‍ അവള്‍ക്ക് വേണമെങ്കില്‍ നിങ്ങള്‍ക്ക് ചെക്ക് കൊടുക്കാം. നീ പ്രോഗ്രസീവ് ആയിട്ട് എന്തുകൊണ്ടാണ് എന്റെ കൂടെ കള്ളുകുടിക്കാന്‍ വരാത്തത് എന്ന് ചോദിക്കാം. ഈ ചോദ്യം ഒരുപക്ഷേ വീട്ടിലിരിക്കുന്ന സ്ത്രീ നേരിടില്ല. മാത്രമല്ല, സ്വന്തം വീട്ടില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് യാതൊരുവിധ സ്വാതന്ത്ര്യവും അനുവദിക്കാത്തയാളായിരിക്കും ചിലപ്പോള്‍ ഇത്തരത്തിലൊരു പ്രസ്താവനയിറക്കുന്നതും ചോദ്യം ചെയ്യുന്നതും. അതിനെല്ലാമുള്ള സാധ്യതയും അവസരങ്ങളും കേരളത്തിലുണ്ട്. ഇങ്ങനെ ഏറ്റവും പുതിയ രാഷ്ട്രീയ ഭാഷയെ തങ്ങളുടെ വ്യക്തിപരമായ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന കുറേയധികം ക്രിമിനലുകള്‍ ഈയിടങ്ങളിലുണ്ട്. അവരാണ് യഥാര്‍ഥത്തില്‍ അക്രമം കാണിക്കുന്നത്.

ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന രണ്ട് പെണ്‍കുട്ടികളുടേയും അനുഭവങ്ങള്‍ തന്നെ എടുക്കാം. എന്തുകൊണ്ടാണ് ഇത് മാത്രം പറയുന്നതെന്ന് ആളുകള്‍ എന്നോട് ചോദിക്കുന്നുണ്ട്. നിങ്ങള്‍ എന്തുകൊണ്ട് മറ്റു സ്ഥലങ്ങളിലെ വയലന്‍സിനെക്കുറിച്ച് പറയാത്തത്; അല്ലെങ്കില്‍ എന്തുകൊണ്ട് രേഖ ഒരു കീഴാള പുരുഷനെക്കുറിച്ചും ലിബറല്‍ ഇടതുപക്ഷ വിമര്‍ശകനായ ആളെക്കുറിച്ചും പറഞ്ഞു? എന്തുകൊണ്ടാണ് ഇടതുപക്ഷക്കാരെക്കുറിച്ച് പറയാത്തത്? ഇങ്ങനെയൊക്കെയുള്ള നിരവധി ചോദ്യങ്ങള്‍ ഞാന്‍ നേരിട്ടു. ഞാന്‍ ഇവര്‍ ചെയ്ത കുറ്റത്തെ കൂടുതല്‍ ഗൗരവമുള്ള ക്രിമിനല്‍ കുറ്റമായി കാണുന്നത് എന്തുകൊണ്ടാണെന്ന് വച്ചാല്‍, ഞാനടക്കമുള്ള ധാരാളം മനുഷ്യര്‍ പണിയെടുത്തുണ്ടാക്കിയ ഒരു ജനാധിപത്യ ഇടത്തെയാണ് അവര്‍ നശിപ്പിച്ചുകളയുന്നത്. അതിനുമേലുള്ള മനുഷ്യരുടെ പ്രത്യാശയിലാണ് അവര്‍ പ്രശ്‌നമുണ്ടാക്കിയത്. അതിനവര്‍ ഇളക്കം തട്ടിച്ചു. പണിയെടുത്തുണ്ടാക്കിയ സ്ഥലമായതിനാല്‍ ഞാനടക്കമുള്ളവര്‍ക്ക് അത് സംസാരിക്കേണ്ട ഉത്തരവാദിത്തമുണ്ട്. അവിടെ നിന്നുകൊണ്ട്, അതേ ഭാഷ ഇരകളെ വൈകാരിക ചൂഷണം ചെയ്യാന്‍ ഉപയോഗിച്ചു എന്നതാണ് ഞാന്‍ ക്രിമിനല്‍ കുറ്റമായി കാണുന്നത്. അത് പൊറുക്കാന്‍ പറ്റില്ല. അതുകൊണ്ടാണ് ഞാന്‍ ഇതിന്റെ കൂടെ നിന്നത്.

ഞാനിതില്‍ പ്രശ്‌നമായി കാണുന്നത് ഒരു ഫെമിനിസ്റ്റ് സ്‌പേസിന്റെ അഭാവമാണ്. ഒരു ഫെമിനിസ്റ്റ് സ്‌പേസ് ഉണ്ടെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ല. വൈകാരിക, രാഷ്ട്രീയ പിന്തുണ കൊടുക്കാന്‍ കഴിയുന്ന തരത്തില്‍ ശക്തിയുള്ള ഒരു സ്‌പേസ് ഇവിടെയില്ല. എന്റെയൊക്കെ കൗമാരകാലത്തും അഞ്ചോ എട്ടോ വര്‍ഷം മുമ്പ് വരെ പോലും ചുരുങ്ങിയ അളവിലെങ്കിലും ഫെമിനിസ്റ്റ് സൗഹൃദങ്ങളും കൂട്ടുകാരുമൊക്കെയുണ്ടായിരുന്നു. വ്യക്തിപരമായ വിഷമങ്ങള്‍ വരുമ്പോഴും പലപ്പോഴും അങ്ങോട്ടുമിങ്ങോട്ടും പറയാനും പങ്കുവയ്ക്കാനുമൊക്കെ ഞങ്ങള്‍ക്ക് പറ്റിയിട്ടുണ്ട്. ആ സ്‌പേസ് വളരെ ദുര്‍ബലമായിരുന്നു എങ്കിലും അതിന് സാധിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോഴത്തെ കുട്ടികള്‍ക്ക് അങ്ങനെയൊരു സ്‌പേസ് ഇല്ല എന്ന് ഞാന്‍ പറയില്ല, ഉണ്ടാവുമായിരിക്കും. പക്ഷെ അതിലേക്കുള്ള ആക്‌സസ് കുറയുന്നതുകൊണ്ടായിരിക്കും അല്ലെങ്കില്‍ അതിനെക്കുറിച്ചുള്ള അറിവുകള്‍ ഇല്ലാതാവുന്നതായിരിക്കും. അത്തരം സ്‌പേസുകള്‍ സ്റ്റാഗ്നന്റ് ആണ്. സ്റ്റാഗ്നന്റ് ആവുന്നത് ഫെമിനിസ്റ്റുകളുടെ കുഴപ്പംകൊണ്ടല്ല. മറിച്ച് ഫെമിനിസ്റ്റ് രാഷ്ട്രീയത്തില്‍ തന്നെ പുതിയതരം ധാരകള്‍ ഉടലെടുക്കുകയും അതിനകത്ത് തന്നെ പുതിയതരം തിയററ്റിക്കല്‍ വെല്ലുവിളികള്‍ വരുകയുമൊക്കെ ചെയ്തതിന്റെ സ്റ്റാഗ്നന്‍സിയാണ് ഇപ്പോള്‍ കാണുന്നത്. ദളിത് രാഷ്ട്രീയം, വിമതലൈംഗിക രാഷ്ടീയം, ഇസ്ലാമിസ്റ്റ് ഫെമിനിസം അങ്ങനെ പലതരത്തിലുള്ള വാദഗതികള്‍ അതിനകത്ത് വരുന്നുണ്ട്. ഇതെല്ലാം വരുന്ന, ഇത്തരത്തിലുള്ള ഡയലോഗുകളെയെല്ലാം സ്വീകരിച്ചുകൊണ്ട് ഇന്‍ക്ലൂസീവ് ആയിട്ടുള്ള, ഇന്റര്‍ സെക്ഷണല്‍ ആയ ഒരു ഡയലോഗ് കൊണ്ടുവരുന്നത് സംബന്ധിച്ച ആശങ്കയില്‍ നിന്നുള്ള സ്റ്റാഗ്നന്‍സിയാണത്. അത്തരം ഡയലോഗുകളെ എങ്ങനെ അഭിസംബോധന ചെയ്യണം എന്നത് സംബന്ധിച്ച തിയററ്റിക്കല്‍ ആശങ്കയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാനതിനെ പോസിറ്റീവ് ആയിട്ടാണ് കാണുന്നത്. ആ ഒരു സ്റ്റാഗ്നന്‍സിയെ മറികടന്നുകൊണ്ട് ഇന്‍ക്ലൂസീവ് ആയ, ഇന്റര്‍ സെക്ഷണല്‍ സമീപമനമുള്ള ഫെമിനിസ്റ്റ് സ്‌പേസ് ഉണ്ടാവണം. ജാതിയെ, മതത്തെയും ലൈംഗികതയേയുമൊക്കെ മനസ്സിലാക്കുന്ന, അതിനെയല്ലാം അഅഭിസംബോധന ചെയ്യാന്‍ കഴിയുന്ന ഫെമിനിസ്റ്റ് സ്‌പേസ് ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യേണ്ടത്. അതിന് എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. അതിനുള്ള ശ്രമങ്ങള്‍ പതുക്കെ പതുക്കെ വരുന്നുണ്ട്. അതിലേക്ക് സഹായകരമായ കാര്യമാണ് കഴിഞ്ഞദിവസം നടന്നിട്ടുള്ള തുറന്നുപറച്ചിലും കാര്യങ്ങളും.

വ്യക്തികള്‍ തമ്മിലുള്ള ഒരു പ്രശ്‌നമായി ഈ തുറന്നുപറച്ചിലുകളെ ചുരുക്കിക്കാണാന്‍ കഴിയില്ല. നമ്മുടെ നാട്ടില്‍ വ്യക്തികള്‍ രൂപം കൊണ്ടിട്ടില്ല എന്നതാണ് അതിനുള്ള ഒരു കാരണം. സമുദായങ്ങളോ, ജാതികളോ ഒക്കെയായി, അതിന്റെയെല്ലാം ഭാഗമായി, അതിന്റെ എല്ലാ ബാധ്യതകളും ഭാരങ്ങളും അധികങ്ങളും പേറി നില്‍ക്കുന്ന മനുഷ്യരാണുള്ളത്. ലൈംഗികനിലയുടെയാവാം, അല്ലെങ്കില്‍ ജാതിയുടേയും മതത്തിന്റേയുമായിട്ടുള്ള പലതരം അധികങ്ങളും ഇല്ലായ്മകളും പേറുന്ന ഒരു കൂട്ടമാണ് ഓരോ വ്യക്തിയും. ഞാന്‍ ഒരു വ്യക്തിയോട് എന്റെ ലൈംഗികാഭിലാഷം അറിയിക്കുന്നു. അവര്‍ ‘നോ’പറഞ്ഞാല്‍ അത് അവിടം കൊണ്ട് തീരില്ല. കാരണം നമ്മുടെ നാട്ടില്‍ ലൈംഗികതയേയും സ്ത്രീകളുടെ ശരീരത്തേയും കുറിച്ചുള്ള ധാരണകള്‍ വളരെ ആണ്‍കോയ്മയില്‍ അടിസ്ഥാനമാക്കി നിര്‍ണയിക്കപ്പെട്ടതാണ്. അതുകൊണ്ട് സ്ത്രീക്ക് കിട്ടുന്ന ഓരോ സംഗതിക്കും, അവള്‍ക്ക് ദീര്‍ഘകാലം അതിന് വിലകൊടുക്കേണ്ടി വരും. സ്ത്രീപുരുഷ ബന്ധത്തിനകത്ത് ഒരു അധികാരമുണ്ട്. ആ അധികാരത്തെ അഭിസംബോധന ചെയ്യാതെ രണ്ട് മനുഷ്യര്‍ തമ്മിലുള്ള വിനിമയമായി നമുക്ക് അതിനെ കാണാന്‍ പറ്റില്ല. രണ്ട് വ്യക്തികള്‍ താത്പര്യമുണ്ടെന്നും താത്പര്യമില്ലെന്നും പറയുന്നത് ഒരു ആദര്‍ശാത്മക ലോകത്ത് ആശയപരമായി നില്‍ക്കുന്ന ഒരു ആശയം എന്ന നിലയില്‍ കൊള്ളാവുന്നതാണ്. പക്ഷെ ഇപ്പോഴത്തെ രണ്ട് കേസുകളിലും നമുക്ക് മനസ്സിലാവുന്നത് ചെയ്തയാളും ഇരയും തമ്മില്‍ ഒരു അധികാര ബന്ധം ഉണ്ടായിരുന്നു എന്നതാണ്.

രജീഷ്‌പോളിന്റെ കേസിലാണെങ്കില്‍, ആ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയുമൊന്നും ഇല്ലാതിരിക്കുന്ന ഒരു സമയത്ത്, അയാളുടെ വീട്ടില്‍ അയാള്‍ കൊടുത്ത ഒരു സ്‌പേസില്‍ നിന്ന ഒരു പെണ്‍കുട്ടിയെയാണ് ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത്. അതിനകത്ത് ഒരു അധികാരമുണ്ട്. അതില്‍ ഒരു പെണ്‍കുട്ടിക്ക് നോ പറയാന്‍ പോലും പറ്റില്ല. മറ്റേ കേസില്‍, നിങ്ങള്‍ക്ക് ബഹുമാനവും വിശ്വാസവുമൊക്കെ തോന്നിയിട്ടുള്ള ഒരു പൊതുപ്രവര്‍ത്തകന്റെ കൂടെയാണ് നിങ്ങള്‍ പോവുന്നത്. സാമ്പത്തികമായ സുരക്ഷിതത്വവും പോയ സ്ഥലത്തിന്റെ സുരക്ഷിതത്വവും പ്രശ്‌നമാണ്. നിങ്ങള്‍ അയാളുടെ കൂടെ താമസിക്കാന്‍ സ്വാഭാവികമായും നിര്‍ബന്ധിതയാവും. ഒരു മുറിയുടെ അടച്ചുറപ്പിന്റെ അധികാരവും ഫിസിക്കല്‍ അധികാരവും ഉണ്ടവിടെ. ആ കാര്യത്തെ രണ്ട് മനുഷ്യര്‍ തമ്മില്‍ നമുക്ക് ചായ കുടിക്കാന്‍ പോവാം എന്ന് ചോദിക്കുന്നത് പോലെയോ പറയുന്നത് പോലെയോ അത്ര നിസ്സാരമായി കാണാന്‍ കഴിയില്ല. അത് കാര്യങ്ങളെ ലളിതവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. അതിക്രമവാഞ്ജ നോര്‍മലൈസ് ചെയ്യാനുമാണ് അത്തരം വാദങ്ങള്‍ സഹായിക്കുക. രണ്ട് മനുഷ്യര്‍ തുല്യ രീതിയില്‍ ഇടപെടുന്ന ഒരു ആശയസമൂഹം തന്നെയാണ് എനിക്കിഷ്ടം. പക്ഷെ അതിലേക്ക് നടന്നെത്താന്‍ ഒരുപാട് സമയമെടുക്കും. കാരണം അത്രമാത്രം സങ്കീര്‍ണമാണ് നമ്മുടെ സാമൂഹ്യബന്ധങ്ങളും വ്യക്തിബന്ധങ്ങളും.

ഇത്തരം ആരോപണങ്ങള്‍ അതുവരെ ഇടപെട്ട രാഷ്ട്രീയത്തെ ഇല്ലാതാക്കുന്നു എന്നെല്ലാം പറയുന്നവരുണ്ട്‌; നിങ്ങള്‍ക്ക്, പറയുന്ന രാഷ്ട്രീയത്തിന് ശക്തിയില്ല എന്നു തോന്നുന്നത് കൊണ്ടാണ് അങ്ങനെ പറയാന്‍ തോന്നുന്നത്. ഞാനെന്റെ രാഷ്ട്രീയം പറഞ്ഞുതുടങ്ങുമ്പോള്‍ പൊതുസമ്മതിയുള്ളതോ, എന്റെ സമുദായത്തിന് സമ്മതിയുള്ളതോ ആയിരുന്നില്ല അത്. ഞാന്‍ എന്റെ പതിനേഴാമത്തെ വയസ്സില്‍ ഫെമിനിസത്തെക്കുറിച്ച് പറയുമ്പോള്‍, ജാതിയെക്കുറിച്ച് പറമ്പോള്‍, ദളിത് ഫെമിനിസത്തെക്കുറിച്ച് പറയുമ്പോള്‍ ഒരു കയ്യടിയും പൂച്ചെണ്ടും കിട്ടിയിട്ടില്ല. മറിച്ച്, രേഖയിപ്പോള്‍ പറയുന്നത് ഒരു മൂവ്‌മെന്റിനെ തകര്‍ക്കാനാണെന്നും, അനാവശ്യകാര്യങ്ങള്‍ കുത്തിത്തിരുകുകയാണെന്നും, പ്രിവിലേജ് കൊണ്ടാണ് പറയുന്നതെന്നും, അല്ലെങ്കില്‍ ഫെമിനിസ്റ്റ് പ്രശ്‌നമെന്ന് പറയുന്നത് കേരളത്തിന്റെ സവര്‍ണസമുദായത്തില്‍ മാത്രമാണെന്നുള്ളതുമൊക്കെയുള്ള കാര്യങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. എന്നാലും ഞാന്‍ പറയാതിരുന്നിട്ടില്ല. നിങ്ങള്‍ പറയുന്ന രാഷ്ട്രീയത്തില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ ഈ പറഞ്ഞ കാര്യങ്ങളെക്കുറിച്ചൊന്നും ഓര്‍ത്ത് വിഷമിക്കേണ്ട കാര്യമില്ല. നിങ്ങള്‍ പറയുന്ന രാഷ്ട്രീയത്തിന് കഴമ്പുണ്ടെങ്കില്‍ അത് നിലനില്‍ക്കുകയും ചെയ്യും.

മറ്റൊന്ന്, ഒരാള്‍ ഒരു രാഷ്ട്രീയവിമര്‍ശനമുന്നയിക്കുകയും അയാള്‍ ക്രമിനലായിരിക്കുകയും ചെയ്യുമ്പോള്‍ അയാള്‍ ഉന്നയിച്ച രാഷ്ട്രീയവിമര്‍ശനം ഇല്ലാതാവുന്നില്ല. അതിനെ രണ്ടായി തന്നെ കാണണമെന്നാണ് എന്റെ അഭിപ്രായം. പക്ഷെ ആ ഇടം ഉപയോഗിച്ച് അയാള്‍ പിന്നീട് നിങ്ങളുടെ മുകളില്‍ ലൈംഗികാതിക്രമം നടത്തിയാല്‍ അയാള്‍ക്ക് അതിനുള്ള മറുപടിയും നല്‍കണം. ലോകത്തിന് പ്രതീക്ഷ നല്‍കുന്ന ഒരു രാഷ്ട്രീയം പറയുകയും, അതുപോലെ തന്നെ രാഷ്ട്രീയം പറയുന്ന ഒരു പെണ്ണിനോട് മോശമായി പെരുമാറുകയും ചെയ്യുമ്പോള്‍ ഇതിനെ എങ്ങനെ അഡ്രസ് ചെയ്യണമെന്നുള്ളതിന് രാഷ്ട്രീയഭാഷയാണ് വികസിപ്പിച്ചെടുക്കേണ്ടത്. കീഴാള അധികാരത്തെക്കുറിച്ച്, കീഴാള ആണത്തങ്ങളെക്കുറിച്ച്, കീഴാള സ്ത്രീത്വങ്ങളെക്കുറിച്ച്, അല്ലെങ്കില്‍ ഇടത് ലിബറല്‍ ഇടത്തെക്കുറിച്ചെല്ലാം പറയാന്‍ കൂടുതല്‍ സമഗ്രമായ, സൂക്ഷ്മമായ രാഷ്ട്രീയഭാഷ ഉണ്ടാക്കിയെടുക്കുക എന്നതാണ്. അത് കൂട്ടായ്മയിലൂടെ സാധ്യമാവും എന്നാണ് ഞാന്‍ കരുതുന്നത്.

എല്ലാത്തിലുമുപരി ഇതെല്ലാം ഒരു സംവാദമാണ്. വളരെ മെച്ചപ്പെട്ട രീതിയില്‍ സംവാദത്തെ ഉണ്ടാക്കിയെടുക്കുക എന്ന ചുമതല നമുക്ക് ഓരോരുത്തര്‍ക്കും ഉള്ളതാണ്. പൊതുരാഷ്ട്രീയത്തില്‍ നില്‍ക്കുന്ന രണ്ട് മനുഷ്യര്‍ ക്രിമിനല്‍ കുറ്റം ചെയ്തു എന്നതുകൊണ്ട് ഇല്ലാതാവുന്നതല്ല രാഷ്ട്രീയത്തിന്റെ ഉള്ളടക്കം. ആ രാഷ്ട്രീയത്തിന്റെ കൂടി ഉത്തരവാദിത്തമാണ് അതിനെ മുന്നോട്ട് കൊണ്ടുപോവുക എന്നത്. ആരേയും ആശ്രയിച്ച് ഒരു രാഷ്ട്രീയത്തിന് മുന്നോട്ട് പോവാന്‍ കഴിയില്ല. രണ്ട് വ്യക്തികള്‍ രാഷ്ട്രീയത്തില്‍ ഒന്നും നിര്‍ണയിക്കുന്നില്ല. അതുകൊണ്ട് അവര്‍ ഇതേ വരെ ചെയ്ത പ്രവര്‍ത്തനങ്ങളും റദ്ദാക്കപ്പെടുന്നില്ല. പക്ഷെ പ്രവര്‍ത്തനം മോശം കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെങ്കില്‍ അവര്‍ നിയമപരമായ നടപടികള്‍ നേരിടേണ്ട മനുഷ്യരാണ്. സാമൂഹികമായി ചോദ്യം ചെയ്യപ്പെടേണ്ടവരാണ്. അതില്‍ സംശയമില്ല. നിങ്ങള്‍ ധാര്‍മ്മികമായി ചോദ്യം ചെയ്യപ്പെടുന്നതും ആള്‍ക്കൂട്ട വയലന്‍സ് നടത്തുന്നതും രണ്ട് കാര്യമാണ്. സ്റ്റേറ്റോ, ആള്‍ക്കൂട്ടമോ ആര്‍ക്കെങ്കിലുമെതിരെ വിധി പറയുന്നതോ അവരെ ഉപദ്രവിക്കുന്നതിനോടോ എനിക്ക് യോജിപ്പില്ല. പക്ഷെ നിങ്ങള്‍ സമൂഹത്തിന്റെ ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. സമൂഹം നിങ്ങളെ ചോദ്യം ചെയ്താല്‍ അതിന് മറുപടി പറയേണ്ടി വരും. ഒരു സാമൂഹ്യസദാചാരത്തിന്റെ ഭാഗമാണ് ആ നടപടി.

ഷാഹിന കെ.കെ സംസാരിക്കുന്നു; ആ സ്ത്രീകള്‍ രാഷ്ട്രീയമാറ്റത്തിന്റെ ഏജന്റുമാരാണ്; പുരുഷന്മാര്‍ അവരെ വ്യക്തമായി കേള്‍ക്കുകയാണ് വേണ്ടത്

ആരതി രഞ്ജിത് സംസാരിക്കുന്നു: രൂപേഷ് കുമാര്‍ ഇപ്പോഴും ന്യായീകരിക്കുന്നത് ‘ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ട്, ഞാനൊരു പുരുഷനാണ്’ എന്നാണ്

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍