UPDATES

വായന/സംസ്കാരം

90 കളിലെ ഹാരിസായിരുന്നെങ്കില്‍ എപ്പഴേ വിസി ആയേനെ- കവി അന്‍വര്‍ അലി ഓര്‍ക്കുന്നു

ഹാരിസ് ഇപ്പോഴുള്ളതിലും എത്രയോ മടങ്ങ് സംഭാവന ചെയ്യേണ്ടയാളായിരുന്നു. പക്ഷെ അത് നിരാശാജനകമാണ്. കേരളം പോലൊരു സ്ഥലത്തെ വലിയ ദുരന്തങ്ങളിലൊന്നാണത്

എം.ജി.യൂണിവേഴ്‌സിറ്റിയില്‍ വി.സി.ഹാരിസിന്റെ ശിഷ്യനായിരുന്നു ഞാനും. അനന്തമൂര്‍ത്തി വന്നതിന് ശേഷമാണ് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് തുടങ്ങുന്നത്. അക്കാലത്ത് ഏറ്റവും ക്രിയേറ്റീവ് ആയ വിഭാഗം എന്നതിലുപരി അതിവിദഗ്ദ്ധരായ അധ്യാപകരും അതിന്റെ തലപ്പത്തുണ്ടായിരുന്നു. ക്രിയേറ്റിവിറ്റിയും അക്കാദമിക് സ്‌കോളര്‍ഷിപ്പും ഒന്നിച്ച് നടത്തിക്കൊണ്ടുപോയതില്‍ ലെറ്റേഴ്‌സില്‍ ഏറ്റവും പ്രഗദ്ഭനായ ഒരാള്‍ വി.സി.ഹാരിസ് ആയിരുന്നു. പിന്നീടുള്ള തലമുറയിലൊന്നും അത്രയും ഐഡിയല്‍ ആയ ആളുകള്‍ വന്നിട്ടില്ല എന്ന് തന്നെ പറയാം.

ലെറ്റേഴ്‌സിലെ ആദ്യ എം.എഫില്‍ കോഴ്‌സില്‍ 12 പേരില്‍ ഒരാളായിരുന്നു ഞാന്‍. ഞങ്ങളുടെ ബാച്ചിലെ ആരും അവിടെ അധ്യാപകരായില്ല. അത് ഞങ്ങള്‍ ചെയ്ത തെറ്റാണെന്ന് ഇപ്പോള്‍ തോന്നാറുണ്ട്. ഹാരിസിന് എന്നേക്കാള്‍ കൂടിപ്പോയാല്‍ ഏഴ് വയസ്സേ കൂടുതല്‍ കാണൂ. ഞാന്‍ പേരായിരുന്നു വിളിച്ചിരുന്നതും. അങ്ങനെ പേര് വിളിക്കുന്ന ഒരേയൊരു അധ്യാപകന്‍ ഹാരിസായിരിക്കും.

ഹാരിസിനെ ഞാന്‍ പരിചയപ്പെടുന്നത് തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ വെച്ചാണ്. ഞാന്‍ ഡിഗ്രിക്കു പഠിക്കുമ്പോള്‍ ഹാരിസ് അവിടെ പി.എച്ച്.ഡി. ചെയ്യുകയാണ്. അന്ന് ഹാരിസ് കഥാമാസികകളില്‍ ചെറിയ ചെറിയ കഥകളൊക്കെ എഴുതുന്ന കാലമാണ്. അങ്ങനെ ഹാരിസിനെ എനിക്കറിയാം. യൂണിവേഴ്‌സിറ്റി കോളേജില്‍ എവിടെയെങ്കിലുമൊക്കെ വച്ച് കാണാറുണ്ടായിരുന്നു. വലിയ സുഹൃത്തുക്കളൊന്നുമല്ലായിരുന്നു. അദ്ദേഹം പി.എച്ച്.ഡി. സ്‌കോളറും ഞാന്‍ ഡിഗ്രി വിദ്യാര്‍ഥിയുമായിരുന്നു. എന്നാല്‍ ആ ഒരു വ്യത്യാസമൊന്നുമില്ലാതെ നമ്മുടെ അടുത്ത് വന്നിരുന്ന് സംസാരിക്കും. അക്കാലത്തേ പേര് വിളിച്ച് ശീലമായതുകൊണ്ട് തുടര്‍ന്നും അങ്ങനെ തന്നെയായി. അദ്ദേഹത്തേക്കാള്‍ ഏട്ടും ഒമ്പതും വയസ്സ് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ഹാരിസ് സാര്‍ എന്ന് വിളിച്ചപ്പോള്‍ പ്രായത്തില്‍ ഇളപ്പമായ ഞാന്‍ ഹാരിസ് എന്ന് വിളിക്കുന്നതിന്റെ ഒരു ഭംഗിയുണ്ടായിരുന്നു ഞങ്ങളുടെ ബന്ധത്തിന്. ഒന്നിച്ചിരുന്നു ചായ കുടിക്കുകയും സിഗററ്റ് വലിക്കുകയുമൊക്കെ ചെയ്തുകൊണ്ട് ക്ലാസ് എടുക്കുന്ന രീതിയുണ്ടായിരുന്നു അന്ന്.

എണ്‍പതുകളിലെ കാമ്പസുകളുടെ ഒരു സ്വഭാവം ഞങ്ങളുടെ ക്ലാസുകള്‍ക്കുമുണ്ടായിരുന്നു. അത്തരത്തിലൊരു അനാര്‍ക്കി സ്വഭാവം ഉള്ള ക്ലാസ്‌റൂം സിസ്റ്റം തിരഞ്ഞെടുക്കുന്നതില്‍ ഹാരിസിന് വലിയ പങ്കുണ്ട്. പക്ഷേ പിന്നീട് അതിന് തുടര്‍ച്ചയുണ്ടായില്ല. എന്ന് മാത്രമല്ല പിന്നീട് അത് വളരെ മോശമാവുകയും ചെയ്തു. ഇപ്പോഴത്തെ കാലത്ത് അതിനെ ഉപയോഗിക്കുന്നവര്‍ ഓവര്‍ റൊമാന്റിസൈസ് ചെയ്ത് ഒരുതരം ഷോഓഫ് ആക്കി മാറ്റുന്നുണ്ട്. വേറൊരു തരത്തില്‍ അത് അപ്രസക്തമാവുകയും ചെയ്തിട്ടുണ്ട്. വലിയ കരിയറിസ്റ്റുകളുടെ ലോകം മാത്രമായി.

എന്നെ സംബന്ധിച്ച് ഹാരിസ് എന്ന ഒരു ക്രിയേറ്റീവ് എഴുത്തുകാരന്‍ ഉണ്ടായിരുന്നു. പിന്നീടത് പതിയെ പതിയെ പുറകോട്ട് പോവുകയാണുണ്ടായത്. ഹാരിസ് അടിസ്ഥാനപരമായി ഒരു സിദ്ധാന്ത വിമര്‍ശകനായിരുന്നു. അതിനേക്കാളുപരി സിദ്ധാന്തം പഠിപ്പിക്കുന്ന വളരെ ഗംഭീരനായ ഒരു അധ്യാപകനായിരുന്നു. ഞങ്ങളെ ആദ്യം സ്ട്രക്ചറലിസവും പോസ്റ്റ് സ്ട്രക്ചറലിസവും പഠിപ്പിക്കുന്നത് ഹാരിസാണ്. അദ്ദേഹത്തിന്റെ ക്ലാസുകള്‍ യഥാര്‍ഥത്തില്‍ ഡോക്യുമെന്റ് ചെയ്യേണ്ടതായിരുന്നു. അന്ന് ഹാരിസിന് 28 വയസ്സോ മറ്റോ ഉള്ളൂ. പക്ഷെ മറ്റാരേക്കാളും പക്വമതിയായ ഒരധ്യാപകനായിരുന്നു അദ്ദേഹം. അന്ന് തന്നെ പോസ്റ്റ് സ്ട്രക്ചറിലസവും ഡീകണ്‍സ്ട്രക്ഷനിസവുമൊക്കെ പഠിപ്പിക്കാനുള്ള അടിസ്ഥാന ധാരണ ഹാരിസിനുണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് കേരള ദറീദ എന്നെല്ലാം വിശേഷിപ്പിക്കുന്നത് കണ്ടു. ശരിക്കും ദറീദിയനേക്കാള്‍ ഹാരിസ് ബാര്‍തിയന്‍ ആയിരുന്നു എന്ന് ഞാന്‍ പറയും.

ഇടക്കാലത്ത് അദ്ദേഹത്തിന്റെ എഴുത്തുകളില്‍ ദറീദയുടെ പോലെ എല്ലാത്തിനേയും ഡീകണ്‍സ്ട്രക്ട് ചെയ്യുന്ന രീതിയിലേക്ക് ഹാരിസ് മാറുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ അധ്യാപകനായ ഹാരിസ് കുറേക്കൂടി ബാര്‍തിയനായിരുന്നു. പ്രത്യേകിച്ച് ഹാരിസിന് ലിറ്ററേച്ചറിനോട് വലിയ പാഷനുണ്ടായിരുന്നു. പോസ്റ്റ് സ്ട്രക്ചറലിസ്റ്റുകളില്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ സാഹിത്യ വിമര്‍ശനത്തിന്റെ രംഗത്ത് വന്നത് കൂടുതലും ബാര്‍ത് ആണ്. സിദ്ധാന്തവായന, പ്രത്യേകിച്ചും ഇംഗ്ലീഷില്‍ സിദ്ധാന്ത വായനക്ക് വലിയ പ്രയാസമുണ്ടായിരുന്ന എന്നെപ്പോലുള്ളവര്‍ക്ക് ആത്മവിശ്വാസം നല്‍കിയത് ഹാരിസാണ്. ബാര്‍തിന്റെ പല പുസ്തകങ്ങളും അങ്ങനെയാണ് വായിക്കുന്നത്. ഹാരിസിന്റെ ആധികാരികതയ്ക്ക് താഴെയേയുള്ളൂ അന്നത്തെ വിദ്യാര്‍ഥികളുടെ ആധികാരികത. സര്‍ഗാത്മക എഴുത്തുകാരന്‍ എന്നതിനേക്കാള്‍ വളരെ മുകളിലാണ് ഹാരിസ് എന്ന അധ്യാപകന്‍.

ഒരു കള്‍ച്ചറല്‍ ക്രിട്ടിക് എന്ന നിലയ്ക്കാണ് രണ്ടാമത് അദ്ദേഹത്തിന്റെ സംഭാവനകള്‍. പക്ഷെ, അതില്‍ ഹാരിസ് ഇപ്പോഴുള്ളതിലും എത്രയോ മടങ്ങ് സംഭാവന ചെയ്യേണ്ടയാളായിരുന്നു. പക്ഷെ അത് നിരാശാജനകമാണ്. കേരളം പോലൊരു സ്ഥലത്തെ വലിയ ദുരന്തങ്ങളിലൊന്നാണത്. ഇത്രയും ധിഷണാശാലികളായ മള്‍ട്ടിപ്പിള്‍ ടാലന്റ് ഉള്ളയാളുകള്‍ക്ക് വളക്കൂറില്ല. അത് സാമൂഹ്യശാസ്ത്രജ്ഞര്‍ അന്വേഷിക്കേണ്ട കാര്യമാണ്. ഹാരിസ് മദ്യപാനിയായിരുന്നു എന്ന തരത്തിലൊന്നുമല്ല അതിനെ കാണേണ്ടത്. വളരെ ചിട്ടയോടെ ജീവിക്കുകയും വല്ലപ്പോഴുമുള്ള കൂട്ടായ്മകളിലും മറ്റും മദ്യപിച്ചുകൊണ്ടിരുന്ന ഒരു കാലഘട്ടമുണ്ട് അദ്ദേഹത്തിന്. അതിസുന്ദരനായ, വസ്ത്രധാരണത്തില്‍ ഏറെ ശ്രദ്ധ വച്ചിരുന്ന, വിദ്യാര്‍ഥിനികള്‍ എല്ലാം മോഹിക്കുന്ന ഒരു യുവ അധ്യാപകനായിരുന്നു ഞങ്ങള്‍ കാണുമ്പോഴത്തെ ഹാരിസ്. അന്ന് ഞാനൊക്കെ മദ്യപിച്ച് നടക്കുന്ന കാലമാണ്. ഞങ്ങളോടൊപ്പമിരിക്കുമ്പോള്‍ പോലും വളരെ കുറച്ച് മാത്രം മദ്യപിച്ചാലായി. അനൗപചാരികതയുള്ള, ഒരു സിസ്റ്റവും അംഗീകരിക്കാത്ത ഓഫ്-ബീറ്റ് മനുഷ്യനായിട്ടാണ് ഹാരിസ് ഇപ്പോള്‍ അറിയപ്പെടുന്നത്. പക്ഷെ ഹാരിസ് എല്ലാ സിസ്റ്റവും അംഗീകരിക്കുന്ന, അക്കാദമിക് പാഷന്‍ കൊണ്ടുനടക്കുന്ന ഒരധ്യാപകന്‍ തന്നെയായിരുന്നു. നരേന്ദ്രപ്രസാദ്, ഹാരിസ്, വിനയചന്ദ്രന്‍, ബാലചന്ദ്രന്‍ ഈ നാല് പേരും ചേര്‍ന്നുള്ള കോമ്പിനേഷന്‍ ലെറ്റേഴ്‌സിന്റെ ബലമായിരുന്നു. നാലുപേരും ഒരേപോലെ ക്രിയേറ്റീവ് പൊട്ടന്‍ഷ്യല്‍ ഉള്ളയാളുകള്‍. പക്ഷെ അവരുടെയെല്ലാം എഴുത്തുകളില്‍ പ്രതിഭയുടെ പൂര്‍ണതയുണ്ടായിട്ടുണ്ടോ, അവരുടെ വായനക്കാരും അവരും തമ്മിലുള്ള ഒരു സംവാദങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.

എന്റെ ഭാര്യ അമ്പിളിയും ഹാരിസിന്റെ ശിഷ്യയാണ്. ഞങ്ങളെല്ലാം കാമ്പസില്‍ നിന്ന് പോയി നാളുകള്‍ കഴിഞ്ഞാണ് അമ്പിളി വരുന്നത്. അപ്പോഴേക്കും ഹാരിസ് തന്റെ ജീവിതത്തിലെ രണ്ടാം ഘട്ടമായ ഉന്മാദത്തിന്റെ ഘട്ടത്തിലേക്ക് മാറിക്കഴിഞ്ഞിരുന്നു. അമ്പിളി നാടകത്തില്‍ എം.എഫില്‍ ചെയ്തയാളാണ്. ഹാരിസാണ് നാടകാവതരണങ്ങളുടെയൊക്കെ ചുക്കാന്‍ പിടിച്ചിരുന്നത്. അമ്പിളിയ്ക്ക് ഹാരിസ് അധ്യാപകനും സഹനടനുമാണ്.

പഠനകാലത്ത് ഹാരിസിന്റെ വീട്ടില്‍ പോയി താമസിച്ചിരുന്ന ഏക വിദ്യാര്‍ഥി ഞാനായിരിക്കും. ഹാരിസിന്റെ ഭാര്യ യാഥാസ്ഥിതിക മലബാര്‍ മുസ്ലിം കുടുംബത്തില്‍ നിന്നുള്ളതായിരുന്നു. ആ വീട്ടില്‍ നിന്ന് മദ്യപിക്കാന്‍ സ്വാതന്ത്ര്യമുള്ള അപൂര്‍വം ചിലരില്‍ ഒരാളും ഞാനായിരുന്നു. ഞങ്ങളെ സംബന്ധിച്ച് സെറ്റില്‍ഡ് ആയ അപ്പര്‍ മിഡില്‍ ക്ലാസ്സിലുള്ള ഉന്നത വിദ്യാഭ്യാസമുള്ള ഏതൊരധ്യാപകനേയും പോലെയായിരുന്നു ഹാരിസ് അക്കാലത്ത് ജീവിച്ചിരുന്നത്. അന്ന് ഒരു മകളേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് രണ്ടാമത്തെ കുഞ്ഞുണ്ടായി ഏതാണ്ട് ഒരു വര്‍ഷത്തിനുള്ളിലായിരുന്നു വിവാഹ ബന്ധം വേര്‍പിരിയുന്നത്. ആ തീരുമാനം എന്നെയൊക്കെ വല്ലാതെ ഞെട്ടിച്ചിട്ടുണ്ട്. എന്തായാലും ഇപ്പോഴത്തെ ഹാരിസ് ആയിരുന്നില്ല അന്നത്തെ ഹാരിസ്. കുറേക്കൂടി കണ്‍സ്ട്രക്ടീവ് ആയ ഒരാളായിരുന്നു.

ഈ അടുത്ത കാലത്ത് ഞങ്ങളുടെ ഒരു യോഗത്തില്‍ ഹാരിസ് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു. ‘ഞാനായതുകൊണ്ട് ചിലപ്പോ അവന്‍മാര്‍ പാര വക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാ യോഗത്തില്‍ ഞാന്‍ കൂടുതല്‍ ഓഫറുകളൊന്നും വക്കാത്തത്’ എന്ന് ഹാരിസ് പറഞ്ഞു. നിങ്ങളെന്തിനാ അവരുമായി വഴക്കിടുന്നത് എന്ന് ഞാന്‍ ചോദിച്ചു.’ ഞാന്‍ വഴക്കിടാതിരുന്നാല്‍ അവന്‍മാര്‍ പിടിച്ചെന്നെ വി.സി.ആക്കിക്കളയും’ എന്നായിരുന്നു മറുപടി. പക്ഷെ അത് തമാശയായിരുന്നില്ല. 90 കളിലെ ഹാരിസായിരുന്നെങ്കില്‍ എപ്പഴേ വി.സി. ആയേനെ.

(അന്‍വര്‍ അലിയുമായി അഴിമുഖം ബ്യൂറോ ചീഫ് കെ ആര്‍ ധന്യ സംസാരിച്ച് തയ്യാറാക്കിയത്)

അന്‍വര്‍ അലി

അന്‍വര്‍ അലി

കവി, ചലച്ചിത്ര പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍