UPDATES

കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന് പറയുന്ന കോടതി ഇവര്‍ പറയുന്നത് കൂടി കേട്ടു നോക്കൂ

എന്താണ് കാമ്പസിന്റെ പള്‍സ് എന്ന് കൂടി കോടതി അറിയണം- വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍

കലാലയങ്ങളില്‍ രാഷ്ട്രീയം നിരോധിക്കുന്നത് സംബന്ധിച്ച് കേരള ഹൈക്കോടതി അടുത്തിടെ ഒരു നിരീക്ഷണം നടത്തുകയുണ്ടായി. കലാലയങ്ങളില്‍ രാഷ്ട്രീയം പഠനവും ഒന്നിച്ചു വേണ്ടെന്നും വിദ്യാര്‍ഥി സംഘടനകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ‘ഹൈജാക്ക്’ ചെയ്യുന്നത് അനുവദിക്കാനാവില്ല എന്നുമായിരുന്നു കോടതി പരാമര്‍ശം. പിന്നാലെ വിദ്യാര്‍ഥികളെ വീട്ടില്‍ ചെന്ന് അറസ്റ്റ് ചെയ്തു കൂടേ തുടങ്ങിയ പരാമര്‍ശങ്ങളും കോടതിയില്‍ നിന്നുണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് ഇത്തരത്തിലുള്ള പരാമര്‍ശം ഹൈക്കോടതിയില്‍ നിന്നുമുണ്ടാകുന്നത്. കേരളത്തെപ്പോലെ രാഷ്ട്രീയ പ്രബുദ്ധതയുള്ള സംസ്ഥാനത്ത് ഹൈക്കോടതിയുടെ ഈ പരാമര്‍ശം വലിയ ഞെട്ടല്‍ ഉണ്ടാക്കിയിരുന്നു. അതേസമയം, കലാലയങ്ങളില്‍ രാഷ്ട്രീയം നിരോധിക്കണമെന്ന അഭിപ്രായം മധ്യവര്‍ഗ പൊതുജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍ വ്യത്യസ്ത വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവക്കുകയാണിവിടെ

മുഹമ്മദ് അഫ്‌സല്‍ (എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി)

കോടതി പരാമര്‍ശം ജനാധിപത്യ വിരുദ്ധമാണ്. വിദ്യാര്‍ഥികള്‍ക്ക് സംഘടിക്കാനുള്ള സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണിത്. എല്ലാ പൗരന്‍മാര്‍ക്കും സംഘടിക്കാനുള്ള അവകാശം നമ്മുടെ രാജ്യത്തുണ്ട്. തൊഴിലാളികള്‍ക്ക് സംഘടിക്കാം, മറ്റ് വിഭാഗങ്ങള്‍ക്ക് സംഘടിക്കാമെന്നത് പോലെ തന്നെ വിദ്യാര്‍ഥികള്‍ക്കും സംഘടിക്കാനുള്ള അവകാശമുണ്ട്. നിലവില്‍ രാജ്യത്ത് വിദ്യാര്‍ഥികള്‍ പീഡനത്തിനിരയാവുന്നുണ്ട്. ജിഷ്ണു പ്രണോയ് അതിന് ഒരു ഉദാഹരണമാണ്. ഇന്റേര്‍ണല്‍ അസസ്‌മെന്റിന്റെ ഭാഗമായും അറ്റന്‍ഡന്‍സിന്റെ ഭാഗമായും വിദ്യാര്‍ഥി പീഡനങ്ങള്‍ ഉണ്ടാവുന്നു. ഫീസ് വര്‍ധനവ് ഉണ്ടാവുന്നു. ഇതിനെയെല്ലാം ചോദ്യം ചെയ്യുന്നത് വിദ്യാര്‍ഥി സംഘടനകളാണ്. സ്വാതന്ത്ര്യ സമരത്തിലുള്‍പ്പെടെ വിദ്യാര്‍ഥികള്‍ ഇടപെടണമെന്ന് രാഷ്ട്രപിതാവ് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. സംഘടിക്കാന്‍ വേണ്ടിയാണ് നവോഥാന നായകരും സാംസ്‌കാരിക പ്രവര്‍ത്തകരുമെല്ലാം പറഞ്ഞിട്ടുള്ളത്. അതില്‍ നിന്ന് വിരുദ്ധമായ ഒരു വിധിയാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഇത് ഒരു ജനാധിപത്യ രാജ്യത്ത് ഭൂഷണമായ കാര്യമല്ല. വിദ്യാര്‍ഥികളുടെ പ്രശ്‌നം പറയാനുള്ള സംവിധാനം ഉണ്ടാവണമല്ലോ. വിദ്യാര്‍ഥികള്‍ പീഡനത്തിനിരയാവുമ്പോഴാണ് ഇവിടെ സമരങ്ങള്‍ നടക്കുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് കോടതി ചില പരാമര്‍ശങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നതെങ്ങനെയെന്ന് അന്വേഷണം നടത്തുന്നില്ല.

ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍, വിദ്യാര്‍ഥി നേതാവിന്റെ രക്ഷിതാക്കള്‍ കോടതിയില്‍ വരണമെന്നാണ് ഏറ്റവുമൊടുവില്‍ പറഞ്ഞിട്ടുള്ളത്. 18 വയസ്സ് പൂര്‍ത്തിയായ, പ്രായപൂര്‍ത്തിയായ ആളാണ് ഈ വിദ്യാര്‍ഥി. പ്രായപൂര്‍ത്തിയായ ഒരാളുടെ രക്ഷിതാക്കളെ വിളിപ്പിക്കുക എന്ന് പറഞ്ഞാല്‍ അത് എത്രത്തോളം വിരോധാഭാസമാണ്. പൊന്നാനി എം.ഇ.എസ്. കോളേജ് നല്‍കിയ കോടതിയലക്ഷ്യം പോലീസ് സംരക്ഷണം നല്‍കുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ്. പോലീസിനെതിരെയാണ് പരാതി. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായമാണ് കോടതി പറഞ്ഞിരിക്കുന്നത്. മാത്രമല്ല, എസ്എഫ്ഐ എന്ന വിദ്യാര്‍ഥി സംഘടനയ്ക്ക് രാജ്യത്തെമ്പാടും വലിയ സ്വീകാര്യതയുണ്ടാവുന്നുണ്ട്, കേരളത്തില്‍ പ്രത്യേകിച്ച്. ഈ സ്വീകാര്യത ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുമ്പ് എ.കെ ആന്റണിയുടെ കാലത്ത് സ്‌കൂള്‍ രാഷ്ട്രീയം നിരോധിച്ചത് ഏവര്‍ക്കുമറിയാം. അത് എസ്എഫ്ഐയുടെ സ്വീകാര്യത വളര്‍ന്നുവന്ന സന്ദര്‍ഭത്തിലാണ്. രാഷ്ട്രീയമില്ലാതാക്കി, അടിമകളെപ്പോലെ അല്ലെങ്കില്‍ പുസ്തകപ്പുഴുക്കളെ പോലെ വിദ്യാര്‍ഥികളെ മുന്നോട്ടുകൊണ്ടുപോവുന്നതിനുള്ള പരിശ്രമമാണ് ഇതിന്റെ ഭാഗമായി ഉണ്ടാവാന്‍ പോവുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ സംഘടനാ പ്രവര്‍ത്തനമില്ലാത്തയിടങ്ങളിലെ സ്ഥിതി പരിശോധിച്ചാല്‍ തന്നെ കുറേ കാര്യങ്ങള്‍ മനസ്സിലാവും. മുത്തുക്കുടിയിലെ രണ്ട് വിദ്യാര്‍ഥികള്‍ അധ്യാപകനെ വെട്ടിക്കൊന്നത്, അയല്‍ സംസ്ഥാനങ്ങളില്‍ നിരവധി വിദ്യാര്‍ഥികള്‍ റാഗിങ്ങിനിരയായി മരണപ്പെട്ട വാര്‍ത്ത നമ്മളെല്ലാം കേട്ടതാണ്. അത്തരം പല വിഷയങ്ങളും സംഘടനയില്ലാത്തയിടങ്ങളിലുണ്ട്.
രാഷ്ട്രീയമെന്ന് പറയുന്നത് കേവലം ധര്‍ണയും പ്രകടനവും സമരവും മാത്രമല്ല. സൂര്യന് കീഴിലുള്ള എല്ലാ വിഷയങ്ങളിലും രാഷ്ട്രീയമുണ്ട്. കഥയിലും കവിതയിലുമുള്‍പ്പെടെ രാഷ്ട്രീയമുണ്ട്. അത് പാടില്ല എന്ന് പറയുന്നത് ഒരു ഘട്ടത്തിലും അംഗീകരിക്കാന്‍ പറ്റുന്നതല്ല.

പൊന്നാനി കോളേജിലെ സമരവുമായി ബന്ധപ്പെട്ടാണ് കോടതി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്. പൊന്നാനി കോളേജിലുണ്ടായ സംഭവം പറയാം. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് കിട്ടേണ്ട സ്‌കോളര്‍ഷിപ്പ് പ്രിന്‍സിപ്പലിന്റെ അനാസ്ഥ കാരണം കിട്ടാതെയായി. ആ സമയത്താണ് സമരം ഉണ്ടാവുന്നത്. പ്രിന്‍സിപ്പലിന് തെറ്റ് ബോധ്യപ്പെടുകയും അക്കാര്യം വിദ്യാര്‍ഥികളോട് സമ്മതിക്കുകയും ചെയ്തതാണ്. ഈ വിഷയം മുതല്‍ വിദ്യാര്‍ഥികളോട് പകപോക്കല്‍ സമീപനമാണ് മാനേജ്‌മെന്റ് കാണിക്കുന്നത്. കോളേജ് മാഗസിന് ഫണ്ട് കൊടുക്കാനും തയ്യാറായില്ല. മാഗസിന് പരസ്യം നല്‍കിയ ആളുകളെപ്പോലും സ്ഥാപനത്തിലേക്ക് വിളിച്ച് പണം നല്‍കരുതെന്ന് പറയുകയുണ്ടായി. യൂണിയന്‍ പരിപാടികളില്‍ പോലും എസ്.എഫ്.ഐ നേതൃത്വം നല്‍കുന്നതിനാല്‍ സഹകരിക്കാന്‍ തയ്യാറാവാത്ത സ്ഥിതിയുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് നോമിനേഷന്‍ കൊടുത്തപ്പോള്‍, വിദ്യാര്‍ഥികളെ അറിയിക്കാതെ ചില നോമിനേഷനുകള്‍ തള്ളിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആ സമയത്ത് അവിടെയുണ്ടായ ചില പ്രശ്‌നങ്ങളുടെ പേരില്‍ 27 വിദ്യാര്‍ഥികളെ കോളേജില്‍ നിന്ന് പുറത്താക്കി. അതിന്റെ ഭാഗമായി എസ്എഫ്ഐ നേതൃത്വത്തില്‍ സമരം തുടരുകയാണ്. പഠിപ്പ് മുടക്ക് സമരമല്ല നടക്കുന്നത്. പുറത്താക്കിയ വിദ്യാര്‍ഥികള്‍ പന്തല്‍കെട്ടി അവിടെയിരിക്കുന്നു. സമരം നടത്തുന്നത് തെറ്റാണെന്ന് പറഞ്ഞ്, കോടതിയെ തെറ്റിദ്ധരിപ്പിച്ച് മാനേജ്‌മെന്റ് ചില വിധികള്‍ വാങ്ങുകയായിരുന്നു. കേസ് വീണ്ടും ആറാം തീയതിയിലേക്ക് വച്ചിരിക്കുകയാണ്.

കെ.എം അഭിജിത് (കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്)

കേരളത്തിലെ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന തൊണ്ണൂറ് ശതമാനം അവകാശങ്ങളും നേടിയെടുക്കപ്പെട്ടത് വിദ്യാര്‍ഥി സമരങ്ങളിലൂടെയാണ്. അക്കാര്യത്തില്‍ തര്‍ക്കമില്ല. ഇപ്പോള്‍ കോടതിയില്‍ നിന്ന് നിരന്തര പരാമര്‍ശങ്ങള്‍ വരുന്നു. കാലങ്ങള്‍ക്ക് ശേഷം ഇക്കാര്യം വീണ്ടും ചര്‍ച്ചയായി വരികയാണ്. ഏതാണ്ട് പത്ത് പന്ത്രണ്ട് കൊല്ലമായി വിദ്യാര്‍ഥി രാഷ്ട്രീയ നിരോധനം വേണമെന്ന ഒരു ചര്‍ച്ച നടക്കുന്നുണ്ട്. ഇക്കാര്യം ഇപ്പോള്‍ സജീവമായി ചര്‍ച്ചയാവുന്നു. ഈ സാഹചര്യത്തില്‍ നിയമ നിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് കെ.എസ്.യുവിന്റെ ആവശ്യം. സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി വിദ്യാര്‍ഥി സംഘടനാ സ്വാതന്ത്ര്യം സംരക്ഷിക്കണം.

അതോടൊപ്പം വിദ്യാര്‍ഥികളുടെ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിക്കാനായി മാനേജ്‌മെന്റുകളും നിക്ഷിപ്ത താത്പര്യക്കാരും മുന്നോട്ട് പോവുമ്പോള്‍ അക്രമം കാണിച്ചുകൊണ്ട് അവര്‍ക്ക് ആയുധം കൊടുക്കുകയാണ് എസ്.എഫ്.ഐ. വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കാന്‍ ഇതെല്ലാമാണ് കാരണങ്ങള്‍ എന്ന് പറഞ്ഞുകൊണ്ട് വിദ്യാര്‍ഥികളെ പ്രയാസപ്പെടുത്തുകയാണവര്‍. എസ്.എഫ്‌ഐ അക്രമം കാണിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇവര്‍ തെളിവായി കോടതിയില്‍ സമര്‍പ്പിക്കുന്നത്. എസ്.എഫ്.ഐ അറിഞ്ഞുകൊണ്ട് അക്രമം കാണിക്കുന്നു. അത് മാനേജ്‌മെന്റുകള്‍ക്ക് സഹായകരമാവുന്നു. എസ്.എഫ്.ഐ അക്രമം അവസാനിപ്പിക്കണമെന്നതുകൂടിയാണ് കെ.എസ്.യുവിന്റെ ആവശ്യം.

സുബേഷ് സുധാകരന്‍ (എ.ഐ.എസ്.എഫ്. സംസ്ഥാന സെക്രട്ടറി)

പൊന്നാനി എം.ഇ.എസ്.കോളേജിലെ വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് പഠന അന്തരീക്ഷം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് മാനേജ്‌മെന്റ് കോടതിയെ സമീപിച്ചത്. അതിന്‍മേല്‍ പോലീസ് ഇടപെടലാവശ്യമാണെന്ന ഉത്തരവ് കോടതി പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. പോലീസ് സംരക്ഷണം വേണമെന്ന കോടതി ഉത്തരവ് നടപ്പാകുന്നില്ലെന്നും കോടതിയലക്ഷ്യമാണുണ്ടായിരിക്കുന്നതെന്നും ആവശ്യപ്പെട്ടുകൊണ്ട് കോളേജ് മാനേജ്‌മെന്റ് കൊടുത്ത പരാതി വിശദീകരിച്ചുകൊണ്ടാണ് അതിന് ശേഷം സമീപ ദിവസങ്ങളില്‍ വിദ്യാര്‍ഥിരാഷ്ട്രീയത്തിനെതിരായ കോടതിയുടെ കടന്നാക്രമണം ഉണ്ടായത്. ഏതെങ്കിലുമൊരു കാമ്പസില്‍ വിദ്യാര്‍ഥി സംഘര്‍ഷമോ, ഏതെങ്കിലും തരത്തിലുള്ള വിഷയമോ ഉണ്ടായതായി കോടതി നിരീക്ഷിച്ചാല്‍ കേരളത്തിലെ കാമ്പസുകളിലെ മുഴുവന്‍ വിദ്യാര്‍ഥി രാഷ്ട്രീയം മലീമസമാണെന്ന കണ്ടെത്തല്‍ വിചിത്രമാണ്. ഹൈക്കോടതി ജഡ്ജിക്കെതിരായി ഒരു അഴിമതി ആരോപണമുണ്ടായാല്‍ കേരളത്തിലെ കോടതികളെല്ലാം താഴിട്ടുപൂട്ടണമെന്ന് പരിഷ്‌കൃത സമൂഹം വിധിയെഴുതില്ല. അതുപോലെ കേവലമായ ഏതെങ്കിലുമൊരു കാമ്പസിലെ വിദ്യാര്‍ഥികളുടെ ഏറ്റുമുട്ടലോ സംഘര്‍ഷമോ മൂലം വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കണം എന്ന വാദമുന്നയിക്കുന്നത് അംഗീകരിക്കാനാവില്ല.

മറ്റൊന്ന്, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ജനാധിപത്യ രാജ്യത്തെ കാമ്പസുകളില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടരുതെന്ന വാദം എങ്ങനെ അംഗീകരിക്കാന്‍ കഴിയും. അതൊരു വിചിത്രമായ വാദമാണ്. പ്രത്യേകിച്ച് ഇന്ത്യയിലെ വിദ്യാര്‍ഥി സംഘടനകളുടെ ചരിത്രം രാജ്യത്തെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുമായി അഭേദ്യമായ ബന്ധമുള്ളതാണ്. 1936-ലാണ് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ആദ്യമായി ഒരു വിദ്യാര്‍ഥി പ്രസ്ഥാനം ഇന്ത്യയില്‍ രൂപം കൊള്ളുന്നത്. വലിയ പാരമ്പര്യമുള്ള വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്നു. ഒരുപക്ഷേ വര്‍ഗീയതയ്ക്കും ഫാസിസത്തിനും ഏകാധിപത്യത്തിനുമെതിരായി വര്‍ത്തമാനകാലത്തെ ഇന്ത്യയില്‍ ഇന്ത്യന്‍ രാഷ്ട്രീയം വിദ്യാര്‍ഥികളെക്കണ്ടാണ് പഠിക്കുന്നത്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, ജെ.എന്‍.യു. പുനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ചെന്നൈ ഐ.ഐ.ടി. പോലുള്ള കേന്ദ്രയൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ഥി പ്രതിരോധങ്ങളേയും പ്രതിഷേധങ്ങളേയും ഇന്ന് രാജ്യമേറ്റെടുക്കുകയാണ്. രാജ്യം ആ രാഷ്ട്രീയത്തെ കണ്ട് പഠിക്കുകയാണ്. അങ്ങനെയുള്ള സാഹചര്യമുള്ളപ്പോള്‍ വിദ്യാര്‍ഥികളുടെ രാഷ്ട്രീയം അപകടമാണ്, അത് പ്രകടപ്പിക്കാന്‍ പാടില്ല, കാമ്പസുകള്‍ പ്രതികരണത്തിന്റെ വേദിയാവരുത് എന്നെല്ലാം ഉന്നയിക്കുന്ന വാദങ്ങള്‍ വളരെ ബോധപൂര്‍വമാണ്. ബോധപൂര്‍വമായ ചില ഇടപെടലുകള്‍ ഇതില്‍ നടക്കുന്നുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കേരളത്തിലെ വിദ്യാര്‍ഥി രാഷ്ട്രീയം മലീമസമാണെന്ന് പറയാന്‍ കവിയില്ല. സര്‍ഗാത്മക രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന കേന്ദ്രങ്ങളാണ് കേരളത്തിലെ കാമ്പസുകള്‍. അപൂര്‍വമായ ചില പ്രശ്‌നങ്ങളില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഞങ്ങളെല്ലാവരും പല ഘട്ടത്തിലും പറഞ്ഞിട്ടുണ്ട്. ഏകസംഘടനാ വാദം ഉന്നയിക്കുന്ന വിദ്യാര്‍ഥി സംഘടനകളുടെ രാഷ്ട്രീയത്തെ എക്കാലത്തും ഞങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. എങ്കിലും കേരളത്തില്‍ ഇന്ന് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ വളരെ ഐക്യത്തോടെ ആവശ്യപ്പെടുന്നത് നിയമനിര്‍മ്മാണമാണ്. വിദ്യാര്‍ഥിത്വം സംരക്ഷിക്കുന്നതിന് വേണ്ടി വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോവുന്നത് പോലെ അടിക്കടിയുണ്ടാവുന്ന ഇത്തരം വിധിപ്രസ്താവങ്ങള്‍ക്കെതിരായി നിയമനിര്‍മ്മാണമാണ് യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ചെയ്യേണ്ടത്.

പാലാ സെന്റ്‌തോമസ് കോളേജിലെ മാഗസിന്‍ എഡിറ്ററായിരുന്ന സോജന്‍ ഫ്രാന്‍സിസിന് മാഗസിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ക്ലാസില്‍ പോവാന്‍ കഴിയാതെ വന്നു. എന്നാല്‍ അറ്റന്‍ഡന്‍സ് കുറവാണെന്ന് കാണിച്ച് കോളേജ് അധികാരികള്‍ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല. ഇതിനെതിരെ സോജന്‍ ഹൈക്കോടതിയില്‍ കൊടുത്ത ഒരു ഹര്‍ജിയില്‍, അറ്റന്‍ഡന്‍സില്ലാത്തതുകൊണ്ട് പരീക്ഷയെഴുതണോ വേണ്ടയോ എന്ന് മാത്രം പറയേണ്ട കോടതി അന്ന് പറഞ്ഞത് സോജന് പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന് മാത്രമല്ല വേണമെങ്കില്‍ കേരളത്തിലെ മാനേജ്‌മെന്റുകള്‍ക്കോ പ്രിന്‍സിപ്പലിനോ കാമ്പസിനകത്ത് വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കാം എന്നായിരുന്നു. 2005ലാണ് ഈ വിധി വന്നത്. പിന്നീട് ഇപ്പോള്‍ വീണ്ടും അതേ കാര്യം പറഞ്ഞുകൊണ്ട് വിധി വരുന്നു. ഇതിനെ തടയാന്‍ നിയമനിര്‍മ്മാണം കൊണ്ടേ കഴിയൂ. കഴിഞ്ഞ ദിവസം കോടതി നടത്തിയത് ഒരു പരാമര്‍ശമാണ്. അതിനാല്‍ കേസില്‍ കക്ഷിചേരാന്‍ കഴിയില്ല. ആ പരാമര്‍ശങ്ങള്‍ നീക്കാനായി കോടതിയെ സമീപിക്കാം എന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച നിയമോപദേശം. കാമ്പസുകളില്‍ പഠിക്കാനാണ് വരുന്നത്, അല്ലാത്തവര്‍ പുറത്തുപോവട്ടെ, മറൈന്‍ ഡ്രൈവ് പോലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സമരത്തിന്റെ കേന്ദ്രങ്ങളാവട്ടെ എന്നാണ് കോടതി പറഞ്ഞത്. കേരളത്തിന്റെ ഒരു ശൈലിയേയും രീതിയേയും അപമാനിക്കാനായി വളരെ ബോധപൂര്‍വമായ പരിശ്രമം ഇന്ന് പലയിടങ്ങളില്‍ നിന്നുണ്ടാവുന്നുണ്ട്. ആ ശ്രമങ്ങളുമായി ചേര്‍ത്തുവക്കാന്‍ കഴിയുന്ന പ്രതികരണമാണ് ഇതെന്നാണ് ബലമായ സംശയം.

കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിലെ സര്‍ക്കാരിനേയും കേരളത്തേയും മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കള്‍ വന്ന് വളരെ ബോധപൂര്‍വമായി അക്രമിക്കുന്നത് പോലെ തന്നെ കേരളത്തിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തെ ഉന്‍മൂലനം ചെയ്യുന്നതിന് വേണ്ടിയുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണോ അടിക്കടിയുണ്ടാവുന്ന പരാമര്‍ശങ്ങളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേസ് പരിഗണിച്ച മൂന്ന് ദിവസവും അടിസ്ഥാനമില്ലാത്ത തരത്തില്‍ നിശിതമായ വിമര്‍ശനമാണ് കോടതി നടത്തിയത്. എം.ഇ.എസ് കോളേജിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തിനെതിരായി, അവിടുത്തെ പഠനാന്തരീക്ഷം പുന:സ്ഥാപിക്കുന്നതിന് വേണ്ടി അവര്‍ നല്‍കിയ ഹര്‍ജിയിന്‍മേല്‍ എന്തടിസ്ഥാനത്തിലാണ് ഇത്ര രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിക്കുന്നത്. അതിന് എന്താണ് കാരണമെന്ന് ഒരു ഘട്ടത്തില്‍ പോലും പറയുന്നുമില്ല. കേവലമായ ഒരു കേസിന്റെ പേരില്‍ വിദ്യാര്‍ഥി രാഷ്ട്രീയം മുഴുവന്‍ മലീമസമാണെന്ന വാദം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. രാഷ്ട്രീയം ഞങ്ങളുടെ അവകാശം എന്ന കേന്ദ്രീകൃത മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ഞങ്ങള്‍ കേരളത്തിലെ വിദ്യാര്‍ഥി രാഷ്ട്രീയം സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന ശക്തമായ ആവശ്യവുമായി സര്‍ക്കാരിനെ സമീപിക്കും. അതിനാവശ്യമായ സമരങ്ങളോ പ്രക്ഷോഭങ്ങളോ കാമ്പസുകള്‍ ഉയര്‍ത്തിക്കൊണ്ട് വരും.

ടി.പി.അഫ്‌റഫ് അലി (എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ്)

യഥാര്‍ഥത്തില്‍ വിദ്യാഭ്യാസം എന്ത് എന്നതിനെക്കുറച്ച് നമ്മുടെ നീതിപീഠവും കോളേജ് മാനേജ്‌മെന്റുകളുമൊക്കെ മറന്നുപോവുന്നതിന്റെ ഒരു അവസാനത്തെ ഉദാഹരണമായിട്ടേ കോടതിവിധിയെ കാണാന്‍ സാധിക്കൂ. സിലബസിലുള്ളത് മാത്രം കുട്ടി പഠിച്ചാല്‍ മതി, രാവിലെ ഒമ്പതര മണിക്ക് കോളേജിലെത്തിയാല്‍ മൂന്നരമണിക്ക് തിരിച്ച് പോവുന്നത് വരെ അവര്‍ അതിനപ്പുറത്തേക്കുള്ള ഒരു ലോകവും ചിന്തിക്കരുതെന്ന രീതിയില്‍ വിദ്യാഭ്യാസത്തെ വിവക്ഷിക്കുന്നിടത്ത് വരുന്ന പാളിച്ചയാണിത്. എല്ലാതലത്തിലുള്ള കുട്ടിയുടെ പഠനവും, അവരുടെ അഭിപ്രായങ്ങളും, സംവാദങ്ങളും, നിരീക്ഷണ പാടവും ഇടപെടലുകളുമെല്ലാമുള്ളതാണ് ക്ലാസ്മുറികള്‍. എന്നാല്‍ ഇന്ന് അധ്യാപകരും മാനേജ്‌മെന്റുകളും അത്തരത്തില്‍ ഇടപെടുന്ന വിദ്യാര്‍ഥികളെ ഭയപ്പെടുന്നുണ്ട്. അവര്‍ക്കിടയില്‍ അനീതി ഉണ്ടെന്നുള്ളതുകൊണ്ടും, അവരുടെ സാമ്പത്തിക താത്പര്യങ്ങള്‍ നടപ്പാവുന്നില്ല എന്നുള്ളതുകൊണ്ടുമാണ് ഇതുണ്ടാവുന്നത്. അതുകൊണ്ടുതന്നെ അവര്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി കോടതികളുടെ സമീപിക്കുകയാണ്. യഥാര്‍ഥത്തില്‍ ഇത്തരം കേസുകള്‍ വരുന്ന സാഹചര്യത്തില്‍ കോടതികള്‍ ചെയ്യേണ്ടത് മാനേജ്‌മെന്റുകള്‍ പറയുന്ന സൗഹാര്‍ദപരമായ, സമാധാനപരമായ പഠനാന്തരീക്ഷം എന്ന വാദഗതി ശരിയാണോ എന്ന് അന്വേഷിക്കുകയാണ്. ഒരു കോളേജില്‍ ഒരു വിദ്യാര്‍ഥി പ്രശ്‌നമുണ്ടായാല്‍ എന്താണ് അതിന്റെ അടിസ്ഥാനപരമായ കാരണം, വിദ്യാര്‍ഥികള്‍ക്ക് വേണ്ടത്ര അവകാശങ്ങള്‍ ലഭിച്ചിട്ടുണ്ടോ, സുപ്രീംകോടതി പോലും വകവച്ചിട്ടുള്ള കോളേജ് യൂണിയനുകള്‍, അക്കാദമിക് കൗണ്‍സിലുകള്‍, വിദ്യാര്‍ഥി കൗണ്‍സിലുകള്‍ അതുപോലെയുള്ള ജനാധിപത്യ വേദികള്‍ ആ കോളേജിലുണ്ടോ, കുട്ടികള്‍ക്ക് മതിയായ സൗകര്യങ്ങള്‍ അവിടെയുണ്ട് എന്നതിനെക്കുറിച്ച് പോലും നിരീക്ഷണം നടത്തുകയോ അതില്‍ ഒരു ചോദ്യം ചോദിക്കുകയോ ചെയ്യാതെ മാനേജ്‌മെന്റുകള്‍ കൊണ്ടുവരുന്ന ഹര്‍ജികള്‍ അതുപോലെ സ്വീകരിക്കുകയും വിദ്യാര്‍ഥികളുടെ ഭാഗം കേള്‍ക്കാതെ വിധി പറയുന്ന സാഹചര്യവുമാണുള്ളത്.

യഥാര്‍ഥത്തില്‍ കോടതികള്‍ മാനേജ്‌മെന്റുകള്‍ പരാതിയുമായി വരുമ്പോള്‍ വിദ്യാര്‍ഥികളുടെ അഭിപ്രായവും തേടേണ്ടതുണ്ട്. വിദ്യാര്‍ഥി സംഘടനകളോട് ചോദിച്ചില്ലെങ്കിലും വിദ്യാര്‍ഥികളോട് ചോദിക്കേണ്ടതുണ്ട്. എന്താണ് ആ കാമ്പസിന്റെ പള്‍സ് എന്ന് കോടതി അറിയണം. എന്നിട്ട് വേണം ഇത്തരം കാര്യത്തില്‍ വിധി പറയാന്‍. വിധി പറഞ്ഞതിന് ശേഷം കോളേജിലെ കുട്ടികളേയോ അവരുടെ അച്ഛനമ്മമാരെ വിളിച്ചുവരുത്തുകയോ ചെയ്യുന്ന രീതിയാണ്. അതും കോടതി മുന്‍വിധിയോടെയാണ് കുട്ടികളെ വിളിച്ചുവരുത്തുന്നത്. ഒന്ന്, കാമ്പസ് രാഷ്ട്രീയം നിരോധിക്കുന്നു. നിങ്ങള്‍ക്ക് സമരം ചെയ്യണമെങ്കില്‍ സുഭാഷ് പാര്‍ക്കിലോ മറൈന്‍ഡ്രൈവിലോ പോവണം എന്ന് നിഷേധാത്മകമായ പരാമര്‍ശത്തോടെ വിധി വരുന്നു. പിന്നീട് വിദ്യാര്‍ഥികളെ വിളിച്ചുവരുത്തി അവരോട് നല്ലകുട്ടി ചമയാന്‍ നിര്‍ദ്ദേശം നല്‍കുകയല്ല കോടതി ചെയ്യേണ്ടത്. ഇരുഭാഗങ്ങളേയും കേട്ട ശേഷം, ജനാധിപത്യ സംവിധാനത്തില്‍, സക്രിയമായ പൊതുസമൂഹത്തിനിടയില്‍ എങ്ങനെയുള്ള പൗരന്‍മാര്‍ വളര്‍ന്നുവരണമെന്ന കൃത്യമായ വീക്ഷണത്തോടെയായിരിക്കണം വിധിയുണ്ടാവേണ്ടത്. അതുകൊണ്ട് തന്നെ അത്തരമൊരു വിധിയല്ല ഇത് എന്നതിനെക്കുറിച്ച് പൂര്‍ണ ബോധ്യമുണ്ട്.

ഇവിടെ ജനാധിപത്യപരമായ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഇല്ലെങ്കില്‍ ഉണ്ടാവുന്ന സാഹചര്യങ്ങള്‍ നോക്കണം. ജിഷ്ണു പ്രണോയ് കേരളത്തിലെ വിദ്യാര്‍ഥി സംഘടനകളുടെ അഭാവത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. കോളേജ് മാനേജ്‌മെന്റുകള്‍ക്കിടയില്‍ സ്വാശ്രയ മുതലാളിമാര്‍ വളര്‍ന്ന് വരുന്ന കാലത്ത് അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി ഉണ്ടാക്കുന്ന അനാവസ്യമായ ഫീസ് വര്‍ധനവുകള്‍, യൂണിഫോമിന്റെ പേരിലുള്ള പിഴകള്‍, കുട്ടികള്‍ക്ക് മേല്‍ ചുമത്തുന്ന സാമ്പത്തിക ഭാരം തുടങ്ങിയ പ്രവണതകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്യാന്‍ പാടില്ല എന്ന് വരുമ്പോള്‍ ഇവിടെ കൊടിയ അരാജകത്വവും സാമ്പത്തികമായ ചൂഷണവും അഴിമതിയുമുണ്ടാവും. സ്വാഭാവികമായും അവിടെ പ്രതികരിക്കാതിരിക്കാനാവില്ല. പ്രതികരിക്കുന്ന വിദ്യാര്‍ഥികളെ ഇടിമുറികളില്‍ കൊണ്ടുപോയി കൊലപാതകത്തിനിരയാക്കുകയും പിന്നീടത് ആത്മഹത്യയാക്കുകയും ചെയ്യുന്ന രീതികളില്‍ മാനേജ്‌മെന്റുകള്‍ക്ക് വൈദഗ്ധ്യം ഉണ്ടാവുന്ന കാലത്ത് വിദ്യാര്‍ഥികളെ സംരക്ഷിക്കാനും അവര്‍ക്കായി സംസാരിക്കാനും വിദ്യാര്‍ഥി സംഘടനകള്‍ അനിവാര്യമാണ്. ഇത്തരത്തിലുള്ള സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ ഒട്ടും കാണാതെയാണ് കോടതികള്‍ വിധി പറയുന്നത്.

മറ്റൊന്ന്, വിദ്യാര്‍ഥി സംഘടനകളെ സംബന്ധിച്ച് ചില പിഴവുകളുണ്ടാവാം. ന്യായാധിപന്‍മാരെപ്പോലെയോ അധ്യാപകരെപ്പോലെയോ മുതിര്‍ന്നവരല്ല വിദ്യാര്‍ഥികള്‍. 25 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ സ്വാഭാവികമായും അവരുടേതായ അപാകതകളും തെറ്റുകളും സംഭവിക്കാം. അത് ചൂണ്ടിക്കാണിക്കുകയും തിരുത്തുകയും ചെയ്യുന്നതിന് പകരം വിദ്യാര്‍ഥി രാഷ്ട്രീയമേ വേണ്ട എന്ന നിലപാട് എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതിന് സമാനമാണ്. വിദ്യാര്‍ഥി സംഘടനകളും അവരുടെ പ്രവര്‍ത്തനങ്ങളില്‍ സ്വയംവിലയിരുത്തലിന് തയ്യാറാവേണ്ട കാലഘട്ടമാണിത്. പൊന്നാനി എം.ഇ.എസ് കോളേജിന്റെ കേസിലാണ് ഹൈക്കോടതി വിധി പറഞ്ഞിട്ടുള്ളത്. എസ്.എഫ്.ഐക്ക് വലിയ പ്രാതിനിധ്യമുള്ള പൊന്നാനി എം.ഇ.എസില്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് സമയത്ത് എസ്.എഫ്.ഐയുടെ നോമിനേഷന്‍ തള്ളി എന്നതാണ് പ്രശ്‌നം. അവര്‍ ചെയ്ത തെറ്റുകളുടെ ഭാഗമായി ഒരു അധികാരി ചെയ്യുന്ന കാര്യമാണ് നോമിനേഷന്‍ തള്ളുക എന്നത്. അതിന് ആ കോളേജ് അടിച്ചുതകര്‍ക്കുന്ന സമീപനം എസ്.എഫ്.ഐ സ്വീകരിച്ചിടത്താണ് സമരങ്ങളുണ്ടാവുന്നത്. അങ്ങനെയാണ് ഇതിന്റെ ചെലവുകള്‍ കണക്കാക്കുന്നതും വിദ്യാര്‍ഥികളെ പുറത്താക്കുന്നതും അവരെ തിരിച്ചെടുക്കണമെന്ന് സമരവുമുണ്ടാകുന്നത്. ഇങ്ങനെയുള്ള ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവയ്ക്കുന്ന, വിദ്യാര്‍ഥി രാഷ്ട്രീയത്തിന് എതിരായി പറയുന്ന അക്രമ സമീപനങ്ങളിലേക്ക് ഒരിക്കലും വിദ്യാര്‍ഥി സംഘടനകള്‍ പോവരുത്. ഒരു തവണ മത്സരിക്കാന്‍ പറ്റിയില്ലെങ്കില്‍ അത് ജനാധിപത്യത്തിന്റെ മറ്റൊരു സ്വഭാവമാണെന്ന് മനസ്സിലാക്കി മാറി നില്‍ക്കാനും മറ്റുള്ളവര്‍ ഒരു വര്‍ഷം ഭരിക്കട്ടെ എന്ന സഹിഷ്ണുതാപരമായ നിലപാടില്ലാതെ തങ്ങളുടെ ഏകാധിപത്യവും മേധാവിത്തവും മറ്റ് വിദ്യാര്‍ഥി സംഘടനകളിലും വിദ്യാര്‍ഥികളിലും അടിച്ചേല്‍പ്പിക്കുന്ന സമീപനത്തില്‍ നിന്നും വിദ്യാര്‍ഥി സംഘടനകള്‍ പിന്തിരിയണം. അങ്ങനെ വരുന്നിടത്താണ് പൊതുസമൂഹത്തിനാമെങ്കിലും രക്ഷിതാക്കള്‍ക്കാണെങ്കിലും അധ്യാപകര്‍ക്കാണെങ്കിലും കോടതികള്‍ക്കാണെങ്കിലും വിദ്യാര്‍തി സംഘടനകളെ കുറ്റം പറയാനുള്ള ഒരു വഴിയുണ്ടാവുന്നത്. അക്രമരാഷ്ട്രീയത്തിലേക്ക് പോവുന്നതിനെ തടയാനും കുറച്ചുകൂടി സക്രിയമായി കേരളീയ സമൂഹത്തിലിടപെടാനും വിദ്യാര്‍ഥി സംഘടനകള്‍ക്ക് കഴിയണമെന്ന അഭിപ്രായം എം.എസ്.എഫിനുണ്ട്. എന്നാല്‍ ഇത്തരം ചില പ്രവര്‍ത്തന വൈകല്യം വിദ്യാര്‍ഥി സംഘടനകളുടെ ഭാഗത്തു നിന്നുണ്ടെങ്കിലും അതിന് പരിഹാരം കോടതി വിധിയും നിരോധിക്കലുമല്ല എന്ന ശക്തമായ അഭിപ്രായവുമുണ്ട്. ഇതിനെതിരെ നിയമപരമായാണെങ്കിലും, യോജിച്ചുള്ള പോരാട്ടത്തിനാണെങ്കിലും എസ്.എഫ്.ഐയുമായും കെ.എസ്.യുവുമായെല്ലാം യോജിച്ചുകൊണ്ട് വിദ്യാര്‍ഥി രാഷ്ട്രീയം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ ശക്തമായി പിന്തുണയ്ക്കും. സര്‍ക്കാരും വിദ്യാര്‍ഥി രാഷ്ട്രീയത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നിയമനിര്‍മ്മാണം കൊണ്ടുവരണമെന്നുമാണ് അഭിപ്രായം.

നിധീഷ് (എ.ബി.വി.പി. ദേശീയ സെക്രട്ടറി)

കേരളത്തിലെ, വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം പാടില്ല, സംഘടനാ പ്രവര്‍ത്തനം നടത്തുന്നവരെ കലാലയത്തില്‍ നിന്ന് പുറത്താക്കണം, നിരാഹാര സമരങ്ങള്‍ പോലുള്ളത് പാടില്ല എന്ന നിലക്കുള്ള വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. ഇത് ഫലത്തില്‍ സഹായിക്കാന്‍ പോവുന്നത് കേരളത്തിലെ സ്വാശ്രയമാനേജ്‌മെന്റുകളേയും വിദ്യാര്‍ഥി വിരുദ്ധ നിലപാടുകളെടുക്കുന്ന പ്രസ്ഥാനങ്ങളേയുമാണ്. പലപ്പോഴും വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ സര്‍ക്കാരും അധികാരികളും സ്വീകരിക്കുമ്പോള്‍ അതിനെതിരെയുള്ള വിദ്യാര്‍ഥികളുടെ പ്രതിഷേധമാണ് വിദ്യാഭ്യാസമേഖലക്ക് അനുഗുണമായ പല തീരുമാനങ്ങളും ഉണ്ടാവാനുള്ള കാരണം. അതുകൊണ്ട് ഇത്തരത്തിലുള്ള കോടതിവിധി പുന:പരിശോധിക്കാന്‍ കോടതികള്‍ തയ്യാറാവണം. അതോടൊപ്പം തന്നെ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടവകാശവും പൗരാവകാശവുമുള്ള ഈ രാജ്യത്ത് വോട്ടവകാശമുള്ള വിദ്യാര്‍ഥികളോട് ചെയ്യുന്ന ഭരണഘടനാപരമായ ലംഘനമാണ് കോടതിയുടെ വിധി. എന്നാല്‍ ഈ സാഹചര്യത്തില്‍ എന്തുകൊണ്ടാണ് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിനെതിരെ കോടതിയും പൊതുസമൂഹവും ചിന്തിക്കുന്നതെന്ന് ഈ കാലഘട്ടത്തല്‍ പരിശോധിക്കണം. എസ്.എഫ്.ഐയുടെ വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തനം, അതാണ് വിദ്യാര്‍ഥി സംഘടന എന്ന് കേരള സമൂഹം തെറ്റിദ്ധരിച്ചതിന്റെ ഫലമാണ് ഈ വിധി. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനമെന്ന് കോടതിയും പൊതുസമൂഹവും ചിന്തിക്കുമ്പോള്‍ അവരുടെ മനസ്സില്‍ വരുന്നത്, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ ടി.പി ശ്രീനിവാസന്റെ മുഖത്തടിച്ചതും, പാലക്കാട് ഗവ. വിക്ടോറിയ കോളേജ് പ്രിന്‍സിപ്പല്‍ വിരമിക്കുന്ന ദിവസം ശവമഞ്ചം നിര്‍മ്മിച്ചതും എറണാകുളം മഹാരാജാസ് കോളേജിലെ പ്രിന്‍സപ്പിലിന്റെ കസേര കത്തിച്ചതും പരുമല പമ്പാ കോളേജില്‍ മൂന്ന് വിദ്യാര്‍ഥികളെ പുഴയില്‍ മുക്കിക്കൊന്നതുമടക്കമുള്ള കലാലയങ്ങളിലുള്ള അക്രമസംഭവങ്ങളും സമരത്തിന്റെ പേരില്‍ എസ്.എഫ്.ഐ തെരുവില്‍ സൃഷ്ടിക്കുന്ന യുദ്ധസമാനമായ അന്തരീക്ഷവുമാണ്. അതുകൊണ്ടാണ് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിനെതിരെ കോടതികളും പൊതുസമൂഹവും നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നത്. അതുകൊണ്ട് എസ്.എഫ്.ഐ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. സര്‍ഗാത്മകമായ സംഘടനാ പ്രവര്‍ത്തനത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ വിധി പുന:പരിശോധിക്കാന്‍ കോടതിയും തയ്യാറാവണം. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിയമം മൂലം അനുവദിക്കാനുള്ള നിയമനിര്‍മ്മാണം കേരള സര്‍ക്കാരും ചെയ്യണമെന്നാണ് പറയാനുള്ളത്.

സി.ടി.സുഹൈബ് (എസ്.ഐ.ഒ. സംസ്ഥാന പ്രസിഡന്റ്)

കലാലയരാഷ്ട്രീയം നിരോധിക്കാനുള്ള ആലോചന അപലപനീയമാണ്. വിദ്യാര്‍ഥികള്‍ സമൂഹത്തിന്റെ പരിഛേദമാണ്. സമൂഹത്തിന്റെ ഭാവി തീരുമാനിക്കുന്ന പൗരന്‍മാരാണ്. സ്വാഭാവികമായും പൗരബോധവും ജനാധിപത്യ ബോധവുമുള്ള ആളുകളായി വളരണമെങ്കില്‍ രാഷ്ട്രീയ ചിന്തകളും കൂടി ആവശ്യമാണ്. രാഷ്ട്രീയമെല്ലാം മാറ്റിവച്ചിട്ട് കേവലം പരീക്ഷയും വിദ്യാഭ്യാസവും മാത്രമായി തീരുക എന്ന് പറയുന്ന കാഴ്ചപ്പാട് സമൂഹത്തിന് ഒട്ടും ഗുണകരമല്ല. ഒരു ജനാധിപത്യ സമൂഹത്തെ സംബന്ധിച്ചിടത്തോളം യോജിക്കാനും വിയോജിക്കാനും ഉള്ള അവസരങ്ങള്‍ ഉണ്ടാവണം. അതിനുള്ള ഇടമായാണ് കാമ്പസുകള്‍ ഉണ്ടാവേണ്ടത്. രാഷ്ട്രീയബോധമുള്ള വിദ്യാര്‍ഥികള്‍ തന്നെയാണ് സമൂഹത്തിനാവശ്യം. അതേസമയം വിദ്യാര്‍ഥി രാഷ്ട്രീയം അക്രമാസക്തമായ രീതിയിലേക്ക് മാത്രം കൊണ്ടുപോവുന്ന അത്തരം രാഷ്ട്രീയത്തോട് ഞങ്ങള്‍ക്ക് യോജിപ്പില്ല. സര്‍ഗാത്മകമായ തരത്തിലുള്ള, പ്രത്യേകിച്ച് ഇന്ത്യയിലെ കേന്ദ്ര സര്‍വകലാശാലകളിലൊക്കെ നടന്നുകൊണ്ടിരിക്കുന്നത് പോലെ സാമൂഹിക വിഷയങ്ങളിലൊക്കെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകളും രാഷ്ട്രീയവുമൊക്കെ കേരളത്തില്‍ വളര്‍ന്നുവരേണ്ടതുണ്ട്. കേരളത്തിലെ കാമ്പസുകളില്‍ ആ തലത്തിലേക്കുള്ള വളര്‍ച്ച ഉണ്ടായിട്ടില്ല. ഈ ഒരു കോടതി നിരീക്ഷണത്തിലൂടെ വിദ്യാര്‍ഥി സംഘടനകള്‍ സ്വയം വിലയിരുത്തലുകള്‍ കൂടി നടത്തേണ്ടതുണ്ട്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍