UPDATES

ട്രെന്‍ഡിങ്ങ്

സ്ത്രീ ലൈംഗികതയിൽ ഒരു ജനാധിപത്യമുണ്ട്; അതുകൊണ്ട് പുരുഷന്മാരേ, ‘അസാധാരണ സ്ത്രീ’കളുടെ എണ്ണം പെരുകുകയാണ്

ഹിമാലയൻ വലുപ്പത്തിൽ സ്ത്രീ വിരുദ്ധത നിലനിൽക്കുന്ന ഒരു സമൂഹത്തിന്റെ സ്ട്രക്ച്ചർ അടിവേര് മുതൽ ഇളകി  തുടങ്ങിയിരിക്കുന്നു

രാഷ്ട്രീയബോധ്യമുള്ള ധൈര്യശാലികളായ ദളിത്‌, ബഹുജൻ സ്ത്രീകളുടെ തുറന്നെഴുത്തുകളിൽ  ഉയർന്നു പൊങ്ങിയ തിരമാലയിൽ പുരോഗമനത്തിന്റെ കപട  മുഖംമൂടിയണിഞ്ഞ ആൺസിംഹങ്ങൾ ഞെരിഞ്ഞമരുന്ന കാഴ്ച ഒരു പ്രതീക്ഷയാണ്. ലൈംഗിക ചൂഷകരോട്, അവരുടെ ധാർഷ്ട്യത്തോട് അതേ അളവിൽ പ്രതികരിക്കാൻ സ്ത്രീ സമൂഹം മാനസികമായും പൊളിറ്റിക്കലായും, നിയമപരമായും സജ്ജമായിരിക്കുന്നു എന്നർത്ഥം.

സ്ത്രീകളുടെ തുറന്നെഴുത്തിനേയും ഭാഷാ പ്രയോഗങ്ങളിലെ ‘സദാചാര’ത്തെയും ഭയപ്പെടുന്നവർ വായന ഇവിടെ അവസാനിപ്പിച്ച് കൊള്ളാൻ അപേക്ഷ.

രണ്ടായിരത്തിനു മുകളിൽ സ്ത്രീകളുമായി രമിച്ചിട്ടുണ്ട് എന്ന് ഒരു സൂപ്പർ സ്റ്റാർ പറയുമ്പോൾ അയാൾ കാസനോവ ആയി മാറുകയും, ഒന്നിൽ കൂടുതൽ പുരുഷന്മാരുമായി ബന്ധം ഉണ്ടെന്നു പറയുമ്പോൾ ഒരു സ്ത്രീ ‘വേശ്യ’ ആയി മാറുകയും ചെയ്യുന്ന വിചിത്രമായ സാമൂഹ്യ ശാസ്ത്രം നിലനിൽക്കുന്ന ഒരു സിസ്റ്റം ആണ് നമ്മുടേത്.

“എനിക്കവളെ കളിക്കാൻ കിട്ടി” ആണത്ത ആഘോഷങ്ങളിലെ, ആൺ ഹാസ്യങ്ങളിലെ ഒക്കെ ഒഴിച്ചുകൂടാനാവാത്ത പ്രയോഗങ്ങൾ ആണ് കളിക്കുക, പൂശുക, പണിയുക… ഒന്നുകിൽ തനിക്കു വിദ്വേഷം ഉള്ള സ്ത്രീയെ.. തനിക്ക് ലൈംഗികത നിരസിച്ച സ്ത്രീയെ അപമാനിക്കാൻ. അല്ലെങ്കിൽ സ്വന്തം ആണത്ത ഹുങ്ക് പറയാൻ. കാരണം കൂടുതൽ സ്ത്രീകളെ കളിച്ചവൻ കൂടുതൽ പൗരുഷം ഉള്ളവൻ എന്നാണല്ലോ വെപ്പ്.

ലൈംഗികത എന്നാൽ  പുരുഷന്മാർ നടപ്പിലാക്കുന്ന പൗരുഷത്തിന്റെ, വീര്യത്തിന്റെ masculine അധികാര പ്രയോഗം മാത്രമാണ് എന്ന തോന്നലിൽ നിന്നുണ്ടാകുന്നതാണ് ഇത്തരം പ്രയോഗങ്ങൾ.

മറുവശത്തു നിൽക്കുന്ന സ്ത്രീകളെ  ഇതൊക്കെ ഏറ്റുവാങ്ങുന്ന, പ്രത്യേകിച്ച് ഭാവനകളോ  താല്പര്യങ്ങളോ ഇല്ലാത്ത ഒരു നിർജീവ വസ്തുവായി അങ്ങ് ഇകഴ്ത്തും… ഏതെങ്കിലും സ്ത്രീകൾ ഞാൻ അവനെ പണിതു  എന്ന് പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? അല്ലേൽ… നിങ്ങളോട് അവൾ ചോദിക്കുന്നു… നീ വല്യ പണിക്കാരൻ അല്ലെ… എത്രയാ നിന്റെ കൂലി?

സ്ത്രീകൾ അങ്ങനെ ചോദിക്കില്ല, കാരണം ലൈംഗികതയിൽ താൻ  ആസ്വദിച്ച പുരുഷന്  അവൾ നൽകുന്ന ഒരു മര്യാദയുണ്ട്. സ്ത്രീ ലൈംഗികതയിൽ ഒരു ജനാധിപത്യമുണ്ട്. പുരുഷ ലൈംഗികതയിൽ അതില്ലാത്തതു കൊണ്ടാണ്, ഞാൻ അവളെ കളിച്ചു എന്നൊക്കെ വിളിച്ചുപറയാൻ പറ്റുന്നതും, ഒരുമിച്ചു യാത്ര ചെയ്യുന്ന സഹപ്രവർത്തകയോട് ഉമ്മ തരുമോ എന്ന് ചോദിക്കാൻ പറ്റുന്നതും. മായാനദിയിൽ ‘സെക്സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന് പറയുന്ന നായികയോട് നായകന്റെ മറു ചോദ്യം “നീ എന്താ ഒരു വേശ്യയെ പോലെ സംസാരിക്കുന്നത്”
എന്നാണ്! തിരക്കഥാകൃത്തും സംവിധായകനും ഇവിടെ വരച്ചിടുന്നത് ലൈംഗികതയെ കുറിച്ചും സ്ത്രീകളെ കുറിച്ചുമുള്ള മലയാളി പുരുഷന്റെ ധാരണാപിശകുകൾ ആണ്.

പുരുഷന്റെ സൗകര്യവും സുഖവും മുൻനിർത്തി വിട്ടു നൽകേണ്ട കേവല ശരീരമാണ്‌ സ്ത്രീ എന്നതിൽ നിന്നും, അവൾക്ക് സ്വന്തം ശരീരത്തിനു മേൽ പൂർണ്ണാവകാശം ഉണ്ടെന്നും, സ്വന്തമായി തീരുമാനമെടുക്കാൻ അവൾക്കു കഴിയുമെന്നും അംഗീകരിക്കുവാൻ നിങ്ങൾ സന്നദ്ധരാകേണ്ടതുണ്ട്. തുല്യ പങ്കാളിത്തത്തോടെ, പൂർണമായ തിരിച്ചറിവോടെ ആസ്വദിക്കേണ്ട ഒന്നായി ലൈംഗികത മാറേണ്ടതുണ്ട്. അത് ജനാധിപത്യവത്ക്കരിക്കേണ്ടതുണ്ട്.

ആരുടെയെങ്കിലും പരുവപ്പെടുത്തലുകൾക്കോ ഒത്തുതീർപ്പുകൾക്കോ വഴങ്ങേണ്ടവളല്ല താൻ എന്ന് സ്ത്രീ തിരിച്ചറിയുന്നിടത്ത് ഇത്തരം രക്ഷാകർതൃത്വഭാവങ്ങൾ  പൊളിഞ്ഞു വീഴും. സ്വന്തം ലൈംഗികാഭിരുചികളുടെ പൂർണ്ണ ബോധ്യത്തിൽ നിന്നവൾ തിരഞ്ഞെടുപ്പുകൾ നടത്തിയാൽ പൂശാനും പണിയാനും നടക്കുന്നവർ നിരാശരാകേണ്ടി വരും. അവളുടെ ‘NO’കൾ ഇവിടെ ഉയർന്നു കേൾക്കും. നിങ്ങൾ അതിനോട് പൊരുത്തപ്പെടേണ്ടതുണ്ട് പുരുഷന്മാരേ. കാരണം സ്ത്രീയുടെ ലൈംഗികസ്വാതന്ത്ര്യം എന്നാൽ നിങ്ങൾ നിരസിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്‌ എന്നാണ്.

സ്വന്തമായി അഭിപ്രായമുള്ള, രാഷ്ട്രീയമുള്ള സ്ത്രീകൾ (ഏതു സാമൂഹിക സാഹചര്യത്തിൽ ഉള്ളവർ ആയിക്കോട്ടെ) ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള വാക്കുകൾ ഏതാണെന്നു ചോദിച്ചാൽ, അത് ഏതാണ്ടിങ്ങനെ ആകും; “അവരൊന്നും നിന്നെപ്പോലെ അല്ല… സാധാരണക്കാരിയാണ്… ശരാശരി സ്ത്രീകൾ… പാവങ്ങൾ”.

എന്താണ് ഈ സാധാരണത്വം എന്നുവെച്ചാൽ ഇവരുടെയൊക്കെ കംഫോര്‍ട്ട് സോണുകൾക്ക്  യാതൊരു കോട്ടവും തട്ടിക്കാത്ത, ഏൽപ്പിച്ചു കൊടുത്ത ജെൻഡർ റോളുകൾ ഒക്കെ ചെയ്തു ജീവിച്ച് പോകുന്ന സ്ത്രീകളാണ് സാധാരണ സ്ത്രീകൾ. അസാധാരണത്വം എന്താണ് എന്ന് വെച്ചാൽ സ്ത്രീകളിൽ ഉണ്ടാകുന്ന രാഷ്ട്രീയ ബോധം. മണിച്ചിത്രത്താഴ് സിനിമയിൽ ഡോക്ടർ സണ്ണി നകുലനോട് പറയുന്നത് പോലെ, പ്രിയ പുരുഷന്മാരെ വളരെ വേദനയോടെ നിങ്ങൾ ആ സത്യം ഇനിയെങ്കിലും മനസ്സിലാക്കിയിരിക്കണം, ഇവിടെ ഇപ്പോൾ നിങ്ങൾ ഭയപ്പെടുന്ന ‘അസാധാരണ സ്ത്രീകളു’ടെ എണ്ണം നാൾക്കു നാൾ പെരുകി വരികയാണ്.

ഹിമാലയൻ വലുപ്പത്തിൽ സ്ത്രീ വിരുദ്ധത നിലനിൽക്കുന്ന ഒരു സമൂഹത്തിന്റെ സ്ട്രക്ച്ചർ അടിവേര് മുതൽ ഇളകി  തുടങ്ങിയിരിക്കുന്നു. വർഷങ്ങൾക്ക് മുൻപ്  പെണ്ണാണ്, വെറും പെണ്ണ് എന്ന് നെടുനീളൻ ഡയലോഗ് എഴുതിയ തിരക്കഥാകൃത്തിന് മാപ്പു പറയേണ്ടി വരുന്നു. സൂപ്പർ – മെഗാ താരങ്ങളുടെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ വരെ തെരുവിൽ ചോദ്യം ചെയ്യപ്പെടുന്നു. പുരുഷ വർഗത്തിന് നേരെയോ, ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് നേരെയോ ഉള്ള സമരം അല്ലിത്, സ്ത്രീ ഒരു അധിനിവേശ ഭൂമിയല്ലെന്ന് ഓർമപ്പെടുത്താനും, സ്ത്രീവിരുദ്ധ വേരോട്ടങ്ങളെ നിയന്ത്രിക്കാനുമുള്ള ഒരുപാടു വൈകിപ്പോയ ഒരു സമരത്തിന്റെ നിർണായക ഘട്ടമാണിത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

രേഖ രാജ് സംസാരിക്കുന്നു; ഞാനടക്കമുള്ളവര്‍ പണിയെടുത്തുണ്ടാക്കിയ ജനാധിപത്യ ഇടമാണ് അവര്‍ നശിപ്പിക്കുന്നത്; അത് പൊറുക്കാന്‍ പറ്റില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍