UPDATES

ആരാണ് പള്‍സര്‍ സുനി? ഇളമ്പകപ്പള്ളിക്കാര്‍ക്കറിയില്ല; മിണ്ടാതെ വീട്ടുകാരും

പുറത്തുള്ളവരെല്ലാം തമാശക്കഥപോലെയോ അതിശയക്കഥകള്‍ പോലെയോ സുനിയുടെ കാര്യങ്ങള്‍ പറയുമ്പോള്‍ യഥാര്‍ഥത്തില്‍ സുനിയുടെ കുപ്രസിദ്ധി മൂലം ദുരിതമനുഭവിക്കുന്നത് വീട്ടുകാരാണ്

പെരുമ്പാവൂര്‍ അകനാട് ഇളമ്പകപ്പള്ളിയിലെ നാലും കൂടിയ കവലയില്‍ നിന്ന് 500 മീറ്റര്‍ നടന്നാല്‍ നെടുവേലിക്കുടി എന്ന വീട്ടിലെത്താം. പരമാവധി ആയിരം സ്‌ക്വയര്‍ഫീറ്റിലൊതുങ്ങുന്ന ഒരു ചെറിയ വീട്. ഈ വീട് ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിചിതമാണ്. നാട്ടുകാര്‍ക്ക് കൗതുകവും. ഈ വീട്ടിലേക്ക് ഒരു നോട്ടം എറിയാതെ നാട്ടുകാരാരും ഇതുവഴി പോവാറില്ല. കാരണം ഇന്ന് മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന, ഒരു ദിവസം 10 വട്ടമെങ്കിലും മാധ്യമങ്ങളിലൂടെ പേര് കേള്‍ക്കുന്ന ഒരു പ്രതിയുടെ വീടാണിത്. പള്‍സര്‍ സുനിയുടെ.

സുനിയുടെ അമ്മയെ കാണാനായി ആഴ്ചകളോളം ഈ വീട്ടുപടിക്കല്‍ ചെന്നു. എന്നാല്‍ എല്ലായ്‌പ്പോഴും അടഞ്ഞ വാതില്‍ മാത്രമാണ് എതിരേറ്റത്. സുനിയുടെ അമ്മ ശോഭനയും സഹോദരിയും ഇപ്പോള്‍ ഇവിടെയില്ല. മാധ്യമ പ്രവര്‍ത്തകരേയും അന്വേഷണ ഉദ്യോഗസ്ഥരേയും ഭയന്ന് ബന്ധുവീടുകളില്‍ മാറിമാറി താമസമാണെന്ന് അയല്‍പ്പക്കക്കാര്‍ പറഞ്ഞറിഞ്ഞു. എന്നാലും ശ്രമം ഉപേക്ഷിച്ചില്ല. ഒടുവില്‍ സ്വാതന്ത്ര്യ ദിനത്തില്‍ രാവിലെ സുനിയുടെ അമ്മ വീട്ടിലെത്തുമെന്ന അറിവ് ലഭിച്ച് അവിടേക്കെത്തി. അവരെ കാണാന്‍ കഴിഞ്ഞു. പള്‍സര്‍ സുനിയെക്കുറിച്ച്, അവരുടെ മകന്‍ സുനിയെക്കുറിച്ച് അമ്മയില്‍ നിന്ന് അറിയാമെന്ന ആഗ്രഹത്തോടെയാണ് ചോദിച്ചത്. പക്ഷെ അവര്‍ ഒന്നും പറയാന്‍ തയ്യാറായില്ല. ദിവസവും മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തലുകള്‍ നടത്തുന്ന പള്‍സര്‍ സുനിയുടെ ‘മാഡം’ വെളിപ്പെടുത്തലിനായി കാത്തിരിക്കുന്ന മാധ്യമപ്പടയെ അവര്‍ക്ക് പേടിയാണെന്ന് പറഞ്ഞു. ‘എന്ത് പറഞ്ഞാലും വാര്‍ത്തയാവും, എന്ത് പറഞ്ഞാലും അത് പ്രശ്‌നമാവും’, ഇതൊക്കെയായിരുന്നു അവരുടെ ആശങ്കകള്‍. ശോഭനയും മകളും ഈ വീട്ടില്‍ നില്‍ക്കുന്നില്ല. ഇടക്ക് വന്ന് വീട് അടിച്ചുതൂത്തുവാരി വൃത്തിയാക്കി തിരികെ ഏതെങ്കിലും ബന്ധുവീടുകളിലേക്ക് പോവും. ഇതാണവരുടെ ജീവിതം.

മാസങ്ങള്‍ക്ക് മുമ്പ് വരെ ഇളമ്പകപ്പള്ളി ഗ്രാമം അധികമാര്‍ക്കുമറിയില്ലായിരുന്നു. ചാനല്‍ ക്യാമറകളോ മറ്റ് മാധ്യമപ്രവര്‍ത്തകരോ ഇവിടേക്ക് വന്നതായി ഗ്രാമവാസികളുടെ ഓര്‍മ്മയില്‍ പോലുമില്ല. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ഇളമ്പകപ്പിളളി നെടുവേലിക്കുടി സുനില്‍കുമാര്‍ മുഖ്യ പ്രതിയായതോടെ ഗ്രാമത്തിന്റെ ചിത്രമാകെ മാറി. സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ ഊരും വേരും തേടി ഇങ്ങോട്ട് മാധ്യമങ്ങള്‍ ഓടിയെത്തി. ഒപ്പം കേസന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരും…

"</p

കാര്യം അവന്‍ ആളൊരു തരികിടയാണെന്നറിയാം. എന്നാലും വല്ല കാലത്തും ഇവിടെ വരും. വരുന്നതോ വലിയ കാറിലും ബൈക്കിലും. ഏതോ കൊളളാവുന്നവന്റെ കൂടെ കൂടി രക്ഷപ്പെട്ടതാണെന്നാണ് ഞങ്ങള്‍ കരുതിയത്‘ അകനാടുകാരന്‍ ജോജിയുടെ വാക്കുകളാണിത്. ‘മാവേലിയെ പോലെ വല്ലപ്പോഴും വരും. ഇടയ്ക്ക് ചില കേസുകളില്‍ പെട്ടതില്‍ പിന്നെ നാട്ടുകാര്‍ക്കധികം മുഖം കൊടുക്കാറില്ല. ബൈക്കിലായാലും കാറിലായാലും മിന്നായം പോലെ പറക്കും’ ജോജി കൂട്ടിച്ചേര്‍ക്കുന്നു. സുനിയെ കുറിച്ച് കൂടുതലറിയുക എന്ന ലക്ഷ്യത്തോടെയാണ് അയാളുടെ നാട്ടിലെത്തിയത്. എന്നാല്‍ പഴകിയ വിവരങ്ങള്‍ക്കപ്പുറം അവര്‍ക്കും പുതുതായൊന്നുമില്ല പറയാന്‍. പറയുന്നവരാകട്ടെ പിന്നീടത് തങ്ങള്‍ക്ക് പുലിവാലാകുമോ എന്ന ആശങ്കയിലുമാണ്.

സുനില്‍കുമാര്‍ പള്‍സര്‍ സുനിയായത് ഇന്നും നാട്ടുകാര്‍ക്കൊരു സമസ്യയാണ്. പള്‍സര്‍ ബൈക്കുകളോടുള്ള പ്രിയമാണ് കാരണമെന്ന് ചിലര്‍, അതല്ല പള്‍സര്‍ ബൈക്കുകള്‍ തെരഞ്ഞ് പിടിച്ച് മോഷണം നടത്തിയതു കൊണ്ടാണെന്ന് മറ്റു ചിലര്‍… അതുമല്ല ആദ്യമായി പള്‍സര്‍ ബൈക്ക് വാങ്ങി നാട്ടില്‍ ചെത്തി നടന്നതു കൊണ്ടാണെന്ന് മൂന്നാമതൊരു കൂട്ടര്‍…!! ഏതായാലും ആള്‍ ക്രമിനല്‍ ആണെന്ന കാര്യത്തില്‍ നാട്ടുകാര്‍ ഏകാഭിപ്രായക്കാരാണ്. ഒപ്പം ചാനലുകളിലും പത്രങ്ങളിലും വരുന്ന വാര്‍ത്തകര്‍ അതേപടി പൊടിപ്പും തൊങ്ങലും വച്ച് അവര്‍ നമുക്ക് വിശദീകരിച്ച് തരികയും ചെയ്യും.. എന്നാല്‍ പേരോ മുഖമോ വരാന്‍ അവര്‍ക്ക് താത്പര്യവുമില്ല. ആദ്യഘട്ടത്തില്‍ ഇങ്ങനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്റ്റാറായവര്‍ക്ക് പിന്നെ പോലീസിന് മൊഴി കൊടുക്കേണ്ടി വന്നത്രേ! സംഭവിച്ചതാണോ എന്നറിയില്ല. ഏതായാലും അത്തമൊരു പേടി ഇവിടെ പലരിലുമുണ്ട്. ‘എന്റെ മോനേ അവനായി അവന്റെ പാടായി. വെറുതെയെന്തിനാ നമ്മള്‍’? സമീപവാസിയായ വൃദ്ധന്റെ ചോദ്യം.

സ്‌കൂള്‍ പഠന കാലത്ത് തന്നെ വില്ലന്‍ പട്ടം ലഭിച്ച സുനിക്ക് വീടുമായും നാടുമായും ബന്ധം വളരെ കുറവ്. എട്ടാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച സുനില്‍കുമാറിനെ അധ്യാപകരാരും തന്നെ ഓര്‍ക്കുന്നില്ല എന്നതാണ് വേറൊരു കാര്യം. വീട്ടുകാരുടെ എതിര്‍പ്പ് ശക്തമായതോടെ ഒടുവില്‍ പതിനേഴാം വയസില്‍ വീടുവിട്ടു. ഈ കറക്കത്തില്‍ എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങളിലടക്കം ഇയാള്‍ വിപുലമായ സൗഹൃദ വലയമുണ്ടാക്കി. ഈ സൗഹൃദ വലയമാണ് പിന്നീട് ക്വട്ടേഷന്‍-ഗുണ്ടാ സംഘമായി മാറിയത്. പല കേസുകളിലും ഒളിവില്‍ താമസിക്കുന്നതിനും ഇത് ഇയാള്‍ക്ക് സഹായകരമായിട്ടുണ്ട് എന്ന കഥയാണ് പോലീസില്‍ നിന്ന് ലഭിച്ചത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് ഈ ‘വി.ഐ.പി’ പ്രതിയെക്കുറിച്ച് പോലീസുകാര്‍ അന്വേഷിക്കുന്നത് പോലും. യഥാര്‍ഥത്തില്‍ പോലീസുകാര്‍ക്കും സുനി ആരാണെന്നത് ചോദ്യചിഹ്നം മാത്രമാണ്.

എറണാകുളം വൈറ്റില കേന്ദ്രീകരിച്ച് ടാക്‌സി ഡ്രൈവേഴ്‌സ് ക്ലബുണ്ടാക്കിയതോടെയാണ് സിനിമയില്‍ സുനിയുടെ ശുക്രദശ ആരംഭിക്കുന്നത്. ഉന്നതരായ ആളുകള്‍ക്കും സമ്പന്നര്‍ക്കും ഫോണില്‍ ബന്ധപ്പെട്ടാല്‍ ഡ്രൈവര്‍മാരേയും ടാക്‌സിയും നല്‍കലായിരുന്നു ക്ലബിന്റെ സേവനം. ‘കാണാന്‍ സ്മാര്‍ട്ടായതിനാല്‍ കൂട്ടത്തില്‍ സുനി തിളങ്ങി. അവര്‍ക്ക് എല്ലായിടത്തും പോവുമ്പോള്‍ കൂട്ടത്തില്‍ കൊണ്ടുനടക്കാന്‍ പറ്റിയ ഗെറ്റ്-അപ്പ് ഉള്ള ഒരുത്തന്‍. അങ്ങനെയാണ് സിനിമാക്കാര്‍ സുനിയെ അന്വേഷിച്ച് എത്താന്‍ തുടങ്ങിയത്. പിന്നെക്കണ്ടു അവന്‍ സിനിമാക്കാരുടേയും സിനിമാ യൂണിറ്റിലേയുമൊക്കെ ഡ്രൈവറായി വിലസുന്നത്. പല സിനിമാക്കാരും വിശ്വസ്ത ഡ്രൈവറായി സുനിയെ കൂടെ കൂട്ടിയതും അങ്ങനെയാണ്.’ ടാക്‌സി ഡ്രൈവറായ സേവ്യര്‍ പറയുന്നു.

കോട്ടയം ജില്ലയിലെ കിടങ്ങൂരില്‍ ബസ് യാത്രികനായ യുവാവിന്റെ മുഖത്ത് മുളക് പൊടി സ്‌പ്രേ അടിച്ച് ഏഴ് ലക്ഷം കവര്‍ന്നതടക്കം ചെറുതും വലുതുമായ ഏട്ട് മോഷണ കേസുകളും അമ്പലമേട് പോലീസ് സ്‌റ്റേഷനില്‍ കഞ്ചാവ് കേസും സുനിയുടെ പേരിലുണ്ടായത് ഈ കാലയളവിലാണ്. ഇതേ അവസരത്തില്‍ തന്നെയാണ് സിനിമാ മേഖലയിലും പലരുടേയും മന:സാക്ഷി സൂക്ഷിപ്പുകാരനായി സുനി മാറിയതും. ബന്ധങ്ങള്‍ വിപുലമായതോടെ സുനിയുടെ രീതിയും മാറി. ആഡംബര വാഹനങ്ങളില്‍ ഇടക്കിടെ നാട്ടില്‍ വന്ന് പോകാന്‍ തുടങ്ങി. ഈ വരവുകളില്‍ ഇളമ്പകപ്പിളളിയിലും നെട്ടന്‍സിറ്റിയിലും പഴയ പരിചയക്കാരുമായി പരിചയം പുതുക്കി. നടിയെ ആക്രമിച്ച കേസില്‍ പിടിയിലാകുന്നതിന് അഞ്ച് മാസം മുമ്പാണ് ഇത്തരത്തില്‍ ഇയാള്‍ നാട്ടില്‍ വന്ന് മടങ്ങിയത്. ആഡംബരപ്രിയവും പുറത്തെ അമിത സൗഹൃദവുമാണ് സുനിക്ക് വിനയായതെന്നാണ് കോടനാട് സ്‌റ്റേഷനിലെ പോലീസുകാര്‍ പറയുന്നത്. നാട്ടില്‍ കാര്യമായ ബന്ധങ്ങളില്ലാത്തതിനാല്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതിയായതോടെ ഇയാളെ കുറിച്ചുളള പുതിയ വിവരങ്ങളെടുക്കാന്‍ തങ്ങള്‍ പ്രയാസപ്പെട്ടതായും അവര്‍ വെളിപ്പെടുത്തുന്നു.

"</p

പുറത്തുള്ളവരെല്ലാം തമാശക്കഥപോലെയോ അതിശയക്കഥകള്‍ പോലെയോ സുനിയുടെ കാര്യങ്ങള്‍ പറയുമ്പോള്‍ യഥാര്‍ഥത്തില്‍ സുനിയുടെ കുപ്രസിദ്ധി മൂലം ദുരിതമനുഭവിക്കുന്നത് വീട്ടുകാരാണ്. ബന്ധുക്കളില്‍ പലരേയും നേരില്‍ കണ്ടു. പക്ഷെ ഇവരാരും പ്രതികരിക്കാന്‍ തയ്യാറായില്ല. മാധ്യമങ്ങളും ഉദ്യോഗസ്ഥരും നിരന്തരം കയറിയിറങ്ങാന്‍ തുടങ്ങിയത് ഇവരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ ഇട്ടതുമായി ബന്ധപ്പെട്ട് സുനിയുടെ അമ്മയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കുകയും ചെയ്തിരുന്നു. ‘അവന്‍ കാരണം ഞങ്ങളാകെ നാറി. അല്ലാതെന്ത് പറയാന്‍. അവന്റെ പെങ്ങള്‍ വിവാഹപ്രായമെത്തി നില്‍ക്കുകയാണ്. ഇനി കൊള്ളാവുന്ന ഒരുത്തനുമായി അവള്‍ക്ക് വിവാഹബന്ധം കിട്ടുമെന്ന് തോന്നുന്നുണ്ടോ? എന്തിന് അവരുടെ കാര്യം പറയുന്നു. ബന്ധുക്കളായ ഞങ്ങളുടെ മക്കളുടെ കല്യാണം പോലും നേരാംവണ്ണം നടക്കാത്ത സ്ഥിതിയായി.’ അടുത്ത ബന്ധുവായ ഒരാള്‍ മാത്രം ഇത്രയും പറഞ്ഞു. എങ്കിലും ഇപ്പോഴത്തെ കേസില്‍ ഇനിയും പ്രമുഖര്‍ വരാനുണ്ടെന്ന സൂചനയാണ് ബന്ധുക്കളില്‍ ചിലര്‍ മുന്നോട്ട് വക്കുന്നത്.

‘ഒറ്റനോട്ടത്തില്‍ ചോക്ലേറ്റ് കുട്ടപ്പനായതിനാല്‍ സുനിയെ ആര്‍ക്കുമിഷ്ടപ്പെടും. അതയാള്‍ സമര്‍ത്ഥമായി ഉപയോഗിക്കുകയായിരുന്നു.’ സുനിയെ അടുത്തറിയാവുന്ന ടാക്‌സി ഡ്രൈവര്‍ കൂടിയായ ബിജുവാണ് ഇത് പറയുന്നത്. ‘ബാഹ്യ സൗന്ദര്യം നോക്കി ഇത്തരത്തില്‍ കൂടെ കൂട്ടിയ പലര്‍ക്കും ഇയാള്‍ പണി കൊടുത്തെന്ന് അക്കാലത്ത് തന്നെ പറഞ്ഞ് കേട്ടിട്ടുണ്ട്.’ ബിജു വെളിപ്പെടുത്തുന്നു. ഇതേ സമയം സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞു കൊണ്ട് തന്നെയാണ് സിനിമാ മേഖലയിലുളളവര്‍ അയാളെ കൂടെ കൂട്ടിയതെന്നാണ് നാട്ടുകാരും അയാളുടെ പഴയകാല പരിചയക്കാരും പറയുന്നത്. സിനിമയിലും പുറത്തും തങ്ങളുടെ എതിരാളികളെ ഒതുക്കാന്‍ ഇയാളുടെ ക്രിമിനല്‍ ബന്ധങ്ങള്‍ അവര്‍ക്ക് സഹായകരമായിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തുന്നു. പലനാള്‍ കളളന്‍ ഒരു നാള്‍ പിടിയില്‍ എന്ന ചൊല്ലിനെ അന്വര്‍ഥമാക്കി സുനി വലയിലാകുമ്പോള്‍ ദിലീപിനു പുറമേ പല സ്രാവുകളും ഇനിയും വലക്ക് പുറത്തുണ്ടെന്ന് തന്നെയാണ് പഴകാല സുഹൃത്തുക്കളുടെ വിശ്വാസവും.

ഫൈസല്‍ രണ്ടാര്‍

ഫൈസല്‍ രണ്ടാര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍