UPDATES

ട്രെന്‍ഡിങ്ങ്

സര്‍ക്കാരിനോട്: ഇന്നാണ് അവസാന തീയതി; പോര്‍ച്ചുഗലില്‍ നിന്നും ദളിത് പെണ്‍കുട്ടിയുടെ അപേക്ഷ/വീഡിയോ

കോയംബ്ര സര്‍വകലാശാലയിലെ എംഎസ് സി ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായ തൃശൂര്‍ കൊടകര സ്വദേശി റിമ രാജന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സ്കോളര്‍ഷിപ്പ് ലഭിക്കാതെ പോര്‍ച്ചുഗലില്‍ കുടുങ്ങി കിടക്കുന്നു

“സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച് കിടപ്പാടം പണയം വച്ചാണ് ഇവിടെ പഠിക്കാന്‍ എത്തിയത്. ഒന്നര വര്‍ഷം മുമ്പ് അപേക്ഷിച്ച സ്‌കോളര്‍ഷിപ്പാണ്. ഇതുവരെ കിട്ടിയിട്ടില്ല.” പോര്‍ച്ചുഗലിലെ പ്രശസ്തമായ കോയംബ്ര സര്‍വകലാശാലയിലെ എം എസ് സി ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായ തൃശൂര്‍ കൊടകര സ്വദേശിയായ റിമ രാജന്‍ ആഗസ്ത് 18നു അഴിമുഖത്തോട് പറഞ്ഞതാണ് ഇത്.

അഴിമുഖം പുറത്തു കൊണ്ടുവന്ന, ബിനേഷ് ബാലന്‍, നിധിഷ് സി സുന്ദര്‍ എന്നീ ആദിവാസി-ദളിത് വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും നേരിട്ട അതേ സാഹചര്യങ്ങളാണ് റിമയും നേരിട്ടു കൊണ്ടിരിക്കുന്നത്.

താമസസ്ഥലത്തെ വാടകപോലും കൊടുക്കാന്‍ സാധിക്കാതെ സഹപാഠികളുടെ കാരുണ്യത്തില്‍ കഴിയുകയാണ് റിമ ഇപ്പോള്‍.

“സെപ്തംബര്‍ ആദ്യ ആഴ്ച ഫീസ് അടയ്ക്കണം; നാലു ലക്ഷത്തോളം വരും. കഴിഞ്ഞില്ലെങ്കില്‍ അടുത്ത പ്രൊവിഷന്‍ 2018 സെപ്തംബറിലാണ്. അങ്ങനെ വരുമ്പോള്‍ ഒരു വര്‍ഷം നഷ്ടമാകും. അതോടെ തിസീസും റിസര്‍ച്ച് വര്‍ക്കുകളും റിജക്റ്റ് ചെയ്യും. പിഎച്ച്ഡി ആപ്ലിക്കേഷനും തള്ളും. അതു മാത്രമല്ല, വിസ പുതുക്കേണ്ട സമയമാകുന്നു. നിശ്ചിത തുക ബാങ്ക് ബാലന്‍സ് ഉണ്ടാവണം, മറ്റു ചിലവുകള്‍ വേറെ. വിസ പുതുക്കിയില്ലെങ്കില്‍ അവിടെ നില്‍ക്കാന്‍ പറ്റില്ല. കൂലിപ്പണി ചെയ്ത് മകളുടെ പഠനത്തിനായി കഷ്ടപ്പെടുന്ന ഒരച്ഛന്റെ സ്വപ്‌നംകൂടിയാണ് അവിടെ തകരുന്നത്.”

സര്‍ക്കാരില്‍ നിന്നും ധനസഹായം കിട്ടും എന്ന ഉറപ്പിലാണ് 15 ലക്ഷം വായ്പ എടുത്ത് 2015 നവംബറില്‍ കോയംബ്രയില്‍ പ്രവേശനം നേടുന്നത്. 2016 ഫെബ്രുവരിയില്‍ സ്‌കോളര്‍ഷിപ്പിന് സര്‍ക്കാരില്‍ അപേക്ഷ നല്‍കി. എന്നാല്‍ ഇപ്പോള്‍ മെറിറ്റില്ല എന്ന കാരണം പറഞ്ഞു റിമയുടെ അപേക്ഷ നിരസിക്കുകയാണ് ഉദ്യോഗസ്ഥര്‍.

റിമയ്ക്ക് ഫീസ് അടയ്ക്കാന്‍ സര്‍വ്വകലാശാല നല്കിയിരിക്കുന്ന അവസാന തീയതി ഇന്നാണ്. ആദിവാസി-ദളിത് മേഖലയിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടി നാഴികയ്ക്ക് നാല്‍പ്പത് വട്ടം പ്രസംഗിക്കുന്ന സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്ന കുറച്ചു മണിക്കൂറുകള്‍.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും നീക്കം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ പോര്‍ച്ചുഗലില്‍ നിന്നും റിമ രാജന്‍ അയച്ച വീഡിയോ അപേക്ഷ കാണാം.

Also Read: മന്ത്രി, എന്താണ് എനിക്കുള്ള അയോഗ്യത? ഒരു പുലയ പെണ്‍കുട്ടി വിദേശത്തൊന്നും പോയി പഠിക്കേണ്ട എന്നതാണോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍