UPDATES

ട്രെന്‍ഡിങ്ങ്

മുജാഹിദ് ബാലുശ്ശേരിയെ പോലുള്ളവരുടെ മുഖത്തുനോക്കി കൂവാന്‍ എന്നാണ് സ്ത്രീകളെ നിങ്ങള്‍ ധൈര്യം കാണിക്കുക?

സ്ത്രീവിരുദ്ധ പൊതുബോധം എത്രമാത്രം നോര്‍മലൈസ് ചെയ്യപ്പെട്ടു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഡൽഹിയിൽ ക്രൂരമായി റേപ് ചെയ്യപ്പെട്ട പെൺകുട്ടി കൊല്ലപ്പെട്ടത് അവളുടെ അപഥ സഞ്ചാരം മൂലമാണെന്ന ബാലുശ്ശേരിയുടെ കണ്ടെത്തൽ

സ്ത്രീധര്‍മം മറന്ന് കാമുകനോടൊപ്പം അപഥ സഞ്ചാരത്തിനിറങ്ങിയതിനാലാണ് ഡൽഹിയിൽ നിർഭയ കൊല്ലപ്പെട്ടതെന്ന് മുജാഹിദ് ബാലുശ്ശേരിയുടെ പുതിയ പ്രസംഗം. ജോലിക്ക് പോകുന്ന സ്ത്രീകള്‍ മോശക്കാരാണെന്നും പൂമുഖത്ത് കുറ്റിച്ചൂലില്‍ മൂത്രം ഒഴിച്ച് നില്‍ക്കുന്നവരാണ് ഇപ്പോഴത്തെ സ്ത്രീകളെന്നും ബാലുശ്ശേരി പ്രസംഗിച്ചത് ദിവസങ്ങൾക്കു മുൻപ് മാത്രമാണ്.

കുടുംബ വ്യവസ്ഥ ഇസ്ലാമിൽ എന്ന വിഷയത്തിൽ ഒരു ഗ്രാമത്തിൽ നടക്കുന്ന പ്രഭാഷണത്തിനിടെ തന്റെ വികാരം ശമിപ്പിക്കാൻ ഒരു സ്ത്രീ മതിയാവാതെ വരുമ്പോൾ നാല് വിവാഹം വരെ കഴിക്കാം എന്നു പറഞ്ഞ മത പ്രഭാഷകനോട് ഫാത്തിമ (ലെന അവതരിപ്പിക്കുന്ന കഥാപാത്രം) എഴുന്നേറ്റ് നിന്ന് ചോദിക്കുന്നു, അപ്പോൾ ഒരു പുരുഷൻ മതിയാവാത്ത സ്ത്രീയോ എന്ന്? സ്ത്രീകൾ ശബ്ദമുയർത്താൻ തുടങ്ങുമ്പോൾ ഖിയാമത് നാൾ അഥവാ അന്ത്യ ദിനം അടുത്തു എന്നു പറഞ്ഞു തുടങ്ങുന്ന പ്രഭാഷകനെ നിശബ്ദനാക്കി കൊണ്ട് അവൾ വീണ്ടും തുരുതുരാ ചോദ്യങ്ങൾ ഉന്നയിച്ചു. മത ഗ്രന്ഥത്തെ പ്രഭാഷകൻ വളച്ചൊടിക്കുകയാണെന്ന് വീണ്ടും അവർ ആരോപിച്ചെങ്കിലും സദസ്സിനു സ്വീകാര്യം പ്രാസംഗികനായ മുസ്ലിയാർ തന്നെ ആയിരുന്നു. അതുകൊണ്ട് തന്നെ ഫാത്തിമക്ക് സദസ്സിൽ നിന്ന് ഇറങ്ങിപോവാൻ അധികം ആലോചിക്കേണ്ടി വന്നില്ല.

രംഗം മുഹമ്മദ്‌ കോയ സംവിധാനം ചെയ്ത് ഉമ്മക്കുഞ്ഞ്, ആറ്റ, ഫാത്തിമ, സൈനു എന്നിങ്ങനെ, പുരുഷാധികാരത്തിന്‍റെ സ്മരണകള്‍ അയവിറക്കി ജീവിക്കുന്ന നാലു തലമുറയിലെ സ്ത്രീകളുടെ കഥ പറയുന്ന “അലിഫ്” എന്ന ചലച്ചിത്രത്തിലേതാണ്. എന്നാൽ ഫാത്തിമ ഉയർത്തുന്ന ചോദ്യം ഒരു സമുദായത്തോട് മാത്രമല്ല മൂവായിരത്തിലധികം സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്ന് ഒരു സൂപ്പർ സ്റ്റാർ പറയുമ്പോൾ അയാൾ ഒരു കാസനോവ ആയി മാറുകയും അത് തന്നെ ഒരു സ്ത്രീ ആവർത്തിക്കുമ്പോൾ അവർ മോശം സ്ത്രീയായി മാറുകയും ചെയ്യുന്ന സാമൂഹ്യശാസ്ത്രം നിലനിൽക്കുന്ന ഒരു വ്യവസ്ഥിതിയോടാണ്.

“പുരുഷന്മാർ സ്ത്രീകളുടെ മേൽ അധികാരം ഉള്ളവർ ആകുന്നു. മനുഷ്യരിൽ ഒരു വിഭാഗത്തിന് മറുവിഭാഗത്തേക്കാൾ കഴിവ് നൽകിയത് കൊണ്ടും പുരുഷന്മാർ അവരുടെ ധനം ചിലവഴിക്കുന്നത് കൊണ്ടും ആണത്. അതുകൊണ്ട് തന്നെ നല്ലവരായ സ്ത്രീകൾ അനുസരണ ശീലം ഉള്ളവരും പുരുഷന്റെ അഭാവത്തിലും സംരക്ഷിക്കേണ്ടതെല്ലാം സംരക്ഷിക്കുന്നവളും ആകുന്നു. എന്നാൽ അനുസരണക്കേട് കാണിക്കുന്ന സ്ത്രീകളെ നിങ്ങൾ ഉപദേശിക്കുക അതിൽ നടന്നിട്ടില്ലെങ്കിൽ കിടപ്പറയിൽ അകന്നു നിൽക്കുക എന്നിട്ടും അനുസരണക്കേട് കാണിക്കുന്ന പക്ഷം അവളെ അടിക്കുക. എന്നിട്ടവർ അനുസരിക്കുന്ന പക്ഷം അവർക്കെതിരെ ഒരു മാർഗവും അരുത്. തീർച്ചയായും ദൈവം ഉന്നതനും മഹാനും ആകുന്നു.”

മതപ്രഭാഷണ സദസുകളിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു മതഗ്രന്ഥത്തിലെ വാക്യമാണിത്‌. ഏത്‌ മതമായാലും മതഗ്രന്ഥമായാലും സ്ത്രീകൾക്ക്‌ അതിലുള്ള സ്ഥാനം ഇതുതന്നെയാണെന്നുള്ളത് എടുത്ത്‌ പറയേണ്ടതില്ല.

മുജാഹിദ് ബാലുശ്ശേരിക്ക് മറുപടി: ഇത്തരം വിഷജന്തുക്കളെ തുറന്നുകാട്ടുമ്പോള്‍ ഇസ്ലാം വിരുദ്ധത പൊക്കിപ്പിടിച്ച് വരുന്നവരോട് പുച്ഛം

സ്ത്രീ വിരുദ്ധത നിറഞ്ഞു നിൽക്കുന്ന ഒരു ആശയത്തെയും ആ ആശയം പണിതെടുത്ത സിസ്റ്റത്തേയും പിന്തുടരുന്ന, പ്രചരിപ്പിക്കുന്ന ഒരു വിഭാഗത്തിന്റെ അടുത്തു നിന്നും എത്രത്തോളം സ്ത്രീപക്ഷ നിലപാടുകൾ പ്രതീക്ഷിക്കാൻ പറ്റും എന്നുള്ളതുപോട്ടെ സ്ത്രീയെ ഇങ്ങനെ പരസ്യമായി ആക്ഷേപിക്കുന്ന അധ്യാപകരെയും മത പണ്ഡിതന്മാരെയും ഒക്കെ എങ്ങനെ സമൂഹം കൈകാര്യം ചെയ്യണമെന്നുള്ളത് ചിന്തിക്കേണ്ട കാര്യം ആണ്.

ഇതിലെ വിരോധാഭാസം ഇവരെ ഒക്കെ കേൾക്കുന്നതും പിന്തുടരുന്നതും ഒക്കെ കൂടുതലും സ്ത്രീകൾ ആണ് എന്നുള്ളതാണ്. നല്ല വിദ്യാസമ്പന്നരായ സ്ത്രീകൾ പോലും ഇതൊക്കെ വളരെ ആരാധനയോടെ കേൾക്കുന്നത് കാണാം. കലാകാലങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷാധികാര മനോഭാവം ഇതിനൊക്കെ ആക്കം കൂട്ടും. അതിന്‍റെ മുകളിൽ മതത്തിന്റെ നിർബന്ധങ്ങളും ചട്ടക്കൂടുകളും കൂടി ആവുമ്പോൾ അന്ധമായി പരലോകവും സ്വപ്നം കണ്ട് നടക്കുന്ന സ്ത്രീക്ക് ഇതുപോലെ ഉള്ള പ്രഭാഷണങ്ങളിൽ ഒരു തെറ്റും കണ്ടുപിടിക്കാൻ കഴിയാതെ വരും.

ജോലിയെടുക്കുന്ന സ്ത്രീകള്‍ നിങ്ങളീ പറഞ്ഞതു പോലെ അവിഹിതം ഒറ്റക്കുണ്ടാക്കുമോ?

സ്ത്രീ സ്വയംപര്യാപ്തത കൈവരിക്കുമ്പോൾ അധികാരം കൈവിട്ട് പോവുമെന്ന ഭയത്തിൽ, അതിന്‍റെ വെപ്രാളത്തിൽ ഇങ്ങനെ ഇത്രയും ലാഘവത്തോടെ പൊതുവേദിയിൽ സ്ത്രീ വിരുദ്ധത വിളിച്ചു പറയാൻ ആരാണ് ഇവര്‍ക്കൊക്കെ അധികാരം കൊടുത്തത്.

സ്ത്രീവിരുദ്ധ പൊതുബോധം എത്രമാത്രം നോര്‍മലൈസ് ചെയ്യപ്പെട്ടു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഡൽഹിയിൽ ക്രൂരമായി റേപ് ചെയ്യപ്പെട്ട പെൺകുട്ടി കൊല്ലപ്പെട്ടത് അവളുടെ അപഥ സഞ്ചാരം മൂലമാണെന്ന ബാലുശ്ശേരിയുടെ കണ്ടെത്തൽ. പീഡനങ്ങളിലും, ബലാത്സംഗങ്ങളിലുമെല്ലാം പ്രതികളെ തേടും മുൻപ് പൊതുസമൂഹം തിരയുന്ന ചില സംഗതികൾ പെൺകുട്ടിയുടെ വസ്ത്രം, സമയം, സ്വഭാവ ഗുണങ്ങൾ എന്നിവയൊക്കെയാണ്.

മാറിനെ വത്തക്കയോട് ഉപമിക്കുമ്പോൾ, സ്വയംപര്യാപ്തത ഉള്ള സ്ത്രീയെ അഹങ്കാരിയെന്നും അവിഹിതത്തിലേക്കു നയിക്കുമെന്നും മറ്റും പറയുമ്പോൾ, റേപ് ചെയ്യപ്പെട്ട സ്ത്രീയെ വീണ്ടും വീണ്ടും വാക്കുകൾ കൊണ്ട് റേപ് ചെയ്യുമ്പോൾ ഇത് കേട്ടുകൊണ്ടിരിക്കുന്നവർ ഒന്ന് കൂവാനുള്ള ധൈര്യമെങ്കിലും കാണിക്കണം.
ഇത്തരം സ്ത്രീ വിരുദ്ധ വിഷം തുപ്പുന്നവരെ വിചാരണ ചെയ്യണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അന്യപുരുഷന്റെ കൂടെ അവള്‍ തെണ്ടി നടന്നു: നിര്‍ഭയയെ അധിക്ഷേപിച്ച് മുജാഹിദ് ബാലുശേരിയുടെ പ്രസംഗം

ജോലിയുള്ള സ്ത്രീക്ക് അവിഹിതവും വൃത്തിയില്ലായ്മയും, വീണ്ടും സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി മുജാഹിദ് ബാലുശ്ശേരി

ഡോ. ലാവ്ന മുഹമ്മദ്

ഡോ. ലാവ്ന മുഹമ്മദ്

സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍