UPDATES

നളിനി ജമീല പറഞ്ഞ അതേ ‘സെക്‌സ് കള്ളന്മാര്‍’ റിമയെ തേടി വന്നിരിക്കുന്നു

നടി ആക്രമിക്കപ്പെട്ടതിനു ശേഷം അതില്‍ നിലപാടുകള്‍ സ്വീകരിച്ചതുകൊണ്ടു മാത്രമല്ല, റിമ ആക്രമിക്കപ്പെടുന്നത്. അതിനും മുന്നേ അവരോടിങ്ങനെ തന്നെയായിരുന്നു.

നളിനി ജമീലയുമായുള്ള സംസാരത്തിനിടയില്‍ അവര്‍ പങ്കുവച്ചൊരനുഭവമാണ്;

എന്റെ രണ്ടാമത്തെ പുസ്തകം പ്രസിദ്ധീകരിക്കാനാവാതെ കുറെ വര്‍ഷങ്ങളായി വിഷമിക്കുകയാണ്. എന്തുചെയ്യണമെന്നറിയാതെ വന്നൊരു ഘട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പിട്ടു. എന്നെ കുറിച്ച് അറിയുന്നവരും എന്റെ ആദ്യ പുസ്തകം വായിച്ചവരും ശ്രദ്ധിക്കുമെന്ന് വിശ്വാസത്തില്‍, രണ്ടാമതൊരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ എനിക്ക് താപര്യമുണ്ടെന്നും പണമാണ് പ്രശ്‌നമെന്നും നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്താല്‍ എനിക്കു തന്നെ ആ പുസ്തകം പ്രസിദ്ധീകരിക്കാമെന്നും ഞാനെഴുതി. എന്റെ ഫോണ്‍ നമ്പറും കൊടുത്തിരുന്നു. പിറ്റേദിവസം മുതല്‍ ദിവസേന പത്തു ഫോണ്‍ കോളെങ്കിലും എനിക്കു വന്നു തുടങ്ങി. വിളിക്കാരെല്ലാം പറയുന്നത് ഒരേ കാര്യം; പണം തരാം പകരം നല്ല പെണ്‍കുട്ടികളെ ഒപ്പിച്ചു തരുമോയെന്ന്. ചിലര്‍ക്ക് ഞാനാണെങ്കിലും മതി. ഇതാണ് മലയാളി.

മലയാളി പുരുഷനെ സെക്‌സ് കള്ളന്‍ എന്നാണ് അന്നു നളിനി ജമീല പരിഹസിച്ചത്. ഭീരുക്കള്‍. ഇമേജിലാണ് എല്ലാം ഇരിക്കുന്നതെന്നാണ് പുരുഷന്റെ ധാരണ. ഒരു സ്ത്രീയെ നിശബ്ദമാക്കാന്‍ അവളെ വേശ്യയെന്നു വിളിച്ചാല്‍ മതിയെന്നാണ് അവന്റെ വിചാരം. അങ്ങനെ വിളികേള്‍ക്കുമ്പോള്‍ ഒരു പെണ്ണ് പിന്‍വലിഞ്ഞുപോയ്‌ക്കോളുമെന്ന ധൈര്യം അവന് കൊടുക്കുന്നതും സ്ത്രീകള്‍ തന്നെയാണെന്നും നളിനി ജമീല പറഞ്ഞു. അന്നവര്‍ ഒരു പെണ്‍കുട്ടിയെ അതിനുദ്ദാഹരണമായി ചൂണ്ടിക്കാണിച്ചിരുന്നു. കലാലയലോകത്തു നിന്ന് സംഘപരിവാര്‍ പോലുള്ളവരുടെ മേധാവിത്വ സ്വഭാവത്തെ വെല്ലുവിളിച്ച ആ പെണ്‍കുട്ടിയെ എതിരാളികള്‍ നേരിട്ടത് വേശ്യയെന്നും അഴിഞ്ഞിട്ടക്കാരിയെന്നുമൊക്കെ വിളിച്ചായിരുന്നു. കുറച്ചുകാലം പ്രതിരോധിച്ചെങ്കിലും പിന്നീട് ആ പെണ്‍കുട്ടി പിന്‍വലിഞ്ഞതായാണ് താന്‍ മനസിലാക്കിയെന്നു നളിനി ജമീല പറഞ്ഞു. ഇത്തരം പിന്‍വാങ്ങലുകളാണ് പുരുഷന് ധൈര്യം കൊടുക്കുന്നത്.

"</p

ആണത്തം കാണിക്കല്‍, മേധാവിത്വം ഉറപ്പിക്കല്‍ ഈ വഴിയിലൂടെയൊക്കെയാണ് എന്ന ധാരണ പേറി നടക്കുന്ന ഇതേ പുരുഷനെ കുറിച്ചു തന്നെയാണ് ചലച്ചിത്രതാരം റിമ കല്ലിങ്കലും പറഞ്ഞത്. മോശവും നല്ലതുമായ പുരുഷന്മാര്‍ ഇവിടെയുണ്ടെന്നും സ്ത്രീകള്‍ നല്ലവരായ പുരുഷന്മാര്‍ക്കൊപ്പം നില്‍ക്കണമെന്നും മോശക്കാരായവരില്‍ നിന്നും അങ്ങനെയുള്ളവരെ രക്ഷിക്കണമെന്നുമായിരുന്നു ഒരു സമകാലിക വിഷയത്തെ അധികരിച്ച് റിമ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. നളിനി ജമീല അന്നു പറഞ്ഞ അതേ ആയുധമായാണ് ഇവിടെയും കുറെപേര്‍ റിമയെ നേരിടാന്‍ എത്തിയത്. റിമ തന്റെ പോസ്റ്റ് ഇംഗ്ലീഷില്‍ ആണ് എഴുതിയിരിക്കുന്നത്. എന്താ നിങ്ങള്‍ക്ക് മലയാളം അറിയില്ലേ എന്നു ചിലര്‍ പരിഹസിക്കുന്നുണ്ട്. ആ പോസ്റ്റ് വായിച്ചു മനസിലാക്കാന്‍ ഭാഷ അറിഞ്ഞാല്‍ മാത്രം പോര, വിവേകവും കൂടി വേണമെന്നാണ് തിരിച്ചു പറയേണ്ടത്.

ആണിനെതിരേ ഒരു പെണ്ണ് പറയുന്നു എന്നതാണ് പ്രകോപനത്തിനു കാരണം. ഉമ്മറത്തിണ്ണയിലേക്ക് ഇറങ്ങി നില്‍ക്കാന്‍ പോലും ഭയപ്പെട്ടിരുന്ന കാലത്തു നിന്നും ബഹിരാകാശംവരെ പോയിവരാന്‍ പെണ്ണ് ധൈര്യം കാണിക്കുന്ന കാലത്തും അവളെ വേശ്യയെന്നും അതിലും താഴ്ത്തി വെടിയെന്നുമൊക്കെ വിളിച്ചു ഭയപ്പെടുത്താന്‍ നോക്കുന്നവര്‍ റിമ പറഞ്ഞതുപോലെ യഥാര്‍ത്ഥ പുരുഷനല്ല. അങ്ങനെയല്ലാത്തവനോട് ഏതു ഭാഷയില്‍ സംസാരിച്ചാലും പ്രതികരണം ഒരേപോലെയായിരിക്കും.

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ ശക്തമായ നിലപാടുമായി നില്‍ക്കുന്നവരാണ് റിമയെ പോലുള്ള വിമന്‍ കളക്ടീവ് അംഗങ്ങള്‍. അവരെല്ലാവരും തന്നെ നേരിട്ടുകൊണ്ടിരിക്കുന്നതു ലിംഗപരമായും അതിന്മേലുള്ള വൈകൃതപരമായ ആക്ഷേപങ്ങളുമാണ്. വേശ്യാകൂട്ടം എന്നാണ് ഡബ്യുസിസിയെ ഒരാള്‍ ആക്ഷേപിക്കാന്‍ നോക്കുന്നത്. നിലപാടുകളുള്ള, പ്രതികരിക്കുന്ന, എതിര്‍ക്കുന്ന പെണ്ണുങ്ങളെല്ലാം വേശ്യകളാണെന്നാണ് ആ വ്യക്തിയും സ്ഥാപിക്കുന്നത്. അതയാളില്‍ മാത്രം ഉടലെടുത്തൊരു തീരുമാനമൊന്നുമല്ല, കാലങ്ങളായി ആണ്‍വാഴ്ച നടക്കുന്ന സമൂഹത്തിന്റെ ഉത്പന്നമാണ് ആ വ്യക്തിയും. മാധവിക്കുട്ടി പൂനെയിലേക്ക് താമസം മാറ്റിയപ്പോള്‍ മലയാളത്തിന്റെ പ്രിയപ്പെട്ട ഒരു കഥാകാരന്‍ പറഞ്ഞത്, ഒരു നളിനി ജമീല പോയാലും മറ്റൊരു നളിനി ജമീല ഇവിടെയുണ്ടല്ലോ എന്നായിരുന്നു. അതാണ് പുരുഷന്‍, റിമ പറഞ്ഞ മോശം പുരുഷന്‍. അവനാണ് ഒരു പെണ്ണ് ഉറക്കെ സംസാരിച്ചാല്‍, ‘നീയെന്താടി തെരുവുപെണ്ണിനെപോലെ’ എന്നാണ് കണ്ണുരുട്ടുന്നത്. തെരുവ് ആണിനുള്ളതാണ്. അവിടേക്ക് ഒരു പെണ്ണ് വന്നാല്‍ അവള്‍ കുടിലായായിരിക്കണം എന്നാണ് ആണ്‍ ന്യായം. പക്ഷേ ഈ തെരുവകള്‍ ഞങ്ങളുടേതു കൂടിയാണെന്നും ഈ രാത്രിയുടെ സ്വാതന്ത്ര്യം ഞങ്ങള്‍ക്കുമുള്ളതാണെന്നു പറഞ്ഞ് പുതുതലമുറ വരുന്നു. തങ്ങളെ തടയുന്നവരോടവര്‍ കലഹിക്കുന്നു, കരുത്തോടെ പൊരുതി നില്‍ക്കുന്നു. ഈ ‘അഹങ്കാരം’ ഒരു മോശം പുരുഷന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ടവന്‍ തെരുവില്‍ കാണുന്ന പെണ്ണിനെയെല്ലാം വേശ്യയാക്കും. റിമയെ പോലുള്ളവരെ ആക്രമിക്കുന്നതും ഇതേ കണ്ണോടെയാണ്.

നടി ആക്രമിക്കപ്പെട്ടതിനു ശേഷം അതില്‍ നിലപാടുകള്‍ സ്വീകരിച്ചതുകൊണ്ടു മാത്രമല്ല, റിമ ആക്രമിക്കപ്പെടുന്നത്. അതിനും മുന്നേ അവരോടിങ്ങനെ തന്നെയായിരുന്നു. മലയാള സിനിമയില്‍ കഴിവും സൗന്ദര്യവുമുള്ള നായികനടിമാര്‍ പലരുമുണ്ട്. പക്ഷേ അവരില്‍ പലരിലും കാണാത്തൊരു ‘ബോള്‍ഡ്നെസ്സ്’ റിമയില്‍ കണ്ടിട്ടുണ്ട്. അതവരില്‍ കാണാന്‍ തുടങ്ങിയത് സിനിമയില്‍ സ്ഥാനം ഉറപ്പിച്ചതിനുശേഷമായിരുന്നില്ലെന്നു കൂടി പറയണം. നൃത്തം സ്വപ്‌നമായിരുന്ന അവര്‍, ആ ആഗ്രഹത്തിന് സഹോദരനില്‍ നിന്നു മാത്രമെ പിന്തുണ കിട്ടുകയുള്ളൂ എന്നറിഞ്ഞിട്ടും തീരുമാനത്തില്‍ ഉറച്ചു നിന്നു. ഇന്ന് റിമ ഇവിടെവരെ എത്തി നില്‍ക്കുന്നതില്‍ നൃത്തം എത്രത്തോളം സഹായകമായിട്ടുണ്ട് എന്നാലോചിച്ചാലാണ് ആ തീരുമാനം മാറ്റാന്‍ തയ്യാറാകാതിരുന്നതില്‍ അവര്‍ കാണിച്ച ധൈര്യം അഭിനന്ദിക്കപ്പെടുന്നത്. എല്ലാം കേട്ട് മിണ്ടാതിരിക്കേണ്ട ജന്മമല്ല സ്ത്രീയുടേത്. ലോകത്തിലിറങ്ങിയാലേ ലോകം എന്താണെന്ന് നമുക്ക് മനസിലാകുകയുള്ളൂ. കുട്ടിക്കാലം തൊട്ട് യാത്ര ചെയ്ത് ശീലിച്ചവളാണ് ഞാന്‍, വീട്ടുകാര്‍ക്കൊപ്പം, സഹോദരനൊപ്പം, കൂട്ടുകാര്‍ക്കൊപ്പം; യാത്രകളിലൂടെ എനിക്ക് കിട്ടിയ അനുഭവങ്ങള്‍ വലുതാണ്; റിമ ഒരിക്കല്‍ പറഞ്ഞതാണ് ഈ കാര്യങ്ങള്‍. ഇന്നവര്‍ പ്രകടിപ്പിക്കുന്ന പോരാട്ട മനസ്സ് എങ്ങനെയുണ്ടായെന്നു ഇതിലൂടെ മനസിലാക്കാം.

"</p

സിനിമയ്ക്കുള്ളില്‍ നിന്നും റിമ കലഹിച്ചിട്ടുണ്ട്. പെണ്‍ബോധത്തിന് വിലകല്‍പ്പിക്കാത്ത ഒരു ലോകത്തോട്. അതിന്റെ പ്രത്യഘാതങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും റിമ റിമയായി തന്നെ നില്‍ക്കാന്‍ ശ്രമിച്ചെന്ന് അവരെ അറിയുന്നവര്‍ക്ക് അറിയാം. പിന്നീടവര്‍ സംവിധായകന്‍ ആഷിഖ് അബുവിനെ വിവാഹം കഴിച്ചതോടെ മറ്റൊരു തരത്തിലേക്ക് അവര്‍ക്കുള്ള ആക്രമണം മാറുന്നു. ആഷിഖ് അബു മലയാള സിനിമയിലെ പുതുവഴി സഞ്ചാരികളുടെ കൂട്ടത്തില്‍പ്പെട്ടവനാണ്. അവര്‍ പല ആചാരങ്ങളും എതിര്‍ത്തു, വിഗ്രഹഭഞ്ജനത്തിനു മുതിര്‍ന്നു. സ്വാതന്ത്ര്യത്തിന്റെ കളിത്തട്ടില്‍ നിന്നായിരുന്നു അവര്‍ സിനിമകള്‍ ചെയ്തത്. ഒരു തറവാട് അറ്റ്‌സ്‌മോഫിയറില്‍ നിന്നവര്‍ സിനിമയെ മാറ്റിയെടുക്കാന്‍ ശ്രമിച്ചു. സ്വഭാവികമായി, ഈ സ്വാതന്ത്ര്യസങ്കല്‍പ്പങ്ങള്‍ക്കെതിരേ വലിയതോതില്‍ എതിര്‍പ്പുയര്‍ന്നു. അങ്ങനെയാണവര്‍ കഞ്ചാവടിക്കാരും അരാജകവാദികളുമാകുന്നത്. ആ പ്രചാരണത്തിന് മാധ്യമങ്ങളോടൊപ്പം തലമുതിര്‍ന്ന സിനിമാക്കാരുമുണ്ടായിരുന്നു. ഒരു ഹോട്ടല്‍ മുറിയില്‍ താമസിക്കുന്ന സമയത്ത്, ബാല്‍ക്കണിയിലെ ലോണില്‍ എന്തോ ചെടി വളര്‍ന്നു നില്‍ക്കുന്നതു കണ്ട് സംശയം തോന്നി റൂം ബോയിയെ വിളിച്ചു ചോദിച്ചപ്പോള്‍, കുറച്ചു ന്യൂജനറേഷന്‍ സിനിമാക്കാരായിരുന്നു സാറിനു മുമ്പേ ഇവിടെ താമസിച്ചിരുന്നതെന്നും അവരുടെ കൈയില്‍ നിന്നും പോയ സാധനം മുളച്ചു വന്നതായിരിക്കുമെന്നും കിട്ടിയ മറുപടി താടിയുള്ളൊരു മുതിര്‍ന്ന സംവിധായകന്‍ തമാശയെന്നോണം പറഞ്ഞിരുന്നു. ന്യൂജനറേഷന്‍കാര്‍ കഞ്ചാവടിക്കാരാണെന്ന പ്രസ്താവന വാസ്തവമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞുവച്ചത്. ആഷിഖിനെപ്പോലുള്ളവര്‍ക്കുമേല്‍ നിന്ന് ഇന്നും ആ വിഴുപ്പ് മാറ്റിയിട്ടില്ല. റിമ വരുന്നതും ഇങ്ങോട്ടാണ്. അതുകൊണ്ടാണ് ഇപ്പോഴവര്‍ക്കു നേരെയും കഞ്ചാവടിക്കാരി എന്ന വിളി ഉയരുന്നത്.

കഞ്ചാവടിക്കാരിയും വേശ്യയുമൊക്കെയാണ് റിമയെ പോലുള്ള ഒരു പെണ്ണിന്റെ ‘നട്ടെല്ല് അളക്കലിന്’ മാനദണ്ഡമാക്കുന്നതെന്നു കാണുമ്പോള്‍, അതിനു മുതിരുന്ന മോശക്കാരായ ആണുങ്ങള്‍ എല്ലാ ആണുങ്ങളെയുമാണ് മോശക്കാരാക്കുന്നത്. യഥാര്‍ത്ഥത്തില്‍ എത്ര മാന്യതയോടെയാണവര്‍ പുരുഷനെ കുറിച്ച് പറഞ്ഞത്. ഒരാളുടെ തെറ്റിന് ജനറലൈസ് ചെയ്ത് ആണ്‍വര്‍ഗത്തെ മഴുവന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നില്ല. ആ ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നതു തന്നെ, പകത്വയാര്‍ന്നൊരു സ്ത്രീയുടെ വിചാരങ്ങളോടെയാണ്. തന്റെ കൂട്ടുകാരിയോടായി റിമ പറയുന്നു; ഏതാനും പേര്‍ ചെയ്യുന്നതിന്റെ പേരില്‍ എല്ലാ പുരുഷന്മാരെയും മോശക്കാരായി കാണരുതേ. നല്ല പുരുഷന്മാരുണ്ട്, നമ്മള്‍ സത്രീകള്‍ അവര്‍ക്കൊപ്പം നില്‍ക്കണം.

റിമ എതിര്‍ക്കുന്നത് ആണിനെയല്ല, ആണിനെ മോശമാക്കുന്ന, ആ കൂട്ടത്തില്‍പ്പെട്ടവരെയാണ്. കൂട്ടുകൂടാനും പ്രണയിക്കാനും ഒരുമിച്ചു ജീവിക്കാനും  ആഘോഷിക്കാനും വിശ്വസിക്കാനുമൊക്കെ ആണ് ഒപ്പം വേണമെന്നു തന്നെയാണ് റിമ പറയുന്നത്. അതുപക്ഷേ എതിരഭിപ്രായം പറഞ്ഞാല്‍ ആക്ഷേപിക്കുന്ന, പരസ്യമായി കരയിപ്പിക്കുന്ന ധാര്‍ഷ്ട്യക്കാരായ ആണുങ്ങളെയല്ല. പെണ്ണിനെ ഫോണിലെ തുണ്ടുപടമാക്കി കളയുമെന്നു ഭീഷണി മുഴക്കുന്നതല്ല, ഹീറോയിസവും ആണത്തവുമെന്നും, പുതുതലമുറയെങ്കിലും അത്തരം തെറ്റിദ്ധാരണകളിലേക്ക് വീഴരുതെന്നുമാണ് റിമ പറഞ്ഞത്. നല്ല ആണാകാനാണ് പറയുന്നത്. നല്ല ആണുണ്ടാകേണ്ടത് പെണ്ണിനും ആവശ്യമാണ്.

പക്ഷേ, അവര്‍ പറഞ്ഞതിലെ സൗന്ദര്യം മനസിലാകാതെ, വെടിയും കഞ്ചാവടിക്കാരിയുമാക്കുന്നു ആണത്തത്തിന്റെ മിഥ്യാധാരണക്കാര്‍. എല്ലാ ആണുങ്ങളുമാണതിന് പഴി കേള്‍ക്കേണ്ടത്…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍