UPDATES

ട്രെന്‍ഡിങ്ങ്

എന്തു കഴിക്കുന്നു, ധരിക്കുന്നു എന്നൊക്കെ സര്‍ക്കാരല്ല തീരുമാനിക്കേണ്ടത്; സ്വകാര്യത മൗലികാവകാശമാകുമ്പോള്‍

സര്‍ക്കാരില്‍ നിന്ന് മാത്രമല്ല, മറിച്ച് സര്‍ക്കാരിതര സംവിധാനങ്ങളില്‍ നിന്നും സ്വകാര്യതയ്ക്ക് കോട്ടം സംഭവിക്കാമെന്ന് വിധിയില്‍ പറയുന്നുണ്ട്

സ്വകാര്യത ഇന്ത്യന്‍ പൗരന്റെ മൗലിക അവകാശമാണെന്ന സുപ്രീം കോടതി വിധി ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദപ്രകാരം സ്വകാര്യത ഇനി വ്യക്തി സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശത്തിനുമൊപ്പം സ്ഥാനം നേടും. ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാറിന്റെ നേതൃത്വത്തിലുള്ള ഒന്‍പതംഗ ഭരണഘടന ബെഞ്ചിന്റെ ഈ തീരുമാനം പ്രാഥമികമായും ആധാര്‍ കേസുമായി ബന്ധപ്പെടുത്തിയാണ് ഇന്ത്യന്‍ ജനത നോക്കിക്കാണുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ബയോമെട്രിക് വിവരശേഖരണവും, അതേ തുടര്‍ന്ന് പല സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കും എന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഈ വിധി.

സ്വകാര്യത സ്വാതന്ത്ര്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണെന്നും അത് പ്രതിരോധിക്കപ്പെടെണ്ടതാണെന്നും വിധിയില്‍ പറയുന്നു. സ്വകാര്യത എളുപ്പമായി നിര്‍വചിക്കാനാകാത്ത ഒന്നാണെന്നും അത് മൗലിക അവകാശമായി കണക്കാക്കാന്‍ കഴിയില്ല എന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ വാദം ഇതോടെ ഇല്ലാതാകുകയാണ്. ആധാര്‍ കേസുമായി ഈ വിധിക്ക് പ്രത്യക്ഷത്തില്‍ ബന്ധമിലെങ്കിലും ആധാറുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിന് ഈ വിധി ഒരു മുതല്‍ക്കൂട്ടാകും.

സ്വകാര്യത ഒരു മൗലിക അവകാശമാകുമ്പോള്‍ അത് മറ്റു പല അവകാശങ്ങളിലേക്കും വാതില്‍ തുറക്കുന്നുണ്ട്. കൂട്ടത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത് ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് തങ്ങളുടെ ലൈംഗികത തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന് വിധിയില്‍ നല്‍കിയ പ്രാധാന്യമാണ്. ഒരു പൗരന്റെ വ്യക്തിപരമായ അടുപ്പങ്ങളും കല്യാണവും കുടുംബ ജീവിതവും പ്രജനനവും വീടും അതിനോടൊപ്പം തന്നെ ലൈംഗികത തിരഞ്ഞെടുക്കാനുള്ള അവകാശവും സ്വകാര്യതയുടെ ഏറ്റവും പ്രധാനപ്പെട്ട മാനങ്ങളായി വിധിയില്‍ പറയുന്നു. ഒരാള്‍ എന്ത് ധരിക്കുന്നു, എന്ത് പറയുന്നു, കഴിക്കുന്നു, കാണുന്നു, കേള്‍ക്കുന്നു, ചിന്തിക്കുന്നു, പെരുമാറുന്നു അങ്ങനെ ഏറ്റവും അടിസ്ഥാനപരമായ എല്ലാ വിഷയങ്ങളിലേക്കുമുള്ള ചര്‍ച്ചയ്ക്ക് ഈ വിധി വഴി തെളിക്കും. ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക സാഹചര്യത്തില്‍ ഇത്തരം ചര്‍ച്ചകളുടെ ആവശ്യകത തള്ളിക്കളയാനാകില്ല. സ്വകാര്യതയുടെ എല്ലാ വശങ്ങളിലേക്കും സമഗ്രമായി ഇടപെടാന്‍ ഈ വിധിക്ക് സാധിച്ചിട്ടില്ല എന്നും അതിനാല്‍ തന്നെ കാലാകാലങ്ങളില്‍ വരുന്ന മാറ്റത്തിനൊപ്പവും കോടതിയിലെത്തുന്ന കേസുകളുടെ അടിസ്ഥാനത്തിലും സ്വകാര്യത നിര്‍വചിക്കപ്പെടുമെന്നും ജസ്റ്റിസ് രോഹിന്ടന്‍ നരിമാന്‍ വിധി പകര്‍പ്പില്‍ പറയുന്നു.

വിവര സാങ്കേതികവിദ്യയുടെ കാലത്ത് സര്‍ക്കാരില്‍ നിന്ന് മാത്രമല്ല, മറിച്ച് സര്‍ക്കാരിതര സംവിധാനങ്ങളില്‍ നിന്നും സ്വകാര്യതയ്ക്ക് കോട്ടം സംഭവിക്കാമെന്ന് വിധിയില്‍ പറയുന്നുണ്ട്. ടെലികോം കമ്പനികള്‍ക്ക്, മറ്റ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്ന വിവരങ്ങളില്‍ ഇനി മുതല്‍ സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടുമ്പോള്‍ വ്യക്തിയുടെ സമ്മതമുണ്ടെങ്കില്‍ മാത്രമേ വിവരങ്ങള്‍ ശേഖരിക്കാന്‍ ആകുകയുള്ളൂ. ഈ സന്ദര്‍ഭത്തില്‍ സമൂഹമാധ്യമങ്ങളിലെ സ്വകാര്യതയും ചര്‍ച്ചയാകണം. വാട്ട്സാപ്പ് സ്വകാര്യത ലംഘനം നടത്തി എന്ന കേസില്‍ സുപ്രീം കോടതി വാദം കേള്‍ക്കുന്ന സാഹചര്യത്തില്‍ ഈ വിധി കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു.

സമൂഹമാധ്യമങ്ങളില്‍ ഉപയോക്താവ് നല്‍കുന്ന വിവരങ്ങള്‍ ഇത്തരം സ്വകാര്യ കമ്പനികള്‍ മറ്റു പല സ്വകാര്യ വെബ്‌സൈറ്റുകള്‍ക്കും പകര്‍ന്നു നല്‍കുന്നുണ്ട്. സ്വകാര്യത ഉറപ്പ് വരുത്താന്‍ ഇടയ്ക്ക് ഇടയ്ക്ക് ഉപഭോക്താവിനോട് ആവശ്യപ്പെടുന്ന ഫേസ്ബുക്കില്‍ എങ്ങനെയാണ് നിങ്ങളുടെ ഇഷ്ടത്തിനൊത്ത വസ്തുക്കളുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് എന്ന് ചിന്തിച്ചാല്‍ തന്നെ സ്വകാര്യത എത്രത്തോളം ലംഘിക്കപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാകും. 2014-ല്‍ വാട്ട്സാപ്പ് ഫേസ്ബുക്ക് ഏറ്റെടുത്തപ്പോള്‍ ഇരുന്നൂറു കോടി വാട്ട്സാപ്പ് ഉപഭോക്താക്കള്‍ നല്‍കിയ വിവരങ്ങള്‍ അവര്‍ ഫേസ്ബുക്കിന് കൈമാറുകയുണ്ടായി. അതിനെതിരെയുള്ള വാദമാണ് ഇപ്പോള്‍ സുപ്രീം കോടതി കേള്‍ക്കുന്നത്. ഇവിടെ സ്വകാര്യത എന്ന വിഷയം വളരെ കരുതലോടെ മാത്രമേ പരിഗണിക്കാനാകുകയുള്ളൂ. അതിനാല്‍ തന്നെ സമൂഹമാധ്യമങ്ങളിലെ സ്വകാര്യത കുറച്ചുകൂടി ഗൗരവത്തോടെ ചര്‍ച്ച് ചെയ്യേണ്ടിയിരിക്കുന്നു.

സുപ്രീം കോടതിയുടെ വിധിയില്‍ എന്നാല്‍ ഇവയെല്ലാം സര്‍ക്കാരിന്റെ ചുമതലയിലേക്ക് വിട്ടിരിക്കുകയാണ്. വിവര സാങ്കേതിക മേഖലയില്‍ പൗരന്റെ സ്വകാര്യത ഉറപ്പ് വരുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് വിധിയില്‍ പറയുന്നത്. വിധിയിലെ ഒരു വാചകം ഇങ്ങനെയാണ്- ‘സ്വകാര്യതയ്ക്ക് പരമമായതും നിഷേധാത്മകവുമായുള്ള ഉള്ളടക്കമുണ്ട്. നിഷേധാത്മകവുമായുള്ള ഉള്ളടക്കം പൗരന്റെ ജീവിതത്തിലേക്കും, വ്യക്തിപരമായ സ്വതന്ത്ര്യത്തിലേക്കുമുള്ള സര്‍ക്കാരിന്റെ നുഴഞ്ഞുകയറ്റത്തെ നിരോധിക്കുന്നു. പരമമായ ഉള്ളടക്കം ഒരു വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കാനുള്ള എല്ലാ നടപടികളും എടുക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനെ ചുമതലപ്പെടുത്തുന്നു.’

ശില്‍പ മുരളി

ശില്‍പ മുരളി

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍