UPDATES

ജൂലൈ 31: ഈ ദിവസം എന്തുകൊണ്ട് ദേശാഭിമാനിയും കമ്മ്യൂണിസ്റ്റ് നേതാക്കളും മറക്കരുതായിരുന്നു

കേന്ദ്ര ഇടപെടല്‍ എന്ന ഭീഷണി നിലനില്‍ക്കുന്ന സമയത്ത് ഈ ചരിത്രം മറക്കാതിരിക്കുക

ഇന്നത്തെ ദിവസത്തിന് കേരളത്തിന്റെ ചരിത്രത്തില്‍ സുപ്രധാനമായ ഒരു പങ്കാണുള്ളത്. എന്നാല്‍ കേരളം ഭരിക്കുന്ന എല്‍ഡിഎഫോ അതിന് നേതൃത്വം നല്‍കുന്നോ സിപിഎമ്മോ അവരുടെ മുഖപത്രമായ ദേശാഭിമാനിയോ ഈ ദിവസം മറന്നെന്ന് തോന്നുന്നു. ജനാധിപത്യ സംവിധാനത്തിലൂടെ ലോകത്തിലാദ്യമായി അധികാരത്തിലേറിയെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അധികാരം നഷ്ടമായതിന്റെ വാര്‍ഷികമാണെന്നതാണ് കേരള ചരിത്രത്തില്‍ ജൂലൈ 31ന്റെ പ്രത്യേകത. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്‌ക്കെതിരെ 1958ല്‍ ആരംഭിച്ച വിമോചന സമരം ഫലമായി 1959ല്‍ മന്ത്രിസഭയുടെ പുറത്താകലില്‍ കലാശിക്കുകയായിരുന്നു. സംസ്ഥാനത്തെ ഭക്ഷ്യകമ്മി നികത്താന്‍ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും ഭൂവുടമസ്ഥതാ ബന്ധങ്ങളില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വിഭാവനം ചെയ്യുന്ന കാര്‍ഷികബന്ധ ബില്ലും വിമോചന സമരത്തിനുള്ള കാരണങ്ങളായിരുന്നു. ജോസഫ് മുണ്ടശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിനോടുള്ള എതിര്‍പ്പും ശ്രദ്ധേയമായ കാരണമായിരുന്നു. ഇതിനെല്ലാം ഉപരി കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ നവീനതകളെക്കുറിച്ച് കേരളത്തില്‍ പരമ്പരാഗത സമൂഹത്തിലെ പലവിഭാഗങ്ങള്‍ക്കുമുണ്ടായിരുന്ന ആശങ്കകളും ഈ പ്രക്ഷോഭത്തെ സഹായിച്ചു. സീറോ മലബാര്‍ സഭ, മന്നത്തു പത്മനാഭന്റെ നേതൃത്വത്തിലുള്ള എന്‍എസ്എസ്, മുസ്ലിം ലീഗ് എന്നിവരായിരുന്നു വിമോചന സമരത്തിന് പിന്നിലെ പ്രധാന ശക്തികള്‍. കോണ്‍ഗ്രസിന്റെയും പിന്തുണയോടെ നടന്ന വിമോചന സമരത്തിനൊടുവില്‍ 1959 ജൂലൈ 31നാണ് കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടുന്നത്.

വിമോചന സമരത്തിനിടെ അങ്കമാലി, പുല്ലുവിള, വെട്ടുകാട്, ചെറിയതുറ എന്നിവിടങ്ങളില്‍ നടന്ന വെടിവയ്പ്പും അതില്‍ പതിനഞ്ചോളം പേര്‍ കൊല്ലപ്പെട്ടതും കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ജനകീയ പ്രതിഛായയ്ക്ക് തിരിച്ചടിയായി. വെടിവയ്പ്പിലൂടെയും അല്ലാതെയും തങ്ങളുടെ സമരങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാര്‍ വിമോചന സമരത്തെ സായുധമായി അടിച്ചമര്‍ത്തിയതാണ് വിമര്‍ശനത്തിന് കാരണമായത്. ഫ്‌ളോറിയെന്ന മുക്കുവ യുവതി പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതും സര്‍ക്കാരിന് തിരിച്ചടിയായി. ‘തെക്ക്, തെക്കൊരു ദേശത്ത്.. തിരമാലകളുടെ ദേശത്ത്, ഫ്ലോറിയെന്നൊരു പെണ്‍കൊടിയെ ചുട്ടുകരിച്ചൊരു സര്‍ക്കാരേ.. പകരം ഞങ്ങള്‍ ചോദിക്കും’ എന്നത് പോലുള്ള വിമോചന സമര മുദ്രാവാക്യങ്ങള്‍ ഈ തലമുറയും ഓര്‍ത്തെടുക്കുന്നത് വിമോചന സമരത്തിന് കേരള രാഷ്ട്രീയത്തിലുള്ള നിര്‍ണായകമായ പങ്കിന്റെ തെളിവാണ്. വിമോചന സമരത്തിന്റെ തെറ്റും ശരിയും ഇന്നും ചര്‍ച്ചാ വിഷയമാകാറുണ്ട്. കാര്‍ഷിക, വിദ്യാഭ്യാസ മേഖലകളിലെ പരിഷ്‌കാരങ്ങളെ എതിര്‍ത്ത സ്ഥാപിത താല്‍പര്യങ്ങളാണ് വിമോചന സമരത്തിന് പിന്നിലെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്നും പറയുന്നത്. ജനാധിപത്യ സംവിധാനത്തിലൂടെ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നതില്‍ അമേരിക്കയ്ക്കുള്ള ആശങ്കയും അവരുടെ രഹസ്യാന്വേഷണ സംഘടനയായ സിഐഎയ്ക്കുള്ള പങ്കും പലപ്പോഴും ചൂണ്ടിക്കാട്ടപ്പെടാറുണ്ട്. സമരത്തില്‍ പങ്കെടുത്ത ചിലര്‍ തന്നെ പിന്നീട് അത് അധാര്‍മ്മികമായിരുന്നെന്നും പങ്കെടുത്തതില്‍ പശ്ചാത്തപിക്കുന്നുവെന്നും പറഞ്ഞിട്ടുണ്ട്.

കേരള രാഷ്ട്രീയത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും (അന്ന് സിപിഐ, സിപിഎം എന്നിങ്ങനെ രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ല) ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ ദിവസത്തെ പൂര്‍ണമായും തമസ്‌കരിച്ചതാണ് കാണാന്‍ സാധിച്ചത്. ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പുറത്തുപോകേണ്ടി വന്നത് സ്ഥാപിത താല്‍പര്യക്കാരുടെ ഗൂഢനീക്കങ്ങളുടെ ഫലമാണെന്ന് ഇപ്പോഴും വാദിക്കുന്ന പാര്‍ട്ടിയെ സംബന്ധിച്ച് ഇതൊരു വലിയ വീഴ്ച തന്നെയാണ്. വിമോചന സമരത്തിന്റെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടാന്‍ ലഭിക്കുന്ന ഒരു സാഹചര്യവും സിപിഎം നഷ്ടപ്പെടുത്താറില്ല എന്നതുകൂടി പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ചും. ദേശാഭിമാനിയില്‍ ഒരു പരാമര്‍ശവും ഇതേക്കുറിച്ച് ഇല്ലെന്നതിനൊപ്പം തന്നെ കൂട്ടിവായിക്കേണ്ടതാണ് നേതാക്കള്‍ ഇതേക്കുറിച്ച് ഓര്‍ക്കാതിരിക്കുന്നതും. എന്തിനും ഏതിനും ഫേസ്ബുക്ക് പോസ്റ്റിടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി തോമസ് ഐസക്, യുവ എംഎല്‍എ എഎന്‍ ഷംസീര്‍ തുടങ്ങിയവര്‍ക്കും ഇതേക്കുറിച്ച് യാതൊരു ഓര്‍മ്മയുമില്ല. ഇന്നും പല വിഷയങ്ങളിലും ഇവര്‍ പ്രതികരിച്ചിട്ടുണ്ടെങ്കിലും ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ ഒരു സര്‍ക്കാരിനെ അട്ടിമറിച്ച ഇന്ത്യന്‍ ജനാധിപത്യത്തിലെ ആ കറുത്ത ദിവസത്തെക്കുറിച്ച് ആരും ഒന്നും മിണ്ടിയിട്ടില്ല. പിണറായി വിജയന്‍ ചരിത്രം മറന്നുപോകുന്നത് ഇത് ആദ്യത്തെ സംഭവമല്ല. മുമ്പ് ലോ അക്കാദമി സമരത്തിന്റെ സമയത്ത് തിരുക്കൊച്ചി മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന നടരാജ പിള്ളയെ മറന്നതും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടത്.

ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ ആദ്യത്തെ തിരിച്ചടിയായിരുന്നു വിമോചന സമരവും പിന്നാലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അധികാരം നഷ്ടമായതും. പിന്നീട് അടിയന്തരവാസ്ഥയിലൂടെ കുറച്ചുകാലം രാജ്യത്ത് ഏകാധിപത്യഭരണം നടപ്പാക്കിയ ഇന്ദിര ഗാന്ധിയാണ് അന്ന് പാര്‍ട്ടിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന് സമ്മര്‍ദ്ദം ചെലുത്തിയതെന്നും അല്ലെന്നുമെല്ലാം റിപ്പോര്‍ട്ടുകളുണ്ട്. ഏറെ വ്യത്യാസമുണ്ടെങ്കിലും 1959ല്‍ അധികാരം നഷ്ടമായതിന് സമാനമായ അവസ്ഥയാണ് ഇന്നും കേരളത്തിലുള്ളത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ സംസ്ഥാന ബിജെപി നേതൃത്വം കേന്ദ്രസര്‍ക്കാരിന് മേല്‍ നടത്തുന്ന സമ്മര്‍ദ്ദത്തിന്റെ ഫലമായി ഗവര്‍ണര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിപ്പിച്ചിരുന്നു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തുന്നത്. കേരള സര്‍ക്കാരിനുമേല്‍ കേന്ദ്രത്തിന്റെ ഇടപെടലിനുള്ള സാധ്യതകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്ന് രാഷ്ട്രീയ വിദഗ്ധര്‍ തന്നെ പറയുന്നു. അതായത് പിണറായി സര്‍ക്കാരും ഒരു പിരിച്ചുവിടല്‍ ഭീഷണിയുടെ നിഴലിലാണ് ഇപ്പോഴെന്ന് പറയാം. ഈ ഒരു സാഹചര്യത്തിലെങ്കിലും മറക്കാന്‍ പാടില്ലാത്ത ഈ ചരിത്ര തിയതി പാര്‍ട്ടിയും നേതാക്കളും മറക്കരുതായിരുന്നു. ഉപദേഷ്ടാക്കളുടെ എണ്ണം കൊണ്ട് ചരിത്രം സൃഷ്ടിച്ച മുഖ്യമന്ത്രി ഒരു ചരിത്ര ഉപദേഷ്ടാവിനെ കൂടി വയ്ക്കുന്നത് നല്ലതായിരിക്കുമെന്നും ഇവിടെ പറയേണ്ടി വരുന്നു.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍