UPDATES

ട്രെന്‍ഡിങ്ങ്

ബ്രിട്ടീഷുകാര്‍ എങ്ങനെ ഹൈറേഞ്ചില്‍ ആധിപത്യം സ്ഥാപിച്ചു? ‘അധിനിവേശത്തിന്‍റെ ഛായാപടങ്ങള്‍’

എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട് ഗാലറിയില്‍ ജൂണ്‍ 9, 11,12 ദിവസങ്ങളിലായിരുന്നു കെപി ജയകുമാര്‍ ശേഖരിച്ച കൊളോണിയല്‍ കാലഘട്ടത്തെ രേഖപ്പെടുത്തുന്ന ചിത്രങ്ങളുടെ പ്രദര്‍ശനം

ഹസ്ന ഷാഹിത

ഹസ്ന ഷാഹിത

ചരിത്രത്തിന്‍റെ ചെറുകീറുകള്‍ വീണ്ടെടുത്ത് ഫ്രെയിം ചെയ്തതിന്‍റെ അപൂര്‍വ്വ പ്രദര്‍ശനമായിരുന്നു എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട് ഗാലറിയില്‍ കഴിഞ്ഞ ദിവസം നടന്ന ‘അധിനിവേശത്തിന്‍റെ ഛായാപടങ്ങള്‍’. ഹൈറേഞ്ചിലേക്കുള്ള ബ്രിട്ടീഷ് ആധിപത്യത്തിന്‍റെ വരവും വേരുറപ്പിക്കലും അധിനിവേശവുമെല്ലാം അടങ്ങിയ നാല്‍പതോളം ഫോട്ടോഗ്രാഫുകളായിരുന്നു പ്രദര്‍ശനത്തില്‍. അധ്യാപകനും ഗവേഷകനുമായ കെ.പി ജയകുമാറിന്‍റെ ഒരു ദശാബ്ദം നീണ്ട അന്വേഷണത്തിന്‍റെ ഫലമായി ലഭിച്ചതാണ്, കേരളത്തിന്‍റെ മലനിരകളിലെ ജീവനിലും ജീവിതത്തിലും ബ്രിട്ടീഷ് സാമ്രാജ്യം നടത്തിയ ഇടിച്ചുകയറ്റത്തെ ദൃശ്യമാക്കുന്ന ഫോട്ടോശേഖരം.

ചേര്‍ത്തല എന്‍എസ്എസ് കോളേജിലെ അസി. പ്രൊഫസറായ കെ.പി ജയകുമാര്‍ ഗവേഷണത്തിന്‍റെ ഭാഗമായി ശേഖരിച്ചതാണ് ഈ ചിത്രങ്ങള്‍. 19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തിലും തദ്ദേശീയ ജനതയെ ചൂഷണം ചെയ്തു കൊണ്ട് ബ്രിട്ടീഷുകാര്‍ ഹൈറേഞ്ചില്‍ വേരുറപ്പിച്ചതെങ്ങനെയെന്ന് സംസാരിക്കുന്ന ചിത്രങ്ങള്‍. പ്രത്യേകിച്ചും തദ്ദേശീയരായ കീഴാള സമൂഹത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുതല്‍ വേട്ടയ്ക്ക് വരെ ഉപയോഗിച്ച് ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിതശൈലിയേയും ഹൈറേഞ്ചിന്‍റെ മുഖമുദ്രയാക്കി മാറ്റിയതിനെ കുറിച്ച്.

സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാത്രം പുതുലോകം പരിചയപ്പെടുന്ന മൂന്നാറിന്‍റെ ചരിത്ര സന്ധികളായിരുന്നു ഈ പ്രദര്‍ശനത്തിന്‍റെ പ്രധാന ആകര്‍ഷണം. 1920-ലെ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നടിഞ്ഞ മൂന്നാറിന്‍റേയും സമീപപ്രദേശങ്ങളുടേയും അപൂര്‍വ്വ ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ധീരനും പൂര്‍ണ്ണതയുള്ളവനുമായ വെള്ളക്കാരന്‍ പുരുഷന്‍ എന്ന ബിംബത്തെ ദൃഡപ്പെടുത്താന്‍ ‘ശിക്കാര്‍’ അഥവാ മൃഗവേട്ടയെ ബ്രിട്ടീഷുകാര്‍ എങ്ങിനെ ഉപയോഗിച്ചു എന്നത് വിവരിക്കാനുതകുന്ന ഫോട്ടോഗ്രാഫുകളായിരുന്നു പ്രദര്‍ശനത്തിലെ മറ്റൊരു പ്രധാന ഭാഗം. വടികള്‍ കൂട്ടിക്കെട്ടി തോളിലേന്തി തദ്ദേശജനത ബ്രിട്ടീഷുകാരെ ഹൈറേഞ്ചിലേക്ക് കയറ്റി കൊണ്ട് വന്നത് മുതല്‍ കൃഷി, കല, വാസസ്ഥലം, വിനോദം, ജീവിതോപാധികള്‍ തുടങ്ങി സര്‍വ്വ മേഖലകളിലും അവര്‍ നടത്തിയ ഇടപെടലുകളെ പല കാമറകള്‍ ഖനീഭവിപ്പിച്ചതിന്‍റെ അപൂര്‍വ്വ ശേഖരമായിരുന്നു ഇതില്‍ ഒരുക്കിയത്.

യൂറോപ്പ് എന്തായിരുന്നോ അത് സൃഷ്ടിച്ച് മിനി യൂറോപ്പ് ഉണ്ടാക്കലായിരുന്നു ഹൈറേഞ്ചില്‍ ബ്രിട്ടീഷുകാര്‍ ചെയ്തതെന്ന് കെ.പി ജയകുമാര്‍ പറയുന്നു. “1920-കളില്‍ തന്നെ ഫ്ളവര്‍ ഷോ, കാര്‍ റേസ് ഒക്കെ കാണാം. ചരക്ക് നീക്കത്തിനായി റെയില്‍വേ സ്ഥാപിച്ചിട്ടുണ്ട്‌. വളരേ താത്പര്യമുണര്‍ത്തുന്ന ഒന്നായി കണ്ടത് വേട്ടയാണ്. വെള്ളക്കാരന്‍റെ ആധിപത്യമുറപ്പിക്കുന്നതിനും അത് പുറത്തേക്ക് അറിയിക്കുന്നതിനും വേണ്ടി കാടിനെ മെരുക്കാന്‍, കടുവയെ മെരുക്കാന്‍ ശേഷിയുള്ള ആളാണെന്ന് തെളിയിക്കുന്ന രീതി അവര്‍ക്കുണ്ടായിരുന്നു. ഒരു ഘട്ടം കഴിയുമ്പോള്‍ തദ്ദേശീയരായ രാജാക്കന്‍മാരാണ് വേട്ടക്കിറങ്ങുന്നത്. അവര്‍ നായാട്ടുകാരായി മാറുന്നതില്‍, ‘യൂറോപ്യന്‍ ഉത്തമപുരുഷന്‍’ സങ്കല്‍പം നമ്മുടെ ജീവിതത്തിലേക്ക് കയറിയതിന്‍റെ ഭാഗമായാണ്.”

ഹൈറേഞ്ചിലേക്ക് സ്ഥലം വിലക്ക് വാങ്ങി ഒരു രാജവംശം എത്തുന്നതില്‍ നിന്ന് തുടങ്ങുന്ന ഫോട്ടോഗ്രാഫുകള്‍ അവസാനിക്കുന്നത് പുതിയകാലത്ത് ബ്രിട്ടീഷ് അവശേഷിപ്പുകളെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സാംസ്കാരിക ഇടങ്ങളിലേക്ക് കാമറ വെച്ചു കൊണ്ടാണ്. സ്വകാര്യ ശേഖരങ്ങള്‍, സ്റ്റുഡിയോകള്‍, മ്യൂസിയങ്ങള്‍, പള്ളികള്‍, ക്ളബ്ബുകള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നായി വര്‍ഷങ്ങള്‍ കൊണ്ടാണ് ഈ ഫോട്ടോഗ്രാഫുകള്‍ ശേഖരിച്ചിട്ടുള്ളത്. ബംഗ്ളൂരു ആസ്ഥാനമായുള്ള ഇന്ത്യ ഫൗണ്ടേഷന്‍ ഫോര്‍ ആര്‍ട്സിന്‍റെ ഫെലോഷിപ്പോടെയാണ് ഗവേഷണം പൂര്‍ത്തിയായത്.

ഹൈറേഞ്ചിലെ അധിനിവേശത്തേയും തമസ്കരിക്കപ്പെട്ട ആദിവാസി-തൊഴിലാളി ജീവിതത്തേയും കറുപ്പിലും വെളുപ്പിലും ചാരനിറത്തിലുമായി രേഖപ്പെടുത്തിയ ഈ പ്രദര്‍ശനം മൂന്ന് ദിവസങ്ങളിലായാണ് നടന്നത്. ജൂണ്‍ 9, 11,12 ദിവസങ്ങളില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് ചിത്രകാരനും എഴുത്തുകാരനുമായ ബോണി തോമസ്സാണ്.

Azhimukham Special: അമ്മ മരിച്ചതുപോലും ശിവാളിയെ അറിയിച്ചില്ല, കോഴിക്കോട്ട് അടിമയാക്കിയ യുവതിയുടെ ബന്ധുക്കളെ അട്ടപ്പാടിയില്‍ കണ്ടെത്തി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍