UPDATES

ട്രെന്‍ഡിങ്ങ്

അനന്തമൂര്‍ത്തി, കല്‍ബുര്‍ഗി, ഗൌരി; തോറ്റുപോയ ഈ ജനത നിങ്ങളെ അര്‍ഹിക്കുന്നില്ല

ഗവർണർ മുതൽ പാതിരാ കോടതി വരെ വിചിത്രമായ വാദങ്ങളുമായി പതിവ് കീഴ് വഴക്കങ്ങളെല്ലാം കാറ്റിൽ പറത്തിയപ്പോൾ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ലോകത്തിനു മുന്നിൽ ഏറെ ചെറുതായി

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേവല ഭൂരിപക്ഷമില്ലാതെ സർക്കാർ ഉണ്ടാക്കാൻ എൻ ഡി എ നടത്തിയ പൊളിറ്റിക്കൽ ഗിമ്മിക്കുകൾ ഇന്ത്യൻ ജനാധിപത്യത്തിന് തീരാ കളങ്കമാണ്. ഗവർണർ മുതൽ പാതിരാ കോടതി വരെ വിചിത്രമായ വാദങ്ങളുമായി പതിവ് കീഴ്വഴക്കങ്ങളെല്ലാം കാറ്റിൽ പറത്തിയപ്പോൾ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ലോകത്തിനു മുന്നിൽ ഏറെ ചെറുതായി. രാജ്ഭവനിലും, ഡൽഹിയിലും എല്ലാം അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. “ജനാധിപത്യം മരിച്ചിരിക്കുന്നു” എന്നാണു സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം പേർ പോസ്റ്റ് ചെയ്ത കുറിപ്പുകളുടെ രത്നച്ചുരുക്കം. മണി പവറും, നെഗോഷ്യേറ്റ് ചെയ്യാനുള്ള കഴിവും ഉണ്ടെങ്കിൽ ഒരു സംസ്ഥാനം വളരെ ഈസി ആയി ഭരിക്കാം. അതിനെ സംഘപരിവാർ അനുകൂല മാധ്യമങ്ങൾ വിളിക്കുന്ന ഓമനപ്പേര് “ചാണക്യ തന്ത്രം” എന്നും!

ഒരു ജനാധിപത്യ രാജ്യത്ത്‌ ജനതയുടെ ഭാവിയുമായി രാഷ്ട്രീയത്തിനുള്ളത്‌ പൊക്കിള്‍ക്കൊടി ബന്ധമാണെന്നിരിക്കേ, രാഷ്ട്രീയ രംഗത്തെ ജീര്‍ണ്ണത രാഷ്ട്രത്തെ തന്നെ നാശത്തിലേക്ക്‌ നയിക്കുമെന്നും വ്യക്തമാണ്‌. അതുകൊണ്ടാണ്‌ മതവിശ്വാസം, കലാസാഹിത്യം തുടങ്ങിയ മേഖലകളില്‍ വേണ്ടതിനേക്കാള്‍ പതിന്മടങ്ങ്‌ സാമൂഹിക ജാഗ്രത രാഷ്ട്രീയ രംഗം ആവശ്യപ്പെടുന്നത്‌. രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെയും, ജനാധിപത്യ വിരുദ്ധതയുടെയും കാളിമയിൽ കർണാടക സംസ്ഥാനം വിവാദ കേന്ദ്രം ആകുമ്പോൾ ചില മനുഷ്യരുടെ വേർപാട് സൃഷ്ട്ടിച്ച ശൂന്യത അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. എന്നാൽ ഈ അശ്‌ളീല കാഴ്ചകൾക്ക് സാക്ഷിയാകാൻ അവരില്ലല്ലോ എന്നാശ്വാസവും ഉണ്ട്.

‘മുടി തലോടിയാല്‍ വിരല്‍ കടിച്ചെടുത്തേക്കും തൊഴുകൈയില്‍ തോക്കുണ്ടായേക്കും. പേരിടാത്ത ബന്ധങ്ങളുടെ സുരഭിലകാലം കഴിഞ്ഞുപോയി.’ എന്ന സച്ചിദാനന്ദന്‍ കവിത അന്വര്‍ത്ഥമാക്കിയ രണ്ടു കൊലപാതകങ്ങളായിരുന്നു കൽബുർഗിയുടേതും, മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റേതും. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ വാക്കുകള്‍കൊണ്ടും അക്ഷരങ്ങള്‍കൊണ്ടും നിരന്തരം പോരാടിയ ധിഷണാശാലിയായിരുന്നു കല്‍ബുര്‍ഗി. ഹംപിയിലെ കന്നഡ സർവകലാശാലാ വൈസ് ചാൻസലറും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാര ജേതാവും ആയിരുന്നു കല്‍ബുർഗി.

സംഘപരിവാറിന്റെ വിശാലമായ താല്‍പര്യങ്ങളുടെ ഏറ്റവും വലിയ ശത്രു അക്ഷരങ്ങളാണ്. സത്യത്തെ ഗര്‍ഭം ധരിക്കുന്ന വാക്കുകളാണ്. ചൂളിപ്പോകുന്ന ചോദ്യങ്ങളാണ്. അവര്‍ കുഴിച്ചു മൂടാന്‍ ശ്രമിക്കുന്ന കിരാതമായ ഭൂതകാലത്തിന്റെ ചീഞ്ഞുനാറുന്ന ശവക്കല്ലറകള്‍ മാന്തിയെടുക്കുന്ന എഴുത്തുകാരന്റെ തൂലികയെയാണ് അവര്‍ക്കിപ്പോഴും ഭയം. കൽബുർഗി മുതൽ ഗൗരി ലങ്കേഷ് വരെ ഉള്ളവരുടെ രക്തസാക്ഷിത്വം ഇതിന്റെ തെളിവാണ്. ഇന്ത്യൻ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും നാണം കെട്ട അധ്യായങ്ങൾ അരങ്ങേറി കൊണ്ടിരിക്കുന്ന ഇതേ കർണാടകയുടെ തെരുവിലാണ് ഇരുവരുടെയും രക്തം ചിന്തിയത്.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും ജാതിവ്യവസ്ഥയുടെയും കടുത്ത വിമർശകയായിരുന്നു ഗൗരി ലങ്കേഷ്. സാമൂഹികവും രാഷ്ട്രീയവുമായ അനീതികൾക്കെതിരേ തന്റെ പ്രസിദ്ധീകരണത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് അവർ സ്വീകരിച്ചിരുന്നത്.

കർണാടകയില്‍ സംഘപരിവാർ വിരുദ്ധ നിലപാടുകൾ എടുത്ത മനുഷ്യരെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഒരിക്കലും വിട്ടുപോകാൻ പാടില്ലാത്ത പേരാണ് യു ആർ അനന്തമൂർത്തി. മരണവും ഒരു രാഷ്ട്രീയ പ്രവര്‍ത്തനം ആക്കി മാറ്റിയ അപൂർവ്വം മനുഷ്യര്‍ക്കെ നമ്മുടെ രാജ്യം ജന്മം നൽകിയിട്ടുള്ളൂ. അവരുടെ നിരയിലേക്ക് ധൈര്യപൂര്‍വ്വം എഴുതിച്ചേര്‍ക്കാവുന്ന ഒരു പേരാണ് കന്നഡ എഴുത്തുകാരനും ജ്ഞാനപീഠം പുരസ്കാര ജേതാവും ആയ ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂര്‍ത്തി എന്ന യു ആർ അനന്തമൂർത്തി.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍ രാജ്യം വിട്ടുപോകുമെന്ന പ്രസ്താവനയാണ് എണ്‍പത്തിയൊന്നാമത്തെ വയസ്സില്‍ യു ആര്‍ അനന്തമൂര്‍ത്തിയെ സംഘ പരിവാറിന്റെ ശത്രുപക്ഷത്താക്കിയത്. സാംസ്കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും സെലിബ്രിറ്റികളും മോദിയ്ക്ക് പരവതാനി വിരിച്ചപ്പോൾ ഫാസിസത്തിന് ഓശാന പാടുന്ന ആ കുപ്പായം ധരിക്കാൻ താൻ തയ്യാറല്ലെന്ന് വിളിച്ചു പറയുകയായിരുന്നു മൂർത്തി.

ജീവിച്ചിരിക്കുന്ന കാലം മുഴുവന്‍ ഉറച്ച നിലപാടുകള്‍ കൈക്കൊണ്ട അനന്തമൂര്‍ത്തിയെപ്പോലൊരാളെ മരിച്ചിട്ടും വെറുതെ വിട്ടില്ല സംഘപരിവാര്‍. എത്ര മാത്രം ആഴത്തിലാണ് അവര്‍ ആ വലിയ മനുഷ്യനെ ഭയന്നതെന്നതിന് തെളിവാണ് മരണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നടന്ന പ്രകടനങ്ങള്‍. ചിക്കമംഗ്ലൂരിലും മംഗലാപുരത്തും ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനം മാത്രം എടുത്താൽ മതി അനന്തമൂർത്തി എന്ന മനുഷ്യന്റെ പ്രതിഭയും ചങ്കൂറ്റത്തെയും രാജ്യം തിരിച്ചറിയാൻ. നരേന്ദ്ര മോദിക്കെതിരെ നിരന്തരം എ‍ഴുതുകയും പ്രസംഗിക്കുകയും ചെയ്തിരുന്ന അനന്തമൂര്‍ത്തി തീവ്ര ഹിന്ദുത്വത്തിന്‍റേയും ഫാഷിസത്തിന്‍റേയും ശക്തനായ വിമര്‍ശകനായിരുന്നു. സി എൻ എൻ ഐ ബി എന്‍ ചാനലിന് നല്കിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ മറുപടി മരണ ശേഷവും പ്രസക്തം ആകുന്നത് അനന്തമൂർത്തിയുടെ ദീര്‍ഘ ദൃഷ്ടി വെളിവാക്കുന്നു. “നരേന്ദ്ര മോദി ഭരിക്കുന്ന ഇന്‍ഡ്യയില്‍ തുടര്‍ന്ന് ജീവിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. എന്‍റെ യൌവനകാലത്ത് ഞാന്‍ നെഹ്രുവിനെയും അതിശക്തമായി വിമര്‍ശിച്ചിരുന്നു. പക്ഷേ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ വിമര്‍ശനങ്ങളെ പ്രതിപക്ഷ ബഹുമാനത്തോടെ കണ്ടു. പക്ഷേ മോദി ഭക്തന്മാര്‍ തികഞ്ഞ ഫാസിസ്റ്റുകളെപ്പോലെയാണ് പെരുമാറുന്നത്. ഹിറ്റ്ലറുടെ ജര്‍മനിയിലെ ഫാസിസ്റ്റുകളെപ്പോലെ”.

കുതിരക്കച്ചവടം നടത്താൻ ഒരുങ്ങുന്നവരെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിച്ച ഗവർണറും പണച്ചാക്കും മന്ത്രി കസേര ഓഫറുകളുമായി എം എൽ എ മാരുടെ പുറകെ നടക്കുന്ന സംഘപരിവാർ നേതൃത്വവും അരങ്ങു വാഴുന്ന ഈ അശ്‌ളീല രംഗങ്ങൾക്ക് സാക്ഷിയാകാൻ കർണാടകയുടെ ധീരരായ പോരാളികൾ ഗൗരി ലങ്കേഷ്, കൽബുർഗി, യു ആർ അനന്തമൂർത്തി എന്നിവരില്ല എന്നത് ആശ്വാസകരം തന്നെ. കാരണം ജീവിതവും മരണവും ഒരു പോലെ രാഷ്ട്രീയ പ്രസ്താവനയാക്കിയ ഈ മഹാത്മാക്കളെ ഇതുപോലെ തോറ്റു പോയൊരു ജനത അർഹിക്കുന്നില്ല.

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍