UPDATES

ട്രെന്‍ഡിങ്ങ്

വിജെടി ഹാളിന് കൃഷ്ണ മേനോന്റെ പേരിടാന്‍ തീരുമാനിച്ചിരുന്നു; അന്ന് എസ് ഗുപ്തന്‍ നായര്‍ പറഞ്ഞത്, “വഴിയില്‍ കിടക്കുന്ന തേങ്ങയെടുത്ത് ഗണപതിക്കടിക്കരുതെ”ന്നാണ്; അയ്യങ്കാളി ഹാളിനെ ചൊല്ലി ചില ‘ചരിത്ര’ തര്‍ക്കങ്ങള്‍

അന്ന് വിജെടി ഹാളില്‍ ഒരു ചടങ്ങ് സംഘടിപ്പിക്കുന്നത് അഭിമാനമായിരുന്നെങ്കില്‍ ഇന്ന് അതൊരു വ്യാപാര കേന്ദ്രം മാത്രമായിരിക്കുന്നു

തിരുവനന്തപുരം വിജെടി ഹാളിന്റെ പേര് അയ്യങ്കാളി ഹാള്‍ എന്ന് പുനര്‍നാമകരണം ചെയ്തിരിക്കുകയാണ് കേരള സര്‍ക്കാര്‍. അയ്യങ്കാളി ജയന്തിയോട് അനുബന്ധിച്ച് 2019 ഓഗസ്റ്റ് 28നു വി ജെ ടി ഹാളില്‍ വെച്ച് നടന്ന പരിപാടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ പ്രഖ്യാപനം നടത്തിയത്. കൊളോണിയല്‍ കാലത്തിന്റെ സ്മരണയായാണ് തിരുവനന്തപുരത്ത് ഈ ഹാള്‍ തലയുയര്‍ത്തി നില്‍ക്കുന്നതെങ്കിലും അയ്യങ്കാളിയും ഡോ. പല്‍പ്പുവും കുമാരനാശാനും സി കേശവനുമെല്ലാം അംഗങ്ങളായിരുന്ന ശ്രീമൂലം പ്രജാസഭയുടെ നിയമസഭാ മന്ദിരവും ഇതായിരുന്നു. അതിനാല്‍ തന്നെ ഇവര്‍ക്കെല്ലാവര്‍ക്കും ഈ ഹാളില്‍ തുല്യ അവകാശവുമുണ്ട്. എങ്കിലും അടിസ്ഥാന വര്‍ഗ്ഗത്തിന് വേണ്ടി അയ്യങ്കാളി ഉയര്‍ത്തിയ ശബ്ദം മുഴങ്ങിക്കേട്ട ഈ കെട്ടിടത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കുന്നുവെന്നാണ് പേര് മാറ്റത്തെ അനുകൂലിക്കുന്നവര്‍ ന്യായീകരിക്കുന്നത്. ഇതിനെ എതിര്‍ക്കുന്നവരാകട്ടെ അയ്യങ്കാളിയുടെ മഹത്വത്തിന് അര്‍ഹമായ മറ്റൊരു സ്മാരകം നിര്‍മ്മിക്കുകയോ അല്ലെങ്കില്‍ പേരില്ലാത്ത മറ്റേതെങ്കിലും സ്മാരകത്തിന് അയ്യങ്കാളിയുടെ പേര് നല്‍കണമെന്നും അവര്‍ വാദിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിജെടി ഹാളിന് കൃഷ്ണ മേനോന്റെ പേര് നല്‍കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ പ്രശസ്ത വിമര്‍ശകനും, പ്രഭാഷകനും, അദ്ധ്യാപകനുമായിരുന്ന എസ് ഗുപ്തന്‍ നായര്‍ പറഞ്ഞത് ‘വഴിയില്‍ കിടക്കുന്ന തേങ്ങയെടുത്ത് ഗണപതിക്കടിക്കരുത്’ എന്നാണ്. ഇന്ത്യയിലെ ആ കൊളോണിയല്‍ കാലഘട്ടത്തിന്റെ ഓര്‍മ്മ വരും തലമുറയ്ക്കും ഉണ്ടാകുവാനും അതിലൂടെ സ്വാതന്ത്ര്യത്തിന്റെയും അതിനുവേണ്ടിയുള്ള പോരാട്ടങ്ങളുടെയും മഹത്വം നിലനിര്‍ത്താനും വിജെടി ഹാള്‍ അതേപേരില്‍ തന്നെ നിലനില്‍ക്കണമെന്നും പേര് മാറ്റത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു. എന്തായാലും പേര് മാറ്റത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ചരിത്രത്തെ കൂട്ടുപിടിച്ചാണ് തങ്ങളുടെ വാദങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതെന്നത് ശ്രദ്ധേയമാണ്.

തിരുവനന്തപുരത്തിന്റെ ഒരു ചരിത്രപരമായ അടയാളമാണ് വിജെടി ഹാള്‍. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിപയായിരുന്ന വിക്ടോറിയ രാജ്ഞിയുടെ ഭരണത്തിന്റെ അമ്പതാം വര്‍ഷം ലോകത്തെമ്പാടുമുള്ള ബ്രിട്ടീഷ് കോളനികളില്‍ വിക്ടോറിയയുടെ പേരിലുള്ള സ്മാരകം വേണമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചു. അങ്ങനെ ഇന്ത്യയിലും എല്ലാ ഭാഗത്തും വന്നു. നാട്ടുരാജ്യങ്ങളിലും ബ്രിട്ടീഷ് പ്രദേശങ്ങളിലുമെല്ലാം വിക്ടോറിയയുടെ സ്മാരകങ്ങള്‍ ഉയര്‍ന്നു. അങ്ങനെ തിരുവനന്തപുരത്തും ഇത് വേണമെന്ന് അന്ന് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാള്‍ തീരുമാനിക്കുകയായിരുന്നു. അതിന് കുറേ തുക സര്‍ക്കാരും ബാക്കി ജനങ്ങളില്‍ നിന്ന് പിരിച്ചും സ്വരൂപിക്കാനാണ് തീരുമാനിച്ചത്. അങ്ങനെയാണ് പഴയ മഹാരാജസ് കോളേജിന്റെ ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജിനോട് ചേര്‍ന്നുള്ള സ്ഥലം ഏറ്റെടുത്ത് ഇന്ന് കാണുന്ന വിജെടി ഹാള്‍ നിര്‍മ്മിച്ചത്. വിക്ടോറിയന്‍ ശൈലിയില്‍ തന്നെയാണ് കെട്ടിടം നിര്‍മ്മിച്ചത്. സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് കെട്ടിടം നിര്‍മ്മിക്കാന്‍ ആരംഭിച്ചതെങ്കിലും അഞ്ചാറ് വര്‍ഷം കഴിഞ്ഞാണ് പണി പൂര്‍ത്തിയായത്. അപ്പോഴേക്കും ഡയമണ്ട് ജൂബിലി ആഘോഷിക്കാന്‍ സമയമായിരുന്നു. 1896ലായിരുന്നു ഇതിന്റെ ഉദ്ഘാടനം. വിപുലമായ ആഘോഷമായിട്ടായിരുന്നു ഇത് ഉദ്ഘാടനം ചെയ്തതെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകനായ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ പറയുന്നു.

അന്നുമുതല്‍ തിരുവനന്തപുരത്തെ ഏറ്റവും വലിയ പൊതുഇടമായി വിജെടി ഹാള്‍ മാറി. സര്‍ക്കാര്‍ പരിപാടികളും യോഗങ്ങളും രാജാവിന്റെ ജന്മദിനാഘോഷം പോലുള്ള ആഘോഷങ്ങളും ഇവിടെയാണ് പിന്നീട് നടന്നത്. 1888ല്‍ ഓഗസ്റ്റ് 23ന് വ്യാഴാഴ്ച 12 മണിക്ക് തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ആദ്യയോഗം ചേര്‍ന്നത് ദിവാന്റെ മുറിയിലായിരുന്നു. സെക്രട്ടേറിയറ്റിന്റെ തെക്കേ ഭാഗത്ത് രണ്ടാമത്തെ നിലയിലായിരുന്നു ഇത്. എട്ട് അംഗങ്ങള്‍ മാത്രമുള്ള നിയമനിര്‍മ്മാണ സഭയുടെ പിന്നീടുള്ള യോഗങ്ങളും ഇവിടെ തന്നെ നടന്നു. 1904ല്‍ ദിവാനായി ചുമതലയേറ്റ വി പി മാധവ റാവു നിയമനിര്‍മ്മാണ സഭയ്ക്ക് പുറമെ ജനഹിതം അറിയാന്‍ ഒരു സഭകൂടി വേണമെന്ന് തീരുമാനിക്കുകയും അതിന്റെ ഭാഗമായി ശ്രീമൂലം പ്രജാസഭ നിലവില്‍ വരികയും ചെയ്തു. വിവിധ ജനവിഭാഗങ്ങള്‍ ഇതില്‍ അംഗങ്ങളാകുകയും സഭയുടെ അംഗസംഖ്യ ക്രമേണ വര്‍ധിക്കുകയും ചെയ്തതോടെ വിജെടി ഹാള്‍ നിയമസഭാ മന്ദിരമായി. നിയമനിര്‍മ്മാണം നടന്നിരുന്നില്ലെങ്കിലും ജനങ്ങളുടെ അഭിപ്രായങ്ങള്‍ പ്രതിഫലിക്കുന്ന ഒരു ഇടമായി ഇത് മാറി. അധഃസ്ഥിത സമുദായത്തില്‍ നിന്നുള്ള അംഗങ്ങളെയും ഉള്‍പ്പെടുത്തിയിരുന്നതിനാല്‍ കൗണ്‍സിലിന്റെ യോഗം ദര്‍ബാര്‍ ഹാളില്‍ നിന്നും വിജെടി ഹാളിലേക്ക് മാറ്റുകയായിരുന്നെന്നും ചരിത്രം പറയുന്നു. രാഷ്ട്രീയ വേദിയ്‌ക്കൊപ്പം തന്നെ സാംസ്‌കാരിക വേദിയായും വിജെടി ഹാള്‍ നിലനിന്നു. സി വി രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ നാടകമായപ്പോള്‍ അവതരിപ്പിക്കപ്പെട്ടത് ഇവിടെയാണ്. ഒരുകാലത്ത് വിജെടി ഹാളില്‍ ഒരു പരിപാടി നടത്തുകയെന്നത് അഭിമാനമായിരുന്നുവെന്നും മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ ഓര്‍ത്തെടുക്കുന്നു. സര്‍ക്കാര്‍ ആവശ്യങ്ങള്‍ കൂടാതെ പൊതുജനങ്ങളുടെ ചില ആവശ്യങ്ങള്‍ക്കും ഹാള്‍ വിട്ടുനല്‍കിയിരുന്നു. അത് ആവശ്യപ്പെടുന്ന ആളുകളുടെ സമൂഹത്തിലെ സ്ഥാനമൊക്കെ നോക്കിയാണ് കൊടുത്തിരുന്നത്. ഹാള്‍ അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഒരു മൂന്നംഗ സമിതിയുമുണ്ടായിരുന്നു. മണ്ണെണ്ണ ഉപയോഗിക്കുന്ന ജനറേറ്റര്‍ കൊണ്ടാണ് അന്ന് ഇവിടെ നാടകങ്ങളും മറ്റ് പരിപാടികളും അവതരിപ്പിച്ചിരുന്നതെന്നും മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

1925ല്‍ മഹാത്മാഗാന്ധി തിരുവനന്തപുരത്തെത്തിയപ്പോള്‍ വിജെടി ഹാളിലാണ് പ്രസംഗിച്ചത്. ടാഗോര്‍, സരോജിനി നായിഡു എന്നീ നേതാക്കളും ഇവിടെ വന്ന് പ്രസംഗിച്ചിട്ടുണ്ട്. തിരുവിതാംകൂറില്‍ ആദ്യമായി വന്ന കഴ്‌സണ്‍ പ്രഭുവും ഇവിടെ സംസാരിച്ചിട്ടുണ്ട്. കീഴാളരുടെ മക്കളെ സ്‌കൂളില്‍ ചേര്‍ക്കാത്തതിനെതിരെയും അവര്‍ക്ക് കൃഷിസ്ഥലങ്ങളില്ലാത്തതിനെതിരെയും കൂലി കൊടുക്കാത്തതിനെതിരെയും അയ്യങ്കാളി ഈ ഹാളിലാണ് പ്രസംഗിച്ചത്. അധഃസ്ഥിതരുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തിനും ആഭരണ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ശബ്ദങ്ങളും ഇവിടെ ഉയര്‍ന്നു. പട്ടംതാണുപിള്ളയുടെ പ്രശസ്തമായ ‘സോ കോള്‍ഡ്’ പ്രയോഗം ഉണ്ടായതും ഇവിടെയാണ്. പോലീസ് മേധാവിയാണ് സോ കോള്‍ഡ് കോണ്‍ഗ്രസ് എന്ന് പറഞ്ഞത്. പട്ടംതാണുപിള്ള ഇതിനെ എതിര്‍ത്തപ്പോള്‍ സിപി അത് പാര്‍ലമെന്ററി വിരുദ്ധ വാക്കല്ലെന്ന് പറഞ്ഞ് വാക്ക് അനുവദിക്കുകയായിരുന്നു. അതോടെ പട്ടം തന്റെ പ്രസംഗത്തില്‍ മുഴുവന്‍ ‘സോ കോള്‍ഡ് ദിവാന്‍ ഓഫ് ട്രാവന്‍കൂര്‍’, ‘സോ കോള്‍ഡ് പോലീസ് കമ്മിഷണര്‍ ഓഫ് ട്രാവന്‍കൂര്‍’ എന്നിങ്ങനെയുള്ള വാക്കുകള്‍ പ്രയോഗിക്കാന്‍ ആരംഭിച്ചു. അതോടെ സിപിയ്ക്ക് ഒന്നും പറയാനാകാതെ വന്നു. 1940ഓടെ സെക്രട്ടേറിയറ്റിനകത്ത് നിര്‍മ്മിച്ച പുതിയ നിയമസഭാ ഹാളിലേക്ക് ശ്രീമൂലം പ്രജാസഭ മാറ്റി. സ്വാതന്ത്ര്യം അടുത്തുവന്നതോടെ സിപി സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന ആശയവുമായി മുന്നോട്ട് പോയപ്പോള്‍ അതിന് വേണ്ടിയുള്ള അവസാന സമ്മേളനം നടന്നതും വിജെടി ഹാളിലാണ്. സിപിയെ അനുകൂലിക്കുന്ന ഉദ്യോഗസ്ഥന്മാരും മറ്റുമാണ് അതില്‍ പങ്കെടുത്തത്. അന്ന് വിദ്യാര്‍ത്ഥികളായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണനെല്ലാം അതിനെതിരെ വിജെടി ഹാളിന് പുറത്ത് സമരം നടത്തിയിരുന്നു.

സ്വാതന്ത്ര്യത്തിന് ശേഷം വിജെടി ഹാളിന് ജനകീയ മുഖം ലഭിച്ചു. ആരെയൊക്കെ മുമ്പ് അടിച്ചമര്‍ത്തിയോ അവരെല്ലാം പിന്നീട് ഭരണാധികാരികളായി ഈ ഹാളില്‍ വന്നു. തിരുവിതാംകൂറും കൊച്ചിയും ലയിക്കുന്നതിനും ഐക്യകേരളം വരുന്നതിനും ഇവിടെ വച്ച് ആദ്യത്തെ പ്രധാനമന്ത്രി സ്ഥാനം ഏറ്റുവാങ്ങിയ പട്ടം താണുപിള്ളയെ മരണശേഷം പൊതുദര്‍ശനത്തിന് വച്ചതും ഇവിടെയാണ്. സത്യനെ പോലുള്ള അഭിനയ പ്രതിഭകളുടെ ആദ്യ നാടകത്തിന് ഇവിടം വേദിയാകുകയും ചെയ്തു. വയലാര്‍ രാമവര്‍മ്മ, സത്യന്‍ ഉള്‍പ്പെടെയുള്ള പ്രശസ്ത സിനിമാ താരങ്ങള്‍ ഇവരുടെയെല്ലാം അന്ത്യോപചാരം ഇവിടെ നടന്നു. അങ്ങനെ ഒരുകാലത്ത് പല പ്രമുഖരെയും സ്വാഗതം ചെയ്തതും യാത്രയാക്കിയതും വിജെടി ഹാളാണ്.

ചരിത്രം പരിശോധിക്കുമ്പോള്‍ ഇന്നലെയുടെയും ഇന്നിന്റെയും ഒരു കണ്ണിയാണ് വിജെടി ഹാള്‍ എന്നാണ് മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ പറയുന്നത്. അതേസമയം വിജെടി ഹാള്‍ എന്ന പേര് അയ്യന്‍കാളി ഹാള്‍ എന്നാക്കുന്നത് സര്‍ക്കാരിന്റെ ഇഷ്ടമാണെന്നാണ് അദ്ദേഹം പറയുന്നത്. ഓരോ കാലഘട്ടത്തിലും വലിയ വലിയ ചക്രവര്‍ത്തിമാരുടെ പേരുകളും പ്രതിമകളുമെല്ലാം പൊളിച്ചുമാറ്റിയില്ലേ? നാളെയൊരു ഭരണാധികാരിക്ക് നേപ്പിയര്‍ മ്യൂസിയം വേണ്ടെന്ന് തോന്നുകയാണെങ്കില്‍ അതും പൊളിച്ചുമാറ്റും. കൃഷ്ണമേനോന്‍ മരിച്ചപ്പോള്‍ വിജെടി ഹാളിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അപ്പോഴും അത് ശരിയല്ലെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. നിയമപരമായി പേര് മാറ്റുന്നതില്‍ തെറ്റൊന്നുമില്ല- അദ്ദേഹം പറയുന്നു. പക്ഷെ അപ്പോഴും പഴയകാലത്തെ വിജെടി ഹാള്‍ ആയിരുന്നു ഇതെന്ന് എഴുതിവയ്ക്കണം. അല്ലങ്കില്‍ ഒരു നൂറ് വര്‍ഷം കഴിയുമ്പോള്‍ ആളുകള്‍ വിജെടി ഹാള്‍ തപ്പിനടക്കും. അയ്യങ്കാളിയുടെ പോരാട്ടവും മഹത്തരമാണ്. അതിനാല്‍തന്നെ അദ്ദേഹത്തിനും ഒരു സ്മാരകം ആവശ്യമാണെന്നും മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ പറയുന്നു.

കേരളപ്പിറവിയുടെ പ്രഖ്യാപനം നടന്നത് കനകക്കുന്ന് കൊട്ടാരത്തിലാണെങ്കിലും അതിന്റെ പരിപാടികളെല്ലാം നടന്നത് വിജെടി ഹാളിലാണ്. അന്ന് അഞ്ചുവയസ്സുകാരനായ താന്‍ ആദ്യമായി ഒരു നാടകം കണ്ടതിന്റെ ഓര്‍മ്മയാണ് പ്രൊഫ. എംജി ശശിഭൂഷണ് വിജെടി ഹാളിനെക്കുറിച്ചുള്ളത്. അദ്ദേഹത്തിന്റെ പിതാവായ എസ് ഗുപ്തന്‍ നായരും ആ നാടകത്തില്‍ അഭിനയിച്ചിരുന്നു. കുഞ്ഞാലിമരയ്ക്കാര്‍ എന്ന നാടകത്തില്‍ സാമൂതിരി രാജാവായണ് ഗുപ്തന്‍ നായര്‍ അഭിനയിച്ചത്. ഒടുവില്‍ ഗുപ്തന്‍ നായരുടെ മൃതദേഹവും വിജെടി ഹാളിലാണ് പൊതുദര്‍ശനത്തിന് വച്ചത്. വിജെടി ഹാളിന്റെ പേര് മാറ്റുന്നതിനെക്കുറിച്ച് അത് തെറ്റാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഒരു ചരിത്രബോധത്തിന്റെ ശൂന്യതയാണ് അതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. മുഖ്യമന്ത്രിക്ക് അത് തീരുമാനിക്കാന്‍ അധികാരമുണ്ടെങ്കിലും അദ്ദേഹം അങ്ങനെയൊരു തീരുമാനം എടുക്കരുതായിരുന്നെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

വികെ കൃഷ്ണമേനോന്റെ പേര് നല്‍കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ തന്റെ പിതാവ് എടുത്ത നിലപാടും അദ്ദേഹം ചൂണ്ടിക്കാട്ടി. കൃഷ്ണ മേനോന് സ്മാരകം വേണം പക്ഷെ അതിന് ചരിത്രമുറങ്ങുന്ന വിജെടി ഹാള്‍ തന്നെ വേണമെന്ന് ശഠിക്കരുതെന്നാണ് ഗുപ്തന്‍ നായര്‍ പറഞ്ഞത്. അയ്യങ്കാളി മഹാനായ ഒരു സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നതില്‍ സംശയമൊന്നുമില്ല. വിജെടി ഹാള്‍ അയ്യങ്കാളിയുമായി ബന്ധപ്പെട്ട് കിടക്കുന്നത് പോലെ തന്നെ സി കേശവനുമായും മഹാകവി കുമാരനാശാനുമായും അങ്ങനെ പലര്‍ക്കും ആ ഇടത്തില്‍ അവകാശമുണ്ട്. എല്ലാവര്‍ക്കും തുല്യ അവകാശമുള്ളതിനാല്‍ തന്നെ അയ്യങ്കാളിയെ മാത്രം തെരഞ്ഞെടുത്ത് പേര് മാറ്റുന്നത് ശരിയല്ലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തിരുവനന്തപുരത്തെ ഇന്ന് പേരില്ലാത്ത സമുന്നതമായ മറ്റേതെങ്കിലും പൊതുഇടം അയ്യങ്കാളിയുടെ പേരിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

കൂടാതെ വിജെടി ഹാളിന് മുമ്പുണ്ടായിരുന്ന പ്രാധാന്യം ഇന്നില്ലെന്നും ശശിഭൂഷണ്‍ ചൂണ്ടിക്കാട്ടുന്നു. വിജെടി ഹാള്‍ ഇപ്പോള്‍ ഒരു വില്‍പ്പന സ്ഥലമായി മാറുന്നതാണ് കാണുന്നത്. കരകൗശല വസ്തുക്കളും വസ്ത്രങ്ങളും വില്‍ക്കാനുള്ള ഒരിടമായി അത് ചുരുങ്ങി. സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള വേദിയായി അതിനെ വീണ്ടും വിഭാവനം ചെയ്യണം. വിജെടി ഹാള്‍ എന്ന് പറയുമ്പോള്‍ നമ്മള്‍ വിക്ടോറിയ റാണിയെയല്ല ഓര്‍ക്കുന്നത്. അവിടെ നാം ഓര്‍ക്കുന്നത് ദീര്‍ഘമായ പ്രഭാഷണങ്ങളും നിവര്‍ത്തന പ്രക്ഷോഭവും പിന്നോക്ക വിഭാഗക്കാരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തിയ ഇടപെടലുകള്‍ക്ക് വേദിയായിരുന്ന ശ്രീമൂലം അസംബ്ലിയെയുമാണ്. ചരിത്രത്തില്‍ നിന്നും ശ്രീമൂലം അസംബ്ലിയെ തുടച്ചുമാറ്റാന്‍ കഴിയുകയില്ല. അതുകൊണ്ട് തന്നെ വിജെടി ഹാളിന്റെ പേര് മാറ്റേണ്ടതില്ല- അദ്ദേഹം പറഞ്ഞു നിര്‍ത്തി.

അതേസമയം വിജെടി ഹാളിന്റെ പേര് അയ്യങ്കാളിയുടെ പേരിലാക്കണമെന്നാണ് ചരിത്ര അദ്ധ്യാപകനും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ പ്രൊഫ. വി കാര്‍ത്തികേയന്‍ പറയുന്നത്. അയ്യങ്കാളി സാമ്പത്തികമായ ഒരു ആവശ്യത്തിന് വേണ്ടിയുമല്ല, ഒരു പൗരാവകാശത്തിന് വേണ്ടിയാണ് പോരാടിയത്. പൗരവകാശം എന്ന വാക്കിന്റെ പ്രാധാന്യവും മഹത്വവും അദ്ദേഹത്തിന് അറിയുമായിരുന്നോയെന്ന് അറിയില്ല. ഒരു മൗലികാവകാശത്തിലേക്കുള്ള എത്തിനോട്ടമാണെന്ന് പോലും അദ്ദേഹത്തിനറിയില്ല. പക്ഷെ ഒരു നൂറ്റാണ്ടിന് ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ അദ്ദേഹം തുടങ്ങി വച്ച പൗരാവകാശ പ്രക്ഷോഭമാണ് ന്യൂനപക്ഷങ്ങള്‍ക്കുള്ള വിദ്യാഭ്യാസാവകാശമായി മാറിയത്. വിദ്യാഭ്യാസം സൗജന്യമാക്കുന്നതിനും എല്ലാ വിദ്യാലയങ്ങളിലും പ്രവേശനം ലഭിക്കുന്നതിനുമെല്ലാം ഈ പ്രക്ഷോഭം കാരണമായിട്ടുണ്ട്. ഏഴാം ക്ലാസിന് മുകളിലേക്ക് വിദ്യാഭ്യാസത്തിന് ഫീസ് ഈടാക്കാന്‍ ആരംഭിച്ചപ്പോള്‍ പട്ടികജാതിക്കാര്‍ക്ക് ഫീസൊഴിവാക്കിയതും പത്താംക്ലാസ് പരീക്ഷയ്ക്ക് ഈ വിഭാഗത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് ഫീസ് വേണ്ടെന്ന് വച്ചത് എല്ലാം അതിന്റെ ഭാഗമാണ്. സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് ഇന്ന് കേന്ദ്രസര്‍ക്കാര്‍ സഹായമുണ്ട്. എന്നാല്‍ ഇതിന്റെ തുടക്കക്കാരന്‍ അയ്യങ്കാളിയാണെന്നും കാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടുന്നു. 1916 മുതല്‍ പത്ത് വര്‍ഷക്കാലം അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടതിന്റെ ഫലമായാണ് ഓരോ കുട്ടിക്കും ഒരു ചക്രം അരി വാങ്ങാനും ഒരു കാശ് ഉപ്പ് വാങ്ങാനും തിരുവിതാംകൂര്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അനുവദിച്ചത്. ഇന്നത് സാര്‍വത്രികമാണ്.

നിരക്ഷരനായ അയ്യങ്കാളി നിയമസഭയില്‍ പ്രസംഗിച്ചത് മലയാളത്തിലാണ്. പക്ഷെ അയ്യങ്കാളിയുടെ പ്രസംഗങ്ങളെല്ലാം എഴുതിവച്ചിരിക്കുന്നത് ഇംഗ്ലീഷിലാണ്. ഏതോ ഉദ്യോഗസ്ഥനാണ് അത് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ആ പരിഭാഷകന്റെ ഭാഷാപ്രയോഗ ശേഷിക്ക് അയ്യങ്കാളി ഉദ്ദേശിച്ച കാര്യത്തെ പ്രതിഫലിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ട്. അയ്യങ്കാളി പറഞ്ഞത് ഒന്നായിരിക്കും ഇദ്ദേഹം മനസിലാക്കിയത് മറ്റൊന്നായിരിക്കും എഴുതിവച്ച് വെളിയില്‍ വന്നപ്പോള്‍ ഇപ്പോള്‍ നിയമസഭാ രേഖയില്‍ കിട്ടുന്നത് വേറൊന്നായിരിക്കും. അതുകൊണ്ട് തന്നെ അയ്യങ്കാളി എന്താണ് അവിടെ ഉദ്ദേശിച്ചതെന്ന് നമുക്ക് അറിയില്ല. വിജെടി ഹാളിന്റെ കഴുക്കോലുകള്‍ക്കും കതകുകള്‍ക്കും കര്‍ട്ടനുകള്‍ക്കുമെല്ലാം എന്തെങ്കിലും പറയാന്‍ കഴിയുമെങ്കില്‍ അയ്യങ്കാളിയുടെ പ്രസംഗം ഇപ്പോള്‍ ആ ഹാളില്‍ പ്രതിധ്വനിക്കും. അതുകൊണ്ട് തനിക്ക് തോന്നുന്നത് തിരുവിതാംകൂര്‍ നിയമസഭയുടെ ആസ്ഥാനമായ ആ പ്രദേശത്തെ അദ്ദേഹത്തിന്റെ സ്മാരകമാക്കണമെന്നാണെന്നും കാര്‍ത്തികേയന്‍ പറയുന്നു. മറ്റുള്ളവരെ ആരെയും ഇകഴ്ത്താന്‍ വേണ്ടിയല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയ്യങ്കാളിയോടൊപ്പം കാവാലികുളം കണ്ടന്‍കുമാരന്‍ ഉണ്ടായിരുന്നു, നേരത്തെ കുമാരനാശാന്‍ അവിടെ എത്തിപ്പെട്ടിട്ടുണ്ട്. പിന്നീട് പൊയ്കയില്‍ കുമാരദേവന്‍ അവിടെ എത്തി. പക്ഷെ ഇവരൊക്കെ പ്രസംഗിച്ച കൂട്ടത്തില്‍ ഇന്നും കേരള സമൂഹത്തില്‍ ഏറ്റവും താഴ്ന്ന അവസ്ഥയില്‍ കഴിയുന്നവര്‍ക്ക് വേണ്ടി സംസാരിച്ചത് അയ്യങ്കാളിയാണെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍